പേജുകള്‍‌

വെള്ളിയാഴ്‌ച, ജനുവരി 20, 2012

കാലാവസ്ഥ!

ഇപ്പോൾ പുറത്തു നല്ല ചൂടാണ്
അകത്തുള്ളവർക്ക് നല്ല കുളിരും!
നിർമ്മലമായ ഒരു അവസ്ഥയെ കുറിച്ചല്ല,
നിതാന്തമായ വ്യവസ്ഥയെ കുറിച്ചാണ് ഞാൻ പറയുന്നത്!

മണ്മറഞ്ഞെങ്കിലും കനൽക്കാറ്റായി ഇവിടെയെത്തിയത്
ചരിത്രങ്ങളെ കേൾപ്പിക്കാനാണ്,
മഹാരാജനെന്ന് വിളിക്കപ്പെട്ട നിമിഷങ്ങൾ!
ചക്രവർത്തിയെന്ന് അറിയപ്പെട്ട നിമിഷങ്ങൾ!

കാലഹരണപ്പെട്ട തത്വശാസ്ത്രങ്ങൾ,
ആർഭാടത്തിന്റെ നിമിഷങ്ങൾ
പ്രതിയോഗികളെ ഒതുക്കിയ ന്യായ പ്രമാണം!
പ്രജകളുടെ അസ്വാരസ്യം!
ധൂർത്തിന്റെ വിഹാര രംഗം!
മദ്യവും മദിരാക്ഷിയും!
അരമനകളിലെ അഴിഞ്ഞാട്ടങ്ങൾ!
കഥകളനവധി!

അന്നുമുണ്ടായിരുന്നു സ്തുതി പാഠകർ!
മരണക്കിടക്കയെ വരെ പാടി ഉറക്കിയവർ!

ചങ്കു കുത്തിപ്പിഴിഞ്ഞെടുത്ത
കൊതുകിന്റെ നെയ്യ്,
നികുതികളെന്ന് ഓമനിച്ചൊഴിച്ച്,
ചുട്ടെടുത്ത അപ്പങ്ങൾ ഭക്ഷിച്ച്
വീണ വായിച്ചു രസിച്ച്!,

അന്നായിരിക്കണം പ്രജകളുടെ ന്യായാസനങ്ങൾ
സിംഹാസനങ്ങളെ തള്ളിപ്പറഞ്ഞത്!
ഞാനീ പറയുന്നത് അവർക്കറിയുന്ന കുടിലതയേ കുറിച്ചല്ല!
അവരറിയാത്ത തകർച്ചയെ കുറിച്ചാണ്!

കാലചക്രമേ പറഞ്ഞു കൊടുക്കുക,
ഓർമ്മയില്ലാത്ത അവർക്ക്,
കാതോർത്തിരിക്കാൻ നേരമില്ലെങ്കിലും,
അവരെങ്ങിനെ അവരായെന്ന്!
ഞാനെങ്ങെനെ ഞാനായെന്നും!

പറഞ്ഞു കൊടുക്കുക
അവരെങ്ങിനെ സിംഹാസനങ്ങളിൽ
അവരോധിക്കപ്പെട്ടുവെന്ന്!
ആ സിംഹാസനങ്ങളിൽ അവർ കുലുങ്ങി ചിരിക്കുമ്പോൾ,
ഈ കുടീരത്തിൽ ഞാൻ സംതൃപ്തൻ!
പക്ഷെ കാലചക്രമുരുളുമ്പോൾ,
ഞാൻ ചെയ്തതു പോലെ,
വിഭ്രമിക്കരുത്!
കണ്ണു പൊത്തരുത്!
പശ്ചാത്തപിച്ചു വിതുമ്പാനിടയാകരുത്!

ഭ്രഷ്ടനാക്കപ്പെട്ടവന്റെ ജല്പനമെന്നവർ
പുച്ഛിക്കുമ്പോൾ,
പണ്ട് യാഥാർത്ഥ്യങ്ങളെ പുച്ഛിച്ച
ചിതലരിക്കാത്ത ഓർമ്മകൾ!

കാല ചക്രമേ അവർക്ക്
നേരിന്റെ യാത്ര കാട്ടിക്കൊടുക്കുക
ധർമ്മത്തിന്റെ വീഥികളും!
ഉണ്ടുറങ്ങി പിത്തമാകാതെ,
ഉണർന്നിരുന്നു പ്രജാക്ഷേമമറിയട്ടേ!

13 അഭിപ്രായങ്ങൾ:

  1. ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം.
    അതില്ലാത്തിടത്തോളം ചരിത്രം ആവര്‍ത്തിക്കും.
    ചരിത്രവും,പുരാണവും കേള്‍ക്കാനാര്‍ക്കും സമയമില്ല!തിരക്ക്......................

    രചന നന്നായിരിക്കുന്നു.
    ആശംസകളോടെ,
    സി.വി.തങ്കപ്പന്‍

    മറുപടിഇല്ലാതാക്കൂ
  2. നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്..... എന്ന് കടമ്മിനിട്ട പാടിയത് ഓര്‍ത്തു പോകുന്നു.

    മറുപടിഇല്ലാതാക്കൂ
  3. @ Cv Thankappan-തങ്കപ്പേട്ടൻ പറഞ്ഞതു ശരിയാണ് ..ഓർമ്മകൾ ഇല്ലാത്തതു കൊണ്ടല്ല തിരക്കാണ്..കൈയ്യിട്ട് വാരാനും കോരാനും സമയമില്ലാത്തതു കൊണ്ടുള്ള തിരക്ക്..!കമന്റിനും വായനയ്ക്കും നന്ദി..

    @ മനോജ് കെ.ഭാസ്കര്‍ - ഒരു വരിയിലെങ്കിലും കടമ്മനിട്ടയെ ഓർമ്മിപ്പിക്കാനായതിൽ സന്തോഷം..സ്നേഹപൂർവ്വം
    വായനയ്ക്ക് നന്ദി..

    മറുപടിഇല്ലാതാക്കൂ
  4. കാല ചക്രമേ അവർക്ക്
    നേരിന്റെ യാത്ര കാട്ടിക്കൊടുക്കുക
    ധർമ്മത്തിന്റെ വീഥികളും!
    ഉണ്ടുറങ്ങി പിത്തമാകാതെ,
    ഉണർന്നിരുന്നു പ്രജാക്ഷേമമറിയട്ടേ!


    സുന്ദരമായ രചന... അഭിനന്ദനങ്ങള്‍....

    മറുപടിഇല്ലാതാക്കൂ
  5. ‘മഹാനായ അലക്സാണ്ടർ’...അലക്സാണ്ടർ എന്തുകൊണ്ടാണ്‌ മഹാനായത് ? ലോകം മുഴുവൻ വെട്ടിപ്പിടിച്ചതുകൊണ്ടല്ല. അവസാന നാളുകളിൽ അദ്ദേഹത്തിനൊരു തിരിച്ചറിവുണ്ടായി. നേടിയ ഭൗതികനേട്ടങ്ങളൊന്നും ഒന്നുമല്ലായെന്ന ബോധമുണ്ടായി. തന്റെ കൈകൾ ശൂന്യമാണെന്ന് ബോധിപ്പിക്കാൻ മരണശേഷം കൈകൾ ശവമഞ്ചത്തിനു വെളിയിലേക്ക് തുറന്ന് മലർത്തിയ അവസ്ഥയിൽ ആയിരിക്കണമെന്ന് ആവശ്യപ്പെട്ടു. മരണശേഷം അനുയായികൾ അപ്രകാരം ചെയ്തു. ഈ തുറന്ന് കൈകളാണ്‌ അലക്സാണ്ടറെ മഹാനാക്കിയത്.

    പലർക്കും അറിയില്ലാത്ത ഒരു സംഭവമാണിത് . അവസരം കിട്ടിയപ്പോൾ പറഞ്ഞു എന്നേഉള്ളൂ. രചന എനിക്കിഷ്ടപ്പെട്ടു.

