നോം കസേരയില്‍ വളഞ്ഞു കുത്തിയിരുന്നു ....ഒരു ഗാനം എങ്ങുനിന്നോ ഒഴുകീട്ടോ പറന്നിട്ടോ വരുന്നു... നമ്മുടെ കര്‍ണ്ണ പുടങ്ങള്‍ക്ക് അതൊരു കുളിരായിരുന്നു.. പക്ഷെ നമ്മുടെ മനസ്സിന് ഒരു നൊമ്പരമായിരുന്നു.. ചിറകു മുള ച്ചു പറന്നു പോകാറായ സംഗീത സ്വപ്നം ചിറകൊടിച്ചു താഴെയിട്ടതിനാല്‍ തകര്‍ന്നു മണ്ണടിഞ്ഞ നൊമ്പരം .!.. അക്കഥയാകാം ഇനി ..!
സാരീ.... ഗാമാ...അങ്ങനെയല്ല കുട്ടീ നിർത്തി നിർത്തിപ്പാടൂ..
നിര്‍ത്ത്യാലും നീട്ട്യാലും അറീന്നതല്ലേ പാടാന്‍ പറ്റൂ .. ...ആവുന്നതല്ലേ ചെയ്യാന്‍ പറ്റൂ ...നമ്മള്‍ പാടി ..നിർത്തി ..നിരത്തി.. പാടി...
സാ...രി.. ഗാ...മ..പ...നാട്ടാരെല്ലാം ആ നാട്ടിലെ പശുക്കളെയെല്ലാം, ഇങ്ങനെ ഒരു ടീച്ചറും ഇതു പോലെത്തെ കൊറേ ഭാഗവത ശിരോമണികളും രംഗപ്രവേശം ചെയ്യും ന്ന് മനക്കണ്ണിൽ കണ്ട്, ഇവറ്റകൾ അവറ്റകളുടെ ഗന്ധർവ്വാലാപനം കേട്ട് വിവശരായി കുറ്റീം പറിച്ച് ഏതെങ്കിലും അടുത്ത നാട്ടിലേക്ക് കുടിയേറി പാർത്ത് പിണ്ണാക്കും കാലിത്തീറ്റേം ഉപേക്ഷിച്ച് ,ശുദ്ധ വെജിറ്റേറിയൻസായി അവിടെത്തെ ആയിരക്കണക്കിനുറുപ്യ കൊടുത്തു ആർക്കും ഉപകോരോല്ല്യാതെ നട്ടു വളർത്തുന്ന പരവതാനി വിരിച്ച പോലത്തെ പച്ചപ്പുല്ലും, കുബേരകുമാരന്മാരുടെ ഉദ്യാനിയിൽ വെച്ചു പിടിപ്പിച്ച ഒട്ടിച്ചുണ്ടാക്കിയ തെങ്ങു പോലത്തെ മരത്തിന്റോലയും തിന്ന് തപസ്സു ചെയ്ത് കിടക്കുമ്പോൾ പിടിക്കപ്പെട്ട്, കസ്റ്റഡീൽ വെച്ച് തന്തേം തള്ളേം ആരെടാന്ന് ചോദിച്ച് മിണ്ടാ പ്രാണികളായ അവറ്റകളെ ഉരുട്ടേം ചവിട്ടേം, അടിക്കേം ചെയ്ത് പീഡീപ്പിക്കും പിന്നെ തടവറേലാക്കും കണ്ണീച്ചോരയില്ലാത്തോരാണെങ്കിൽ അറുത്തു കളേം , ബിരിയാണീ അരീം വെച്ച് അതിന്റൊപ്പം ഇട്ട് മുക്കറ്റം അടിച്ചു കളേം ചെയ്യുന്ന് നിരീച്ച്, ഒക്കെ വിറ്റു തൊലച്ചു ,മിൽമേടെ പാലിനായി ഭർത്താക്കന്മാരെ എണീപ്പിച്ച്, ഓടിച്ചു വിട്ട് വാങ്ങിപ്പിച്ച് കുടിക്കുന്നതിനാൽ നമുക്കൊരു വെഷമോം ഇണ്ടാർന്നില്ല തൊള്ള തുറന്നു കൂവാൻ... അതിനാൽ ഒപ്പം ഒന്നിച്ച് കാക്കാ കൂട്ടിൽ കല്ലെറിഞ്ഞ മട്ടിൽ പാടി... സാരീ.. ഗാമാ...
സാരീം ,ഗാമയും ഒന്ന്വല്ല കുട്ടീപിശാചുക്കളെ ഭാവോണ്ടാവട്ടേ..നിർത്തി നിർത്തി വിട്ട് വിട്ട് പാടൂന്നൊക്കെ ടീച്ചർ നിലോളിക്കുന്നുണ്ട്..” ഇങ്ങനെത്തെ എത്രെ ഭാവോം താളോം നമ്മൾ കണ്ടതാ.. എന്ന ഒറ്റ നിസ്സാര ഭാവം നമുക്ക്!
അതോണ്ട് വല്യ കാര്യം ഇല്ല്യാന്ന് മനസ്സിലായ ടീച്ചർ വിചാരിച്ചിട്ടുണ്ടാവണം. “…. ഒടേ തമ്പുരാൻ വിചാരിച്ചാലും നടക്കൂല... സാധകം ചെയ്യാൻ ഇവറ്റകളെ പൊഴേ കൊണ്ടു പോയി മുക്കി കൊല്ലേണ്ടി വരും... അലമ്പുണ്ടാക്കുന്ന ഇവരോ നന്നാവൂല.. അപ്പോ നാടെങ്കിലും രക്ഷപ്പെട്ടാൽ എന്റെ കേരളം എത്ര സുന്ദരം ന്ന പോലെത്തെ പാട്ട് സത്യാവും!"
മറ്റുള്ള ക്ലാസ്സിലെ ടീച്ചർമാർ കഷ്ടപ്പെട്ട് പൊലർച്ചയ്ക്ക് കെട്ടിയോനെ വിളിച്ചോണർത്തി.. ചായേം കടീം... പുട്ടും കടലേം... ചോറും കറീം.. ഒക്കെ ഇണ്ടാക്കിച്ചിട്ട് ബദ്ധപ്പെട്ട് വലിച്ചു വാരി തിന്ന് സാരീം ചുറ്റി വന്നിട്ട് ക്ലാസ്സെടുക്കുമ്പോ, വെരണ്ട് കണ്ണും തൊറന്ന് ഒറങ്ങണ കുട്യോളെ കാണുമ്പോ.." ഈകുട്ട്യോൾക്ക് അച്ഛന്മാരൊന്നും ഇല്യേ ഹോർലിക്സോ, ബോൺ വീറ്റയോ കലക്കി കൊടുക്കാൻ.,.. അമ്മമാരൊന്നും ഇല്ലേ അച്ഛന്മാരെ വിളിച്ചൊണർത്തി അതു കലക്കിപ്പിക്ക്യാൻ എന്നൊക്കെ കരുതുമ്പോ, അവറ്റകളെ രക്ഷിക്ക്യാൻ നമ്മുടെ ഗാനാലാപനം സഹായിച്ചിട്ടുണ്ടാവണം.! ആ പാവങ്ങളുടെ രക്ഷയ്ക്ക്, നോം,ക്ലാസ്സിലെ പിള്ളേർ, ടീച്ചർ അങ്ങനെ മൊത്തത്തിൽ കാലേ കൂട്ടി അവതരിച്ചിരിക്ക്യാണ്... ധർമ്മ സംസ്ഥാപനാർത്ഥം, സംഭവങ്ങൾ മുന്നേ ചൊല്യതിൻ പ്രകാരം!!
പഠിക്ക്യാൻ, ദൂരെ ചാക്കെടുത്തു പൊറത്തിട്ടിരിക്കുന്ന അയിത്തക്കാരു കുട്യോളെ പോലെ അടുത്ത ക്ലാസ്സിലുള്ളോരും നോം പാടുന്നത് ആവർത്തിക്കും!.. ഇണ്ട്.. സത്യാ...അവരൊക്കെ കണക്കു കൂട്ടുമ്പോ മെല്ലെ പാടും നമ്മളു പഠിപ്പിക്കണ സാരീ,ഗാമ..
..നമ്മളായിട്ട് ഈയ്യോം ചെമ്പുമൊന്നും അവറ്റകളുടെ കാതിൽ ഒരുക്കിയൊഴിക്ക്യാൻ പോകാറില്ല!.. പാവങ്ങൾ!.. ഇക്കാലത്ത് ഇച്ചിരി ഗാനം പഠിക്കുന്നത് ഒരു കൊറച്ചിലാ?..
അല്ല..അപ്പോ നാലക്ഷരം പഠിച്ചാല്‍ ഭാവിയിലെങ്ങാനും ഇന്നത്തെ സ്റ്റാര്‍ സിങ്ങര്‍ പോലത്തെ ഏതെങ്കിലും സ്റ്റാർ സിംഗറിൽ പാടുമ്പോ അവറ്റകളെങ്ങാനും ചോദിച്ചാ പൊട്ടിക്കരഞ്ഞു പറേം ചെയ്യാം ആ അവതാര വർഗ്ഗങ്ങളില്ല്യായിരുന്നെങ്കിൽ ഈ സ്റ്റേജിൽ നമ്മൾ നിക്കാൻ യോഗ്യരാവില്ല്യാ... ആദ്യ ഗുരുക്കന്മാരായ അവരെ ആദരിക്കേണം ന്ന്.. പിന്നെ കോളേജിലും ഇസ്കൂളിലും അവരുടെ കൈ പിടിച്ച് വന്ന് " ആ ഭാഗവതന്മാരാണ് നമ്മെ രക്ഷിച്ചതെന്ന് പറേം ചെയ്യാം.!. കുന്തം വിഴുങ്ങ്യത് പോലെ
നില്‍ക്കണ കൊറേ എണ്ണത്തിന്റെ കൂടെ, കൊറേ നേരം നമുക്ക് കോരിത്തരിച്ചു നില്‍ക്കേം ചെയ്യാം!
വടിം പിടിച്ചു നടക്കണ ചാനല് കാരോട് .. ദാ.. ആ മാന്യ ദേഹാണ് സംഭവങ്ങള്‍ക്ക് നിദാനം ന്ന്‍ പറഞ്ഞു അവറ്റകള്‍ ഒരു ഭവ്യത കാട്ടും.. ചാനലുകാര്‍ സ്വര്‍ഗ്ഗം കിട്ടിയ മാതിരി നമ്മോടു ഗുരുഭൂതവാക്യം ചൊല്ലാന്‍ പറയേം ചെയ്യും !
അപ്പോ ഇത്രേം ചെയ്യാൻ ആ ഗാനാലാപനത്തിനുണ്ടായി എങ്കിൽ നോം കൃതാർത്ഥരായിട്ടുണ്ടാകും.. ജീവനോടെ സ്വഗ്ഗത്തിൽ ടൂറടിക്കാൻ പോയി തിരിച്ചു വന്ന് ഭൂമീലെ ആളുകളെ മൊത്തം വിളിച്ചു കൂട്ടി വെടിപറയാൻ ഇരിക്കണ അവസ്ഥ!.. പക്ഷെ അക്കാലത്ത് നമ്മെ നൊമ്പരപ്പെടുത്താൻ അതൊന്നും ഇണ്ടായില്ല്യാ.. ഈ പറേണ ചാനലും, അവറ്റകളുടെ ഈ പറേണ മക്കളും വാലില്ല്യാത്ത കുഞ്ഞു കുട്ടി മക്കളും ഒന്നും പിറവി എടുത്തിട്ടുണ്ടായിരുന്നില്ല്യ...! അങ്ങിനെ കൊറേ കാലം കഴിഞ്ഞപ്പോ, കിഴക്കോട്ടോ, പടിഞ്ഞാട്ടോ, തെക്കോട്ടോ വടക്കോട്ടോ ഉദിച്ച നക്ഷത്രം നോക്കി നോക്കീ നടന്നിട്ടായിരിക്ക്യാം ഗന്ധർവ്വന്മാരോട് ഇഷ്ടം ഒള്ള ആളുകൾ ചാനലു ജനിച്ച വിവരം അറിഞ്ഞത്..! അവരങ്ങിനെ കാടും ദേശോം കടന്ന് വന്നതാണ്!... അതോടെ തൊടങ്ങീട്ടുണ്ടാവും പാട്ടും കൂത്തും സമ്മാനം കൊടുപ്പും!......നമ്മുടെ ആ സംഭവം ഒരു നിമിത്തമായിട്ടുണ്ടാകാം..നോം കൃതകൃത്ത്യനായി, കൃതാർത്ഥനായി..
പറഞ്ഞു വന്നത് വേറൊരു കാര്യം.. ഭൂത കാലത്തെക്ക് ഊളിയിട്ടു മുങ്ങി തപ്പുമ്പോൾ വർത്തമാനകാലത്തേക്ക് ഒന്നു ശ്വസിക്കാൻ വന്നൂന്നേ ഉള്ളൂ..!.. അപ്പോ തുടങ്ങ്യേടത്തേക്ക് പോവാം..!
പാവം യേശുദാസൊക്കെ ഇങ്ങനെ എപ്പോഴും പാടിക്കൊണ്ടിരിക്ക്യാണ്.. തൊണ്ടയ്ക്ക് കേടല്ലേ അത്.!..ലോക പ്രസിദ്ധി നേടീന്നും വെച്ച് നിർത്താതെ പാടിച്ച്യാൽ എന്താ കഥ!.. മനുഷ്യനല്ലേ ?.. ഉപകരണോന്ന്വല്ലല്ലോ?
നാണക്കേടല്ലേ സംഗീത ലോകത്തിന്… അപ്പോ ഗാനഗന്ധർവ്വൻ യേശുദാസിനു ഇനി പണി കൊടുത്തൂടാന്ന് വിചാരിച്ചു കച്ചേം കെട്ടി മുറുക്കി സ്വരങ്ങൾ രസത്തിലും ഭാവത്തിലും താളത്തിലും പാടിക്കൊണ്ടിരിക്കുമ്പോൾ ആ അത്യാഹിതം സംഭവിച്ചു!
ഒരു തോന്ന്യാസി ചെക്കൻ നമ്മെ ഒരു തോണ്ടൽ!
മുറുക്കിയ കച്ച ലേശം ലൂസാക്കി നോം നമ്മുടെ വിധിയെ മാറ്റി മറിച്ച ആ മർക്കടന്റെ നേരെയായി!
നോം തിരിച്ചും തോണ്ടി..!
അവൻ നമ്മെ നുള്ളി,
നോം തിരിച്ചും നുള്ളീ,..
തിരിച്ചും നുള്ളീപ്പോ.... നീങ്ങി നെരങ്ങി ഇരുന്ന അവൻ മർക്കടത്വം ഇനി ആവർത്തിക്കില്ല്യാന്ന് വിചാരിച്ചു നോം അതൊക്കെ മറന്ന് സംഗീതത്തോട് ക്ഷമസ്വാന്നും പറഞ്ഞ് വീണ്ടും സാരീയിൽ തൊടങ്ങി ഗാമയിൽ തൊട്ടു തൊഴുതോണ്ടിരിക്കണ പുണ്യ സമയം!
ടീച്ചർ അടുത്ത ക്ലാസ്സിലെ ടീച്ചറോട് അപ്പോ ഓർമ്മേൽ വന്ന എന്തോ നൊണ, ചൂടോടെ വെളമ്പാൻ പോയ തക്കത്തിനു അവൻപാത്തു പതുങ്ങി വന്ന് ഗാനാലാപനത്തിൽ ശ്രദ്ധാലുവായ നമ്മുടെ നടുപ്പൊറത്ത് കൈമടക്കി ഒന്നു രണ്ടു കുത്ത്!..
പശൂനേ പോലും മർമ്മത്തിൽ കൊണ്ടാ ചത്തു പോവും ന്ന് പേടിച്ച് അടിച്ച് ഓടിക്ക്യാത്ത നോം അവനോട് അരിശത്തിനു വിളിച്ചു പറഞ്ഞു.. ".. മഹാ നാറീ,.. ചതിയാ... തെണ്ടീ…ഒരുമ്പെട്ടോനെ… നെന്നെ ഇന്നുകൊന്നു കെട്ടിത്തൂക്കും.. ഈ കച്ചേരി ഒന്നു കഴിഞ്ഞോട്ടേ!".. വേദനേൽ പുലമ്പി പോയതാണ്… “ അടിയനോട് തെറ്റുണ്ടെങ്കിൽ പൊറുക്കണം അവിടുന്ന് ” ന്ന് പറയാൻ പറ്റീല!
അവൻ കൊഞ്ഞനം കുത്തി...
ആ ക്ലാസ്സ് വല്യ പരുക്കില്ലാതെ കഴിഞ്ഞു..!.. അവസാന ക്ലാസ്സായതിനാൽ ബാഗുമെടുത്ത് ജീവനും കൊണ്ട് അവനോടി..
“നാളേം ഇവിടേക്കു തന്നെ വരുവല്ലോ? അല്ലാതെ പെണ്ണിന്റെ കൈയ്യും പിടിച്ച് നാട്ടീന്ന് ഒളിച്ചോടീതൊന്നും അല്ലല്ലോ?” നോം കരുതി..
പിറ്റേന്ന് നമുക്ക് എന്തെന്നില്ലാത്ത ഉത്സാഹായിരുന്നു..സ്കൂളിലെ പ്രഭാത പ്രാർത്ഥന പോലെ, അവന്റെ കരണക്കുറ്റിലേ പൊഹ പറക്കുന്നത് കണ്ടിട്ടേ ക്ലാസ്സ് തൊടങ്ങൂളുന്ന് മനസ്സിൽ കണ്ടു..
അവൻ വന്നില്ല..!
നോം വെയിറ്റു ചെയ്തു..ആവശ്യം നമ്മുടേതല്ലേ.. നിർബന്ധിച്ചു കൊടുക്കുന്നതല്ലേ.. ഇഷ്ടോണ്ടായിട്ടു വാങ്ങുന്നതാണോ?...അയാൾക്ക് ആവശ്യമില്ല്യല്ലോ?.. അപ്പോ വെയിറ്റു ചെയ്യണം!
ഇല്ല …അവന്റെ പൊടി പോലുമില്ല കണ്ടു പിടിക്ക്യാൻ!
ക്ലാസ്സു തുടങ്ങി.. ആ എരണം കെട്ട പ്യൂൺ മണി ആഞ്ഞടിക്കുന്നതു വരെ നോം വെയിറ്റു ചെയ്തു.. പിന്നെ വെയിറ്റു ചെയ്താൽ ഹെഡ്മിസ്ട്രസ്സ് ആയ ആൾ വിചാരിക്കും .. അവർ ജയനായി മാറീന്ന്!.. പുണ്യമായ പെണ്ണാണ് ജന്മം ന്ന വിചാരോം മാറ്റിവെച്ച്, ജയന്റെ സ്റ്റെലിൽ വന്ന് നാലു ചോദ്യം ചോദിച്ചു ചുമ്മാ തുടയിൽ ചൂരലെടുത്ത് പെട തരും.... ഗുരൂന്റെ അനുഗ്രഹോന്നും ഇല്യാതെ, ദക്ഷിണ വെക്കാതെ നോം ഓട്ടൻ തുള്ളലു പഠിച്ചു പോവും.. നമുക്ക് അതൊന്നുമല്ലല്ലോ ആവശ്യം!... അതൊക്കെ വേണെങ്കിൽ പിന്നേം സമയോം സൗകര്യോംള്ളപ്പോ ആവാലോ?... ഇവർ കല്യാണം കഴിക്കാത്തോണ്ട്,മക്കളില്ല്യാത്തതിന്റെ വെഷമം നമ്മളോടാ തീർക്ക്വാ….റൂമീന്ന് ഇറങ്ങുമ്പോ വെഷമം വന്നൂച്ചാൽ തലയിണക്ക് പട..പടാന്ന് അടിച്ച് കോപം തീർത്ത് ഒരു സന്തോഷത്തോടെ പുഞ്ചിരിയോടെ നമ്മുടെ മുന്നിൽ വന്നാൽ, പ്രഷറും കൊറയും ഡോക്ടർക്കും മരുന്നിനും കൊടുക്കണ കാശ് ളോഹ പോലത്തെ കുപ്പായത്തിൽ ഭദ്രമായിട്ടിരിക്ക്വേം ചെയ്യും.. അറീല.. കൗൺസലിംഗിനു കൊണ്ടോണം..!.. പക്ഷെ ആര്?.. അതാ നമ്മുടെ ചിന്ന വെഷമം!
നോം പ്രതിമ പോലെ നിന്ന നിൽപ്പിൽ നിന്നും ഓടി ക്ലാസ്സിൽ കയറി!
ഒരു പിര്യേട് കഴിഞ്ഞൂന്ന് ബെല്ല് മുഴങ്ങുമ്പോ അതാ അയാള് ഹാജർ!.. ഒപ്പം ആ മഹാന്റെ പിതാശ്രീയും ഉണ്ട്.. കൊടേം കുത്തിപ്പിടിച്ച് !
"എന്താപ്പോ ഇവൻ ഈ വേഷത്തില്!".. നമുക്കാദ്യം ഒന്നും മനസ്സിലായില്ല്യ…. നേരത്തെ വന്നൂച്ചാൽ നമുക്കതൊരു ഉപകാരോം ആയി..കിട്ടുന്നോനൊരു കിട്ട്യതിന്റെ വിഷമോം മാറും!
അവർ ടീച്ചറെ പൊറത്തേക്ക് വിളിച്ചു!... ടീച്ചർ അപരാധീനെ പൊറത്തേക്ക് വിളിച്ചു!....
നോം ഇവിടില്ല്യാന്ന മട്ടിൽ നോം!
വീണ്ടും വിളിച്ചപ്പോ എഴുന്നേറ്റു വെറച്ചു, വെറച്ചു പോയി..തലകുമ്പിട്ടു നിന്നു..! നോം പ്രതികാരദാഹത്തിനായി ഹൃദയത്തെ ഇടിപ്പിച്ചത്.. ഇപ്പോ രക്ഷപ്പെട്ടാമതീന്നാക്കി ട്യൂൺ മാറ്റി വോള്യം കൂട്ടി..!..
അവനാണാദ്യം കേസ് കൊടുത്തത് ... അവനാണ് അവന്റെ പിതാശ്രീനെ വക്കീലിന്റെ കോട്ടും ഇടുവിച്ച് കൊണ്ടു വന്നത്... അപ്പോ അവനു ഒരു ഗമ!
ചോദ്യായി.." നീ ഇവനെ കൊന്നു കെട്ടി ത്തൂക്കും ന്ന് പറഞ്ഞോ?"- ടീച്ചർ.
" ഊവ്വ്!... അവൻ എന്നെ വെറുതെ കൊറേ അടിക്കേം നുള്ളേം കൊറേ കുത്തേം ഒക്കെ ചെയ്തു!.. എന്നിട്ട് ഇപ്പൊഴാ നോം അവനെ കാണണേ..."- പകരം തീർക്കാൻ പറ്റാത്ത ദേഷ്യം നമുക്ക് പരാതിയായി പൊങ്ങി വന്നു
“അപ്പോ നീ കൊല്ല്വോ"
“ഇല്ല്യ”
“പിന്നെ കെട്ടിത്തൂക്ക്വോ?”
“ഇല്ല്യ!”
വിചാരണ കേട്ട് ആ കൊശവൻ ഇളിക്ക്യാണ്... നമുക്ക് പരവേശം!
“നമ്മെ ആദ്യം നുള്ളീത് അവനാണ്.."
“നമ്മെ ആദ്യം കുത്തീതും അവനാണ്"
വീറോടെ വാദം തുടങ്ങി..
വാദി പ്രതിയായി തുടങ്ങി..
“ഇനി മേലാൽ ഇങ്ങനെ ഉണ്ടാകരുത്...ടീച്ചർ അവനോട്!
അപ്പോ അവനും തല കുമ്പിട്ടു!..
" നീയ്യെന്തു കൊണ്ട് അവന്റെ പേരിൽ നമുക്ക് അന്യായം ഫയൽ ചെയ്തു തന്നില്ല!"- ടീച്ചർ
" അവസാനത്തെ സംഗീത പിര്യഡായിരുന്നു ടീച്ചർ"- നോം
" നോം നിരപരാധീം .. അവനാണ് കുറ്റവാളീം ന്ന് തിരിച്ചറിഞ്ഞ അവന്റെ വക്കീലായ ആ പിതാവ് തന്റെ കക്ഷിയെ ജയിപ്പിക്കാനായി എല്ലാവക്കീലും ചെയ്യണ നാറിയ പണ്യെടുത്തു... അറ്റകൈ പ്രയോഗം!
" ..ഇന്നലെ സ്ക്കൂളീന്ന് വന്ന ഒടനെ അവനു പൊള്ളുന്ന പനി!... വെറലും പനീം... രാത്രീല് ഒരു പോള കണ്ണടച്ചിട്ടില്ല്യ.. ഇനി സ്കൂളി പോകൂലാ.. അവനെന്നെ കൊല്ലും ന്ന് പറഞ്ഞ് രാത്രീല് ഞെട്ടി ഞെട്ടി നെലോളിക്ക്യാ... അതാ ഞാൻ വന്നത്!"
എന്തൊക്കെയാ വീട്ടിൽ പോയി ആ മഹാപാപി പറഞ്ഞു കൊടുത്തത്, ചെയ്തു കൂട്ട്യത്.. നോം തലേൽ കൈവെച്ച് പോയി.. സങ്കടപ്പെട്ടു.. അവന് സ്കൂളില് വെരണ്ടേങ്കില്.. കച്ചേരി നടത്താൻ സാധകം ചെയ്യുന്ന നമ്മേ മാത്രേ കിട്ടിയുള്ളൂ.. വേറെ എത്ര അടി കിട്ടിയാൽ പൊറകെ വീടുവരെ പോയി അടിച്ചു ഷെയിപ്പെന്നെ മാറ്റാൻ ത്രാണീയുള്ള തല തെറിച്ചു നടക്കണ പിള്ളേരുണ്ട്! .. ഷെയിം ഓൺ യൂ.. ഫ്രെൻഡ്.. ഷെയിം!!
" .. ഇനി ഇങ്ങനെ ഇണ്ടാവരുത്.. കേട്ടല്ലോ?.. രണ്ടാളോടുമാ പറേണത്...."-ടീച്ചർ.
"....കുത്തും അടീം കൊണ്ടു പോരാത്തതിനു പിന്നേം അടി തന്നോനോട് മാപ്പു പറയാൻ ഈ ജന്മം ഇനിയും ലേശം ബാക്കി.."- നോം വെഷെമിച്ചോണ്ട് നിന്നു!
."...ഉം രണ്ടാളോടുമാണ് പറഞ്ഞത്..ട്ടോ!" ആദ്യായി കിട്ടിയ കേസ് തീർപ്പാക്കിയ ഗമേൽ ഇന്നതു പറയാംന്നൊന്നും ഇല്യ ടീച്ചർക്ക്!
"നോം തല കുലുക്കി.. അവനും!" മേപ്പടി വക്കീൽ അതായത് അവന്റെ പിതാശ്രീ അവനെ കെട്ടിപ്പിടിച്ച് പറഞ്ഞു “ഇനി ഒന്നും ഇണ്ടാവില്ല്യ.. ക്ലാസ്സീ പോയി ഇരുന്നോ?”
നോം മനസ്സിൽ പറഞ്ഞു “പിന്നേ വന്ദ്യനായ അവന്റെ പിതാവേ..അവനേം മടീൽ വെച്ച് താങ്കളും കൂടി ക്ലാസിൽ ഇരുന്നോ?..അപ്പോ പിതാവും, പുത്രനുമായല്ലോ?... ഇനി നാളെ വരുമ്പോ മാതാവിനേം കൂടെ കൂട്ട്യാൽ കുടുംബം മൊത്തത്തിലായി.. പിന്നെ താരാട്ടു പാടി കുട്യ ഒറക്കാം...നമ്മോടായോണ്ട് രക്ഷ ..മറ്റു പിള്ളേരോടാണെങ്കി അവന്റെ മൊഖത്തിന്റെ ഷെയിപ് മാറ്റിയതും കൊണ്ട് കെട്ടി പിടിച്ചു പോവാരുന്നു..!:”
അവൻ പേടി അഭിനയിച്ചു ക്ലാസ്സിലേക്ക് നടന്നു.. "..ഇവനെ സിനിമേൽ കയറ്റിയാ അവാർഡ് ഒറപ്പാ" നോം കരുതി...
ഇനി എന്തേങ്കിലും ചെയ്യുന്നത് കോടതി അലക്ഷ്യാവും... പ്രശ്നാവും.. നോം വേദന ഒക്കെ സഹിച്ചു!..പിന്നെ അവനോട് കളിക്കുന്നത് സൂക്ഷിച്ചാണ്.. അടീം തന്ന് പിന്നേം കേസും കൊടുത്താൽ, നമ്മുടെ വീട്ടിലെ വക്കീലന്മാർ ആരും വാദിക്ക്യാൻ വരില്ല!.. അവരൊക്കെ വല്യ സുപ്രീം കോടതീലേ വാദിക്കൂന്ന ഒരു ഭാവോം പെരുമാറ്റോം!... എന്തെങ്കിലും ഉണ്ടായാൽ കേസ് ഏറ്റെടുത്ത് നടത്തേണ്ടതിനു പകരം ഒരു കത്തെഴുതി ഭദ്രമായി ഒട്ടിച്ച് നമുക്ക് തന്നയച്ച് പറേം.. സ്കൂളിലെ ഹെഡ്മാഷിനു തന്നെ കൊടുക്കണം.. അവരാവുമ്പോ ഇതിനൊരു പരിഹാരം എളുപ്പം തരും.. ഒക്കെ ശരിയാവും.. ഒന്നും പേടിക്കേണ്ട.. ധൈര്യായി പോയ്ക്കോ.. അതിൽ ഇങ്ങനെ എഴുതീട്ടുണ്ടാവും..
".. ഈ കത്തും കൊണ്ടു വരുന്ന മേപ്പടിയാന്.. നിങ്ങളാൽ കഴിയുന്ന സഹായമായി അടീം തൊഴീം കൊടുത്ത് കേസ് എത്രയും പെട്ടെന്ന് ഒതുക്കിക്കളയാൻ താൽപര്യം!..ഇതിനു വരുന്ന കഷ്ടനഷ്ടങ്ങൾക്ക് ഉത്തരവാദിത്വപ്പെട്ടവരാണ് ഇതു പറയുന്നതെന്ന് ഇതിനാൽ സാക്ഷ്യപ്പെടുത്തുന്നു"
എന്ന് ഒപ്പ്!"
അപ്പോ അതു വേണ്ട..
ചെലരൊക്കെ മക്കളെ സ്നേഹിക്കുന്നത് കണ്ടു പഠിക്കണം...... ചെലപ്പോ പണ്ടൊക്കെ മാതാശ്രീ തമാശയായി പറേണത് സത്യായിരിക്ക്വോ..." .. നിന്നെ തോട്ടിൻ കരേന്ന് നെലവിളിച്ചോണ്ടിരിക്കുമ്പോ കിട്ട്യതാ..".. ഇതൊക്കെ കാണുമ്പോ ഒരു സന്ദേഹം.. ഇല്ലാച്ചാൽ നമ്മേം അകമൊഴിഞ്ഞു സ്നേഹിച്ചാലെന്താ?.. നോം പന പോലെ വളർന്ന് പന്തലിക്കൂലേ..!
അവൻ വളർന്നു പന്തലിച്ചു..നമ്മോട് വല്യ കാര്യാണ്.. പക്ഷെ നമുക്ക് ലേശം പേടീം!
ഇപ്പോൾ അവൻ മെഡിക്കൽ റപ്പാണ്.. ബൈക്കിലാണ് യാത്ര!... അവന്റെ പിതാശ്രീനേം പൊക്കിയെടുത്തോണ്ട് വന്നിട്ട് പാവം ഡോക്ടർമാരേം എന്തെങ്കിലും കുനുഷ്ട് കൊണ്ട് ഒതുക്കുന്നുണ്ടാവ്വോ ആവോ?..
ചോദിക്ക്യാനും പറയാനും ഒരു ബലോം ഇല്യാത്ത ആളൊൾക്ക് എവിടെ പോയാലും എപ്പളും കഷ്ടപ്പാടാ.. നൊം നെടുവീർപ്പിട്ടു..
"നിര്‍ത്ത്യാലും നീട്ട്യാലും അറീന്നതല്ലേ പാടാന്‍ പറ്റൂ", " ഗുരൂന്റെ അനുഗ്രഹോന്നും ഇല്യാതെ, ദക്ഷിണ വെക്കാതെ നോം ഓട്ടൻ തുള്ളലു പഠിച്ചു പോവും.. " ഇത്തരം പ്രയോഗങ്ങളൊക്കെ ഒത്തിരി ഇഷ്ടപ്പെട്ടൂട്ടോ... :)
മറുപടിഇല്ലാതാക്കൂ@ lipi ranju
മറുപടിഇല്ലാതാക്കൂതാങ്കളുടെ വിലപ്പെട്ട സമയത്തില്‍ ഒരു ഭാഗം എന്റെ ബ്ലോഗു വായനയ്ക്കായി ചിലവഴിച്ചതിനു നന്ദി അറിയിക്കുന്നു...
ഇഷ്ടായി ..
മറുപടിഇല്ലാതാക്കൂ@ Satheesan .Op
മറുപടിഇല്ലാതാക്കൂ@ കുസുമം ആര്‍ പുന്നപ്ര
വായനയ്ക്കാ നന്ദി അറിയിക്കുന്നു...