പേജുകള്‍‌

വ്യാഴാഴ്‌ച, ജൂൺ 16, 2011

പ്രകൃതീ ..മാപ്പ്‌!

പ്രകൃതിയും പുരുഷനും യോജിച്ചിടുമ്പോഴുണരുന്നൂ
പ്രതിഭാസ സങ്കലന താളം
സൃഷ്ടി സ്ഥിതി സംഹാരമാം കർമ്മം
കാല ചക്രത്തിന്റെ ഭ്രമണപ്രയാണം!

നിൻ സൃഷ്ടി ചാണക്യ തന്ത്രം മെനഞ്ഞു,
ജീവജാലങ്ങൾക്ക്‌ നാശം വിതച്ചു
നിൻ കുചമണ്ഡലം ഞങ്ങൾ മുറിച്ചു,
നിൻ മുലപ്പാലും ഞങ്ങൾ തടഞ്ഞു
വറ്റാതെ ഇറ്റിയ മുലപ്പാലിൽ ഞങ്ങൾ,
പൂതനയേപ്പോൽ വിഷങ്ങൾ പകർന്നൂ

നിൻ ഹരിതാഭ വസ്ത്രങ്ങൾ ഞങ്ങൾ
ദുശാസ്സുന വേഷം പകർന്നൂരി നിന്നു
നിൻ ശ്വാസ വായുവിൽ മഴുവൊന്നെറിഞ്ഞു
നിൻ സ്നേഹ മന്ത്രം മറന്നങ്ങു നിന്നു.
നിൻ ഉടൽ തുണ്ടമായി പകുത്തു പങ്കിട്ടു,
കൃത്രിമത്വത്തിൻ വരക്കൂട്ടു ചാർത്തി!

സ്ഥിതിയിൽ മഹാ സ്ഫോടനത്തിൻ വിനാശം,
സൃഷ്ടിച്ചുണർത്തുന്ന ജീവിത ചക്രം
കൂണായ്‌ വളർന്നു കൂണായൊടുങ്ങി
പുത്തൻ രചന വരച്ചൊന്നു വെച്ചു.

അന്തരീക്ഷത്തിൻ മുഖപങ്കജത്തിൽ,
സൂര്യതാപത്തിൻ വടുക്കൾ നിറഞ്ഞു
ശ്വാസം വലിച്ചും, തൊണ്ട വരണ്ടും,
ഭൂമിയന്നാദ്യം ഞെരക്കം തുടങ്ങി..

ദുരിതം, വിനാശം, ദു:ഖപ്രളയം,
പ്രകൃതി ക്ഷോഭിച്ചന്നു താണ്ഡവമാടി,
മഹാമാരി, ശയ്യാവലംബം, മരണം,
ദൃത നാശ താളത്തിൽ നടനം തുടങ്ങി,
ഇനിയെവിടെ ശരണം?
ഇനിയെന്തിന്നഭയം?
ഇനിയെന്തു മനോജ്ഞ പ്രഭാമയ ചിത്രം?

പ്രകൃതിയേ നീ മാപ്പു നൽകുവെൻ തായേ,
സംഹാര താണ്ഡവം നിർത്തു നീ മായേ!
മാപ്പിരന്നീടുവാൻ അനർഹരെന്നാകിലും,
മാപ്പിരന്നീടാം വരും തലമുറയ്ക്കായ്‌!

2 അഭിപ്രായങ്ങൾ:

