പേജുകള്‍‌

ശനിയാഴ്‌ച, ഡിസംബർ 25, 2010

ജനിതക ദോഷം!

ഒരു തുപ്പിലൊരു കോടി രോഗാണു,
മറു തുപ്പിലിരു കോടി രോഗാണു
ഇടം കൈ കൊണ്ടൊന്നു തൊട്ടാലും,
വലം കൈ കൊണ്ടൊന്നു മുട്ടിയാലും,
കുത്തക മുതലാളി ഒപ്പിയെടുക്കുന്ന,
കോടിക്കണക്കിനു രോഗാണു-
ശതമാനക്കണക്കിനു ദോഷാണു!

കേട്ടവർ,കണ്ടവർ കണ്ണുചിമ്മി,
ഞെട്ടി തെറിച്ചന്ന് കാതു പൊത്തി,
വാങ്ങിതുടച്ചിട്ടും കോരിക്കുടിച്ചിട്ടും
രോഗാണു പിന്നെയും ബാക്കിയായി,
പല ദേഹങ്ങൾ പിന്നെയും നാശമായി.

ചിറകുവിരിച്ച്‌ ലാപ്പ്‌ ടോപ്പിൻ മുകളിലായ്‌
പുത്തൻ യുവത്വം വിരിഞ്ഞിറങ്ങി!
അജ്ഞാതമാകും മുലപ്പാലും, സ്നേഹവും,
മണ്ണും മരങ്ങളും, മലയും പുഴയും!

മുത്തശ്ശിക്കഥയിലെ തത്വമറിയാതെ,
മുത്തങ്ങൾ നൽകാതെ പാട്ടിലാക്കി,
പഴം വാക്കിൻ മാധുര്യം, സത്വമറിയാതെ,
മൂലക്കിരുന്നു ചൊറികൾ കുത്തി-
പിന്നെ പഴം തുണി പോലെ ചുരുണ്ടുറങ്ങി!

വേദമറിയാതെ, വേദനയറിയാതെ,
ജനിതാക്കളെ നമ്മൾ കൂട്ടിലാക്കി,
സംസ്കാരമെന്ന പദത്തെ പതിരാക്കി
നാവിന്റെ തുഞ്ചത്തു തൂക്കിയിട്ടു!
നാരായവേരും പറിച്ചെറിഞ്ഞിന്നു നാം,
പുച്ഛചിരി ചുണ്ടിൽ കോർത്തുമിട്ടു!

സമയങ്ങൾ കൊല്ലുവാൻ വിശ്രമവേളകൾ,
കൃഷികളിറക്കും കളി കളിച്ചു,
നെറ്റിൽ കൃഷിസ്ഥലം മൊത്തത്തിൽ വാങ്ങി നാം,
വെള്ളമൊഴിച്ചു ചെടി വളർത്തി,
വാഴകൾ നട്ടും, ആപ്പിൾ നട്ടും,
നാം ബർഗർ നുണഞ്ഞങ്ങമർന്നിരുന്നു,
ഭക്ഷ്യദൗർലഭ്യം ഒട്ടൊന്നുലച്ചപ്പോൾ
സർക്കാരെ വെറുതെ പഴി പറഞ്ഞു!

പ്രകൃതിയെയറിയാതെ കൺ തുറക്കാത്ത നാം,
കാവുകൾ വെട്ടി വീടൊരുക്കി,
മലകൾ നികത്തി നൽ റോഡൊരുക്കി പിന്നെ-
പുഴയെ മരിപ്പിച്ചു ഫ്ലാറ്റു കെട്ടി!

സ്വന്തം പരിസരം നാശമാക്കി നമ്മൾ,
ഡോക്ടർക്ക്‌ വിശ്വസ്ഥ രോഗിയായി!
കാര്യമറിഞ്ഞിട്ടും കാരണം കാണാത്ത-
ജനകോടി ദോഷാണു വേദിയായി!

മുതലാളി പിന്നെയും കണ്ണിറുക്കി,
കോടികൾ പിന്നെയും ചാക്കിലായി,
പുത്തൻ കുതന്ത്രങ്ങൾ വീണ്ടും പയറ്റീയി-
മർത്ത്യനു മരണക്കിടക്കയേകി!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