പേജുകള്‍‌

ശനിയാഴ്‌ച, ഫെബ്രുവരി 06, 2016

പിന്നിട്ട വഴികൾ..

എന്റെ സത്യം, അവരുടെ പരീക്ഷണം, നിങ്ങളുടെ നിരീക്ഷണം ( അമ്പത്തി രണ്ടാം സർഗ്ഗം)
പിന്നിട്ട വഴികൾ!
==============
ശ്രീ ഹരിക്കോട്ടേലാണ്‌ എല്ലാ കണ്ണുകളും!.. ചിമ്മാതെ, അനങ്ങാതെ തൊറന്നു വെച്ച നമ്മുടെ കണ്ണുകൾ കമ്പ്യൂട്ടറിലും.! ലോകത്തിലെ സകലമാന കണ്ണുകളും അവിടേയ്ക്ക്‌ തിരിഞ്ഞിരിക്കുമ്പോൾ നമുക്കെല്ലാവർക്കും വിഭ്രമാരുന്നു... തൊടുത്തു വിടേണ്ടത്‌ നമ്മുടെ റോക്കറ്റ്‌, വഴീൽ ഓരോ സ്ഥലമെത്തുമ്പോഴും എറങ്ങാനുള്ളോർ നെലോളിക്കും .. അപ്പോ എറങ്ങിക്കോ, എറങ്ങിക്കോന്നും പറഞ്ഞു എറക്കി വിടേണ്ടത്‌ വിദേശ്യളുടെ ഉപഗ്രഹോം!.. നമ്മുടെ സ്വന്തം ഉപഗ്രഹാരുന്നെങ്കിൽ സ്റ്റോപ്പിലെറക്കീല്യേങ്കിലും ലേശം നടന്നു പോയ്ക്കളയും.. കറക്ട്‌ സ്റ്റോപ്പിലെറക്ക്യാൽ അവറ്റകൾ ബുദ്ധിമുട്ടി കളേം ചെയ്യും…പഠിച്ചതല്ലേ സ്റ്റാർ സിംഗറിലായാലും പാടാൻ പറ്റൂ.. വല്യ ആളായി പോയീന്നും വെച്ച്‌ മുക്ക്യേതോണ്ട്‌ വല്ലതും നടക്ക്വോ.. വിദേശ്യളുടെ ഉപഗ്രഹാവുമ്പോ കറക്ട്‌ സ്റ്റോപ്പിലെറക്കീലാച്ചാൽ നിലോളിക്കേം ചെയ്യും സ്റ്റോപ്പ്‌ മാറി എറക്ക്യാ അതിന്റെ തന്തേം തള്ളേം കേസു കൊടുക്ക്യേം ചെയ്യും!.. ചെറീയ പൈസയ്ക്ക്‌ കേറ്റി കൊണ്ടോയി എറക്കീതാണെന്നും, ആരോടെങ്കിലും വഴീം ചോദിച്ച്‌ പോയ്ക്കോട്ടേന്നും ഒള്ള ഒരൂ നെലപാടും അവറ്റയ്ക്ക്‌ ഇണ്ടാവില്ല്യ.. പിന്നെ ഇന്നേ വരെ കണ്ണിലും മൊഖത്തും കാണാത്ത വല്യ വല്യ വർത്താനോം പറേം..ഒക്കെ ഗുലുമാലാവും!
നോം പരിക്ഷീണനായി പ്രോഗ്രാമിലുള്ള ചെറിയ പെഴവുകൾ കൈകാര്യം ചെയ്യുകയാണ്‌.. ഗണപതി ഭഗവാന്‌ തേങ്ങ ഒടക്കലും, പൂജേം മന്ത്രവാദോം ഒക്കെ കഴിഞ്ഞു... “ദൈവമേ കാത്തോളണേ!”
ചെയർമാനദ്ദേഹം കൂട്ടിലിട്ട വെരുകിനെ പോലെ തലങ്ങും വിലങ്ങും നടക്കുന്നു... ചെലപ്പോ പുള്ളീനെ തീ കൊടുത്തു വിട്ടാരുന്നുവെങ്കിൽ റോക്കറ്റിനെക്കാൾ വേഗം കുതിച്ചു പോയിഅവിടത്തെ ആരോഗ്യോം പുള്ളീടെ പ്രശ്നോം പറഞ്ഞ്‌ എസ്‌. എം. എസ്സോം ,മോബൈലു വിളിം ഒക്കെ കഴിഞ്ഞ്‌ തിരിച്ചെത്തിയേനേ..!.
നമ്മുടെ തലേൽ തീ കോരിയിട്ട പോലെ തലച്ചോറ്‌ എരിയുകയാണ്‌ ..പൊഹ.. പൊഹ..! നെറച്ചും പ്രോഗ്രാമിന്റെ പൊഹ മൂടിക്കിടക്ക്യാണ്‌...
ഇടയ്ക്ക്‌ ചെയർമാനദ്ദേഹത്തിനെ മെല്ലെ ഒളികണ്ണിട്ടൊന്ന് നോക്കി..
" ഛേ .. എന്തായിത്‌ ?.. ചെയർമാനെന്നു പറഞ്ഞിട്ടെന്താ കാര്യം?.. ആണുങ്ങളെ പോലെ ധൈര്യോം ചങ്കൂറ്റോം ഒന്നും ഇല്യാ.. തനി കണ്ട്രീസിനെ പോലെ കരഞ്ഞു വിളിക്ക്യാൻ തയ്യാറായി ഇരിക്ക്യാണ്‌ പുള്ളി.! ഒന്നും നമ്മുടെ കയ്യിലല്ലല്ലോ?...ചെറിയ ഒരു പ്രശ്നത്തിന്‌ ഇവറ്റകൾ ഇങ്ങനെ നെർവ്വെസ്‌ ആയാലെങ്ങിനെയാ.?. ഒക്കെ നേരെയാക്കാം.. തീർക്കാൻ പറ്റാത്ത പ്രശ്നോണ്ടോ?.. മുഴുക്കെ തീർന്ന് ചട്ടീം കലോം തൊടച്ചു പോയ പ്രശ്നോം ഉണ്ടോ?.. ഇല്ല്യ… നോം അദ്ദേഹത്തെ സമാധാനിപ്പിക്ക്യാൻ ആഗ്രഹിച്ചു..നോം പ്രോഗ്രാം ചെയ്യണോ അതോ ആശ്വാസവാക്കുകൾ, വയലിൽ വിത്തെറിയും പോലെ എറിഞ്ഞു മൊളയ്ക്കുന്നെങ്കി മൊളയ്ക്കട്ടേ.. ല്ലാച്ചാൽ മഴ പെയ്ത്‌ വെള്ളം നെറഞ്ഞൊഴുകി ചീഞ്ഞു പോകുന്നെങ്കിൽ പോയ്ക്കോട്ടേന്ന മട്ടിൽ പറഞ്ഞ്‌ അദ്ദേഹത്തെ കണ്ണീരു കുടിപ്പിക്ക്യണോ?.. ഒരു പിടിം ഇല്ല്യ.. ന്റെ തേവരേ!
മരിച്ച വീട്ടിലെ കരച്ചിൽ ചടങ്ങ്‌ “നുമ്മളില്യാതെ എന്താഘോഷം”ന്നമട്ടിൽ ഒരാഘോഷാക്കാൻ ചെലര്‌ കച്ച കെട്ടിയിറങ്ങുമ്പോലെയാകും അത്‌.." നെന്റെ കെട്ടിയോൻ ചത്തില്ല്യോടീ.. എങ്ങനെ പയറു പോലെ നടന്ന തടിയാ അല്യോടീ ന്നും പറഞ്ഞ്‌ അയ്യാളു ചെയ്ത സകലമാന ഒപദ്രവോം കൊഴപ്പോം വള്ളി പുള്ളി വിടാതെ രാമായണ പാരായണം പോലെ ചൊല്ലിക്കേൾപ്പിച്ച്‌ പരിസരം ഒന്ന് ഒണർവ്വോം ഓഷാറോം ആക്കി,പൊറത്തിറങ്ങി പറയും.."…. ബാ ..നമുക്കു പോവാം ശാന്തേ!… കരച്ചിൽ.. ത്ര.. പോര..! .. അല്ലടീ ശാന്തേ?...അവൾക്ക്‌ സങ്കടം അത്രയ്ക്കൊന്നും ഇല്യാടീ.. നീ ഓളുടെ കരച്ചിലിന്റെ വണ്ണം കണ്ടില്ല്യേ.. ഓക്ക്‌ സൊഖായീ!.. ഇത്രേ ഉള്ളൂ!.. ഒരൂ വെഷമോം ഓളെ മൊഖത്തില്ല്യാ….ഏങ്ങലടിയൊക്കെ വെറും അഭിനയാ.. ഓളുടെ സ്ഥാനത്തു ഞാനാണെങ്കീ അയലോക്കക്കാരു പോലും പൊട്ടികരഞ്ഞു പോയേനേം....നീ നോക്കീല്ല്യാ..ല്ലേ..!....പാവം ചത്ത ചിണ്ടനെ ഓർക്കുമ്പോഴാ ഒരു വെഷമം.!" "ന്റെ ഏടത്തീ.. ഏടത്തി പറേന്നത്‌ നേരന്നെ... ..ല്ലേങ്കിലും ജീവിച്ചിരിക്കുമ്പളും ചിണ്ടനെ ഓക്ക്‌ വേണോ?.. കാലത്തിന്റെ ഓരോ പോക്ക്‌!." ശാന്ത വാസ്തവം അടിവരയിട്ട്‌ പറേം ചെയ്യും!
അപ്പോ അതൊന്നും വേണ്ട !..ഇന്നു പറ്റീല്ലേങ്കീ നാളെ വിക്ഷേപിക്കും അത്രേള്ളൂ…അതിനു ഗഡ്സുണ്ടാവണം, സെൻസുണ്ടാവണം, സെൻസിന്റെ എബിലിറ്റി ഒണ്ടാവണം ന്നോ മറ്റോല്ലേ.. പറയാറ്‌..! .ചാനലുകൾ എല്ലാം വിക്ഷേപണം ലേശം വൈകും.. ഒക്കെ നേരയാക്കാൻ ശ്രമിക്കുന്നൂന്നൊക്കെ എഴുതി കാട്ടണുണ്ടാവും... …അവറ്റയ്ക്ക്‌ വേറെ പണീല്യ..!... നാട്ടിലെ മൂലേലെ ഏതെങ്കിലും വറീതുണ്ണിയ്ക്ക്‌ വയറ്റില്‌ ഗ്യാസിന്റെ പ്രോബ്ലംസ്‌ കലശലായി ഇണ്ടായാൽ അത്‌ പരിഹരിക്ക്യാൻ കുന്തോം, കുടച്ചക്രോം ഏന്തി ആളോളുടെ ക്ഷമേടെ നെല്ലിപ്പലക ഇളകുമ്പോ അടിം തൊഴീം കിട്ടിയാൽ കൊണ്ട്വോവാൻ ആംബുലൻസ്‌ പോലത്തെ വാനുമായി വന്ന് ചർച്ച നടത്തിക്കളേം..". ഗ്യാസ്‌ വന്ന വഴി" ന്യൂസ്‌ എക്സ്‌ക്ലുസീവ്‌!.... “…ചക്ക വെട്ടി വിഴുങ്ങീട്ടായിരിക്ക്യാം വറീതുണ്ണിക്ക്‌ ഗ്യാസ്‌” ന്ന് പ്രതിപക്ഷോം.. അല്ല “പരിപ്പായിരുന്നു വില്ലനെന്ന്” ഭരണ പക്ഷോം വായിട്ടടിക്കും.... ന്നാലോ കട്ടൻ ചായയിൽ ലേശം ചെറുനാരങ്ങ പിഴിഞ്ഞ്‌ വറീതുണ്ണിയ്ക്ക്‌ വയറ്റിലോട്ട്‌ കൊടുക്കാൻ ആരും ഇണ്ടാവില്ല്യ….ചാനലു പിടിക്കുമ്പൊ മൊഖൊം മിനുക്കി ചമഞ്ഞിരിക്കുന്ന കെട്ടിയോൾ പോലും!!
നോം വീണ്ടും നോക്കി.. ഈ ചെയർമാനദ്ദേഹം അടങ്ങിയിരിക്കില്ല്യന്ന് ശപഥോം ചെയ്ത്‌ തല ചൊറിഞ്ഞു ചൊറിഞ്ഞ്‌ ആലോചനേൽ മുഴുകുന്നു!.. നട്ട പിരാന്തനെ പോലെ പിറു പിറുക്കുന്നു.. കടലാസും ഫയലുമൊക്കെ വലിച്ചെറിയുന്നു.. പണിം കഷ്ടപ്പാടും നമുക്ക്‌..! തലചൊറിച്ചിൽ അദ്ദേഹത്തിന്‌!.അടയ്ക്കാ മരായതിന്റെ കൊഴപ്പം!
നോം പ്രോഗ്രാമിൽ മുഴുകി..ഒപ്പം നമ്മുടെ കൂടെ നിത്യ സഹായികളായി നട്ടം തിരിയുന്ന നമ്മുടെ സഹ പ്രവർത്തകരും സംഘാംഗങ്ങളും!
ഒരാൾ വിളിച്ചു പറഞ്ഞു...." ഹായ്‌ കണ്ടു പിടിച്ചു.. ഒരു ചെറിയ കോമേന്റെ പ്രശ്നമാരുന്നു...അതിപ്പം ശരിയാക്കാം"
നോം പറഞ്ഞു "... വേഗം ശരിയാക്ക്‌! സമയം അതിക്രമിച്ചിരിക്കുണു”
...കണ്ടില്ലേ.. ഇത്രേ ഇണ്ടാർന്നുല്ലൂ.. ഇത്രെം ചവിട്ടിതുള്ളാൻ മാത്രൊന്നും ഇണ്ടായില്ല്യ ഇവിടെ.. നമ്മുടെ ബുദ്ധിമാന്മാരായ സഹപ്രവത്തകരെ നമുക്കു വിശ്വാസാരുന്നു...എന്തൊക്കെ പുകിലാർന്നൂ.. ചുറ്റിലും! "
അയാൾ തലങ്ങും വിലങ്ങും കമ്പ്യൂട്ടറിൽ കയ്യിട്ട്‌ കുത്തി, കുത്തി ഒരു വിധം ശരിയാക്കി.. ഒക്കെ ശരിയാക്കി .. നോം അദ്ദേഹത്തെ അകമഴിഞ്ഞു അഭിനന്ദിച്ചു.." ഗ്രേറ്റ്‌ എഫർട്ട്‌.!.. ഐ അപ്രിഷിയേറ്റ്‌ യൂ മൈ ഡീയർ ഫ്രെൻഡ്‌!.... ഐ റിയലീ പ്രൗഡ്‌ ഓഫ്‌ യൂ മാൻ..!.. ഡീഷ്ണറീലുള്ള സകലമാന പദങ്ങളും നോം അദ്ദേഹത്തിന്റെ പൊറത്ത്‌ കൊടഞ്ഞിട്ടു.. ഇനി ഒരറീപ്പുണ്ടാകുന്നതു വരെ എണിക്കരുത്‌.. അത്രെന്നെ!.
കൗണ്ട്‌ ഡൗൺ തൊടങ്ങിക്കഴിഞ്ഞു... സിക്സ്‌, ഫൈവ്‌, ഫോർ..ത്രീ.. ടു... വൺ...........! ഒപഗ്രഹോം പൊന്തിച്ചെടുത്ത്‌ റോക്കറ്റ്‌ കുതിപ്പ്‌ തൊടങ്ങി... ഉഗ്രൻ..!.. നമ്മൾ ഒക്കെ കൈയ്യടിച്ചു പ്രാൽസാഹിപ്പിച്ചു.. അപ്പ്‌.. അപ്പ്‌ .. അപ്പ്‌... പിന്നെ പരസ്പരംകെട്ടിപ്പിടുത്തോം കൈ കൊടുക്കലും ബഡായി പറച്ചിലും ഒക്കെ ഇണ്ടായി..
ചെയർമാനദ്ദേഹം കെട്ടിയോളുടെ ഹൈ ഹീൽ ചെരുപ്പ്‌ മേലെ മേലെ വെച്ചു കെട്ടി ഒയർത്തിയിണ്ടാക്കിയ ഷൂ ധരിച്ചാണ്‌ രംഗപ്രവേശം ചെയ്തിരിക്കണതെന്ന് ആളൊളുക്ക്‌ തെറ്റിദ്ധരിക്ക്യാൻ പോന്ന വണ്ണം പത്തിഞ്ച്‌ ഒയരത്തിൽ നടന്നു..
അദ്ദേഹം ഹാപ്പി! നോം ഹാപ്പി! സഹപ്രവർത്തകരുംവഴീൽ പെട്ടോനും,പ്രോഗ്രാമറിയാതെ പൊട്ടൻ കളിച്ചോനും ഒക്കെ ഹാപ്പി.!.ചായ കൊണ്ടു തരുന്നോൻ ഹാപ്പിയായി ഹാപ്പിയായി മാനത്തേക്ക്‌ വലിഞ്ഞു കയറാൻ വരെ നോക്കി.. ലേശം ഇളക്കം കൂടുതൽ ആ മഹാനാണ്‌.. ഫോട്ടോയെടുക്കുമ്പോ ഇളിച്ചു കാട്ടി ഗമേൽ ഇരിക്ക്യാലോ?.. ആരോ അവനെ താഴെയിറക്കി ലേശം ചായ കൊണ്ട്വാന്ന് പറഞ്ഞപ്പോ അവന്റെ മൊഖം കടന്നലു കുത്തീതു പോലെയായി.. ! നമുക്ക്‌ സങ്കടായി.. പാവം! മനുഷ്യന്റെ ഓരോ ആഗ്രഹല്ലേ?.. നെഗളിക്ക്യാൻ ആഗ്രഹോല്ലാത്തോർ ഈ ഭൂമി മലയാളത്തിൽ ആരാ ഒള്ളത്‌?.. അത്‌ ആരാന്റെ ചെലവിലാവുമ്പോ ആർക്കാ ചേതോള്ളത്‌?.. ഫോട്ടോയെടുക്കുമ്പോ ഒപകാരോണ്ടെങ്കിൽ, തരം കിട്ടീച്ചാൽ ആർക്കും അങ്ങു വലിഞ്ഞു കേറി വായ വിടർത്തി മുപ്പത്തി രണ്ടു പല്ലും കാട്ടീത്‌ നാട്ടാർക്ക്‌ മൊത്തം കാട്ടാലോ?
പെട്ടെന്ന് ഒക്കെ തകിടം മറിഞ്ഞ്‌ ടപ്പേന്നൊരു ശബ്ദം!.. നമുക്കൊന്നും മനസ്സിലായില്ല്യ... വിക്ഷേപണ തകരാർ...അല്ലാണ്ടെന്താ?.. മോളിലോട്ട്‌ പ്രകാശ വേഗതയിൽ കുതിച്ചതാരുന്നു..
എപ്പോഴാണ്‌ ഭ്രമണ പഥം തെറ്റീതെന്നറിഞ്ഞീല!. ചതി.. കൊലച്ചതി.!.. നോം വല്ലാണ്ടായി വിയർക്കണു... പാവം ചെയർമാൻ!..അതിലേറേ പാവം നോം!
ഇപ്പോ റോക്കറ്റ്‌, വിക്ഷേപണ കേന്ദ്രമായ ശ്രീഹരിക്കോട്ടേലോ തുമ്പത്തറയിലോ തൊളസിത്തറയിലോ ഒന്ന്വല്ല..കമിഴ്‌ന്നടിച്ച്‌ മുഖമടച്ച്‌ വെറും നെലത്ത്‌!.. വെറും തറയിൽ! മെല്ലെ എഴുന്നേറ്റു.. വിക്ഷേപണോം പൊഹയും പരാജയവും ആരും അറിഞ്ഞീലാന്നാ കരുതീത്‌..!
"എന്താടാ ഒരു ശബ്ദം കേട്ടത്‌?'- മാതാശ്രീയുടെ ശബ്ദം!
മാതാശ്രീ അങ്ങന്യാണ്‌.. " ഇലയൊന്ന് വീണാൽ അറീം.. പിന്നെ നമുക്കൊറക്കം തരില്ല്യ.. ഒറങ്ങാൻ കെടന്നാ ഒറങ്ങില്ല്യ പകരം രാത്രി പൊറത്ത്‌ ഇലയനങ്ങ്യോ, പൂവനങ്ങ്യോ ന്നും ചോദിച്ച്‌ നമ്മെ ഉരുട്ടി വിളിക്കും.. പാത്തു പതുങ്ങി വന്ന് ചെവിയിൽ പറേം.. ഒരു മന്ത്രം!
“എടാ... നോക്കെടാ .. പൊറത്ത്‌ എന്തോ ശബ്ദം!”
അതു തവള തുള്ളീതാണെന്ന് പോക്കറ്റിൽ നിന്നും ധൈര്യം വാരിയെടുത്ത്‌ മനസ്സിലിട്ട്‌ വെറച്ച്‌ വെറച്ച്‌ വായോണ്ട്‌ പറഞ്ഞാലും മാതാശ്രീ വിശ്വസിക്കില്ല്യ... ടോർച്ചെടുത്തോണ്ട്‌ കൈയ്യേൽ തരും... നമുക്ക്‌ ആഗ്രഹം ഇല്ല്യാച്ചാലും വാതിൽ തൊറക്കാൻഒരു ശ്രമം നടത്തും… സമ്മതിക്കില്ല്യ മാതാശ്രീ, നമുക്കതറിയേം ചെയ്യാം.... കള്ളനേക്കാൾ ശ്രദ്ധാലുവായി പാത്തു പതുങ്ങി നോം ജനാലയുടെ അടുത്തെത്തും.. പൊറകെ മാതാശ്രീയും.. ടോർച്ചെടുത്ത്‌ മെല്ലെ ജനാല തൊറന്ന്, ജനാലയുടെ ഉള്ളിലോടെ പൊറത്തേക്ക്‌ വെളിച്ചം വീശണം..
അതു കണ്ടാ പാവം തേനീച്ചകള്‌ നേരത്തേ സൂര്യനുദിച്ചൂന്നും കരുതി, മക്കളേം മരുമക്കളേം തെറീം പറഞ്ഞു വിളിച്ചൊണർത്തി പൂവിന്റെ തേനെടുക്കാൻ പറഞ്ഞയക്കും എന്നൊരു വിചാരോം ഇല്യാ!... എല്ലാർക്കും സ്വന്തം കാര്യം അത്രേന്നെ!
മാതാശ്രീ പഴേ കള്ള ചലന സിദ്ധാന്തം ഉരുവിട്ട്‌ പഠിച്ച കൊഴപ്പം!... “ഇലയനങ്ങിയാൽ കള്ളന്റെ ചലനം, കള്ളനനങ്ങിയാൽ ഇലേടെ ചലനം" അത്രേ അറിയൂ..കാറ്റിന്‌ അവിടെ പ്രസക്തിയില്ല്യ..! മേലാസകലം എണ്ണേം കരീം പൊരട്ടി കോണകമുടുത്ത്‌ വലിഞ്ഞു കേറി, ഓടിളക്കി പാത്തു പതുങ്ങി നാട്ടാരുടെ പണ്ടോം മാലേം കട്ട്‌ നടക്കണ ഒരു മെലിഞ്ഞ ഒണക്ക മണ്ണിര സ്വരൂപമാണ്‌ മാതാശ്രീയുടെ ഭാവനയിലെ കള്ളൻ എന്ന പുണ്യാത്മാവ്‌!.. കാലം മാറീലോ... ജിമ്മിനു പോയി കൊഴുത്തൊറച്ച ശരീരമാക്കി, കാറിൽ വന്ന് പട്ടാപകല്‌ പാന്റും ടൈയ്യും കെട്ടി വന്ന്.." വീട്ടുകാരാരും ഇല്യേ ഇവിടേ... എല്ലാവരും എവിടെ പോയീന്ന്പറഞ്ഞ്‌ ,സ്വർണ്ണം വെടക്കല്ലാന്ന് പറയാൻ വെറുതെ വരഞ്ഞുവെച്ച 916 പോലത്തെ ചിരിയുമായി വേഗം വാതിലു തൊറക്ക്‌ ന്ന് പറഞ്ഞാൽ ഏതോ മഹോന്നതനാണ്‌ ന്ന് വെച്ച്‌ തൊറന്നാൽ , “..ന്റെ കൈയ്യേൽ തോക്കുണ്ട്‌..ഒള്ള പണോം പണ്ടോം എവിടെയാണെന്ന് വെച്ചാ എടുത്തോണ്ട്‌ വാ .. നമുക്ക്‌ നേരം ല്ല്യ.. പലേടത്തും പിരിക്ക്യാൻ പോണ്ടതാണെന്നു” പറേണ പുതിയ ഹൈടെക്ക്‌ തസ്ക്കര സിദ്ധാന്തം അറീല്യ!
.. അതിനാൽ ചോദിച്ചു.." എളേ സന്താനം… തെളിച്ചു പറ.. എന്താ ഇപ്പോ ഇണ്ടായേ!"
..അത്‌ റോക്കറ്റ്‌!.. ഈ ചെയർമാൻ!..
നമുക്ക്‌ തന്നെ ഒരൂ നിശ്ച്യു ല്ല്യ... അപ്പോ സാങ്കേതിക തകരാർ അവർക്കൊക്കെ മനസ്സിലാവ്വോ? ആവോ?
"ഓന്റെ തല മണ്ടയ്ക്ക്‌ ഒന്ന് കൊടുക്ക്‌.. ബോധം വീഴട്ടെ, ഒറക്കത്തിന്റെ മൂർദ്ധന്യഭാവത്തിൽ കൂർക്കം വലിച്ചു കിടന്നൊറങ്ങ്വാരുന്ന പെങ്ങൾ, മാതാശ്രീന്റെ പരിഭ്രാന്തി കണ്ട്‌ ഞെട്ടി ഒണർന്ന് സംഭവത്തിന്റെ കെടപ്പ്‌ വശം ലേശം മനസ്സിലായപ്പോൾ ഒരു യൂണിവേഴ്സൽ ട്രൂത്ത്‌ വെളമ്പി വീണ്ടും കട്ടിലേൽ വീണു!
"എന്താടാ? പറയെടാ?"- ക്ഷമ നശിച്ച്‌ മാതാശ്രീ
... ഒന്നൂല്യ..കട്ടിലുന്ന് ചാടി എണീറ്റപ്പോ ശബ്ദം ഒണ്ടായതാ.. അതിനിപ്പം പേടിച്ചു വെറക്കാൻ മാത്രം എന്താ ഇണ്ടായേ"
"അല്ല.. നീയ്യെന്തോ പറേണ മാതിരി!"
"ഒന്നൂല്യ.. ഒരു മൂത്രശങ്ക!"
"എങ്കീ മൂത്രമൊഴിച്ച്‌ കെടക്ക്‌!"
മൂത്രമൊഴിക്ക്യാൻ സ്ഥലം പൊറത്ത്‌ ഇഷ്ടം പോലെയുണ്ട്‌, പോരാത്തേനു കക്കൂസും ഇണ്ട്‌ ..അല്ലാതെ ഒന്നും അറിയാത്ത പോലെ കുടുംബത്തിന്റെ പൊതു സ്വത്തായ കെടക്ക വൃത്തികേടാക്കേണ്ടാന്ന് സാരം!.. നോം അങ്ങിനത്തോനൊന്നും അല്ല ....ന്നാലും നാണോം മാനോം കെട്ടാ ഒറക്കത്തിൽ ആളോള്‌ ഇന്നത്‌ ചെയ്യുന്നൊരു പിടീം ഇല്ല്യാലോ?.. അതിനൊരു മുൻകരുതൽ!
നോം മൂത്രമൊഴിച്ചു കെടന്നു.. പിന്നെ ആലോചനേൽ ആണ്ടു.. ഒക്കെ പ്രശ്നം ഇണ്ടാക്കീത്‌ അവരാ!.. ആ കമ്പ്യൂട്ടർ ഇൻസ്റ്റിറ്റിയൂട്ട്‌ കാര്‌!... അവരാ പറഞ്ഞത്‌ ഇവിടെ പലരും ആളോളെ പിടിക്ക്യാൻ വരും …അവരുടെ കമ്പനീൽ നമ്മളെ പോലത്തെ തൊരപ്പന്മാർക്ക്‌ വല്യ ക്ഷാമാന്നൊക്കെ.. പലേണ്ണത്തിനേം പിടിച്ചോണ്ട്‌ പോയിട്ടുണ്ടത്രെ.. .. ആ ഒരു ഗമ മനസ്സിൽ നെരങ്ങി നെരങ്ങി നിക്ക്വാണ്‌...അങ്ങിനെയാണു നോം ഗവേഷണ കേന്ദ്രത്തിലെത്തി വിക്ഷേപണം വരെ തൊടങ്ങീത്‌.. മുഖമടച്ചാ വീണത്‌.. നമുക്കൊന്നും പറ്റീല.. പക്ഷെ പല്ലിനെന്തോ പറ്റീന്നാ തോന്നണത്‌.
രണ്ടീസം കഴിഞ്ഞപ്പോ ഒരു പല്ല് നീഗ്രോന്റെ കളറിലേക്ക്‌ ഒരൂ ഉളുപ്പും ഇല്യാതെ മതം മാറുണു... പെങ്ങൾ കണ്ടു പിടിച്ചു.." എന്താടാ നെന്റെ പല്ല് കറുത്ത്‌ കാപ്പിരീന്റെ കളേറിൽ?
റോക്കറ്റ്‌ വിക്ഷേപിച്ച്‌ പരാജയപ്പെട്ട കാര്യം പറയാൻ നമുക്ക്‌ ലേശം വെഷമാരുന്നു..അവർക്കതിനെ കുറിച്ചൊന്നും അറീലല്ലോ?.. അറിയാത്ത കുട്ട്യോളെ, നോം കർമ്മം ചെയ്ത്‌ കഴിഞ്ഞ്‌ നമ്മുടെ ഫോട്ടം പത്രത്തിൽ വന്നാൽ വിളിച്ച്‌ കാട്ടികൊടുക്കണം ന്നാണല്ലോ ചൊല്ല്!.. പറഞ്ഞാൽ വിശ്വസിക്ക്വോ? ... ഇല്യാ .. അപ്പോ മൗനം വിദ്വാനു ഭൂഷണം! കർമ്മം മാഹാത്മ്യനുത്തമം! പിന്നെം ചോദിച്ചപ്പോ വിസ്തരിച്ച്‌ ആർക്കും ഒരൂ ദോഷം ഇണ്ടാക്കാത്ത ഒരു നൊണ പറഞ്ഞു " മൂത്രമൊഴിക്കണം ന്ന് തോന്നീപ്പോ, കട്ടിലേന്ന് എഴുന്നേറ്റപ്പോ, പുതപ്പു കാലിനു കുടുങ്ങീപ്പോ, വീണപ്പോ, പല്ല്ലു നെലത്ത്‌ ചുംബിച്ചപ്പോ പറ്റീതാ,"
"നെന്റെ ഒരു കാര്യം!..എങ്കീ വേഗം ദന്ത ഡോക്ടറെ കാണിക്കെടാ!.. പല്ലതാ കറുത്ത്‌ കരുവാളിച്ച്‌...."
നോം മാതാശ്രീയോട്‌ ചുട്ട പുളിങ്കുരു എണ്ണി വാങ്ങുമ്പോലെ പൈസ എണ്ണി വാങ്ങി ഡോക്ടറുടെ അടുത്തേക്ക്‌ പോയി..
അയാള്‌ വായ തൊറക്കാൻ പറഞ്ഞു… ശസ്ത്രക്രീയ ഇപ്പോ ചെയ്യും ന്ന മട്ടിൽ ഗ്ലൗസ്സ്‌ കൈയ്യേൽ വലിച്ചു കേറ്റി, കൊടിലെടുത്ത്‌ കവിളു വലിച്ച്‌ പിടിച്ചു… എത്രത്തോളം വലിക്കാൻ പറ്റുവോ അത്രത്തോളം!.. നോം കരുതി ഈയ്യാക്ക്‌ പ്രാന്താ.. ഇനി കവിളും വലിച്ച്‌ പൊട്ടിച്ചു കൈയ്യേൽ തരും…ന്നങ്ങോട്ട്‌ നോം ഭയപ്പെട്ടു!... ചെല പിതാക്കന്മാർ ലക്ഷോം, കോടീം ഒക്കെ അട്ടിയട്ടിയായി സഞ്ചീൽ തൂക്കി കൊണ്ട്വോയി കൊടുത്ത്‌ ഒന്നും അറിയാത്ത, പൂജ്യങ്ങൾ മാത്രം വാങ്ങുന്ന മക്കളെ പൂജനീയരായ ഡോക്ടറാക്കാൻ കച്ചേം മുറുക്കി നടക്കണ കാലാ!... സൂക്ഷിച്ചാ ജീവനെങ്കിലും കിട്ടും ഇല്ലാച്ചാൽ വിധി ന്നങ്ങോട്ട്‌ കരുതാം..!. കോമൺസെൻസ്‌ എന്നു പറേണ സാധനം ഈയ്യാളുടെ എവിടെയാണാവോ വെച്ചു കെട്ടീരിക്കണത്‌.. ദൈവമേ!..
... മുൻ പല്ലാണ്‌ മതം മാറീത്‌... നോം പറഞ്ഞു കൊടുത്തതാണ്‌ .. എന്നിട്ടും വെളിച്ചം തീരെ കാണാത്ത ടോർച്ചുമായി വന്ന് നമ്മെ ഇരിക്ക്യാൻ പറഞ്ഞ കസേരയുടെ കമ്പീം വലിച്ച്‌ കെടക്കയെ പോലെ ആക്കീട്ട്‌ കെടത്തി മൊത്തത്തിലങ്ങ്‌ റിസർച്ചു ചെയ്യ്യാണ്‌…പിന്നെ ആശാരീനെ പോലെ ഒരു മൊളംകോലെടുത്ത്‌ മതം മാറിയ പല്ലിനെ കുത്തി നോക്കി, പിന്നെ ഇരുമ്പ്‌ മുട്ടിയെ പോലെത്തെ ഒന്നിനെ കൊണ്ട്‌ കുത്തിം ചവുട്ടീം ഒക്കെ നോക്കി.. രക്ഷയില്ല്യാ…ഇഷ്ടൻ അനങ്ങീല….!".. നമുക്ക്‌ ഭാഗ്യോണ്ട്‌.. ല്ലാച്ചാൽ മൊത്തം പറിച്ചെടുത്ത്‌ കുപ്പീൽ ആക്കി തന്നേനേം.. നമ്മുടെ ഭാഗ്യം .. പിതാമഹരു ചെയ്ത പുണ്യം!
"പല്ലിന്‌ ഈട്ടി തടീന്റെ ഒറപ്പുണ്ട്‌.,...ആ വിഷപ്പല്ല് വെറുതെ പറിച്ചെടുത്ത്‌ കളേണ്ട..!" പല്ലിന്റെ ഗൊണത്തെ കുറിച്ച്‌ ഡോക്ടർ..!
ഒരു ഒപദേശോം മന്ത്രക്കുറിപ്പും ഒക്കെ ഇണ്ടാർന്നു..സെൻസോഫോം എന്ന പേസ്റ്റ്‌ എടുത്ത്‌ പല്ലു തേക്കണം അല്ലാതെ സാൻഡ്‌ പേപ്പറിട്ട്‌ ഇരുമ്പ്‌ കമ്പിയൊക്കെ പെയിന്റടിക്കാൻ ഉരയ്ക്കുമ്പോലെ ഉമിക്കരീട്ട്‌ ഉരയ്ക്കേണ്ട.. പിന്നെ രാത്രി കൊറച്ച്‌ എടുത്ത്‌ ഒറങ്ങുമ്പോ പല്ലേൽ പൊരട്ടണം…കുലുക്കുഴിഞ്ഞ്‌ കളേണ്ട!.. മധുരംണ്ട്ന്ന് വെച്ച്‌ ജാമാണെന്ന് നെനച്ച്‌ ഞൊട്ടി ഞൊട്ടി നൊണഞ്ഞ്‌ വയറ്റിലേക്ക്‌ താത്തേണ്ട.. ട്ടോ!”
ഒക്കെ ഡോക്ടറുടെ കൃപ!.. നോം ഓച്ഛാനിച്ചുനിന്നു!
രണ്ടു മൂന്ന് ഗുളിക കുറിച്ചു തന്നു..ശുഭം ന്ന് കുറിച്ച്‌ കോറേ പണീയെടുത്തൂന്ന് കാട്ടാൻ നീട്ടിയൊരു വര..!.. പിന്നെ പൈസ വാങ്ങി പോക്കറ്റിലിട്ടിട്ടു പറഞ്ഞു...പോയ്ക്കോ.!
“... ഇനി മേലാൽ ഈ വഴി കണ്ടു പോകരുത്‌!.. കണ്ടു പോയാൽ നെന്റെ വെഷപല്ലു പറിച്ചു കളേം!” എന്നു ചുരുക്കം
പൈസ കിട്ടും വരെയുള്ള സ്നേഹമേ ഏതു ഡോക്ടർക്കും ഇണ്ടാവൂ... അത്‌ അവരുടെ പെട്ടീലായാൽ നോം വെറും കറിവേപ്പില.!. പിന്നെ റിസർവ്വ്‌ ബാങ്കീന്ന് പൈസ അടിപ്പിച്ചു കൊണ്ടരണം.. ലേശം സ്നേഹം കിട്ടാൻ!
നോം ഡോക്ടർ പറഞ്ഞ പോലെ ചെയ്തു..അത്ഭുതം നീഗ്രോ പല്ല് വെളുത്ത്‌ വെളുത്ത്‌ തിരിച്ച്‌ വീണ്ടും മതം മാറിപഴേ കളറായി!..
ഇനീം വേണമെങ്കിൽ ഒരു പ്രാവശ്യോം കൂടെ ശ്രീ ഹരിക്കോട്ടേൽ പ്രോഗ്രാം ചെയ്യാനുള്ള ആരോഗ്യോണ്ട്‌ പല്ലിന്‌!.. പക്ഷെ.. നമുക്കൊരു പ്രതീക്ഷേം ഇല്യാ.. ഓരോന്നിനും ഓരോ സമയം ഇല്യേ!.. ഇണ്ടാവും.. ഇണ്ടാവണം.. ഇനീങ്കിലും അടങ്ങീരിക്ക്യാൻ നോം ശട്ടം കെട്ടി ! ( തുടരും)--
---------------------------
പഴയ ഭാഗങ്ങൾ--- രണ്ടാം ഭാഗം മുതൽ തുടർന്ന് വായിക്കാൻ ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്. ..http://manavadwani-russel.blogspot.com/…/blog-post_9152.html

4 അഭിപ്രായങ്ങൾ: