പേജുകള്‍‌

ഞായറാഴ്‌ച, ഫെബ്രുവരി 23, 2014

കണ്ണാടി

ഞാനൊരു കണ്ണാടി വാങ്ങി,
അതിൽ ഭൂതകാലം കണ്ടു,
വർത്തമാനവും
ഭാവിയെ മാത്രം കണ്ടില്ല,
പിന്നെയും നോക്കി,
ഭാവിയെ എല്ലാവരും കുഴിച്ചു മൂടുന്നു
ഒരിക്കലും തിരിച്ചു വരാത്തവണ്ണം!

അപ്പോൾ
മരിച്ചവരെല്ലാം
തിരിച്ചു വന്നു പറഞ്ഞു,
മകനെ ഞങ്ങളുടെ
അസ്ഥിത്തറയിൽ
വിളക്കു കൊളുത്തുക,
വെളിച്ചം പരക്കട്ടേ,

മരിക്കാത്തവരെല്ലാം
ഒന്നടങ്കം പറഞ്ഞു,
മകനേ നീയൊരിക്കലും ഒരിടത്തും
വിളക്കു കൊളുത്തരുത്,
അതപകടമാണ്‌,
അപ്പോഴേക്കും ഇരുട്ട്,
ഭൂമിയെ വിഴുങ്ങിയിരുന്നു.
വിഷക്കാറ്റ് ചുഴറ്റിയടിക്കാൻ
തുടങ്ങിയിരുന്നു

ശനിയാഴ്‌ച, ഫെബ്രുവരി 22, 2014

കുത്തിക്കുറിക്കൽ

ലൈക്ക്
-------------
മുഖം മിനുക്കിയിരുന്നു,
ലൈക്കി,ലൈക്കി,
“മോനെ നിന്റെ അമ്മ മരിച്ചെന്നു”
വിവരമറിയിച്ചപ്പോഴും
ലൈക്കി പോകുന്ന തലമുറകൾ,
അവരുടെ ആത്മാവിനു പ്രണാമം!
===========================

യന്ത്ര സംസ്ക്കാരം
-----------------
മനുഷ്യന്മാരാരുമില്ലാത്തതിനാൽ
ഞാൻ യന്ത്രങ്ങളോട് ചോദിച്ചു "സുഖമല്ലേ?"
യന്ത്രങ്ങൾ എന്നോടു പറഞ്ഞു "സുഖമാണ്‌.."
പിന്നെ ഞാൻ യന്ത്രങ്ങളോട് സംസാരിച്ചില്ല..
നൂറോളം സുഹൃത്തുക്കളോട്
ഒരേ സമയം സംസാരിക്കുമ്പോൾ,
വെറുക്കാതിരിക്കാൻ,
അവരെന്നോട് സംസാരിച്ചു കൊണ്ടിരിക്കും..
ഒക്കെ ഹൃദയത്തിൽ നിന്നെടുക്കാത്ത
അർത്ഥമില്ലാത്ത വെറും പുലമ്പലുകൾ!
---------------------
രാക്ഷസിയും രാക്ഷസനും
=================
അവനും അവളും ഒരു പാട് 
അകലെ നിന്നു സംസാരിച്ചത്,
മുഖം കാണാതെയാണ്‌,
മനം മടുക്കാതെയാണ്‌,
മുഖം വികൃതമാണെന്നൊരുനാൾ
കണ്ണുകൾ കൊത്തിയെടുക്കുമ്പോൾ,
ഹൃദയത്തെ മറക്കും,
പ്രണയത്തേയും..
അതുവരെ അവൾക്ക് അവൻ ഗന്ധർവ്വൻ,
അവനു  അവൾ അപ്സരസ്സും!

====================================
ജീവിതം
======
കരഞ്ഞു തളർന്ന്,
ചിരിച്ചു രസിച്ച്,
പരിഹസിച്ചിരുന്ന്,
നുണ പറഞ്ഞിരുന്ന്,
ലജ്ജിച്ചു തലതാഴ്ത്തി,
കലഹിച്ച് നടന്ന്,
സ്നേഹിച്ചിരുന്ന്,
ഉണ്ടുറങ്ങി,
ചത്തു പോകുന്നു,
ഇതിനിടയിലെ അർത്ഥം 
ചികയുമ്പോൾ 
മരവിച്ചു പോകുന്നു!

വെള്ളിയാഴ്‌ച, ഫെബ്രുവരി 21, 2014

വെറുതെയൊരു കുത്തിക്കുറിക്കൽ

സത്യം..
======
ഒരുപാട് പറഞ്ഞപ്പോൾ
പതിരായി മടുപ്പായി,
കുറച്ചൊന്നു പറഞ്ഞപ്പോൾ,
കെറുവായി, മുഷിച്ചലായി...ലേ...
കാരണം ഞാനും നീയും
സഹനത്തിന്റെ നെല്ലി പലക കണ്ടവർ,

എങ്കിലും എപ്പോഴും ഞാൻ പറയുന്നത് മുഴുവൻ
നിങ്ങൾ കേൾക്കണമെന്നു ഞാനും
നീ പറയുന്നത് മുഴുവൻ
ഞാൻ കേൾക്കണമെന്നു നീയ്യും
ഒരാഗ്രഹം വെച്ചു നടക്കും,
ഇല്ലെങ്കിൽ എന്റെയും നിന്റെയും
മനസ്സിലൊരു മന്ത്രമുണ്ടാകും
“അഹങ്കാരി”
കണ്ണിലൊരു ത്രിമാന ദൃശ്യമുണ്ടാകും
“ധിക്കാരി”
ഇല്ലെന്നാണയിട്ടാലും
സത്യം പറയാതിരിക്കാൻ
എന്റെയും നിന്റെയും
മുഖത്തിനു കഴിയുമോ?

============
പരിഷ്ക്കാരം
=======
കണ്ടിട്ടുണ്ടോ പരിഷ്ക്കാരി പെണ്ണുങ്ങളെ?
ബ്യൂട്ടി പാലറുകാരായ പാവക്കൂത്തൂകാരുടെ
കൈകളിലെപാവകൾ,
സമൂഹത്തിനു മുന്നിലെ പാവ നടനക്കാർ.

കേട്ടിട്ടുണ്ടൊ പരിഷ്ക്കാരി ആണുങ്ങളെ?
പുറത്ത് ....
കോട്ടിനുള്ളിലാകുമ്പോൾ
സട കുടഞ്ഞെഴുന്നേറ്റ സിംഹം.
വീട്ടിൽ ...
കോട്ടിനുള്ളിൽ നിന്നൂരിയെടുക്കപ്പെടുമ്പോൾ,
തൊലി കളഞ്ഞ ചെമ്മീൻ പോലെ,
പിന്നെ വെറും അടുക്കളയിലെ പരിചാരകർ!

===========
പലയിടങ്ങളിലും സംഭവിക്കുന്നത്...
=========================
രൂപയുണ്ടെങ്കിൽ ആരാന്റെ നെഞ്ചത്തും വഴിപോകാം,
രൂപയില്ലെങ്കിൽ സ്വന്തം വീട്ടിൽ പോലും
ഓയ്..ഹൊയ് .....ഓയ് ..ഹൊയ്  വിളിക്കും,
മാറിപോകൂ ശുദ്ധം മാറുമെന്നാ അതിനർത്ഥം!
=======================
ഞാനെന്നോട് പറഞ്ഞു ഫലിപ്പിച്ചത്
=========================
അറിവിന്റെ ഒന്നാം പാഠം ജനനമാണ്‌,
തോണിക്കായുള്ള കൂവി വിളിക്കൽ,
അറിവിന്റെ രണ്ടാം പാഠം ജീവിതവും,
വെറും തോണി തുഴയൽ,
അറിവിന്റെയവസാനം മരണമാണ്‌,
മറുകരയെത്തൽ!

വ്യാഴാഴ്‌ച, ഫെബ്രുവരി 20, 2014

മന്ത്രവാദം!

മരങ്ങളെ അറുത്തു ചോരവീഴ്ത്തി,
തടാകത്തെ ചവിട്ടികൊന്നു,
ചുടേണ്ട കോഴിയുടെ പൂടയും
അറവുമാലിന്യവും വലിച്ചെറിഞ്ഞു,
മാരണം നടത്തി പുഴയെ ഇല്ലാതാക്കി,
കളം വരഞ്ഞു ഫ്ളാറ്റു കെട്ടി,
കടലിൽ വിഷം കലക്കി,
മലയെ സമതലമാക്കി,
സ്തംഭിപ്പിച്ചൊരു കർമ്മം!
മുത്തച്ഛന്മാർക്കറിയാത്ത മന്ത്രവാദം,
കൊടിയ മന്ത്രവാദികളായ

കുഞ്ഞു പിള്ളേരുടെ ഉച്ഛാടന കർമ്മം!

ചൊവ്വാഴ്ച, ഫെബ്രുവരി 18, 2014

വില

ജീവനൊരു വിലയിട്ടു
ജീവിതത്തിനൊരു വിലയിട്ടു,
സ്നേഹത്തിനൊരു വിലയിട്ടു
മരണത്തിനൊരു വിലയിട്ടു
ചിരിക്കും, കരച്ചിലിനും
കണ്ണിൽ കണ്ടതിനൊക്കെ
വിലയിട്ടു നമ്മൾ നടന്നപ്പോൾ
ജീവിക്കാൻ മറന്നു..
വളരാൻ മറന്നു...
പക്ഷെ നമ്മൾ ചിന്താശേഷിയുള്ളവരാണ്‌.
ഒരു കല്ലുവെച്ച നുണയിലെങ്കിലും
നമ്മൾ  മഹാ ബുദ്ധിമാനായിരിക്കട്ടേ,
പ്രബുദ്ധരാകട്ടേ..
അല്ലെങ്കിൽ നമ്മളെ മൃഗങ്ങൾ മനുഷ്യാ ..
എന്ന് തറപ്പിച്ചൊരു നോട്ടം
നോക്കി കടന്നു പോയേക്കാം!

തിങ്കളാഴ്‌ച, ഫെബ്രുവരി 17, 2014

തിരക്ക്

സമയമുണ്ടെങ്കിൽ
അവസാനമെനിക്കും കുറിക്കണം..
കുറച്ചു വരികൾ...................
"മരണമതിന്റെ ഡയറിയിൽ കുറിച്ചു വെച്ച
എന്റെ താളുകൾ വായിക്കുമ്പോഴും
ഞാനെന്തൊരു തിരക്കിലായിരുന്നു?
സമയമേ കിട്ടുന്നില്ല,
പിടലിയിൽ പിടിച്ചെന്നെ കൊണ്ടു പോകുമ്പോഴും
ഞാനെന്തൊരു പിടച്ചിലായിരുന്നു,
ജീവിച്ചിട്ടേയില്ല!"

ഞായറാഴ്‌ച, ഫെബ്രുവരി 16, 2014

കൊതുകിന്റെ നെയ്യെടുക്കുന്നവർ!

അവൻ പറഞ്ഞു വന്നതങ്ങനെയാണ്‌,
"കൊതുകിന്റെ നെയ്യെടുത്ത്,
ബിരിയാണി വെച്ചു കഴിക്കുന്നവരെ കണ്ടിട്ടുണ്ടോ?"
“ഇല്ല?”
"ദാ...."
ചൂണ്ടിയേടത്തു നോക്കി,
കൊടിവെച്ച കാറിൽ ചാഞ്ഞു കിടന്നു പോകുന്നവനും,
അവനൊപ്പം അകമ്പടി പോകുന്നവരും!
സൂക്ഷിച്ചു നോക്കി,
ശരിയാണ്‌.
“നല്ല തടിയും തൂക്കവും ഉണ്ടല്ലോ?
അദ്ധ്വാനിച്ചു ജീവിച്ചു കൂടെ!”
“അവരുടെ പിത്തം ഉരുകും”-അവൻ
‘ഉരുകിയാൽ..?“
“ചത്തു പോകും”
നെയ്യെടുക്കപ്പെട്ടവർ
പിന്നേയും പിന്നേയും
 ജയ് വിളിച്ച് പിറകെ..!

പാതയോരങ്ങളിൽ,
പണി മുടക്കി,
നാടിന്റെ അവകാശികളായ
തമ്പുരാക്കന്മാരെ ഒരു നോക്ക്  കാണാൻ,
ഓച്ഛാനിച്ചു നില്കൂന്ന പാവങ്ങൾ!