പേജുകള്‍‌

ബുധനാഴ്‌ച, ഡിസംബർ 15, 2010

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...(മുപ്പത്തി നാലാം സർഗ്ഗം)

മാടായിലെ ചൂടിലും കാറ്റു നമ്മെ സാന്ത്വനപ്പെടുത്തുന്നുണ്ട്‌..
എങ്കിലും പഴയ കഥകൾ അയവെട്ടി, അയവെട്ടി നോം പണ്ടാരമടങ്ങി.. ഏതെങ്കിലും ആളുകൾ ഇതു പോലെ വന്നിരുന്നു കരഞ്ഞു കരഞ്ഞു നീണ്ടു ഒഴുകി പോയതാകുമോ ദൂരെ നിന്നു നോക്കുന്ന ആ പുഴ!.. നമുക്ക്‌ നിശ്ചില്യാ.. ഐതീഹ്യങ്ങൾ അങ്ങിനെയും ഉണ്ടാവാം!.. സംഭവം സത്യവും ആകാം!
നോം പഴയകാലത്തിലേക്ക്‌ വീണ്ടും കടന്നു...
നാരങ്ങാ മിഠായിയുമായി നടന്നു.. മധുരംണ്ട്‌ .. ന്നാലോ..ലേശം പുളിയും ണ്ട്‌. നമ്മുടെ വിജയത്തിന്‌..! അപ്പോൾ ...നാരങ്ങ മിഠായി മതി..!..കണ്ടോർക്കൊക്കെ നാരങ്ങ മിഠായി കൊടുത്തു..പോക്കറ്റ്‌ കാലിയായി..
"സെക്കന്റ്‌ ക്ലാസ്സാ."
ചിലർ പറഞ്ഞു " ചെക്കൻ കൊള്ളാലോ?"
ചിലർ മൂക്കത്ത്‌ വിരൽ വെച്ചു.." ഓ.. തോൽക്കും ന്നാ കരുതീത്‌!.. നാശം തോറ്റില്ലല്ലോ?.. ചെക്കന്റെ ഗമ കണ്ടില്ലേ?"
പൊതിഞ്ഞു കെട്ടിയ മിഠായിയുമായി രക്തബന്ധങ്ങൾ തേടി, രക്തമില്ലാത്തവരുടെ അടുത്തേക്കും രക്തമുള്ളവരുടെ അടുത്തേക്കും പിന്നെ ശരണം വിളിച്ചു യാത്ര!..
"എന്താ വിശേഷിച്ച്‌!"
പുന്നെല്ല് കണ്ട പെരുച്ചാഴിയേ പോലെ പല്ലു കാട്ടി നിൽക്കണ നമ്മോട്‌ ചോദ്യം..
..റിസൾട്ട്‌ വന്നു..
" ഊവ്വോ?"
"ഊവ്വ്‌!"
ഓച്ഛാനിച്ചു തന്നെ പറഞ്ഞു.. ആദ്യം തന്നെ സെക്കന്റ്‌ ക്ലാസ്സു കിട്ടീന്നൊന്നും ഛർദ്ദിച്ചില്ല!. വെറുതെ അഹങ്കാരിയെന്നോ മറ്റോ പറഞ്ഞാലോ?... ഭയം കൊണ്ട്‌ മനുഷ്യന്റെ ബോധം പോയി വെന്റിലേറ്ററിൽ ഇട്ട്‌ കൃത്രിമ ശ്വാസം കൊടുത്ത്‌,ഗ്ലൂക്കോസ്‌ കൊടുത്ത്‌ ജീവിതത്തിലേക്ക്‌ കൊണ്ട്‌ വരേണ്ട സമയത്തും എല്ലാരും പറയും.. ഒക്കെ വെറുതേയാ ആരാണവൻ മോൻ!.. ഒക്കെ അഭിനയാ.. അഭിനയം!..

