എവിടെയാണൊന്നിരിക്കേണ്ടത്,
കേട്ടും, കേൾക്കപ്പെട്ടും?
മോന്തായത്തിൻ കീഴിലെല്ലാം
സീരിയലിന്റെ കരിഞ്ഞ മണമാണ്
അവരതാവേശത്തോടെ
ശ്വാസകോശങ്ങളിലേക്ക്
വലിച്ചു കയറ്റുന്നുണ്ട്,
അവരുടെ രക്തത്തിൽ സീരിയലിന്റെ
നിക്കോട്ടിൻ നിറഞ്ഞിരിക്കുന്നു.
ചുമച്ചു ചുമച്ച് അവിടെ നിന്നിറങ്ങി.
മറ്റൊരിടത്തേക്ക് നടന്നു,
അവരുടെ മോന്തായത്തിൻ കീഴിൽ
രാഷ്ട്രീയത്തിന്റെ വളിച്ച ഗന്ധമാണ്,
അമൃതം കിട്ടിയ സന്തോഷത്തോടെ,
അവരതാവേശത്തോടെ തിന്നു തീർക്കുന്നുണ്ട്,
ഓക്കാനം വന്നപ്പോൾ തിരിഞ്ഞു നടന്നു.
പിന്നെ നോക്കിയത് കാടും പുഴയുമാണ്,
ഒരിടത്തതു കണ്ടു,
കാടല്ല ബോൺസായികൾ,
പുഴയല്ല പുഴയുടെ ബോൺസുകൾ,
ബോൺസായി ആലിനു മുന്നിലിരുന്ന്
ധ്യാനിക്കാൻ പറ്റില്ലല്ലോ?
ആലിനെ മടിയിൽ വെച്ചും?
പിന്നേയും നടന്നു.
ആളുകൾ ധൃതിയിലാണ് ,
കാണുമ്പോൾ കൈകൾ വീശി,
കൂവി വിളിച്ചവർ,
ഇലക്ട്രിക്ക് ട്രൈയിനിനേക്കാൾ വേഗതയിൽ,
ഒന്നോ രണ്ടൊ മിനുട്ടുകൾ നിർത്തപ്പെട്ട്,
ജീവിതത്തിന്റെ റെയിൽവെ
സ്റ്റെഷനവർ താണ്ടുന്നുണ്ട്.
പിന്നെയും നടന്നു,
ആത്മീയ വാദികൾ ആത്മീയം
പൈസയ്ക്ക് വിളമ്പുന്നുണ്ട്,
അവിടെങ്ങളിൽ ആയിരങ്ങൾ
അഡ്മിഷൻ ഫീസ് കൊടുക്കണം,
ആത്മാവിനെ തിരഞ്ഞു പിടിച്ച്,
പൊതിഞ്ഞു കെട്ടി കൈയ്യിൽ തരുന്നവർക്ക്,
ആത്മാവിനെ നഷ്ടപ്പെട്ടിരിക്കുന്നു,
പിന്നെ, മനുഷ്യത്വവും, ക്ഷമയും!
പിന്നേയും നടന്നു.
അടുത്തു കണ്ട വൃദ്ധ സദനത്തിൽ
അവിടെ മനുഷ്യരുണ്ട്,
അവർക്ക് കഥകളുണ്ട്,
കേൾക്കാൻ മനസ്സുമുണ്ട്,
പറയാൻ സമയവുമുണ്ട്,
പക്ഷെ നാവുകളാണില്ലാത്തത്,
ഒടുവിൽ തിരഞ്ഞു പിടിച്ച് ,
നഷ്ടപ്പെട്ട നാവെടുത്ത്,
കൊടുത്തപ്പോൾ,അതെടുത്ത്
ഭൂതകാലത്തിലിട്ട് അവർ കരഞ്ഞു!
അപ്പോഴവർക്ക് പറയാൻ
അക്ഷരങ്ങളാണില്ലാത്തത്!
അതെല്ലാം ഒപ്പിയെടുത്ത്
പിന്നേയും നടന്നു..
എവിടെയാണൊന്നിരിക്കേണ്ടത്?
ആരോടാണോന്നു കുശലം ചോദിക്കേണ്ടത്?
പിന്നെ കണ്ണൊന്നടച്ച്,
മനസ്സിന്റെ കോണിലൊരു
കസേരയിട്ടൊന്നിരുന്നു.
പറയാൻ തോന്നിയപ്പോൾ,
ഉച്ചത്തിൽ പറഞ്ഞ്,
സ്വന്തം കാതുകളോട് ചോദിച്ചു,
കേൾക്കുന്നുണ്ടോ?