മാടായിക്കാവും വടുകുന്ദക്ഷേത്രവും നിൽക്കുന്ന പാറ! അതിനൊരു മൂലയ്ക്ക് മാടായി കോളേജ്!.. പുസ്തകം ജനാലയ്ക്കരികിൽ വെച്ചാൽ മെല്ലെ വന്ന് പഠനം തുടങ്ങുന്ന വിജ്ഞാനദാഹികളായ പശുക്കൾ!..ഒരുവന്റെ ബുക്കും കൊണ്ട് ഒരിക്കൽ ഒരു പശു പോയി.. അതിന്റെ ഒന്നു രണ്ടു കടലാസ് ചവച്ചരച്ച് ഹൃദിസ്ഥമാക്കുന്നതു കണ്ട് കരഞ്ഞു വിളിച്ചു ഉടയോൻ ക്ലാസ്സിനു പുറത്തേക്കോടി അതിന്റെ കൈയിൽ നിന്നും ഒരു വിധം വടി കാട്ടി ഭീഷണിപ്പെടുത്തി തിരികെ വാങ്ങിച്ചു.. ആഗ്രഹം ഉള്ളോരെ പഠിപ്പിക്കില്യാ ഒരുത്തരും!
അധ:കൃതനായതു കൊണ്ടല്ല.. പശുവിനെ പഠിപ്പിച്ചു കിട്ടണ പുണ്യം വേണ്ട എന്ന് ലക്ചർ സായ്‌വന്മാരും പ്രഫസറുമാരും ഭീഷ്മ പ്രതിജ്ഞ എടുത്തിട്ടുണ്ടാകണം.. നമ്മെ പഠിപ്പിക്കുന്നതിലും ഭേദല്ലേ അത് എന്നൊന്നും അവർ കണക്കിലെടുത്തിരിക്കില്ല്യ...ശുദ്ധാത്മാക്കൾ!
രാഷ്ട്രീയ ക്കളരിയും പൂഴിക്കടകനും അങ്കം വെട്ടലും ഒഴിഞ്ഞ നേരംണ്ടാവില്യ ആ ചരിത്രമുറങ്ങുന്ന പുണ്യഭൂമിയിൽ!..ഉണ്ടാവണം... വീരപുത്രന്മാർ ക്ഷത്രവീര്യം പൊതിഞ്ഞു കെട്ടി കൊണ്ടു വന്ന് പൊതിയഴിക്കുന്നത് മാടായിപ്പാറയിലെ ആ വിദ്യാകേന്ദ്രത്തിലെ പെണ്ണുങ്ങളുടെ മുന്നിലായതിനാൽ ഷൈനിക്കാനാണെന്നും ഒരു ഭേദം ഉണ്ട്.. നോം അങ്ങിനത്തൊനല്ല... ഷൈനിക്കാനും . .ഷൈനികളെ നോക്കാനും ഒരു താൽപര്യവും ഇല്യാത്ത ഒരു മഹാപാപി.. അത്രെന്നെ..!
കണ്ടോന്റെ തല്ലും വാങ്ങി വീട്ടിലെത്തിയാൽ വീട്ടിലും കളരിപ്പയറ്റിന്റെ മുറയുണ്ടാവും..! .. ആട്ടിൻ സൂപ്പ് നമുക്ക് അറപ്പാ!.. അല്ലാണ്ട് ഷൈനിക്കാൻ ആഗ്രഹം ഇല്യാഞ്ഞിട്ടല്ല!
പാവം പെണ്ണെന്ന കുലത്തിൽ പിറന്നന്ന കുറ്റത്തിനു ഭയപ്പാട് അഭിനയിച്ച്, ഉള്ള കാഴ്ചയൊക്കെ കണ്ട് സിനിമ കണ്ട പ്രതീതിയിൽ ലയിച്ചിരിക്കുന്ന മങ്കമാർ ഇവനൊന്നു ഷൈനിക്കുന്നതു കണ്ടിട്ട് മരിച്ചാൽ മതീന്ന് സ്വപ്നം കണ്ടിട്ടുണ്ടാവുമോ?.. ഹേയ്.. ഇല്യാ..മഹാ പാപിയെ ആരും മൈൻഡ് ചെയ്യാറില്ല.. സത്യം!
