പേജുകള്‍‌

ശനിയാഴ്‌ച, ഏപ്രിൽ 30, 2011

മാറ്റം!

കേളൻ,
പണ്ടത്തെ കമ്യൂണിസ്റ്റ്‌,
പരിപ്പു വട വിൽക്കുന്നവൻ,
മുറി ബീഡി വലിയൻ,
തികഞ്ഞ കമ്യൂണിസ്റ്റ്‌ വാദി!

കേളൻ,
ഇന്നത്തെ കോൺഗ്രസ്സ്‌,
പരിപ്പു വട സാമി,
ബാറു കച്ചോടക്കാരൻ,
തികഞ്ഞ ബൂർഷ്വ!

പടവു തെറ്റി,
കമിഴ്‌ന്ന് വീണപ്പോൾ,
വലിച്ചു കയറ്റിയവരൊപ്പം,
കൊഞ്ഞനം കുത്തി,
ചെയ്ത തെറ്റിൽ കുമ്പസാരിച്ച്‌,
കയറിയേടത്ത്‌ ഇരുന്നു,

ആവശ്യം മാറ്റത്തെ സൃഷ്ടിക്കുന്നു,
മാറ്റം അവസരത്തേയും!
കരഞ്ഞൊഴിയാം,
തെറിവിളിച്ച്‌ ഉറഞ്ഞൊഴിയാം!

മാറിയവർ മാറ്റത്തെ ഇഷ്ടപ്പെടുന്നു,
മാറ്റിയവർ മാറാലയേയും!
മാറാത്തവർ കൺഫ്യൂഷനിലും!

ചൊവ്വാഴ്ച, ഏപ്രിൽ 26, 2011

രതി - യാഥാർത്ഥ്യങ്ങൾ!

രതി  സുഖമാണ്‌,
                കല യാണ്‌
                താളമാണ്‌,
                ലയമാണ്‌,
                പുണ്യമാണ്‌,
                പാപമാണ്‌,
                ദൈവികമാണ്‌,
                പൈശാചികമാണ്‌!
                അനുഭൂതിയാണ്‌!
                വിടരുന്ന കൗമാരങ്ങളിൽ,
                അഗ്നിസ്ഫുരണമാണ്‌!
                യുവത്വത്തിന്റെ സൗര തേജസ്സാണ്‌,
                കാമുക ഹൃദയങ്ങളിലെ ധൃതിയാണ്‌!
                മദ്ധ്യവയസ്ക്കരുടെ കെട്ടടങ്ങുന്ന അഗ്നിയുടെ ആന്തലാണ്‌!
                ശരീരത്തെ തപിപ്പിക്കും അനിർവ്വചനീയമായ ആനന്ദമാണ്‌!
                ചിതലരിച്ച കിനാവുകൾ ആവാഹിക്കപ്പെട്ട വയോധികരുടെ
                നൊമ്പരമാണ്‌!

      രണ്ടക്ഷരങ്ങളിലെ,
      പടർന്നു കയറ്റങ്ങൾ!
      ഭയപ്പെട്ട്‌ തിരിഞ്ഞിരുന്നു!
      യാഥാർത്ഥ്യമറിയാനുള്ള ശ്രമം!

രതി!
                ജീവിതത്തിന്റെ,
                ക്ഷണികതയെ,
                മറപ്പിക്കാനുള്ള,
                ദൈവത്തിന്റെ
                വെറും കൺകെട്ട്‌!

തിങ്കളാഴ്‌ച, ഏപ്രിൽ 25, 2011

പ്രേമം!

പ്രേമം ദിവ്യമാണത്രേ!
ജീവിതം ചുട്ടു തിന്നുന്നതു വരെ!
പ്രണയിനി ജീവനത്രേ!
കൂടോത്രം ഫലിക്കും വരെ!

ഖാദിമുകളുടെ സ്വർഗ്ഗത്തിൽ നിന്നും..!

കാട്ടറബിച്ചിയുടെ കരുതലിൽ,
അലിയാരു കുഞ്ഞീടെ,
മോനിവിടെ പെരുത്ത്‌ സുഖം!
മധുമേഹം വന്ന് ചാകാതിരിക്കാൻ,
പഞ്ചാരയെടുത്ത്‌ ഒളിപ്പിക്കും,
കൊഴുപ്പ്‌ വരാതിരിക്കാൻ,
ക്രീമെടുത്ത്‌ പൂട്ടി വെക്കും,
കണ്ണീർ വാർക്കാതിരിക്കാൻ,
സവാള പൂഴ്ത്തി വെക്കും!

മൊബെലു വാങ്ങിയാൽ,
പെഴച്ചു പോകുമെന്നോർത്ത്‌,
വാങ്ങി വെച്ച്‌,
എറിഞ്ഞുടച്ച്‌!
മാസാമാസം ദിനാറുകണ്ടാൽ,
കണ്ണു മഞ്ഞളിക്കുമെന്നോർത്ത്‌,
രണ്ടുമാസ ദിനാർ പെട്ടിയിലിട്ട്‌,
കട്ടാറബി പൊന്നറബി,
പോസ്റ്റോഫീസിലേക്ക്‌!
സങ്കടം കാണാൻ കരുത്തില്ലാതെ,
കത്തു കീറി കുപ്പയിലിട്ട്‌
ഒഴിഞ്ഞ കൈയ്യുമായ്‌ പുഞ്ചിരിച്ച്‌,
ദിവാനിയിലേക്ക്‌!

ഒപ്പം അകമ്പടി സേവിച്ച്‌!
ദിവാനിയിലെ വെടി പറയുന്ന
കാട്ടുകള്ളന്മാരുടെ,
ചെറുകപ്പിലേക്ക്‌,
ചായയൂറ്റി, ചായയൂറ്റി,
ചിലപ്പോൾ തെറിമേടിച്ച്‌,
ചിലപ്പോൾ പരിഹാസം മേടിച്ച്‌!
ചിലപ്പോൾ അടി മേടിച്ച്‌!
 
ഒരു ചെറുമിഠായിക്ക്‌,
അറബി ചെക്കന്റെ ചൊരുക്ക്‌!
മൈലുകളോളം താണ്ടിച്ച്‌,
സ്റ്റോറിലേക്ക്‌,
ബാസ്ക്കറ്റ്‌ ഏന്തിച്ച്‌,
അകമ്പടി സേവിപ്പിച്ച്‌,
മിഠായിയുടെ മധുരം നുണഞ്ഞ്‌,
കൊതിപ്പിച്ച്‌!
പൊതിഞ്ഞകടലാസു ചുരുട്ടി
മുഖത്തെറിഞ്ഞ്‌,
ഉറഞ്ഞു ചിരിച്ച്‌!

ക്ഷീണവും ഉറക്കവും
ഖാദിമിന്‌ അനാവശ്യം!
എല്ലുകളെ പൊതിഞ്ഞ മാംസം,
മൂപ്പെത്താതെ മൂത്ത്‌, മൂത്ത്‌,
എല്ലിൽ കയറി ഒളിക്കാൻ ശ്രമിക്കുമ്പോൾ,
അസഹ്യമായ വേദനകളുടെ
കണ്ണീർമഴ!

ചാകാതിരിക്കാൻ
വലിച്ചെറിഞ്ഞു തരുന്ന
ഉണങ്ങിയ ഇറാനിറബ്ബറു ഖുബൂസ്‌!
പിടിച്ചു പറിച്ച്‌,
കടിച്ചു പറിച്ച്‌,
ചവച്ചു, ചവച്ച്‌!
ആടുകൾക്കൊപ്പം!
കുപ്പയിലെ,
നിറം മങ്ങിയ പഴം കണ്ട്‌,
കൊതിയൂറി,ആർത്തി മൂത്ത്‌!

ഇനി ഉമ്മാക്കവിടെ..?

വെള്ളിയാഴ്‌ച, ഏപ്രിൽ 22, 2011

കുരിശിന്റെ വഴികൾ!

പെണ്ണുകാണൽ!- ജ്ഞാന സ്നാനം ചെയ്യിക്കൽ!
സ്ത്രീധനം:- ദൈവവും ഒപ്പം ഒരു കുരിശും!
നിശ്ചയം:- തിരുവത്താഴം.
വിവാഹം:- ഒറ്റിക്കൊടുക്കൽ.
ജീവിതം:- കുരിശു ചുമക്കൽ.
കുട്ടികൾ :- ന്യായ വിധി.
വാർദ്ധക്യം:- കുരിശിലേറ്റൽ.
മരണം:- ഉയർത്തെഴുന്നേൽക്കൽ!

ഡോക്ടർ ജീ അകത്തുണ്ട്‌!!

ഡോക്ടർ ജീ അകത്തുണ്ട്‌!!.. പഠനത്തിലാണ്‌!




(എൻഡോ സൾഫാൻ അമൃതെങ്കിൽ കേന്ദ്രമന്ത്രിമാരുടെ നിത്യ പ്രാതലുകളിൽ സ്പെഷ്യൽ വിഭവമായി വിളമ്പാലോ?..)










ബുധനാഴ്‌ച, ഏപ്രിൽ 20, 2011

നഷ്ട പ്രയാണങ്ങൾ!

"ബൈ ദ ബെ ഞാൻ ആരാണ്‌!"

.....അന്നാണ്‌ ആ ഖമണ്ഡൻ ചോദ്യം അയാൾ സ്വയം ചോദിച്ചത്‌!..

"നിങ്ങളെന്റെ ആരുമല്ല" എന്നു ശ്രീമതി അതായത്‌ സാക്ഷാൽ കെട്ടിയോൾ പറഞ്ഞതു കൊണ്ടല്ല..! ഒടപ്പെറന്നോളിന്റെ കുത്തു വാക്കു കേട്ടതു കൊണ്ടല്ല.!..പടച്ചു വിട്ട മാതാ പിതാക്കളുടെ നോവുന്ന മനസ്സു കണ്ടതു കൊണ്ടുമല്ല.!!.മറിച്ച്‌ നേതി ...നേതി.. എന്ന്  മനസ്സിനുള്ളിൽ നിന്നു ആരോ കിതച്ച്‌ കിതച്ച്‌ പിടഞ്ഞു പറഞ്ഞതു കൊണ്ടാണ്‌!

"നീ ഒന്നിനും കൊള്ളാത്ത..."-എന്നാണല്ലോ കേട്ട പഴക്കം!

ആ പഴക്കത്തിൽ നിന്നും ഉയിർ കൊണ്ട ഊഷ്മാവിലാണ്‌ അയാൾ മനസ്സിന്റെ ആ പ്രഭാഷണം ശ്രവിച്ചത്‌!

"നീ നീയ്യാണ്‌!."..അയാളുടെ മനസ്സു പറഞ്ഞു

"എത്ര ശരി!"

"ഞാൻ പിന്നെ മറ്റാരാണ്‌!.." അയാൾ അവേശത്തോടെ ചോദിച്ചു.

"നീ മറ്റാരൊക്കെയോ ആണ്‌! "- അയാൾ അതും കേട്ടു..

"നീ ആത്മാവാണ്‌!"

"മഹാ ശക്തനാണ്‌!"

"പരബ്രഹ്മമാണ്‌!"

ഒടുവിൽ പറഞ്ഞു നിറുത്തിയത്‌ അയാൾക്ക്‌ നന്നെ സുഖിച്ചു..

"നീ സാക്ഷാൽ ദൈവമാണ്‌!"

എന്തൊക്കെയോ ഉള്ളിലുള്ള അയാൾ പറയുന്നു...!..അയാൾക്ക്‌ എന്തെന്നില്ലാത്ത വിറയൽ വന്നു.. ആകെ മരവിപ്പ്‌!

അയാൾ മെല്ലെ എഴുന്നെറ്റു .. പിന്നെ പീടികയ്ക്കടുത്ത്‌ ചെന്ന് അയാൾ പ്രഖ്യാപിച്ചു..

" ഞാൻ ദൈവമാണ്‌!"

ആരോ പറഞ്ഞു "പിരാന്തൻ!"

അതു പറഞ്ഞയാൾ പിറ്റേന്ന് ചക്ക വെട്ടിയിട്ട പോലെ മരിച്ചു.!....സംഭവം ഹാർട്ട്‌ അറ്റാക്ക്‌!
.
..തോന്ന്യവാസി.!. അല്ലാതെ....?

മറ്റൊരാൾ പറഞ്ഞു " വട്ട്‌ കേസ്‌!.. ഈയാൾക്കെന്തിന്റെ കേടാ"

"അഹങ്കാരി!"...മറ്റെന്തു പറയാൻ?

അയാളെ രണ്ടു നാൾക്കകം സ്കൂട്ടറിടിച്ചു ആശുപത്രിയിലും ആയി..!..

