പേജുകള്‍‌

ഞായറാഴ്‌ച, സെപ്റ്റംബർ 30, 2012

ഓർമ്മ!

കൈയ്യിലിരുന്ന
കാലണയും നഷ്ടപ്പട്ട്,
പരവേശത്തോടെ നിന്ന്,
ഭർത്താവിന്റെ,
അച്ഛന്റെ,
കാമുകന്റെ,
കൂട്ടുകാരന്റെ,
ഗുണവാന്റെ,
നിർഗുണന്റെ,
മുഖം മൂടി അഴിച്ചു,
ലോകത്തോട്
ഞാൻ വിളിച്ചു ചോദിച്ചു
“ഓർമ്മയുണ്ടോ ഈ മുഖം?”

അറിയില്ലെന്ന് ഒരേ സ്വരത്തിൽ
വിളിച്ചു പറയുമ്പോൾ
ഒരു മുഖത്തു മാത്രം കിനിയുന്ന കണ്ണീർ !

അരികിൽ ഓടിയെത്തി
പിന്നെയെൻ മൂർദ്ധാവിൽ ചുംബിച്ച്
എന്നെ മാറോടണച്ച് ഇടറുന്ന സ്വരം.!

“നിനക്കോർമ്മ വെക്കുന്നതിനും മുന്നെ
നിന്നേക്കാൾ എനിക്കോർമ്മയുണ്ട്,
നീ രൂപം പൂണ്ടതു മുതൽ
നീ അനങ്ങിയതു പോലും!

എന്റെ ഗർഭ ഗൃഹത്തിൽ നീ പിച്ച വെച്ച പാട്,
നിന്റെ അമരത്വത്തിനായ് അന്നും
ഇന്നും ചുരത്തിയ അമൃതം,
നിന്റെ അശുദ്ധികൾ
ഊണിനിടയിലും
അറപ്പില്ലാതെ കോരിയ ഈ കൈകൾ,

നിന്റെ സുഖ നിദ്രയ്ക്കായ്
എന്റെ നിദ്രയെ വലിച്ചെറിഞ്ഞ കാലങ്ങൾ,
നിന്റെ നന്മയ്ക്കായ്,
ഞാനുരുകിയ വർഷങ്ങൾ!
നിൻ മുഖം ഏതു മുഖം മൂടി ധരിച്ചാലും
ഏതു മുഖം മൂടി അഴിച്ചാലും
നിൻ കാലനക്കം മതി
സ്വരം മതി തിരിച്ചറിയാൻ!

ഇനി പറയുക,
നീറുമ്പോൾ നീയെന്നെ മറന്നതെന്ത്?”
പകരം നൽകാൻ ഒന്നുമില്ലാത്ത ഞാൻ
ഹൃദയമുരുകി,
കൺകളിൽ ഗംഗയൊഴുക്കി,
കാൽ തൊട്ടു വണങ്ങുമ്പോൾ
വീണ്ടും എന്നെത്തേയും പോലെ
ഉയരങ്ങളിലേക്ക് പിടിച്ചുയർത്തി,
മൂർദ്ധാവിൽ ചുംബിച്ച്..
അനുഗ്രഹിച്ച്, അനുഗ്രഹിച്ച്….!

അപ്പോഴും എവിടെയോ ഒരു അമ്മ,
വരില്ലെന്നറിഞ്ഞിട്ടും
നീരൊഴുക്കി മകനെ തിരയുന്നുണ്ടായിരുന്നു.
വെറുതെ ഒരു നോക്ക് കാണാൻ,
പിന്നെ വാത്സല്യത്തിന്റെ അമൃതം ചുരത്താൻ!

2 അഭിപ്രായങ്ങൾ:

  1. "ഓര്‍മ്മ" ഇവിടംമുതല്‍ "മാധവധ്വനി"കിട്ടാറില്ല.കാണാറുമില്ല.
    ബ്ലോഗെഴുത്ത് കുറച്ചൊ എന്നാലോചിച്ചിരിക്കുമ്പോഴാണ്
    ആവിചാരിതമായി ഇന്ന് (26-2-2013)പ്രത്യക്ഷപ്പെട്ടത്.
    സന്തോഷമായി.
    ഹൃദയസ്പര്‍ശിയായ വരികള്‍
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. @ Cv Thankappan- തങ്കപ്പേട്ടാ… എന്റെ കുത്തിക്കുറിക്കൽ അല്ലെങ്കിൽ ജല്പനങ്ങൾ സ്നേഹത്തോടെ ശ്രദ്ധിക്കുന്നതിൽ എന്റെ ഹൃദയംഗമമായ നന്ദി..
    താങ്കളുടെ വായനയിൽ എന്നെ ഉൾപ്പെടുത്തുന്നതിൽ വളരെ സന്തോഷമുണ്ട്..ഇടയ്ക്ക് നാട്ടിൽ പോയിരുന്നു..

    മറുപടിഇല്ലാതാക്കൂ