പേജുകള്‍‌

ഞായറാഴ്‌ച, ഫെബ്രുവരി 09, 2014

മരുഭൂമിയിലെ ഈയാം പാറ്റകൾ

മാറ്റുരച്ച് ,മാറ്റുരച്ച് മൂല്ല്യം നഷ്ടപ്പെട്ടവനേ,
ഇന്ന് നീയൊരു മിനിമം ഗ്യാരണ്ടി
പോലുമില്ലാത്ത ആഭരണം!
തിളക്കം നഷ്ടപ്പെടുമ്പോൾ,
മൂലയിലെവിടെയെങ്കിലും,
ഒളിച്ചിരിക്കേണ്ടവൻ,
അല്ലെങ്കിൽ ഉപയോഗശൂന്യനായി,
വലിച്ചെറിയപ്പെടേണ്ടവൻ!

ഈയ്യാമ്പാറ്റകൾ മെഴുകുതിരി കണ്ട്,
ഭ്രമിക്കുമ്പോലെ ,
തീയിൽ ചാടി ചിറക് കരിയുന്നവനേ,
തീപ്പൊള്ളി മരിക്കുന്നവനേ..,
ദാരുണമായ അന്ത്യമെന്നതിനെ,
ആരും വിശേഷിപ്പിക്കാറില്ല
അതിഭാവുകത്വം കലർത്തി,
ആരും കരയാറുമില്ല,
ഈയ്യാമ്പാറ്റകൾക്ക്,
ആരും റീത്ത് സമർപ്പിക്കാറുമില്ല,
പിന്നെയവരെ ഓർക്കാറുമില്ല,

ഓരോ മരുഭൂമിക്കും ലക്ഷക്കണക്കിനു,
ഈയാമ്പാറ്റകളുടെ കരിഞ്ഞ മണമുണ്ട്,
കഥ കേൾക്കുമ്പോഴൊക്കെ,
ആളുകൾ പുളുവെന്നു കരുതി
ഒരു ചെവിയിലൂടെ കേട്ടത്,
മറു ചെവിയിലൂടെ പറത്തി വിടും!
അല്ലെങ്കിലിന്നാർക്ക്,
കദനത്തിൽ പൊതിഞ്ഞ
പെരും കഥകേൾക്കണം,
നാണ്യങ്ങളുടെ കിലുക്കം മാത്രമുള്ള,

പുതുകഥകളല്ലാതെ..!

മൗനിയായ്
കണ്ണാടിയിൽ നോക്കുമ്പോൾ,
കണ്ണാടി പറഞ്ഞു,
പോകാം ല്ലേ... നാട്ടിലേക്ക്,
മുഖത്തെക്ക് നോക്കിയപ്പോൾ,
മുഖം പറഞ്ഞു.
പോണം ലേ.. അതിനുള്ള പക്വതയായോ?

പണ്ടു പണ്ടൊരുകാലം,
അന്നു പെട്ടി ചുമക്കാൻ ആളുണ്ടായിരുന്നു..
കാറിലിരിക്കാനും കോളുവാങ്ങാനും ആളുണ്ടായിരുന്നു,
കാലത്തിന്റെ മാറ്റം നമ്മളുൾക്കൊള്ളുമ്പോൾ
പക്വതയെ തോളിലേറ്റി വടി കുത്തിയോ,
അതോ പെട്ടിയിൽ ആളുകളാൽ ചുമക്കപ്പെട്ടോ,
ഇനി  നമ്മൾ എങ്ങനെയാണ്‌ നാട്ടിലെത്തേണ്ടത്?

6 അഭിപ്രായങ്ങൾ:

  1. ഈയാംപാറ്റകൾ അറിയുന്നില്ല വിളക്കിന്റെ തീനാളത്തിന്റെ വീര്യം.
    നാടോടുമ്പോൾ നടുവെ ഓടാത്തവന്‌ പട്ടിണി. ഓടുന്നവൻ നടൊവൊടിഞ്ഞ് കിടക്കുന്നു. ഓട്ടത്തിനിടയിൽ ജീവിതം എവിടെ ? !!!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഹായ് ഹരിനാഥ്.. എന്റെ ബ്ളൊഗിലെത്തി അഭിപ്രായം പറഞ്ഞതിനു നന്ദി.. സ്നേഹപൂർവ്വം

      ഇല്ലാതാക്കൂ
  2. ഇത്തിരി ഊര്‍ജ്ജവുമായി പറന്നുവന്ന് തീയ്യില്‍ പതിക്കുന്ന ഈയാംപാറ്റകളും,രാജകീയ പ്രൌഢിയോടെ സ്വര്‍ണ്ണത്തേരിലേറി എത്തുന്നവരും...
    നന്നായി വരികള്‍
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതെ തങ്കപ്പേട്ടാ..ഒട്ടുമിക്കവരും ഈയ്യാമ്പാറ്റകളാണ്‌ വായനയ്ക്കും അഭിപ്രായങ്ങൾക്കും നന്ദി...

      ഇല്ലാതാക്കൂ
  3. കദനത്തില്‍ പൊതിഞ്ഞ കഥകള്‍ക്കും വ്യക്തികള്‍ക്കും മാര്‍ക്കറ്റ് ഇല്ല.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതേ അജിത്തേട്ടാ.. ഗ്യാരണ്ടിയില്ലാത്ത ആഭരണങ്ങൾ.. വായനയ്ക്കും അഭിപ്രായങ്ങൾക്കും നന്ദി

      ഇല്ലാതാക്കൂ