പേജുകള്‍‌

ബുധനാഴ്‌ച, മാർച്ച് 10, 2010

അവൻ വിളിക്കുകയാണ്‌, അവളും!

"ലേഖേ.. ഞാനിങ്ങോട്ട്‌ പോവുകയാണേ... തേങ്ങയിടാൻ കേളേട്ടൻ വന്നിട്ടുണ്ടാകും!"


"ഊം... ചായകുടിച്ചിട്ട്‌..!"

"വേണ്ട .. വന്നിട്ടുണ്ടാകുമോന്ന് നോക്കി വേഗം വരാം"- അയാൾ പറഞ്ഞു.

..പണികൾ ഒക്കെയും യാന്ത്രികമായിരുന്നു..

....പഴയ ഒരു പത്രത്തിൽ അവളുടെ കണ്ണുകൾ വീണ്ടും വീണ്ടും പതിഞ്ഞു... തലങ്ങും വിലങ്ങും കുനുകുനുത്ത കറുത്ത അക്ഷരങ്ങൾ!... അവ വായിക്കുമ്പോഴെ കണ്ണുകൾ സജ്ജലങ്ങളായി.. നിശ്വാസങ്ങൾ പഴയ കാലത്തേക്ക്‌ ഊളിയിട്ടു..വർഷം ഒന്നു കഴിഞ്ഞിട്ടുണ്ടായിരുന്നു...

ഡയറിയിൽ അവൻ കുത്തിക്കുറിച്ച വാക്കുകൾ അതേപടി പേപ്പറുകാർ പകർത്തിയെഴുതിയിരിക്കുന്നു.. ....അതവൾ വീണ്ടും വീണ്ടും വായിച്ചു.." അമ്മേ... അമ്മ വിഷമിക്കരുത്‌... നമ്മേ ബന്ധുക്കളും നാട്ടുകാരും പരിഹസിക്കും എന്നോർത്ത്‌ അമ്മ വിഷമിക്കുന്നത്‌ എനിക്കു കാണാൻ കഴിയില്ല..അതിനാൽ... എല്ലാം അവസാനിപ്പിക്കാൻ തന്നെയാണ്‌ ഞാൻ പോയത്‌..നാട്ടുകാരുടെ , ബന്ധുക്കളുടെ മുന്നിൽ പരിഹാസ്യരാകുന്ന അമ്മയും അച്ഛനും...!."

മുഴുവൻ വായിക്കും മുന്നേ പേപ്പർ കണ്ണീരിൽ കുതിർന്നിരുന്നു...



എന്നിട്ടും അവൾ തുടർന്നു വായിക്കാൻ ശ്രമിച്ചു.." ...അവളോട്‌ എല്ലാം പറഞ്ഞു... ഞാനൊരു തെറ്റും ചെയ്തിട്ടില്ല...അവളെ കൈകൊണ്ടു പോലും തൊട്ടിട്ടില്ല.സ്നേഹിച്ചു വെന്നല്ലാതെ.. അവൾക്ക്‌ എന്നെ ഇഷ്ടമാണെന്ന് പറഞ്ഞു... പക്ഷേ അമ്മയ്ക്കിഷ്ടപ്പെടില്ല... അതിനാൽ നമ്മുടെ വിവാഹം നടക്കില്ലെന്ന് ഞാൻ അവളെ പറഞ്ഞു മനസ്സിലാക്കിച്ചതാണമ്മേ... അവൾ " ശരി... നിനക്ക്‌ നിന്റെ വഴി എനിക്ക്‌ എന്റെ വഴിയെന്ന് പറഞ്ഞ്‌ സന്തോഷത്തോടെ പോയതാണമ്മേ.. എന്നിട്ടും... എന്നിട്ടും അവൾ!.. എന്നോട്‌ പണ്ടു പറഞ്ഞിരുന്നു.".ഏട്ടാ നിങ്ങളില്ലാത്ത ജീവിതം എനിക്കു വേണ്ടെന്ന്!" .. ഇത്രത്തോളം ഞാൻ കരുതിയില്ല.. എന്നോടുള്ള പ്രതികാരം തീർക്കുകയായിരുന്നോ?... അവളുടെ കാലൊച്ച ഞാൻ കണ്ണടയ്ക്കുമ്പോൾ കേൾക്കുന്നു... പൊട്ടിച്ചിരികൾ ഞാൻ കേൾക്കുന്നു... അവളുടെ പാദങ്ങൾ പതിഞ്ഞയിടം.!. അവളുടെ വാക്കുകൾ.!.. അമ്മേ..എനിക്കറിയില്ലായിരുന്നു അവളീപാതകം ചെയ്യുമെന്ന്.. എനിക്കറിയില്ലായിരുന്നു അവളുടെ ഹൃദയം ഇത്രമൃദുവാണെന്ന്. എങ്കിൽ .!..എങ്കിൽ.!.. എനിക്കു ഭ്രാന്തു പിടിക്കുന്നു..അവളുടെ തൂങ്ങിയാട്ടം എന്റെ ഉറക്കു നഷ്ടമാക്കുന്നു.. എനിക്കിനി ജീവിക്കാൻ വയ്യമ്മേ...ഇനി അവളെ ഒറ്റയ്ക്കാക്കാൻ വയ്യ!... എനിക്കും പോകണം അവളുടെ അടുത്തേക്ക്‌ ....മാപ്പ്‌! ...അമ്മ അച്ഛനെ പറഞ്ഞു മനസ്സിലാക്കണം!..നിങ്ങൾ സന്തോഷത്തോടെ ജീവിക്കണം.. ഒരായിരം മാപ്പ്‌!"



കണ്ണീർ കണങ്ങളാൽ അക്ഷരങ്ങൾ കുതിർന്നിരുന്നു!..



