പേജുകള്‍‌

ഞായറാഴ്‌ച, ഒക്‌ടോബർ 18, 2009

വായനക്കുമുണ്ട്‌ കഥ പറയാൻ!

പത്രം നിവർത്തി വായന തുടങ്ങി. പത്രത്തിൽ കാര്യമായി ഒന്നും ഉണ്ടാകില്ല. എങ്കിലും അതാണു ശീലം!

ബലാൽസംഗം, പിടിച്ചു പറി, അടിപിടി, കത്തിക്കുത്ത്‌, ബോംബേറ്‌, ഗുണ്ടാചരിതം... പതിവു പല്ലവി.... ഒരു തുടർക്കഥ വായിക്കുന്നത്‌ പോലെ വായിക്കാം! മഹാന്മാരായ ഗുണ്ടകൾ പിച്ചവച്ച്‌ നടന്നതു മുതൽ രാജ്യഭാരം കയ്യിലെടുത്ത്‌ അമ്മാനമാടുന്നതു വരെയുള്ള വിവരങ്ങൾ! ടീവി തുറന്നാൽ വാർത്തകാണാം!... ഗുണ്ടകളെ ധർമ്മിഷ്ടരായ അച്ഛ്ന്റെ അതിധർമ്മിഷ്ടരായ മക്കളായി ചിത്രീകരിക്കുന്ന രംഗപാഠങ്ങൾ! അവരുടെ വിഷമങ്ങൾ കാണുമ്പോൾ കരച്ചിൽ വരും.... ഗൾഫിൽ കള്ള്‌ കാച്ചികുറുക്കിവിറ്റ്‌ ജയിലിലായി അറബിയെ പറ്റിച്ച്‌ നാട്ടിലെത്തിയതാണ്‌ എന്ന് ഏതെങ്കിലും ആൾ പറയുമോ?... പോർവ്വിളികൾ!... കുറ്റപ്പെടുത്തലുകൾ ! അവരുടെ അഭിമുഖം കാണാൻ ടീവി തുറന്നിരിക്കണം! ! എല്ലാം അറിയണം, കേൾക്കണം.... പക്ഷെ പറയരുത്‌! അതാണ്‌ നിയമം!! നിയമം അനുസരിക്കണം!! ഇക്കാലത്ത്‌ എങ്കിലേ രക്ഷയുള്ളൂ.!

ഒരു ചായ കിട്ടിയാൽ കൊള്ളാമെന്നുണ്ട്‌! അതിനു ശ്രീമതിയുടെ മുഖം കാണണം! ഒരു കുരുക്ഷേത്ര യുദ്ധം തന്നെ നടത്തണം!... എങ്കിലേ കറുത്ത പൊടിയിട്ട്‌ ചായ എന്നു അവൾ വിളിക്കുന്ന ഒരു സാധനം കിട്ടുകയുള്ളു..

പഞ്ചസാര തരില്ല..! ദുഷ്ടത്തി!...

പ്രമേഹം വരും എന്നാണതിനു പറയുന്ന ന്യായം!.... ഞാൻ പഞ്ചസാര അധികമായി ഉപയോഗിക്കുന്നുണ്ടത്രെ!... ഇത്തിരി പഞ്ചസാര കലക്കികുടിക്കാത്ത ആരാ ഉള്ളത്‌ മാഷെ!... പക്ഷെ എന്റെ വീട്ടിൽ അതാ പ്രശ്നം! കറിയിലും പഞ്ചസാര ഇട്ടു കഴിക്കും എന്നാണ്‌ അവളുടെ പരാതി! ദൈവദോഷം പറയരുത്‌! പറഞ്ഞാൽ പാപം കിട്ടും എന്ന ഒരു വിചാരവും എല്ല!

ചായ ചോദിച്ചാൽ ഒരാഴ്ച മുഖം വീർപ്പിക്കും ശ്രീമതി!!... അതിനുള്ള കാര്യവും അവൾ ഒപ്പിക്കും!!... അടുക്കളയിൽ നിന്നു തിരിയാൻ വയ്യാത്തത്ര പണിയാണത്രെ... അതാ പരാതി... അപ്പുറത്തെ ഗീതയ്ക്ക്‌ ഭർത്താവ്‌ ഹെൽപ്പ്‌ ചെയ്തു കൊടുക്കുമത്രെ!

ഞാൻ മനസ്സിൽ പറയും "ഗീതയ്ക്കാണെങ്കിൽ ഒരു കൈ നോക്കാമായിരുന്നു. ഒരു സഹായം!! നമ്മളും മനുഷ്യരല്ലെ?...സഹായിക്കുന്നത്‌ അത്ര വലിയ പാപമാണോ അതും ഗീതയ്ക്ക്‌ ? "

"വങ്കൻ!...

ഗീതയുടെ കോവാല നെ പോലെ യാണ്‌ ഞാൻ എന്നു കരുതിയോ താൻ !! "ഇതാണ്‌ എന്റെ വായിൽ നിന്ന് പുറത്തേക്ക്‌ തെറിച്ചു വീഴുന്ന വാക്കുകൾ!!

ഇതു പറഞ്ഞാൽ അവൾ ശുണ്ഠിയെടുക്കും...ഞാൻ വായിൽ തോന്നിയത്‌ വിളിച്ചു പറയും! അവളുടെ മുഖം കടന്നൽ കുത്തിയതുപോലെ വീർക്കും... ഞാനും മിണ്ടാതെ നടക്കും!...ചിലപ്പോൾ ഒരാഴ്ചവരെ നിസ്സഹകരണം!... ഭക്ഷണം നൽകുമ്പോൾ പാത്രം തുള്ളിച്ചാടും... ഒരു കോലാഹലം! അതാണ്‌ അവളുടെ സമര രീതി!

പിന്നെ മെല്ലെ ചൊറിയാൻ വരും " നിങ്ങളാരാ സാധനം! എത്രകാലമായി എന്നോടു മുഖം വീർപ്പിച്ചു നടക്കുന്നത്‌?" കുറ്റം വീണ്ടും എന്റെ തലയിലായി! പകരം പറഞ്ഞാൽ പിന്നെ കരച്ചിലായി, പരിഭവമായി... ഞാൻ നിരായുധൻ ! നിഷ്പ്രഭൻ!... മൂക്കു പിഴിഞ്ഞു ചുവക്കുമ്പോൾ ഞാനും തണുക്കും! ' പോട്ടെ സാരമില്ല"...

യുദ്ധവും സമാധാന ഉടമ്പടിയും കഴിഞ്ഞാൽ പിന്നെ കുറച്ചു കാലം കച്ചറയില്ല! ശേഷം തഥൈവ!....

ഒരു പത്രവായനക്കിടക്ക്‌ ചായ ചോദിച്ച്‌ വെറുതെ ഒരു പൊല്ലാപ്പിനു നിൽക്കേണ്ട... അതാണ് കൂടുതൽ സുരക്ഷിതം!

നെഹ്രു പണ്ട്‌ പറഞ്ഞിട്ടുണ്ട്‌... കല്ലിനു മുണ്ട്‌ കഥപറയാൻ എന്ന്.....

ഇതാണ് ഞാനും പറയുന്നത്‌ പത്രവായനക്കുമുണ്ട്‌ കഥപറയാൻ എന്ന്!

പറഞ്ഞപ്പോൾ കാടു കയറി... മനസ്സ്‌ അങ്ങിനെയാണ്... നിൽക്കാൻ പറഞ്ഞാൽ നടക്കും.... നടക്കാൻ പറഞ്ഞാൽ ഓടും... ഓടാൻ പറഞ്ഞാൽ ചാടും!...എനിക്കു വയ്യ!... അതാണു ഞാൻ മനസ്സിനുപുറകെ പോകുന്നത്‌. എന്തിനു വെറുതെ പുലിവാലു പിടിപ്പിക്കണം!... ഒരു കർക്കശക്കാരനായ ഹെഡ്മാസ്റ്ററായി മനസ്സിനെ നിയന്ത്രിക്കണം! അടിച്ചൊതുക്കണം! പക്ഷെ പറ്റുന്നില്ല!

പത്രത്തിൽ വായിച്ചു... ഒരാൾ ആത്മഹത്യ ചെയ്തു... ഭാര്യമാരുടെ വാക്കുകൾ കേട്ടാൽ ആത്മഹത്യയല്ല... തലതല്ലിചാകാൻ തോന്നുംചിലപ്പോൾ!

തൂങ്ങി മരണമാണത്രെ!...അയാൾ സർക്കസ്സു കാരനായിരിക്കണം.. അല്ലെങ്കിൽ അതിനൊട്‌ അഭിനിവേശം പുലർത്തുന്നവനായിരിക്കണം ആ മിടുക്കൻ!... നല്ലവണ്ണം തൂങ്ങിയാടാൻ പരിശീലനം നേടിയ മഹാത്മാവ്‌!
താൾ മറിച്ചു... പല മരണങ്ങൾ!.... തീവണ്ടിക്കു ചാടി മരിച്ചു... അയാൾ അതി സാഹസികനായിരിക്കണം .. മനസ്സിൽ കുറിച്ചു... വിഷം കഴിച്ചു മരിച്ചു. അയാൾ സുഖലോലുപനായിരിക്കണം!... കട്ടിലിൽ നല്ലവിരിപ്പു വിരിച്ചു സുഖ സുഷുപ്തിയിൽ ലയിച്ചവൻ!

താഴെ വീണ്ടും കണ്ടു... പുഴയിൽ ചാടി മരിച്ചു.... പരിസ്ഥിതി ദ്രോഹിയാണ്‌ അയാൾ എന്ന് മനസ്സിലാക്കി... പണ്ടൊരു മാഷ്‌ പറഞ്ഞിട്ടുണ്ട്‌..." പുഴയിൽ വീണു മരിക്കുന്നവൻ ഭാഗ്യവാൻ! ചാകുമ്പോൾ തുള്ളിവെള്ളം പോലും ആരും തന്നില്ല എന്ന പരിഭവം വേണ്ടല്ലോ? ..നല്ലവണ്ണം വെള്ളം കുടിച്ച്‌ ദാഹം തീർത്തിട്ടാണ്‌ മരിക്കുക!"

പക്ഷെ പുഴ മലിനമാക്കിയതിനു ആരു സമാധാനം പറയും?.. എന്റെ മനസ്സ്‌ അങ്ങിനെയാണ്‌... എല്ലാറ്റിനും കുറ്റം കാണും...ചോദ്യം ചോദിക്കും...ചോദിക്കാനും പറയാനും ആരും ഇല്ലല്ലോ എന്ന് ആരും പറയാതിരിക്കാൻ!

പിന്നേയും കണ്ടു ..ഭീകരനായ ചാവേർ സ്വയം പൊട്ടിതെറിച്ച്‌ നിരവധി പേരെ കൊന്നു!.... അതിക്രൂരൻ, മനുഷ്യദ്രോഹി, രാക്ഷസൻ! ... മനസ്സിൽ എന്തെന്നില്ലാത്ത പക ആളിക്കത്തി.!!..

പത്രവായന പലപ്പോഴും മനസ്സിനെ അരക്ഷിതമാക്കാനാണെന്ന് തോന്നിയിട്ടുണ്ട്‌!.. അൽപം സമാധാനം വേണം!... നിർത്തണം ഈ അശടിനെ എന്ന് തോന്നിയിട്ടുണ്ട്‌..പക്ഷെ മദ്യപാനം പോലെ, ചരസ്സ്‌ പോലെ അതിന്‌ അഡിക്ട്‌ ആയിപ്പോയി... നിർത്തണമെങ്കിൽ കുറച്ച്‌ പ്രയത്നിക്കണം... അതിനു വയ്യ!

ജീവിതത്തോട്‌ മല്ലിടിച്ച്‌ പരാജയപ്പെട്ടുവെ ന്ന് കരുതി നഷ്ടബോധത്താൽ ആശ്വാസം തേടിപ്പോയവരൊക്കെ പ്രതിക്കൂട്ടിലായി.....നിരാശയല്ല .. പ്രതികാരമാണ്‌ ആത്മഹത്യ.....ഒന്നും ചെയ്യാൻ കഴിയാത്തപ്പോൾ വിജയിക്കുവാൻ വേണ്ടിചെയ്യുന്ന വിഡ്ഢിത്തം നിറഞ്ഞ ആത്മനിർവൃതി!......അവർക്ക്‌ സ്വർഗ്ഗവും നരകവും നിഷേധിക്കപ്പെട്ടു... എവിടെയെങ്കിലും ഇത്തിരി സ്ഥലം കൊടുത്തേക്കാം എന്നു കരുതി അവരെ തെമ്മാടിക്കുഴിയിലൊതുക്കി സഭ സ്വന്തം തടി രക്ഷിച്ചു...!!.. വിശാല മനസ്കത!

........പെമ്പെറന്നോത്തി ചോദിക്കാതെ തന്നെ ചായയുമായി എത്തി !... എന്തോ വലിയ കാര്യം ചെയ്ത ഗൗരവം!.. ഒരഹംഭാവം!!.

.... ഇനി ചായ വേണമെന്നില്ല.. ചോറു കഴിക്കാനുള്ള നേരമാകാറായി എന്നു പറയണം എന്നു തോന്നി... പക്ഷെ സമാധാന മോഹിയായ ഞാൻ വാക്കുകൾ വിഴുങ്ങി.... യുദ്ധം!!! അതൊഴിവാക്കണമല്ലോ??

2 അഭിപ്രായങ്ങൾ:

  1. വായിച്ചിരുന്നു എന്ന് പറയാതെ പോകാന്‍ കഴിയാത്തത്കൊണ്ട് ഈ അടയാളപ്പെടുത്തല്‍..

    മറുപടിഇല്ലാതാക്കൂ
  2. പ്രീയപ്പെട്ട K.P.S.സാർ,

    താങ്കൾ സത്യസന്ധമായ അഭിപ്രായം പറഞ്ഞു.... നന്ദി..ഒരുപാട്‌ എഴുതുന്ന...ഒരുപാട്‌ ആരാധകരുള്ള താങ്കൾ .അത്രയെങ്കിലും എഴുതിയതിന്‌..എന്റെ വിഡ്ഡിത്തം വായിക്കാൻ ചിലവഴിച്ചതിനു ...നന്ദി.... പക്ഷെ....വായിക്കുകകൂടിചെയ്യാതെ ഗതികിട്ടാ പ്രേതമായി നടക്കുന്ന ഭൂലോകത്ത്‌ എത്തിപ്പെടുമെന്ന എന്റെ ഭയപ്പെടലുകൾ താങ്കളുടെ കമന്റോടെ അവസാനിച്ചു

    മറുപടിഇല്ലാതാക്കൂ