പേജുകള്‍‌

തിങ്കളാഴ്‌ച, ഡിസംബർ 20, 2010

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...(മുപ്പത്തി എട്ടാം സർഗ്ഗം)

ആ ദിവസങ്ങളിൽ..?..
ആ ദിവസങ്ങളിൽ എന്താ ഇണ്ടായേ?... ഒന്നും ഇണ്ടായില്ല്യാ...!
ആ ദിവസങ്ങളിൽ ആർമ്മാദിക്കലും, തിന്നു മുടിക്കലും, ഒറക്കോം കൊണ്ട്‌ സുഖിച്ചു കഴിയന്നെ പണി അല്ലാണ്ടെന്താ?.. എന്നു ചോദിക്ക്യാൻ വരട്ടേ..നോമിന്റെ കുടുംബത്തിലും സങ്കടങ്ങളുടെ വണ്ടിയിൽ ഫ്രീ ടിക്കറ്റ്‌ യാത്രയായിരുന്നു പിന്നീട്‌...!.... സങ്കടങ്ങളുടെ നടുവിലൂടെ, തീക്കനലിലൂടെ.. മൂക്ക്‌ പിഴിഞ്ഞു കരഞ്ഞു കൊണ്ടുള്ള യാത്ര..!...അതിന്റെ തീക്‌ ഷ്ണത വർദ്ധിക്കാൻ തുടങ്ങുന്ന സൂചനയായിരുന്നു...

അങ്ങിനെ ആധി കയറി.. ഗുലുമാലിലായി നോമും നമ്മുടെ കുടുംബവും മൂക്കു പിഴിഞ്ഞും കണ്ണു തുവർത്തിയും ഡെയിലി അലക്കിഉണക്കുമ്പോൾ ... റിസൽട്ട്‌ വരുന്നൂ.. റിസൽട്ടു വരുന്നൂന്ന് ഒരു പ്രഖ്യാപനം!..പാമ്പു കടിച്ചോന്റെ തലയിൽ ചക്കയും  വീണു ഒപ്പം ഇടിയും വെട്ടിയ പ്രതീതി!.. മന്ത്രിക്കൊക്കെ ചൊറിച്ചലിന്റെ അസുഖം..! അല്ലാണ്ടെന്താ പറയ്കാ!.. പിള്ളാരെ ബുദ്ധിമുട്ടിക്കാൻ ഓരോ വഹകള്‌.. !
"പിള്ളാരെ നിങ്ങൾ മാന്യന്മാരാ, അതിനാൽ എല്ലാരേയും പ്രമോട്ട്‌ ചെയ്തിരിക്കുന്നു. ഇനി അടുത്ത പഠനത്തിലേക്കായി ഗവൺമന്റ്‌ ചിലവിൽ ദത്തെടുത്തിരിക്കുന്നു ..ഇത്ര ക..ബജറ്റിൽ വകയിരുത്തിയിരിക്കുന്നു.. ഇത്ര ക.. നിങ്ങൾക്ക്‌ പുട്ട്‌ അടിക്കാൻ തന്നിരിക്കുന്നു..എന്ന പ്രഖ്യാപനമാണെങ്കിൽ നോം എല്ലാവരും പൂവിട്ട്‌ അദ്ദേഹത്തെ പൂജിച്ചേനേ.. എല്ലാ ഇലക്ഷനിലും വോട്ട്‌ ഇരന്നെങ്കിലും വാങ്ങിച്ചു കൊടുത്തേനേ!...

നമുക്ക്‌ സങ്കടായി...." ഇപ്പോൾ തന്നെ ഈ കടുംകൈ ചെയ്യണോ?.. കാർന്നോന്മാരെ!...ലേശം ഈ കാർമേഘം ഒന്നു ഒതുങ്ങിയിട്ട്‌ പോരെ?... നിങ്ങൾക്കും ഇല്യേ.. മക്കളും മരുമക്കളും!.. നിങ്ങളും ഇങ്ങനെയൊക്കെ വന്നോരല്ലേ?.. അതിന്റെ ബുദ്ധിമുട്ട്‌ നിങ്ങൾക്കും അറീല്യേ?..". . ആരോട്‌ പറയാൻ?... ആരു കേൾക്കാൻ?.. ഗവൺമന്റിനേയും മന്ത്രിയേയും കുലുക്കി താഴെയിടാൻ മാത്രം നമ്മുടെ കണ്ണീരിനുണ്ടോ ശക്തി.!.. അവന്മാർ തിന്നു കൊഴുത്ത്‌ ചടഞ്ഞങ്ങിരിക്കുമ്പോൾ ചുമ്മാ കയറി പ്രഖ്യാപിച്ചു കളഞ്ഞു...".നാളെയാണ്‌.!. നാളെയാണ്‌.!..പ്രീഡിഗ്രി റിസൽട്ട്‌ നാളെ!"

നമ്മുടെ ചങ്കിന്റെ ഉള്ളിൽ തീ ആഞ്ഞാഞ്ഞു കത്താൻ തുടങ്ങി..ഒറക്കം നഷ്ടപ്പെട്ടു... എഴുന്നേറ്റു, കിടന്നു, എഴുന്നേറ്റു, കിടന്നു.യുദ്ധപ്രഖ്യാപനം പോലെ പ്രഖ്യാപിച്ച എവന്മാർ വല്ലതും അറിയുന്നുണ്ടോ നമ്മുടെ പരവേശം!...ദൈവത്തെ വിളിച്ചു.. കരഞ്ഞു.. രക്ഷിക്കണേ... നമ്മളെ കാത്തോളണേ..നോം ചെകുത്താന്റെ ആൾക്കാരല്ലേ.. അതിയാൻ ആദ്യം വല്ലതും തന്ന് പിന്നെ നമ്മെ ഞെക്കിക്കൊല്ലും..നോം അതിനാൽ അയാളുടെ പുറകെ എന്തു തന്നാലും, എന്തു വന്നാലും പോകില്ലേ .. അതിനാൽ നോമിനെ രക്ഷിക്കാൻ അവിടുന്നേയുള്ളൂ.. !....ആളുകള്‌ പല നേർച്ചേം പാർച്ചേം കരച്ചിലും നടത്തുമ്പോൾ ഈ പാവം നമ്മെ മറന്നളയരുത്‌!..അസൂയക്കാരാ...ചുറ്റും അസൂയക്കാര്‌!..നമ്മെ കൊച്ചാക്കാൻ കൂടോത്രം വരെ ചെയ്യും!... നമ്മെ മറന്നാൽ നോം കൊഴങ്ങീ..!"
നമുക്കെന്നും ദൈവൈ ഉള്ളൂ ഒരു ചതിക്കാത്ത കൂട്ട്‌!..ചിലർക്കും അങ്ങിനെയാകാം പക്ഷെ നോം നമ്മുടെ കാര്യം പറഞ്ഞു.. അത്രെന്നേ!

രാവിലെ എഴുന്നേറ്റു..പത്രത്തിനായി ഓടി...
പത്രം വാങ്ങി.. നമ്പർ പരുതി...!
"..നമ്പർ നോക്കി..!"
"..ഇല്യാ ... നമ്മുടെ നമ്പർ കാണ്മാനില്ല്യാ....... തോറ്റിരിക്കുണൂ നോം..!. അല്ലാ... യാതൊരു ദാക്ഷീണ്യവും കൂടാതെ അവറ്റകൾ നമ്മെ തോൽപിച്ചിരിക്കുണൂ.. റാങ്കൊന്നും നമ്മൾ ആവശ്യപ്പെട്ടില്ല്യാലോ.. എങ്ങി നെയെങ്കിലും എടുത്ത്‌ കയ്യാല കടത്തി തരണം എന്നേ ഉള്ളൂലോ?.. എന്നിട്ടും .. എന്നിട്ടും..!
ദൈവം നമ്മുടെ നിവേദനം നിരസിച്ചിരിക്കുണൂ..ഇനിനേരത്തെ വിളിക്യാത്ത പരിഭവാ.. ന്നാലും..നോം വിഷണ്ണനായി..!..
 നമ്മുടെ കാലു തളർന്നു.. മുഖം താഴ്ത്തി യുദ്ധത്തിൽ പരിഹാസ്യനായ ഭീരുവേ പോലെ നോം നമ്മുടെ രാജധാനിയായ ഓടുപുരഹൗസിലേക്ക്‌ നടന്നു..
നമ്മെ തോൽപിച്ചോടിക്ക്യാൻ മാത്രം എന്താ നോം ചെയ്തേ?..സങ്കടായിരുന്നു.. മുഖത്ത്‌!.. ഹൃദയം കൂലം കുത്തിയൊഴുകി.. കണ്ണീരിന്റെ തിരമാലകൾ ആർത്തലയ്ക്കാൻ തുടങ്ങിയിരുന്നു..!..
നമ്മെ തോൽപ്പിച്ച്‌.. ആര്‌ എന്തു നേടി?..ആയുധം വെച്ചു കീഴടങ്ങിയതു പോലെ പത്രം വെച്ചു കീഴടങ്ങി!
"എന്താടാ ഒരൂ തെളിച്ചോം വെളിച്ചോം ഇല്യാലോ?.. മുഖത്ത്‌!.."- വിളറി വെളുത്ത്‌ രംഗപ്രവേശം ചെയ്ത നമ്മോട്‌ പെങ്ങൾ..!
"" ഒന്നൂല്യാ... നോം തോറ്റിരിക്കുന്നു!"
" ങേ.. തോറ്റോ?"
" ഊവ്വ്‌ .. എന്റെ നമ്പറില്ല്യാ.. തോറ്റൂ!"
സങ്കടം കണ്ണീരു വരുത്തി നമ്മെ പ്രാന്താക്കി..!... പെങ്ങളും വല്ലാതായി..!
" എത്രയാ നിന്റെ നമ്പർ?"
" നോം നമ്പർ പറഞ്ഞു"
" പെങ്ങളും നോക്കി.. ശര്യന്നെ നമ്പർ കാണുന്നില്ല്യാലോ?"
മാതാശ്രീ വരും മുന്നേ കുറച്ചൂടെ കരച്ചിൽ വരുത്തിയേക്കാം എന്നു കരുതി..തോറ്റിട്ടും വിജയീ ഭവനായി വന്ന് നിൽക്കണ നിൽപ്‌ കണ്ടില്ലേ.. പോത്ത്‌!.. എന്നൊക്കെ കരുതി തെറിവിളിയുടെ കൂടെ ലേശം  അടി അടിക്കണം ന്ന് തോന്ന്യാലോ?..
"..ങേ... തോറ്റോ?"- മാതാശ്രീ വന്നു ചോദ്യം ചെയ്തു!
" നാശക്കാരൻ!.. പഠിക്ക്യാതെ..ഇവിടുന്ന് കുളിച്ച്‌ തൊലിച്ച്‌ നടന്നോളൂം!.. പിന്നെ മാതാശ്രീയുടെ മുഖം മാറാൻ തുടങ്ങി! കൂടുതൽ പറയും മുന്നേ പെങ്ങൾ വിസ്തരിച്ചൊന്നു നോക്കി..
"എടാ പൊട്ടാ ഇതല്ലേ നിന്റെ നമ്പർ!"
"ആരുടെ?"- നോം
"നിന്റേതല്ലാതെ പിന്നെ ആരുടെ?.. ഓന്റെ തലക്ക്‌ തന്നെ കൊടുക്ക്‌ നല്ല മേട്ടം!.. ഒരൂ ബോധോം കഥയും ഇല്യാത്തോൻ!"- പെങ്ങൾ!
"ഇല്യാ !.. ഇല്യാ.. നോം തോറ്റിരിക്കുണു.. നമ്മെ പറ്റിക്ക്യാൻ പറയേണ്ടാ..!"
"ഇതല്ലേ നിന്റെ നമ്പർ!"
"നോം അരിച്ചു പെറുക്കി നോക്കിയതാണല്ലോ? .. ഈ നമ്പരെങ്ങിനെ ഇപ്പോൾ വന്നു!"
അപ്പോൾ നോം ഇത്രനേരം പരുതീതോ?..ദൈവം നമ്മെ ജയിപ്പിച്ചു!..
നോം നമ്മുടെ കഷ്ടപ്പാട്‌ പറഞ്ഞപ്പോൾ പൊറുതി മുട്ടി ദൈവം ഇപ്പോ നമ്മുടെ പേരെഴുതി ചേർത്ത താകണം ..ഒരു സംശയവും ഇല്യാ.. നേരത്തെ ഉണ്ടായിരുന്നെങ്കിൽ പരുതിയപ്പോൾ കണ്ടില്ലല്ലോ?
"..നോം ജയിച്ചിരിക്കുന്നു..!" പുല്ലോടും പുഴുവോടും നോം പിന്നേം വിളിച്ചു പറഞ്ഞു.. നോം ജയിച്ചിരിക്കുന്നു.. അങ്ങിനെ പെങ്ങൾ നമ്മെ ജയിപ്പിച്ചു!.. എന്നിട്ടും നമ്മുക്ക്‌ സംശയായി.. നോം മാടായി കോളേജിലേക്ക്‌ നേരത്തെ ഒരുങ്ങിയിറങ്ങി പുറപ്പെട്ടു..ഇനി പത്രക്കാർക്ക്‌ എങ്ങാനും തെറ്റിയതാവുമോ?.. നമ്പർ തെറ്റിയെഴുതി ഏതെങ്കിലും പാവത്തെ തോൽപ്പിച്ച്‌... നമ്മെ ജയിപ്പിച്ച്‌..!.. നമുക്കത്ര വിശ്വാസം പോരാ..!..ഇനി ജയിച്ചതിനാണോ കുറ്റം? പെങ്ങൾ ചോദിച്ചു.. "അല്ല.. എന്നാലും!..ഒരു സംശയം!"...
..ഏതായാലും ജയിപ്പിച്ചു.. ആ സ്ഥിതിക്ക്‌ ലേശം നല്ലോണം തന്നെ മാർക്കും ദൈവത്തിനു തരാരുന്നൂ..പറ്റുമെങ്കിൽ ഒരു റാങ്ക്‌ എങ്കിലും..!.എങ്കിൽ മന്ത്രിപുംഗവന്മാരും പത്രക്കാരും ഒക്കെ വിളിച്ച്‌ ലോഹ്യം ചോദിക്കുമായിരുന്നു...ആ തൃക്കൈ കൊണ്ട്‌ ഒരു ചായ തരുവോ എന്നൊക്കെ പറയുവായിരുന്നു.. ങാ പോട്ടേ.. വീട്ടുകാർക്ക്‌ അതിനുള്ള യോഗം ഇല്യാന്ന് കൂട്ടിയാ മതി! എന്തിനും യോഗം വേണം!
.. ങാ.. പോട്ടേ.. ആർത്തി മൂത്തുന്ന് ഇനി കുറ്റം പറയേണ്ട.. തൽക്കാലം അതു മതി!...പഠിപ്പിച്ചു വിട്ടാ പോരല്ലോ?.. റാങ്ക്‌ വാങ്ങിക്കാൻ എന്തെങ്കിലും ഒറ്റമൂലി ഉണ്ടോ എന്നു കൂടെ അറിഞ്ഞു വെക്കേണ്ടേ..!..നോം അധികം ആശിച്ചില്ല്യാ... കിട്ടിയതു ലാഭം!...കിട്ടാത്തതു നഷ്ടം!. അതാ വേണ്ടത്‌.. പഠിക്കാതെ മോഹിച്ചു നടന്നിട്ട്‌ വല്ല കാര്യം ഉണ്ടോ കുട്ടീ..!..നോം നമ്മോട്‌ തന്നെ ചോദിച്ചു തൃപ്തിയടഞ്ഞു!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