പേജുകള്‍‌

ചൊവ്വാഴ്ച, ഡിസംബർ 13, 2011

റൌഡി!

“ ചങ്കുറപ്പുള്ളോനുണ്ടെങ്കിൽ വരിനെടാ…
“ ഹൃദയം കഠിനമായുള്ളോരുണ്ടെങ്കിൽ വരിനെടാ…
ചോരത്തിളപ്പുള്ളോരുണ്ടെങ്കിൽ ഇറങ്ങി പുറത്തു വാടാ ..
ഒരു കൈ നോക്കാം!“—പുറത്തൊരട്ടഹാസ ശബ്ദം!.. ഞാൻ വല്ലാതെ പേടിച്ചു…!
ആരോ വെല്ലു വിളിക്കയാണോ?....

ഒരു പക്ഷെ പതിനെട്ടടവും പഠിച്ചു കഴിഞ്ഞ ബീവറേജസിന്റെ ശിഷ്യനായിരിക്കും, അതുമല്ലേങ്കിൽ ആളു തെറ്റി വന്നതാവും അതുമല്ലേങ്കിൽ തല തെറ്റിയ ഏതോ…..!....അല്ലാതെ മറ്റാരാണ് എന്നെ വെല്ലുവിളിക്കാൻ മാത്രം ധൈര്യമുള്ളവൻ?…. പണ്ട് കൊതുകിനെ തല്ലി കൊന്ന മുൻ പരിചയമല്ലാതെ മറ്റൊന്നും എനിക്കില്ല ഇപ്പോൾ ആ ധൈര്യവും ഇല്ലാതായിരിക്കുന്നു.. മനസുറപ്പു കുറവാണ്.. വെല്ലുവിളിക്കുന്ന കൊതുകുകളെ ഭീഷണിപ്പെടുത്തി ഓടിച്ചു വിടാൻ ഗുഡ്നൈറ്റിനെ ഗുണ്ടയായി കൂലിക്കു വെച്ചാണു ഞാനുറങ്ങുന്നത്….ആ ഞാൻ നിരപരാധിയാണ്.. വെറും നിരപരാധി! ഞാനൊരു പാട് സംശയങ്ങൾ, ആവലാതികൾ മനസ്സുമായി പങ്കു വെച്ചു…!.. ആരായിരിക്കുമത്!

ധൈര്യമുണ്ടെങ്കിലും ആരാണെന്നറിയണമല്ലോ? ..പുറം വാതിലുള്ളപ്പോൾ ഭയവുമില്ലല്ലോ?.. എങ്കിലും ജനലുള്ളപ്പോൾ വാതിൽ തുറന്ന്, വെറുതെ മേടിച്ചു കൂട്ടിയിട്ട് ആരാണെന്നറിയാൻ നിൽക്കേണ്ട വല്ല കാര്യവുമുണ്ടോ? ഞാൻ ജനൽ പാളി മെല്ലെ തുറന്നു നോക്കി..

"ഹമ്മേ.. അതു നമ്മുടെ ഹംസയല്ലേ?..."... ഇന്നലെയും നാരായണേട്ടന്റെ കടയിലെ പറ്റു കൊടുത്തിട്ടുണ്ടാവില്ല .. വിശപ്പിന്റെ കാറി വിളിയാണ് .. ചായ കുടിക്കാൻ ഒപ്പം പോവാനുള്ള കൂവി വിളിയാണ്…! ..റൌഡിയല്ലെങ്കിലും എല്ലാ മാസവും പൈസ പൊതിഞ്ഞു കെട്ടി സ്വന്തം ബാങ്കിലിടാനും പുട്ടും പഴവും കുഴച്ചടിച്ചതിന്റെ പൈസ എന്നെക്കൊണ്ട് കൊടുപ്പിക്കാനും കരാറുറപ്പിച്ച പോലുള്ള ഒരു റൌഡിയെ എനിക്കു ഭയമായിരുന്നു…ഞാൻ അവൻ കാണാതെ പതുക്കെ ജനൽ ചേർത്തടച്ചു..!..നാരായണേട്ടന്റെ നാവിട്ടലക്കുന്നതു കേൾക്കാനുള്ള പവറില്ലാത്തതിനാൽ അവൻ നിരാശയോടെ അടുത്ത ഫ്രെൻഡന്റെ റൂമിനടുത്തേക്ക് നീങ്ങുന്നതും നോക്കി ഭയത്തോടെ ഞാനിരുന്നു..!..
ആ റൌഡി ഇനിയവനെ കൂട്ടി കൊണ്ട് പോയി നാരായണേട്ടന്റെ മുന്നിൽ!

സ്കൂൾ!

എന്നെ നട്ടു നനച്ച ഇടനാഴികൾ!
പാഴ് വിളയായെയെങ്കിലു മിന്നു ഞാൻ
പടർന്നു പന്തലിച്ചപ്പോൾ,
എനിക്കുറപ്പുണ്ട്,
അവരിൽ ചിലരീയിടനാഴികയിലെവിടെയോ
സ്മാരകം പോലുമില്ലാതലഞ്ഞു നടക്കയാണ്!

ഒരു നോക്കെങ്കിലും ..
ഒരു വാക്കെങ്കിലും..
ഒരു ചിരിയെങ്കിലും..

ഈ ഇളംകാറ്റിൽ അവരൊഴുക്കിയെങ്കിൽ,
ഈ ശിഷ്യൻ അവരോടു പറയും!

എന്നെ നട്ടു നനച്ചതിന്..
വളമേകിയതിന്....
വളർത്തിയതിന്...

നിങ്ങളെന്താണെൻ നന്ദിയെങ്കിലുമേറ്റു-
വാങ്ങാനെത്താത്തത്?

എന്തുകൊണ്ടാണ് പാദസ്പർശനം,
എൻ കൈകളെ അനുവദിക്കാത്തത്?

ഒളിമങ്ങിയ സ്മരണകളിൽ,
ഓർത്തു വെച്ച ചിലത്!
കൈകൾ അരുതെന്ന് വിലക്കീട്ടും,
മുഖമന്ന് വേണ്ടെന്ന് പറഞ്ഞിട്ടും
പൊക്കിയ ട്രൌസറിൻ കീഴെ
ചൂരൽ ശാന്തി തേടി-
യന്തരീക്ഷത്തിലലഞ്ഞപ്പോൾ,
ചൊടിച്ചു വീർത്തു നിന്ന തുടകൾ!
കണ്ണുകൾ സജ്ജലങ്ങളാക്കി,
തൊട്ടു തടവി സാന്ത്വനമേകി,
ഏറ്റു വാങ്ങിയ ശിക്ഷകളിൽ,
പണ്ടു ഞാൻ പിറു പിറുത്തിരുന്നു..!

നാശങ്ങളെന്ന്!..
വെറുക്കപ്പെട്ടവരെന്ന്!...

അറിയാത്തബ്ദ്ങ്ങളിലിന്നു-
മാപ്പിനായിരന്ന്!
തിരുത്തീയീയിടനാഴികയിൽ ഞാൻ

നിങ്ങൾ പുണ്യാത്മാക്കളാണെന്ന്!....
വിശുദ്ധന്മാരാണെന്ന്!....
എന്നിട്ടുമെന്തേയെൻ മനസ്സിനൊരു-
നൊമ്പരം?
എന്നിട്ടുമെന്തേയീ കാറ്റിനൊരു-
മർമ്മരം!

ശനിയാഴ്‌ച, ഡിസംബർ 10, 2011

വിഷമം!

കണ്ടിട്ടെന്റെ മനസ്സു പിടഞ്ഞു,
കേട്ടിട്ടെന്റെ കാതു ഭയന്നു!
വിറകൊണ്ടെന്റെ കാലു തളർന്നു!
സാബൂവേട്ടന്റെ മോള്!
എത്ര നല്ല സുന്ദരി!
ഒളിച്ചോടിയത്രേ,
ഒരു കരിമ്പന്റെ കൂടെ..!
അവൾക്കെത്ര നല്ല ആളു വരും!
ഓർത്തിട്ടെനിക്ക് ഓക്കാനിച്ചു!
ദുഷ്ടത്തി!
കുടുംബം കലക്കി!
പിടിച്ചു കെട്ടണമതിനെ..!
അടിച്ചു കൊല്ലണമവനെ..!
വെളു വെളുത്ത ഞാനുള്ളപ്പോ,
എന്റെ കൂടെ ഒളിച്ചോടാതെ,
കറു കറുത്ത അവനൊപ്പം!
മാനഹാനി അയാളു താങ്ങുമോ എന്തോ?

--------------------------------------------------------------------------

(  വായിക്കുന്ന ഓരോ ആളും ഞാനായി മാറട്ടേ.. എന്ന് ലക്ഷം ഉരു മന്ത്രണം ചെയ്തിട്ടാണ് ഞാനിതു തൊടുത്തു വിട്ടത്..ഇതു വായിക്കുമ്പോൾ തന്നെ നിങ്ങൾ ഞാനായി മാറിക്കഴിഞ്ഞു.. ഇതെഴുതിയ ഈ ഞാൻ പാവാണ്.. വെറും പച്ചപശുവാണ്..ശുദ്ധ അബദ്ധമാണ്.. (ഇനി അങ്ങിനെയല്ലേ? ….അർത്ഥം മാറിയോ?)...ആ നിങ്ങളാണ്…!..ഇനി ശ്രദ്ധിച്ചു വായിച്ചു നോക്കൂ.. മനസ്സിരുത്തി..! ....എനി അദർ ഡൌട്ട്?...പ്ലീസ്....ഹി .. ഹി..)
.

വെള്ളിയാഴ്‌ച, ഡിസംബർ 09, 2011

പ്രണയം!

കേട്ടു കേട്ടൊരെൻ ചിന്തയുറയുന്നൂ.
പ്രണയം ദിവ്യമാണത്രേ!
കണ്ടു കണ്ടെൻ മനമുരുകുന്നു,
പ്രണയം ചാപല്യമാണത്രെ!
എരിവറിഞ്ഞൊരു നയനമൊഴുകുന്നൂ
പ്രണയം ക്രൂരമാണത്രെ!
പുകഞ്ഞു പുകഞ്ഞെന്റെ ചിതയൊരുങ്ങുന്നു!
പ്രണയം കുന്തിരിക്കമാണത്രേ!

പ്രണയമൊരു മഞ്ഞാണത്രെ!
മൂടലൊരുക്കിയൊരു ഭയം വിടർത്തുന്നു!
പ്രണയം കുളിർമഴയത്രെ!
തിമർത്തു പെയ്തൊരു  പ്രളയമാകുന്നു..!

പ്രണയമൊരിളം തെന്നലത്രെ!
ഒടുവിലതൊരു കൊടുങ്കാറ്റാകുന്നു!
പ്രണയമൊരു മഴവില്ലത്രെ!
കുലച്ചു കുലച്ചത് ഇടിമിന്നലായ് ഞെടുക്കുന്നു!
പ്രണയമൊരു പൂമൊട്ടത്രെ!
മനോജ്ഞമായി വിടർന്നു,
ചീഞ്ഞളിഞ്ഞപ്പോഴൊരു ഫലം!
മധുരമോ? കയ്പ്പോ?
വേരറിഞ്ഞപ്പോഴൊരു ഫലം!
അകത്തോ? പുറത്തോ?

എവിടെയോ ഘന സ്വരം!
“ ഗ്രഹണത്തിൽ ദംശിച്ച ഞാഞ്ഞൂലാണു നീ!“
എവിടെയോ ഒരു കിളി നാദം!
“ രാജാവായ് വാഴിച്ച  രാജവെമ്പാല നീ!“

പ്രണയമൊരു ബാധയാണത്രെ!
ദക്ഷിണയിൽ പ്രസാദിക്കും
കറുത്ത കോട്ടിട്ട മന്ത്രവാദിയഭയം!
“കൂടിയതെപ്പോൾ?
പിരിയുന്നതെപ്പോൾ?“
ബാധ നീക്കുന്ന ധീഷണാ മന്ത്രം!
നീക്കലും പാടലും തകിടെഴുതലും,
കേട്ടു തളർന്ന വരാന്തകൾ!
ചൊല്ലും ചിലവും നൽകി
ബാധയൊഴിച്ചാമോദമിരു ചേരികളിലും!

ഉദയപ്രകാശത്തിൽ
എന്നിട്ടുമാരോ കേട്ടു
പ്രണയമൊരു ദിവ്യാമൃതം!
സായാഹ്ന വീഥിയിൽ
അപ്പോഴുമൊരു രോദനം!
പ്രണയമൊരു പൂതന!
പ്രണയം!....
.................
പണ്ടാരോ പാടിയ ശീലുകൾ,
എന്നെയുണർത്തി..
അഞ്ജനമെന്നാലെനിക്കറിയാം,
മഞ്ഞളു പോലെ വെളുത്തിട്ട്!“..

ബുധനാഴ്‌ച, ഡിസംബർ 07, 2011

ക(ഥ /കവി)തകൾ!

(ഥ /കവി)കൾ !
------------------------------
1) മുല്ലപെരിയാറമ്മ !
അമ്മാ ശരണം, തായേ ശരണം
പെരിയാർ കാക്കും മാതാ ശരണം
തന്നൊരു സ്വത്തും ധനൈശ്വര്യവും
അനുഗ്രഹ വർഷവും തീർന്നേ ശരണം

ഉപകാരത്തിൻ സ്മരണ പുതുക്കി-
നാറ്റിക്കല്ലേ മായേ ശരണം!
അടരാടുന്നോന്റജ്ഞതയെന്ന്,
കരുതി ക്ഷമിക്കൂ  തമിഴകമമ്മേ
തന്നതു മൊത്തം തെളിച്ചു പറഞ്ഞാൽ,
വിവരദോഷികൾ കൂവി വിളിക്കും!
കേട്ടൊരു സത്യമറിഞ്ഞു തുലഞ്ഞാൽ
നാട്ടാരൊക്കെ അടിച്ചു പൊളിക്കും!

സംഹാരത്തിൻ ഉറവ യുണർന്നാൽ,
വോട്ടർമാരവരറബിക്കടലിൽ!
കനിവുണ്ടായി അണകെട്ടീടാൻ
നീട്ടോലയിലൊരു വരയും കുറിയും,
നീട്ടിയ മൂളലും കാത്തീടുന്നേ!
നേതാവിന്റെ പ്രാർത്ഥനയാണേ,
കനിവുണ്ടായി പൊറുത്തീടേണം!
തെറ്റുകളൊക്കെ ക്ഷമിച്ചീടേണം!

----------------------------------------------
2) സംസ്ഥാപനം
നിന്റെ നാവുകൾ  അഴിമതിയെന്ന്
കാറി വിളിക്കവേ,
പട്ടിണിക്കിടേണ്ടി വരുന്നോരെൻ
കുടുംബത്തിൻ കന കഥയോർത്ത്,
ഞാൻ മുഷിഞ്ഞു..
കോടികളിക്കാലം കടല കൊറിക്കാൻ
തികയുമോ?
പ്രതി സ്ഥാനത്തു പ്രതി പക്ഷവും
മർമ്മസ്ഥാനത്ത് ജനപക്ഷവും നിൽക്കവേ,
ഒരു വിഷമം!
ഭരണമൊരു മുൾക്കിരീടമെങ്കിലും
രാജി ജനതയെ പട്ടിണിയിലാഴ്ത്തും!
--------------------------------
3) ഉപദേശം
ഞങ്ങൾക്കഞ്ചുവർഷം കൊണ്ട്,
സാധിക്കാത്തതഞ്ചു നിമിഷം കൊണ്ടു
സാധിക്കുന്നില്ലേങ്കിൽ രാജി വെച്ചൊഴിയുണ്ണീ…!
എന്നിട്ട് മുണ്ടു മടക്കിക്കുത്തി തൂമ്പായെടുത്ത്
കിളയുണ്ണീ…!
--------------------------------------------------------
 ശൂന്യമാണെൻ ചിന്തകൾ,
ബുദ്ധിശൂന്യത പൊറുക്കണം,
ഗഹനമാണു നിൻ വിചാരങ്ങൾ,
സ്പഷ്ടമാക്കി ഗമിക്കണേ..

ചൊവ്വാഴ്ച, ഡിസംബർ 06, 2011

പഥം

തളർച്ച  അഭിമാനികൾക്കധമം!
ഭീരുക്കൾക്കുത്തമം!
ശവത്തിൽ തോണ്ടി രസിക്കും
എതിരാളികൾക്കേകുമാഹ്ലാദം!

അല്ലയോ മനമേ,
നിൻ വഴികളിൽ കരിങ്കൽ ചീളുകൾ,
നിൻ ചിന്തകളിൽ മുള്ളുകൾ,
ചിതറിയോടിയതാരാണ്?
രക്തം പൊടിയുന്ന നിൻ കൺകളിൽ
ഭീരുത്വത്തിൻ ചുംബനമേകിയതാര്?

പനിമതിയുടെ കുളിർനിലാവിൻ തലോടലിൽ
അഗ്നിയുടെ കെട്ടടങ്ങാത്ത ആവേശമായി,
ഒഴുകി നടക്കേണ്ട നിന്നെ കുരുതി കഴിച്ചതാര്?

ഫിനിക്സ് പക്ഷിയായ് പിടഞ്ഞെഴുന്നേറ്റ്
ഓരോ ചുവടും അർക്കനെ നോക്കി,
ഭൂമിയേയോർത്ത് നീങ്ങുക,
ഓരോ ഭ്രമണത്തിലും പകലു രാവിനോട്
ഉജ്ജ്വല തേരോട്ട കഥ പറഞ്ഞുറക്കട്ടേ!

അല്ലയോ മനമേ,
എന്റെ അവസാന തുള്ളി രക്തത്തിലും
ജീവന്റെ കണിക  കാണിക്കുക,
വയോധികന്റെ ചങ്ങലകൾ
ഭൂഷണമാക്കാത്ത പാദങ്ങളാൽ വഴി നടത്തുക
നിനക്കീ പാതകൾ സ്വർഗ്ഗമാകട്ടേ!
നിനക്കീയിടനേര വിശ്രമം
കുതിപ്പിനു പുണ്യമാകട്ടേ!
നിനക്കീയരനിമിഷങ്ങൾ,
ധൃതിയില്‍ വിജയസോപാന കൊടിയൊരുക്കട്ടേ!

ഞായറാഴ്‌ച, ഡിസംബർ 04, 2011

അകലം!


മുന്നോട്ട്, മുന്നോട്ട്…
അശരീരി ശബ്ദം കാതുകളിൽ,
ലക്ഷ്യ പ്രതീക്ഷ മനസ്സിൽ!
നേർ രേഖ വരച്ച്,
നടന്നു നടന്ന്
ചതുരത്തിലൊതുങ്ങിയ ജീവിതം!
ഒരു ചാൺ വയറു നിറയ്ക്കാൻ,
അടിമയായി സ്വയമർപ്പിച്ച്,
ഇടം കൈ ചൂണ്ടിയേടത്ത്,
പണിയെടുത്ത്,
വലം കൈ ചൂണ്ടിയേടത്ത്,
ശകാരം തിന്ന്
വിലങ്ങിയപ്പോൾ
പരിഹാസം കുടിച്ച്
ഓച്ഛാനിച്ച് വാങ്ങിയ ഭിക്ഷ!
ഡ്രാഫ്റ്റായി അയച്ച്,
കടമ തീർത്ത്,
ജീവിതം ഇറക്കിവെച്ച്,
കൂർക്കം വലിച്ചുറങ്ങി!

നിദ്രയുടെ അവസാന വേളയിൽ
അവളുടെ രംഗ പ്രവേശം!
ജീവരക്തത്തിന്റെ തള്ളിച്ചയാൽ
അവളെന്നെ മലിനമാക്കി!
പിടഞ്ഞെഴുന്നെറ്റപ്പോൾ
സർവ്വം മായ!

എന്റെ സാമ്രാജ്യത്തിലെ
എന്റെ പട്ടമഹിഷി പട്ടം!
എന്നിട്ടുമവൾ കയ്യെത്താദൂരത്ത്,
പരാതി പറഞ്ഞും, പിറു പിറുത്തും
വൃത്താകൃതിയിൽ  നടന്നു നടന്ന്
കാല ചക്രത്തെ ഉരുട്ടി..

തലയിൽ പൊൻ മുടി നട്ടു നനച്ചും
മീശയും മുടിയും കറുപ്പിച്ചും,
ഭ്രമണം എണ്ണി,
മനമുരുക്കി,
പരാതി ഉൾക്കൊണ്ട്
തലകുലുക്കി,
നല്ലൊരു നാളെ വിരിയിക്കാൻ
ഭീഷ്മ പ്രതിജ്ഞ!
ഞാനീ കരയിൽ
ശരശയ്യയിലിപ്പോഴൊന്ന് ..!