  1. @ ജഗദീശ്.എസ്സ്
    താങ്കളുടെ ബ്ലോഗ്‌ വായിച്ചു...അഭിപ്രായത്തോട്‌ വിയോജിപ്പുണ്ട്‌..കാരണം പുഴയെ മലിനമാക്കിയത്‌ നമ്മളാണ്‌, കാടിനെ ഇല്ലാതാക്കുന്നത്‌ നമ്മളാണ്‌.. പ്രകൃതിയുടെ വരദാനമായ മലകൾ ഇല്ലാതാക്കിയത്‌ നമ്മളാണ്‌..വായുവിൽ കാർബൺ ഡൈ ഓക്സൈഡ്‌ കൂട്ടിയത്‌ നമ്മളാണ്‌…ഇതൊന്നും പ്രകൃതിയല്ല എന്നത്‌ ശരി തന്നെ …അപ്പോൾ ഭൂമിയെ സംരക്ഷിക്കേണ്ടത്‌ നമ്മൾ തന്നെയാണ്‌ നമ്മൾക്ക്‌, തലമുറകൾക്ക്‌ ജീവിക്കണമെങ്കിൽ.. സ്വയം തിരുത്തി..വൃത്തികേടാക്കുന്നവരെ തിരഞ്ഞു പിടിച്ച്‌….
    അല്ലാതെ അന്യഗ്രഹ ജീവികൾ വന്ന് ആ കൃത്യം ഏറ്റെടുക്കുമെന്ന് തോന്നുന്നില്ല..
    …പുഴകൾ വേണ്ടപ്പെട്ട അധികാരികൾ സംരക്ഷിക്കാത്തതു കൊണ്ടാണ്‌ ഇല്ലാതാകുന്നത്‌.. വെട്ടിപ്പിടിച്ചും, മണലെടുത്തും..
    കാടുകൾ… മലകൾ.. ഒക്കെ..അതേ പോലെ തന്നെ…നമ്മൾ ഓരൊരുത്തരും ശ്രദ്ധിച്ചില്ലെങ്കിൽ ഭൂമിയെ സംരക്ഷിച്ചില്ലെങ്കിൽ ഭൂമിക്കും അതൊരു പ്രശ്നമാണ്‌..
    ..നമ്മളെ ജനിപ്പിച്ചത്‌ മാതാ പിതാക്കളാണ്‌…. അവർ നമ്മളേക്കാൾ മുന്നേ ജനിച്ചവരാണ്‌.. നമ്മൾ ജനിക്കുന്നതിനു മുൻപെ അവർ ഇവിടെ ഉണ്ടായിരുന്നു…. അതിനാൽ നമ്മൾ മാതാപിതാക്കളെ സംരക്ഷിക്കാതിരുന്നാലും ഒന്നും സംഭവിക്കില്ല.
    നമ്മൾ വളർന്നു വലുതായതിനാൽ അവരെ ഇറക്കി വിട്ടാലും ഒരു കുഴപ്പവും ഇല്ല എന്നു പറയുന്നത്‌ പോലെയായി താങ്കളുടെ പറച്ചിൽ……..
    അന്നെത്തെ ജീവികൾ അത്ര വിനാശകരമായ കാഴ്ചപ്പാടുള്ളവർ ആയിരുന്നില്ല..മനുഷ്യർ തന്നെ അമ്പും വില്ലുമെടുത്ത്‌ യുദ്ധം ചെയ്യുന്നവർ… വാളും കുന്തവും പരിചയുമെടുത്ത്‌ യുദ്ധം ചെയ്യുന്നവർ..അവർ പരസ്പരം വെട്ടി മരിക്കുമെന്നല്ലാതെ ഭൂമിക്ക്‌ ഒരു കുഴപ്പവും ഉണ്ടാകില്ല.. എന്നാൽ ഇന്നോ? .പഴയ തലമുറയല്ല ഇന്നുള്ളത്‌.. കൂടുതൽ അറിവുള്ള ചിന്താശീലരായ ചിന്താശൂന്യർ.!…ഇന്ന് വിനാശകരമായ ബോംബുകൾ ഉണ്ടാക്കി കാത്തിരിക്കയാണവർ.. അത്‌ ഭൂമിയെ അപ്പാടെ ഇല്ലാതാക്കില്ലെന്ന് ആരു കണ്ടു…?
    അപ്പോൾ താങ്കളുടെ അവകാശവാദങ്ങൾ.. ഭൂമി തന്നെ ഇല്ലാതായാൽ പ്രപഞ്ചത്തിനെന്ത്‌ സംഭവിക്കും എന്ന മറു ചോദ്യത്തിലവസാനിച്ചേക്കാം..
    വിമർശിച്ചതായി കരുതരുത്‌…എന്റെ ചിന്തകൾ മാത്രമാണിത്‌.. ഒരു പക്ഷെ നിങ്ങൾ വിശേഷിപ്പിച്ചേക്കാം വിഡ്ഡിത്തമെന്ന്.. !
    ഭാവുകങ്ങൾ നേരുന്നു

    മറുപടിഇല്ലാതാക്കൂ