പേജുകള്‍‌

ശനിയാഴ്‌ച, ഫെബ്രുവരി 20, 2010

അടിമത്തം

വെളുപ്പിച്ച ചിരിയുമായ്‌
രുചിമുകുളങ്ങളിൽ
നിർവൃതിയായി
ഞെരമ്പിലെ
നിണപ്രവാഹത്തിനു
തടയായവൻ പൊട്ടിച്ചിരിച്ചു
വിജയാഹ്ലാദം!
അയാളും രോഗിയായി!

ഞരമ്പുകളിലിൻസുലിൻ
വേദനയായി പടർന്നവനെ
ആട്ടിതുരത്തുമ്പോഴും
ഒളിപ്പിച്ച ഭരണിയിൽകൈയ്യിട്ടു
ചുംബിച്ചയാളവനെ സ്നേഹിച്ചു
"ഇനിയെങ്കിലും ചതിക്കാതിരുന്നൂടേ!"
അയാളും അടിമത്തം ആസ്വദിച്ചു.

കാക്കയുടെ ചിന്തകൾ--(2)

ഈസ്ട്രജൻ ഡേ.
-----------------------
അയാൾ ആരോഗ്യദൃഡഗാത്രനായിരുന്നു..സ്വന്തം കൃഷിയിടങ്ങളിൽ തൂമ്പയെടുത്തു വാഴവെക്കാനുള്ള മടി കാരണം ജിമ്മിലേക്ക്‌ യാത്രയായി.. അവിടെ കിളക്കുകയും മാന്തുകയും ചെയ്ത്‌ ഊർജ്ജം ചോർത്തി ആശ്വാസം കൊണ്ടു.. മലർന്നുകിടന്നും ചെരിഞ്ഞു കിടന്നും എന്തൊക്കെയോ വികൃതികൾ കാണിച്ചു..ചുമ്മാ...


സൂപ്പർ മാർക്കെറ്റിൽ നിന്നും അഞ്ചു കിലോ അരി പൊക്കി അഞ്ചു മിനുട്ട്‌ നടക്കാനുള്ള ശേഷിയില്ലാത്തതിനാൽ ഓട്ടോറിക്ഷ പിടിച്ചു വരുന്ന അയാൾ 50 കിലോയും 60 കിലോയും ഉള്ള ഇരുമ്പു കട്ടകൾ പൊക്കി കരുത്തു തെളിയിച്ചു.. ചുമ്മാ... വെറുതേ..

കസർത്തുകൾ കഴിഞ്ഞ്‌ റോഡരികിലെ പെട്ടിക്കടയിൽ വണ്ടി നിർത്തി... ..ജിമ്മിനു പോകുന്ന പയലുകൾക്ക്‌ വേണ്ടി മുട്ടകൾ കൂമ്പാരമാക്കി വെച്ചിട്ടുണ്ട്‌ അവിടെ...ചുമ്മാ വെറുതേയല്ല... ചുമ്മാ പൈസകൊടുത്താൽ....
ആന വായിലമ്പഴങ്ങ എന്ന മട്ടിൽ മുട്ടകൾ ഒന്നൊന്നായി സിക്സർ അടിച്ചു കൊണ്ടിരുന്നു..
കൊതി തീർത്ത്‌ എഴുന്നേറ്റു പോയപ്പോൾ..വായിൽ സ്ത്രീശബ്ദം മാത്രം വരുന്നു...  മുട്ടയിലെ ഈസ്റ്റ്ട്രജൻ! യാദാർത്ഥ്യം മനസ്സിലായപ്പോൾ അയാൾ അതിനോടു പൊരുത്തപ്പെട്ടു..


മരക്കൊമ്പിലിരുന്ന കാക്ക തലചെരിച്ചു പിടിച്ചു എല്ലാം കാണുന്നുണ്ടായിരുന്നു..." പരിണാമം ...പരിണാമം..ഈസ്ട്രൻ തിന്നാൽ പൂവൻ കോഴിയും പറകണക്കിനു മുട്ടയിടും ... ആശുപത്രിയിൽ പോയി പ്രസവിക്കും..". കാക്ക നെടുവീർപ്പിട്ടു.

വേൾഡ്‌ ഹെൽത്ത്‌ ഒർഗനൈസേഷൻ അന്നേ ദിവസം മുതൽ ഈസ്ട്രജൻ ദിനമായി പ്രഖ്യാപിച്ചു... ഒപ്പം ജനങ്ങളും!

കാക്കകളുടെ ഗുരുനാഥൻ കാക്കകൾക്കായി കഥ പറഞ്ഞു കൊടുത്തിട്ടിപ്രകാരം പറഞ്ഞു .." മനുഷ്യന്‌ എല്ലാമറിയാമെന്ന അഹങ്കാരമാ... അഹങ്കാരം!"
കാക്ക ശിഷ്യർ അത്‌...കാ..കാ.. കാ.. എന്ന് ശരിവെച്ചു..
ആരോ ശബ്ദമുണ്ടാക്കുന്ന കാക്കകളെ കല്ലെറിഞ്ഞോടിച്ചു..
" അഹങ്കാരികൾ മാത്രമല്ല..ദുഷ്ടന്മാരും...കണ്ടില്ലേ..ഒന്നും ചെയ്യാത്ത നമ്മളേയും കല്ലെറിയുന്നത്‌..."

"കാ..കാ.. കാ എന്ന് ശിഷ്യർ അതു ശരിവെച്ചു..

തിങ്കളാഴ്‌ച, ഫെബ്രുവരി 15, 2010

തെരുവ്‌ വേശ്യയുടെ മാനം

അവൾ അയാളുടെ കരവലയങ്ങളിൽ നിന്നും ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു...പകലോന്റെ പ്രകാശം, അടഞ്ഞ ജനലഴിയുടെ ചെറുദ്വാരത്തിലൂടെ അരിച്ചരിച്ച്‌ ഇറങ്ങിയിരുന്നത്‌ ഹവ്വയെ ലൂസിഫർ നാണമെന്നതെന്തെന്ന് പഠിപ്പിച്ചപ്പോഴത്തതിനു സമാനമാക്കി.....ഒരു കൈ കൊണ്ട്‌ ശരീരം ആസകലം മറക്കാൻ ശ്രമിച്ച്‌ ഊരിയെറിഞ്ഞതും, ഊർന്നിറങ്ങിയതുമായ വസ്ത്ര ശകലങ്ങൾക്കായി അവൾ പരുതി. അല്ലെങ്കിലും പെണ്ണുങ്ങൾ ഇപ്പോൾ വസ്ത്രങ്ങൾ ധരിക്കാറില്ലല്ലോ.. വസ്ത്ര ശകലങ്ങളല്ലേ ധരിക്കാറുള്ളൂ!.. വസ്ത്രങ്ങൾ നന്നായി ധരിക്കുന്നത്‌ കുറച്ചിലായതിനാൽ മേനിയുടെ കൊഴുപ്പും ,മെഴുപ്പും ,വെളുപ്പും നാലാളു കാണാൻ പുറമ്പോക്കായി ഒഴിച്ചിടുമ്പോൾ ഭർത്താക്കന്മാർ അതിനെ പ്രോൽസാഹിപ്പിക്കും..അല്ലെങ്കിൽ സ്ത്രീയെ അവഹേളിച്ചതിനു വനിതാവേദികളുടെ തെളിവെടുപ്പും ,വിളവെടുപ്പും ശകാരവും ഉണ്ടാകും...ടീവിയിൽ ഒരാഴ്ചത്തെ ഒരു പരിപാടിക്ക്‌ അതൊക്കെ മതി.
കസേരയിൽ വെച്ചിരുന്ന വസ്ത്ര ശകലങ്ങൾ ധരിച്ചപ്പോൾ ഇച്ചിരി നാണക്കേട്‌ മാറിയതായി അവൾക്ക്‌ തോന്നി... കണ്ണാടിയിൽ നോക്കി മുടിചീകിയൊതുക്കി ..പൗഡറിട്ട്‌ വീണ്ടും സുന്ദരിയായി... വാനിറ്റി ബാഗ്‌ തോളിൽ തൂക്കിയതിനു ശേഷം അവൾ അയാളെ വിളിച്ചു.

".. ദേ.. എട്ടുമണിയായി..എനിക്കു പോണം"

" രണ്ടു ദിവസം കൂടി കഴിഞ്ഞു പോയാൽ പോരെ"- ഒഴുക്കൻ മട്ടിൽ അയാൾ ചോദിച്ചു..

" അതിന്‌ താങ്കൾക്ക്‌ ഞാൻ ഡെയിറ്റ്‌ തന്നിട്ടില്ലല്ലോ..ഇനി ഒരാഴ്ച കഴിഞ്ഞേ ഡെയിറ്റ്‌ ഉള്ളൂ... വേണമെങ്കിൽ ഇപ്പോൾ പറയണം.. "- അവൾ ഡയറിയെടുത്തു .പെന്നെടുത്തു ഡെയിറ്റ്‌ കുറിക്കാൻ അയാളുടെ ചുണ്ടനങ്ങുന്നത്‌ കാത്തു കൊണ്ട്‌ പറഞ്ഞു ."വേണോ?..വേണമെങ്കിൽ വേഗം പറ!"

ഡെയിറ്റ്‌ മാറി ആളുകളെ നിരാശപ്പെടുത്താത്തതിനാൽ എന്നും കച്ചോടം ഉണ്ട്‌.ഏതു പണിയായാലും കൃത്യനിഷ്ഠത വേണമെന്ന് അവൾക്ക്‌ നിർബന്ധമായിരുന്നു..

"ഉം വേണമെങ്കിൽ പിന്നീട്‌ വിളിക്കാം"- അയാൾ ആലസ്യത്തോടെ പറഞ്ഞു. പിന്നെ തലയിണക്കടിയിൽ നിന്നും പേഴ്സ്‌ എടുത്ത്‌ നോട്ടുകൾ പുറത്തെടുത്തു കൊണ്ടു ചോദിച്ചു..

" എത്രെയാ?"

" ഓർമ്മയില്ലേ... ഇന്നലെ പറഞ്ഞുറപ്പിച്ച തുക!"

"അയാൾ തലചൊറിഞ്ഞു "അതിത്തിരി കൂടുതലാ"

"എന്റെ റേറ്റ്‌ പറഞ്ഞാണല്ലോ ഞാൻ വന്നത്‌?" അവൾക്ക്‌ ദേഷ്യം വന്നിരുന്നു...

"... എടീ.. ന്നാലും ഞാൻ സ്ഥിരം കുറ്റിയവുമെന്നെങ്കിലും ഓർത്തിട്ട്‌ ഡിസ്ക്കൗണ്ടൊക്കെ തന്നൂടേ?." അയാൾ അൽപം താഴ്‌ന്നു.

"അതിനു ഞാൻ അധിക കാലം ഈ ഫീൽഡിൽ നിൽക്കില്ലല്ലോ?"

" അങ്ങിനെയാടീ ഈ ഫീൽഡിൽ വരുന്ന പല കൂത്തച്ചികളും ആദ്യം പറയാറ്‌... പിന്നെ പിന്നെ അതൊരു ശീലമാവും!.. നല്ല മണി കിട്ടുന്ന കച്ചോടാ ഇത്‌...മറക്കേണ്ട!!അതാ പറഞ്ഞത്‌ എനിക്ക്‌ ഡിസ്ക്കൗണ്ട്‌ തന്ന് ഐശ്വര്യമായി ഈ ഫീൽഡിൽ ഇറങ്ങിക്കോന്ന്.. ചുമ്മാതല്ല!"-അയാളുടെ വായ ഏതു പദവും മെരുക്കാനും അതു പോലെ ശക്തമായി പുറത്തേക്ക്‌ തുപ്പിക്കളയാനും മാത്രം വലുതായിരുന്നു.

...ഒരു പക്ഷെ കുടുംബപ്രാരാബ്ധത്തിന്റെ വിങ്ങലിലായിരിക്കണം സ്വയം അശുദ്ധയായി മറ്റുള്ളവരെ ശുദ്ധരാക്കാൻ അവൾ പാടുപെടുന്നത്‌!!അതുകൊണ്ടു തന്നെ അവൾ താഴാൻ തയ്യാറായില്ല.

".. ആദ്യമേ പറയണമായിരുന്നു... ഇത്ര നാറിയായ താങ്കളുടെ അടുത്തു ഞാൻ വരില്ലായിരുന്നു...നിവൃത്തികേടുകൊണ്ടാ ഇതിനൊക്കെ ഇറങ്ങി തിരിച്ചത്‌ ..അല്ലാതെ..." - അവൾ തുറന്നടിച്ചു.

"..ഓ ഒരു ശീലാവതി.. .എന്താടീ തന്റെ ഫിറ്റിംഗ്സുകളൊക്കെ സ്വർണ്ണമോ രത്നമോ അല്ലല്ലോ..സാധാരണ പെണ്ണുങ്ങളിൽ നിന്ന് എന്താ ഒരു വ്യത്യാസം?...ഇത്രയും വിലകൂട്ടിപ്പറയാൻ? "- യാതൊരു ഉളുപ്പുമില്ലാതെ അയാൾ പറഞ്ഞു.

അവൾ അയാളുടെ പക്കൽ നിന്നും പണവും പേഴ്സും തട്ടിപ്പറിച്ചു.. പറഞ്ഞുറപ്പിച്ച തുകയെടുത്തു.. ബാക്കി അയാളുടെ കൈയ്യിലേക്ക്‌ വലിച്ചെറിഞ്ഞു കൊടുത്തു.

"ഡിസ്ക്കൗണ്ടില്ലേ.. തന്നാൽ നിനക്കു നല്ലത്‌..എന്നെ പറ്റിച്ചു പോകുന്നെങ്കിൽ പോയ്ക്കോ...എന്നാലും കുറച്ച്‌ ഡിസ്ക്കൗണ്ട്‌ തന്നെങ്കിൽ നിനക്കു എന്തെങ്കിലും നഷ്ടമുണ്ടോന്ന് ആലോചിക്കണം ലാഭമല്ലാതെ... ഉപയോഗിച്ചാൽ നഷ്ടമാകുന്ന എന്തെങ്കിലും ഉണ്ടോ തന്നിൽ!!"-അയാളുടെ വായ കൂടുതൽ ചീഞ്ഞു നാറാൻ തുടങ്ങി..

അവളുടെ കോപം ഇരട്ടിച്ചിരുന്നു..." എന്റെ മാനത്തിനു വിലപറയുന്നോടാ നായെ.... നിന്റെ ശവമടക്കിനു തികയുമെങ്കിൽ ദാ ... ഇതീരിക്കട്ടേ..നീ പറഞ്ഞ ഡിസ്ക്കൗണ്ട്‌!!".... ചവിട്ടിതുള്ളിക്കൊണ്ട്‌ പോകുമ്പോൾ അവൾ ഒരു നോട്ട്‌ അയാളുടെ മുഖത്ത്‌ വലിച്ചെറിഞ്ഞുകൊണ്ട്‌ പറഞ്ഞു..

വാനിറ്റീ ബാഗിൽ നിന്നും ഡയറിയെടുത്ത്‌ അടുത്തയാളുടെ പേരും നമ്പരും തിരയുമ്പോൾ അവൾ പിറുപിറുത്തു " ദൈവമേ അറ്റകൈക്ക്‌ ഉപ്പു തേക്കാത്തവനായിപ്പോയല്ലോ ശകുനം..അടുത്തത്‌ എങ്ങനെത്തെയാണാവോ?!!"

"ദൈവമേ.. തെരുവു വേശ്യയ്ക്കും മാനമോ.. അയാൾക്ക്‌ വിശ്വസിക്കാൻ കഴിഞ്ഞില്ല... കിടക്കയിലേക്ക്‌ മറിഞ്ഞുവീണു പുതപ്പിനുള്ളിലേക്ക്‌ ഊർന്നിറങ്ങുമ്പോൾ അയാളുടെ മാനം അവളുടെ കൂടെ ഇറങ്ങിപ്പോയിരുന്നു...എന്നിട്ടും അയാൾ കഴിഞ്ഞ രാത്രിയെ കുറിച്ചോർത്തു പിറുപിറുത്തു.." കൊള്ളാം നല്ല പീസ്‌!!.. വെറുതേ ശുണ്ഠി പിടിപ്പിക്കേണ്ടായിരുന്നു."

ശനിയാഴ്‌ച, ഫെബ്രുവരി 13, 2010

പ്രണയത്തിന്റെ പ്രഫസർ

അവരുടെ ഇടയിൽ ഞാനൊരു അദ്ധ്യാപകനായി.. പ്രഫസ്സറായി...


കണ്ണിമയ്ക്കാതെ എന്റെ ക്ലാസ്സുകൾ ശ്രദ്ധിച്ചു....ഉള്ള സാഹിത്യം കടക്കോലുകൊണ്ട്‌ കടഞ്ഞെടുത്ത്‌ തൈരിൽ നിന്നും വെണ്ണയെടുക്കുന്ന പരിശ്രമത്തിനൊടുവിൽ ഞാൻ തുടർന്നു...
...ശരീരമാകുന്ന ഭൂവിൽ, മനസ്സാകുന്ന കർത്താവ്‌, അഹോരാത്രം പണിയെടുത്ത്‌ ഹൃദയ വാടികളിൽ വിരിയിക്കുന്ന മനോജ്ഞമായ പുഷ്പത്തിന്റെ മുകുളമത്രെ പ്രണയം!!...
... അവരെന്നെ കയ്യടിച്ചു പ്രോൽസാഹിപ്പിച്ചുകൊണ്ടിരുന്നു...

വീണ്ടും വെണ്ണയെടുത്തു കൊണ്ട്‌ ഞാൻ തുടർന്നു...

.......അതു മെല്ലെ മെല്ലെ വിരിയും... സുന്ദരന്മാരായ തേൻ ശലഭങ്ങളോടൊപ്പം കരിവണ്ടുകളും അതിന്റെ തേൻ നുകരാനെത്തും..എല്ലാവർക്കും തേൻ നുകരാൻ അവസരം കൊടുക്കും.. അപ്പോഴൊന്നും ആ സുഗന്ധപുഷ്പം..ആളെനോക്കാറില്ല.. കറുപ്പും വെളുപ്പും സൗന്ദര്യവും നോക്കാറില്ല.. വീണ്ടും വീണ്ടും അതു വിരിയും... പിന്നെ... മെല്ലെ മെല്ലെ കണ്ണടയ്ക്കും... .കൊഴിഞ്ഞു വീഴും....പിന്നെ അഴുകും... ചിതലരിക്കും .......അതോടെ എല്ലാം തകരും!..

ഞാൻ നിർത്തുമ്പോൾ.. അവർ ... ഹ...ഹ.. ഹാ.. എന്ന് അട്ടഹസിച്ചു പരിഹസിക്കയാണ്‌... കൂവിയാർക്കുകയാണ്‌....

"ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത ഓർമ്മയുണ്ടോ?...പ്രണയത്തെ കുറിച്ച്‌, അതിന്റെ മനോഹാരിതയെ കുറിച്ച്‌ പറയാനാണ്‌ താങ്കളോടു പറഞ്ഞത്‌... ദുരന്തത്തെ കുറിച്ചല്ല..". അവർ അട്ടഹസിച്ചു പിന്നെയും ചിരിച്ചു..പ്രഫസറൊടുള്ള ബഹുമാനം അവർക്കെന്നോടില്ല... തെരുവു തെണ്ടിയോടുള്ള അവഗണന... പരിഹാസം..!

സത്യത്തെ എല്ലാവർക്കും ഭയമാണെന്ന് എനിക്കു മനസ്സിലായി.....

പരിഹസിച്ചു ചിരിക്കുന്നിടത്തു നിന്നും പച്ചവെള്ളം പോലും കുടിക്കില്ലെന്ന് ശപഥം ചെയ്തു കൊണ്ടിരുന്നു.....

ചുട്ടെടുക്കുന്ന ദോശയുടെ മണം!..ഇതെവിടുന്ന്! എനിക്കശ്ചര്യം തോന്നി..ഞാൻ ശപഥത്തോടെ കണ്ണുതുറന്നു.... ചട്ടുകത്തോടെ അവൾ വന്നെന്നെ കുലുക്കി വിളിച്ചു പറഞ്ഞു ."...ദേ ഒരുപാട്‌ സമയമായി... വേഗം പല്ലു തേച്ചു വാ... ചായ കുടിക്കാം! ....ഏതു പെണ്ണിനെയാണാവോ ആലോചിച്ചു കിടക്കുന്നത്‌..."

വീണ പൂവിനെ വീണ്ടും ചവിട്ടണോ?.. അല്ല ആരെങ്കിലും അതെടുത്ത്‌ ഉമ്മവെക്കുമോ? ... എന്നൊന്നും നോക്കാനുള്ള, തർക്കിക്കാനുള്ള സമയമല്ലിത്‌.. വൈകിയാൽ ഇന്നും മാനേജറുടെ തെറിവിളി കേൾക്കേണ്ടിവരും..മെല്ലെ എഴുന്നേറ്റു..

തിങ്കളാഴ്‌ച, ഫെബ്രുവരി 08, 2010

എന്റെ കൂലി?? ( കവിത)

( കവിത- അങ്ങിനെ വിളിക്കാമോ എന്നറിയില്ല .. ക്ഷമിച്ചാലും.. അർത്ഥങ്ങളില്ലാത്ത വാക്കുകൾ കൊണ്ടുള്ള പ്രയോഗം എന്നെങ്കിലും വിളിച്ചൂടേ?)
------------------------------------------------------------

വ്യക്തമായി ഞാനറിയുന്നെൻ കണ്ഠത്തിൽ -
പൂമാലെയെന്നൊതി കാലം
ചാർത്തിയ കുരുക്കുകൾ,
മുറുകുന്നു മെല്ലെയോരൊനിമിഷാർദ്ധത്തിലും!.

ഞാനറിയുന്നു സഹസ്രയുഗങ്ങളാൽ
കടഞ്ഞെടുക്കേണ്ട വാക്കുകൾ,
ഞൊടിയിൽ കടഞ്ഞെടുക്കപ്പെട്ടെൻ
ഹൃദയഭിത്തികളിൽ തട്ടി-
യൊടുവിലെൻ മാനസത്തിൽ ലയിക്കുന്നു.
പുറം ലോകമറിയാതെൻ ചുണ്ടുകൾ
വിതുമ്പുന്നു, ഉരുണ്ടു കൂടിയകാർമേഘങ്ങൾ
പെരുമഴയായി കൺകളിൽ പെയ്തിറങ്ങുന്നു


ഞാനറിയുന്നുസ്നേഹത്തിൻ
പൂച്ചെണ്ടുകൾ വിരിയുന്നതും
ആയിരം പൂമ്പാറ്റകളെൻ
ഹൃദന്തത്തിലുയിർ-
കൊണ്ട്‌ പറന്നുയരുന്നതും.
വിദ്വേഷത്തിൻ
വിഷവിത്തുകളവയുടെ-
ചിറകുകളറുക്കുന്നു-
പിടയുന്നവയ്ക്കായുസ്സു
കുറവെന്നട്ടഹസിക്കുന്നു.
സ്നേഹം നിറച്ച്‌ പറന്നുയരേണ്ട
ചിറകുകളമർത്തി-
കല്ലെടുക്കാനാജ്ഞാപിക്കുമ്പോഴെൻ-
കയ്യുമ്മെയ്യും തളരുന്നു,
കണ്ണിരുട്ടടയ്ക്കുന്നു.

ഞാനറിയുന്നു, അറിയാതെ
വിഷം കുടിക്കാൻ വിധിക്കപ്പെട്ടവർ,
അമൃതെന്നൊർത്താനന്ദനൃത്തം ചവിട്ടുന്നു,
അടിമകളായടിയാളായ്‌
ജീവിതം തള്ളി നീക്കുന്നു

മണ്ണിനെ പെണ്ണുകൊണ്ടളക്കുന്നതും,
പെണ്ണിനെ പണം കൊണ്ടറുക്കുന്നതും,
മാനത്തെ ചന്ദ്രനെ മനം കൊണ്ട്‌-
വലിച്ചു താഴെയിട്ടമ്മാനമാടുന്നതും,
പക്ഷികൾ, മൃഗങ്ങൾ, മരങ്ങൾ, മലകൾ-
പിന്നെയീ സമതലം പോലും
കൊള്ളയടിച്ചൂക്കിൽ ഏമ്പക്കം വിട്ടു -
മലർന്നു കിടക്കുന്ന സ്വപ്നാടകനാം
മലർപ്പൊടിക്കാരനെ,
പിന്നെ ഞാൻ കാണുന്നു,
പ്രശാന്തമാമീ ഭൂമി നാശമാക്കിയ സൃഷ്ടികൾ,
മലിനമാക്കാൻ മറുഗ്രഹം തേടി അലയുന്നതും.

കാലത്തിൻ മായാപ്രപഞ്ചത്തിൽ,
നടമാടിയ നാടകം തീരാൻ
സമയമേറെയില്ലെങ്കിലും,
മുറുക്കിപ്പിടിച്ചൊരെൻ ജീവനെ ഉടയോനു-
തിരിച്ചെൽപ്പിക്കേണ്ട വ്യഗ്രത!
മുട്ടി ഞാൻ ചിത്രഗുപ്തസന്നിധി,
ഞാനാണെന്നറിഞ്ഞപ്പോഴുഗ്രശബ്ദം,
"പോയ്‌ മുഴുമിപ്പിക്കുക നടമാടിയ നാടകം,
സമയമാകുമ്പോൾ വിളിക്കാം,
കണക്കു തീർത്ത്‌ കൂലി നൽകാം,
വിളിപ്പുറത്തുണ്ടാകണമന്നേരം!"

വെള്ളിയാഴ്‌ച, ഫെബ്രുവരി 05, 2010

അദ്ദേഹത്തിന്റെ ഉപദേശം

ജീവിതത്തിന്റെ മേച്ചിൽ പുറങ്ങളിൽ ഓടിതിമർത്ത്‌ തളർന്നപ്പോൾ അദ്ദേഹം കിതച്ചു.. അദ്ദേഹത്തിന്റെ രക്തം ഊറ്റിക്കുടിച്ചു വളരുന്ന ഒരു വെറും പരാഗമായി ഇനിയും തുടരാൻ അവന്റെ മനസ്സ്‌ അനുവദിച്ചില്ല.. അതിനാൽ പടിയിറങ്ങി.. അവന്റെ കക്ഷത്തിൽ അദ്ദേഹത്തിന്റെ വിയർപ്പു തുള്ളികൾ മണക്കുന്ന സർട്ടിഫിക്കെറ്റുകളുടെ കെട്ടുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ..മനസ്സിൽ അദ്ദേഹത്തിന്റെ കിതയ്ക്കുന്ന രൂപവും. കമ്പനികളുടെ ഓഫ‍ീസുകളുടെ വാതിലിൽ പ്രതീക്ഷയോടെ മുട്ടിക്കൊണ്ട്‌ അവൻ നടന്നു.പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളും അവനെ നിരാശനാക്കി....നിരാശ അവനെ തളർത്തിയപ്പോൾ ലക്ഷ്യം അവനെ ഉയർത്തി. ഏതോ വാതിൽ അവനെ കാത്തു തുറന്നു കിടപ്പുണ്ടായിരുന്നു..ഹാർദ്ദമായി അവരവനെ സ്വീകരിച്ചു..മാസം തികഞ്ഞപ്പോൾ കിട്ടിയ തുട്ടുനാണയങ്ങളുമായി സന്തോഷത്തോടെ, അഭിമാനത്തോടെ, ഒരൽപം അഹങ്കാരത്തോടെ അവൻ അദ്ദേഹത്തെ ചെന്നു കണ്ടു. വാർദ്ധിക്യം ചുംബിച്ച മെലിഞ്ഞ കൈകളിൽ വെച്ചു കൊടുത്ത പണം തിരികെ അവന്റെ കൈകളിലേക്ക്‌ തന്നെ വെച്ചു കൊടുത്തിട്ടദ്ദേഹം പറഞ്ഞു.." ആത്മാഭിമാനം പണയം വെച്ചു കിട്ടിയ മുപ്പത്‌ വെള്ളീക്കാശാണിത്‌.. അതിനാൽ ഒരു ചില്ലിക്കാശും ഇതിൽ നിന്ന് അനാവശ്യമായി കളയരുത്‌".

ഉറുമ്പരിച്ച ചിന്തകളിൽ ബാക്കിയായവ എടുത്തു കൂട്ടി അവൻ പരുതി. എന്തിനായിരിക്കാം അദ്ദേഹം ഇങ്ങനെ പറഞ്ഞത്‌?.. ക്രമേണ അർത്ഥം മനസ്സിലായപ്പോൾ അവൻ ഒരു വ്യവസായത്തിന്റെ അധിപനായി വളർന്നു കഴിഞ്ഞിരുന്നു.. വീണ്ടും മാസം തികഞ്ഞപ്പോൾ കിട്ടിയ ലാഭമെടുത്ത്‌ അഹങ്കാരലാഞ്ചനയോടെ അദ്ദേഹത്തിനരികിലെത്തി..മെലിഞ്ഞുണങ്ങിയ വിറയ്ക്കുന്ന കൈകളോടെ അതു വാങ്ങി തിരികെ തന്നെ കൊടുത്തു കൊണ്ടദ്ദേഹം പറഞ്ഞു " മുപ്പത്‌ വെള്ളിക്കാശിന്‌ പണയപ്പെട്ടുപോയ അഭിമാനങ്ങളാണിത്‌..ഇതിൽ നിന്നും ഒരു ചില്ലിക്കാശും അനാവശ്യമായി കളയരുത്‌!"...എന്തു കൊണ്ടാണ്‌ വീണ്ടും അദ്ദേഹം തിരസ്കരിച്ചതെന്ന് അവൻ ചിന്തിച്ചു..ബാക്കി വന്ന ചിതലരിച്ച ചിന്തകൾക്കിടയിൽ പരുതി നോക്കി അവൻ ഒടുവിൽ കണ്ടു പിടിച്ചു. ഓടിപ്പോകുമെന്ന് ഭയപ്പെട്ട്‌ അവൻ കെട്ടിയ ചങ്ങലകൾ അവന്റെ തൊഴിലാളികളുടെ കഴുത്തിൽ ഞാന്നു കിടന്നിരുന്നു.. മുരളുന്നവന്റെ കഴുത്തിൽ ബലമുള്ള ചങ്ങല, തെറിവിളിക്കുന്നവന്റെ കഴുത്തിൽ കുരുക്കും!...അവന്‌ കുറ്റബോധം തോന്നി... സാമ്രാജ്യത്തിനു ചുറ്റും കോട്ടപോലെ മതിലുയർത്തി, പ്രതീക്ഷകളുടെ ഭക്ഷണം അവരെകൊണ്ടു പാചകം ചെയ്യിച്ചു...പാകമായപ്പോൾ ഭക്ഷിപ്പിച്ചു.. തൊഴിലാളികളുടെ ചങ്ങല ഊരിയെറിഞ്ഞു... ചങ്ങല നഷ്ടപ്പെട്ട തൊഴിലാളികൾ മതിൽക്കെട്ടിനുള്ളിൽ സ്വതന്ത്രമായി വിഹരിച്ചു.. ചാടിപ്പോകാനവസരം കൊടുത്തിട്ടും അവർ പോയില്ല..വീണ്ടും, ബാക്കിവന്ന ലാഭമെടുത്ത്‌ അദ്ദേഹത്തിനരികിലെത്തി അദ്ദേഹത്തിന്റെ കാൽക്കൽ സമർപ്പിച്ചു. ഇത്തവണ പുഞ്ചിരിയൊടെ നിറഞ്ഞ തൃപ്തിയിൽ അദ്ദേഹം പറഞ്ഞു.."ഇതിൽ നിന്നും ഒരു തുട്ടെടുത്ത്‌ എനിക്കും അനാഥാലയത്തിനും വേണ്ടി ഒരു പിടിച്ചോറിനായി മാറ്റി വെക്കുക.. ബാക്കി വരുന്ന ഒരു തുട്ടും അനാവശ്യമായി കളയരുത്‌.. അത്മാഭിമാനം വിതച്ച്‌ കൊയ്യപ്പെട്ട  സന്തോഷമാണത്‌!!".. അയാളുടെ പ്രശസ്തിഉയർന്നു കൊണ്ടിരുന്നപ്പോൾ ലോകം കേൾക്കെ അവൻ വീളിച്ചു പറഞ്ഞു. " നഷ്ടപ്പെട്ട അഭിമാനം വീണ്ടെടുത്തു തന്ന ശക്തിയാണ്‌ അദ്ദേഹം!"

ചൊവ്വാഴ്ച, ഫെബ്രുവരി 02, 2010

ഒരു ചുവന്ന പട്ടുകോണകം വരുത്തിയ വിന!

റെയിൽ വേ സ്റ്റേഷനടുത്തായിരുന്നു അവരുടെ വീട്‌...ചുറ്റും മണിമാളികകൾ!... അവരുടേത്‌ ഓടിട്ട ചെറിയ കൊച്ചു വീട്‌!!അതൊരു കുറ്റമായിരുന്നില്ല. പണമുള്ളവർ മണിമാളികകൾ കെട്ടി നിവർന്നു നിൽക്കുമ്പോൾ ഒരു കൊച്ചുവീടെങ്കിലും കെട്ടി, വളഞ്ഞെങ്കിലും നിൽക്കാൻ പെട്ടപാട്‌ അവർക്കേ അറിയൂ..ഒരു പക്ഷേ ചെറുവീടുകൾ നഗരത്തിൽ അശുഭമുണ്ടാക്കും, നഗരശോഭ നശിപ്പിക്കും എന്നൊക്കെ പറഞ്ഞ്‌ പ്ലാൻ അപ്പ്രൂവ്‌ ചെയ്യുന്ന വല്ല്യേമാന്മാർ അനുമതി നിരസ്സിക്കുന്ന കാലം വിദൂരമല്ല!...ഇപ്പോൾ അതല്ല നമ്മുടെ വിഷയം... വിഷയം.. കൊച്ചു വീട്ടിൽ തൂക്കിയിട്ട പട്ടു കോണകമാണ്‌!.. വിഷയത്തിൽ നിന്ന് വ്യതി ചലിക്കുന്നത്‌ വിധിക്കും വിധേതാവിനും നേട്ടമല്ല കോട്ടമേ വരുത്തൂ എന്നത്‌ സ്മരണീയം!!

രാവിലെകുളിച്ച്‌ വന്ന് സുരേഷ്‌ തന്റെ നരച്ച ചുവന്ന പട്ടു കോണകം നിവർത്തിക്കുടഞ്ഞ്‌ വീടിന്റെ ഉമ്മറപ്പടിയിൽ ഉണങ്ങാനിട്ടു. യോഗാഭ്യാസം പഠിക്കാൻ പോകുന്നത്‌ നാലാളുകാണട്ടേ എന്നേ സുരേഷ്‌ ഓർത്തുള്ളൂ.. അതും ഓർത്തോ എന്നറിയില്ല.. ഒരു പക്ഷേ നാളെ യോഗാഭ്യാസത്തിനു പോകുമ്പോഴേക്കും അതുണങ്ങുമല്ലോ എന്നേ ആ പാവം ഒ‍ാർത്തിരിക്കാൻ വഴിയുള്ളൂ..ഉടനെ തന്നെ കോളേജിലേക്ക്‌ ഓടി..സമയം ഏറേ വൈകിയിരുന്നു...ഒരുപാട്‌ സർക്കസ്സ്‌ കഴിഞ്ഞിട്ടു വേണം ബസ്സിൽ കയറിപ്പറ്റാൻ!.
"ഇവനെന്താ ഇവിടെ കൊണ്ട്‌ വന്ന് ഇട്ടിരിക്കുന്നത്‌?"-സു രേഷിന്റെ അമ്മ ചോദിച്ചു..
" അമ്മേ ഏട്ടൻ യോഗാഭ്യാസത്തിനു ചേർന്നിട്ടുണ്ട്‌. അതിന്റെ മുന്നോടിയാ ഇത്‌"-- ആറാം ക്ലാസ്സിൽ പഠിക്കുന്ന അനിയൻ രമേഷ്‌ പറഞ്ഞു.
"ഓൻ യോഗാഭ്യാസമല്ല... ലോക ആഭാസം പഠിക്കുകയായിരിക്കും...കണ്ടില്ലേ ചെയ്ത്‌!!....ഒരു നാണവും ഇല്ലാത്ത വശളൻ!" - എന്തിനും ഏതിനും എപ്പോഴും തരം കിട്ടുമ്പോഴൊക്കെ മർമ്മത്തിൽ വിസ്തരിച്ചു കുത്തി നോവിച്ച്‌ പല്ലുവെളുപ്പിക്കുന്ന ഇളയമ്മ വിളിച്ചു പറഞ്ഞു.
കൂനിക്കൂടികൊണ്ട്‌ മുത്തശ്ശി പറഞ്ഞു" ഐശ്വര്യത്തിനു വേണ്ടി ഓനെന്തെങ്കിലും കെട്ടി തൂക്കിയതായിരിക്കും..  ഓൻ വന്നിട്ട്‌ ചോദിക്കാം..എപ്പേളും ചെക്കനെ കുറ്റം പറയുന്നത്‌ നിർത്താറായില്ലേ ...നിനക്ക്‌.."
"ഞാനൊന്നും പറയാൻ ആളല്ലേ " --ഇളയമ്മ ചവിട്ടിത്തുള്ളീക്കോണ്ട്‌ അകത്തേക്ക്‌ പോയി..
" അല്ല മുത്തശ്ശീ വീടിനു കണ്ണുകൊള്ളാതിരിക്കാനാ"- രമേഷ്‌ പറഞ്ഞു.
സുരേഷിന്റെ അച്ഛൻ മാർക്കെറ്റിൽ പോയിരുന്നു.. തിരിച്ചു വന്നപ്പോൾ അതു കണ്ട്‌ചോദിച്ചു.
" എന്താടാ ഇത്‌?"
" അത്‌ ഏട്ടന്റെ പണിയാ"- രമേഷ്‌ പറഞ്ഞു
സംഭവം അറിഞ്ഞ്‌ അദ്ദേഹം പറഞ്ഞു --" നാലാളുകാൺകെ കെട്ടിതൂക്കി വീടിന്റെ മാനം കളയാൻ നടക്കുന്നു... കൈ കൊണ്ട്‌ പിടിക്കാൻ കൊള്ളൂലല്ലോ...ഒരു വടിയെങ്ങാനും എടുത്ത്‌ ദൂരെക്കളയെടാ രമേഷെ."
ഒരു വലിയ വടിയുമായി രമേഷ്‌ വന്നു ..അതിൽ കുത്തി അതിനെ ഐശ്വര്യമായി താഴെയിറക്കി..
" വീടിനു മുൻപിൽ ചാർത്താൻ കണ്ട ഒരു സാധനം!....ദൂരെക്കള ...."- അദ്ദേഹത്തിന്റെ അന്ത്യശാസനം!!
പട്ടം പോലെ വടിയിൽ പട്ടു കോണകം ഞാന്നു കിടന്നു. അതെടുത്ത്‌ രമേഷ്‌ എന്തും ഏതും നിക്ഷേപിക്കാൻ മൗനാനുമതിയുള്ള ആരേയും പേടിക്കേണ്ടാത്ത, റെയിൽ വേ സ്റ്റേഷനരികിലുള്ള കുളത്തിനേക്കരികിൽ ഓടി. കുണ്ടു കുളത്തിൽ ഏട്ടന്റെ യോഗാഭ്യാസം വിസ്മൃതിയിൽ ആഴട്ടേ എന്നേ അവനും കരുതിയിരുന്നുള്ളൂ..
പെട്ടെന്ന് ഓടിവരികയായിരുന്ന വണ്ടി നിന്നു..
 "അപകടം! .. അപകടം!--അപകടം മണത്തറിഞ്ഞ ഡ്രൈവർ ആരോടോ പറയുന്നുണ്ടായിരുന്നു.

ആളുകൾ ഇറങ്ങുന്നു..ഡ്രൈവർ ഇറങ്ങുന്നു...എന്തോ സംഭവിച്ചിട്ടുണ്ട്‌.." ആളുകൾ എന്തൊക്കെയോ പറയുന്നു..
 നേരെ പട്ടുകോണകം തൂക്കിയ വടിയുമായി രമേഷും അങ്ങോട്ടു നീങ്ങി..രമേഷിനെ ചൂണ്ടിക്കാട്ടികൊണ്ട്‌ ഡ്രൈവറും പരിവാരങ്ങളും രമേഷിനടുത്തേക്ക്‌..
" എന്താ കുട്ടി കാര്യം?" അധികൃതരുടെ ചോദ്യം. ആളുകൾ അവനു ചുറ്റും കൂടി..
കുട്ടിക്കെന്ത്‌ കാര്യം. കാര്യം വണ്ടിക്കല്ലേ..വണ്ടിയല്ലേ എന്തോ കണ്ട്‌ പേടിച്ച്‌ നിന്നത്‌.രമേഷ്‌ അമ്പരന്നു.
ചോദ്യം രമേഷിനോട്‌...വീണ്ടും!
അവൻ പറഞ്ഞു." എന്താണ്‌ കാര്യം എന്നറിയാനാ ഞാനും...!"
" താനെന്തിനാ ചുവന്ന തുണി വീശിക്കാണിച്ചേ..അപകടം വല്ലതും??" അധികൃതരുടെ ചോദ്യം..
രമേഷ്‌ ഞെട്ടി.." ഞാൻ ചുവന്ന തുണി വീശിക്കാണിച്ചെന്നോ?"
" എടോ തന്റെ കയ്യിലെ വടിയിൽ പിന്നെന്താണ്‌?"

"....ഇതോ ഇത്‌ ഏട്ടന്റെ പട്ടു കോണകം... ഇത്‌ കളയാൻ വരുന്ന വഴിയാണ്‌ .. അപ്പോഴാ ഈ വണ്ടി നിൽക്കുന്നത്‌ കണ്ടത്‌..".പിന്നെ നടന്ന സംഭവം അശ്ശേഷം പൊടിപ്പും തോങ്ങലും ഇല്ലാതെ ഒറ്റ ശ്വാസത്തിൽ  അവൻ  വിവരിച്ചു.


കോണകത്തിനെതിരേയോ, അതു ചുറ്റി പട്ടം പറത്തിയ രമേഷിനെതിരേയോ, അതുണങ്ങാനിട്ട സുരേഷിനെതിരെയോ അതല്ല അതു വലിച്ചെറിയാൻ കൽപിച്ച അവരുടെ അച്ഛനെതിരെയോ. ആർക്കെതിരെയാണ്‌ കേസെടുക്കേണ്ടത്‌! അധികൃതർ അന്തിച്ചു നിന്നു.


"ഇനിയീ ചുവന്ന തുണിയും വീശിക്കൊണ്ട്‌ മേലാൽ ഇവിടം വന്നേക്കരുത്‌ മനസ്സിലായോ"
അധികൃതർക്ക്‌ കാര്യം മനസ്സിലായപ്പോൾ അവന്‌ താക്കീതു കൊടുത്തു.... ചിരിച്ചുകൊണ്ട്‌ അവർ പോയി.ചുറ്റും കൂടിയ ആളുകൾ തലമറന്നു ചിരിക്കുന്നു..ഇറങ്ങിയ യാത്രക്കാരോട്‌ ഇറങ്ങാത്ത യാത്രക്കാർ ചോദിച്ചു.." എന്താ സംഭവം...അപകടം വല്ലതും.?"

"ഹേയ്‌ അപകടമില്ലാത്ത സംഭവമാണെന്നേ ഒരു പട്ടു കോണകം വരുത്തിയ പൊല്ലാപ്പാ.."ചിരിച്ചു കൊണ്ടവർ പറഞ്ഞു..
" എന്താ.. എന്താ പറ്റീത്‌?"-കേൾവി കുറഞ്ഞ  ഒരു കിളവൻ പരിഭ്രമം വിട്ടു മാറാതെ ചോദിച്ചു
"മൂപ്പിലാനേ.പട്ടുകോണകം ചുറ്റി വന്നിരിക്കയാണോ?...പട്ടുകോണകം ധരിക്കുന്നവരുടെ ശ്രദ്ധയ്ക്ക്‌..പട്ടുകോണകം ഇനിയാരും റെയിൽവേ സ്റ്റേഷനരികിൽ പിഴിഞ്ഞുണക്കുകയോ കളയുകയോ ചെയ്യരുതെന്ന് .. ..ചെയ്താൽ.. ദാ.. ഇതു പോലെ അപകടം വരും" -ഒരു രസികൻ ഗൗരവത്തിലും ഉച്ചത്തിലും പറഞ്ഞു..കേൾവിയുടെ ബാലൻസ്‌ വല്ലതും ബാക്കി ഉണ്ടായിട്ടുണ്ടെങ്കിൽ അദ്ദേഹം കേട്ടു കാണണം!
..വീണ്ടും ചൂളം വിളിച്ചും കൊണ്ട്‌ (അതോ പറ്റിയ അമിളിയിൽ കൂവിവിളിച്ചും കൊണ്ടോ എന്നറിയില്ല)വണ്ടി നീങ്ങി..
" ഹമ്മേ.. ഇങ്ങനെയും ഉണ്ടോ ഒരു പട്ടു കോണകം?"അടുത്തൊരപകടമായി മറ്റൊരു വണ്ടി വന്നു നിൽക്കുന്നതിനു മുൻപേ പ്രശസ്തമായ പട്ടു കോണകം കുണ്ടു കുളത്തിൽ വലിച്ചെറിഞ്ഞ്‌ രമേഷ്‌ ജീവനും കൊണ്ടോടി.
വൈകീട്ട്‌ കോളേജു വിട്ടു വന്ന സുരേഷ്‌ കോണകം പരുതി.. " എന്റെ കോണകമെവിടെ?...എന്റെ യോഗാഭ്യാസം!....."

"ചുവന്ന പട്ടു കോണകം ഈ വീടിന്റെ ഐശ്വര്യം എന്നുകൂടി എഴുതിവെക്കെടാ പഹയാ ഉമ്മറത്ത്‌..... ഇവനെ കൊണ്ട്‌നാണക്കേടു കൊണ്ട്‌ പുറത്തിറങ്ങാൻ വയ്യാണ്ടായല്ലോ.. ദൈവമേ...." അൽപം അരിശത്തിലും ഒട്ടേറെ തമാശയിലും അവരുടെ അച്ഛൻ പറഞ്ഞു..

"ഒരു കോണകവും യോഗാഭ്യാസവും ഇത്രെയും പ്രശ്നമോ ദൈവമേ.".ഒന്നും അറിയാതെ പാവം സുരേഷ്‌ അന്തിച്ചു നിന്നു.