"ജയിച്ചോ!"- പിന്നെം സംശയം.... നോം ജയിക്കില്ല്യാന്ന് അങ്ങു അടിവരയിട്ട്‌ ഉറപ്പിച്ച പോലെ!..
'ഊവ്വ്‌.. സെക്കന്റ്‌ ക്ലാസ്സുണ്ട്‌!"
'ഊവ്വല്ലോ അപ്പം ഡോക്ടറുദ്യോഗത്തിനു സയൻസ്‌ ഗ്രൂപ്പെടുത്ത്‌ പഠിക്കാം ന്നാ നിശ്ചയം?"
" അങ്ങിനൊന്നും ഇല്യാ.. അഡ്മിഷൻ കിട്ട്യോന്നറിയില്ല...!" എന്തെങ്കിലും പറഞ്ഞു സമാധാനിപ്പിക്കും എന്ന മട്ടിൽ നിന്ന നോം മനസ്സിൽ കരഞ്ഞു... പരിഹാസാണോ ആ മുഖത്ത്‌!.. .ഭവ്യതയിൽ നിന്ന നോം പിന്നെം വല്ലാണ്ടായി... പഠനം കുറഞ്ഞതിനുള്ള പരിഹാസമോ? .. അതോ?..നമ്മെ ഇഷ്ടമില്ല്യാത്തതിന്റെ പറച്ചിലോ?"
പിന്നെ മൗനം ഭഞ്ജിച്ചു...
"ഉം.. കാർഡയച്ചു നോക്ക്‌ .. കോളേജിലേക്കൊക്കെ..!..നിങ്ങൾക്കൊക്കെ എല്ലാം അറിയാലോ.. ..കാർഡ്‌ അയക്ക്‌!..കിട്ട്യാ പറയാ കിട്ടീന്ന്!..എല്ലാവരും എന്താ പറയുന്നത്‌?..
"ആരും ഒന്നും പറഞ്ഞില്യാ.."
" ഉം..നോക്ക്‌!"
എന്തെങ്കിലും ഉപദേശം പ്രതീക്ഷിച്ചു നടന്ന നോമിന്റെ ഹൃദയം പട.. പട എന്നിടിച്ചു...ഏതെങ്കിലും കോളേജിൽ നിനക്ക്‌ കിട്ടും എന്ന ആശംസയെങ്കിലും! ...സങ്കടായി.. എന്തെങ്കിലും ഒരു ഉപായം പറഞ്ഞു തന്നെങ്കിൽ!.... നോം മെല്ലെ യാത്ര പറഞ്ഞു നടന്നു..
അങ്ങിനെ നോം നമ്മെ വിൽക്കാനുണ്ട്‌.. ചുളുവില.. ചുളുവില.. എന്ന് പരസ്യം കൊടുക്കുമ്പോലെ അടുത്തുള്ള എല്ലാ കോളെജിലേക്കും അവർ തന്ന കാർഡ്‌ പൂരിപ്പിച്ച്‌ അയച്ചു..
ആരും നമ്മെ മൈൻഡ്‌ ചെയ്തില്ല്യാ..
ആകെ വിഷമായി.. പഠിക്കാഞ്ഞിട്ടല്ലേ കാലമാടാ എന്ന മട്ട്‌ വീട്ടുകാർക്ക്‌!..
നോം അങ്ങിനെ നമ്മുടെ ഒരു കുടുംബസുഹൃത്തിന്റെ സാന്ത്വനത്തോടെ പാരൽ കോളേജിലേക്ക്‌ അറുക്കാൻ കൊണ്ടു പോകുന്ന പോത്തിനെ പോലെ തലകുമ്പിട്ട്‌ നടന്നു..
പാരൽ കോളേജുകളിൽ കുട്ടികൾ നേരത്തെ പഠനം തുടങ്ങിയിരിക്കുന്നു..നാണോം മാനോം തൊട്ടു തെറിപ്പിക്യാത്ത ചീത്ത കുട്ടികൾ!..നേരത്തെ വന്നു ജോയിൻ ചെയ്തു. തറവാടാണെന്ന മട്ടിൽ ചടഞ്ഞങ്ങിരിക്യാ...!
"ഇങ്ങോട്ട്‌ കെട്ടും ചാക്കുമൊക്കെയായി വരേണ്ട..!..ഇവിടെ ഫുള്ളാണ്‌.. രക്ഷയില്ല.. നിർദ്ദാക്ഷീണ്യം പാരലൽ കോളേജ്‌ പ്രിൻസിപ്പൽ കൈ മലർത്തി..
"ചാക്കിട്ട്‌ പുറത്തെങ്കിലും ഇരുന്നോളാം .. പറയുന്നത്‌ കേട്ട്‌ പഠിച്ചോളാം എന്ന മട്ടിൽ നോം നിന്നു..
സ്വാധീനശക്തി പോലും ഏറ്റില്ല.
."ഇവിടെ നോക്കേണ്ട.. നിന്നിട്ട്‌ കാര്യം ഇല്യാ.."ഇവിടത്തെ ഒരുത്തരും സീറ്റു പോകുമോ എന്നോർത്ത്‌ മൂത്രമൊഴിക്കാൻ പോലും പുറത്തു പോകില്ല!"-അദ്ദേഹം നിർദ്ദാക്ഷീണ്യം പറഞ്ഞു.."
..കലികാലം!... പണ്ടൊക്കെ ചാക്കുമായി കുട്ടികളുടെ പിറകെ നടന്ന പാരലൽ കോളേജുകാരാ.. .നോം ജയിക്കുമ്പോൾ അവർ വജ്രക്കച്ചോടം തുടങ്ങി.. പഹയന്മാർ!
"പഠിക്കാത്ത മരത്തലയാ.. കണ്ടില്ലേ.. ഒരിടത്തും ഒഴിവില്ല!- ഏട്ടൻ തമ്പുരാൻകോപം കൊണ്ട്‌ പറഞ്ഞു..
നോം വല്ലാണ്ടായി...
നീ വിഷമിക്കാണ്ടിരിക്ക്‌!.. കുടുംബസുഹൃത്ത്‌ നമ്മെ സാന്ത്വനിപ്പിച്ചു..യദാർത്ഥ എട്ടനെ വിശ്വസിക്കാൻ പറ്റില്ല.. സ്നേഹം വേണം സ്നേഹം! ..വിഷമിക്കുമ്പോൾ ഉപായം പറഞ്ഞു തരേണ്ടുന്നവൻ പരിഹസിച്ചുംഅവഹേളിച്ചും നടക്ക്വാ വേണ്ടേ?.. നമുക്ക്‌ കലിയായി!.. സങ്കടായി .. നട്ട പിരാന്തായി..!..