അന്നു മുതൽക്കാണത്രെ ആളുകൾക്കയാളുടെ സിദ്ധി ബോദ്ധ്യപ്പെട്ടത്‌!... അയാൾക്കെതിരെ, ..ക്ഷമസ്വ...., ആ ദൈവത്തിനെതിരെ... "ക'.." മ" എന്നു മിണ്ടുവാൻ ബുദ്ധിയും വിവരവും ഉള്ള ആളുകൾ കൂട്ടാക്കിയില്ല.. പകരം നയനസുഖം തരുന്നവരും നയന സംഘർഷം തരുന്നവരും അവരവരുടെ ശരീര ശാസ്ത്ര പ്രകാരം "റ" എന്ന കണക്കിനു നിന്ന് കൈകൾ കൂപ്പി നാമ ജപം തുടങ്ങി..!....

അയാൾ മഴ പെയ്യിച്ചു!...ആളോളുടെ ജ്വരവും ചുമയും മാറ്റിച്ചു...കിടക്കപ്പായിൽ മൂത്രമൊഴിക്കുന്നോനെ പുറത്ത്‌ മൂത്രമൊഴിപ്പിച്ചു.!.. അതോടെ സുഖസൗകര്യത്തോടെ ആളുകൾക്ക്‌ കിടക്കപ്പായിൽ മൂത്രമൊഴിക്കാൻ പറ്റാതായി..!

അതിന്റെ ദേഷ്യം..അല്ലെങ്കിൽ അസൂയ.. അല്ലാണ്ടെന്താ?....അല്ലെങ്കിൽ.. പച്ച പിടിച്ചു തഴച്ചു വളരുന്നോനെ അനുവദിക്കില്യാന്ന അഹങ്കാരം!

... ശനി..ശുക്രമണ്ഡലത്തിലേക്ക്‌  കയറിൽ തൂങ്ങിപ്പിടിച്ച്‌ ഊർന്നിറങ്ങാൻ ശ്രമിച്ച്‌ കമിഴ്‌ന്നടിച്ച്‌ വീണ സമയം! .. രാഹുവിന്റെ മിഴിച്ച തീക്കട്ട കണ്ണുകളുടെ തറച്ച നോട്ടം!... ഗുളികൻ ചെരിഞ്ഞും മലർന്നും കിടന്നു കോക്ക്രി കാട്ടിയ നേരം!.

....എല്ലാം ഒത്തു വന്ന ഒരു ശുഭസായാഹ്നത്തിലായിരിക്കണം ആ മഹാത്മാവിനെ, അല്ല ദൈവത്തെ ഒരു നാൾ യുക്തിവാദികൾ നേതി, നേതി എന്നു പറഞ്ഞു. ദുർമ്മന്ത്രവാദം നടത്തി ചങ്ങലപ്പൂട്ടിട്ട്‌ എങ്ങോ കൊണ്ടു പോയി ഒടുവിൽ മനുഷ്യനാക്കി നടത്തി!

"ബൈ ദ ബെ ഞാൻ ആരാണ്‌!"- വീണ്ടും ഒരു നാൾ അയാൾ സ്വയം ചോദിച്ചു..

ഇത്തവണ മനസ്സിൽ ഇരിപ്പുറപ്പിച്ച ആൾക്ക്‌ ദേഷ്യം വന്നിരുന്നു..

"..നീ ഒരു മണ്ടൻ കൊണാപ്പനാണ്‌ അല്ലാതെ യുക്തിവാദികളുടെ ദുർമ്മന്ത്രവാദത്തിൽ പെട്ട്‌ നശിക്ക്വോ?.."

അയാൾക്ക്‌ ബോധോദയം വന്നിരുന്നു.!.വല്ലാത്ത നിരാശാ ബോധം!...അപ്പോഴേക്കും മനസ്സ്‌ അയാളെ കീഴ്പ്പെടുത്തി പറഞ്ഞു..".നീ ആത്മാവുള്ള, ഒരു സാധാരണ മനുഷ്യനാണ്‌ ..നേതി.. നേതി..!"

ദൈവം എന്ന വാക്ക്‌ ഉച്ചരിക്കാതെ മനസ്സിൽ ഇരിപ്പുറപ്പിച്ച ആൾ മറഞ്ഞിരുന്നതു കണ്ട്‌ അയാൾ തേങ്ങി!