പേജുകള്‍‌

ഞായറാഴ്‌ച, ഡിസംബർ 04, 2011

അകലം!


മുന്നോട്ട്, മുന്നോട്ട്…
അശരീരി ശബ്ദം കാതുകളിൽ,
ലക്ഷ്യ പ്രതീക്ഷ മനസ്സിൽ!
നേർ രേഖ വരച്ച്,
നടന്നു നടന്ന്
ചതുരത്തിലൊതുങ്ങിയ ജീവിതം!
ഒരു ചാൺ വയറു നിറയ്ക്കാൻ,
അടിമയായി സ്വയമർപ്പിച്ച്,
ഇടം കൈ ചൂണ്ടിയേടത്ത്,
പണിയെടുത്ത്,
വലം കൈ ചൂണ്ടിയേടത്ത്,
ശകാരം തിന്ന്
വിലങ്ങിയപ്പോൾ
പരിഹാസം കുടിച്ച്
ഓച്ഛാനിച്ച് വാങ്ങിയ ഭിക്ഷ!
ഡ്രാഫ്റ്റായി അയച്ച്,
കടമ തീർത്ത്,
ജീവിതം ഇറക്കിവെച്ച്,
കൂർക്കം വലിച്ചുറങ്ങി!

നിദ്രയുടെ അവസാന വേളയിൽ
അവളുടെ രംഗ പ്രവേശം!
ജീവരക്തത്തിന്റെ തള്ളിച്ചയാൽ
അവളെന്നെ മലിനമാക്കി!
പിടഞ്ഞെഴുന്നെറ്റപ്പോൾ
സർവ്വം മായ!

എന്റെ സാമ്രാജ്യത്തിലെ
എന്റെ പട്ടമഹിഷി പട്ടം!
എന്നിട്ടുമവൾ കയ്യെത്താദൂരത്ത്,
പരാതി പറഞ്ഞും, പിറു പിറുത്തും
വൃത്താകൃതിയിൽ  നടന്നു നടന്ന്
കാല ചക്രത്തെ ഉരുട്ടി..

തലയിൽ പൊൻ മുടി നട്ടു നനച്ചും
മീശയും മുടിയും കറുപ്പിച്ചും,
ഭ്രമണം എണ്ണി,
മനമുരുക്കി,
പരാതി ഉൾക്കൊണ്ട്
തലകുലുക്കി,
നല്ലൊരു നാളെ വിരിയിക്കാൻ
ഭീഷ്മ പ്രതിജ്ഞ!
ഞാനീ കരയിൽ
ശരശയ്യയിലിപ്പോഴൊന്ന് ..!

2 അഭിപ്രായങ്ങൾ:

  1. പകുതി മനസിലായി... ബാക്കി പകുതി അറിയാന്‍ ഞാന്‍ വീണ്ടും വരാം... വിവരമുള്ള ആരെങ്കിലും പുറകെ കമെന്റ് ചെയ്യാന്‍ വരുമല്ലോ.. ഇല്ലെങ്കില്‍ കവി തന്നെ സഹായിക്കണംട്ടോ :)

    മറുപടിഇല്ലാതാക്കൂ
  2. @ Lipi Ranju - വായനയ്ക്ക് നന്ദി.. കമന്റിയതിനും അയ്യോ.. കവി എന്നു വിളിക്കല്ലേ... അതൊക്കെ വല്യ വല്യ ആളുകളെ വിളിക്കേണ്ട പേരല്ലേ?..നമ്മളെയൊക്കെ നട്ട പിരാന്തൻ എന്നേ വിളിക്കാവൂ!
    നിയമപ്രകാരമുള്ള മുന്നറിയിപ്പ്‌: ഇവിടെ വന്ന് എന്റെ ജൽപനങ്ങളെ കവിതയാണ്‌, കഥയാണ്‌ എന്നൊക്കെ തെറ്റിദ്ധരിച്ച്‌ സങ്കടപ്പെട്ടാൽ ബ്ലോഗോ ഞാനോ ഉത്തരവാദിയല്ല!സദയം പൊറുക്കുക! എന്ന് പ്രൊഫൈലിൽ ആണയിട്ട് പറഞ്ഞിട്ടുണ്ട്…!...എന്റെ ആയുസ്സ് ദൈവം അനുവദിച്ചു തന്ന അത്രെയും വേണമെന്ന് നിങ്ങൾക്ക് നിർബന്ധമില്ലേങ്കിലും എനിക്ക് നിർബന്ധമുണ്ട്…കവിയെന്ന് എന്നെ ആരെങ്കിലും വിളിച്ചാൽ എന്റെ നാട്ടുകാർക്ക് ഒരൂ നോട്ടവും ഉണ്ടാവില്ല… എന്നെ വെറും സാധാരണ പെരുച്ചാഴിയെ തല്ലികൊല്ലും പോലെ തല്ലിക്കൊന്ന് വടിയിൽ കെട്ടിത്തൂക്കി കുഴിച്ചിടും!.. എന്നിട്ട് ജാഗ്രതൈ എന്ന് പറഞ്ഞ് കൂളായി നടന്നു പോകും.. അത് അടുത്ത പെരുച്ചാഴിക്കുള്ള മുന്നറിയിപ്പാണെന്ന് കരുതിക്കൊള്ളണം എന്നർത്ഥം!

    ..പോസ്റ്റിയതിന്റെ അർത്ഥം മനസ്സിലായില്ല അല്ലേ..എന്റെ ഭാഗ്യം!.. ഹി ഹി..
    അതായത് നമ്മ നാട്ടുകാർ (കേരളമക്കൾ) ഇന്ത ഊരില് (ഗൾഫിൽ) വന്ന് കണ്ടവന്റെ തെറിയും പരിഹാസവും കേട്ട് പണിയെടുത്ത് ഭിക്ഷ നാട്ടിലേക്കയക്കുന്നു..നമ്മുടെ കടമ കഴിഞ്ഞെന്ന് കരുതി മൂടിപ്പുതച്ചു കിടക്കുന്നു.. പൊണ്ടാട്ടി സ്വപ്നത്തിൽ വന്ന് ശല്യം ചെയ്യുന്നു.. എന്നിട്ടും പൊണ്ടാട്ടി പിന്നേയും പരാതി പറഞ്ഞ് നമ്മളെ പിരാകി പിരാകി വയസ്സത്തിയാവുന്നു.. പരാതി സത്യമെന്ന് പറഞ്ഞ് തലകുലുക്കി നാട്ടിൽ പോകാതെ, ഒന്നോ രണ്ടോ വർഷം കൂടുമ്പോൾ ചില്ലറ ദിവസങ്ങൾ ഒഴിവു കാലം ( തെറി വിളിയുടേയും പരിഹാസത്തിന്റേയും) ചിലവഴിക്കാൻ ഡീസെന്റായി നാട്ടിൽ പോകുന്നു..നല്ല നാളെ വരുമെന്നോർത്ത് നമ്മൾ കഷ്ടപ്പെട്ട് തെറിയും പരിഹാസവും ഏറ്റു വാങ്ങി പ്രവാസിയായി വയസ്സന്മാരാകുന്നു..പിന്നെ കുഴിയിലേക്കെടുക്കുന്നു..പിന്നെ പുനർജന്മമുണ്ടെങ്കിൽ പുനർജന്മം, അടുത്ത പ്രവാസിയാകണമെന്ന് ഇഷ്ടമുള്ളവർക്ക്..! അല്ലാത്തോർക്ക് പരമ പഥം പൂകാം.. അതൊക്കെ അവരവരുടെ ഇഷ്ടോം കഴിവും അനുസരിച്ചിരിക്കും!..എന്നെ കൊണ്ട് പറയാൻ ഇത്രെയൊക്കെ ഒക്കൂ.

    മറുപടിഇല്ലാതാക്കൂ