പേജുകള്‍‌

ശനിയാഴ്‌ച, ഡിസംബർ 18, 2010

സിംഹപുത്രി!

മണിപ്പൂരിൻ പ്രവശ്യയിൽ,
മനോജ്ഞമാം പ്രതീക്ഷയിൽ,
ശാന്തമാം തെരുവിലെ
നിഷ്കളങ്ക ജീവരിൽ
വെടിയുതിർത്ത സൈനിക,
താണ്ഡവങ്ങൾ ഭീകരം!
ചിതറി മാഞ്ഞ രോദന,
പ്രകമ്പനം ഭയാനകം!

ക്രൂരമാം പ്രജ്ഞയിൽ വിരിഞ്ഞ,
 കുരുതി പൂക്കളം,
ഭീതിതം, രാക്ഷസ്സം!
വിലാപ സാന്ദ്രമാം മനം!

കുരുതി തർപ്പണങ്ങളിൽ,
നിണപ്രവാഹ ഗംഗയായ്‌,
വിറങ്ങലിച്ച നഗരവും
ആർത്തനാദ ഭേരിയും

"ധീരയായ പെൺകൊടി",
നമിച്ച രാജ്യ തെരുവിലെ,
വീഥിയിൽ രക്തവർണ്ണ
പൂക്കളായി കൊഴിഞ്ഞു പോയ്‌.

ജനനമഗ്നി സ്ഫുരണമായ്‌
വളർന്നു താരകപ്രഭ,
ചൊരിഞ്ഞു ദിവ്യ ജ്യോതിസ്സിൻ,
പ്രകാശമാ പ്രവശ്യയിൽ
ഉയർന്നു സൗര തേജസ്സായി,
തളർന്ന സാധു ജീവരിൽ,
സന്ത്വന പ്രവാഹമാം
ശക്തി പുത്രിയാണീറോം

ഉരുക്കു ശക്തി തോറ്റിടും
നിശ്ചയ ദൃഢതയും
മഹത്വ ധീഷണത്വവും
പുലർത്തിടും പ്രഭാമയി

അഹിംസതൻ പാദുക-
മണിഞ്ഞ യുദ്ധകാഹളം
ജനാധിപത്യ ധ്വംസനത്തി-
നെതിരെ സിംഹ ഗർജ്ജനം!

പ്രജ്ഞയിൽ പ്രബുദ്ധത,
ധ്വനിയിൽ വജ്ര തീവ്രത,
പ്രോജ്ജ്വലത്ത്വ കർമ്മ വിഥിയിൽ
കൃതാർത്ഥ ചാരുത!

ഭീഷണ പ്രതിജ്ഞയിൽ
ത്യജിച്ച അന്നപാനിയം
സ്വജീവിതം ഉരുക്കിയാ-
വൃതം ദശാബ്ദ കാലമായി,

അഹിംസതൻ പഥത്തിലും
ക്രൂര താണ്ഡവങ്ങളോ?
ശാന്തി ശംഖം
ബധിര കർണ്ണപാളിയിൽ
മുഴങ്ങുമോ?
 
അന്ധകാരം മൂടിയോ?
ഭരണവർഗ്ഗ കൺകളിൽ,
നിർദ്ദയത്വമേറിയോ?
ജനാധിപത്യ ചിന്തയിൽ!

ആ മഹത്വരൂപിണി,
അസ്തമിച്ചു പോകുകിൽ
ശാപവർഷ കെടുതിയിൽ
ദഹിക്കുമീ മഹീതലം.

ധർമ്മ സമര പാതയിൽ,
ജ്വലിച്ചപൂർവ്വ തേജസ്സേ,
ത്യാഗിണീ സ്വരൂപമേ,
മഹത്വമേ പ്രണാമ്യഹം!

link: http://www.mathrubhumi.com/mb4eves/online/malayalam/kerala/women/articles/features-article-137504

2 അഭിപ്രായങ്ങൾ:

  1. ഈ ബ്ലോഗില്‍ ജാലകം പോലുള്ള
    അഗ്രിഗേറ്ററുകള്‍ സ്ഥാപിക്കു ..

    മറുപടിഇല്ലാതാക്കൂ
  2. ശ്രീ രമേശ്‌അരൂര്‍ താങ്കളുടെ ഉപദേശത്തിനു നന്ദി.. ഉടനേ അഗ്രിഗേറ്ററുകള്‍ ചേർക്കാം..

    മറുപടിഇല്ലാതാക്കൂ