പേജുകള്‍‌

ചൊവ്വാഴ്ച, ഡിസംബർ 21, 2010

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...(മുപ്പത്തി ഒൻപതാം സർഗ്ഗം)

ഉഴുന്നിടാൻ കണ്ടം ഉഴുതു മറിക്കുമ്പോലെ ഉഴുതു മറിച്ചു കൊണ്ട്‌ ദു:ഖവും നമ്മോടൊപ്പം ചാക്കിട്ടു, സോപ്പിട്ടു കൂടി..!... കുടഞ്ഞെറിഞ്ഞാലും... നമ്മെ കൈവെടിയരുത്‌!.. ഏട്ടാ, അനിയാ, സാറേ ന്നൊക്കെ വിളിച്ച്‌!....
ദു:ഖം നോമിനെ പരവേശനാക്കും എന്ന് ആർക്കാ അറിയാത്തേ... എങ്കിലും നോം അതിനെ സഹിച്ചു!...നോമായിട്ട്‌ കൂട്ടിയതല്ലേ.. തുടക്കം മുതലേ പുറകേ നടന്ന അതിനെ ഉപേക്ഷിക്കാൻ ശ്രമിച്ചിട്ടും,.. പൂച്ചക്കുട്ടികളേയും നായക്കുട്ടികളേയും നാടു കടത്തുന്നതു പോലെ ചാക്കിൽ കെട്ടി നാടു കടത്തിയിട്ടും നോമിന്റെ അടുത്തു തന്നെ അനുസരണയുള്ളവനെ പോലെ അഭിനയിച്ചു നമ്മുടെ ഹൃദയം ഭാരമാക്കി തരം കിട്ടുമ്പോഴൊക്കെ അറ്റാക്ക്‌ ചെയ്തും, നമ്മെ തകർത്തും അവൻ നടന്നു.. !

പ്രീഡിഗ്രി നോം ഹൈജമ്പ്‌ ചാടിക്കടന്നതു പോലെ കടന്നു... ഇനിയെത്ര ഹൈജമ്പ്‌ ചാടാനിരിക്കുന്നു ദൈവമേ!... വേഗം ഇതൊക്കെ കഴിഞ്ഞാൽ നമുക്ക്‌ എവിടെയെങ്കിലും ജോലി തേടണം..!.. എന്നിട്ട്‌ വേണം ഒന്ന് റെസ്റ്റ്‌ ചെയ്യാൻ!.. ഈ പഠനം പഠനം ന്നൊക്കെ പറയുന്നത്‌.. മാതാ പിതാക്കൾക്കും ഗുരുജനങ്ങൾക്കും ഒക്കെ പറയാൻ ഈസി!...ലേശം പൈസ തന്ന് നല്ലോണം പഠിക്കെടാ.. ഓടെടാ , ചാടെടാ, തുള്ളെടാ ന്നൊക്കെ പറഞ്ഞാൽ മതീല്ലോ?..പക്ഷെ വിദ്യാർത്ഥികളായ നമ്മുടെ നോവ്‌ ആരറിയുന്നു...? .. പഠിത്തം ഒരു കൊലയാണ്‌..! ദൈവം ഓരോ ആൾക്കും ഫിറ്റു ചെയ്തു വിട്ട സ്വന്തം ജ്ഞാനം ഒന്നുമല്ലെന്നും ചില മണ്ടരി ബാധിച്ച ആത്മാക്കൾ, ഭ്രാന്തു വന്നപ്പോൾ എന്തൊക്കെയോ തലയിൽ വന്നത്‌ പുലമ്പിയത്‌  എഴുതി  കിത്താബിലാക്കിയത്‌ പഠിക്കുകയാണ്‌ ജ്ഞാനമെന്നും അജ്ഞാനികൾ കുത്തി വരച്ചു വെച്ചിരിക്കുന്നു.. സമർത്ഥന്മാരല്ലാത്ത സാമാന്യ ജനം അത്‌ ശര്യന്നെ ..ശര്യന്നെ എന്ന് തല കുലുക്കി സമ്മതിക്കുന്നു...!..

...വിശന്നാൽ ആഹാരം വേണം!.ആഹാരത്തിനായി പണിയെടുക്കണം...അതുണ്ടാക്കണം തിന്നണം... ....ഇത്രേയുള്ളൂ ഒന്നാം ജീവിത സമവാക്യം!

അത്‌ വയറ്റിലെത്തിയാൽ, ലേശം കള്ള്‌ മോന്തുന്നോനായാൽ മോന്തി നാലാളെ തെറി പറഞ്ഞു സുഖിച്ച്‌.. അവരുടെ കൈയ്യിൽ നിന്നു കിട്ടുന്നത്‌ വാങ്ങി പോയ്ക്കോളണം.. രണ്ടാം സമവാക്യം!