ഉച്ചയ്ക്ക് നോമും ഒന്നു രണ്ട് കൂട്ടുകാരനും മാത്രമേ ചോറെടുക്കാറുള്ളു..കുറേ ദൂരെയുള്ള പറങ്കിമാവിന്റെ മുകളിൽ കയറിയിരുന്നു തിന്നും..കുറേ നടന്നാൽ താഴെ ഒരു വീട്ടിൽ വെള്ളം കിട്ടും.. അവിടെ നിന്നും പാത്രം കഴുകും..ഇനി പരൂഷയുടെ കാലമാണല്ലോ കുല ദൈവങ്ങളേ.. കോളേജിനോട് വിടപറയാൻ അധികം നാളില്ല.. നോം തേങ്ങിപ്പോയി.. പുതിയങ്ങാടിയിൽ നിന്നും കയറ്റുന്ന പിടയ്ക്കുന്ന മത്തി കയറ്റുന്ന ബസ്സിൽ മത്തിയുടെ തിളക്കം കണ്ട്.. കണ്ട്രാവിയുടെ തെമ്മാടിത്തം കണ്ട്... ആർമ്മാദിച്ച കാലം.. ഇനി..എവിടെ നമുക്കഭയം??
പത്താം ക്ലാസ്സിൽ നിന്നും വന്നത് ഓർത്ത് പഴയങ്ങാടി പുഴയിലേക്കും മലയിലേക്കും ഒക്കെ നോക്കി...ക്ഷണ നേരം ഇരുന്നു..!
അന്നു പത്താം ക്ലാസ്സിൽ ഗ്രേഡ് അല്ല.. റിസൽട്ട് വന്നുവത്രെ..
" ഡിസ്റ്റിംഗ്ഷൻ ഉണ്ടോടാ.."
ഘനഗംഭീര സ്വരം... പാവം ഗംഗാധരൻ മാഷാണ്.. കാലിനു സുഖമില്ലാതെ കാൽ ആഞ്ഞു വലിച്ചു വരുന്ന, കഴുത്ത് ഇറുങ്ങിയ മട്ടിലുള്ള പാവം മാഷ്!.. (അദ്ദേഹം ഇന്നു ജീവിച്ചിരിപ്പുണ്ടോ എന്നു കൂടി അറിയില്ല. അദ്ദേഹത്തിനു നല്ലതു വരട്ടേ..)
" ഇല്യാ"
"പിന്നെ.."
"സെക്കന്റ് ക്ലാസ്സാണ്"
"കള്ള സുവറേ.. ഡിസ്റ്റിംഗ്ഷ്യൻ വാങ്ങാനുള്ള കഴിവുള്ള നീ സെക്കന്റ് ക്ലാസ്സും വാങ്ങി വന്ന് നിൽക്കുന്നു.. പഠിച്ചാലല്ലേ കിട്ടു.. പഠിക്കാൻ കഴിവുണ്ട് പക്ഷെ പഠിക്കില്യാ .. ..കഴുത!.. മരക്കഴുത!"
അരിശം അടക്കാനാകാതെ മാഷെന്തൊക്കെയോ ഉച്ചത്തിൽ പറഞ്ഞു ..വേറൊരുത്തനേയും അസ്സലായി തെറിവിളിച്ചു ആ നല്ലവനായ മാഷ്.!
മാഷ്ക്കെന്തറിയാം പഠിച്ചു ഡിഗ്രിയെടുത്തോരെല്ലാം നട്ടം തിരിഞ്ഞു നടക്കുന്നു..അപ്പോഴാ മാഷിന്റെ ഉപദേശം എന്നാ കരുതീത്.. നോമിന്റെ തെറ്റല്ല..
" തൊഴിലില്ലാപട പെരുകുമ്പോൾ.." എന്നൊക്കെ പറഞ്ഞു മുദ്രാവാക്യം വിളിച്ചു നടക്കുന്ന ജാഥ നോം നിത്യം കാണാറുണ്ട്..അപ്പോൾ പഠിച്ചു വന്നാൽ നോമും മുദ്രാവാക്യം വിളിക്കുന്ന അംഗമാകാം അത്രേന്നെ.." ആരോ നമ്മോടു തലയ്ക്കുള്ളിൽ ഇരുന്നു പറഞ്ഞു.."ജാഥേൽ പോണോ.. മാന്യനായി നടക്കണോ?"
നമുക്ക് പിഴച്ചു.. നോം പിഴച്ചു.. പിഴച്ചു പെറ്റ സന്തതിയെ നാണോം മാനോം പോയീന്നമട്ടിൽ ഓക്കത്തെടുത്തു നിൽക്കണ യുവതിയെ പോലെ എസ്. എൽസി. ബുക്കും ഒക്കത്തു വെച്ചു നോം നിന്നു...
ഫാസ്റ്റ് ക്ലാസ്സിനടുത്തു മാർക്കുണ്ട്.. അതു കൊണ്ടിപ്പം എന്താക്കാനാ?..നമുക്ക് നാലോ അഞ്ചൊ സ്ഥാനം ക്ലാസ്സിൽ ഉള്ളപ്പോൾ പന്ത്രണ്ടാം സ്ഥാനത്തും ഇരുപതാം സ്ഥാനത്തും കമിഴ്‌ന്നടിച്ചു വീഴുന്ന യോദ്ധാക്കളോക്കെ പൂഴിക്കടകനടിച്ചു നമ്മെ തറപറ്റിച്ചു ഡിസ്റ്റിംഗ്ഷൻ ഒക്കെ നേടിയിരിക്കുന്നു.. എന്താ കഥ!
"ഇതൊക്കെ ഒരു യോഗാണ് കുട്യേ "--എന്ന് നമ്മോടാരും പറഞ്ഞില്ല.." പകരം പറഞ്ഞു പഠിക്കാതെ നടന്നാൽ ഡിസ്റ്റിംഗഷൻ കിട്ടുമെന്ന് മോഹിച്ചിട്ട് കാര്യംണ്ടോ?"
നോം വെപ്രാള വിവശനായി വീട്ടിലേക്ക് നടന്നു.. സത്യാണ് ചതീണ്ട്..! നമ്മുടെ പരീക്ഷ പേപ്പർ നോക്കുന്ന മാഷന്മാരെല്ലാം അന്ന് കെട്ടിയോളോട് കലഹിച്ചു വന്നു എന്ന ഒറ്റക്കാരണത്താൽ
നമ്മുടെ പരീക്ഷാ പേപ്പറിൽ തലങ്ങും വിലങ്ങും വരഞ്ഞു ചതിച്ചു..
പിന്നേം ഉണ്ട് കാര്യം.. നമ്മുടെ കൂടെ പരീക്ഷിച്ച കുട്യ്യോളും ചെരുപ്പിലും ഡെസ്കിലും ഒക്കെ ഉത്തരങ്ങൾ എഴുതി വെച്ചു.. നോം കണ്ട കാര്യാ.. ഒരുത്തന്റെ കെമടക്കിലും അരയ്ക്കും ഒക്കെ തുണ്ടു കടലാസുകൾ എസ്സെകളായി ഉറങ്ങിക്കിടക്കുന്നു... ഒരുവൻ മടിക്കുത്തു പരുതുമ്പോൾ മാഷ് പറഞ്ഞു.." എണീരെടാ..!"
അവൻ എഴുന്നെറ്റു..
എന്താടാ ഒരു തരികിട!
ഒന്നൂലാ ചൊറിയാൻ മുട്ടിയിട്ടാ..
അസ്ഥാനത്താണ് എസ്സെ ഉറങ്ങുന്നത് അതെടുക്കാനുള്ള അവന്റെ പരവേശം മനസ്സിലാകാതെ മാഷ് പറഞ്ഞു..." ശരിയാണ് .. ചൊറിയാൻ മുട്ടിയാൽ ചൊറിയണം .. ചൊറിഞ്ഞോളൂ..ട്ടോ"
ഈ ചൊറിയന്മാരെല്ലാവരും ഡിസ്റ്റിംഗ്ഷന്മാരായി.. നമ്മൾ വെറും എക്സ്റ്റെൻഷന്മാരും.. ഐ മീൻ വലിച്ചു നീട്ടി കാടെഴുതി വെച്ച വീരന്മാർ!
നോം ശരിയല്ല.. കഴുതയാ.. മരക്കഴുത.. അല്ലേങ്കിൽ നമുക്കും ചൊറിഞ്ഞൂടായിരുന്നോ?.. പാവം മാഷ് ചൊറിയുന്നവരെ ചൊറിയാൻ വിട്ടിരുന്നല്ലോ?"
(തുടരും)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