" ഇത്രയ്ക്ക്‌ വേണമായിരുന്നോ? എന്റെ മകനെ അത്രയ്ക്ക്‌ സ്നേഹിച്ചിരുന്നുവെങ്കിൽ ഞങ്ങൾ നിന്നെ സന്തോഷപൂർവ്വം സ്വീകരിക്കുമായിരുന്നില്ലേ..!.. മോനേ... ന്ന് വിളിച്ചതേ ഓർമ്മയുള്ളൂ... രക്തം ഛർദ്ദിച്ച്‌ പരിക്ഷീണനായി അവൻ കട്ടിലിൽ...!

രേഖ വീണ്ടും വിങ്ങിപ്പൊട്ടി...

"രേഖേ... രേഖേ.. എന്തായികാട്ടുന്നത്‌... ഒരു വർഷം കഴിഞ്ഞില്ലേ.. ഇപ്പൊഴും!" അയാൾ തിരിച്ചെത്തിയിരുന്നു..

" രാജുവേട്ടാ...നമുക്കിനി ആരുണ്ട്‌?"

"ഒക്കെ നമ്മുടെ വിധിയാണ്‌ രേഖേ.. നമുക്ക്‌ അത്രേ വിധിച്ചിട്ടുള്ളൂ...ദൈവനിശ്ചയമാണ്‌ ഒക്കെ...ആയുസ്സൊടുങ്ങും വരെ ജീവിച്ചേ മതിയാകൂ.."

അവളുടെ കയ്യിൽ നിന്നും പേപ്പർ അയാളും വാങ്ങി വായിച്ചു.

" ആരാണ്‌ കുറ്റക്കാർ?.. അവനെ അധികം സ്നേഹിച്ചതാണോ കുറ്റം.ഒറ്റ മകനല്ലേന്ന് കരുതി ഓമനിച്ചു വളർത്തിയതാണിത്ര വഷളായത്‌.....ഒരിക്കലും വഴക്കു പറയാത്ത താണ്‌ പ്രശ്നമായത്‌.... നമ്മളെ നാണം കെടുത്തരുത്‌ എന്നല്ലേ നമ്മൾ പറഞ്ഞുള്ളൂ.. അതിനീ പാതകം!

..സാരമില്ല.. പോട്ടേ.. ഒക്കെ നമ്മുടെ വിധി..." ഒന്നും ഓർക്കേണ്ട..ട്ടോ... കുറച്ചു നേരം കിടന്നോളൂ.. ഒക്കെ തണുക്കട്ടേ".-- അയാൾ അവളെ ആശ്വസിപ്പിച്ചു.

അവൾ മൂക്കു പിഴിഞ്ഞു...

".തേങ്ങയിടാൻ വരാമെന്ന് പറഞ്ഞിട്ട്‌ വന്നിട്ടില്ലല്ലോ?.."- ഞാൻ വീണ്ടും ഒരിക്കൽ കൂടെ നോക്കി വരാം"

"ശരി"- അവൾ തലയാട്ടി.

രേഖ മയങ്ങിപ്പോയി..

" അതാ അവൻ.. പുഞ്ചിരിച്ചും കൊണ്ട്‌...

"അമ്മേ ഞങ്ങളിതാ അമ്മയുടെ അരികേ"

"എവിടെ... എവിടേ.."

"അമ്മേ.. അമ്മ കാണുന്നില്ലേ.."

"ഇല്ലല്ലോ?"

"ഇതാ.. ന്നേ ഇവിടേ"

"ന്റെ മോനെ.. ഞാൻ!... നിയെന്നെ എന്തിനാണിങ്ങനെ കളിപ്പിക്കുന്നത്‌"

"ഇതാ അമ്മേ ഞങ്ങളിവിടെയുണ്ട്‌.."

അവൾ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു..". അതേ അതവൻ തന്നെ... അവനും അവളും!... എനിക്കു കാണണം... എനിക്കു കാണണം.. അവനെ..." ഭ്രാന്തിയേപ്പോലെ അവർ പിറു പിറുത്തു..."... ഞാനും വരാം.. ഞാനും വരാം.. ഒരു നിമിഷം നിൽക്കണേ..!."



മേശപ്പുറത്തുള്ള കടലാസിൽ അവൾ എഴുതി.." ഞാനവരെ കണ്ടു രാജുവേട്ടാ.. എനിക്കവരെ വീണ്ടും കാണണം.. ഞാനും പോകുന്നു... മാപ്പ്‌!"



കതകടച്ചു കുറ്റിയിട്ടു..മെല്ലെ സ്റ്റൂളെടുത്തു വെച്ച്‌ സാരി ഫാനിനു കെട്ടി...

അയാളും ആകെ വിവശനായിരുന്നു... കടൽക്കരയിൽ അയാൾ തളർന്നിരുന്നു.. കടലിനെ നോക്കി... രണ്ടുകൈയ്യും നീട്ടി അതാ അവൻ അവിടെ....നടുക്കടലിൽ....



." എന്റെ മോനേ.. എന്റെ മോനേ..". ആഞ്ഞടിക്കുന്ന തിരമാലകളെ വകഞ്ഞു മാറ്റി, ചിലപ്പോൾ ചെറുത്തു നിന്ന് അയാൾ വേഗം നടന്നു " മോൻ പ്രത്യക്ഷ നായി കണ്ടയിടത്തേക്ക്‌..

അനാവശ്യമായതൊന്നും കടൽ സ്വീകരിക്കാറില്ല.. തിരമാലകളുടെ ചലനം അയാളുടെ കൈകാലുകളേയും ദേഹത്തേയും ചലനശേഷിയുള്ളതാക്കിയിരുന്നു..!

2 അഭിപ്രായങ്ങൾ: