പേജുകള്‍‌

വെള്ളിയാഴ്‌ച, ഫെബ്രുവരി 14, 2014

പ്രശ്നം!

തുറക്കാൻ മടിച്ച യാഥാർത്ഥ്യങ്ങളിൽ
എന്റെ കണ്ണീരുണ്ടായിരുന്നു,
അടയ്ക്കാൻ മറന്ന സ്വപ്നങ്ങളിൽ
എന്റെ സന്തോഷവും!

മുൻ ജന്മ കർമ്മങ്ങളിലൂടെ
സഞ്ചരിച്ച് തളർന്നപ്പോൾ
മനസ്സിന്റെ പാതയോരത്ത്
ക്ഷീണിച്ചിരുന്നു..

നിഴലൊന്നു  പറഞ്ഞു,
വർത്തമാനത്തിലേക്ക്
കാലുനീട്ടിയിരുന്നു,
ഭൂതകാലത്തെ തുരന്ന്,
തുരന്നു ഭാവിയെ പുറത്തെടുക്കാം.

കൂടൊന്നു തുറന്നപ്പോൾ,
ഒരു ശീട്ടെടുത്ത് പുറത്തിട്ട്,
പുറത്തു വന്ന സ്വപ്നം,
വീണ്ടും കൂട്ടിലിരുന്നു.

വീണ്ടും കൂടടച്ച്,
കൈ നോട്ടക്കാരനെ പോലെ,
ശീട്ടിൽ നോക്കി,
സ്വന്തം കൈവെള്ളയിൽ നോക്കി,
ഒരു മഹാസത്യം കണ്ടു പിടിച്ചു,
ശുക്രരേഖയിലെവിടെയോ
മൂഷികൻ കയറി വഴി മുറിച്ചു കളിക്കുന്നു,
വഴി പിഴപ്പിച്ച മൂഷികനെ മറന്ന്,
ശുക്രരേഖയുടെ മറു വഴി തേടി,
വീണ്ടുമൊരു പ്രയാണം!

തിങ്കളാഴ്‌ച, ഫെബ്രുവരി 10, 2014

പപ്പയും, അച്ഛനും

മരുഭൂവിന്റെ തണുപ്പിൽ
വെറുതെയൊന്ന് നടന്നു,
പലരും പറയുന്ന,
ഒരു സായാഹ്ന സവാരി.
ഞെട്ടിത്തിരിഞ്ഞൊന്നു നോക്കി,
ഓടിക്കിതച്ചെന്റെ മുന്നിലെത്തുമ്പോൾ,
അവനാവേശമായിരുന്നു,
ഒരഞ്ചു വയസ്സുകാരൻ!
ആരാകുമവനൊപ്പം?
പിറകിലേക്കൊന്നു തിരിഞ്ഞു നോക്കി,
ആരുമില്ല,
എന്നെ പിന്നിലാക്കി ഗമയിൽ തിരിഞ്ഞു നോക്കി,
നടന്നു പോകുന്നവനെ,
ആവേശത്തോടെ ഞാനും പിന്നിലാക്കി,
യൗവനം പടി കടന്നു പോകാറായിട്ടും,
ഒരു കുട്ടി കുസൃതി!

അവന്റെ പുഞ്ചിരിക്കിടയിൽ,
അവനോടു വെറുതേയൊരു ചോദ്യം.
മോന്റെയച്ഛനെവിടെ?"
അച്ഛനില്ല മരിച്ചെന്നവൻ,
ഒറ്റയ്ക്കായെന്നവൻ,
അനാഥനായവനെങ്ങിനെയിവിടെയെത്തിയെന്ന്
സങ്കടപ്പെട്ടു.
ദൂരെ പിറകിൽ
ഇരു കൈകളിലും
പാലും പഴങ്ങളും നിറച്ച
 ഭാരമേറ്റി വരുന്നവനെ കണ്ടു
പിന്നേയും ഒരു ചോദ്യം 
"അപ്പോഴതാരാ?"
അത് പപ്പയെന്നവൻ!
അച്ഛൻ മരിച്ച് പപ്പയെ കൂട്ടി നടക്കുന്നവനെ കണ്ട്  
നെടുവീർപ്പിട്ട്,
തെല്ലിട നിന്നു,,
ഒപ്പം അവനും..
പിന്നെ പപ്പ യായവനോട് ചോദിച്ചു,
ഇവനാരാ?“
എന്റെ മകൻ
”...പിന്നെ മരിച്ച അച്ഛനാരാ?“
അതെന്റെയച്ഛൻ!

തണൽ

നശിക്കപ്പെട്ടേക്കാം,
എങ്കിലും പതറിച്ചയില്ലാത്തത്,
പർവ്വതങ്ങൾക്കാണ്‌,
വലീയ മനസ്സുള്ളവർ.

കരളും ചങ്കും ഹൃദയവും
തുരന്നെടുക്കുമ്പോഴും,
നശിക്കുന്നതെന്നും
തുരന്നെടുക്കുന്നവരാണെന്നറിയാത്തവർ,
തുരന്നു കൊണ്ടേയിരിക്കും!
സ്വന്തം ശവക്കുഴി
തോണ്ടിയൊതുക്കുംവരെ!

തളർച്ചയില്ലാത്തതെന്നും
തണൽ മരങ്ങൾക്കാണ്‌,
തണൽ കൊള്ളുന്നവരിൽ ചിലർ,
ചാഞ്ഞു ശയിച്ച്,
മുതലെടുപ്പ് നടത്തി,.
ക്ഷീണം മാറുമ്പോൾ
ആർത്തു വിളിച്ചു കോടാലി വെക്കുന്നവർ!

എങ്കിലുമവരുടെ തണലിൽ വളർന്നവർ,
 ഉടലു കടഞ്ഞെടുത്തു,
ണ്ടാക്കിയ കസേരയെടുത്ത്,
അവരുടെ തന്നെ നെഞ്ചത്തു കയറിയിരുന്ന്,
വെടിപറയുമ്പോൾ,
ഹാ കഷ്ടം!..

എന്നൊന്നു പറഞ്ഞു പോകുന്നു.

പഷ്ണിക്കാർ


നാവു ചവയ്ക്കുമ്പോൾ
ഇടയ്ക്ക് പുറത്തേക്കെറിഞ്ഞു
പറഞ്ഞു നല്ല രുചിയാണെന്ന്,
പല്ലുകൾ പരസ്പരം വെറുതെ,
അരയ്ക്കുമ്പോൾ പറഞ്ഞു,
മൊതിഞ്ഞെന്ന്,
വെള്ളം മടമടാന്ന് കുടിച്ചു
പറഞ്ഞു വയറു നിറഞ്ഞെന്ന്..
പിന്നെ വയറു തടവിക്കിടന്നു..

വലിച്ചു വാരി തിന്നിട്ട്
ദഹിക്കാഞ്ഞിട്ടല്ലേ
ആളുകൾ ഇങ്ങനെ 
ചത്തു പോകുന്നതെന്ന്,
വോട്ട് കിട്ടി മാളീകേൽ
ചാരുകസേരയിൽ,
കിടക്കുന്ന വല്യമ്പ്രാൻ!

കോളാമ്പി പിടിച്ചോരും,
ചാമരം വീശുന്നോരും തലയാട്ടി,
പിന്നെ ചെണ്ടകൊട്ടി.
വല്യമ്പ്രാനുമുണ്ടത്രെ,
പ്രഷറും ഷുഗറും,
കൊളസ്ട്രോളും,
പിന്നെ ഇതൊക്കെ കേൾക്കുമ്പോൾ

വല്ലാത്ത ദഹനക്കേടും.

ഞായറാഴ്‌ച, ഫെബ്രുവരി 09, 2014

യാത്ര!

തുടിക്കുന്ന ഹൃദയങ്ങളായിരുന്നു
 ഫോണിന്റെ ഇരു തലയ്ക്കലും.

നാളെയെന്നതൊരു നീളെയാകുന്നോ
എന്നവൾ സംശയിച്ചു,
അവനും!

അന്നവന്റെ ഹൃദയം
വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു,
ധരണിയുടെ കോണിലൊരിടത്ത്,
ഉറക്കമിളച്ച് കാത്തിരിക്കുന്നവളെ കാത്ത്......

അന്നവളുടെ മനസ്സും
വല്ലാതെ തുടിക്കുന്നുണ്ടായിരുന്നു,
ധരണിയുടെ മറ്റൊരു കോണിൽ
ഉറക്കമിളച്ച് കാത്തിരുന്നേക്കാവുന്ന മറ്റൊരു
വേഴാമ്പലിനെ കാത്ത്...

പാതിരാവൊന്നങ്ങു   പോയൊളിചപ്പോൾ,
പൂങ്കോഴിയുടെ നാദമായി ഫോണുണർന്നു,
പക്ഷെ അന്നയാളുണർന്നില്ല,
ശാശ്വത സത്യമായി,
സെറ്റിയിലിൽ ചുരുണ്ടുകൂടി വിറങ്ങലിച്ച്

കെട്ടിയ പെട്ടിയും,
ബ്രീഫ്കേസും അയാളെ നോക്കി പല്ലിളിച്ചു!

മരുഭൂമിയിലെ ഈയാം പാറ്റകൾ

മാറ്റുരച്ച് ,മാറ്റുരച്ച് മൂല്ല്യം നഷ്ടപ്പെട്ടവനേ,
ഇന്ന് നീയൊരു മിനിമം ഗ്യാരണ്ടി
പോലുമില്ലാത്ത ആഭരണം!
തിളക്കം നഷ്ടപ്പെടുമ്പോൾ,
മൂലയിലെവിടെയെങ്കിലും,
ഒളിച്ചിരിക്കേണ്ടവൻ,
അല്ലെങ്കിൽ ഉപയോഗശൂന്യനായി,
വലിച്ചെറിയപ്പെടേണ്ടവൻ!

ഈയ്യാമ്പാറ്റകൾ മെഴുകുതിരി കണ്ട്,
ഭ്രമിക്കുമ്പോലെ ,
തീയിൽ ചാടി ചിറക് കരിയുന്നവനേ,
തീപ്പൊള്ളി മരിക്കുന്നവനേ..,
ദാരുണമായ അന്ത്യമെന്നതിനെ,
ആരും വിശേഷിപ്പിക്കാറില്ല
അതിഭാവുകത്വം കലർത്തി,
ആരും കരയാറുമില്ല,
ഈയ്യാമ്പാറ്റകൾക്ക്,
ആരും റീത്ത് സമർപ്പിക്കാറുമില്ല,
പിന്നെയവരെ ഓർക്കാറുമില്ല,

ഓരോ മരുഭൂമിക്കും ലക്ഷക്കണക്കിനു,
ഈയാമ്പാറ്റകളുടെ കരിഞ്ഞ മണമുണ്ട്,
കഥ കേൾക്കുമ്പോഴൊക്കെ,
ആളുകൾ പുളുവെന്നു കരുതി
ഒരു ചെവിയിലൂടെ കേട്ടത്,
മറു ചെവിയിലൂടെ പറത്തി വിടും!
അല്ലെങ്കിലിന്നാർക്ക്,
കദനത്തിൽ പൊതിഞ്ഞ
പെരും കഥകേൾക്കണം,
നാണ്യങ്ങളുടെ കിലുക്കം മാത്രമുള്ള,

പുതുകഥകളല്ലാതെ..!

മൗനിയായ്
കണ്ണാടിയിൽ നോക്കുമ്പോൾ,
കണ്ണാടി പറഞ്ഞു,
പോകാം ല്ലേ... നാട്ടിലേക്ക്,
മുഖത്തെക്ക് നോക്കിയപ്പോൾ,
മുഖം പറഞ്ഞു.
പോണം ലേ.. അതിനുള്ള പക്വതയായോ?

പണ്ടു പണ്ടൊരുകാലം,
അന്നു പെട്ടി ചുമക്കാൻ ആളുണ്ടായിരുന്നു..
കാറിലിരിക്കാനും കോളുവാങ്ങാനും ആളുണ്ടായിരുന്നു,
കാലത്തിന്റെ മാറ്റം നമ്മളുൾക്കൊള്ളുമ്പോൾ
പക്വതയെ തോളിലേറ്റി വടി കുത്തിയോ,
അതോ പെട്ടിയിൽ ആളുകളാൽ ചുമക്കപ്പെട്ടോ,
ഇനി  നമ്മൾ എങ്ങനെയാണ്‌ നാട്ടിലെത്തേണ്ടത്?

വെള്ളിയാഴ്‌ച, ജനുവരി 31, 2014

നയം

രാജ്യം സ്വാതന്ത്ര്യമായപ്പോൾ,
കാവല്ക്കാരനെ നിയമിച്ചു,,
ജനാധിപത്യ വീട്ടിൽ
വിശ്വസ്ഥനായ കാവല്ക്കാരൻ!

വിധിയെഴുതിയ യജമാനനെ
കാണുമ്പോൾ,
ഉമ്മറത്തെ കാവല്ക്കാരൻ,
കുരയോടു കുര!

പിന്നെ  ജനാധിപത്യത്തിന്റെ
അടിത്തറമാന്തിക്കിളച്ച്,
വേർപിരിച്ചിട്ട്,
ന്യൂനനും ഭൂരിയുമാക്കി,

അരിശം തീരാതെ,
ശൂദ്രനും ചണ്ഡാളനുമാക്കി,
കടിച്ചു കുടഞ്ഞിട്ട്,
ശൂന്യനും, ധനികനുമാക്കി.

പിന്നെ വീടിനു ചുറ്റുമോടി.
ക്ഷീണിച്ചപ്പോൾ,
ചെവി കൂർപ്പിച്ച്, കിടന്നുറങ്ങി,
യജമാനനെത്തുമ്പോൾ,
പിന്നെയും കുരയ്ക്കാൻ!