    മറുപടിഇല്ലാതാക്കൂ
  6. നേരിന്റെ യാത്ര കാട്ടിക്കൊടുക്കുക
    ധർമ്മത്തിന്റെ വീഥികളും!
    ഉണ്ടുറങ്ങി പിത്തമാകാതെ,
    ഉണർന്നിരുന്നു പ്രജാക്ഷേമമറിയട്ടേ!
    ==
    ബൗദ്ധികത വിപ്ലവമായത് ഫ്രാന്‍സിലായിരുന്നു
    മുല്ലപ്പൂ വസന്തവും നമ്മള്‍ കണ്ടു.
    ഇതിന്റെയെല്ലാം നന്മകള്‍ക്ക് വേണ്ടി ആശിക്കാം നമുക്ക്..

    മറുപടിഇല്ലാതാക്കൂ
  7. @ സങ്കൽ‌പ്പങ്ങൾ -വായനയ്ക്ക് നന്ദി..
    @ khaadu.. -വന്നതിനും കമന്റുന്നതിനുംസന്തോഷം..
    @ Pradeep paima-വായനയ്ക്ക് നന്ദി..
    @ Harinath -വായനയ്ക്ക് നന്ദി..
    ആ കഥ ഓർമ്മിപ്പിച്ചതിനു നന്ദി..പക്ഷെ ചരിത്രങ്ങൾ കണ്ടിട്ടും കേട്ടിട്ടും അറിഞ്ഞിട്ടും വായിച്ചിട്ടും നമ്മുടെ മഹാന്മാരും മഹാരഥന്മാരും വെട്ടിപ്പിടിക്കാനും വാരിയൊതുക്കുവാനും മത്സരിക്കുകയല്ലേ..

    @ നിശാസുരഭി-..ചക്രവർത്തിയെ സ്ഥാനഭ്രഷ്ടരാക്കി പ്രജകൾ അധികാരത്തിലെത്തി ഖജാന ധൂർത്തടിക്കുന്നു വെന്നായിരിക്കണം അന്ന് പ്രജകളുടെ വേവലാതി..എന്നിട്ടും ഖജാനയിൽ ധനം ബാക്കിയായിരുന്നു...പക്ഷെ പ്രജകൾ അധികാരത്തിലെത്തിയപ്പോൾ ചില ചക്രവർത്തിമാർ അധികാരം കൈയ്യടക്കി.. ഖജാന ഭദ്രം എന്നായിരിക്കണം അന്ന് പ്രജകളുടെ ധാരണ.. എന്നാൽ ഖജാന വീതം വെച്ചു തീർത്തു പ്രജകളെ കടക്കാരാക്കി എന്നതാണ് ഇപ്പോഴെത്തെ വേവലാതി....ഇനി പ്രജകൾ എന്ന് ഭരിക്കും?...ഖജാന എന്ന് നിറയും?..ഇനിയും പ്രജകളുടെ ചങ്ക് കുത്തിപ്പിഴിഞ്ഞ് നെയ്യ് എടുക്കുകയാണ്… ഖജാന നിറയുമോ.. പ്രജകൾ ഭരിക്കുമോ?.. ആശ്ചര്യം..ജനാധിപത്യത്തിലും ധൂർത്തന്മാരായ ചക്രവർത്തിമാർ!

    മറുപടിഇല്ലാതാക്കൂ
  8. വെട്ടിപ്പിടിക്കലും വാരിയെടുക്കലും എന്നെങ്കിലും നമ്മുടെ ഭരണകർത്താക്കൾ നിർത്തുമോ?

    നല്ല രചന.
    വീണ്ടും എഴുതുക.

    മറുപടിഇല്ലാതാക്കൂ
  9. വളരെ മനോഹരമായ ഒരു കവിത
    ഉന്നത നിലവാരവും
    പ്രണാമം മാഷേ

    മറുപടിഇല്ലാതാക്കൂ
  10. @ പൊട്ടന്‍-
    വായനയ്ക്കെന്റെ നമസ്ക്കാരം..

    മറുപടിഇല്ലാതാക്കൂ