പേജുകള്‍‌

ബുധനാഴ്‌ച, ഡിസംബർ 28, 2011

ശത്രു...!

എന്നെ ചതിച്ചവരിൽ മുഖ്യൻ,
ഞാനാണെന്നാണയിടുമ്പോൾ,
നിങ്ങൾ മുഖം ചുളിക്കുന്നതെന്തിന്?

നിങ്ങൾക്ക് കാതു തന്നപ്പോഴെല്ലാം
ശരിയാണെന്ന് തലകുലുക്കി,
എന്നോട് പറഞ്ഞു ഫലിപ്പിച്ച
ചതിയനാണു ഞാൻ!

എന്നെ വഞ്ചിച്ചവരിൽ ഒന്നാമൻ ഞാനാണ്!
നിങ്ങൾ പരിഭ്രമിക്കുന്നോ?
നിങ്ങൾ വഞ്ചിച്ചപ്പോഴൊക്കെ,
വഞ്ചന ലാഞ്ജനയില്ലാത്തോരാണെന്ന്
ആണയിട്ടെന്നോട് പറഞ്ഞതാരാണ്?
വഞ്ചിക്കാത്തപ്പോൾ,
വഞ്ചിച്ചുവെന്ന് മൊഴിഞ്ഞതാരാണ്?

നിങ്ങളെന്നെ സ്നേഹിക്കാത്തപ്പോഴൊക്കെ,
എന്നെ സ്നേഹിക്കുന്നുവെന്ന്,
ആണയിട്ട് കുഴിയിൽ ചാടിച്ചവൻ!
എന്നെ കൊതിപ്പിച്ച്,ചിരിപ്പിച്ച്,കരയിച്ച്,
ഒടുവിൽ എന്നെ തള്ളിപ്പറയുമ്പോൾ,
കുത്തിയത് പിന്നിൽ നിന്നോ
അതോ മുന്നിൽ നിന്നോ?
ഞാനൊന്നും എന്നോട് ചോദിച്ചില്ല!

എങ്കിലും ഓരോ തവണയും
തളർന്നു പോയപ്പോഴൊക്കെ,
ഓരോ ഉയർച്ചയും തടഞ്ഞോരെൻ പ്രീയ ശത്രുവേ
നിന്നെ എത്ര സ്നേഹിച്ചാലാണ്…
നിർമ്മലമാം സ്നേഹം തിരിച്ച് നൽകുക,
എത്ര സ്നേഹിച്ചാലാണ് നീയ്യെന്നെ
മിത്രമെന്ന്, ബന്ധുവെന്ന് ഒരിക്കലെങ്കിലും
നൊന്തു വിളിക്കുക
എന്നൊന്നു ചോദിച്ചു പോകുന്നു

6 അഭിപ്രായങ്ങൾ:

  1. അതെ നമ്മുടെ ശത്രു നാം തന്നെയാണ്.
    ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
  2. ചതിയാ, വഞ്ചക..
    ക്ഷ്മിക്കണം ഞാന്‍ എന്നേത്തന്നെ വിളിച്ചതാണ്.

    “മഴ“യ്ക്ക് കൂടി ചേര്‍ത്ത് ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  3. എന്നെ ചതിച്ചവരിൽ മുഖ്യൻ,
    ഞാനാണെന്നാണയിടുമ്പോൾ,
    നിങ്ങൾ മുഖം ചുളിക്കുന്നതെന്തിന്?

    സത്യം...

    നല്ല വരികള്‍...

    മറുപടിഇല്ലാതാക്കൂ
  4. @ സങ്കൽ‌പ്പങ്ങൾ -അതേ.. താങ്കളുടെ വാചകങ്ങൾക്ക് നന്ദി
    @ മനോജ് കെ.ഭാസ്കര്‍ -വിളിച്ചോളൂ ഇഷ്ടം പോലെ വിളിച്ചോളൂ..ഹി ഹി.നമുക്കൊരു വിരോധോം ഇല്ല…പക്ഷെ ആളു കേൾക്കേ വിളിക്കരുത്...പാപം കിട്ടും പാപം.. അവരു വിചാരിക്കും അവരെയാണെന്ന് ..പിന്നെത്തെ പുകിലൊന്നും ഞാൻ വിസ്തരിച്ച് വിവരിക്കേണ്ടല്ലോ?..അവർക്കറിയില്ലല്ലോ സ്വയം വിളിച്ചോണ്ട് നടക്കുകയാണെന്ന്.!
    @ khaadu.. -ഇഷ്ടപ്പെട്ടതിൽ സന്തോഷം


    വായനയ്ക്കേവർക്കും നന്ദി..
    സ്നേഹപൂർവ്വം

    മറുപടിഇല്ലാതാക്കൂ
  5. ശത്രുമാത്രമല്ല മിത്രവും ഇതൊക്കെത്തന്നെയാണ്‌.

    മറുപടിഇല്ലാതാക്കൂ
  6. @ Harinath -താങ്കൾ പറയുന്നത് ശരിയാണ്.. പക്ഷെ എന്റെ പക്ഷത്താണെങ്കിൽ മിത്രത്തെ ചൊല്ലി വിലപിക്കുന്നതെന്തിന് എന്നു കരുതിയാണ്..
    താങ്ക്സ്, താങ്ക്സ് എന്നല്ലെ ചൊല്ലേണ്ടത് എന്നോർത്താണ്..

    സ്നേഹപൂർവ്വം

    മറുപടിഇല്ലാതാക്കൂ