പേജുകള്‍‌

തിങ്കളാഴ്‌ച, ഫെബ്രുവരി 10, 2014

തണൽ

നശിക്കപ്പെട്ടേക്കാം,
എങ്കിലും പതറിച്ചയില്ലാത്തത്,
പർവ്വതങ്ങൾക്കാണ്‌,
വലീയ മനസ്സുള്ളവർ.

കരളും ചങ്കും ഹൃദയവും
തുരന്നെടുക്കുമ്പോഴും,
നശിക്കുന്നതെന്നും
തുരന്നെടുക്കുന്നവരാണെന്നറിയാത്തവർ,
തുരന്നു കൊണ്ടേയിരിക്കും!
സ്വന്തം ശവക്കുഴി
തോണ്ടിയൊതുക്കുംവരെ!

തളർച്ചയില്ലാത്തതെന്നും
തണൽ മരങ്ങൾക്കാണ്‌,
തണൽ കൊള്ളുന്നവരിൽ ചിലർ,
ചാഞ്ഞു ശയിച്ച്,
മുതലെടുപ്പ് നടത്തി,.
ക്ഷീണം മാറുമ്പോൾ
ആർത്തു വിളിച്ചു കോടാലി വെക്കുന്നവർ!

എങ്കിലുമവരുടെ തണലിൽ വളർന്നവർ,
 ഉടലു കടഞ്ഞെടുത്തു,
ണ്ടാക്കിയ കസേരയെടുത്ത്,
അവരുടെ തന്നെ നെഞ്ചത്തു കയറിയിരുന്ന്,
വെടിപറയുമ്പോൾ,
ഹാ കഷ്ടം!..

എന്നൊന്നു പറഞ്ഞു പോകുന്നു.

പഷ്ണിക്കാർ


നാവു ചവയ്ക്കുമ്പോൾ
ഇടയ്ക്ക് പുറത്തേക്കെറിഞ്ഞു
പറഞ്ഞു നല്ല രുചിയാണെന്ന്,
പല്ലുകൾ പരസ്പരം വെറുതെ,
അരയ്ക്കുമ്പോൾ പറഞ്ഞു,
മൊതിഞ്ഞെന്ന്,
വെള്ളം മടമടാന്ന് കുടിച്ചു
പറഞ്ഞു വയറു നിറഞ്ഞെന്ന്..
പിന്നെ വയറു തടവിക്കിടന്നു..

വലിച്ചു വാരി തിന്നിട്ട്
ദഹിക്കാഞ്ഞിട്ടല്ലേ
ആളുകൾ ഇങ്ങനെ 
ചത്തു പോകുന്നതെന്ന്,
വോട്ട് കിട്ടി മാളീകേൽ
ചാരുകസേരയിൽ,
കിടക്കുന്ന വല്യമ്പ്രാൻ!

കോളാമ്പി പിടിച്ചോരും,
ചാമരം വീശുന്നോരും തലയാട്ടി,
പിന്നെ ചെണ്ടകൊട്ടി.
വല്യമ്പ്രാനുമുണ്ടത്രെ,
പ്രഷറും ഷുഗറും,
കൊളസ്ട്രോളും,
പിന്നെ ഇതൊക്കെ കേൾക്കുമ്പോൾ

വല്ലാത്ത ദഹനക്കേടും.

ഞായറാഴ്‌ച, ഫെബ്രുവരി 09, 2014

യാത്ര!

തുടിക്കുന്ന ഹൃദയങ്ങളായിരുന്നു
 ഫോണിന്റെ ഇരു തലയ്ക്കലും.

നാളെയെന്നതൊരു നീളെയാകുന്നോ
എന്നവൾ സംശയിച്ചു,
അവനും!

അന്നവന്റെ ഹൃദയം
വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു,
ധരണിയുടെ കോണിലൊരിടത്ത്,
ഉറക്കമിളച്ച് കാത്തിരിക്കുന്നവളെ കാത്ത്......

അന്നവളുടെ മനസ്സും
വല്ലാതെ തുടിക്കുന്നുണ്ടായിരുന്നു,
ധരണിയുടെ മറ്റൊരു കോണിൽ
ഉറക്കമിളച്ച് കാത്തിരുന്നേക്കാവുന്ന മറ്റൊരു
വേഴാമ്പലിനെ കാത്ത്...

പാതിരാവൊന്നങ്ങു   പോയൊളിചപ്പോൾ,
പൂങ്കോഴിയുടെ നാദമായി ഫോണുണർന്നു,
പക്ഷെ അന്നയാളുണർന്നില്ല,
ശാശ്വത സത്യമായി,
സെറ്റിയിലിൽ ചുരുണ്ടുകൂടി വിറങ്ങലിച്ച്

കെട്ടിയ പെട്ടിയും,
ബ്രീഫ്കേസും അയാളെ നോക്കി പല്ലിളിച്ചു!

മരുഭൂമിയിലെ ഈയാം പാറ്റകൾ

മാറ്റുരച്ച് ,മാറ്റുരച്ച് മൂല്ല്യം നഷ്ടപ്പെട്ടവനേ,
ഇന്ന് നീയൊരു മിനിമം ഗ്യാരണ്ടി
പോലുമില്ലാത്ത ആഭരണം!
തിളക്കം നഷ്ടപ്പെടുമ്പോൾ,
മൂലയിലെവിടെയെങ്കിലും,
ഒളിച്ചിരിക്കേണ്ടവൻ,
അല്ലെങ്കിൽ ഉപയോഗശൂന്യനായി,
വലിച്ചെറിയപ്പെടേണ്ടവൻ!

ഈയ്യാമ്പാറ്റകൾ മെഴുകുതിരി കണ്ട്,
ഭ്രമിക്കുമ്പോലെ ,
തീയിൽ ചാടി ചിറക് കരിയുന്നവനേ,
തീപ്പൊള്ളി മരിക്കുന്നവനേ..,
ദാരുണമായ അന്ത്യമെന്നതിനെ,
ആരും വിശേഷിപ്പിക്കാറില്ല
അതിഭാവുകത്വം കലർത്തി,
ആരും കരയാറുമില്ല,
ഈയ്യാമ്പാറ്റകൾക്ക്,
ആരും റീത്ത് സമർപ്പിക്കാറുമില്ല,
പിന്നെയവരെ ഓർക്കാറുമില്ല,

ഓരോ മരുഭൂമിക്കും ലക്ഷക്കണക്കിനു,
ഈയാമ്പാറ്റകളുടെ കരിഞ്ഞ മണമുണ്ട്,
കഥ കേൾക്കുമ്പോഴൊക്കെ,
ആളുകൾ പുളുവെന്നു കരുതി
ഒരു ചെവിയിലൂടെ കേട്ടത്,
മറു ചെവിയിലൂടെ പറത്തി വിടും!
അല്ലെങ്കിലിന്നാർക്ക്,
കദനത്തിൽ പൊതിഞ്ഞ
പെരും കഥകേൾക്കണം,
നാണ്യങ്ങളുടെ കിലുക്കം മാത്രമുള്ള,

പുതുകഥകളല്ലാതെ..!

മൗനിയായ്
കണ്ണാടിയിൽ നോക്കുമ്പോൾ,
കണ്ണാടി പറഞ്ഞു,
പോകാം ല്ലേ... നാട്ടിലേക്ക്,
മുഖത്തെക്ക് നോക്കിയപ്പോൾ,
മുഖം പറഞ്ഞു.
പോണം ലേ.. അതിനുള്ള പക്വതയായോ?

പണ്ടു പണ്ടൊരുകാലം,
അന്നു പെട്ടി ചുമക്കാൻ ആളുണ്ടായിരുന്നു..
കാറിലിരിക്കാനും കോളുവാങ്ങാനും ആളുണ്ടായിരുന്നു,
കാലത്തിന്റെ മാറ്റം നമ്മളുൾക്കൊള്ളുമ്പോൾ
പക്വതയെ തോളിലേറ്റി വടി കുത്തിയോ,
അതോ പെട്ടിയിൽ ആളുകളാൽ ചുമക്കപ്പെട്ടോ,
ഇനി  നമ്മൾ എങ്ങനെയാണ്‌ നാട്ടിലെത്തേണ്ടത്?

വെള്ളിയാഴ്‌ച, ജനുവരി 31, 2014

നയം

രാജ്യം സ്വാതന്ത്ര്യമായപ്പോൾ,
കാവല്ക്കാരനെ നിയമിച്ചു,,
ജനാധിപത്യ വീട്ടിൽ
വിശ്വസ്ഥനായ കാവല്ക്കാരൻ!

വിധിയെഴുതിയ യജമാനനെ
കാണുമ്പോൾ,
ഉമ്മറത്തെ കാവല്ക്കാരൻ,
കുരയോടു കുര!

പിന്നെ  ജനാധിപത്യത്തിന്റെ
അടിത്തറമാന്തിക്കിളച്ച്,
വേർപിരിച്ചിട്ട്,
ന്യൂനനും ഭൂരിയുമാക്കി,

അരിശം തീരാതെ,
ശൂദ്രനും ചണ്ഡാളനുമാക്കി,
കടിച്ചു കുടഞ്ഞിട്ട്,
ശൂന്യനും, ധനികനുമാക്കി.

പിന്നെ വീടിനു ചുറ്റുമോടി.
ക്ഷീണിച്ചപ്പോൾ,
ചെവി കൂർപ്പിച്ച്, കിടന്നുറങ്ങി,
യജമാനനെത്തുമ്പോൾ,
പിന്നെയും കുരയ്ക്കാൻ!

ശനിയാഴ്‌ച, ജനുവരി 25, 2014

അയാൾ..

ഹൃദയരക്തം ചാലിച്ചു കണ്ണെഴുതി,
തിരിഞ്ഞു നില്ക്കുമ്പോഴാരോ,
പുറത്തു തട്ടുന്നു,
പിന്നെയൊരു വാക്ക്,
"നിന്റെ യാതനയെനിക്കറിയാം",
അപ്പോൾ അടഞ്ഞ വാതിൽ വിടവിലൂടെ,
മറ്റൊരാളുടെ ചെവിയിൽ തട്ടി,
പൊട്ടിച്ചിരിയോടൊപ്പം
പുറത്തെത്തിയ വായുവിൽ,
മുൻപ് അലിഞ്ഞു ചേർന്നതോ?
ഹിമാർഎന്നൊരു മൂന്നക്ഷരം?
ചെയ്യാത്ത കുറ്റത്തിന്റെ വിഴുപ്പു ചുമന്ന കൂലി!

വീണ്ടും തുളഞ്ഞു കയറുന്ന വിശപ്പു കൊണ്ടു
തുലഞ്ഞു പോയ ഉദരത്തെ ബെൽ റ്റു കൊണ്ട്,
മുറുക്കി ക്കെട്ടി സാന്ത്വന്വിപ്പിച്ച്,
ചായ കോപ്പയും,
ബിരിയാണി പാത്രവുമായി അയാൾ നീങ്ങി,
ആട്ടും തുപ്പും കേട്ടുകൊണ്ട്
മരുഭൂവിന്റെ മക്കളുടെ അടുത്തേക്ക്,
ഇടയിൽ വെറുതെ ചിന്തിച്ചു.
"അദ്ദേഹമെന്റെ യാതന,
മനസ്സിലാക്കുന്നുണ്ടാകണം!"

നടു നിവർക്കാൻ കിട്ടിയ ഇടവേളയിൽ,
സന്തോഷത്തോടെ വീട്ടിലേക്കൊരു ഫോൺ....
അവിടെയാരും ഉണ്ടായിരുന്നില്ല..
എന്നും മിച്ചം വന്ന സന്തോഷം
കച്ചവടമാക്കാൻ പോയവരെ കാത്ത്,
ഫോണുറങ്ങുമ്പോൾ,
കബ്ബൂസിന്റെ രുചിയോടൊപ്പം
 ഒരു കട്ടൻ ചായ മോന്തി,
ചുമടെടുക്കുന്ന
മറ്റുള്ള ഇരുകാലികളായ നാല്ക്കാലികളോട്,

അയാൾ വീമ്പ് പറഞ്ഞു.
"ഒരു പാട് ഉടുപ്പുകൾ
നാട്ടിലേക്ക് അയച്ചിട്ടുണ്ട്..
..ന്നാലും.."
"കുറച്ച് തരണം
നിന്റെ അറബി കുട്ട്യളുടെ ഉടുപ്പ്..
ന്റെ കുട്ട്യൾക്കും അയക്കാനാ“
മറ്റൊരുവൻ!

അറബി കുട്ടികൾ ഉപയോഗിച്ച്
വലിച്ചെറിഞ്ഞ ഒരു കെട്ടുടുപ്പ് 
അയാൾ അവനു സമ്മാനിക്കുമ്പോൾ,
ആ കണ്ണുകളിലും ഒരു തിളക്കം!

ചൊവ്വാഴ്ച, ജനുവരി 21, 2014

ഏമാനും ,അമ്പട്ടന്മാരും

നികുതിയിലിട്ട്
വറുത്ത് കോരിയെടുത്ത്,
തീന്മേശയിൽ വെച്ച്,
മുറിച്ച് കോരിത്തിന്നു,
ഏമാനും ഏമാന്റെ അമ്പട്ടന്മാരും!

കൊതി തട്ടാതിരിക്കാൻ,
വെള്ളമൊലിപ്പിച്ച് കരഞ്ഞോർക്ക്,
ഇലയിൽ നിന്നും
നുള്ളിയെടുത്തെറിഞ്ഞു കൊടുത്തു,
എല്ലിൻ കഷ്ണവും,
ഇത്തിരി മസാലയും.

കണ്ണുമിഴിച്ചോർക്ക്,
തിളയ്ക്കുന്ന നികുതിയിൽ
നിന്നും ഒരു തുടം
ചൊരിഞ്ഞൊഴിച്ചു കൊടുത്തു,
ദയാദാക്ഷിണ്യമായി,

പിന്നെ പെരുവയറു തടവി,
തലങ്ങും വിലങ്ങും
ഉലാത്തി,
ചാരുകസേരയിലിരുന്ന്,
നാലും കൂട്ടി മുറുക്കി പറഞ്ഞു,
“അത്താഴപഷ്ണീക്കാരുണ്ടോ ചോദിക്ക്വാ? ”
വിളിച്ചു ചോദിച്ചു,
“അത്താഴപഷ്ണീക്കാരുണ്ടോ? ”

ഉണ്ടെന്നാർത്തു വിളിച്ചടുത്തോരെ,
തള്ളിയിട്ടു അമ്പട്ടന്മാർ പറഞ്ഞു,
“തിന്നാലും തിന്നാലും
ആർത്തി തീരാത്ത ജന്മം!”
“ അഹമ്മതി,, അഹമ്മതി.."
ഏമാൻ പിറു പിറുത്തു!

വീണ്ടും മുണ്ടു മുറുക്കി,
തിരിഞ്ഞു നടന്നോനെ,
നികുതിയിലിട്ട് നന്നായി
വറുത്തെടുക്കാൻ
അമ്പട്ടന്മാർ ഏമാനോടു പറഞ്ഞു!