പേജുകള്‍‌

ബുധനാഴ്‌ച, ജനുവരി 11, 2012

ചെസ്സ്

അറുപത്തി നാലു കളങ്ങൾ!
തമസ്സും ജോതിസ്സും
കറുപ്പും വെളുപ്പും!
ധർമ്മാധർമ്മ കരുക്കളും!
അവൾ വിശ്വാസമുന്തി,
ഞാൻ അവജ്ഞയും,
അവൾ ആശയുന്തി,
ഞാൻ കോപവും
അവൾ ദു:ഖമുന്തി.
ഞാൻ നിരാശയും
അവൾ പരാതിയും പരിഭവവും
ഞാൻ അഹന്തയും അഭിമാനവും!

ഒരിക്കലവളും പിന്നെ ഞാനും
മാറി മാറി ചെക്ക് വിളിച്ചു!
തോറ്റപ്പോൾ തിരിഞ്ഞിരുന്നു പല്ലിറുമി,
മുൻശുണ്ഠിയാൽ തെറിവിളിച്ചു
ജയിച്ചപ്പോൾ ആഹ്ലാദിച്ച്
ആവേശത്താൽ പരിഹസിച്ചു!
ഒരു തരം സാഡിസം!

അവൾ തോറ്റപ്പോഴും
ഞാൻ തോറ്റപ്പോഴും
തോറ്റത് ഞാനല്ലേ?

സങ്കടവും സന്തോഷവും
കൂട്ടിയും കിഴിച്ചും നൽകി
ശൂന്യത!
സ്നേഹവും വിഷമവും
ഗുണിച്ചും ഹരിച്ചും നൽകി
ജയിച്ചതാര്?
പരസ്പരം ചൂണ്ടി.
വീണ്ടും വീറോടെ,
വാശിയോടെ
പന്തയം വെച്ചു!

ജീവിതത്തിന്റെ
അറുപത്തി നാല് കളങ്ങളിൽ
സന്തോഷവും പരിഭവവും,
സുഖവും ദു:ഖവും വെച്ച്
ചെസ്സു കളിച്ച്..!

അവൾ തിരുത്തി
മൃങ്ങളോടിരന്നു വാങ്ങിയ
പുരുഷായുസ്സ് തീരും വരെ!

14 അഭിപ്രായങ്ങൾ:

  1. ജീവിതത്തിന്റെ
    അറുപത്തി നാല് കളങ്ങളിൽ
    സന്തോഷവും പരിഭവവും,
    സുഖവും ദു:ഖവും വെച്ച്
    ചെസ്സു കളിച്ച്..!
    ...

    ജിവിതം ഒരു ചതുരംഗം തന്നെ ..ട്ടോ
    പിന്നെ അടുത്തിടയായി ഒരു നഷ്റ്റ് സ്വപ്നം ഉണ്ടല്ലോ ..ഉം എന്താത് ?

    മറുപടിഇല്ലാതാക്കൂ
  2. @ Pradeep paima-

    ഹേയ് നഷ്ട സ്വപ്നങ്ങൾ ഒന്നും ഇല്ല.. കിട്ടിയത് എല്ലാം ലാഭമായാണ് ഞാൻ കരുതുന്നത്…അതു സുഖമായാലും ദു:ഖമായാലും..ഒരു പുരുഷായുസ്സിൽ കളിച്ചു കൊണ്ടിരിക്കേണ്ട ചതുരംഗത്തെ കുറിച്ചു പറഞ്ഞെന്നേയുള്ളൂ..

    കമന്റിനു നന്ദി

    സ്നേഹപൂർവ്വം

    മറുപടിഇല്ലാതാക്കൂ
  3. കവിത വായിച്ചു, തരക്കേടില്ല എന്ന് മാത്രം പറയട്ടെ.

    മറുപടിഇല്ലാതാക്കൂ
  4. ബ്ലോഗ് നാമം അന്വര്‍ത്ഥമാക്കും തരത്തിലുള്ള രചനകള്‍ താങ്കളുടെ ബ്ലോഗിന്‍റെ സവിശേഷതയാകുന്നു!
    'ധ്വനി' മുഖരിതമാകട്ടെ എല്ലായിടവും!!!
    നന്നായിരിക്കുന്നു രചന.
    ആശംസകളോടെ,
    സി.വി.തങ്കപ്പന്‍

    മറുപടിഇല്ലാതാക്കൂ
  5. മനുഷ്യജീവിതം പകര്‍ത്തിയ വരികള്‍ ..
    മൃഗങ്ങളോടിരന്നു വാങ്ങിയ
    പുരുഷായുസ്സ്...
    ഇതിന്റെ അര്‍ത്ഥം പിടികിട്ടുന്നില്ല.

    മറുപടിഇല്ലാതാക്കൂ
  6. ജീവിതമെന്ന ചതുരംഗം.... നന്നായിട്ടുണ്ട് മാഷേ...

    മറുപടിഇല്ലാതാക്കൂ
  7. @പൊട്ടൻ-വന്നതിനു സന്തോഷം.. സമയം ചിലവഴിച്ചതിനും.
    താങ്കളുടെ കമന്റു വിലമതിക്കുന്നു.. ശരിയാണ്‌ താങ്കൾ പറഞ്ഞത്.. കവിത എന്നതിൽ പെടുത്തുമ്പോൾ അർത്ഥതാള ലയ അലങ്കാര വൃത്തങ്ങളില്ലാത്ത ഒരു തരം അടുക്ക്..അതിനാൽ ഞാൻ എന്റെ ഈ അടുക്കലുകളെ കുത്തിക്കുറിക്കലുകൾ എന്നേ പറയാറുള്ളു.. സത്യസന്ധമായ അഭിപ്രായം പറഞ്ഞതിനു നന്ദി... നന്നാക്കാൻ ശ്രമിക്കാം...കഴിവുണ്ടായിട്ട് എഴുതുന്നതല്ല മനസ്സിൽ വരുന്നത് അതേപടി പകർത്തുന്നു.. അത്രേയുള്ളൂ..

    മറുപടിഇല്ലാതാക്കൂ
  8. @ c.v.thankappan
    തങ്കപ്പേട്ടാ.. താങ്കളുടെ ആശംസകൾക്ക് നന്ദി...ദൈവം എല്ലാവർക്കും നന്മ വരുത്തട്ടേ എന്ന് പ്രാർത്ഥിക്കുന്നു..

    @ ആറങ്ങോട്ടുകര മുഹമ്മദ്‌ - പുരാണത്തിൽ ഒരു കഥയുണ്ട്.. മൃഗങ്ങളെ ദൈവം ഉണ്ടാക്കി ഓരോരുത്തർക്കും ആയുസ്സ് അനുവദിച്ചു കൊടുക്കുകയാണ്‌ അപ്പോൾ അതു കണ്ട അത്യാഗ്രഹിയായ മനുഷ്യൻ(ആ മൃഗത്തിന്‌ കൊടുത്തത് എനിക്കും എന്നു പറഞ്ഞ്) ഓരോരുത്തരുടേയും ആയുസ്സ് ഇരന്നു വാങ്ങി.അങ്ങനെ കിട്ടി.120 വയസ്സ്..
    അതാണത്രെ..പൂച്ചയുടേയും കുരങ്ങന്റേയും പട്ടിയുടേയും കഴുതയുടേയും പോലുള്ള ജീവിതം..
    കഴുതയേ പോലെ ഭാരം ചുമന്ന്, കുരങ്ങനെ പോലെ ചൊറികുത്തി... അങ്ങിനെ.. അങ്ങിനെ...ബാല്യത്തിൽ, കൗമാരത്തിൽ, യൗവ്വനത്തിൽ, വാർദ്ധക്യത്തിൽ ഓരോ മൃഗങ്ങളുടേ സ്വഭാവം അതാണത്രെ...കലികാലമായതിനാൽ മനുഷ്യന്‌ ആയുസ്സ് കുറഞ്ഞു കുറഞ്ഞു വരുന്നു..അപ്പോൾ പെട്ടെന്ന് പെട്ടെന്ന് ആ ഭാവമെല്ലാം നടിച്ചു തീർക്കുന്നു..വന്നതിനു സന്തോഷം ..വായനയ്ക്ക് നന്ദി

    @ khaadu - നന്നാക്കാമായിരുന്നു.. ഒത്തില്ല.. അറിയുന്നതല്ലേ പറയാൻ പറ്റൂ.. നന്ദി.. സ്വന്തം കട പൂട്ടരുതേ...ബ്ളോഗിൽ വല്ലപ്പോഴും ഒന്ന് പോസ്റ്റ്!

    മറുപടിഇല്ലാതാക്കൂ
  9. അവൾ തോറ്റപ്പോഴും
    ഞാൻ തോറ്റപ്പോഴും
    തോറ്റത് ഞാനല്ലേ?

    കൊള്ളാം അതെനിക്കിഷ്ടപ്പെട്ടു....ആശംസകള്‍...

    മറുപടിഇല്ലാതാക്കൂ
  10. അതെ സതീഷ് ജീവിതം ഒരു ചതുരംഗ കളമ്പോലെയാണ് അതിൽ കൂടി കുഴഞ്ഞു കിടക്കുന്നതിനെ വേർതിരിക്കാനുള്ള ശ്രമം കണ്ടില്ലെന്നു നടിക്കാനാവില്ല..ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
  11. അവൾ തോറ്റപ്പോഴും
    ഞാൻ തോറ്റപ്പോഴും
    തോറ്റത് ഞാനല്ലേ?... ചെക്ക്.

    അഭിനന്ദനങ്ങള്‍.....

    മറുപടിഇല്ലാതാക്കൂ
  12. @ രാധാകൃഷ്ണന്‍ കൊല്ലങ്കോട്‌
    @ സങ്കൽ‌പ്പങ്ങൾ
    @ മനോജ് കെ.ഭാസ്കര്‍

    അഭിപ്രായങ്ങൾക്കും വായനയ്ക്കും ഏവർക്കുമെന്റെ നന്ദി

    മറുപടിഇല്ലാതാക്കൂ
  13. പ്രിയപ്പെട്ട സുഹൃത്തേ,
    സുപ്രഭാതം...!
    അതാണ്‌ സത്യം...അത് മാത്രമാണ്,സത്യം...! ആര് തോറ്റാലും,ഹൃദയം വിങ്ങുന്ന സ്നേഹം..! അഭിനന്ദനങ്ങള്‍!
    സസ്നേഹം,
    അനു

    മറുപടിഇല്ലാതാക്കൂ