പേജുകള്‍‌

ശനിയാഴ്‌ച, ഫെബ്രുവരി 13, 2016

സിക്സ്ത് സ്റ്റാർ & ടെന്ത് സ്റ്റാർ റെസ്റ്റോറന്റ് പിന്നെ നോം..

എന്റെ സത്യം, അവരുടെ പരീക്ഷണം, നിങ്ങളുടെ നിരീക്ഷണം ( അമ്പത്തി നാലാം സർഗ്ഗം)
=====================================================================
കമ്പ്യൂട്ടർ പഠിച്ചിട്ട് വേണം, ജോലി കിട്ടീട്ട് വേണം ഒന്ന് നേരെ നിൽക്കാൻ എന്നൊക്കെ നെനച്ചിരുന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന, (അതോ കോടികളോ… അറില.. അതെന്തായാലും) നമ്മുടെ പ്രാപിതാമഹന്റെ സ്വന്തം ട്രൈയിനിൽ കയറി നമ്മുടെ പൊതു സ്വത്തായ കണ്ണൂർ റെയിൽ വെ സ്റ്റേഷനിൽ ഇറങ്ങി… നമ്മുടെ മറ്റൊരു സ്വന്തം ട്രെയിൻ അവിടെ റെസ്റ്റിനിട്ടിട്ടുണ്ട് … വരാം ട്ടോ എന്ന് അതിനെ പറഞ്ഞു മനസ്സിലാക്കി…മനസ്സിലാവ്വോ എന്തോ?.. ചിലർ വേറൊരു ട്രൈയിൽ പോകുമ്പോ… റ്റാറ്റ പറഞ്ഞ് ബന്ധുക്കളെ യാത്രയാക്കുന്നു.. നമുക്കും എല്ലാവരോടും റ്റാറ്റ പറേണം ന്ന് ണ്ട് ആർക്കും ഒരൂ വെഷമോം വരുത്തരുത് ന്ന്ണ്ട്.. പക്ഷെ ആളോള് എന്തെങ്കിലും വിചാരിക്കില്ലേ ഇവനു ട്രൈയിൻ നിറച്ചും ബന്ധുക്കളോ?…..ഉച്ചയ്ക്ക് ഇവിടെ വരേണ്ടതാണ് പിന്നേം റ്റാറ്റ പറയേണ്ടി വരില്ലേ .. അപ്പോൾ ഏതെങ്കിലും വാ നോക്കികൾ അവിടെ ജോലിക്ക് അന്ന് ചാർജ്ജെടുത്തിട്ടുണ്ടെങ്കിൽ അവർ കരുതും ലോകം നെറച്ചും ഇവനു ബന്ധുക്കളാണല്ലോ? .. നിർത്തിയിട്ടിരിക്കുന്ന ട്രൈയിനിൽ കയറി വേണം മാതാശ്രീ പൊതിഞ്ഞു കെട്ടി തരുന്ന ഉച്ചയ്ക്കുള്ള അമൃതേത്ത് കഴിക്കാൻ.. നമുക്കായി പ്രാപിതാമഹരു ഒരുക്കിത്തന്ന സിക്സ്ത് സ്റ്റാർ ട്രൈയിൻ റെസ്റ്റോറാണ്ട്.. റെയിൽ വേ ജീവനക്കാർക്ക് അത് ബോഗികൾ മാത്രമാണ് അവർ ചിലപ്പോൾ ഇടയ്ക്ക് അടച്ചിട്ട് പോകും നമ്മൾ തുറക്കും..നമ്മുടെ റെസ്റ്റാറണ്ട് നമ്മളല്ലാതെ ആരു തുറക്കാൻ… നാലുമണിക്ക് വരുന്ന ട്രൈയിനിലാണ് മടക്കം അതുവരെ അവിടെ താഴെ നിരത്തിയിട്ടിരിക്കുന്ന സപ്രമഞ്ചക്കട്ടിലിൽ കിടന്ന് റെസ്റ്റ് എടുക്കണം ന്ന് മോഹംണ്ട്.. പക്ഷെ മഹാപാപികളായ യാത്രയ്ക്കാർ വന്ന് ഇരിക്കും അതിൽ.. പിതാമഹരുടെ റെസ്റ്റാറന്റിൽ കയറാൻ ആരുടെ സമ്മതം വേണം?.. നോം അതിൽ കയറും.. ആ റെസ്റ്റോറന്റ് വല്ല വിധേനയും അവിടെ നിന്ന് മറ്റെവിടത്തെക്കെങ്കിലും കൊണ്ട് പോയെങ്കിൽ പിന്നെ നമുക്ക് പിന്നെ ടെൻ ത് സ്റ്റാർ ഹോട്ടലുണ്ട്.. അങ്കവും കാണാം താളിയുമൊടിക്കാം ഭക്ഷണവും കൊറിക്കാം എന്ന നെലേൽ കെട്ടി പൊക്കിയ കണ്ണൂർ റെയിൽ വേ സ്റ്റേഷന്റെ സ്വന്തം ബെഞ്ച്.. തൂണിനു ചുറ്റും കെട്ടിപൊക്കിയത്..