ഒടുവിൽ ജീവിതം തീർന്നൂന്ന് പറഞ്ഞു നെലോളിച്ച്‌ അടുത്ത തലമുറയ്ക്ക്‌ ഇതൊക്കെ കൈമാറണം.. ആർക്കും ഇടങ്ങേറാക്കാതെ സ്ഥാനമൊഴിയണം തീർന്നു.. മൂന്നാം സമവാക്യം..

ഈ സമവാക്യങ്ങൾ പണക്കാരൻ കോട്ടിട്ടു ചെയ്യും.. സാധാരണക്കാരൻ കോണകമുടുത്തു ചെയ്യും!.. ഇത്രേ വ്യത്യാസമുള്ളൂ! ...അതിനാണ്‌ ഈ ഡിഗ്രീം.. പഠിപ്പും .. സംസ്കാരോം പത്രാസ്സും ഒക്കെ!

നോം പെരുവഴിയിലായി...!.. കോളേജ്‌ നമ്മെ കൈവെടിഞ്ഞു.. ഇനി?
.ആരോ പറഞ്ഞു.. ഇതു പ്രീഡിഗ്രി..പീറ ഡിഗ്രി ! ഇനിയല്ലേ യദാർത്ഥ ഡിഗ്രി.!

നമുക്ക്‌ ആധിയായി.. പനി വന്നു ഡിഗ്രി കുത്തനെ കൂടി!..

എസ്‌ എസ്‌ എൽ സിക്കു പഠിച്ചപ്പോൾ വിദ്വാൻഅവാർഡ്‌ കിട്ടാനായി കാത്തിരിക്കുമ്പോൾ നോം മെല്ലെ ടക്‌ ടക്‌ ടക്‌ ശകടം തട്ടിക്കളിക്കാൻ ടൈപ്പിംഗ്‌ ഇൻസ്റ്റിട്ട്യൂട്ടിലേക്ക്‌ പോയിരുന്നു..പ്രീഡിഗ്രി കഴിഞ്ഞപ്പോൾ വീണ്ടും ..മോനേന്നും പറഞ്ഞ്‌.. മനസ്സിലൊരു ലഡ്ഡു പൊട്ടി..! " ഇനി കുറച്ചു കാലം അന്നത്തെ കമ്പ്യൂട്ടർ പാഠശാലയായ ടൈപ്പിനു പോയ്ക്കോ?... അവിടാവുമ്പോ.. പെണ്ണുണ്ട്‌..!.. പിടക്കോഴിയുണ്ട്‌.. വെള്ളം ഇറക്കേണ്ടവർക്ക്‌ ഇറക്കാം.. തുപ്പേണ്ടവർക്ക്‌ തുപ്പാം!.. എന്ന അശരീരി കേട്ട്‌ പിഴച്ച്‌ പോയിരുന്നു..
..എന്തോരു പെണ്ണുങ്ങള്‌.. എന്തോരു പെണ്ണുങ്ങള്‌!..ലൈൻ തരുവോ?...കണക്‌ ഷൻ തരുവോ?.. എന്നിങ്ങനെ മുറവിളി കൂട്ടി അവിടെ അഭ്യാസത്തിനു വന്നിരിക്കുന്നു..നല്ല തങ്കത്തിൽ കടഞ്ഞെടുത്തതു മുതൽ കരിവീട്ടിയിൽ കടഞ്ഞെടുത്തതു വരെ ടെപ്പ്‌ ചെയ്യുമ്പോൾ വാക്കിനായി തിരയുന്നത്‌ കണ്ടോന്റെ മുഖത്തേക്കാണെന്ന് തോന്നും... !.. വേണ്ടവർക്കാവാം .. വേണ്ടാത്തവർക്ക്‌ ആരെങ്കിലും കുടിക്കുന്ന പായസം കണ്ടിട്ട്‌ വെള്ളമിറക്കാം!...

നമുക്കൊന്നിനും താൽപര്യം ഇണ്ടായില്ല്യാ..ഒരു രാജർഷിയായി...ഒരു അപ്ലിക്കേഷൻ തന്നാൽ നോക്കാം.. എന്ന മട്ട്‌!...സുഖന്യേ ചേച്ചി.. മോളെ... കുഞ്ഞേ .. എന്നൊന്നും വിളിക്ക്യാൻ അറിയില്ല്യാത്തതിനാലാവും!.. വീട്ടിൽ ആരൊക്കെയുണ്ട്‌.. ? ...വീട്ടിൽ തല്ലി കൊല്ലാൻ യോഗം ജാതകത്തിൽ ഉള്ളോരുണ്ടോ?..എന്നൊന്നും അറിയാതെ?  ... നോം വെറുതെ ഡെയിലി ആട്ടിൻ സൂപ്പ്‌ കുടിക്കണോ?..അതോ ഇപ്പോഴുള്ള പയറും കഞ്ഞിയും പോരെ എന്ന വർണ്ണ്യത്തിൽ ആശങ്ക!

...ആരും ഗൗനിച്ചില്ല... ന്നാലും ചിലർ ഗൗനിച്ചു!... ഗൗനിച്ചവരെ നമുക്കത്ര പിടിച്ചിട്ടും ഇല്യാ!..ആരെങ്കിലും സ്വർണ്ണോം രത്നോം വാങ്ങാൻ പോയി ഗതി കിട്ടാഞ്ഞിട്ട്‌ കൽക്കരിയും വാങ്ങി വരുമോ?..അതെന്നെ കാര്യം ..എന്ന് അസൂയാലുക്കൾ!

നോം ടൈപ്പി ടൈപ്പി.. ലോവർ പാസ്സായി!..ലോങ്ങ്‌ ഹാന്റ്‌ ഇല്യാത്തതിനാൽ ഇടയ്ക്ക്‌ ഷോർട്ട്‌ ഹാന്റിനു ചേർന്നു.. ടീച്ചറുടെ കാലു പിടിച്ചു പറഞ്ഞു.. ടീച്ചറെ നമ്മളേ കൊണ്ട്‌ ലേശം അഭ്യാസം ചെയ്യിച്ചാൽ മതി!.. നമുക്ക്‌ വയ്യ ഈ ആദിമ ചുവരെഴുത്തും, വായനയും!.. നോം പറ്റുമ്പോലെ ചെയ്യാം .. ഒരു രസത്തിനു ചേർന്നൂന്നേ.. ഉള്ളൂ.. അബദ്ധം പറ്റിപ്പോയീന്നാ തോന്നണത്‌!.
ടീച്ചർ ചിരിച്ചു .. .. ഒപ്പംനാണോം മാനോം അയലോക്കത്ത്‌ പോലും മണപ്പിച്ചു പോയിട്ടില്യാത്ത മൂന്നാലു പെൺകൊടികൾ ചിരിക്ക്യാ..! .. നമുക്ക്‌ ശിഷ്യപ്പെട്ട്‌ അതു ശരിയാ ടീച്ചറേന്ന് പറയാൻ അറിയാത്തോർ!
പിന്നെ ടീച്ചർ പറഞ്ഞു "എഴുതി തന്നെ തെളിയണം!"

ഈ കുട്യോളൊക്കെ എം ബി ബി എസ്സിനു പഠിക്കുന്ന പോലാ ഈ ഷോർട്ട്‌ ഹാന്റ്‌ കണ്ടിരിക്കണേന്ന് തോന്നി..തോറ്റ പെൺകുട്ടികൾ വീട്ടിൽ മുരടിച്ചു പോവാതിരിക്കാനും, ലൈൻ കിട്ടിയാൽ എടുക്കാനും,കല്യാണ മാർക്കെറ്റിൽ റേറ്റ്‌ കൂട്ടാനും ആണെടാ ഈ ടൈപ്പിനും ഷോർട്ട്‌ ഹാന്റിനും ഒക്കെ പെൺകുട്യോളെ അച്ഛനമ്മമ്മാർ ആട്ടിത്തെളിച്ചു വിടുന്നതെന്ന് ഒരുത്തൻ പറഞ്ഞപ്പോഴാണ്‌ നമുക്ക്‌ ഫിലമന്റ്‌ കത്തിയത്‌!‌!..
പിന്നെ അവൻ നമുക്കിട്ട്‌ കുത്തി
"നിന്നെ പോലെത്തെ സ്ഥിരം കുറ്റികൾ വായ നോക്കാനും ഇല്യോ?.". ആളുകളുടെ ഈ സംസാരം!..

നമുക്കങ്ങിനെ ആഗ്രഹം ഇണ്ടാച്ചാൽ പെൺകുട്ടികളെ എന്നേ അടിച്ചോണ്ട്‌ വന്നേനേ...അങ്ങിനെ സംഭവിച്ചാൽ അധ:കൃതനായി മുദ്രകുത്തി എന്നേ നമ്മളെ നമ്മുടെ രാജധാനിയിൽ നിന്ന് പുറത്താക്കിയേനേ!...

...വിവരദോഷി... വിവരദോഷി!.. നോം അവനെ കണക്കിനു ഗുണദോഷിച്ചു!..പിന്നെ ഒരു ചായ വാങ്ങി കൊടുത്തു.പൈസ പോയാലും തരക്കേടില്ല. ആരോടും പറയേണ്ട..വെറുതെ അനാവശ്യമായി നമ്മുടെ മാനം കളേണ്ട!.. ആ ശപ്പൻ!

2 അഭിപ്രായങ്ങൾ: