പേജുകള്‍‌

ഞായറാഴ്‌ച, മാർച്ച് 20, 2011

ഉറയുന്ന കോമരങ്ങൾ

മദക്കാർ മെതിച്ച മതങ്ങളും ജാതിയും,
മതത്തിന്റെ ഉണ്മ മറച്ച കാർമേഘവും
പരിദേവനങ്ങളും വിങ്ങും സ്വനങ്ങളും,
പോർവ്വിളിയും പിന്നെ കുത്തും ,കൊലകളും,
നാടു നടുക്കുന്ന സ്ഫോടന ശബ്ദവും
ഇന്നെൻ മനസ്സിൽ ഭീതി വിതയ്ക്കുന്നു.

ധാർഷ്ട്യങ്ങൾ കാർക്കിച്ചു കൂട്ടിയ രാഷ്ട്രീയം,
അഴിമതികൊത്തു നടത്തും നടനവും,
അഹിംസയെ ചെത്തി മിനുക്കുന്ന ഹിംസയും
കോഴകൾ കോരി കുടിച്ച ഉദരവും
ഇന്നെന്റെ ഗാന്ധിയെ റാത്തലായി വിൽക്കുന്നു.
മാവോയെ പെറ്റ മരുമകൻ ചന്തുവും,
പാണാനാർ പാടുന്ന പാട്ടിൽ, ചുരികയിൽ,
മുളയാണി വെച്ചും മദിച്ചും രമിച്ചും
അധികാര വർഗ്ഗ കളികൾ കളിക്കുന്നു.
നാവേറു പാടുന്ന വേലനും കൂട്ടരും,
കസേരക്കളിക്കായ്‌ ഉടക്കി പിരിയുന്നു.
ജന സേവനത്തിന്നായ്‌ മുറവിളികൂട്ടുന്നു,
സങ്കടത്താൽ പിന്നെ മൂക്കു പിഴിയുന്നു.

താമര മൊട്ടു വിരിച്ചു പൂവാക്കുവാൻ,
കണ്ണീർ കുടഞ്ഞ്‌ നിദ്ര മറക്കുന്ന
മർത്ത്യരും കാണും കിനാക്കൾ ഭരണികൾ,
കയ്യിട്ടു നക്കുവാൻ നാളുകൾ, രാശികൾ!

ഐസുകൾ, ക്രീമുകൾ നൊട്ടി നുണഞ്ഞവർ,
രാജ്യ ഭരണ വിശാരദരാണത്രേ!,
പണ്ടു കഴിഞ്ഞ കേസുകൾ, ഭീതികൾ,
അഞ്ചു വർഷത്തിലൊരിക്കൽ ഗ്രഹണം!
ഭയക്കണം വിഷങ്ങൾ തീണ്ടാതെ നോക്കണം,
ഗ്രഹണമൊഴിഞ്ഞു പോകും വരേക്കും!

ജനാധിപത്യത്തിൽ മതങ്ങൾ പറച്ചിലും,
ചേരി തിരിവും ളോഹ മുറുക്കലും,
തലകളെ കാട്ടി മീശ പിരിക്കലും,
പുലഭ്യം പറഞ്ഞിട്ട്‌ പങ്കിട്ടെടുക്കലും!

യുവത്വ സിരകളിൽ നിറയും വിഷങ്ങളും,
കൊണ്ടും കൊടുപ്പും സ്ത്രീ വിഷയങ്ങളും,
ആടിത്തിമർക്കുന്ന രാഷ്ട്രീയ കോമരം
ഇന്നെന്റെ നിദ്ര യിൽ കൊഞ്ഞനം കുത്തുന്നു,
ചുഴികൾ നിറച്ചെന്റെ ശാന്തി തകർക്കുന്നു

കണ്ടും ജയിപ്പിച്ചും എല്ലാം മറക്കുന്ന
കോരനു കുമ്പിളിൽ പഴംകഞ്ഞിയെങ്കിലും?
കലത്തിൽ തിളയ്ക്കുന്ന വെള്ളത്തിൽ വേവിക്കാൻ,
ഒരു പിടിയരിയൊന്ന് ഭിക്ഷയായെങ്കിലും!

3 അഭിപ്രായങ്ങൾ:

  1. സാമൂഹ്യ അനീതികള്‍ക്കെതിരെയുള്ള പൊട്ടിത്തെറിക്കല്‍ ..

    മറുപടിഇല്ലാതാക്കൂ
  2. ഇഷ്ടപ്പെട്ടു ....വളരെയധികം...കവിതയും അതിനെക്കാളേറെ വരികളിലെ രോക്ഷവും.
    അഭിനന്ദനങ്ങള്‍...

    മറുപടിഇല്ലാതാക്കൂ
  3. വായിച്ച്‌ അഭിപ്രായം പറഞ്ഞതിന്‌ ഒരു പാട്‌ നന്ദി..ശ്രീ രമേശ്‌ അരൂർ, ജിത്തു

    മറുപടിഇല്ലാതാക്കൂ