ഏട്ടനെ മനസ്സിന്റെ സിംഹാസനത്തിൽ നിന്നും പടിയിറക്കി നോം അദ്ദേഹത്തിന്റെ സുഹൃത്തും കുടുംബസുഹൃത്തുമായ ആ സ്നേഹധനനെ യദാർത്ഥ ഏട്ടനായി അവരോധിച്ചു..കടുത്ത ശിക്ഷ!.. അല്ലാണ്ടെന്താ ചെയ്ക.. മനുഷ്യനു ചെവി തല തരേണ്ടേ!.. നമുക്കും ക്ഷമയ്ക്കൊരതിരില്ല്ലേ?.. ഭരിക്കാൻ അറിയില്ല്യാച്ചാൽ ഏട്ടൻ തമ്പുരാനായാലും മാറി നിന്ന് എത്തി നോക്ക്യാ മതി..ഭരണം !

നോമും നമ്മെ സ്വയം വഴിനീളെ മനസ്സിൽ ചീത്ത പറഞ്ഞു.." പഠിപ്പിക്യാൻ കൊള്ളാത്ത വഹ!"
അങ്ങിനെ  അദ്ദേഹം ജാഥാ ലീഡറായി ..അടുത്ത പാരലൽ കോളേജിലേക്ക്‌.. അതിനടുത്ത പാരലൽ കോളേജിലേക്ക്‌ .. അങ്ങിനെ ..അങ്ങിനെ..നമ്മെ ആനയിച്ചു..
ഏട്ടന്റെ സ്ഥാനത്തു നിന്നു നമ്മെ ആനയിക്കുന്ന അദ്ദേഹത്തെ സ്വന്തം ഏട്ടനായി തന്നെ നോം കരുതി അനുസരണയോടെ അനുഗമിച്ചു.. ഒടുവിൽ ഒരു പാരലൽ കോളേജ്‌ ഈ അഭയാർത്ഥിക്ക്‌ അഭയം തന്നു..അങ്ങിനെ പണം കെട്ടി.. പഠനമാരംഭിച്ചു ഒരുവിധം മോശമില്ലാതെ നടക്കുമ്പോൾ പെട്ടെന്ന് ഒരു കോളേജിൽ നിന്നും കാർഡു വന്നു..
അതിന്റെ സാരം ഇങ്ങനെയായിരിക്കണം..
" നിന്നെ നമ്മുടെ കോളേജിൽ എടുക്കാൻ പറ്റുമോ എന്നറിയില്ല.. തേർഡ്‌ ഗ്രൂപ്പ്‌ തരാൻ നോക്കാം.". വെറും ചാൻസ്‌ കാർഡ്‌!.. മാടായി കോളേജിൽ നിന്നാണ്‌!
മതി .. അതു മതി.. പറ്റും പറ്റും.. നോം ആർത്തി പൂണ്ടു..
അങ്ങിനെ ഏട്ടന്റെ കൂടെ അവിടെ പോയി.. അഡ്മിഷൻ കിട്ടി..ഭാഗ്യം!..
"മതി.. അഹങ്കാരം അല്ല..കിട്ടിയതു മതി.. എന്നാലും.." ഫോർത്ത്‌ ഗ്രൂപ്പ്‌ തരോ?"
"വെറുതെ ഒരു ഫോർമാലിറ്റി!"
"നോക്കാം!"- യജമാനന്മാർ!
അങ്ങിനെ രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഫോർത്തു ഗ്രൂപ്പിനു ചേരാനും കാർഡു വന്നു..നോം കൈ കൂപ്പി നമസ്ക്കരിച്ചു.. ഫോർത്തു ഗ്രൂപ്പിലേക്ക്‌ ചാടി..!

അങ്ങിനെ നമുക്കഭയം തന്ന സരസ്വതീക്ഷേത്രമാണത്‌.. ആ അഭയകേന്ദ്രത്തെ ഉപേക്ഷിച്ച്‌ പോകാൻ തരാക്കികൊണ്ടിരിക്കയാ..പരൂഷക്കാര്‌..! നോം.. വല്ലാണ്ട്‌ വിഷമിച്ചു.. താടിക്ക്‌ കൈകൊടുത്തിരുന്നു.. നമ്മെ ഇനിയെവിടുത്തേക്കാണ്‌ തേവരേ നടത്തുന്നത്‌!.. ഈ പരൂഷകൾ കഴിഞ്ഞാൽ ഈ അഭയ കേന്ദ്രം നമ്മെ കൈവിടും!

നമുക്ക്‌ നമ്മുടെ മാടായി പ്പാറയെ വല്ലാതെ ഇഷ്ടപ്പെട്ടു.. അവിടത്തെ പ്രകൃതി ഭംഗി..!.. ഹോ.. ഭയങ്കരം.. ഭയങ്കരം..കൊതിച്ചു കൊതി തീരും മുമ്പെ... !!..

2 അഭിപ്രായങ്ങൾ:

  1. ഇത് വായിച്ചപ്പോള്‍ ഓര്‍മകളുടെ വഴിത്താരകളിലൂടെ ഞാനും ഇന്നൊരുപാട് സഞ്ചരിച്ചു............നന്ദി.

    മറുപടിഇല്ലാതാക്കൂ
  2. ഓർമ്മകൾ ഒരിക്കലും മരിക്കില്ല മുജീബ്‌...മാടായി മനോഹരമാണെന്ന് ഓരോ മഴയും അവിടെ പെയ്യുമ്പോൾ നമ്മെ ഓർമ്മിപ്പിക്കും..ഓരോ വേനലും അതിന്റെ കഥ പറയും!
    പ്രകൃതി സുന്ദരമാണാ സ്ഥലം!.. അവിടെ നിന്നും വിട്ടപ്പോൾ വല്ലാത്ത വിഷമം തോന്നി.. ഇപ്പോഴും അവിടെ വല്ലപ്പോഴും ഉള്ള സന്ദർശനത്തിനായി പോകുമ്പോൾ അത്‌ എന്റെ തറവാടാണെന്ന് എനിക്കു തോന്നും.. അവിടെ തന്നെ ഇരുന്ന് സമയം കളഞ്ഞാലോ എന്ന് തോന്നും...നന്ദി കമന്റിയതിന്‌!

    മറുപടിഇല്ലാതാക്കൂ