പേജുകള്‍‌

വ്യാഴാഴ്‌ച, ഡിസംബർ 16, 2010

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...(മുപ്പത്തി അഞ്ചാം സർഗ്ഗം)

..അപ്പോഴാണ്‌ പെൺകുട്യോളൊക്കെ ഇങ്ങനെ ഒരുത്തൻ ഇവിടെ പഠിച്ചിരുന്നല്ലോ എന്ന് തന്നെ അറിഞ്ഞത്‌..അതു വരെ അജ്ഞാതനായിരുന്ന നോമിനോട്‌ കുട്യോളുകൾ ചോദിച്ചു..ഓട്ടോ ഗ്രാഫ്‌ എഴുതി തരുവോ?...

.നോമും തിരിച്ചു ചോദിച്ചു "അഡ്രസ്സ്‌ തരുവോ?"

"..നമുക്കല്ല...ഒരഡ്രസ്സ്‌ കിട്ടിയിട്ട്‌ എന്തു കാര്യം?.. നമ്മെ ബഹുമാനോം നമസ്ക്കാരോം ചെയ്യാതെ ഇത്രകാലം ഇരുന്നിട്ട്‌ ഇപ്പോൾ വന്ന് മിണ്ടാൻ കൂട്ടാക്കുന്ന അവരെ നമുക്ക്‌ അറപ്പായിരുന്നു.. .അബദ്ധത്തിൽ മുന്നിൽ പെട്ടു പോയപ്പോൾ പോലും നമ്മുടെ മുഖം കണ്ട്‌ അസ്തപ്രജ്ഞരായി അസ്ത്രം വിട്ട പോലെ മിണ്ടാതെ ,ചിരിക്കാതെ പോയോരാ എല്ലാം..!

മനസ്സിൽ പ്രണയം പൂക്കുകയും കായ്ക്കുകയും പച്ച പിടിക്കുകയും ചെയ്യേണ്ട പ്രായത്തിൽ നോം വേനലിൽ ഉണങ്ങണൊ തളിർക്കണോ എന്ന് നിശ്ച്യം ഇല്ല്യാത്ത മരം പോലെയായി.... എന്തെങ്കിലും കുറ്റം ചെയ്തിട്ടാണോ?..  കുരുത്തക്കേട്‌ ഒപ്പിച്ചിട്ടാണോ..?. . അല്ല്ല..നമ്മുടെ മുഖം അവർക്ക്‌ പിടിച്ചില്ല്യാ ആ ഐശ്വര്യാറായിമാർക്ക്‌!.. നോം താണു കൊടുക്കാനും പോയില്ല്യാ.. നമ്മുടെ സൗന്ദര്യം നോം കണ്ണാടിയിൽ നോക്കി എത്രവട്ടം ആലോചിച്ചതാണ്‌..പ്രശംസിച്ചതാണ്‌..

.". ദൈവമേ.. നമ്മുടെ സൗന്ദര്യം ലോകത്തുള്ളവർക്കെല്ലാം ഒരു പോലെ കൊടുത്താൽ നിന്റെ സൃഷ്ടികൾ എത്ര മനോഹരമായിരുന്നെന്ന് എല്ലാവരും പറഞ്ഞു പുഴ്ത്തുമായിരുന്നില്ലേ.. ഒക്കെ നശിപ്പിച്ചില്ലേ?.. അതോണ്ടല്ലേ ചിലരെങ്കിലും ദൈവത്തെ പുശ്ചിക്കുന്നത്‌!.. അതേ.. അതോണ്ടാണ്‌ നിരീശ്വരവാദികൾ ഉണ്ടായത്‌!..അവർ അതു സമ്മതിച്ചു തരില്ല.. പക്ഷെ അവർക്ക്‌ ദൈവത്തെ കണ്ണെടുത്താൽ കണ്ടു കൂടാ!..സംഭവം പുറത്തു പറയാൻ പറ്റാത്ത ഈ നിസ്സാര കാരണം!.."

