പേജുകള്‍‌

തിങ്കളാഴ്‌ച, ഏപ്രിൽ 09, 2012

മാറ്റങ്ങൾ…

ഞാൻ കണ്ടതാണ്…
അന്ന് ഒട്ടിയ വയറായിരുന്നു ആഭരണം,
ഒടിഞ്ഞു കുത്തി, കുനിഞ്ഞ ശിരസ്സ്,
ദൈന്യതയുടെ കഥ മെനഞ്ഞു,
എന്നിട്ടുമവൻ മനോഹരമായി പുഞ്ചിരിച്ചിരുന്നു..
പാവം.!..നന്ദിയെന്തെന്ന് കാട്ടിയിരുന്നു..

ഇന്നലെ നടുവ് പിറകോട്ട് വളച്ചിരിക്കുന്നു..
സമ്പന്നതയുടെ കുംഭയാണപ്പോൾ
ചിരിക്കുന്നതും കഥ മെനയുന്നതും
എന്നോട് സംവദിക്കുന്നതും
പുഞ്ചിരിയെ കാർമേഘം മറച്ചിരുന്നു…
ദുഷ്ടൻ..! അവൻ നന്ദിയെ മറന്നിരിക്കുന്നു..

അതറിയാതെ ഞാൻ തേടിയ പഴയ സൌഹൃദം!
പണത്തിന്റെ കസേരയിൽ നിന്നും,
അസൂയയുടെ കുതിരപ്പുറത്തേറി,
പരിഹാസത്തിന്റെ അതിവേഗതയോടെ.
അവൻ വന്നു,
ഓച്ഛാനിച്ചു ഒതുങ്ങി നിന്നോരെന്നെ
ഹായ് എന്നൊരാംഗ്യം കാട്ടി,
അടുത്തു വിളിച്ചു വിളമ്പാൻ തുടങ്ങിയത്,
കുടുംബ മഹിമയുടെ ഡംഭ്! 

ഒന്നും അവനോട് ആവശ്യപ്പെട്ടില്ലെങ്കിലുംസംശയമാവാം,
അവൻ വലിച്ചെറിഞ്ഞു,

വെറുതെ പൊടിച്ചു കളയുന്ന
ലക്ഷത്തിന്റെ കണക്കുകൾ!
കൈനീട്ടുന്നവരോടുള്ള നീരസം!

പണം കണ്ടു മടുത്ത മഞ്ഞളിച്ച കണ്ണുകൾ!
പുച്ഛത്തിന്റെ രസം വിളമ്പുന്ന നാവുകൾ!
സ്നേഹം പുതുക്കാനാണു വന്നതെന്നറിയാതെ,
പണത്തിനാവും എന്നോർത്ത്
വിമ്മിഷ്ടപ്പെടുന്നോരവന്റെ വാമഭാഗം,
കണ്ണിറുക്കിയും, കണ്ണടച്ചും
അവനോടെന്റെ വരവിനെ ചോദ്യം ചെയ്യുന്നു..
ചുണ്ടടക്കിയോരെൻ ചിരിയും
അന്ധനാമെൻ കണ്ണും!
എന്തൊക്കെയെനിക്കു പറഞ്ഞു തന്നു..?

ക്ഷമയുടെ നെല്ലിപ്പലക കണ്ട് തിരിച്ചു വരുമ്പോൾ
അവൻ പറഞ്ഞു
"ആരുടെ സഹായവും എനിക്കു വേണ്ട
നോക്കൂ ഞാനെത്രെ മാന്യനാണ്!"

കൈ കൊടുത്ത് അഭിനന്ദിച്ചു ഞാൻ മൊഴിഞ്ഞു!
“അതെ, അതെനിക്കറിയാം!“"

ഇന്ന് രോഗം വന്ന് ചികിത്സയിലായപ്പോൾ
പണം കാണുമ്പോൾ തുറക്കുന്ന കണ്ണുകൾ!
നന്ദി ചൊല്ലുമ്പോൾ വിറക്കുന്ന ചുണ്ടുകൾ!

അവൻ ഓർത്തോർത്ത് പറയുന്നുണ്ടായിരുന്നു
പഴയ ദാരിദ്ര്യ കഥ!
ലക്ഷത്തിന്റെ കണക്കുകൾ കണ്ട്,
അകന്ന ബന്ധുക്കൾ!
“ഇപ്പോഴവനു കൈനീട്ടാൻ മടിയില്ലത്രെ!“
പാവം..! അവൻ എത്രമധുരമായി പുഞ്ചിരിക്കുന്നു
ശീലം..! അതല്ലേ എല്ലാം!
പരിഹാസമെന്നത് ഇന്നോളം അവനറിവില്ലത്രെ!

മറവി.. അതുമല്ലേ എല്ലാം!
മനുഷ്യനെ മനുഷ്യനാക്കുന്ന പ്രകൃതിയുടെ വികൃതി!

18 അഭിപ്രായങ്ങൾ:

  1. കവിത പുണ്യവാളനു ഇഷ്ടമായി , മനുഷ്യന്റെ മാസന് അവസ്ഥകള്‍ ഇങ്ങനെ ഒക്കെയാണ് പണം ഏവരെയും ഭ്രമിപ്പിച്ചു പല വേഷങ്ങളും കോലങ്ങളും കെട്ടിക്കും അതിനു അന്നോരോ ന്യായങ്ങളും പറയിപ്പിക്കും .....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. @ പുണ്യവാളന്‍-വായനക്കും അഭിപ്രായത്തിനും നന്ദി

      ഇല്ലാതാക്കൂ
  2. നന്നായിരിക്കുന്നു രചന.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വായനക്കും അഭിപ്രായത്തിനും നന്ദി തങ്കപ്പേട്ടാ..

      ഇല്ലാതാക്കൂ
  3. സമ്പന്നരുടെ ധൂർത്തിനെയും അഹങ്കാരത്തെയും മനസാസ്വീകരിക്കുന്ന ദരിദ്രർ ഒരിക്കൽ സമ്പന്നരാകുമ്പോൾ ഇങ്ങനെ സംഭവിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വായനക്കും കമന്റിനും നന്ദി ഹരിനാഥ്.. അതെ .. താങ്കൾ പറഞ്ഞത് യാഥാർത്ഥ്യമാണ്‌..

      ഇല്ലാതാക്കൂ
  4. അവസ്ഥാന്തരങ്ങള്‍.ജീവിത യാഥാര്‍ത്ഥ്യം മനസ്സിലാക്കാത്തവന് സംഭവിക്കുന്ന വ്യതിചലനങ്ങള്‍.ഇന്നിന്റെ നേര്‍ക്കാഴ്ചകള്‍,അല്ല ഇന്നലെയുടെയും.നന്നായി വരച്ചുകാട്ടി ആകര്‍ഷകമായ ഭാഷയില്‍.അഭിനന്ദനങ്ങള്‍ !

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മാഷുടെ വായനക്ക് എന്റെ നന്ദി അറിയിക്കുന്നു..താങ്കൾ എന്റെ ബ്ളോഗ് ശ്രദ്ധിക്കുന്നുവെന്നറിഞ്ഞതിൽ ഒരു പാട് സന്തോഷമുണ്ട്...ജീവിതയാഥാർത്ഥ്യം പലരും മനസ്സിലാക്കുന്നില്ല.. നിമിഷങ്ങൾ പോലും നമ്മുടെ ചൊല്പടിയിലല്ല എന്നറിഞ്ഞിട്ടും പലരും വെറുതെ അഹങ്കരിക്കുന്നു...

      സ്നേഹപൂർവ്വം

      ഇല്ലാതാക്കൂ
  5. കവിത ഇഷ്ടമായി......

    പറഞ്ഞതത്രയും സത്യം..

    മറുപടിഇല്ലാതാക്കൂ
  6. മറുപടികൾ
    1. @ K@nn(())raan* - അതെ… പണത്തിൽ കുരുങ്ങുമ്പോൾ മറന്നു പോകുന്ന സൌഹൃദങ്ങൾ..

      വായനക്കും കമന്റിനും നന്ദി

      ഇല്ലാതാക്കൂ
  7. സ്നേഹം പുതുക്കാനാണു വന്നതെന്നറിയാതെ,
    പണത്തിനാവും എന്നോർത്ത്
    വിമ്മിഷ്ടപ്പെടുന്നോരവന്റെ വാമഭാഗം,
    കണ്ണിറുക്കിയും, കണ്ണടച്ചും
    അവനോടെന്റെ വരവിനെ ചോദ്യം ചെയ്യുന്നു..
    ചുണ്ടടക്കിയോരെൻ ചിരിയും
    അന്ധനാമെൻ കണ്ണും!
    എന്തൊക്കെയെനിക്കു പറഞ്ഞു തന്നു..?

    നന്നായിട്ടുണ്ട് ട്ടോ. നല്ല ഉറപ്പുള്ള കരുത്തോടെ വരികൾ. വിഷുദിനാശംസകൾ.

    മറുപടിഇല്ലാതാക്കൂ