പേജുകള്‍‌

വ്യാഴാഴ്‌ച, ഒക്‌ടോബർ 20, 2011

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...(നാൽപത്തി ഒൻപതാം സർഗ്ഗം)

ശുക്രൻ അട്ടത്തിരുന്ന് മുറുക്കാൻ ചവച്ചോണ്ടിരുന്നു.. എറങ്ങി വന്നിരുന്നാലല്ലേ നമുക്ക്‌ ശുക്രന്റെ അപഹാരത്തിൽ അയലോക്കത്തെ രാജന്റെ മുഴുത്ത കണ്ണിന്റെ നോട്ടോണ്ട്‌.. ഒ‍ാന്റെ കണ്ണ്‌ പൊട്ടിപ്പോട്ടേന്ന് പ്രാർത്ഥിക്കാൻ പറ്റു..!
പക്ഷെ ശുക്രൻ വന്നില്ല..!കണ്ണും അടച്ച്‌ മുറുക്കാൻ ചവച്ചോണ്ടങ്ങനെ രസത്തിലിരിക്ക്യാ... വിളിച്ചിട്ടും കൈകൊട്ടിയിട്ടും ആംഗ്യം കാട്ടീട്ടും ഒരു ബധിരന്റെ പ്രവർത്തി!

 നിരാശയോടെ ഒരക്കത്തിനു അമ്പതു ലക്ഷം പോയ ബേജാറിൽ ലോട്ടറി ടിക്കറ്റും നോക്കി നെടുവീർപ്പിട്ട്‌ നടു ചായിച്ചു ഇരുന്നപ്പോൾ വീണ്ടും പഴയ പ്രീഡിഗ്രിയിലേക്ക്‌ മനസ്സൊന്നു നീങ്ങി..
 
കാരണം ഉണ്ട്‌.. തല നാരിഴയ്ക്കാണ്‌ പണ്ടും ഒരു ഒരു കാർഡു വന്ന് പോയത്‌... രാജ്യത്തിന്റെ, ധീരദേശാഭിമാനിയായി വെടികൊണ്ട്‌ പിടഞ്ഞു ചാവാൻ ഭാഗ്യം ഉണ്ടാവാൻ ഒരു പരീക്ഷ ഇണ്ട്‌.. എഴുതുന്നോ എന്ന് ചോദിച്ചോണ്ട്‌ ഒരു കാർഡു വന്ന കാര്യാ ഈ പറേണത്‌.. പേപ്പറിൽ കണ്ടിട്ട്‌ നോം അപ്ലെ ചെയ്തിട്ടു തന്നെ...ചുമ്മാ അഡ്രസ്സും തപ്പി പിടിച്ചു വന്നതൊന്നും അല്ല..അന്ന് പ്രശ്നങ്ങളുടെ ചുഴിയിൽ കിടക്കുകയാണ്‌ നോം.. എന്തു വന്നാലും ആ പരീക്ഷയിൽ പങ്കെടുക്കാൻ നമുക്ക്‌ ആവില്ലായിരുന്നു..!.. നമുക്ക്‌ ചെല മുൻപരിചയം ഇണ്ട്‌.. എന്നിട്ടും വിധി!... ആ മുൻ പരിചയത്തിന്റെ കാര്യാ ഇവിടെ വിവരിക്കുന്നത്‌..
അപ്പോ പഴയ പ്രീഡിഗ്രിയിലേക്ക്‌ ...
ക്യാപ്റ്റൻ കേണൽ ഭയങ്കര സ്ട്രിക്റ്റനായിരുന്നു...
ചെലപ്പോ നമ്മുടെ തലയിൽ പിടിച്ച്‌ വലിച്ച്‌ ഒരു ചോദ്യമുണ്ട്‌ ഹിന്ദിയിൽ .." ക്യാ തും അമിതാഭ്‌ ബച്ചൻ കാ ബേട്ടാ?"
അറിയുമ്പോലെ ചുട്ടെടുത്ത ഹിന്ദിയിൽ ഞാൻ പറഞ്ഞു "അല്ലാ..അല്ല അല്ല.!"
സംശയം തീരാഞ്ഞിട്ടാണോന്നറീല അയാൾ പിന്നേയും നമ്മുടെ തലയിൽ പിടുത്തമിട്ടു ഒരു വലി..!
പൈസ ഇല്ലാന്നു വിചാരിച്ച്‌ വല്യ പ്രതാപിയായ,നടനായ ഒരു പണക്കാരന്റെ മോനാണെന്ന് പറഞ്ഞ്‌ നടക്കാൻ പറ്റ്വോ..!.. അത്രെം അധ: പതിച്ചിട്ടില്ല്യ.... തറവാട്ടിൽ നിത്യവും പാൽ പായസോം, പ്രഥമനും സദ്യേം ഇല്ലെന്നേയുള്ളൂ.. എന്നാലും നിത്യവും ചോറും കറിയും ഉണ്ട്‌... .അഥവാ ചുമ്മാ പറയണം ന്ന് വെച്ചാൽ തന്നെ നല്ല കഥയാവും!.. എന്നാൽ പണിയായി.. മാതാശ്രീ നമ്മെ വീട്ടിൽ കയറ്റില്ല്യാ.... തോന്ന്യാസീ എറങ്ങിക്കോന്നും പറഞ്ഞ്‌ എറക്കി വിടും"... തറവാട്ടിലുള്ളോരും ഭയങ്കര ഗൗരവക്കാരാ...ഒളിച്ചും പാത്തും തല മണ്ണിൽ പൂഴ്ത്തിയ പോലെ നടന്നു കാലം കഴിക്കണ വേളയിൽ അബ്ദ്ധത്തിൽ മുന്നിൽ പെട്ട നമ്മുടെ തലമുറയിൽ പെട്ട ഒരെണ്ണത്തിനെ ഒരീസം തറവാട്ടിലെ പ്രധാനിയായ ഒരാൾ ഒന്നു ഗൗരവത്തിൽ നോക്ക്യപ്പം ശിർ ശിർ ന്നങ്ങനെ ഒഴിച്ചു പോയി മൂത്രം!...അയാൾക്ക്‌ ഒഴിക്കാനൊന്നും ആഗ്രഹോണ്ടായിട്ടല്ല..ഒഴിക്കേണ്ട.. ഒഴിക്കേണ്ടാന്നങ്ങട്‌ അയാളുടെ മനസ്സ്‌ പറഞ്ഞു.. പക്ഷെ ഗൗരവത്തോടെയുള്ള നോട്ടം പറഞ്ഞു ഒഴിയടേ സമയം മെനക്കെടുത്താതെ.... പിന്നെ വല്യതായീന്നോ ചെറുതായീന്നോന്നങ്ങട്‌ നോക്കാതെ വസ്ത്രത്തിലൂടങ്ങനെ ഒഴിച്ചപ്പോ അയാൾക്ക്‌ ഒരു സമാധാനായി...ഒരു കർക്കിടക മഴ തോർന്നു കിട്ട്യ പ്രതീതി!...
 അത്രെയുള്ളൂ സംഭവം! ...പിള്ളാരെ പേടിപ്പിക്ക്യാൻ ഇത്രെം ട്രെയിനിംഗുള്ള, ത്രാണിയുള്ള തറവാട്ടുകാർ വേറെയുണ്ടോന്ന് നോം മഷിയിട്ടു നോക്കിയിട്ടും എങ്ങും കണ്ടിട്ടില്ല്യ.. അപ്പോ നാമായിട്ട്‌.... മൂത്രം സ്റ്റോക്ക്‌ ചെയ്യാതെ.. വെറുതെ പേടിച്ച്‌ വിറച്ചിട്ട്‌ എന്തെടുക്കാൻ..! വീട്ടിലെത്ത്യാൽ അങ്ങിനെത്തെ പുകിലുകൾ ഉള്ളതു കൊണ്ട്‌ നോം സമ്മതിച്ചു കൊടുത്തില്ല.!.. ചങ്കു വെട്ടിയിട്ടാലും നോം പറയും നഹി.. നഹി.. നഹി.. അമിതാഭ്‌ ബച്ചൻ കാ.. കെ ..കി...ബേട്ടാ നഹി..ഒരു വെറും ആരാധകൻ ഹേ..ഹും.. ഹോ!

അങ്ങിനെയെങ്കിലും ആ നട്ട പിരാന്തൻ ഒന്നടങ്ങട്ടേ..!

പിന്നെ ഹിന്ദിയറിയാവുന്ന നമ്മുടെ കൂട്ടു കാരനാണ്‌ പറഞ്ഞത്‌.. "ടാ.. മുടീം മുറിച്ചു വരണം.. അടുത്ത പരേഡിൽ.. ഓ.കെ!"

എന്നാൽ ഈ പഹയനത്‌ തെളിച്ചു പറഞ്ഞാൽ പോരെ!... അതിനു പകരം നമ്മെ ബച്ചന്റെ മോനാക്കണോ..?.ഹിന്ദിക്കാരുടെ തലച്ചോറിലെ ഗോതമ്പിന്റെ പ്രവർത്തനം..ചോറു തിന്നാത്ത പണിയല്ലേ കാണിച്ചത്‌!
പിന്നെ ബൂട്ടിൽ രണ്ടു ചവിട്ട്‌...!.. പിന്നെയൊരു നോട്ടം..!

ഈയ്യാളെവിടുന്നാ... കരാട്ട പഠിച്ചത്‌ നമ്മുടടുത്ത്‌ ചെലവാക്വാണോ? ഇനീം അമർത്തിച്ചവിട്ട്യാൽ വേദനിക്കും ഹേ..
ബൂട്ടിട്ടുണ്ടെന്ന് വെച്ച്‌ ചറപറ ബൂട്ടിട്ട കാലോണ്ട്‌ ചവിട്ട്യാ വേണ്ടേ.. വേദനികൂലെ.. നോം അയാളെ തിരിച്ചു ചവിട്ടീല്യ....!

ക്യാപ്റ്റൻ കോപം തീർത്താ തീരില്ല്യ.. ഗ്രൗണ്ട്‌ മുഴുക്കെ വെയിലത്ത്‌ ഓടിക്കും.. പിന്നെ ജനാലക്കമ്പിയിൽ കാല്‌ ഉയർത്തി വെപ്പിച്ച്‌ തലകീഴാക്കി നിർത്തും.. ഒരൂ മയോം ഇല്യാത്ത സാധനം!..

കൂട്ടുകാരൻ അസിസ്റ്റന്റ്‌ ലീഡറാണ്‌.. അതിന്റെ തലക്കനം അവന്‌...മാടായിയിലെ മൊത്തം കുന്നും അവനാണ്‌ ചുമക്കുന്നതെന്ന് തോന്നും അവന്റെ ഭാവോം പ്രവർത്തീം കണ്ടാൽ..!.. ലേശം ഹിന്ദി അറീം എന്നൊരു പോരായ്മയും ഉണ്ട്‌!

അവൻ പറഞ്ഞു.. ബൂട്ട്‌ പോളീഷ്‌ ചെയ്യാഞ്ഞതെന്താ?

" .. നിന്റെ പിതാവ്‌ ചെരുപ്പു കുത്തിയൊന്നും അല്ലല്ലോ.. ആണെങ്കിൽ പോളീഷ്‌ ചെയ്യാൻ വരാർന്നു തന്റെ വീട്ടിൽ എന്ന് മനസ്സു പറഞ്ഞു....ആദ്യായിട്ടാ ഈ ബൂട്ട്‌ എന്ന സാധനം കാലിലിട്ടത്‌..അതിന്റെ കഷ്ടപ്പാട്‌ നമുക്കെ അറിയൂ... ആദ്യായിട്ടാ ഈ ചാക്കു പോലത്തെ കാക്കി തുണിയെടുത്ത്‌ അണിഞ്ഞത്‌..അതിന്റെ മണം നമ്മുക്കെ മനസ്സിലാവൂ... ആദ്യായിട്ടാ അരയിൽ ഏലസ്സു കോർത്ത കറുത്ത ചരട്‌ കെട്ടുന്നതിനു പകരം മില്ലിൽ മിഷ്യൻ കറക്കാൻ ഉപയോഗിക്കുന്നതു പോലത്തെ സാധനം ബെൽറ്റെന്നു പറഞ്ഞു കെട്ടണത്‌.... ഈ ചരലിൽ കിടന്ന് മലക്കം മറിയേണ്ട നമ്മൾ എക്സിക്യൂട്ടീവിനെ പോലെ നടക്കണോ?.".പിന്നെം കാണേണ്ടവനാ..ഓർമ്മയുണ്ടല്ലോ?.". നോം അവന്റെ ചെവിയിൽ പറഞ്ഞു..
അവൻ ഒന്നു താണു..
പിന്നെ ആ പഹയൻ ഹിന്ദിയൻ ബെൽറ്റെന്ന് അവർ പറയുന്ന സാധനത്തിൽ പിടിച്ച്‌ ഒരു വലി..!
അതും പോളീഷ്‌ ചെയ്തില്ല്യാത്രേ!
എന്തൊക്കെയാ കേൾക്കണത്‌... ഒരു വിധം എല്ലാവരോടും ആ കൃപാ വിരോധി അതു പോലെ പെരുമാറിയപ്പോൾ സമാധാനമായി.. നോം ഒറ്റയ്ക്കല്ല...നാമെന്തു പിഴച്ചു.. ഇയ്യാൾക്ക്‌ വൈഫിന്റെ കിഴുക്ക്‌ കിട്ട്യേതിന്റെ അരിശം തന്നെ!

പിന്നെ അദ്ദേഹം എന്തോ മണത്തൂന്ന് തോന്നി..
പിന്നെ നമ്മോട്‌ ഏഴ്‌ എട്ട്‌ പേരടങ്ങുന്ന ഒരു ഗ്യാങ്ങിനോട്‌ റെഡിയാവാൻ പറഞ്ഞു..!
കരിമ്പൂച്ചകളും ഒണക്ക പൂച്ചകളും ഒക്കെയുള്ള ആ ഗ്യാങ്ങിൽ .. ഒരു പിടിം ഇല്ല്യാതെ തെറഞ്ഞെടുക്കപ്പെട്ട ഒരു പാവം പൂച്ചയായി നോം!

പിന്നെ അറ്റൻഷനായി.. ഓർഡറായി .. എല്ലാവരും വരി പിടിച്ചു നടന്നു..ലെഫ്റ്റ്‌, റൈറ്റ്‌. ലെഫ്റ്റ്‌, റൈറ്റ്‌...മലയടിവാരം ഇറങ്ങി...നേരെ മാർച്ചു ചെയ്തു.." പാക്കിസ്ഥാനോട്‌ പൊരുതാൻ വിധിക്കപ്പെട്ട പട്ടാളക്കാരുടെ അഹങ്കാരം പോലെ, അഭിമാനം പോലെ നോം എല്ലാവരും അങ്ങിനെ എവിടേയ്ക്കെന്നറിയാതെ മാർച്ചു ചെയ്തു..

പഴയങ്ങാടി പോലീസ്റ്റേഷൻ എത്തിയപ്പോൾ നിൽക്കാൻ പറഞ്ഞു ആ ഫ്രെൻഡൻ അസിസ്റ്റന്റ്‌ കേണൽ!
ഇവിടെയാണ്‌ പോകേണ്ടത്‌...അവന്റെ ഓർഡർ..
നമ്മുക്ക്‌ അനുസരിക്കാതെ തരമില്ല..!.. പട്ടാളത്തിലൊക്കെ അങ്ങിനെയാണത്രെ.. നമ്മുടെ മൂക്ക്‌ പിഴിഞ്ഞു കളയാൻ ഏർപ്പാടാക്കിയ വേലക്കാരനായാലും പട്ടാളത്തിൽ കേണലായാൽ നോം അവന്റെ കീഴിലായാൽ പിന്നെ അനുസരിച്ചേ പറ്റു അതിൽ തുടരണമെങ്കിൽ..അവൻ തുപ്പിയാൽ സാധാരണ പട്ടാളക്കാരൻ തുടയ്ക്കണം.. !.. അവൻ തിന്നാൽ നമ്മൾ ഏമ്പക്കം ഇടണം.. ഇതൊക്കെയാണത്രെ പതിവ്‌!..മനുഷ്യന്മാരല്ലേ എല്ലാവരും.. എല്ലാവരും ഇന്നല്ലെങ്കിൽ നാളെ ചാവേണ്ടവരല്ലേ.. അതെല്ലാം സൗകര്യപൂർവ്വം അവർ മറക്കും.. ഈ നിമിഷത്തെ കാര്യേ അവർക്കറിയേണ്ടൂ.. ഹാ.. അനുഭവിക്ക്യെന്നെ...
ഏതെങ്കിലും ഭീകരരെ ഒളിപ്പിച്ചിട്ടുണ്ടോ?... അതോ മറ്റെന്തെങ്കിലും?... നോം വല്ലാതായി.. ഇവനോക്കെ എന്തിന്റെ പുറപ്പാടാ... പോലീസ്‌ സ്റ്റേഷനിലേക്ക്‌ മാർച്ച്‌ ചെയ്യിക്കുക.. പ്രശ്നം സോൾവ്‌ ചെയ്യുക!
പോലീസു കാരോട്‌ അവൻ അകത്തു പോയി എന്തോ സംസാരിച്ചു.. കീഴടങ്ങാൻ പറഞ്ഞതാണോ?.. അവറ്റകളാണോ ഭീകരർ?.. ഒക്കെ സംശ്യായി..!
ഒരൂ മിന്നലാക്രമണോം നടത്താതെ അവർ കീഴടങ്ങി..
അവൻ വരാൻ പറഞ്ഞു.. പിന്നെ ആയുധം ഒളിപ്പിച്ച മുറി തുറന്നു കാണിച്ചു കൊടുത്തു.. ഒരു പാവം ഒണക്ക പോലീസുകാരൻ..!.. നമ്മെ പേടിച്ചിട്ടായിരിക്കുമോ?... നമ്മൾ കണ്ടു.. ഒരു പാട്‌ തോക്കുകൾ അടുക്കി വെച്ചിരിക്കുന്നു അവിടെ..!
ലീഡറായ അവൻ ഓരോ ആൾക്കും ഓരോ തോക്കു തന്നു...
നോം മറ്റു പരിവാരങ്ങൾ ലീഡർ എന്നിങ്ങനെയുള്ള അഭിമാന വിജയ ശ്രീലാളിതർ, അങ്ങിനെ പിടിച്ചെടുത്ത തോക്കുകളുമായി അടിവെച്ച്‌ അടിവെച്ച്‌ നടന്ന് കേണലിന്റെ മുന്നിലെത്തി..
എല്ലാവർക്കും സന്തോഷായിരുന്നു.. നമ്മുടെ ഗ്യാങ്ങ്‌ വേഗത്തിൽ പോലീസു കാരെ കീഴടക്കിയല്ലോ.. അവർ കീഴടങ്ങി വേഗം തോക്ക്‌ ഒളിപ്പിച്ച സ്ഥലം കാട്ടി തന്നുവല്ലോ?.."നമ്മുക്ക്‌ ഭാരത്‌ മാതാ കീ ജയ്‌ എന്നു വിളിക്കാൻ തോന്നി..!
അഭിമാനം.. അഭിമാനം!...നിലയ്ക്കാത്ത അഭിമാനം!
ലീഡർ പറഞ്ഞു അറ്റൻഷനായി എല്ലാവരോടും നിൽക്കാൻ... അങ്ങിനെ അയ്യഞ്ചു പേരുള്ള സംഘാംഗങ്ങളാക്കി നമ്മെ മാറ്റി..
ലീഡർ പറഞ്ഞു കെടക്കാൻ...
"..വെറും നിലത്തോ?"
"അല്ല കിടക്ക വിരിച്ചു തരാം.." - ലീഡർ
പഞ്ഞീം പരുത്തീം ഒന്നും നിറച്ച തലയിണ കൊണ്ട്വന്നു തന്നില്ല.. വെറും മണലു ചാക്ക്‌ !
കെടന്ന് കെടന്ന് നാമോരോരുത്തരും തോക്കും പിടിച്ച്‌ കൈ കുത്തി വേദനിച്ചോണ്ട്‌ നിന്നു..
ദ്രോണാചാര്യർ ശിഷ്യരോട്‌ പറയുന്നതു പോലെ അവൻ പറഞ്ഞു.. കൈയ്യും കുത്തി തോക്കും പിടിച്ച്‌ പോയിന്റിലൂടെ നോക്കണത്രെ!
നോം നോക്കി.. ആകാശം കാണുന്നു.. ഭൂമി കാണുന്നു..കുന്നും പുഴയും ഒക്കെ കാണുന്നു.. ദൂരെ ലക്ഷ്യസ്ഥാനം വെച്ചിട്ടുണ്ടത്രെ!.. നോം ഒന്നും കണ്ടില്ല്യ.. നെക്സ്റ്റ്‌, നെക്സ്റ്റ്ന്നും പറഞ്ഞു കെടത്തിം ഒറക്കീം അവർ പണി ചെയ്തു നമ്മൾ തമാശിച്ചു .. തണലുണ്ടായിരുന്നിട്ടും കേണലിന്റെ വാശി.. വെയിലുള്ള സ്ഥലം തന്നെ വേണമത്രെ!..ഏ സിയൊന്നും നമ്മൾ ആവശ്യപ്പെട്ടിട്ടില്ല.. ഇച്ചിരി വെയിലു കൊള്ളാത്ത സ്ഥലം.. പക്ഷെ അയാൾക്കെന്തോ ഒരു കുറച്ചില്‌... വെയിലു കിട്ടീല്ല്യാച്ചാൽ വിറ്റാമിൻ ഡീ കൊറഞ്ഞു പോയാൽ തോക്കു പിടിക്ക്യാൻ പറ്റില്ല്യാത്രെ!.. ഒരു അന്ധവിശ്വാസമായിരിക്കണം!..

പിന്നെ തോക്കു കൊണ്ട്വന്ന പോലെ പോലീസ്‌ സ്റ്റേഷനിൽ തന്നെ ആദര പൂർവ്വം കൊണ്ട്വച്ചു.. !ഒളിപ്പിക്ക്യാനും കണ്ടെടുക്കാനും പോലീസ്‌ സ്റ്റേഷനിലെ ഏമാന്മാരെ പോലെ ആർക്കും ആവില്ല്യാന്ന് ആ കേണലിനും തോന്നീട്ടുണ്ടാവണം!..അവർക്കും സമ്മതം..!...വിരോധം ഇല്യാ..!.. നമ്മളായിട്ട്‌ വെറുതെ വിരോധിച്ചോണ്ടൊരു കാര്യോം ഇല്ല്യ...!

അപ്പോഴേക്കും പോറോട്ട തിന്നേണ്ട സമയമായി...ഇത്രെം പണി ചെയ്തതിനു ഇതൊന്നും പോരാ.. എന്നാലും പൈസ കൊടുക്കാതെ കിട്ടുന്നത്‌ കളേണ്ട.. ഇതുമാത്രേ ഉള്ളൂ ച്ചാലും കടിച്ചു പറിച്ചു കഴിക്ക്യന്നേ... അടുത്ത ഗവൺമന്റെങ്കിലും ശ്രദ്ധിച്ചാൽ മതിയായിരുന്നു.. ഈ എൻ സി സി പിള്ളേർക്ക്‌ ഒരു ആരോഗ്യത്തിന്‌ പശ പോലെ പറ്റുന്ന പോറോട്ട കൊടുക്കരുത്‌.. പകരം ബിരിയാണീം ഹോർലിക്സും ബോൺ വീറ്റേം പാലും മുട്ടേം ഒക്കെ കൊടുത്ത്‌ ഒന്നു ഉഷാറാക്കിയെങ്കിൽ എത്ര നന്നായിരുന്നു...!

ഹാ പറഞ്ഞിട്ടെന്ത്‌....ഈ എൻ. സി. സിയിൽ ചേർന്നാൽ ഒരു പത്ത്‌ മാർക്കോ പതിനഞ്ച്‌ മാർക്കോ മറ്റോ മോഡറേഷൻ തരും ന്നൊക്കെ പറേണത്‌ കേട്ട്‌ കൊതിച്ചിട്ടാണ്‌ ഈ എടുത്താൽ പൊങ്ങാത്ത ആട്ടും തുപ്പും കേട്ട്‌ ഫ്രീയായി തരുന്ന പൊറോട്ടയും തിന്ന് അങ്ങിനെ വെഷമിക്കുന്നത്‌..!

ഒരു പക്ഷെ അന്ന് അങ്ങിനെ കരുതീത്‌ കൊണ്ടാവും ഇന്ന്..നിനക്കിതൊന്നും പറ്റില്ല്യാന്നങ്ങട്‌ ദൈവം തീരുമാനിച്ചത്‌!

സത്യാ.. നമുക്ക്‌ വെഷമാവുന്നതൊന്നും ദൈവം തരില്ല്യ.. ന്നങ്ങട്‌ സമാധാനിക്ക്യാ.... അതെന്നെ കാര്യം... നോം മനസ്സിനോട്‌ പറഞ്ഞു
അപ്പോ ലോട്ടറിം...
"അതെന്നെ കാര്യം!.. അല്ലെങ്കിൽ അഹങ്കാരോം കൂടി, നാട്ടുകാർക്ക്‌ വെഷമാവുന്ന ഒരൂ കാര്യൊം ദൈവം നമുക്ക്‌ തരില്ല്യ."
--------
(എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...നാൽപത്തി എട്ടാം സർഗ്ഗത്തിന്റെ തുടർച്ച..)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