ഇത്രയും സൃഷ്ടിച്ച ദൈവത്തിനു ഇതു പറ്റാഞ്ഞിട്ടാണോ.. അല്ല....പിന്നെ സൃഷ്ടികൾ ഇടയ്ക്കെങ്കിലും തെറിവിളിച്ചില്ലേങ്കിൽ നമുക്കെന്തു രസം എന്ന ഒരു മട്ട്‌!.. ആകെ എടങ്ങേറാകും!... ആരും തെറിവിളിച്ചില്ലേങ്കിൽ ഈ ലോകം ശാന്തമാകും.. ആരും പണിയെടുക്കില്ല.. ആഹ്ലാദിക്കില്ല, കരയില്ല, ചിരിക്കില്ല, നുണ പറയില്ല..! ഒരു അരോചകത്വം ഉണ്ടാവും.. അതാ ദൈവത്തിന്റെ ഈ തമാശയ്ക്ക്‌ പിന്നിൽ!..നോം ഒരു ഫ്രെൻഡന്റെ പുരാണങ്ങളിൽ നിന്നും അറിഞ്ഞു ക്ഷമാപണം നടത്തി..
...അതുങ്ങൾക്ക്‌ ഒന്നും അറീലല്ലോ?.. പാവങ്ങൾ!..

എന്നിട്ടും ഐശ്വര്യമുള്ള നമ്മുടെ മുഖത്തോട്‌ അവർ ചെയ്ത അവഗണനയെ മറക്കാൻ നമ്മെ കൊല്ലുമെന്ന് പറഞ്ഞാലും നമുക്ക്‌ സാധിക്കില്ല്യാ!.. നോമും അവരെ മൈൻഡ്‌ ചെയ്തില്ല്യാ..!

.. അപ്പോഴേക്കും പാരലൽ കോളേജ്‌ തുടങ്ങിയാൽ പൂത്ത പണം വാരാം എന്ന് അറിഞ്ഞു നമ്മുടെ ചില ബന്ധുക്കൾ പലിശക്കാരന്റെ ബുദ്ധിയും, ചാണക്യന്റെ തന്ത്രവും കൊണ്ട്‌ പ്രത്യക്ഷപ്പെട്ടു.. അതാ നോം പെണ്ണുങ്ങളുടെ പിറകേ നടന്നു അഡ്രസ്സ്‌ വാങ്ങിയത്‌...ഇല്യായിരുന്നെങ്കിൽ നമ്മെ മെൻഡ്‌ ചെയ്യാത്ത ഒറ്റയെണ്ണത്തിനേയും നോമും മൈൻഡ്‌ ചെയ്യില്ല്യാ.. പഠിക്കട്ടെ വിവരശൂന്യർ!.. ഒടുവിൽ പശ്ചാത്തപിക്കട്ടേ! എന്ന് നോമും കരുതിയേനെ!"

 15 പൈസയുടെ കാർഡ്‌ വാങ്ങി അതിൽ നമ്മുടെ കോളേജിൽ ചേരണം ..ചേർന്നാൽ പഠിച്ചാൽ ജയിക്കാം.. പഠിച്ചില്ലേങ്കിൽ വിശദമായി തോൽക്കാം .. വീണ്ടും പഠിക്കാം .. വീണ്ടും തഥൈവയാകാം എന്നൊക്കെ മോഹന വാഗ്ദാനങ്ങൾ നൽകി മയക്കിയേക്കാം എന്ന അവരുടെ ഒരു മൂത്രശങ്ക!
നമുക്ക്‌ ഛേദമില്ലാത്ത ഒരു ഉപകാരം!

. നമുക്ക്‌ അവരെ ഫെയ്സ്‌ ചെയ്യാൻ മടിയായതിനാൽ ഒരു പെൺകൊടിയെ ഫ്രീയായി പണി ചെയ്യാൻ ഏൽപിച്ചു.. ക്ലാസ്സിൽ എന്തെങ്കിലും ആക്റ്റീവിറ്റീസ്‌ ചെയ്യാതെ ഇരുന്നാൽ ആ പെൺകൊടിക്ക്‌ അസുഖം വന്നാൽ ആരു സമാധാനം പറയും.. ഒരു എക്സർസൈസ്‌!.. പാവം അത്‌ എല്ലാവരോടും അഡ്രസ്സ്‌ വാങ്ങി നമുക്ക്‌ തന്നു തൃപ്തിയടഞ്ഞു!.. നിന്നെ ദൈവം അനുഗ്രഹിക്കട്ടെ എന്നു നോം അനുഗ്രഹോം കൊടുത്തു....വെറുതെ ജോലി ചെയ്യിച്ചൂന്ന് പരാതി വേണ്ടല്ലോ?..

