പേജുകള്‍‌

ഞായറാഴ്‌ച, മാർച്ച് 11, 2012

ചില കലിപ്പുകളും ചില എരണം കെട്ട വഹകളും!

“..നിന്റെ പുതപ്പു എടുത്തുകളയുന്നവന്നു വസ്ത്രവും തടുക്കരുതു. ..അതും വിട്ടു കൊടുക്ക....”
യേശുവിന്റെ വാക്കുകൾ എവിടെയൊ വായിച്ചു കേട്ടായിരിക്കണം അതിന്റെ യഥാർത്ഥ അർത്ഥമറിയാത്ത അവർ പരുങ്ങി..
വേണോ?... വേണ്ടയോ..?.. വേണം ണ്ട...!
ഒടുവിൽ രണ്ടും മൂന്നും നാലും അഞ്ചും ഒക്കെ കല്പിച്ച്... പിന്നെ അവർ പുതപ്പു വിട്ടു കൊടുത്തു..മഹാമനസ്ക്കരായ അവർ വസ്ത്രങ്ങൾ ഓരോന്നായി ഉരിഞ്ഞെറിഞ്ഞ് സിമ്പിളായി നടന്നു...വല്യ വല്യ ആളുകൾ പറഞ്ഞു ഗ്ളാമറസ്സ് ..ബ്യൂട്ടിഫുള്‌...
ചെറിയ ചെറിയ ആളുകൾ പറഞ്ഞു..“ അയ്യേ...എക്സ്ണ്ട്രിക്....ഈ നടിമാരു പെണ്ണുങ്ങള്‌ക്ക് എന്തിന്റെ കേടാ,,, എവിടെയൊക്കെ കേടാ...”
അതൊന്നും കാര്യമാക്കാതെ അവർ പിന്നേയും വായിച്ചു കേട്ടത് ഓർത്തോണ്ടിരുന്നു... ..അർത്ഥമറിയാത്ത പാവം അവർ.!..മനസ്സിലാക്കാനുള്ള വിഷമം... തലയിൽ പച്ചച്ചോറ്‌ പൊതിഞ്ഞു വെച്ചിട്ടില്ലാത്ത നിഷ്ക്കളങ്കർ..!
അവർ പറഞ്ഞു “ കലിപ്പുകള്‌ തീരണില്ലല്ലോ എന്റെ കർത്താവേ....” .. പിന്നെ വിളിച്ചു പറഞ്ഞു ഗ്ളാമറസ്സ് വേഷം ധരിക്കാൻ തയ്യാറാണ്.. വേഷം തന്നാൽ തുണി ഇല്ല്യാതെയും...“
അവർ തുണീം കുപ്പായോം ഉരിഞ്ഞെറിഞ്ഞു...ലേശമെങ്കിലും ഇല്ലെങ്കിൽ ആളോള്‌ എന്തെങ്കിലും വിചാരിക്കും..കുടുംബക്കാരും മറ്റും കാണുന്നതാണ്‌...അവർക്ക് നാണം വരും എന്ന് ഡയരക്ടർമാർ പറഞ്ഞതു കൊണ്ടാകണം .. ഉടുത്തു എന്ന് തോന്നിപ്പിക്കാൻ ഒരു ടൗവ്വൽ കൊണ്ട് ദേഹം പൊതിഞ്ഞു..
പിന്നെം പിന്നെം പറഞ്ഞു..“ കലിപ്പുകള്‌ തീരണില്ലല്ലോ....”
 പിന്നെ അവർ വലീയ ഹോട്ടലിൽ വലീയ റൂമെടുത്ത് കലിപ്പുകള്‌ തീരാതെ ശരീരം പങ്കുവെച്ചു പങ്കു വെച്ചു കൊടുത്തു ..അവരെപ്പോലെ മുറുമുറുപ്പുകള്‌ തീരാത്ത  ചിലര്‌ ചിതലരിച്ചു പോകുന്ന ഉറുപ്പ്യകൾ  വെറുതെ നാശമാകേണ്ട എന്നു കരുതി വലിച്ചെറിഞ്ഞു കൊടുക്കുന്ന പത്തായിരോം, ഇരുപതിനായിരോം അടുക്കി പെറുക്കി വെച്ചു വെച്ചു..
പിന്നെം പിന്നെം പറഞ്ഞോണ്ടിരുന്നു.. കലിപ്പുകള്‌ തീരണില്ലല്ലോ ..ന്റെ കർത്താവേ..!....കലിപ്പുകള്‌ തീരണില്ല്യല്ലോ ന്റെ കർത്താവേ...!
ഇതൊന്നുമറിയാത്ത പാവം റെയിഡന്മാർ ഏമാന്മാർ അവരെ പിടിച്ചോണ്ടു പോയി ..
മറ്റൊരു പണീം ഇല്ല്യാതെ മുറുക്കി തുപ്പിയും കണ്ടോന്‌ പാര വെച്ചും നടക്കണ ചാനലച്ഛന്മാർ “ നിലവിളിച്ചോണ്ട്  ലോകം മൊത്തം പറഞ്ഞോണ്ടിരുന്നു.''..ദേണ്ടെ അവർ,.... ദേണ്ടെ .. ഇവർ.....”
പിന്നെ ബാറിലൊക്കെ ചുമ്മാ കാൽ ക്കാശിനു കൊള്ളാത്ത വെടി പറഞ്ഞോണ്ട് ഇരിക്കുന്നോരേയും, ബീവറേജസിനു മുന്നിൽ നാട്ടുകാരെ തീറ്റിപ്പോറ്റാൻ കഷ്ടപ്പെട്ട് ക്യൂ നിന്ന് കുടിക്കണോരേയും,ഞാനെത്രെ കുടിച്ചാലും പൂസ്സാവില്ല തറേൽ കിടക്കത്തേയുള്ളൂ വെന്ന് വീമ്പടിക്കണോരേയും. അടിച്ചു ആടിയാടി നടക്കണോരെയും, കുടിക്കാതെ തന്നെ ലോകം സ്വന്തം അപ്പന്റെ വകേലാണെന്ന് വെറുതെ വെടി പറഞ്ഞിരിക്കണോരേയും വിളിച്ചോണ്ട് പോയി ചർച്ചിച്ചു ഛർദ്ദിപ്പിച്ചു..

അനുകൂലിക്കണോരും പ്രതികൂലിക്കണോരും കൂലിത്തല്ലുകാരും അലമ്പും വഴക്കും വക്കാണവുമായി.. കസേരയില്ലാത്ത ആളുകൾ അടിക്കാനെന്ന വ്യാജേന കസേരയുമെടുത്ത് തലേൽ വെച്ച് സ്വന്തം വീട്ടിലേക്ക് വെച്ചു പിടിച്ചു..
മാതാപിതാക്കന്മാർ “ ഇതൊന്നും ശരിയല്ല.. ഇതൊന്നും ശരിയല്ല എന്ന്.. പറഞ്ഞോണ്ട് മക്കളോട് പോയി പഠിക്കാൻ പറഞ്ഞു...”..
മക്കളൊക്കെ അകത്തോട്ട് പോയപ്പോൾ മെല്ലെ ശബ്ദം കുറച്ച് കണ്ട് ചർച്ച ചെയ്യാൻ തുടങ്ങി...
"....ഇതാ ഇപ്പം വല്യ കാര്യം ഇതിനേക്കാൾ വല്യ സംഭവം നമ്മൾ കണ്ടിട്ടുണ്ട്.. എന്നും പിറുപിറുത്തോണ്ട് റൂമിലേക്ക് പോയി കതകടച്ച് മക്കൾ അരചന്മാർകമ്പ്യൂട്ടറ്‌ ഓണാക്കി...
ഈ അസ്സമയത്ത് നെറം മാറുന്ന ഓന്തന്മാർ മൂക്കേൽ കൈവെച്ചു.. പിന്നെ തലേൽ കൈവെച്ചു പറഞ്ഞു..” ഓൾക്കിതിന്റെ ആവശ്യോണ്ടായിരുന്നോ... വല്യ നടിമാരാണത്രെ ..നടിമാര്‌... എന്നെ കല്യാണോം കഴിച്ച് , എന്നേം പോറ്റി കഴിഞ്ഞിരുന്നെങ്കിൽ ഇതൊന്നും സംഭവിക്കുമായിരുന്നോ?.... കലിപ്പുകള്‌ തീരുന്നില്ലെങ്കിൽ അവരെം വെച്ച് വ്യാപാരോം നടത്തി സുഖായി ജീവിക്കാരുന്നു..!"
ഏതോ ഒരു കൂരയിൽ നിന്നും ഒരു മുത്തശ്ശി ടീവീം കണ്ട് പിറുപിറുക്കുന്നുണ്ടായിരുന്നു..” വെവരം കെട്ടോള്‌.. എരണം കെട്ടോള്‌.. "
” വെവരം ഇല്ല്യാഞ്ഞിട്ടൊന്നും അല്ല അമ്മേ ... അവരൊക്കെ വല്ല്യ പത്രാസ്സും പഠിപ്പും ഉള്ളോരാ...പണോം പ്രശസ്തീം ഉള്ളോരാ..അല്ലാതെ നമ്മളെ പോലെ കഞ്ഞി കുടിക്കാനില്ലാത്തോരൊന്നും അല്ല!“.. കൂരയിലെ കസേരയിൽ ചാഞ്ഞിരുന്നോണ്ട് അയാൾ പറഞ്ഞു കൊടുത്തു...
അപ്പോഴും അത്രെയ്ക്കൊന്നും വിവരമില്ലാത്ത മുത്തശ്ശി പറഞ്ഞോണ്ടിരുന്നു..”..തുഫൂ.. എരണം കെട്ടോള്‌... വെവരം കെട്ടോള്‌....!“

അങ്ങിനെ ഈ ഭൂമി മലയാളത്തിൽ കാല്ക്കാശിനു വകയില്ലാത്ത മുത്തശ്ശി പറയുന്ന ചെല എരണം കെട്ടൊളും വെവരം കെട്ടോളും പുതപ്പു വിട്ടു കൊടുത്തും വസ്ത്രം വിട്ടു കൊടുത്തും നടനം തുടങ്ങി...
നാടു നാട്ടാരും കൈയ്യടിച്ച് അഭിനന്ദിച്ചോണ്ടിരുന്നു...പിന്നെ പറഞ്ഞു "പോരാ അല്ലേ...ഇത്തിരി കൂടി ആവാമായിരുന്നു ഗ്ളാമറസ്സ് സ്സ് സ്സ്......."

ചൊവ്വാഴ്ച, മാർച്ച് 06, 2012

ഒരറിയിപ്പ്!

ബഹു മാന്യരായ എന്റെ പ്രീയ സഹോദരീ സഹോദരങ്ങളെ,

നിങ്ങളെ ഈശ്വരൻ, അള്ളാഹു,യേശു ക്രിസ്തു അനുഗ്രഹിക്കട്ടെ..!

നിങ്ങൾക്കെല്ലാമറിയുന്ന കാര്യമാണ് ഞാനിവിടെ പറയുന്നത്…. എന്റെ ഒരു ദയനീയാവസ്ഥ..! അതു കണ്ടറിഞ്ഞു നിങ്ങൾ എന്നെ സഹായിക്കുമെന്ന് എനിക്കുറപ്പുണ്ട്..

എല്ലാവരും ബെൻസ് കാറ് ഓടിക്കുമ്പോൾ ഇപ്പോഴും ഞാൻ പഴഞ്ചൻ ബസ്സിലാണ് യാത്ര ചെയ്യുന്നത്… ചിലപ്പോൾ ഓട്ടോ റിക്ഷയിലും.. പൈസ ഓട്ടോക്കാരൻ പറയുന്നത് കൊടുത്താലും ഓട്ടോക്കാരന്റെ ആട്ടും തുപ്പും കേട്ട് സഹി കെട്ടു…ആദ്യം വിസ്തരിക്കും… എവിടെയ്ക്കാ പോകേണ്ടത്.. ഹേയ് ഞങ്ങൾക്ക് വേറെ ഓട്ടമുണ്ട്… പറ്റില്ല അടുത്ത റിക്ഷ നോക്കൂ.. എന്നിങ്ങനെ പറഞ്ഞ് എന്നെ റിക്ഷ ക്യൂവിന്റെ അവസാനം വരെ ഇട്ട് നടത്തുന്നു…കാരണം ചെറിയ ഓട്ടം അവർക്ക് താല്പര്യമില്ലത്രെ..! ഒടുവിൽ സഹികെടുമ്പോൾ കരഞ്ഞു പ്രാർത്ഥിക്കും.. അപ്പോൾ ദൈവദൂതനെ പോലെ ഏതെങ്കിലും ഒരു റിക്ഷാക്കാരൻ അവൻ പറയുന്ന പൈസ എണ്ണിക്കൊടുത്താൽ വീട്ടു പടിക്കലെത്തിക്കും…അതല്ലെങ്കിൽ കൈവീശി നടരാജ ബസ്സിൽ പോകണം..( മൂന്ന് കിലോമീറ്ററോളം കൈവീശി നടക്കുന്നത് ഇന്നെത്തെ കാലത്ത് ഒരു ദയനീയാവസ്ഥയാണെന്ന് നിങ്ങൾ പറയുമെന്ന് എനിക്കുറപ്പുണ്ട്...ചിലപ്പോൾ എന്റെ ദയനീയാവസ്ഥ ഓർത്തു കരഞ്ഞു പോയവരെ ഞാൻ വിസ്മരിക്കുന്നില്ല.. അവർക്ക് ഞാൻ നന്ദി രേഖപ്പെടുത്തുന്നു..സങ്കടം തോന്നി ബൈക്കിൽ എന്നെ വീട്ടു പടിക്കൽ എത്തിച്ച രാമഭദ്രൻ, ഹംസക്കോയ എന്നിവർക്ക് എന്നും ദൈവം നല്ലതു വരുത്തട്ടേ)

ഈ ദയനീയാവസ്ഥയിൽ നിന്ന് കര കയറുവാൻ ഒരു കാറ് അടിയന്തിരമായി വാങ്ങിക്കുവാൻ സാമ്പത്തിക സഹായം തന്ന് അനുഗ്രഹിക്കണമെന്ന് നിങ്ങളോരോരുത്തരോടും അഭ്യർത്ഥിക്കുന്നു. ബെൻസു കാറ് വാങ്ങിക്കുവാൻ ആകും നിങ്ങൾ നിർദ്ദേശിക്കുക എന്നെനിക്കുറപ്പുണ്ട്..

(പ്രത്യേക അറിയിപ്പ്:-… കൂടുതൽ പൈസയുള്ളവർ ആജീവാനന്തം പെട്രോൾ അടിച്ചു തന്നാൽ ദൈവം നിങ്ങൾക്ക് അനുഗ്രഹം ചൊരിഞ്ഞിടാൻ പ്രാർത്ഥിക്കുന്നതാണ്.. പൈസ ഡ്രാഫ്റ്റായി സ്വീകരിക്കുന്നതാണ്..ബാങ്ക് എകൌണ്ട് ഡീറ്റേൽ സ് താഴെ..)


ബാങ്ക്;‌‌‌‌‌‌‌‌‌

ബ്രാഞ്ച്:-


പേര്:
ഒപ്പ്:

(ഈ അറിയിപ്പ് നിങ്ങൾക്ക് എത്തിച്ചു തന്നവൻ സത്യസന്ധനും ബഹുമാന്യനും നീതിമാനുമാണെന്ന് ഞാൻ സാക്ഷ്യപ്പെടുത്തുന്നു..
ചായക്കടക്കാരൻ അയമ്മദ് കുട്ടി

ഒപ്പ്: )


(ഈ നോട്ടീസിനെ വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുതെന്ന് താഴ്മയായി അപേക്ഷിക്കുന്നു…ഈ നോട്ടീസ് കണ്ട് പരിഹസിച്ചവർ പെട്രോളടിക്കാൻ കാശില്ലാതെ, കാറു വിറ്റ് കാശീൽ പോയിട്ടുണ്ട്…ചിലരിപ്പോൾ കാറ് ഷെഡ്ഡിൽ കയറ്റി വെച്ചിരിക്കുന്നു..സത്യം കയ്ക്കുമെന്നറിയാം എന്നാലും പറയാതെ വയ്യല്ലോ?)

ഞായറാഴ്‌ച, മാർച്ച് 04, 2012

അതിജീവനങ്ങൾ

1) ഓരോ മൂട്ടയും കൊതുകും
    അധികാരം പങ്കിട്ടെടുക്കുകയാണ്.
    പറന്നു നടന്നവനും
    പതുങ്ങി വന്നവനും
    അവർക്ക് ജീവിക്കുവാൻ
    അവരെന്റെ രക്തമെടുത്തു,
    എനിക്കു ജീവിക്കുവാൻ
    ഞാനവരുടെ ജീവനും!
    ചില തകർച്ചകൾ
    ആസന്നമാകുന്നത്,
    ക്ഷമയുടെ നെല്ലിപ്പലക
    കാണുമ്പോഴാകണം!

2)  ഈച്ചയ്ക്ക് എച്ചിൽ
     പോരത്രെ,
     മൃതേത്ത്
    മുടക്കിയോനെ പ്രാകി
     ജീവനെ അമര്‍ച്ച ചെയ്ത
     നിര്‍വൃതിയോടെ
     നിൽക്കുന്നോരെ,
      ഗുണ്ടയെന്നോ,
     കൊലപാതകിയെന്നോ,
     വിളിക്കേണ്ടത്,
     അതോ
     സാമൂഹ്യ പരിഷ്ക്കാർത്താവെന്നോ?
    
3)
      ഓരോ പുഴുക്കളും
     പ്രാർത്ഥിക്കുന്നത്
     പാദങ്ങളിൽ പെട്ട്
    ചതഞ്ഞരയരുതെന്നാകാം
    ഓരോ സർപ്പവും പ്രാർത്ഥിക്കുന്നതും
     മനുഷ്യനെ കാണരുതെന്നാകാം,
    എങ്കിലും വിഷസർപ്പമെന്നോതി,
    ഓടിയടുത്ത്തല്ലിക്കൊല്ലുമ്പോൾ
    നന്മ നിറഞ്ഞവനായി
   മുദ്രകുത്തപ്പെടുന്ന മനുഷ്യൻ!
   അതിജീവനത്തിനായി
   ഓടിയൊളിക്കുന്നവനെ
   പിന്തുടർന്നില്ലാതാക്കുന്ന ക്രൂരത!

ബുധനാഴ്‌ച, ഫെബ്രുവരി 29, 2012

ന്യായാന്യായങ്ങൾ!


അണു കുടുംബങ്ങളിൽ
നിറച്ചും അണുക്കൾ,
തലമുറകളിൽ നിന്നും തലമുറകളിലേക്ക്
 പടർന്നു പിടിക്കുന്ന രോഗങ്ങൾ!

പകലിലെ
കൊയ്ത്തു കഴിഞ്ഞു
കസേരകളിൽ ചുരുളുന്ന
എടുക്കാത്ത അണകൾ!

മനസ്സുകളിൽ
വ്രണങ്ങൾ നിറഞ്ഞും
വ്രണിതരാക്കപ്പെട്ടും
മിഴിനിറയുന്ന സായാഹ്നങ്ങൾ!

അണു കുടുംബത്തിലെ
ദൃഢചിത്തനെ
കരയിച്ചോരുള്ളി,
തറിഞ്ഞൊടുങ്ങുമ്പോൾ
ചോദ്യം ചെയ്തു,
ഹൃദയശൂന്യാനാം നീ
മിഴികൾ അനാവശ്യമായി
നിറയ്ക്കുന്നതെന്തിന്?
തുടയ്ക്കുന്നതെന്തിന്?
 
( പ്രതിഭ കുവൈറ്റ് ലിറ്റിൽ മാഗസിനിൽ പ്രസിദ്ധീകരിച്ചത്)

ചൊവ്വാഴ്ച, ഫെബ്രുവരി 21, 2012

ജനന ഗുണം

1) കടുക്

ചെയ്ത പാപമറിയാതെ,
വിചാരണ കൂടാതെ,
തിളച്ച എണ്ണയിൽ
വലിച്ചെറിയപ്പെട്ട
കാപ്പിരികൾ,
പിടഞ്ഞൊടുങ്ങുന്ന
അവരുടെ രക്തവും ദേഹവും
കറികളിൽ നിറഞ്ഞ്,
യജമാനരുടെ
സംതൃപ്തിക്ക്,
ആമാശയങ്ങളിൽ
പടരണം!
അന്നും ഇന്നും എന്നും
അധികാരി കീഴ്ത്തട്ടുകാരന് കല്പിച്ചു
നൽകപ്പെട്ട മാന്യമായഅവകാശം!

-------------------------
2)കറിവേപ്പില

ഗുണവും മണവുമെന്നോതി
പറിച്ചെടുത്ത് കറിയിലിട്ടു തിളപ്പിച്ചൊടുവിൽ
വലിച്ചെറിഞ്ഞേമ്പക്കമിട്ടവർ പോയപ്പോൾ
തിരിച്ചറിഞ്ഞ സത്ത്വം ജനനഗുണം!
സാന്ത്വനമോതിയ
ഭൂമിയെ അള്ളിപ്പിടിച്ചു കിടന്നു.
അപ്പോഴും സഹിക്കാത്തൊരു കാറ്റ്
കിടന്നേടത്തു നിന്നും
വീണ്ടും അകലങ്ങളിലേക്ക്വലിച്ചെറിയാൻ

അമർഷത്തോടെ മുരളുന്നു…..!
 

ശനിയാഴ്‌ച, ഫെബ്രുവരി 11, 2012

ഭിക്ഷാംദേഹി!

അർത്ഥവത്തായതൊന്നും എനിക്കില്ല,
ഓർമ്മഹത്യാ പാപം!
അർത്ഥശൂന്യതയും എന്നെ വേട്ടയാടാറില്ല
തലച്ചോറിൽ ഓർമ്മയുടെ  പുനർജന്മ നൃത്തം !
കുപ്പത്തൊട്ടിയിൽ നിന്നും
എച്ചിലിലകൾ വാരിയെടുത്തു.
ആർത്തിയോടെ ഭക്ഷിച്ച്
ഏമ്പക്കമിട്ടപ്പോൾ,
എന്നെ കൊത്തിയെടുക്കുന്ന,
വിസ്തരിക്കുന്ന ഉരുണ്ട കണ്ണുകൾ,
പുച്ഛത്തോടെ ,അറപ്പോടെ, വെറുപ്പോടെ…!
കോട്ടും പാന്റും ടൈയ്യും കെട്ടിയ മഹാമാന്യതകൾ!
അവരുടെ ദുർഗന്ധം സുഗന്ധം പൂശി മറച്ചിരിക്കുന്നു.
അസ്ഥിത്വം തിരിച്ചറിയാത്തവർ!

ആരോടെന്നില്ലാതെ വെറുതെ ഒരു ചിരി ചിരിച്ചു,
കരിപിടിക്കാത്ത,പൊടി പിടിക്കാത്ത,
ഇസ്തിരിയിട്ടു കൊണ്ടു നടക്കുന്ന
അവരുടെ അഭിമാനമോർത്ത്..!
പിന്നെ ഊറിച്ചിരിച്ചു,!
ഗർവ്വു കത്തിച്ചഉയർന്ന ശിരസ്സിൽ
പുക ഉയരാതിരിക്കട്ടെ!
ഷൂസിട്ട കനമുള്ള കാലടികൾ
യാന്ത്രികമായി ചലിക്കുമ്പോൾ,
അകത്തുള്ള ചെളികൾ
പുറത്തേക്ക് വമിക്കാതിരിക്കട്ടേ!
 ടൈ ആത്മാഭിമാനത്താൽ
സ്വയം മുറുകി കൊല്ലാതിരിക്കട്ടെ!

മനസാക്ഷിയോട് ചോദിക്കുക,
ഒന്നും ആരും സ്വയം സൃഷ്ടിച്ചതല്ലല്ലോ?
മറ്റൊരുത്തന്റെ പിച്ചച്ചട്ടിയിൽ കൈയ്യിട്ടു വാരി,
ആർത്തിയോടെ തിന്നു ഏമ്പക്കമിട്ടവർ?
ഈ തടി ആർക്കൊക്കെ അവകാശപ്പെട്ടിരിക്കുന്നു,
ഈ മേദസ്സ് ആർക്കൊക്കെ സമാധാനം പറയപ്പെടണം?

ഞാൻ കുപ്പത്തൊട്ടിയിൽ നിന്നും
അവർ പിച്ചച്ചട്ടിയിൽ നിന്നും!
തിന്നുന്നത് സ്വർണ്ണതളികയിലായാലും
എച്ചിലുകൾ എച്ചിലുകൾ തന്നെ!
എന്നിട്ടും ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ പരിഹസിക്കുന്നു.

ഒരു പക്ഷെ അഹന്തയാവാം,
അല്ലെങ്കിൽ മറവിയാവാം,
അതുമല്ലെങ്കിൽ അറിവില്ലായ്മയാവാം!

മനുഷ്യൻ എന്നും അങ്ങിനെയാണ്,
ഉയർച്ചകൾ താഴ്ചയെ നോക്കി പുച്ഛിക്കും
താഴ്ചകൾ ഉയർച്ചയെ നോക്കി നെഞ്ചു തടവും!
ചൂടും തണുപ്പും, ഉയർച്ചയും താഴ്ചയും,
വീക്ഷിച്ചു തിരിഞ്ഞു നടന്നു.
ഭിക്ഷാംദേഹി എന്നും നിസ്സംഗനാണ്!

വലീയ നാടകങ്ങൾക്കിടയിലെ ഒരു ചെറിയ വേഷം!

ബുധനാഴ്‌ച, ഫെബ്രുവരി 08, 2012

കല്ലുരുട്ടൽ!

ചതുപ്പു നിലത്തിൽ അസൂയയുടെ വഴുക്കൽ!
കല്പടവുകൾക്ക് ബലം പോരാ!
വിജയത്തിലേക്ക് കാലുയർത്തുമ്പോൾ കുലുങ്ങുന്നു.
കാർമേഘം ഉരുണ്ടു തുടങ്ങി.
മുഖം തിരിപ്പിന്റെ കാറ്റ്!
മഴ തുടങ്ങി.!
പുച്ഛത്തിന്റെ ചാറ്റൽ മഴ!
കുശു കുശുപ്പിന്റെ മിന്നൽ!
ശപിക്കുന്നവരുടെ ഇടിമിന്നലുകൾ!
ഉരുൾ പൊട്ടൽ പോലെ
അണപ്പല്ലുകൾ ഞെരിയുന്ന ശബ്ദങ്ങൾ!

വീണ്ടും പുഞ്ചിരിച്ചു നിവർന്നു നിന്നു..
സ്നേഹം ചാന്തു ചേർത്തുറപ്പിച്ചുയർത്തി.
വിയർപ്പ് കുടഞ്ഞെറിഞ്ഞു..
ഇനി കയറണം..പതിയെ പതിയെ..

ഇപ്പോൾ നടുവിന് ബലം പോര..!
കൈകൾക്കു കരുത്തും!
ഒടിഞ്ഞു കുത്തിക്കയറണം!
സംശയം മഹാമാരി തന്നെ!
ഹൃദയത്തെ കാർന്നു തിന്നുന്ന രോഗം!

ഊന്നു വടികളുമായി ആളുകൾ കുത്തിപ്പൊക്കി,..
ഇനി മുളയിൽ കയറി മാവിൽ ചാടണം!
സാഹസം തന്നെ!
ആളുകൾ കൈകൊട്ടി ചിരിക്കുന്നുണ്ടാവും!

-------------------------------------------------------------
• മുളയിൽ കയറി മാവിൽ ചാടുക- പ്രസിദ്ധമായ പഴം ചൊല്ല്.