പേജുകള്‍‌

ബുധനാഴ്‌ച, ഡിസംബർ 08, 2010

തുലാസ്‌!

"ഞാൻ ശരിയല്ലത്രെ!"
വാടിതളർന്ന കൺകളിൽ,
ഇത്തിരി വെട്ടം പകർന്ന്,
പ്രകാശമാനമാക്കുംവരെ,
ജീവിത പഥങ്ങളിൽ,
കർക്കിടകക്കോളു പോലെ
വിധിയവനെ വേട്ടയാടുമ്പോൾ
കുടയായി താങ്ങാകും വരെ,
ഞാൻ ശരിയായിരുന്നു.

ആഴക്കടലിലെ ചുഴി!
ഒരു നിമിഷത്തിന്റെ വിശ്വാസം!
ജീവിത ചെറുതോണിയിൽ
വലിച്ചു കയറ്റുമ്പോൾ,
ചലനമറ്റ ദേഹത്തിൽ
ഒരു നേർത്ത നിശ്വാസ ശബ്ദം!

കുലുക്കിയുണർത്തിയ
നിമീലിത മിഴികൾ!
ഉയർത്തെഴുന്നേറ്റ്‌,
നമസ്ക്കരിച്ച്‌,
ഉയർത്തുവാൻ
പൊട്ടിക്കരഞ്ഞപേക്ഷിച്ച
പ്രാരാബ്ദങ്ങൾ!
അതേ ഞാനന്നു ശരിയായിരുന്നു.

ഓർക്കുന്നു..
ഇടിമുഴക്കങ്ങളിൽ പേടിച്ചു
പുണർന്ന് നിന്നപ്പോഴും,
അന്ധകാരത്തിന്റെ കരിപുരണ്ടപ്പോഴും
ഭയമകറ്റിയ ഞാനന്നു ശരി മാത്രമായിരുന്നു..

നീട്ടിയ ഹസ്തങ്ങളിൽ,
മുറുകെ പിടിച്ചുയർത്തി
എന്റെ ഉപദേശം,
"എന്നേക്കാൾ ഉയരണം
വഴിമറക്കരുത്‌",
ഞാൻ ശരിയാണത്രേ
അന്നവന്റെ തലയാട്ടൽ!.
"ഞാൻ നന്മയുള്ളവനാണത്രെ!"
അന്നവന്റെ ദന്തങ്ങൾ
ബബിൾഗം പോലെ ചവച്ചു..

പടി കടന്നപ്പോൾ
അവനതു തുപ്പിക്കളഞ്ഞു,
പിന്നെ കാർക്കിച്ചു!
ധരണിയിൽ നർത്തനം ചെയ്തപ്പോഴാകണം,
അവന്‌ അടി പതറിയത്‌!
ആകാശത്തേക്ക്‌ ഉയർന്നപ്പോഴാകണം,
അവന്‌ ദിശ തെറ്റിയത്‌!
നോട്ടുകെട്ടുകളുടെ ഭാരം താങ്ങിയുള്ള തളർച്ച!
അതല്ലേങ്കിൽ കുബേര സത്രങ്ങളിൽ,
എണ്ണിച്ചുടുന്ന ഗാന്ധിനോട്ടുകൾ കണ്ടു
കണ്ണു മഞ്ഞളിച്ചപ്പോഴും ആകാം
ഹൃദയം പറിച്ചറിഞ്ഞു കൊടുത്ത,
ഞാൻ ശരികേടായത്‌!

ഞാൻ ചിരിച്ചു!
വ്യവസ്ഥയില്ലാത്ത എൻ സ്നേഹത്തിന്‌
അവന്റെ വ്യവസ്ഥ!
ദരിദ്രന്റെ സ്നേഹത്തിനു മഹത്വമില്ലായിരിക്കാം!
പക്ഷെ ദരിദ്രനും സമയത്തിനു
വിലമതിക്കാനാകാത്ത മൂല്യമുണ്ട്‌!
വിശ്വാസത്തെ കുഴിമാടത്തിലടക്കി,
ഞാൻ തിരിഞ്ഞു നടന്നു

5 അഭിപ്രായങ്ങൾ:

  1. നല്ല രചന ..കുറച്ചു കൂടി ആറ്റി കുറുക്കി എഴുതിയിരുന്നു വെങ്കില്‍
    ആസ്വാദ്യത കൂടിയേനെ ...

    മറുപടിഇല്ലാതാക്കൂ
  2. താങ്കളുടെ വിലയേറിയ അഭിപ്രായങ്ങൾക്ക്‌ നന്ദി
    ശ്രീരമേശ്‌അരൂര്‍
    സുജിത് കയ്യൂര്‍

    മറുപടിഇല്ലാതാക്കൂ
  3. നല്ല റൈറ്റപ്പ്.. തിവ്രതയുണ്ട് എഴുത്തില്‍.

    മറുപടിഇല്ലാതാക്കൂ
  4. നന്ദി വായിച്ചതിനും കമന്റിട്ടതിനും..ശ്രീ Manoraj

    മറുപടിഇല്ലാതാക്കൂ