പേജുകള്‍‌

ശനിയാഴ്‌ച, ഫെബ്രുവരി 15, 2014

ആധുനിക വിളകൾ

പുത്തൻ യുവത്വം,

കാർമേഘം മൂടിയ ആകാശം,

വീർപ്പിച്ച കവിൾ തടങ്ങളിൽ

ദുരഭിമാനത്താൽ,

ഒരിക്കലുംപെയ്തിറങ്ങാത്ത മഴ,

വറ്റി വരണ്ടൊന്നുണങ്ങിയ കൃഷി ഭൂമി!


ഷോപ്പിംഗ് മാളുകളിൽ
സഹസ്രങ്ങൾ വലിച്ചെറിഞ്ഞ്,
വിലയേറിയവ 
ചുളുവിലയ്ക്ക് കിട്ടിയ പോലെ വാങ്ങി
മറയ്ക്കേണ്ടവ മറയ്ക്കാനാകാത്ത
ചെറു തുണിക്കഷ്ണങ്ങളിൽ,
ശരീരത്തെ നിർബന്ധിച്ച്
കയറ്റിയിരുത്തി,
ഞെളിപിരികൊണ്ട്,
പൊങ്ങച്ചമടിച്ച് ,
വരൾച്ച മറക്കുന്നവർ.

കുടുംബത്തിലെ ഉഷ്ണം

വിത്തുകളെ നിർബന്ധപൂർവ്വം

കരിക്കപ്പെട്ടിരിക്കുന്നു.

സമയക്കുറവ്

ഇണ ചേരാനുള്ള താല്പര്യം

കെടുത്തിയിരിക്കുന്നു,

സൗന്ദര്യബോധം

ഗർഭപാത്രത്തിനു വന്മതിലും.

കാത്തിരിക്കാം

തലമുറയുല്പാദനത്തിന്‌,

ആശ്രയം 

കൂണു പോലെ മുളച്ചു പൊങ്ങിയേക്കാവുന്ന

സർവ്വകലാശാലകൾ.

ശീതീകരണ സംഭരണികളിൽ

വില കൊടുത്തു വാങ്ങാവുന്ന

തലമുറ വിളകൾ.


നിർദ്ദേശങ്ങൾ സമർപ്പിക്കാം.

അവയ്ക്കു മണമുണ്ടാവണം,

നിറമുണ്ടാവണം,

ഗുണമുണ്ടാവണം.

ബോർഡിംഗുകളിൽ അവയെ നടാം

ഇംഗ്ളീഷു വളമിട്ട് പരിപാലിക്കാം,

അക്ഷമയുടെ വെള്ളമൊഴിച്ച് വളർത്താം.

ബന്ധു ജനങ്ങളെ തേടിപ്പോകുന്ന വേരുകൾ

അറുത്തുമാറ്റി കെട്ടുറപുള്ള മതിലു കെട്ടാം.

 

പലതരം ഫലങ്ങൾ

ഒരു ചെടിയിൽ കായ്ക്കാൻ

വാശി പിടിക്കാം,

പൂത്തുലയാൻ കീടനാശിനിയടിക്കാം.

സൗകര്യങ്ങളനവധി.

എങ്കിലും……

ബംഗ്ളാവിന്റെ

ചുവരുകൾക്കുള്ളിലെ ജീവിതം,

ഉഷ്ണിച്ചുഷ്ണിച്ച്,

മോചനം തേടി വക്കീലിന്റെ

അറവുമേശയ്ക്കരികിൽ!

 

ഹൃദയങ്ങളെ അറുത്തെടുത്ത്,

പൊതിഞ്ഞു കെട്ടി കൊടുത്ത്

അറവുകാരന്റെ വില പേശൽ.

പിന്നെ മഹിമ വാഴ്ത്തൽ,
ഇനി നിങ്ങൾ സ്വതന്ത്രർ

 

മോചനം കിട്ടിയത്രെ,

കയറൂരി വിട്ട കാലിക്കൂട്ടങ്ങളെ പോലെ,

തിന്നും കുടിച്ചും, മദിച്ചും, രമിച്ചും നടന്നു,

 

കുത്തഴിഞ്ഞ പോക്കിൽ

നിയമമാണോ,

സാക്ഷരതയാണോ,

ക്ഷമയില്ലായ്മയാണോ,

പക്വതയില്ലായ്മയാണോ,

സംസ്ക്കാരത്തെ തൂക്കിലേറ്റിയത്?

 

നര കേറിയ പഴയ മുത്തശ്ശിയെ

പടിയടച്ചു പിണ്ഡം വെച്ച്

കമ്പ്യൂട്ടർ മുത്തശ്ശി

പടി കടന്നു വന്നപ്പോഴോ

കുടുംബത്തിന്റെ കെട്ടുറപ്പ്

പടിയിറങ്ങി പോയത്?

 

വിവരശാലികൾക്കിടയ്ക്,

എവിടേയ്ക്കീയാത്രയെന്ന,

സംശയത്തെ ചുട്ടു തിന്ന്,

അജീർണ്ണം ബാധിച്ച മനസ്സുമായി,

വിവരദോഷികളായി ഒരു

പറ്റം ജനവും!

അതെ.. സർവ്വരും സാക്ഷരരായിരിക്കുന്നു.

എങ്കിലും ……

മണലെഴുത്തായെങ്കിലും

കുടുംബ ബന്ധത്തിന്റെ

ഹരിശ്രീ അറിയാത്തവർ.!

8 അഭിപ്രായങ്ങൾ:

  1. ആസന്നമായ ഭാവിയില്‍ സംഭവിച്ചേക്കാവുന്നത്

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അജിത്തേട്ടാ..വായനയ്ക്ക് നന്ദി.. അഭിപ്രായത്തിനും..

      ഇല്ലാതാക്കൂ
  2. നര കേറിയ പഴയ മുത്തശ്ശിയെ
    പടിയടച്ചു പിണ്ഡം വെച്ച്
    കമ്പ്യൂട്ടർ മുത്തശ്ശി
    പടി കടന്നു വന്നപ്പോഴോ
    കുടുംബത്തിന്റെ കെട്ടുറപ്പ്
    പടിയിറങ്ങി പോയത്?
    നന്നായിരിക്കുന്നു
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വായനയ്ക്ക് നന്ദി.. അഭിപ്രായത്തിനും..തങ്കപ്പേട്ടാ

      ഇല്ലാതാക്കൂ
  3. പൊങ്ങച്ച സംസ്കാരത്തില്‍ തുടങ്ങി, വീര്‍പ്പുമുട്ടിക്കപ്പെടുന്ന ന്യൂജനറേഷനിലൂടെ സഞ്ചരിച്ച് കെട്ടുറപ്പില്ലാത്ത ദാമ്പത്യബന്ധങ്ങള്‍ വരെ എത്തി നാളെയിലേക്ക് ഉറ്റുനോക്കുന്ന ഭംഗിയുള്ള വരികള്‍ ആസ്വദിച്ചൂട്ടൊ.

    മറുപടിഇല്ലാതാക്കൂ
  4. കടിച്ചാൽ പൊട്ടാത്ത പുരാതനവിളകളും തൊട്ടാൽ അലിഞ്ഞുപോകുന്ന ആധുനിക വിളകളും ആരുടെയും വിശപ്പിനെ ശമിപ്പിക്കുന്നില്ലെന്നത് യാഥാർത്ഥ്യം.

    മറുപടിഇല്ലാതാക്കൂ
  5. ഹരിനാഥ് ..കെട്ടുറപ്പുള്ള കുടുംബ ബന്ധം എന്നതു തന്നെയല്ലേ നല്ലത്..?

    മറുപടിഇല്ലാതാക്കൂ