അതിലിരിക്കുമ്പോൾ ലലനാമണികൾ കുണുങ്ങി നടക്കുന്നത് കാണാം.. കെട്ടും മേലാപ്പും തലേൽ വെച്ച അവരുടെ കെട്ടിയോന്മാരുടേ പ്രങ്ങ്യാസം കാണാം ഒപ്പം കുട്ടിക്ക് അവർ മുലയൂട്ടണോ അതോ കെട്ടിയോൾ തന്നെ വെഷമിച്ച് മുലയൂട്ടുമോ എന്ന് ശങ്കിച്ച് ജീവിതം തന്നെ കടലിൽ താഴ്ത്തപ്പെട്ടവർ.. ആ കെട്ടിയോന്മാരുടെ കഷ്ടപ്പാടുകൾ കാണുമ്പോ സഹിക്കണില്ല… വല്ലാത്ത സങ്കടം വന്ന് കെട്ടിയോനെന്ന് പറഞ്ഞ് നടക്കുന്ന അവനെ വെടി വെച്ച് കൊന്നിട്ട് പാവം ആത്മഹത്യ ചെയ്തേ എന്ന് നെലോളിക്കണം ന്ന് തോന്നും.. പിന്നെ അവരുടെ കുട്ടികളുടെ തോന്ന്യാസം കാണാം… ഭർത്താവേതാണ്, ഭാര്യ ഏതാണെന്ന് മനസ്സിലാവാതെ നടക്കുന്ന ആണും പെണ്ണും നടക്കണ നടത്തം കാണാം…അറിയണമെന്ന് ആഗ്രഹമുണ്ടെങ്കിൽ അവരോടെന്നെ ചോദിക്കേണ്ടി വരും “മാഹാനുഭാവാ നിങ്ങളിൽ ആരാണ് ഭർത്താവ് അഥവാ ആരാണ് ഭാര്യാ.. വിഭോ?”
ട്രൈയിൻ കിട്ടാനായി ജീവൻ പണയം വെച്ച് ഓടുന്നവർ, ജീവൻ കിട്ടാനായി പിന്നെ കിതയ്ക്കുന്നവർ, ചായ് വട കാപ്പിക്കാരുടെ അമ്മായി അമ്മമാർ മരുമക്കളെ തീറ്റിക്കുന്നതു പോലെ ജനങ്ങളെ തീറ്റിക്കാനുള്ള പൊറപ്പാടുകൾ, ഹലുവക്കാരുടെ ഹലുവ കച്ചോടം.. ബെർത്തിലുറങ്ങി സ്റ്റേഷനെത്തുമ്പോൾ ഇറങ്ങിയ പ്രേതാത്മാക്കളുടെ ഭൂമിയിലല്ലാത്ത നടത്തം, മലാഖമാരായ കുഞ്ഞു പെമ്പിള്ളാരുടെ കാമദേവൻ അമ്പയച്ചാൽ കൊള്ളാൻ തയ്യാറായി നടക്കുന്ന കുണുക്കവും ചിരിയും ഒക്കെ കാണാം.. അതെ അവാർഡ് കിട്ടാൻ അർഹതയുണ്ടായിട്ടും കിട്ടാത്ത ഒരു പാട് പാവം മനുഷ്യരുടെ ഒരുപാട് അഭിനയങ്ങൾ…മറ്റൊരു സീരിയൽ എന്തിന്…. ട്രൈയിനിലാണെങ്കിലോ നിൽക്കാൻ തന്നെ ഇടമില്ല വല്ലവരുടേയും കാലിൽ ചവുട്ടിയാ നമ്മൾ നിൽക്കുന്നത് ഒരു തരം സർക്കസ്സ്… ചെലപ്പോ ചെല പെൺകിടാങ്ങൾ നെറച്ചും ഉണ്ടാവും അപ്പോ നമുക്ക് നീല വാന ചോലയിൽ നീന്തിടുന്ന ചന്ദ്രികേ…. എന്നൊക്കെ പാടാൻ തോന്നും.. പക്ഷെ യാത്രക്കാർ സമ്മതിക്കില്ലല്ലോ… അവർക്കെന്ത് ചന്ദ്രിക…. അവർക്ക് കൈത്തരിപ്പ് തീർക്കാനും എക്സർസൈസിനും ഒരു സ്ഥലം നോക്കി നടക്കുമ്പോ കിട്ടീ ഭാഗ്യായി എന്ന് കരുതും അപ്പോ മിണ്ടാതിരിക്ക്യാ ഭേദം.. ആടിനും ജീവിക്ക്യാൻ അവകാശമുണ്ടെന്ന് നിരീക്കുന്ന നമുക്ക് ആട് സ്വയം അന്തരിക്കാതെ വാടാ ചെറുക്കാ, സൂപ്പ് ഫ്രീ ആയി കുടിച്ചിട്ട് പോയ്ക്കോടാ എന്ന് പറഞ്ഞ് തരില്ലല്ലോ?.. അഥവാ ആട് ചത്താലും ഭംഗിയായി അതിനെ പൊതപ്പിച്ചു കിടത്തി സ്മാരകം പണിയണമെന്ന് ആഗ്രഹിക്കുന്ന നമുക്ക് ആട്ടിൻ പാലല്ലേ പറ്റൂ… സൂപ്പിന്റെ ഗൊണം അതിനുണ്ടാവോ…അപ്പോ അതൊന്നും വേണ്ട..!
അങ്ങിനെയിരിക്കെ ഒരീസം കൊറച്ച് ദൈവത്തെ കുപ്പീലിട്ട് പോക്കറ്റിലടക്കം ചെയ്ത മഹാപ്രതിഭാധനന്മാർ ട്രൈയിനിൽ കയറി..നാണവും മാനവും കെട്ടാലും ദൈവത്തെ ഇടയ്ക്കിടയ്ക്ക് കുപ്പീൽ നിന്ന് ചാടി പോകാതെ മന്ത്രം ചെയ്ത് അടക്കുന്നവർ… അവരെ ഈ ലോകത്തില് ജനിപ്പിച്ചില്ല്യാച്ചാൽ ദൈവം ഉറ്റ ബന്ധുക്കളില്ല്യാലോ എന്നോർത്ത് വല്ലാതെ വെഷമിച്ചു പോയേനേ… അവർ ദൈവ പ്രസാദത്തിനു കൊപ്പു കൂട്ടി.. കൈകൊട്ടൽ ആരംഭിച്ചു… അല്ലേലൂയാ.. അല്ലേലൂയാ.. പാടി സ്തുതിപ്പിൻ..പാടി സ്തുതിപ്പിൻ… കേട്ട് കേട്ട് ക്ഷീണം കൊണ്ട് കെടന്നുറങ്ങുകയായിരുന്ന ഒരു യാത്രക്കാരൻ അലറി.. നെർത്തടോ നെന്റെ വാദ്യോം ഘോഷോം.. രണ്ടീസയിട്ട് ഒറങ്ങീട്ടില്ല്യ.. ഒന്നു കണ്ണടയ്ക്കാമെന്ന് നെനച്ചിരിക്കുമ്പോഴാ നെന്റെ ഒച്ചേം ബഹളോം… ദൈവത്തെ പ്രസാദിപ്പിക്കാൻ നെനക്ക് വീടും കുടീം ഇല്ലേടാ… അവിടെ പോയി നെലോളിക്കടോ.. മനുഷ്യരെ മെനക്കെടുത്താൻ ” .. ദൈവ നിഷേധികളായ യാത്രക്കാർ അയാൾക്കൊപ്പം കൂടീ. അതോടേ ആ മന്ത്രവാദികൾ അടങ്ങി..ദൈവം കുപ്പീൽ ചുരുണ്ടുറങ്ങി.. കിട്ടേണ്ടത് കിട്ട്യാൽ പിന്നെ മന്ത്രം ഇണ്ടാവില്ല തന്ത്രോം ഇണ്ടാവില്ല്യ.. ആ ദൈവ പ്രസാദകർ പരസ്പരം പറഞ്ഞു നോം പിഴച്ചു നമുക്ക് പിഴച്ചു.. ഇണപിരിയാത്ത സഹോദരജന്മങ്ങൾ പിന്നെ സ്വന്തം ദൈവമക്കളെ തേടി അടുത്ത ബോഗി നോക്കി പോയി.. പാന്റും കോട്ടും ഇട്ട് നടക്ക്വാ പൊസ്തകോം കക്ഷത്തിൽ വെച്ച് നാണോം മാനോം ഇല്യാതെ കണ്ടോരെ പറ്റിച്ച് തിന്ന്വാ…..സ്വന്തം മാറാ രോഗം പോയില്ലേങ്കിലും ശരി ദൈവത്തെ കൈവെള്ളയിൽ വരുത്തി മറ്റുള്ളോരുടെ രോഗം ഭേദാക്ക്വാ അതിനു ഭിക്ഷകൾ സമ്മാനം വാങ്ങ്വാ … അവരേം പറ്റിച്ച് മൂത്ത മനോരോഗികളാക്കി കൂടെ കൂട്ടി നടത്വാ..എന്നിവ ജീവിതവ്രതമാക്കിയ മൂത്ത മനോ രോഗികൾ.. അല്ലെങ്കിൽ അതി സമർത്ഥർ.. ...