പറഞ്ഞു പറഞ്ഞിരിക്കേ ഒരു ദയയും മയവും ഇല്യാതെ ആ ഭീകരൻ വന്നു... ഇത്രകാലം എന്തെടുക്കുകയായിരുന്നു ഈ കോളേജിൽ എന്ന് എന്ന് നമ്മെ പരൂഷിക്കാൻ..!
നോം പൂഴിക്കടകനടിയും..കല്ലേറുകളിയും മുദ്രാവാക്യം വിളിയും ആക്രോശവും കണ്ടും കേട്ടും ഇരിക്ക്യാരുന്നു ഇത്ര കാലം വരെ എന്ന് പറേണം എന്നുണ്ട്‌..പക്ഷെ ആരോട്‌ പറയാൻ!അതൊക്കെ ആരു കേൾക്കാൻ!

ചിലപ്പോഴൊക്കെ നോം പ്രഫസ്സർമാരൊക്കെ ക്ലാസ്സെടുക്കുമ്പോൾ ശ്രദ്ധിച്ചിരുന്നുവല്ലോ അതിന്റെ ശിക്ഷ!.. അല്ലാണ്ടെന്താ പറയക!

പരൂഷയ്ക്ക്‌, സംശയങ്ങൾ ഒളികണ്ണാലെ ചോദിച്ചും ഉത്തരിച്ചും നമ്മൾ പരൂഷ എഴുതി..
പരസ്പരം സഹായിച്ചും കണ്ടും പറഞ്ഞു കൊടുത്തും ഒരു സഹായ സഹകരണ സംഘം!

എന്നിട്ടു വരെ നമുക്ക്‌ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല ബോധം മറയും എന്നൊക്കെ തോന്നി.. കണ്ണിരുട്ടടയ്ക്കുന്നു..നമുക്ക്‌ ആർക്കും പിടിയില്ലാത്ത ചോദ്യാ ആ പരൂഷക്കാരൻ എഴുതാൻ പറഞ്ഞത്‌.. " നോം എന്ത്‌ അപരാധം ചെയ്തു?.. ക്ലാസ്സിൽ ശ്രദ്ധിച്ചു എന്നല്ലാതെ..! അതിനിത്ര വലിയ ചോദ്യം ചെയ്യലിന്റെ ആവശ്യമുണ്ടോ?.. അഥവാ ചോദ്യം ചെയ്താൽ ഉത്തരം തിരഞ്ഞെടുക്കാൻ പുസ്തകം നോക്കാനുള്ള അനുവാദമെങ്കിലും തരേണ്ടേ? .. അല്ലെങ്കിൽ തലേന്നാളെങ്കിലും ചോദ്യങ്ങൾ തരേണ്ടേ?.. നോം ആരോടെങ്കിലും ചോദിച്ച്‌, എവിടുന്നെങ്കിലും സംഘടിപ്പിച്ച്‌ കൊണ്ടു വരുമായിരുന്നില്ലേ?.... .ഒന്നിനും സമ്മതിക്കില്ല!.. മനുഷ്യന്മാരെ നന്നാവാൻ വിട്ടാൽ നന്നെയായെങ്കിലോ എന്ന ഭയായിരിക്കും ...ഇങ്ങനെ ഭയന്നാൽ എവിടെയെത്താനാ?..
നാമൊക്കെ വല്യോരായാൽ കുറച്ചിലായോലോ എന്ന ഭയാന്നോ ഇനി...ഈ കടും കൈ പ്രയോഗം!!.. ആ ആർക്കറിയാം!

1 അഭിപ്രായം: