പേജുകള്‍‌

ബുധനാഴ്‌ച, ജനുവരി 11, 2012

ചെസ്സ്

അറുപത്തി നാലു കളങ്ങൾ!
തമസ്സും ജോതിസ്സും
കറുപ്പും വെളുപ്പും!
ധർമ്മാധർമ്മ കരുക്കളും!
അവൾ വിശ്വാസമുന്തി,
ഞാൻ അവജ്ഞയും,
അവൾ ആശയുന്തി,
ഞാൻ കോപവും
അവൾ ദു:ഖമുന്തി.
ഞാൻ നിരാശയും
അവൾ പരാതിയും പരിഭവവും
ഞാൻ അഹന്തയും അഭിമാനവും!

ഒരിക്കലവളും പിന്നെ ഞാനും
മാറി മാറി ചെക്ക് വിളിച്ചു!
തോറ്റപ്പോൾ തിരിഞ്ഞിരുന്നു പല്ലിറുമി,
മുൻശുണ്ഠിയാൽ തെറിവിളിച്ചു
ജയിച്ചപ്പോൾ ആഹ്ലാദിച്ച്
ആവേശത്താൽ പരിഹസിച്ചു!
ഒരു തരം സാഡിസം!

അവൾ തോറ്റപ്പോഴും
ഞാൻ തോറ്റപ്പോഴും
തോറ്റത് ഞാനല്ലേ?

സങ്കടവും സന്തോഷവും
കൂട്ടിയും കിഴിച്ചും നൽകി
ശൂന്യത!
സ്നേഹവും വിഷമവും
ഗുണിച്ചും ഹരിച്ചും നൽകി
ജയിച്ചതാര്?
പരസ്പരം ചൂണ്ടി.
വീണ്ടും വീറോടെ,
വാശിയോടെ
പന്തയം വെച്ചു!

ജീവിതത്തിന്റെ
അറുപത്തി നാല് കളങ്ങളിൽ
സന്തോഷവും പരിഭവവും,
സുഖവും ദു:ഖവും വെച്ച്
ചെസ്സു കളിച്ച്..!

അവൾ തിരുത്തി
മൃങ്ങളോടിരന്നു വാങ്ങിയ
പുരുഷായുസ്സ് തീരും വരെ!

ചൊവ്വാഴ്ച, ജനുവരി 10, 2012

വിക്രമാദിത്യനും വേതാളവും!

ചിലപ്പോൾ ഞാൻ വിക്രമാദിത്യൻ,
അവൾ വേതാളം!
ചിലപ്പോൾ അവൾ വിക്രമാദിത്യൻ
ഞാൻ വേതാളം!

കാതിൽ കഥകളുമായ് അവൾ
ഞാനവൾക്കുത്തരവും!
പൊട്ടിത്തെറിക്കാത്ത എന്റെയും
അവളുടേയും തലകൾ!

അന്നും അവളുടെ കഥകൾ
“പ്രണയം മനോഹരം?“
എന്റെ ഉത്തരം,
പ്രണയത്തിനു വഞ്ചനയുടെ പിന്നാമ്പുറങ്ങളുണ്ട്.
മലർപ്പൊടിക്കാരന്റെ സ്വപ്നങ്ങൾ പോലെ,
തകർന്നടിയുന്ന സ്വപ്നങ്ങൾ!
നോക്കൂ സമൂഹത്തിന്റെ,
മാതാപിതാക്കളുടെ,
ബന്ധുജനങ്ങളുടെ
 പ്രതീക്ഷകളോടുള്ള വഞ്ചന!
കഥ കേട്ട്,
പൊട്ടിച്ചിരിച്ചു കൊണ്ടവൾ ദൂരെയ്ക്ക് പോയി.

പിന്നേയും അവൾ വന്നു
മുട്ടിയുരുമിയിരുന്നു.
“പ്രേമം അതുല്യമാണെന്ന് വാഴ്ത്തപ്പെട്ട കഥകൾ“,
കേട്ടു പെരുത്ത തല,
പ്രേമം നട്ടപിരാന്തനാക്കിയ കഥകൾ മൊഴിഞ്ഞപ്പോൾ
തുല്യതയുടെ മണം ശ്വസിച്ച് അന്നും അവൾ മറഞ്ഞു.

പിന്നെ കൈ കവർന്നവൾ പറഞ്ഞത്
വിശാലമായ ജീവിതം കെട്ടിപ്പെടുക്കേണ്ട കഥകൾ,
നിരാശാജനകമായ ജീവിത ഏടുകൾ കാട്ടിയപ്പോൾ
മണി മന്ദിരം കാട്ടി അവൾ,
ഞാനവൾക്കെന്റെ കുടിലും!

യാഥാർത്ഥ്യങ്ങളും സ്വപ്നങ്ങളും
പൊരുത്തപ്പെടാത്ത നിമിഷങ്ങൾ തുറന്ന്,
ഞാൻ നടന്നു മറഞ്ഞപ്പോൾ
വേതാളമായ അവൾ പറഞ്ഞു
എന്നെങ്കിലും ഹൃദയത്തിൽ
എനിക്കൊരു താജ് മഹളൊരുക്കുമോ?

പ്രണയത്തിൽ രക്തം പുരട്ടിയ ചക്രവർത്തി!
പ്രണയിനീ സ്മരണയ്ക്കായ്
ശില്പികളുടെ കൈവെട്ടിയ ഷാജഹാൻ,
ക്രൂരതയുടെ പ്രതീകം!

മനസ്സുമാറ്റാത്ത ഞാൻ
മറ്റുള്ളവരുടെ മുറിവുകളിൽ കുത്തി
എങ്ങിനെ താജ് മഹളൊരുക്കും!

എന്റെ ദയനീയാവസ്ഥയിൽ
നിർവികാരനായ് ഞാൻ പറഞ്ഞു
നല്ല സുഹൃത്തുക്കളാകാം!
അന്നത്തെ പോലെ ഇന്നും
സൌഹൃദ മലർവാടികളായ്
എന്നും വിരിഞ്ഞിരിക്കാം!

പുച്ഛത്തോടെ അവൾ മറഞ്ഞു!
അതോ തലപൊട്ടിത്തെറിക്കാൻ ശപിച്ച്
കോപത്തോടെയോ..
നിരാശയോടെയോ!

അവളുടെ മനസ്സിൻ ഭാവമറിയാതെ,
നല്ല ജീവിതത്തിനുടമയാകട്ടേയവളെന്ന്
ആശീർവദിച്ച് നടന്നുമറഞ്ഞു!

 ഇപ്പോഴവൾ നന്ദിയോടെ
ഓർക്കുന്നുണ്ടാകണം,
എന്റെ വേതാളമായി
നശിക്കാതെ,
പുണ്യമാക്കപ്പെട്ട ജീവിതം!

തിങ്കളാഴ്‌ച, ജനുവരി 09, 2012

പ്രശ്നം!

ഇത്രയും കുഴപ്പം പിടിച്ച ഒരു പ്രശ്നം ഇതുവരെ ഉണ്ടായിരുന്നിട്ടില്ല.. മനസ്സിനെ അതു വല്ലാതെ മഥിച്ചു കൊണ്ടിരുന്നു.. ഒടുവിൽ യുവാവായ ഞാൻ സോക്രട്ടീസിനെ അഭയം പ്രാപിച്ചു.. അദ്ദേഹത്തിനത്‌ നിസ്സാരമായിരിക്കാം. പക്ഷെ എനിക്ക്‌...!
ചോദ്യം നിസ്സാരമായി കണ്ട അദ്ദേഹം മെല്ലെ നടന്നു..ഞാൻ പുറകെയും..
അദ്ദേഹം വെള്ളത്തിലിറങ്ങി.. ഞാനും...!
പെട്ടെന്ന് അദ്ദേഹം ബലമായി എന്നെ കടന്നു പിടിച്ച്‌ വെള്ളത്തിൽ മുക്കി പിടിച്ചു..ശ്വാസത്തിനായി ഞാൻ കിടന്നു പിടഞ്ഞു.. അദ്ദേഹം പിടി വിട്ടില്ല... ഒരിറ്റു ശ്വാസത്തിനായി ഞാൻ പിടഞ്ഞു.. ഒടുവിൽ അദ്ദേഹം പിടി വിട്ടു...എന്നിട്ടദ്ദേഹം പറഞ്ഞു.." ദാ ഇതു പോലെ പിടയണം!"
ഞാൻ പറഞ്ഞു " നിങ്ങൾക്കെന്താ ഭ്രാന്താ?... ചോദ്യത്തിനുള്ള ഉത്തരമാണ്‌ എനിക്ക്‌ വേണ്ടത്‌! "
എനിക്കൊന്നും മനസ്സിലായില്ല, ഒരെത്തും പിടിയും കിട്ടിയില്ല എന്നു മനസ്സിലാക്കി അദ്ദേഹം എന്നെ വീണ്ടും പിടിച്ചു വെള്ളത്തിൽ മുക്കി..ആ ബലിഷ്ഠകരങ്ങളിൽ പെട്ട്‌ പിടഞ്ഞു പിടഞ്ഞ്‌ ഞാൻ മരിച്ചു..
ആത്മാവായി വന്ന് ഞാൻ അദ്ദേഹത്തോട്‌ ചോദിച്ചു " അല്ലയോ ഗുരോ ജീവിത വിജയം നേടാൻ എന്തു ചെയ്യണം എന്നാണ്‌ ഞാൻ ചോദിച്ചത്‌... താങ്കൾക്ക്‌ അതറിയില്ലേങ്കിൽ അതിനെന്നെ മുക്കി കൊന്നതെന്തിന്‌? ..പ്ലീസ്‌ ടെൽമീ"

അദ്ദേഹം മെല്ലെ പുഞ്ചിരിച്ചു കൊണ്ട്‌ എന്നോട്‌ പറഞ്ഞു.." ഇതേ ചോദ്യം വേറൊരു തരത്തിൽ ഭൂമീ ദേവി എന്നോട്‌ ചോദിക്കുന്നതായി തോന്നി.. ഒരാൾക്കുള്ള ഉത്തരമേ എന്റെ പക്കലുണ്ടായിരുന്നുള്ളൂ!"

ആത്മാവായി ചുരുണ്ടു കൂടി തർക്കിച്ചു കൊണ്ടിരുന്ന എന്നെ തട്ടിവിളിച്ച മാതാശ്രീയുടെ അഭ്യർത്ഥന.." ചായയും പുട്ടും കടലയും മേശപ്പുറത്തു വെച്ചിട്ടുണ്ട്‌.. എഴുന്നേറ്റു പല്ലു തേച്ച്‌ അതും കുടിച്ച്‌ എന്തെങ്കിലും ഒരു ജോലി ഇന്നെങ്കിലും...!"
പുട്ടും കടലയും കഴിച്ച്‌ ഏമ്പക്കമിട്ടപ്പോഴും എന്റെ മനസ്സിനെ അപ്പോഴും മഥിച്ചു കൊണ്ടിരുന്നത്‌ സോക്രട്ടീസ്‌ ഒരാൾക്ക്‌ കൊടുത്ത ഉത്തരത്തിന്റെ പൊരുളെന്ത്‌ എന്നതായിരുന്നു..
ഒടുവിൽ സിഗരറ്റു പുകച്ച്‌ ഞാനാശ്വസിച്ചു.. " പുവർ ഓൾഡ്‌ മാൻ!..അദ്ദേഹം പറഞ്ഞതാണ്‌ ശരി... എന്റെ ചോദ്യത്തിനുത്തരമൊരുപക്ഷെ അദ്ദേഹത്തിന്‌ അറിയില്ലായിരിക്കാം.. പിന്നെ കസേരയിൽ ചാഞ്ഞു കിടന്ന് ആലോചിച്ചു.." ഇനി ആരോട്‌?"

പിന്നെ തലേന്ന് ക്യൂ നിന്നു വാങ്ങിച്ച കുപ്പി പൊട്ടിച്ച്‌....!

ഞായറാഴ്‌ച, ജനുവരി 08, 2012

സ്ഥിത പ്രജ്ഞൻ!

മൂലകാരണങ്ങളല്ല,
എന്റെ കണ്ണിൽ കരടിട്ടത്‌!
അവരുടെ മിഴി തുറക്കാത്ത
ചിന്താധാരയാണ്‌!

സങ്കടങ്ങൾ കണ്ട്‌,
വിഷയം മാറ്റിയും,
വിഷമങ്ങൾ കേട്ട്‌,
കാഴ്ചകൾ മാറ്റിയും
ദിശമാറ്റിയ വികാരം!

എന്റെ വീഴ്ച്ചകളിൽ
കൺകളുടക്കിയതാകാം
അവരുടെ ടീവിയിൽ
 കോമഡി ചാനൽ!
മാറ്റിയും, മറിച്ചും,
കുലുങ്ങി ചിരിച്ചും
അവരുടെ സ്ഥിരപ്രജ്ഞ!

അവരുടെ നിസ്സാരപ്രശ്നങ്ങളിൽ,
എന്റെ കണ്ണീരിന്റെ
ലക്ഷ്മണരേഖാ ലംഘനം!

എന്നെങ്കിലും തെന്നുമെന്ന് ഭയന്ന,
അപരിചിതന്റെ ജീവിതം കാട്ടി,
മിഴികൾ കൂമ്പി,
 വിഷാദങ്ങളിൽ പങ്കാളികളായി,
വിശാലമായ്‌ തുറന്ന,
അവരുടെ വിശാല ഹൃദയത്വം!
എന്നിൽ സ്റ്റാമ്പ്‌ ചെയ്തത്‌ നിർദ്ദയത്വം!

സങ്കടമില്ലാത്തൊരെന്നെ,
തിരഞ്ഞു പിടിച്ച്‌,
പരമാനന്ദനാക്കി
അവരുടെ പുഞ്ചിരി!

അവരുടെ കാഴ്ചകൾക്ക്‌,
നിറഭേദമാകാതെ,
സ്ഥിത പ്രജ്ഞനാക്കി
ഒടിഞ്ഞു കുത്തി വീണോരെൻ,
നിറ പുഞ്ചിരി!

മൂടിക്കെട്ടിയ കാർമേഘങ്ങൾ!
അതിർത്തികളെ ഭേദിച്ച്‌  പറന്നെത്തും,
ഹൃദയത്തിലാഞ്ഞടിച്ച തിരമാലകൾ
ക്കതിർത്തി കെട്ടി!
അനാവശ്യമായ പ്രകടങ്ങൾ,
പരിഹാസ്യനാക്കും!

അവർ പല്ലു ഞെരിക്കയാണോ?
അതോ ഉണ്ടായ വീഴ്ചകൾ മറക്കാൻ
ഇല്ലാത്ത തെറ്റുകൾ ചികഞ്ഞ്,
പൊട്ടിച്ചിരിക്കയാണോ?

ദു:ഖം കൊണ്ട് അന്ധനായ
എനിക്കെന്തിനാണ് വേവലാതി
എന്റെ കൺകൾ എന്നേ
ആ കാഴ്ചകളെ മറച്ചിരിക്കുന്നു!

ശനിയാഴ്‌ച, ജനുവരി 07, 2012

ഒരു വഴി പിഴപ്പ്!

ഒരു പിഴ!
അമർത്തിയടയ്ക്കാൻ മറന്നപ്പോൾ,
തുറന്നു കിടന്നൊരു കൈപ്പിഴ!
നാണമൂരി ജനങ്ങൾക്ക് നൽകി,
മുഖം മൂടിയില്ലാതെ നടന്നു!
നാണം വന്ന ജനത്തിന്റെ ജയ് വിളി!
വാങ്ങിയോർക്കും കൊടുത്തവർക്കുമില്ലാത്ത വീറ്,
കേട്ടോനും കേൾപ്പിച്ചോനും!
നാണം കീറി മാധ്യമങ്ങൾക്ക് കൊടുത്തു!

അപ്പോഴുമൊരാൾ പോരിനടുത്തു,
ജയിലു നിറക്കും!
ആമം വെച്ചു നടത്തും!
അസൂയ!.. അല്ലെങ്കിൽ ദഹനക്കേട്!
ഇനി നാണം കീറിയത് അയാൾക്കും വേണോ?
പരിഭ്രമത്തിലായി,
കഷ്ടത്തിലായി
പോം വഴി കാണാതെ നട്ടം തിരിഞ്ഞു!

ബുധനാഴ്‌ച, ജനുവരി 04, 2012

ആശംസ!

വെട്ടും മുറികളും,
കുത്തും കൊലകളും,
രാഷ്ട്രിയ തുമ്മലും,
പൊട്ടിക്കരച്ചിലും
കോഴക്കഥകളും,
കോഴിക്കഥകളും
തീവ്രവാദങ്ങളും,
നനച്ച പടക്കവും

നടിയുടെ ഡംബും,
നടന വിലാസവും,
അവതാരക കൊഞ്ചലും
പൂവാല ചോദ്യവും!
തുണിപറിച്ചേറും
തുണിയില്ലാതുള്ളലും

ത്മാഭിമാനം
നിറഞ്ഞ ഭാവത്താലെ,
പുഞ്ചിരിച്ചിടുന്ന
പീഢന വീരരും
മുഖം മറച്ചീടുന്ന
പീഢിത വൃന്ദവും
ചപ്പും ചവറും,
മോങ്ങലും ചീറ്റലും,

മണിയറ തീർപ്പായ
പ്രേമ പ്രതിഭയും
അണിയറത്തീർപ്പായ
വിജയ പ്രതിഭയും,
അജ്ഞരാം പ്രേഷക
എസ്. എം എസ്സും
കൈകൊട്ടി കളിപോലെ
പ്രോത്സാഹനങ്ങളും!

തട്ടിപ്പുംചതിവും
മൂക്കു പിഴിച്ചിലും
വിറ്റു തുലപ്പിക്കും
പണയപ്പരസ്യവും!
സ്വർഗ്ഗത്തിലെത്തിക്കും,
ബ്ലേഡു പരസ്യവും!

ആവശ്യമില്ലാത്ത
ചർച്ചയും, തെറിയും,
ആവശ്യമുള്ളോർക്ക്,
അടിയും പിടിയും!
അശ്ലീലകഥകളും
അത്ഭുതകഥകളും
നിറഞ്ഞൊരെൻ ചാനൽ
സമ്പൽ സമൃദ്ധം!
നാം കാണും ചാനൽ
റേറ്റിൽ പ്രസിദ്ധം!

ചാനലു കാണാതെ,
മുങ്ങിമരിച്ചോർക്കും!
ചാനലു കണ്ട്
തൂങ്ങിമരിച്ചോർക്കും
ചാനലു കേട്ട്,
ഹൃദയം തകർന്നോർക്കും
നേരുന്നു കേരളം
പുതുയുഗാശംസ!
പുതുയുഗപിറവിയിൽ
അനുശോചനാശംസ!

പരിദേവനം!

കല്ലറയിൽ,ചിതാമണ്ഡലങ്ങളിൽ,
സമാധിയിരുത്തും പവിത്ര സ്ഥലങ്ങളിൽ,
കരുണയില്ലാതെ വീശിയെറിഞ്ഞൊരു-
ചോരകുഞ്ഞിന്റെ വിധി പർവ്വങ്ങളിൽ,
നീണ്ടനന്തമാം റെയിൽപാള മാറിലായ്‌,
ചിതറിവീണ കബന്ധരക്തങ്ങളിൽ,
വിനാശമേകിയ ജീവിത കാഴ്ചയിൽ,
ഹൃദന്തമൂറ്റിയ കണ്ണീരിൻ സാഗരം!

സങ്കടങ്ങൾ മിഴികൾ തുറന്നതിൻ,
നൊമ്പരങ്ങൾ ഒപ്പിയെടുത്തതും,
മുങ്ങി താഴുന്ന ജീവന്റെ വെപ്രാളം,
സിംഹവായിലെ ജീവന്റെ താളവും
രക്ഷയേകാതെ നക്കിയെടുത്തതും
ക്രൂരനാണെന്ന ഖ്യാതി ലഭിച്ചതും,

രാജകീയ കതിർമണ്ഡപത്തിലും,
സാധുവിന്റെ വേളീഗൃഹത്തിലും,
കൺകളന്നൊന്നു ചിമ്മിതുറന്നതും,
പുണ്യമേകിയ നിർവൃതിയായതും,
എന്നുമെന്നും സ്മരിക്കുന്ന കാഴ്ചകൾ!
എന്നുമെന്റെ രോമാഞ്ച ചിന്തകൾ!

നാട്യ ഗേഹത്തിൽ, മഞ്ഞിൽ, മഴകളിൽ,
അഗ്നി ചുംബിക്കും വന്യ നിമിഷത്തിൽ,
വാന ശാസ്ത്രത്തിൽ, യുദ്ധരംഗങ്ങളിൽ
വിസ്മയത്തിന്റെ ചിത്രസ്മരണകൾ!

ഓർമ്മതെറ്റാൽ വിളറി പിടിച്ചൊരു,
താതനെയവർ മൂലയ്ക്കിരുത്തിയും,
നാനോ ആക്കിയും മാന്യനായി മാറ്റിയും
ചിപ്പൊന്നേകി ഓർമ്മ പുതുക്കിയും,
പുത്തൻ വംശചരിത്രം രചിക്കുന്നു,
അത്ഭുതത്തിൻ വരക്കാഴ്ചയേകുന്നു.

കമ്പ്യൂട്ടറിൻ ശിരസ്സിൽ പ്രതിഷ്ഠിച്ച്‌,
ചാറ്റ്‌ ചീറ്റിച്ച്‌ മൂക്കു പിഴിക്കുന്നു
കുഞ്ഞു ഫോണിൻ കടക്കണ്ണൊന്നാക്കിയും
പാത്തും പതുങ്ങിച്ചും,തൊട്ടു തലോടിയും
കൂടെ കൂട്ടി ക്രിമിനലായ്‌ മാറ്റുന്നു.
എന്റെ സഞ്ചാര വീഥി പിഴയ്ക്കുന്നു

കിടപ്പറകളിൽ, മൂത്രപ്പുരകളിൽ,
രാഷ്ട്രീയമണ കോഴയിടങ്ങളിൽ,
ജാര സഞ്ചാര രാത്രികളൊക്കെയും,
ചാരനായ്‌ മൊഴിയെണ്ണിയെടുക്കുന്നു,

നാണം കൂടാതൊളിഞ്ഞു നോക്കിച്ചെന്റെ,
ഛർദ്ദിയെയവരൊപ്പിയെടുത്തുടൻ,
നെറ്റിലിട്ടങ്ങു നിർവൃതി കൊള്ളുന്നു,
എന്റെ നന്മയിൽ തിന്മ വിതയ്ക്കുന്നു
ക്യാമറേയെന്നു മുറുമുറുക്കുന്നു എൻ-
ജാതി ചൊല്ലി പല്ലമർക്കുന്നു.!