മന്ത്രവാദത്താൽ നെലോളിച്ച് ദൈവത്തെ അടക്ക്വ… വളരുക, പിളരുക. പിന്നേം വളരുക, പിന്നേം പിളരുക എന്നിട്ട് സ്വന്തം സഭ കെട്ടിയുണ്ടാക്കി അതിലെ ബിസിനസ്സായി അങ്ങനെ സൊഖായി ജീവിക്ക്വ… എന്നീ മന്ത്ര തന്ത്രങ്ങൾ കൊണ്ട് ജീവിക്കുന്ന പരാദ ജീവികൾക്ക് പിന്നെ മറ്റെന്താ പണി.. ഇതെന്നെ അവർക്ക് പണി.. കൈ താത്ത് മറ്റൊരു പണിം ചെയ്ത് അവർക്ക് ശീലമില്ലല്ലോ?.. അവർ എവിടെയുണ്ടോ അവിടെയൊക്കെ സാത്താനും ദൈവവും തമ്മിൽ യൊദ്ധമല്ല്യോ യോദ്ധം.. അല്ലാത്തിടത്തൊക്കെ സാത്താനും ദൈവത്തിനും ഒരൂ പ്രശ്നോമില്ല.. അപ്പോ ഇവരാണോ പ്രശ്നക്കാർ എന്ന് തോന്നിപ്പോകേം ചെയ്യും.. അവരുടെ സിദ്ധാന്ത പ്രകാരം സാത്താൻ ആവേശിച്ച ബോഗിയാകും അത്.. അപ്പോൾ ഒപ്പം പാടി സാത്താനെ ഓടിക്ക്യല്ലേ വേണ്ടത്.. സാത്താൻ ആവേശിച്ച മനുഷ്യന്മാർ ഒക്കെ ദൈവമന്ത്രവാദികളെ ഓടിക്കുന്നു.. മിണ്ടാതിരുന്നാൽ എല്ലാം കാണാം.. കേൾക്കാം.. നോം അത്തരം വർഗ്ഗങ്ങളല്ലല്ലോ?.. അപ്പോൾ പിന്നെ ആരും ഒന്നും പറയില്ല്യാ… ഒക്കെ ഫ്രീ….നമുക്ക് കൂട്ടായിട്ടൊരു രണ്ടുമൂന്ന് ഭാവിയിലെ കമ്പ്യൂട്ടറ് വീദ്ഗ്ധന്മാരുമുണ്ടാവും കാഴ്ച കണ്ട് നെടുവീർപ്പിടാനും..
കണ്ടവന്റെയൊക്കെ വായ നോക്കി ഉളുപ്പില്ല്യാതെ ഭക്ഷണം കഴിക്കാൻ പരിശീലനം തന്നത് ആ മഹാ ടെന്ത് സ്റ്റാർ ഹോട്ടലാണ്.. എന്തൊക്കെ കാണണം…ഹൌ.. ശ്രദ്ധിക്കുക.. ലോകം വിശാലമാണ്..നോം അല്ലെങ്കിൽ മറ്റൊരാൾ നിങ്ങളുടെ കളികളെ ഒപ്പിയെടുക്കുന്നുണ്ട്..നിങ്ങൾ അവാർഡിനർഹരായ നല്ല നടീ നടന്മാരാണെന്ന് അറിയുന്നവർ..“ നോക്കൂ എത്ര ഭംഗിയായി നിങ്ങൾ അഭിനയിക്കുന്നു.” നോം ട്രെയിനിലെ കണ്ണാടി നോക്കി സ്വയം പറഞ്ഞു.!...ഒപ്പമെത്താനാകില്ലെങ്കിലും ഒരു വാശിയോടെ ട്രൈയിൻ കാലം കുതിക്കുന്നതു പോലെ കുതിച്ചു..!
========
സതീശൻ പയ്യന്നൂർ

2 അഭിപ്രായങ്ങൾ: