പേജുകള്‍‌

ശനിയാഴ്‌ച, ഡിസംബർ 28, 2013

പരാജയം-2

"നിനക്കൊന്നും പറയാനില്ലേ?"
അവരുടെ ചോദ്യശരങ്ങൾ!
പറയാനൊരുപാടുണ്ടായിരുന്നു,
പാതിയടഞ്ഞതൊണ്ടയിൽ നിന്ന്,
തെറിച്ചു വീണ വാക്കെടുത്ത്,
വരളുന്ന നാവിലിട്ട്,
പുറത്തിട്ട് കിതച്ചു..
അപ്പോഴവരുടെ പൊട്ടിച്ചിരി,
ശൂന്യമായ മനസ്സെന്നപോലെ,
ശരീരത്തേയും ശൂന്യമാക്കി.

ഒരുവിധം രക്ഷപ്പെട്ട്
തിരിച്ചു വന്നു.
പിന്നെ ഞാനെന്റെ ശരീരത്തേയും,
മനസ്സിനേയും കണ്ണീരിന്റെ അകമ്പടിയോടെ,
അന്വേഷിച്ചു നടന്നു..
"നീ രക്തമാകുന്നു.....
മജ്ജയാകുന്നു......
ആത്മാവാകുന്നു.....
ശരീരമാകുന്നു.....
എന്നൊക്കെ ഓർമ്മിപ്പിക്കാൻ
ആരോ തട്ടിയുണർത്തി
പേരു വിളിച്ചു!
ഞാൻ വെറുമൊരു പേരുമാത്രമാകുന്നു..
എന്ന അറിവോടെ തിരിഞ്ഞു നിന്നു,
പുഞ്ചിരിച്ച് കുശലം പറഞ്ഞു.
എന്തു പറഞ്ഞുവെന്ന് ഓർമ്മയിലപ്പോൾ
ഉണ്ടായിരുന്നില്ല,
എന്തു കെട്ടുവെന്നും!

ആത്മാവും ശരീരവും എന്നെ വിട്ടകന്നുവെന്ന്
എന്റെ മനം  പൊളിപറഞ്ഞു വിശ്വസിപ്പിച്ചതോ?
അതോ മായയോ?
ആവശ്യ ഘട്ടത്തിൽ വാക്കുകളെ മായിച്ച്,
എന്തിനായ് മായ കാട്ടുന്നു?
എന്നു ചോദിച്ചപ്പോഴൊന്നും
ഉത്തരമുണ്ടായിരുന്നില്ല!

പരാജയം

എല്ലാ പുഞ്ചിരിയേയും
ഞാൻ സ്വീകരിക്കുമ്പോഴും,
മുളം തണ്ടിലേറിയോരെൻ പുഞ്ചിരി ചുമന്ന മനം
ചുടുകാട്ടിലെ ചിതയിലേക്കവയെ
എടുത്തു വെക്കുകയായിരുന്നു..
അവരെന്നെ അഹങ്കാരിയെന്ന് വിളിക്കുമ്പോഴും,
മുന്നിൽ നിന്ന് പല്ലിറുമുമ്പോഴും,
ഞാനറിഞ്ഞിരുന്നില്ല.
അപ്പോഴെല്ലാം,
മനസ്സിനേറ്റ ആഘാതം
ഭുജിച്ചു തീർക്കാനാകാതെ,
ഞാനേതോ ഭുവനത്തിലെ
അതിഥിയായിരുന്നു.
-----------

ശനിയാഴ്‌ച, ഡിസംബർ 21, 2013

മദവും മനുഷ്യനും!

മതങ്ങളെ മനുഷ്യൻ സ്നേഹിച്ചു,
സ്നേഹിച്ച് ഞെക്കി കൊന്നു,
പിന്നെ പിഴിഞ്ഞെടുത്ത്
മായം ചേർത്ത് കുപ്പിയിലാക്കി,
ചിലർ പിണ്ടിയെടുത്ത്, നവസാരവും,
 ബാറ്ററിക്കരിയും തേരട്ടയും ചേർത്ത്
വാറ്റി, വാറ്റി,
കയറ്റിയയച്ചു കുബേരരായി,
ചിലർ ഇറക്കുമതി ചെയ്ത് വമ്പൻ സ്രാവുമായി!

മദമിട്ടു വാറ്റിയ,
വിദേശി വാറ്റും സ്വദേശിവാറ്റും
 ഇഷ്ടപ്പെട്ടോരും വാങ്ങിയോരും
കുടിച്ചു കുടിച്ച്,
ആടിയാടി, ഗുണ്ടയായി, തെണ്ടിയായി,
എരപ്പാളിയായി,ഉന്മാദിയായി,!

മതി കെട്ട മാനവനും
മദമിളകിയ വിശ്വാസിയും
വീര്യമേറിയ വാറ്റ്,
എന്റേത് , നിന്റേതെന്ന്
പരിഹസിച്ചാർത്തപ്പോൾ..
പോർവിളിച്ച് കയർത്തപ്പോൾ..
ഗതിമുട്ടിയ സാധാരണ ജനങ്ങൾക്ക്
ഭൂമിയിലിടമില്ലാതായി,
ദൈവത്ത വിളിച്ചു കരഞ്ഞു..കരഞ്ഞ്.!

അയാൾ...

അയാൾക്കൊരുപാട്
പറയാനുണ്ടായിരുന്നു.
അവയിൽ ചിലത്,
ഏടുകളിൽ കുറിക്കപ്പെട്ടിരിക്കണം!
ഏടുകൾ മറിച്ചു നോക്കി,
അയാളുടെ ചരിത്രം അതിലുണ്ട്...
വായിക്കപ്പെട്ടതിങ്ങനെ..

“ആളുകൾ പറയുന്നുണ്ടാകണം
 ഞാൻ അഹങ്കാരിയാണെന്ന്!
നുകം വെച്ചു നടക്കുമ്പോൾ
കാളകൾ
ഉഴുതു മറിച്ചിടേണ്ട കൃഷിസ്ഥലമാണ്‌ കാണുന്നത്,
തീർക്കേണ്ട പാടങ്ങളും!
പിന്നെ മുതികിലേക്കുന്ന അടിയും!
തെളിക്കുന്നവന്റെ ക്രൂരതകൾ എന്നിൽ അടയാളമായി
പതിയുന്നുണ്ടോ?
തലച്ചോറിന്റെ സ്പന്ദനങ്ങളിൽ
വേദനയുടെ സംവേദനം!
ഹൃദയത്തിൽ കിനിഞ്ഞിറങ്ങുന്ന
വിങ്ങൽ!
ക്ഷീണം തീർക്കാനുള്ള ഇടവേളകളിൽ
നിവർന്നൊന്നു നില്ക്കുമ്പോൾ
ആളുകൾ പറയുന്നുണ്ടാവണം
ഞാനൊരു നന്ദിയില്ലാത്തവനാണെന്ന്!

ആളുകളെ നീയെന്തിനു ശ്രദ്ധിക്കണം?
എന്നൊരു ചങ്ങാതീ,
ആളുകൾക്ക് അവരെ ശ്രദ്ധിക്കാനുള്ള
സമയം കൂടിയില്ലത്രെ!

എന്നിട്ടും...
ആളുകൾ പറയുന്നതും നോക്കി,
ആളുകളുടെ നിഴലാട്ടം ഭയന്ന്..
ഞാനെന്റെ മനസ്സിന്റെ നിലവറയിൽ
അടച്ചു പൂട്ടി കിടന്നു..
ശീതമുണ്ടോ?...
പനിക്കുന്നുണ്ടോ?
എന്നൊന്നും ആരും ചോദിക്കാനുണ്ടായിരുന്നില്ല!
ആളുകൾ വരും
ഞാൻ തളർന്നു കിടന്നാൽ പിടിച്ചെഴുന്നേല്പിക്കാൻ..!
അല്ലെങ്കിൽ ആളുകൾ വരും
ഞാൻ മരിച്ചെങ്കിൽ എടുത്തു കുഴിച്ചിടാൻ..!.”

വൃഥാ സ്വപ്നങ്ങളുമായി
അയാൾ കഴിച്ചു കൂട്ടിയിട്ടുണ്ടാകണം
വീണ്ടും അയാൾ നുകം വെച്ചു നിലമുഴുതു മറിച്ചിട്ടുണ്ടാവണം..!
ഒരിറ്റു ജീവ ജലത്തിനു നിലവിളിച്ചിട്ടുണ്ടാകണം..!
പക്ഷെ.....
കുനിഞ്ഞു മടങ്ങിക്കിടന്ന..
അസ്ഥിയിൽ നോക്കി ഞാനിരുന്നു!
ആളുകൾ എന്തെങ്കിലും വിചാരിച്ചിട്ടുണ്ടാകുമോ?

വെള്ളിയാഴ്‌ച, ഡിസംബർ 20, 2013

ഒരു നിമിഷം!

യ്യോ.. ഞാനെന്റെ പേര്‌ എവിടെയോ മറന്നു വെച്ചു,
ചിതലു തിന്ന താളുകൾ
മറിച്ചിട്ടും, വായിച്ചിട്ടും.....!

പോം വഴി തേടി പകച്ചിരിക്കെ,
പിൻ വിളി വിളിച്ച് ഒരുവൻ,
ശബ്ദം അരോചകമായിരുന്നു..
എന്നെ തന്നെയോ വിളിച്ചത്?..
തിരിഞ്ഞു നോക്കി.

കടുപ്പിച്ചൊരു നോട്ടത്തോടെ,
എന്നെ ചൂണ്ടി,
പിന്നെം അവന്റെ വിളി,
മനസ്സിലായില്ല്യോടാ?

ചിതലു കാർന്നു തിന്ന്, തിന്ന്,
ഓട്ട വീണിടങ്ങളിൽ പരതി,
മുഖമോർമ്മയുണ്ട്,
തെളിഞ്ഞു വരാത്തത് പേര്‌,

“ഊവ്വ്,” സുഖമാണോ നിനക്കെന്ന
ആമുഖത്തോടെ,
പേരു തിരഞ്ഞു തിരഞ്ഞു,
ചിതലു തിന്നാത്ത ഭാഗം
ചികഞ്ഞെടുത്തു പറഞ്ഞു
പിന്നെ ചിരിച്ചു,
കൈ കൊടുത്തു പിരിഞ്ഞു.
ഭാഗ്യം അവനെന്റെ പേരു മറന്നില്ല!

പിന്നെ വീണു കിട്ടിയ
എന്റെ പേരെടുത്ത് ചുമന്നു
നടന്നു!
ഇനിയും മറന്നു വെച്ചു പോകുമോ
എന്റെ പേര്‌?
ഇനിയും എന്റെ പേരെടുത്തു
ചുമലിൽ വെക്കാൻ അവരും മറക്കുമോ?
ഇനി വീട്..........?


മൂഷിക സ്ത്രീ പിന്നേം...

ഞാൻ ചത്താലും
തിരുമേനി ചത്താലും
മേനി പുഴുക്കൾ തിന്നോ
തീയ്യിൽ പെട്ടോ മണ്ണോടു ചേരും

എന്നിട്ടും ഞാൻ ചത്തപ്പോൾ
അജ്ഞാതൻ
തിരുമേനി ചത്തപ്പോഴതൊരു  ചരിത്രം!
ഞാൻ ചത്തപ്പോ ചത്തുവെന്നും
തിരുമേനി ചത്തപ്പോൾ
സൂര്യൻ അസ്തമിച്ചെന്നും!

ഞാൻ ജനിച്ചപ്പോഴും
തിരുമേനി ജനിച്ചപ്പോഴും
തൊള്ളകീറി കരഞ്ഞു.

ഞാൻ തിന്നുമ്പോൾ
പോങ്ങുന്നവനും
തിരുമേനി തിന്നുമ്പോൾ
അമൃതേത്തും!

ഞാൻ കുളിച്ചപ്പോൾ
കാക്ക കുളി,
തിരുമേനി കുളിച്ചപ്പോൾ
നീരാട്ട്!

ഞാൻ ഉറങ്ങുമ്പോൾ
ചുരുണ്ട് കിടപ്പ്!
തിരുമേനി ഉറങ്ങുമ്പോൾ
പള്ളിയുറക്കം!

എന്റെ ഉണർത്ത്,
ചവിട്ടുണർത്ത്,
തിരുമേനിയുടേതോ,
പള്ളിയുണർത്ത്!

എന്നിട്ടും ഞാൻ തല തല്ലി കരഞ്ഞും.
തിരുമേനി തല തല്ലി ചിരിച്ചും വളർന്നു

എല്ലാം തല്ലി തകർത്ത്
ജീനെടുത്തു പുറത്തെറിഞ്ഞ്,
പുണ്യാഹം തെളിച്ച്
ശുദ്ധമാക്കി,
വോട്ടെടുത്ത് യുദ്ധം ചെയ്ത്‌
ആർപ്പുവിളിച്ചപ്പോൾ........

നേതാവെന്നൊരു വർഗ്ഗം ഭൂജാതനായി,
നേതാവു പിന്നെ തിരുമേനിയായി,
നേതാവിന്റെ മകൻ തിരുപുത്രനായി,
പേരെടുത്തു പിന്നേം രാജഭരണം!

അപ്പോ ജീനെടുത്തു പുറത്തെറിഞ്ഞ്,
പുണ്യാഹം തെളിച്ച്,
ശുദ്ധമാക്കി,
വോട്ടെടുത്ത് യുദ്ധം ചെയ്ത
ഞാനാരായി?

ശനിയാഴ്‌ച, മേയ് 18, 2013

കേരളത്തിന്റെ ഒരു ഞെട്ടി വിറയ്ക്കലും ,അതുകണ്ടു ഞെടുങ്ങിയ ഞാനും!


“കർഷകനാണെങ്കിൽ ഞെട്ടിത്തരിക്കണം
ഭർത്സകനാണെങ്കിൽ ഞെട്ടി കുരയ്ക്കണം”
ചാനലിലൂടെയാദുരന്ത വാർത്ത!
കേരളം ഞെട്ടിത്തളർന്നുവത്രെ
ഭാരതം പൊട്ടിക്കരഞ്ഞുവത്രെ,
ലോകം അനുശോചനം അയച്ചുവത്രെ!
ശ്രീ ശാന്തു കോഴ വാങ്ങിയത്രെ!!!

 കരഞ്ഞുലഞ്ഞ് പ്രാർത്ഥകർ,
അലമുറയിട്ടനുഗ്രഹർ,
മറിഞ്ഞു വീണ് ആശുപത്രിയിൽ
നിറച്ചുമതുല്ല്യ രോഗികൾ,
ചതഞ്ഞരഞ്ഞ കിടാങ്ങളും,
മനം പിരണ്ട് ഛർദ്ദികൾ
തൊണ്ട കുത്തി ചുമച്ചവർ!
പിന്നെ മനം നൊന്ത് ചത്തവർ!

ശാന്തൻ നടന്ന പുല്ലതിൽ,
ശാന്തൻ തൊട്ട പുഴുക്കളിൽ
ശാന്തൻ നടന്ന പാറയിൽ,
ശാന്തൻ കുളിച്ച പുഴകളിൽ,
ഉണ്ടുറങ്ങിയ വീടതിൽ,
ക്യാമറ തൂക്കി നെടുവീർപ്പുകൾ,
എത്രയെത്രെ സങ്കടം!
ജേണലിസ്റ്റുകൾക്കു പ്രീയമത്രെ,
ആ ചരിത്രസമ്മേളനം!

ചാനലിൽ നിറഞ്ഞിരുന്നു
വല്യേമാന്റെ നിലവിളി,
ക്രിക്കറ്റില്ലാ ജനതയാ,
സൊമാലിയയിലെന്നപോൽ
പട്ടിണി കിടക്കുമിപ്പോൾ
മെലിഞ്ഞുണങ്ങി
ചത്തു പോയിടും!

പനിച്ചിരിക്കും മുഖ്യനും
തനിച്ചു തേങ്ങും ധനമന്ത്രിയും
വിശാല പുണ്യലോലുപനായി
ഉറച്ചിരുന്നു സാക്ഷ്യമോതും-
കേന്ദ്രമന്ത്രി മന്ത്രവും!

ഞെട്ടി ഞെട്ടി, ചാനലിനൊപ്പം
ഞാനുമെൻ കുടുംബവും!
പത്രം വായിച്ചു കണ്ണീരൊപ്പി,
തൊട്ടയലത്തെ കുട്ട്യോളും!
( NB: ഹാ  കഷ്ടം.. സുനാമി വന്നപ്പോഴും ഭൂകമ്പം വന്നാലും, ദുരന്തം വന്നാലും ഇത്രയും ഞെട്ടിയോ, ഭാവിയിലെങ്കിലും ഞെട്ടുമോ ചാനലുകൾ അല്ലെങ്കിൽ ഇത്രയോ ഇതിന്റെ പകുതിയെങ്കിലുമോ ഞെട്ടുമോ നമ്മുടെ ഭാരത ജനത…! )

തിങ്കളാഴ്‌ച, ഫെബ്രുവരി 25, 2013

മനുഷ്യ സ്നേഹി കരയാറില്ല! അമറാറേയുള്ളൂ ( ഭാഗം -4)


തെളിവുകളെ പണം കൊണ്ട്
തൂക്കി കൊല്ലാൻ കഴിവുള്ളവർ
നിരപരാധികളാണ്!
അങ്ങിനെ എത്രയെത്ര നിരപരാധികൾ,
സമൂഹത്തിൽ അത്ഭുതകരമായി
പിറവി കൊള്ളുന്നു!
ഒന്നുകിൽ ടെസ്റ്റ് ട്യൂബ് ശിശുക്കൾ!
അല്ലെങ്കിൽ ചിലരുടെ മായയാൽ
പിറന്നു പോകുന്നവർ!
വിധി പ്രസ്താവിക്കും മുന്നെ
ഇപ്പോഴും പിലാത്തോസ്
നിഷ്ക്കളങ്കരുടെ രക്തത്തിൽ!
കൈ കഴുകാറുണ്ടാകണം,
അല്ലെങ്കിലും മുപ്പതു വെള്ളിക്കാശിന്
ഇന്ന് എന്താവില!

വിധിയെ തലയിലെഴുത്ത് എന്നോ
അതോ ന്യായ വിധി എന്നോ
 അർത്ഥമെടുക്കേണ്ടത്?

മനുഷ്യ സ്നേഹി കരയാറില്ല! അമറാറേയുള്ളൂ ( ഭാഗം -3)


മനുഷ്യ സ്നേഹി-
നിരപരാധികളുടെ രക്തം
അവരുടെ മന: സാക്ഷിയെ തള ർ ത്താറില്ല
ഞെട്ടിക്കാറേയുള്ളൂ,
പിന്നെ “ക” “ മ” മിണ്ടാറില്ല
ഡ്രിപ്പു കിട്ടി കിടക്കാറേയുള്ളൂ!
ഞെട്ടൽ മാറി അവർ എഴുന്നേൽക്കാറുണ്ട്,
പിന്നെ കാണുന്നിടത്തൊക്കെ വെളിപാടാണ്,
“ആയിരങ്ങളെ കൊന്നൊടുക്കി-
ജയിലിൽ ഒരാഴ്ച കഴിയുന്നവൻ,
പാപരഹിതനും ത്യാഗസമ്പൂർണ്ണനുമായ
നിഷ്ക്കളങ്കനാണ് ”എന്ന തത്വശാസ്ത്രം പേറുന്നവ!
അവരുടെ കണ്ടെത്തലുകളെ,
ചിലപ്പോൾ നമിച്ചു പോകും!
അതെ അവർ കറകളഞ്ഞ
മനുഷ്യ സ്നേഹികളാണ്
ഉള്ളിൽ നിറച്ചു സ്നേഹമുള്ളവർ!
നിയമം കോടികൾ കൊണ്ട് ആഹാരമൊരുക്കിയും
ആഢംബരമൊരുക്കിയും
ചെയ്ത പാപം
കഴുകി കളയുമ്പോൾ
കുറ്റവാളികൾക്ക്  ഗംഗാജലത്തിൽ
മുങ്ങിയ പ്രതീതി!
മരണപ്പെട്ടവരോട്
നമുക്ക് സഹതപിക്കാം
അപകടം പറ്റിയവരെ
മീശ ചുരുട്ടി വിരട്ടിയോടിക്കണം,
ഭീകരർ ബോം ബു വെക്കുന്ന വഴിയിൽ
ഇനി ചുമ്മാ കറങ്ങി നടക്കരുതെന്ന്
താക്കീതു ചെയ്ത്!
എപ്പോഴും സംശയം തന്നെ!

മനുഷ്യ സ്നേഹി കരയാറില്ല! അമറാറേയുള്ളൂ ( ഭാഗം 2)


മനുഷ്യ സ്നേഹി-
അതൊരു പുത്തൻ സ്പീഷീസാണ്
മറ്റൊരു തരത്തിൽ പറഞ്ഞാൽ
ദുരൂഹ സാഹചര്യത്തിൽ ഉരുത്തിരിഞ്ഞ
ഒരു തരം വൈറസ്സ്!
അവർ രചിക്കുന്ന നീതി വിശേഷത്തിലവരുടെ
ഭാഷ്യങ്ങളേറെയുണ്ട്!
ആ‍നയെ ഉറുമ്പാക്കും!
ആടിനെ പട്ടിയും!
അതവരുടെ വികാസം പ്രാപിച്ചു
തലയോട്ടു വരെ വലുതാക്കേണ്ടി വരുന്ന
ബുദ്ധിവൈഭവം!
ഭീകരൻ- അതൊരു പഴയ സ്പീഷിസ്സ്
നിക്രുഷ്ടരായ രാക്ഷസ്സ വർഗ്ഗം!
നന്മയ്ക്കെതിരെ തിന്മകൊണ്ട്
ജയിക്കാൻ കച്ചകെട്ടിയ പിശാചു വർഗ്ഗം!

ഈ രണ്ടു നശീകരണങ്ങൾക്കിടയിൽ
നിഷ്ക്കളങ്കരായ മനുഷ്യവർഗ്ഗത്തിന്റെ
സ്ഥാനമെവിടെയാണ്!
ഏതോ ഗ്രാമീണൻ തിരയുന്നുണ്ട്,
തുലാസിൽ ന്യായം തൂങ്ങുമോ?
അതോ അന്യായം തൂങ്ങുമോ?
ഏതു തൂങ്ങും എന്നതല്ലല്ലോ പ്രധാനം?
തൂക്കുന്നവരുടെ മിടുക്കല്ലേ
എന്നറിയാത്ത പഞ്ച പാവം!

അവരുടെ ഭാഷ്യത്തിൽ തിരഞ്ഞാൽ
വിവരണം കിട്ടിയേക്കാം,
“നീതി ദേവതയുടെ കണ്ണു കെട്ടിയത്
നിരാലംബരുടെ മുഖം കാണാതെ-
അപരാധികളെ രക്ഷിക്കാനാണ് എന്ന്”
അതല്ലേ ആയിരം അപരാധികളെ
വെറുതെ വിട്ട്,
നീതി തേടുന്നവരെ  കൊഞ്ഞനം കുത്തുന്നത്!

മനുഷ്യ സ്നേഹി കരയാറില്ല! അമറാറേയുള്ളൂ ( ഭാഗം -1)


കൂട്ടുകാരാ,
സംസ്ക്കാര സമ്പന്നമായ സമൂഹത്തിലാണ്
ഞാൻ ജീവിക്കുന്നത്!
അതെ, വെറുമൊരു സംസ്ക്കാര ശൂന്യനായ
ഞാൻ,
സംസ്ക്കാര സമ്പന്നരുടെ,
സമ്പത്തിന്റെ ഉറവിടത്തെ
അളക്കാനറിയാത്തവൻ!
ഭയപ്പെടുന്നത് അതു കൊണ്ടാണ്,
ബലാൽ സംഗം ചെയ്യുന്നവർ
മാന്യരും, ഇരകൾ തേവിടിശ്ശികളും!
സംസ്ക്കാര സമ്പന്നരുടെ വിധിയെ ഞാൻ ഭയപ്പെടുന്നതും
അതു കൊണ്ടാണ്,
കാരണം അവർ മനുഷ്യ സ്നേഹികളാണ്!
ഒരു പാട് മനുഷ്യ സ്നേഹംചാക്കിലാക്കി
പണം വാങ്ങി ആവശ്യമുള്ളവർക്ക് ചുളുവിലയിൽ
വിതരണം ചെയ്യുന്നവർ!
അവരുടെ വിധി മാനുഷിക മൂല്ല്യങ്ങൾ
ആവോളം വിലമതിക്കുന്നതും!

സംസ്ക്കാരം തൊട്ടു തെറിപ്പിക്കാത്തവരെന്ന്
അധിക്ഷേപിക്കപ്പെട്ടേക്കാവുന്ന ഗ്രാമീണരുടെ
പക്ഷമാണെൻ മനം,
"ഇഷ്ടമില്ലാത്ത പെണ്ണിനെ തൊടുന്നവരെ
മുക്കാലിയിൽ കെട്ടി ആയിരം അടി കൊടുക്കണം
ബലാത്സംഗം ചെയ്തു ക്രൂരമായി കൊല്ലുന്നവരെ
തറിച്ചെറിഞ്ഞ് പട്ടിക്കിട്ടു കൊടുക്കണം!"
വിധി അങ്ങിനെയാണെങ്കിൽ?
എന്നു ഞാൻ ആഗ്രഹിക്കുന്നു..
രാക്ഷസരെ കൈകാര്യം ചെയ്യേണ്ടത്
ജയിലറയിൽ ചപ്പാത്തി ചുടുവിച്ചും,
കോഴിയെ കറി വെച്ചു തീറ്റിച്ചു മാണത്രെ!,
എത്ര നല്ല സുന്ദരമായ വിധി!
ഹോ എന്നും ഞാൻ  മറന്നു പോകുന്നു,
“സംസ്ക്കാര സമ്പന്നർക്ക്
പെണ്മക്കൾ ജനിക്കാറില്ലല്ലോ?”

ചൊവ്വാഴ്ച, ഫെബ്രുവരി 12, 2013

ശാസന


ശാസന
ജന്മം കൊണ്ടവർ പീറകൾ
വെറും മൂക്കൊലിപ്പന്മാർ!
യാചിച്ചും കണ്ണൊന്നൊലിപ്പിച്ചും
നീണ്ട നാക്കിട്ടലച്ചുമെൻ
മനസ്സുഭക്ഷിച്ചവർ!
തലവര കൊണ്ടും,
ബുദ്ധികൊണ്ടും
ഇന്നു ചെങ്കോലൊന്നേന്തി
ചടഞ്ഞങ്ങിരിക്കുവോർ!
ആശയം കൂട്ടി മുക്കിപൊരിച്ചിട്ടു,
എൻ തലച്ചോറു
വാരി ഭക്ഷിച്ചവർ,
ഒടുവിൽ നിരാശപേറുന്നോരുടലും,
പൂക്കുവാനാശിക്കും
മനോജ്ഞ സ്വപ്നങ്ങളും
ഒരു ഞൊടിയിൽ വാരി,
വാരി ക്കുഴച്ചിട്ടു
ഏമ്പക്കമൊന്നു വിട്ടുരസിപ്പവർ!

തികട്ടിവരുമ്പോൾ
വയറുതിരുമി പുളഞ്ഞും തിരിഞ്ഞും
സ്നേഹോപദേശം,
ലിഖിതമാവാം അലിഖിതമാവാം
അതിൻ ഉള്ളടക്കങ്ങൾ,
ഞാൻ കാതോർത്തിരുന്നു.
സുഖസുഷുപ്തിയിലവർ
ആണ്ടിരിക്കുമ്പോൾ,
“ദഹിച്ചൊന്നിരിക്കണമത്രെ
ഞാൻ നിത്യം!”