പേജുകള്‍‌

തിങ്കളാഴ്‌ച, മാർച്ച് 20, 2017

മതേതരത്വം

തിന്നും കുടിച്ചും കൊഴുത്തും മദിച്ചും നടന്ന്,
 കരിസ്മാറ്റിക് ധ്യാനം,
സിസ്റ്റമാറ്റിക്കായി നടത്തിയിട്ടും     
അനാഥാലയങ്ങൾക്ക്,
അനാഥരാരാക്കിയിട്ട്
കുഞ്ഞുങ്ങളെ നൽകിയിട്ടും,
കണ്ണൊന്നടച്ചു തുറക്കും നേരം,
ധ്യാനഗുരുവിനൊരു പീഢനത്തിനു കൂടി
കർത്താവ് മാർക്കിട്ടു നൂറിൽ നൂറ്
പിടഞ്ഞു പിടഞ്ഞുവീണ,
ളോഹയ്ക്കുള്ളിലെ ലോല ഹൃദയം.
പിന്നെയൊരു ഒരു നിലവിളി..
കർത്താവേ നീയ്യും.!
കർത്താവ് കയ്യൊഴിഞ്ഞാൽ സാത്താൻ..
സർവ്വതിലും വിടുതൽ പ്രാപിപ്പാൻ.
സർവ്വ പാപങ്ങളേയും പൊറുത്തു രക്ഷിപ്പാൻ
രക്ഷകനായുള്ളവൻ വക്കീലിനെ ധ്യാനിച്ചു
കാണിക്കയിട്ടിട്ടൊരു ഒരു കുമ്പസാരം..

======
പൂജിച്ചു പൂജിച്ചു പൂജ കഴിഞ്ഞു നടയടച്ചു,
പടിയടച്ചു പുറത്തെത്തുന്നേരമൊരു ചിലമ്പൊലി,
കാക്കിയിട്ട പൂജാരികൾക്ക്,
പൂജാരിക്ക് പൂജ ചെയ്യാനൊരു തിടുക്കം.
എട്ടും പൊട്ടും തിരിയാത്ത
കുഞ്ഞു പെണ്ണൊരുത്തിക്ക്
പൂജാരീ പ്രസാദമായി,
വയറിലൊരു ദുർമേദസ്സ്..
ഉറഞ്ഞുറഞ്ഞു തുള്ളി
നരസിംഹത്തെ പോലെ
ചീറിയടുക്കുന്ന ഭക്തജനം.
അകത്തുമല്ല പുറത്തുമല്ല
പടിയിൽ നിന്ന് വിറച്ചു,
ഉടലു കീറി കുടലെടുക്കുന്ന പരവേശം പൂജാരിക്ക്..
====
ഉസ്താദ് പിന്നേയും
മൂടി വെക്കേണ്ടവ മൂടി
വെക്കേണ്ടതിനെ കുറിച്ചൊരു ക്ലാസ്സ്,
വിസ്തരിച്ചു തന്നെ
അബദ്ധത്തിൽ,
മൂടി വെക്കേണ്ടവ,
തുറന്നു നോക്കിയതിനാലാവാം
പാവം കുഞ്ഞുങ്ങൾക്ക് വയറു ദീനം..
പഠിപ്പിച്ചതൊക്കെ പഠിച്ചു,
ചൂട്ട് വെളിച്ചത്തിൽ നാടും നാട്ടാരും,
കുറുവടിയും ചൂരലുമായി,
ഉസ്താദിനെ തേടിയൊരു യാത്ര,
വെള്ള പുതപ്പു കൊണ്ടൊന്നുസ്താദിനെ,
ആപാദ ചൂഢം മൂടാൻ..
..
ഉസ്താദായി, പൂജാരിയായി, വികാരിയായി
 മതേതരത്വമായി,
ഹിന്ദുവായി, മുസ്ലീമായി, ക്രിസ്ത്യാനിയായി,
നാട്ടുകാരായി, പോലീസായി,
സംരക്ഷിക്കാൻ വക്കീലായി,.
നൂറിൽ നൂറ് സാക്ഷരരുമായി,
പക്ഷെ ഇല്ലാത്തത് പണ്ടെങ്ങൊ
ജീവിച്ചിരുന്നു ചത്തു പോയതായി
വിശ്വസിക്കപ്പെടേണ്ട മനുഷ്യത്ത്വം,
പിന്നെയൊരു വിവേകം.
അതിനൊരു സ്മാരകം
 പണിഞ്ഞിട്ടിനി പൂജിച്ചു
പ്രാർത്ഥിക്കണം വരും തലമുറയ്ക്കായി.
മനുഷ്യത്വമെന്നത് ഇല്ലാത്ത പുളുവെന്ന്

പുതു തലമുറ പറഞ്ഞു പുച്ഛിക്കും മുന്നെ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