പേജുകള്‍‌

തിങ്കളാഴ്‌ച, നവംബർ 30, 2009

പോക്കർഹാജിയും മകനും!

അന്ന് പോക്കർ ഹാജിയുടെ ഇളയമകൻ ബഷീർ സ്കൂളിൽ നിന്നും ഓടിക്കിതച്ചു വന്നു പറഞ്ഞു..
"വാപ്പ... വാപ്പ...മനുഷ്യകുഞ്ഞുങ്ങളെ ഉണ്ടാക്കുന്ന യന്ത്രം കണ്ടു പിടിച്ചു.."
പോക്കർ ഹാജി ഞെട്ടി.ഞെട്ടാൻ കാരണമുണ്ട്‌....കെട്ടിയോള്‌ സൈനബാക്ക്‌ മക്കളെ കാണാതെ ഉറക്കം വരില്ല.അതിനാൽ മണിയറയിൽ തന്നെയാണ്‌ അഞ്ചു മക്കളും ചുരുണ്ട്‌ കൂടികിടക്കുന്നതു...എല്ലാവരും ഉറങ്ങുന്നതു വരെ പോക്കർ ഹാജി കണ്ണും പൂട്ടി ഉറക്കം നടിച്ചു കിടക്കും... ചിലപ്പോൾ കൂർക്കം വലിക്കും..പിന്നീടാണ്‌ സൈനബയെ തൊണ്ടി വിളിക്കുക.! അതറിയുന്ന സൈനബായും അങ്ങിനെ തന്നെ!! മക്കളെ പറ്റിക്കാൻ പെടുന്ന പാട്‌ അവർക്കേ അറിയൂ..അതിനിടയ്ക്കാണ്‌ ഈ സംഭവം!!....പോക്കർ ഹാജി കരുതി."..ഇന്നലെ മക്കളഞ്ചും ഒറങ്ങീന്നും ബെച്ച്‌ സൈനബാനോട്‌ കാട്ടികൂട്ടിയതൊക്കെ കൈയ്യോടെ ഹിമാറ്‌ കണ്ടു പിടിച്ച്‌...
...കണ്ട്‌ പിടിച്ചെന്ന് മാത്രമല്ല ബലാല് ബിളിച്ചും പറയുന്ന്..."
"... ബലാലെ ഹിനിയത്‌ ബിളിച്ചും പറഞ്ഞു ഞമ്മളെ എടങ്ങേറാക്കല്ലേ...അന്റെ മയ്യത്ത്‌ ഇന്ന് ഞമ്മളോരുക്കും പറഞ്ഞില്ലാന്ന് ബേണ്ട.!"
ചെറുക്കൻ വിട്ടില്ല "....ഇന്ന് ജബ്ബാർ... മാഷ്‌ പറഞ്ഞ്‌..!"
"പടച്ച തമ്പിരാനെ.. ജബ്ബാർ മാഷും അറിഞ്ഞാ.."
"നിക്കടാ..അവുട...!"
"ഉപ്പാ കേക്കുപ്പ!..എന്നെ തല്ലേണ്ടാ...ജബ്ബാർ മാഷാ പറഞ്ഞത്‌... അവൻ പറഞ്ഞു... എന്തോ ഗ്ലാസ്സിന്റെ കോയലില്‌ എന്തൊക്കെയോ ഇട്ട്‌ ബെച്ചാല്‌...കുഞ്ഞീണ്ടാവ്വുത്രെ..."
"...ങാഹാ.അതുശരി...ന്നാ പിന്നാ അത്‌ നേരത്തെ പറഞ്ഞൂടെ ബലാലെ....ഞാൻ ബിചാരിച്ചു..വളിച്ച ചിരിയൊടെ പോക്കർ ഹാജി പറഞ്ഞു..അതു നല്ല ഐഡിയ തന്നെയെന്ന് പോക്കർഹാജിക്കു തോന്നി.
".....ന്നാ ഞമ്മളെ പൂട്യേലും കുഞ്ഞീനെ ഉണ്ടാക്കീറ്റ്ബിക്കാലാ....പുള്ള ഇല്ലാത്തോരെല്ലാം ബാങ്ങിക്കും..ഉള്ളോരും ബാങ്ങിക്കും..!" ബഷീർ പറഞ്ഞു..
"നി ...യെന്റ്മോനന്നെന്ന് ഇപ്പം ഞമ്മക്ക്‌ മനസ്സിലായി!" സന്തോഷത്തോടെ പോക്കർഹാജി മകന്റെ പുറത്തു തട്ടി.
"ഉപ്പാ അതാ ജബ്ബാറു മാഷു ബരുന്ന്.. ഓരോട്‌ ചോദിച്ചു നൊക്ക്ന്ന്..."
.".ന്നാപിന്നെ ആയിക്കോട്ടേ.."
"..മാശേ...ജബ്ബാർ മാശേ... ഒന്നിബിടംവരെ ബരിം...ഒന്ന് ചോയിക്കാനാ"
"എന്താ?..പോക്കർക്കാ..!!" ജബ്ബാർ മാഷ്‌ ചോദിച്ചു..
."..ചെറുക്കൻ പറയിന്ന്......"

ജബ്ബാർ മാഷിനു പിടികിട്ടി..." പോക്കരിക്കാ... അത്‌ ടെസ്റ്റ്‌ ട്യൂബ്‌ ശിശുവാ... ആ കഥ ജബ്ബാർ മാഷ്‌ പോക്കർ ഹാജിക്ക്‌ പറഞ്ഞു കൊടുത്തു...
"പടച്ചോനേ....ഓനു ബിബരംണ്ട്‌..!!"
"ആർക്ക്‌!" ജബ്ബാർ മാഷ്‌ ചോദിച്ചു..
"...ന്റെ..പുള്ളാക്ക്‌..ഞമ്മടെ ബശീറു പറയുന്ന്..
"എന്ത്‌?"
"... ന്നാ..പിന്നെ ഞമ്മളെ പൂട്യേലും ബിക്കാൻ പറ്റ്വൊ മാശേ...കുഞ്ഞീനേന്ന്.. എബിടുന്ന് കിട്ടും മാശെ ആ പറഞ്ഞ കൊയലും കുഞ്ഞീം..!"
-

പോക്കർ ഹാജിയും കടയും!

മഹാനായ പോക്കർ ഹാജി.വളഞ്ഞകാലൻ കുടയും ചൂടി നടക്കാനിറങ്ങി.... നടക്കുമ്പോൾ നിട്ടപ്രാണ ഒരു ബോധോധയം!...സംഭവം ഉസ്മാന്റെ കച്ചോടം കണ്ടിട്ടായിരുന്നു...അവിടെ നല്ലതിരക്ക്‌!

"അനക്കും വേണം.ഒരു കച്ചോട പീടിയ..!..പാത്തുന്റെ പുയ്യാപ്ല ഉസ്മാനു മാത്രം മതിയോ കച്ചോടം!"
"...പോരാ...ഇങ്ങാക്കും ..ബേണം..!"പോക്കർ ഹാജിയുടെ കെട്ടിയോൾ സൈനബായും മൂപ്പിച്ചു.."
അങ്ങനെ ഒരു പലചരക്ക്‌ കട ഹാജിയും സ്വന്തമാക്കി... ആദ്യമൊക്കെ ഹാജിക്ക്‌ ഭയങ്കര രസം തോന്നി.. അഭിമാനം തോന്നി... ക്രമേണ മടുത്തു...സൈനബാനെ പിരിഞ്ഞ്‌ എപ്പോഴും ഇങ്ങനെ? അതു ശരിയാവൂല..!..ഒഴിവു വേണം... ഹാജിയാർക്ക്‌ തോന്നി..
അങ്ങിനെ ഹാജിയാർ ആർട്ടിസ്റ്റിനെ വിളിച്ചു... ഒരു ബോർഡ്‌ വേണം...
ആർട്ടിസ്റ്റ്‌ എത്തി.. ഒരു വിധം വാക്കു തർക്കത്തിനോടു വിൽ ബോർഡ്‌ എഴുതാൻ ഏർപ്പാടാക്കി...
"എന്തെഴുതണം!" ആർട്ടിസ്റ്റ്‌ ചോദിച്ചു..
"സൈനബാ സ്റ്റോർ" എന്നെഴുതിക്കോളീ..
..".താഴെ.. ഒഴിവ്‌ എന്നും എഴുതണം!"
"ഏതു ദിവസമാണ്‌ ഒഴിവ്‌!" ആർട്ടിസ്റ്റ്‌ ചോദിച്ചു..
" വെള്ളിയാഴ്ച!"
പിറ്റെന്ന് ബോർഡ്‌ കിട്ടി... തൂക്കുകയും ചെയ്തു...രണ്ടു ദിവസം കഴിഞ്ഞു.... പക്ഷെ ഹാജിയാർക്കത്‌ പിടിച്ചില്ല..!
"ഒഴിവ്‌ രണ്ടു ദിവസം കൂടെ വേണം..!.. വ്യാഴം, വെള്ളീ ദിവസം എന്ന് മാറ്റിയെഴുതിക്കോളി..!"
....ബോർഡ്‌ മാറ്റിയെഴുതിച്ചു...പിന്നെയും.. രണ്ടു ദിവസം കഴിഞ്ഞു... ഹാജിയാർ പിന്നെയും ബോർഡ്‌ നോക്കി..ശരിയല്ല.. മാറ്റിയെഴുതിച്ചു.... അങ്ങിനെ അവസാനം ആർട്ടിസ്റ്റ്‌ ബോർഡ്‌ തൂക്കി..

ഹാജിയാർക്ക്‌ പെരുത്തിഷ്ടപ്പെട്ടു..പച്ച കളറുള്ള ബോർഡിലെ വെള്ള നിറമുള്ള എഴുത്ത്‌ ഇങ്ങനെയായിരുന്നു.." കട വ്യാഴം, വെള്ളി, ശനി, ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ അവധി.! ബുധനാഴ്ച ഉച്ചയ്ക്കു ശേഷം മാത്രം തുറക്കും!"

ബുധനാഴ്‌ച, നവംബർ 25, 2009

ഉമ്മറിന്റെ കച്ചോടം!

അന്ന് സൗറാബി സന്തോഷിച്ചു..ഇത്രയും കാലത്തിനിടയ്ക്ക്‌ ആദ്യമായി ഒരു തൊഴിൽ ചെയ്യാൻ കെട്ടിയോൻ ഒരുങ്ങി പുറപ്പെടുകയാണ്‌..അനാദി കച്ചോടം!.. അതാണ്‌ ഉമ്മർ പറഞ്ഞത്‌... അങ്ങു ദൂരെയാണെന്നും.. സൗറാബിയാണ്‌ കച്ചോടത്തിനുള്ള മൂലധനവും കൊടുത്തത്‌ ....

മണിയറയിൽ ഏതു നേരവും ചടഞ്ഞു കൂടിയിരിക്കുന്ന കെട്ടിയോനായ ഉമ്മറിനെ പുറത്തിറക്കാൻ പെട്ട പാട്‌ സൗറാബിക്കേ അറിയൂ...
" അയമ്മദാണ്‌ കൂടെയുള്ളത്‌.... അതാ പ്രശ്നം!... ഒ‍ാൻ കലക്കുന്നോനാ...ആരും കാണാതെ പാലിൽ മോരൊഴിച്ച്‌ മിണ്ടാണ്ടിരിക്കണ ഹിമാറാ ഓൻ..!. പുളിച്ചാലെ മറ്റുള്ളോരറിയൂ..!"" സൗറാബി ഉമ്മയോട്‌ വിവരം പറയാൻ പോയപ്പോൾ പറഞ്ഞു..
"പടച്ചോനേ..!.. ഉമ്മ പേടിച്ചു!
'അങ്ങനെ പേടിച്ചാ പറ്റോ? കുഞ്ഞിത്താത്ത..ഓരുക്കും ന്ത്തെങ്കിലും ചെയ്യേണ്ടേ..?" അനിയത്തി റഹ്മത്ത്‌ പറഞ്ഞു..
"ങാ! അതും ശരിയാ!"- പഠിപ്പു കാരിയായ അനിയത്തിയുടെ വാക്കുകൾ കേട്ട്‌ സൗറാബി പറഞ്ഞു..

അഞ്ചു കിടാങ്ങളും സൗറാബിയെ പൊതിഞ്ഞു എടങ്ങേറാക്കികൊണ്ടിരിക്കുകയായിരുന്നു. രണ്ടാമത്തെത്‌  ഇരട്ട പ്രസവവും..!.ഒരുത്തൻ കുരുത്തം കെട്ടോൻ ഞാന്ന് കിടന്ന് മുലകുടിച്ചും കൊണ്ടിരിക്കുകയാണ്‌. മറ്റവരവനെ തൊഴിച്ചു താഴെയിടാനും ശ്രമിക്കുന്നുണ്ട്‌.. !ഒരു യുദ്ധം കഴിഞ്ഞാലെ എല്ലാർക്കും പാലു കിട്ടൂ.. സമർത്ഥന്‌ നല്ലോണം!..ഇല്ലാത്തതിനു കുറച്ച്‌..!
" ആകെ അയാക്കറിയാവുന്ന കച്ചോടാ.. ഇത്‌. അതിനുമിടുക്കനാ. അള്ളാ തരുന്നത്‌ കൈനീട്ടി മാങ്ങണം ന്നാ മൂപ്പരു പറയ്ക!... പടച്ചോൻ പോലും ഞമ്മളെ എടങ്ങേറ്‌ കാണുന്നില്ലന്റെ റബ്ബേ..! നിർത്താനും മൂപ്പരു ബിടൂല!" പത്തു മാസം പേറീറ്റല്ലേ ...നമ്മള്‌.. ഇവറ്റകളെ..അള്ളാ..!  കുഞ്ഞുങ്ങൾക്ക്‌ മുലകൊടുത്തും കൊണ്ട്‌ സൗറാബി പറഞ്ഞു..

" അള്ളാന്റടുക്കാ ന്യൂനപക്ഷോം..ഭൂരിപക്ഷോം ഇല്ലല്ലോ കുഞ്ഞീത്ത..ഇണ്ടാരുന്നെങ്കീ നമക്കും സംവരണം വേണം ന്ന് പറഞ്ഞിട്ട്‌..ഒരുമാ സത്തെനോ രണ്ടു ദിവസത്തേനോ കൊണ്ട്‌ കാര്യം സാധിക്കാരുന്നൂ... പത്തുമാസം പേറാണ്ട്‌ കഴിക്കാരുന്നു...ഒരു ഡിസ്കൗണ്ട്‌!..ഇല്ലേ കുഞ്ഞീത്താ"-- റഹ്മത്ത്‌ കളിയായി പറഞ്ഞു.

"നീ പോടി ബലാലേ ... പഠിച്ചെയിന്റെ ചൊരുക്കാ അനക്ക്‌!"

"അങ്ങോർക്ക്‌ ത്രെക്കും ഇഷ്ടാന്നെ... മൊഞ്ചത്തീന്ന ബിളിക്ക്യ.. ബിളികേട്ടാ ഒ‍ാരുടെ അടുത്തുന്നും മാറാൻ തോന്നൂല്ല!"

"അതല്ലേ അനുഭവിക്കുന്നത്‌!"

"ഞീ മിണ്ടാതെ പോയ്ക്കോ .. അനക്ക്‌ പഠിക്കണങ്കീ പഠിക്ക്‌! അല്ലാണ്ടേ മൂത്തോരു പറയുന്നിടത്ത്‌ അനക്കെന്ത്‌ കാര്യം!" റഹ്മത്തിന്റെ തമാശദഹിക്കാതെ സൗറാബി പറഞ്ഞു..
ഇനിയും നിന്നാൽ അടി ഉറപ്പാണെന്ന് റഹ്മത്തിനു തോന്നി.. മെല്ലെ വലിഞ്ഞു..
വൈകുന്നേരത്തോടെ സൗറാബി സ്വന്തം വീട്ടിലേക്കും..!

ഒരുമാസം കഴിഞ്ഞപ്പോൾ ഉമ്മർ വന്നു... കൂടെ ഒരു ചൊകന്ന പെണ്ണും.!
"ആരാണ്ടാ ഇത്‌?" സൗറാബിക്ക്‌ മനസ്സിലായില്ല... ഉമ്മർ വന്ന പാടെ അകത്തേക്ക്‌... പിറകെ വന്ന പെണ്ണും ഒപ്പം അകത്തേക്ക്‌..! സൗറാബിക്കത്‌ പിടിച്ചില്ല... വിസ്താരം തുടങ്ങി..
" അബിട നിക്ക്‌... ഞീ .. ഐബിടപോണ്‌.." ആരാണ്‌ ഞീ..?"
ഉമ്മറാണതിനു മറുപടി പറഞ്ഞത്‌... ഒരു പണിക്കാരിനെ ബെക്കണം ന്ന് ഞീ എന്നോട്‌ പറഞ്ഞില്ലേ.. ഒ‍ാളാ.. അയിനും..മാണ്ടി കൊണ്ട്വന്നതാ..!"
സൗറാബിക്കത്ര വിശ്വാസം പോരാ... അത്രേയ്ക്ക്‌ വിശ്വാസം വന്നെന്ന് ഉമ്മറിനും.!.. ന്നാലും നടക്ക്വോന്ന് നോക്കാലോ!! അത്രെയുള്ളു ഉമ്മറിന്റെ മനസ്സിലും..

വലിഞ്ഞുകേറി വന്നവൾ അധികാര സ്ഥാപനത്തിനൊരുങ്ങുന്നത്‌ സൗറാക്കത്ര പിടിച്ചില്ല..! അവൾ കിടക്കയിൽ കിടക്കുന്നു.. ഉമ്മർ പലതും കാട്ടികൊടുക്കുന്നു.. ചിരിക്കുന്നു..!

'ന്റെടുത്തും ന്ന് മാറാത്ത പുയ്യാപ്ലക്കെന്ത്‌ പറ്റി.. ഇപ്പം ആ പണിക്കാരി പെണ്ണിന്റെ അടുത്തും ന്ന് മാറുന്നില്ലാലോ..കിണുങ്ങുന്നു.. ബർത്താനം പറയുന്നു.അവൾ പണിയെടുക്കുമ്പോൾ നോവുന്നത്‌ ഉമ്മറിനാണെന്ന് സൗറാക്ക്‌ മനസ്സിലായി..പുയ്യാപ്ല എന്തോ ഒപ്പിച്ചിരിക്കുന്നു.. അതും ഞമ്മളുടെ പണം കൊണ്ട്‌....മനസ്സിൽ വെള്ളിടി വെട്ടി...
"ടീ.. ഇബിടെ വാടി... അതാ ഇന്റെ റൂമ്‌.! "ഒരു ചെറുമുറി കാട്ടി സൗറാ പറഞ്ഞു...
"ങ എന്തിന്റെ പുറപ്പാടാ..?
" ടീ.. ന്റെ ബെ ഷമം...നിക്കറിയാം... നമ്മളെ ഖുർ ആനിൽ പറഞ്ഞിട്ടില്ലേ നാലുകെട്ടാന്ന്..! ഓളെ ഞമ്മള്‌ കെട്ടി...സൗറബിയെ പേടിയാണെങ്കിലും ഉള്ള ധൈര്യം സംഭരിച്ച്‌ ഉമ്മർ പറഞ്ഞു"
സൗറാബിക്കതു താങ്ങാനായില്ല!... പുയ്യാപ്ലേന്റെ സ്നേഹം പകുക്കുവാൻ പുതിയ അവതാരം..!
"ഇത്‌ പണ്ടത്തെ കാലാ... ഒരുമ്പെട്ടോനേ..!" കോപിച്ച്‌ സൗറാബി പറഞ്ഞു..
" മലപ്പുറത്തെ ഡാകിട്ടർ ആയിഷു ന്നാള്‌ .. പറയുന്നത്‌ കേട്ടിട്ടില്ലേ ടീബീല്‌...ഓക്കെന്തെ പഠിപ്പില്ലാഞ്ഞിട്ടാ... ഞമ്മളാക്ക്‌ നാലു കെട്ടുന്നതിന്‌ ഒരു കൊയപ്പൂം ല്ലാന്ന്..!!"
" അത്‌ ഓക്ക്‌..!... അത്‌ ഇബിടപറ്റൂല... ഓക്ക്‌ അതു സുയിക്കണുണ്ടാകും.. ഖുർ ആനിൽ പറയുന്നെന്നും പറഞ്ഞിട്ട്‌ ഞമ്മള പറ്റിക്കേണ്ട.. അതു ഈ സൗറാബീന്റെടുക്ക നടക്കൂല.."
"ഓൾ പണിക്കാരിയായിട്ട്‌ നിന്നോട്ടേ... എന്താ.." ഉമ്മർ പറഞ്ഞു..
സൗറാബിക്കതു രസിച്ചു..!..
" ഖുർ ആൻ പറഞ്ഞ്‌ മനസ്സിലാക്കാംന്ന് ബെച്ചാലും മനസ്സിലാക്കൂല..! ബലാല്‌..!അപ്പപിന്നെ ഇതേ ഒരു വഴിയുള്ളു.." ഉമ്മർ നിനച്ചു.
ഉമ്മറു കുഴങ്ങിപ്പോയി..
അടുക്കളയിൽ പണികൾ കൂടുന്നത്‌ പണിക്കാരിയായി ചമഞ്ഞു വന്ന മണവാട്ടിക്ക്‌ മനസ്സിലായി.. ഉമ്മറാണെങ്കിൽ സൗറാബിയെ പേടിച്ച്‌ അടുക്കുന്നും ഇല്ല..മടുത്തപ്പോൾ മണവാട്ടി ഉമ്മറോട്‌ പറഞ്ഞു... " ഞാമ്പോണ്‌..! ഇങ്ങള്‌ ബരുന്നുണ്ടേങ്കീ ബന്നോളീ.. അനക്കിങ്ങനെ നിക്കാം പറ്റൂല..!"
" നിക്കാം പറ്റൂലാങ്കി കെടന്നോ? എന്ത്യെയ്‌" സൗറാബി പറഞ്ഞു.
"ഓളു പാവാണ്‌ സൗറാ... ഉമ്മർ പറഞ്ഞു..
"ഇങ്ങളിതിൽ എടപെടേണ്ട.. ഇങ്ങളെ പണി നോക്കികോളി..." സൗറാബീയുടെ താക്കീത്‌.
ഉമ്മർ നിസ്സഹായൻ കൈമലർത്തി.. ഉമ്മറിന്റെ അവസ്ഥ അവൾക്കും മനസ്സിലായി..അവൾ പെട്ടിയെടുത്തിറങ്ങി...

സൗറാബി രണ്ടായിരം ഉറുപിക കയ്യിൽ നിർബന്ധിച്ചു കൊടുത്തു പറഞ്ഞു..." ന്നാ ബാങ്ങിക്കോളീ... രണ്ടായിരം ഉറുപ്യണ്ട്‌.. കുറച്ചായി ഇബിട പണിയെടുത്ത തല്ലേ... ബെറുക്കനെ പോണ്ടാ..ബയിക്കെ ചെലവിനിരിക്കട്ടേ"

മണവാട്ടി ഉമ്മറെ ഒരു നോക്ക്‌ നോക്കി.. പിന്നെ ബസ്സ്‌ സ്റ്റോപ്പിലേക്ക്‌ നടന്നു...... ഉമ്മർ മണിയറയിലേക്കും...!.. അതോടെ ഉമ്മറുടെ പുറത്തെ കച്ചോടം നിന്നു...!

ചൊവ്വാഴ്ച, നവംബർ 24, 2009

അവരുടെ ലോകം!

ഏവരും കൊതിക്കുന്ന സ്വർഗ്ഗം! ..വിശാലമായ ഇസ്തിരിയിട്ട പോലെയുള്ള റോഡുകൾ!.. അനൂപ്‌ പുറത്തെ കാഴ്ചകൾ കാണുകയായിരുന്നു...വളരാൻ ആർത്തിയോടെ കൊതിക്കുന്ന മരങ്ങളുടെ തലകൾ മുണ്ഡനം ചെയ്യപ്പെട്ടിരിക്കുന്നു....ചീകിയൊതുക്കി... പല മോഡലുകളിൽ നിരയായി അവർ കിടക്കുകയാണ്‌...അടുത്ത മുണ്ഡനത്തിനായി!!....അവർക്കതാണ്‌ യോഗം!... !
" അനൂപ്‌ എന്താ ആലോചിക്കുന്നത്‌...? "..അയാൾ ചോദിച്ചു

"ഒന്നും ഇല്ല!... വെറുതെ കാഴ്ചകാണുകയാ..മരങ്ങൾക്കും ബാർബർമാരുണ്ടിവിടെ. അല്ലേ?!"
അയാൾ ചിരിച്ചു..." ഇതുപോലെയാണ്‌ ഇവിടെയെത്തുന്ന ഒരുവിധപ്പെട്ട ഏതു പ്രവാസിയുടേയും യോഗം!... വളരാനായി കൊതിക്കും... തലമുണ്ഡനം ചെയ്യപ്പെടും!..

അയാൾ ചിരിച്ചു...!

":...ഭാര്യ.?.. മക്കൾ?"

"ഉണ്ട്‌...ലേശം നേരത്തെയായിരുന്നു കല്ല്യാണം... നാൽപത്തഞ്ചാം വയസ്സിൽ..!എങ്കിലും ഒരു മകനുണ്ട്‌. . 10 ആം. ക്ലാസ്സിൽ ..മാർച്ചിൽ പോകണമെന്ന് കരുത്തിയതാണ്‌.. എല്ലാം ഒരുക്കിയതാണ്‌..പക്ഷെ.. അവർ തീരുമാനിച്ചു... ഇപ്പോഴെ വരേണ്ടെന്ന്..!!..പരീക്ഷയല്ലേ മകന്റെ... അതാ.. മാസാ മാസം പണം മുടങ്ങിയാൽ വിളിവരും... സുഖമറിയാനല്ല... പണമെറിയാനാണ്‌.."
അയാളുടെ വാക്കുകളിൽ ദുഃഖം പടർന്നിരുന്നോ?

"മോനേ ഗൾഫ്‌..ലൂസിഫറിന്റെ ലോകമാണ്‌!.....ലൂസിഫർ ആരെന്നറിയോ?"
"..ഉം...അറിയാം സാത്താൻ!"
" അതെ .. നമ്മളെ പ്രലോഭിപ്പിക്കും..! പ്രലോഭനത്തിൽ കുടുങ്ങി ഇവിടെയെത്തിയാൽ പെട്ടു പോകും.!!."

അയാൾ വീണ്ടും ചിരിച്ചു...ആ ചിരി തമാശയായിരുന്നോ..ദുഃഖമായിരുന്നോ?... രക്ഷപ്പെടുവാനുള്ള ഉപദേശമായിരുന്നോ? എന്നൊന്നും അനൂപിനു മനസ്സിലായില്ല.. അതിനുള്ള പ്രായമായി വരുന്നതേയുള്ളൂ...ഏറിയാൻ അഞ്ചു വർഷം പിടിച്ചു നിൽക്കണം അത്രേ ഉദേശമുള്ളൂ...അതിനുള്ളിൽ നാട്ടിൽ തന്നെ കാലുറപ്പിക്കണം... അത്യാഗ്രഹങ്ങളില്ല!.. അല്ലാതെ ഇയാളെ പോലെ...!

അയാളുടെ തലയിൽ ഇടതൂർന്ന മുടികൾ ഉണ്ട്‌... ഒതുക്കിയ താടിയും.!!...അതിൽ കാലം ഒരിക്കലും മായ്ക്കാനാകാത്ത വൈറ്റ്‌ വാഷ്‌ ചെയ്തിരുന്നെങ്കിലും, ജപ്പാൻ ബ്ലാക്ക്‌ പോലത്തെ സാധനം മാസാമാസം അടിച്ചടിച്ച്‌ അയാൾ കാലത്തെ പോലും വെല്ലു വിളിച്ചിരുന്നു..! അയാൾ കുപ്പൂസ്‌ ( കുബ്സ്‌ - അറബിക്‌ ബ്രെഡ്‌) എടുത്തു കാട്ടി.. അഞ്ചെണ്ണമുണ്ടതിൽ .. ഇതിന്റെ രസം പിടിച്ചാൽ പോവില്ല..മോനെ...! ഇവിടെ നിന്നും...മണ്ണും കൂട്ടി തിന്നാൻ എന്തു സ്വാദാണെന്ന് അറിയുവോ...?

അയാൾ പറയുന്നതിന്റെ പൊരുൾ അനൂപിനു മനസ്സിലായില്ല... കണ്ണീരിന്റെ ഉപ്പു രസം പടരുന്നതായി തോന്നി..!

" മുപ്പത്‌ വർഷമായി ഇത്‌ ഞാൻ തിന്നാൻ തുടങ്ങിയിട്ട്‌... ശരീരത്തിനു പിടിച്ച്‌ പോയി..."

കാറിന്റെ വേഗം കുറഞ്ഞു... മരുഭൂമിയുടെ ഹൃദയഭാഗത്തേക്കാണ്‌ യാത്രയെന്ന് മനസ്സിലായി..തീച്ചൂളയുടെ അടുത്തു പോയ പൊലുള്ള വെയിൽ!....ഒപ്പം മണൽ നൃത്തവും....ആദ്യമാണ്‌ മണലിന്റെ നൃത്തം കാണുന്നത്‌... താണ്ഡവ നൃത്തമോ ഇത്‌?... കാറ്റിന്റെ താളത്തിൽ ചുഴിയായി ആകാശത്തോളം പൊടി പടലം ഉയരുന്നുണ്ടായിരുന്നു... വലിയ കോൺക്രീറ്റ്‌ പൈപ്പുകൾ ഉയർത്തികൊണ്ട്‌ കുറച്ചാളുകൾ... കനമുള്ള വലിയ കേബിൾ വലിച്ചും കൊണ്ട്‌ കുറച്ചാളുകൾ..! അവർക്കു സൗന്ദര്യം കുറഞ്ഞെന്ന് തോന്നിയതിനാലാകണം പ്രകൃതി ദേഹം മുഴുവൻ പൗഡർ കുടഞ്ഞെറിയുകയാണ്‌.... ഭീകരന്മാരെ പോലെ മുഖം മൂടിയിട്ടുണ്ട്‌ അവർ..!
"നാട്ടിലൊക്കെ മരിച്ചാൽ കുഴിയിൽ വെക്കുമ്പോഴാണ്‌ മണ്ണിടുക.. ഇവിടെ ജീവനോടെ തന്നെ മണ്ണിടും.. മൂക്കിലും വായിലും..!"

ദൃശ്യങ്ങൾ കാട്ടി തന്ന് അയാൾ പറഞ്ഞു.".. ഇതാ ഇവിടെയാണ്‌ എനിക്കും പണി..!"കുറച്ചാളുകൾ കുബൂസ്‌ തിന്നുന്നു...അല്ല ... കടിച്ചു പറിക്കുന്നു...എന്നതാണ്‌ ഏറെ ശരിയെന്ന് തോന്നുന്നു..!കുബൂസിൽ മണ്ണിട്ട്‌ കഴിക്കുന്ന രസത്തിന്റെ പൊരുൾ അനൂപിനു മനസ്സിലായി..!
അനൂപും അയാളും തിരിച്ച്‌ ഫ്ലാറ്റിലേക്ക്‌ പോയി.....
 
"..നാട്ടിൽ പോയ്ക്കൂടെ ഇയാൾക്ക്‌ ..!!..... നടന്നു വന്നതാ... പെട്ടിയിൽപോകാനാ ഇഷ്ടൻ കാത്തിരിക്കുന്നത്‌!.."  അടുത്ത കാലത്തായി വന്ന ഒരു റൂമേറിയൻ അനൂപിനോട്‌ അയാൾ മൂത്രമൊഴിക്കാൻ പോയ ഇടവേളയിൽ അയാളെ കുറിച്ചു കുശുമ്പി.


കുബൂസ്‌ അനൂപിനെ ആകർഷിച്ചിരുന്നില്ല.
"...ഓ.... അതിന്റെ രസം പിടിച്ചില്ല..!...വൈകാതെ രസം പിടിക്കും... ആദ്യമായിട്ടാ...ഒരു ഗമ..!..വേറൊന്നും ഇല്ല ഇവിടെ...! "ആരോ ഒരാൾ പറഞ്ഞു..
അവർക്കൊരു പണികൊടുക്കേണ്ടെന്ന് തീർച്ചയാക്കി അനൂപ്‌ അതിൽ നിന്ന് ഒരെണ്ണമെടുത്തു കഴിച്ചു..
സമയം രാത്രിയായി...

അയാൾ വാഷ്‌ ബേസിനടുത്തെത്തി...  കൈകൾ വായ്ക്കുള്ളിലാക്കി... ഒരമർത്തൽ..!
പ്ലക്കെന്ന് പല്ലുകൾ കൈയ്യിൽ!

"തുടുത്ത മുഖമല്ല അയാൾക്കെന്ന് ബോധ്യമായി... പല്ലുകൾ കൈയ്യിൽ അയാളെ നോക്കി ചിരിക്കുന്നു... ഒരു ബ്രേഷെടുത്തു അയാൾ നല്ലപോലെ അതിനെ ഉരച്ചു വൃത്തിയാക്കി..!..ഒരു പാത്രത്തിൽ ഇട്ടുവെച്ചു... നിമിഷാർദ്ധത്തിൽ അയാൾ വയസ്സനായിരിക്കുന്നു... ഒട്ടിയ കവിളുകൾ കാട്ടി അയാൾ വെളുക്കനെ ചിരിച്ചു..."
അത്ഭുതം കാണുന്ന പോലെ അനൂപ്‌ അയാളെ നോക്കി നിന്നു...
"പോയി കിടന്നോളു കുട്ടി.." അയാൾ പറഞ്ഞു..
"ശരി .. കിടക്കാം!"
"ഇവിടെയായതിനാലാ എനിക്കിപ്പോഴും ജോലി ചെയ്യാൻ പറ്റുന്നത്‌... അല്ലെങ്കിൽ പെൻഷനായിട്ടുണ്ടാകും..ജോലിയിൽ നിന്നും!..ഒരുപക്ഷെ. ടെൻഷനടിച്ച്‌... ജീവിതത്തിൽ നിന്നും..!..പ്രായമായാൽ ആർക്കു വേണം... നമ്മളെ.!!"...ഒരുദീർഘനിശ്വാസം ഉതിർത്തു കൊണ്ട്‌ അയാൾ ഉപസംഹരിച്ചു...
അനൂപ്‌ കിടന്നു... ആദ്യമായാണ്‌ ഡബിൾ ഡക്കർ കട്ടിലിൽ കിടക്കുന്നത്‌..!

മുകളിലുള്ളയാൾ ഒന്നു തിരിഞ്ഞു കിടന്നാൽ താഴെത്തെ ബേർത്തിലുള്ളവനും  തിരിഞ്ഞു കിടക്കും..!. കിടക്കണം!!...അതാണ്‌ കട്ടിലിന്റെ അലിഖിതനിയമം!
 മുകളിലുള്ളവൻ ഉറക്കത്തിൽ പിച്ചും പേയും പറയുന്നു... തിരിഞ്ഞു കിടക്കുന്നു... അതിന്റെ കുലുക്കം അനൂപിനെയും പിടിചുലച്ചു...ഉറക്കമില്ലാത്ത രാത്രി..!

കണ്ണടക്കുമ്പോൾ... ലൂസിഫർ ചിരിക്കുന്നു!.... തുറക്കുമ്പോൾ അയാളു ടെ ദൈന്യതയാർന്ന മുഖം!!... ...മോചനമില്ലാതെ താനും ലൂസിഫറിന്റെ വലയിൽ പെട്ടോ..!!. ഉറക്കം വന്നില്ലെങ്കിലും മിഴികൾ ചിമ്മിഅനൂപ്‌കിടന്നു !..പാത്രത്തിലെ സെറ്റു പല്ലുകൾ അനൂപിനെ നോക്കി ചിരിച്ചുകൊണ്ടിരുന്നു...... അനൂപ്‌ നാളെ നിനക്കും എന്നു പറയുന്നതായി തോന്നി!!..............അനൂപ്‌ കണ്ണുകൾ ഇറുക്കിയടച്ചു..!!

തിങ്കളാഴ്‌ച, നവംബർ 23, 2009

അച്ചായന്റെ നമ്പർ!

അന്ന് വെള്ളിയാഴ്ചയായിരുന്നു...ഗൾഫുകാരുടെ ഞായറാഴ്ച...!!..
....പന്ത്രണ്ട്‌ മണിവരെ കിടന്നുറങ്ങുന്ന സഹമുറിയൻസ്‌!!...
" ടെയ്‌.. മൂത്രമൊഴിച്ച്‌ കെടക്കെടോ."...എന്ന് ഞാൻ പറഞ്ഞപ്പോൾ ഒരുവൻ കൊച്ചു കുട്ടി ആദ്യമായി ലോകം കാണുന്നതു പോലെ കണ്ണുതുറന്നു നോക്കി..അതുപോലെ കണ്ണടച്ചു..!

"ചായ ഉണ്ടാക്കിവെച്ചിട്ടുണ്ടോ?" പുതപ്പിനുള്ളിൽ നിന്നും എലി മാളത്തിൽ നിന്നും നോക്കുന്നതു പോലെ തലപോക്കി നോക്കി കൊണ്ട്‌ മറ്റൊരുവൻ..!
"ഭാര്യയുണ്ടോ ഇവിടെ തനിക്കൊക്കെ ചായ ഇട്ടു തരാൻ!"എണീക്കെടാ കാലമാടാ"
."..നാശങ്ങൾക്കൊന്നും ഉറക്കവുമില്ല... ഉറങ്ങുന്നവരെ ഉറക്കുകയും ഇല്ല... "എന്ന് പിറു പിറുത്ത്‌ വേറൊരുവൻ പുതപ്പിനുള്ളിൽ മറഞ്ഞു..!
ബാത്തുറൂമിൽ കയറിക്കളയാമെന്ന് തീർച്ചയാക്കി ഞാൻ നടന്നു....ഒന്നു കുളിക്കണം... വെറുതെ ഒന്ന് കറങ്ങിയേക്കാം എന്ന് കരുതി..കൂർക്കം വലിയുടെ അപശബ്ദം എന്നെ വിമ്മിഷ്ടപ്പെടുത്തുന്നുണ്ടായിരുന്നു...!
ബാത്തു റൂമിൽ കയറിയ ഉടനെ ഒരു മുട്ട്‌...ഒരു മുട്ടല്ല തുടർച്ചയായി പല മുട്ടുകൾ!
"കുറെ നേരമായല്ലോ?"... കുളിച്ചാൽ പോരെ നീന്തണോ?" അപ്പോൾ എഴുന്നേറ്റു വന്ന ഒരു കരിങ്കാലി ഒച്ചയെടുത്തു..
"ഉറങ്ങുകയാണോ?" -മറ്റൊരുവൻ!
ഇവന്മാരെ വിളിച്ചത്‌ അബ്ദ്ധമായെന്ന് തോന്നി... എല്ലാം ചാടിയെണീറ്റിരിക്കുന്നു..
" ആകെ കിട്ടുന്ന ഒരു ഒഴിവു ദിനം!... വല്ലപ്പോഴുമൊന്ന് അലക്കാമെന്ന് വെച്ചാൽ അതിനും സമ്മതിക്കത്തില്ല.. എടാ കൂവേ എറങ്ങിവാടാ.." ക്ഷമയില്ലാത്ത അച്ചായനാണ്‌..
കയറിയിട്ട്‌ അഞ്ചു മിനിട്ട്‌ കൂടിയായില്ല" ഇങ്ങനെ തൊള്ളകീറണോ"? ഞാൻ സീരിയസ്സായി..
"ഹോ നീയാണോ?" അച്ചായൻ പറഞ്ഞു..എന്തോ അച്ചായനെന്നോട്‌ വല്ല്യ സ്നേഹമാണ്‌... എന്നെ മാത്രമൊന്നും പറയില്ല.! അച്ചായൻ കള്ളു കുടിക്കാറില്ല!.. കുടിക്കാഞ്ഞിട്ടാണ്‌ ഈ പ്രകൃതം....ദൈവമേ..!.. പണ്ടു കുടിക്കാറുണ്ടായിരുന്നത്രെ...കുടിച്ചു കിറുങ്ങികിടന്ന ഒരു ദിനം ബാത്തു റൂമാണെന്ന് കരുതി അടുത്ത സുഹൃത്തിന്റെ അലമാര തുറന്നു മൂത്രമൊഴിച്ചത്രെ!!.വേണമെന്ന് വെച്ച്‌ ചെയ്ത ചെയ്ത്താണെന്ന് അയാൾ.. അല്ലെന്ന് അച്ചായനും..!..അയാൾ പിണങ്ങി... അന്നു തൊട്ടിന്നോളം അച്ചായനു കുടി അലർജിയായി!
"ഉറങ്ങി പോകരുതേ...!"വീണ്ടും ഡോറിനു മുട്ടി.. അച്ചായൻ ഓർമ്മിപ്പിച്ചു!..
അപ്പോൾ അലക്കല്ല വിഷയം എന്നെനിക്കു മനസ്സിലായി!
ഞാൻ വേഗം വാതിൽ തുറന്നു...
"മുട്ടി നിൽക്കുന്നവനെ തട്ടി മാറ്റിയിട്ടെന്തു കാര്യം?"
അച്ചായൻ ധൃതിക്കാരനാണ്‌! ഉടുമുണ്ട്‌ ഉടുക്കുന്തോറും എനിക്കു വയ്യായെ എന്ന് പറഞ്ഞ്‌ കീഴ്പ്പോട്ട്‌ ഉരി ഞ്ഞിറങ്ങുന്ന പ്രകൃതം!..യംഗ്‌ ലൈഫൊ?.. ഹിംഗ്സോ" അറ്റ്‌ ലീസ്റ്റ്‌ ഒരു സാധാരണക്കാരന്റെ അഭിമാന മായ പട്ട്‌ കോണകമോ ഉടുത്തിരുന്നുവെ ങ്കിൽ അഭിമാനിക്കാമായിരുന്നു..അതിനാൽ അതുരിഞ്ഞിറങ്ങുമ്പോൾ നമുക്കു കാണാൻ വയ്യായ്യേ ലോകാവസാനം എന്നോർത്ത്‌ നമ്മൾ റൂമേറിയൻസ്‌ ( റൂമേറിയൻസ്‌= റൂമിലുള്ള സകല ജാതി, മതത്തിൽ പെടുന്ന സഹജീവികൾ) കണ്ണടക്കും! ചിലപ്പോഴൊക്കെ അതുരിഞ്ഞു തറയിൽ വീഴും..താഴെ വീഴാറാകുമ്പോഴാണ്‌  മിക്കപ്പോഴും അച്ചായനു ബോധം ഉദിക്കുക ...അതുകേറ്റിപ്പിടിച്ചുടുത്തുകൊണ്ടാണ്‌ വരവ്‌..!...
ഞാൻ പുറത്തെക്ക്‌ തെറിച്ചു..!. സൂപ്പർ ഫാസ്റ്റ്‌ വേഗത്തിൽ അച്ചായൻ ഉള്ളിലും..! .
എക്സ്പ്രസ്സ്‌ വെയിലാണ്‌‌ വണ്ടിയോടിക്കുന്നത്‌ എന്ന മട്ടിലാണ്‌ ഷേവിംഗ്‌.!, പാട്ടീന്റെ മരം.. പൊട്ടി യാൽ പൊട്ടി... പാട്ടിക്ക്‌ നഷ്ടം! ..കിട്ടിയാൽ ..കിട്ടി... പാട്ടിക്ക്‌ ലാഭം!! എന്ന മട്ടിലാണ്‌ നാവു തുടക്കൽ, പല്ലുതേക്കുമ്പോഴുള്ള കോലാഹലങ്ങൾ , ഓക്കാനശബ്ദങ്ങൾ! ആദ്യമായി കണ്ടപ്പോൾ അച്ചായന്റെ പല്ലുതേപ്പ്‌ ഞങ്ങൾക്ക്പേടിയുണ്ടാക്കിയിരുന്നു.. പല്ലു തേക്കുമ്പോഴുള്ള അലർച്ച കഴിഞ്ഞു പിന്നെ ശബ്ദമൊന്നും കേൾക്കില്ല..അടഞ്ഞ വാതിൽ!..ശ്വാസം മുട്ടി ചത്തു കിടക്കുകയാണോ എന്നു വിചാരിച്ച്‌ .പുറത്ത്ശ്വാസം മുട്ടി ഞങ്ങളും!... ഒടുവിൽ ഞങ്ങൾ മുട്ടി നോക്കും...
എന്തെടാ എന്ന കനമുള്ള ശബ്ദംകേൾക്കുമ്പോൾ ഞങ്ങൾ പരുങ്ങികോണ്ട്‌ പറയും... " ഒന്നൂല... അടിയങ്ങള്‌ ജീവനുണ്ടൊന്ന് നോക്കിയതാ?"
കയറിയതിനേക്കാൾ വേഗത്തിൽ കുളിവരെ കഴിച്ച്‌ അച്ചായൻ ബാത്തുറൂമിൽ നിന്നും പുറത്തിറങ്ങി..
റൂമിലെത്തിയ അച്ചായന്‌ ഒരു സംശയം.... ആരോ തന്റെ ടെം പീസിൽ അലാറം മാറ്റി വെക്കുന്നുണ്ടോ?
ഞങ്ങൾ നിസ്സഹായത വെളിപ്പെടുത്തി...എല്ലാവരും കൈ മലർത്തി...
"പിന്നെയാര്‌?"
തന്നെ ആരോ കളിപ്പിക്കുന്നുണ്ടെന്ന് അച്ചായൻ!
ഇല്ലെന്ന് നമ്മളും!
ജാംബവാൻ കാലത്തെ ടെം പീസ്‌!.. ഇഷ്ടൻ ചിലപ്പോൾ വേഗത്തിൽ നടക്കും.. കൊഴിഞ്ഞു പോയ കാലമോർക്കുമ്പോൾ .. തനിക്കും വയസ്സായെന്നോർത്താകണം ചിലപ്പോൾ വളരെ പതുക്കെ നടക്കും..!
നമ്മളാരും ടെം പീസിന്റെ അയൽ പക്കത്തു കൂടിപോകാറില്ല..! അതിനെ പേടിച്ചിട്ടല്ല.. അച്ചായന്റെ വായയെ പേടിച്ചിട്ട്‌!... തുറന്നാൽ തുള്ളിക്കൊരു കുടം പേമാരി എന്ന മട്ടിലാണ്‌ തെറിവിളി!.. ഒപ്പം തെറിച്ചു വിഴുന്ന തുപ്പൽ ശകലങ്ങളും!...അതിനാൽ അയൽ രാജ്യമായ പാക്കിസ്ഥാനേക്കാൾ പേടിക്കുന്ന ഞങ്ങൾ ഒരു നുഴഞ്ഞു കയറ്റം നടത്താറില്ല..! എന്നിട്ടും അച്ചായനു സംശയം!
"ടെം പീസ്‌ തിരിച്ചു വെക്കുന്നവന്മാരുടെ തലയിൽ ഇടിത്തീ വീഴട്ടേ..."
ആരും ഒന്നും മിണ്ടിയില്ല..!
ഒരുനാൾ അച്ചായൻ പൊട്ടിത്തെറിച്ചു!
ടെം പീസെടുത്ത്‌ നിലത്തടിച്ചു...! ഞങ്ങൾ ഞെട്ടി ..! ആകെ നിശബ്ദത!...അയാൾ എന്തൊക്കെയോ പുലമ്പി...! പ്രഷർ കൂടി തളർന്ന അച്ചായൻ!.. ചുറ്റിലും നമ്മൾ! ഞങ്ങൾ അല്ല അതു ചെയ്തതെങ്കിലും... ഞങ്ങൾ അച്ചായന്‌ പുതിയ ടെം പീസ്‌ വാങ്ങികൊടുത്തു..
".. ഇതാ ടെം പീസ്‌..!"
അച്ചായൻ നമ്മളെ അടി മുടി നോക്കി.. പിന്നെ ടെം പീസും!...
"ഇതിന്റെ അലാറവും മാറ്റി വെക്കുമോ..?"
ഞങ്ങൾ ചിരിച്ചു..!അച്ചായനും..!
മറാട്ടിക്കാരൻ പയ്യൻ എന്നെ തോണ്ടി വിളിച്ചു പറഞ്ഞു.." ഇത്‌ അച്ചായന്റെ നമ്പറാണ്‌...!! അവന്‌ തീർച്ചയുണ്ടത്രെ!..
എനിക്കും തോന്നി "ശരിയാണോ.... ദൈവമേ?.... അച്ചായന്റെ പല നമ്പറുകളിൽ ഒന്നായിരുന്നോ ഇതും!!"

ഞായറാഴ്‌ച, നവംബർ 22, 2009

ഒരു സങ്കീർത്തനം പോലെ!

അയാൾ നല്ലവനായിരുന്നു...പാർട്ടിക്കു വേണ്ടി നടന്നു.. പട്ടിണി കൊണ്ട്‌ വലഞ്ഞു...പക്ഷേ

ആദർശധീരനായിരുന്നു.. സത്യസന്ധനായിരുന്നു.. സർവ്വോപരി ഉത്തമനായ ഒരു പ്രാസംഗികൻ!..പാർട്ടിയിൽ അയാളുടെ വളർച്ച ദൃതഗതിയിൽ ആയിരുന്നു
അയാളുടെ വളർച്ചയിൽ നേതാവിനു വിഷമമുണ്ടായി!.".അടക്കയായാൽ മടിയിൽ വെക്കാം... അടയ്ക്കാമരമായാലോ?.."

ഒരിക്കൽ നേതാവിനൊരു വെളിപാട്‌...

 " നമ്മുടെ ഇടയിൽ ആരും ശ്രാദ്ധമുണ്ണുകയോ, ഊട്ടുകയോ ചെയ്യരുത്‌...അന്ധവിശ്വാസം പ്രചരിപ്പിക്കരുത്‌!"

നല്ല ആശയം !! അതു പ്രചരിപ്പിക്കാൻ അണികളും തീരുമാനിച്ചു...പ്രചാരണം പാരമ്യത്തിലെത്തി നിൽക്കുമ്പോൾ കഷ്ട കാലമെന്നു പറയട്ടേ നേതാവിന്റെ ബന്ധു മരിച്ചു...നേതാവിന്റെ വീട്ടിൽ നേതാവിനു വിലയില്ലെന്ന് അണികൾക്ക്‌ മനസ്സിലായ ദിവസം..!!
വീട്ടിലെ വിലയറിയുന്ന നേതാവ്‌ വിലകളയേണ്ടല്ലോ എന്നൊർത്ത്‌ തകൃതിയായി ശ്രാദ്ധമുണ്ണുകയും ഊട്ടുകയും ചെയ്യുന്നു..എവിടെയും ഒറ്റുകാരുണ്ടാകും പിൻ തിരിപ്പന്മാരുണ്ടാകും!! അങ്ങിനെ എല്ലാവരും അതറിഞ്ഞു...!

" പണക്കാരായ അവർ നടത്തുന്നത്‌ ചോദ്യം ചെയ്യുന്നതെന്തിന്‌? ഞാനെല്ലല്ലോ നടത്തുന്നത്‌..?"
എല്ലാവരുടേയും വായ അടപ്പിച്ച്‌ നേതാവിന്റെ പ്രഖ്യാപനം!!

ചെറുപ്പത്തിലേ വിശ്വസിച്ച ഒരു പാർട്ടിയെ ചോദ്യം ചെയ്യാൻ ആരും മുന്നോട്ട്‌ വന്നില്ല!!
ആദർശധീരനായ അയാൾ അതിനെ ചോദ്യം ചെയ്തു..

."പാർട്ടീ തീരുമാനങ്ങൾ ധിക്കരിക്കുന്നു.. പാർട്ടിയെ ചോദ്യം ചെയ്യുന്നു.."
കുറ്റം വിധിച്ചു.... ആദർശധീരൻ പുറത്തായി..!

"അവൻ ഒരു കുഴി കുഴിച്ചുണ്ടാക്കി കുഴിച്ചകുഴിയിൽ താൻ തന്നെ വീണു" ദാവീദിന്റെ സങ്കീർത്തനം പോലെ നേതാവ്‌ സന്തോഷത്തോടെ പറഞ്ഞു!

അയാളെ സമാധാനിപ്പിക്കാൻ എതിർ പാർട്ടിക്കാർ എത്തി... പഴയ പാർട്ടിയെ വെറുത്തതിനാൽ അയാൾ പുതിയ പാർട്ടിയിൽ ചേർന്നു..

ജ്ഞാപക സങ്കീർത്തനം പോലെ പുതിയ നേതാവു അയാളോടു പറഞ്ഞു " ശുദ്ധൻ ദുഷ്ടന്റെ ഫലം ചെയ്യും!"  അയാൾ ജ്ഞാന സ്നാനം ചെയ്തു.. പുതിയ ഒരാളായി!
രണ്ടാം നേതാവു ശലമോന്റെ സങ്കീർത്തനം പോലെ മന്ത്രിച്ചു..
" ചേരയെ തിന്നുന്ന നാട്ടിൽ പോയാൽ ചേരയുടെ നടുകഷ്ണം തിന്നണം"
അയാൾ ഏറ്റു പാടി..അതുപോലെ ചെയ്തു... അവർക്കിഷ്ടപ്പെട്ടു.!

ആസാഫിന്റെ ധ്യാനം പോലെ അയാൾ അറിഞ്ഞു.." ജനങ്ങൾക്കെന്ന മട്ടിൽ വാദിക്കണം... സ്വന്തമായി ഉണ്ടാക്കണം!!"
അങ്ങിനെ അയാൾക്കും ചില്ലറ തടഞ്ഞു... വീടും കുടിയുമായി! യൊഹന്നാന്റെ വെളിപാടുപോലെ .. അവനും ഒരു കസേര ഉറച്ചു... അയാൾ ആദർശധീരനായി പ്രസംഗിച്ചു... കിട്ടുന്നതിൽ നിന്നെല്ലാം കൈയ്യിട്ട്‌ വാരി..!!

എല്ലാം ഒരു സങ്കീർത്തനം പോലെ!...അയാളും സർവ്വ സമ്മതനായ നേതാവായി...!!

ശനിയാഴ്‌ച, നവംബർ 21, 2009

അമ്മിണീദാസൻ!

അന്ന് ക്ലാസ്സിൽ മാഷ്‌ കഥകൾ വിവരിച്ചു..കാളിദാസന്റെ കഥ!

മണ്ടനായ ഒരു ബാലൻ കാളിക്ഷേത്രത്തിൽ പോയി.. കാളീക്ഷേത്രത്തിന്റെ വാതിലിൽ മുട്ടി...."പുറത്താരാ?" എന്ന് കാളീദേവീ!..
"ഞാനാ!" എന്ന് മണ്ടനായ ആ ബാലൻ!
"അകത്താരാ? എന്ന് ആ ബാലൻ തിരിച്ച്‌ ചോദിച്ചു!
" കാളിദേവി..!! എന്ന് മറുപടി!

തൊഴുകൈയോടെ ആ ബാലൻ നിന്നു!.. ഉഗ്രരൂപിണിയും ഭക്തവ ൽസലയുമായ അമ്മ മണ്ടനായ ബാലന്റെ ഭകതിയെ കണ്ട്‌ സന്തോഷിച്ചു.!
മണ്ടനായ അവനെ സർവ്വജ്ഞനാക്കി അനുഗ്രഹിച്ചു..! അങ്ങനെ കാളിദാസനെന്നവനു പേരു വന്നു!.മണ്ടനായ അവൻസർവ്വജ്ഞനായി.. പേരും പ്രശസ്തിയും ആയി! മാഷ്‌ പറഞ്ഞു നിർത്തി!

കഥയതല്ല!!.. കഥ കേട്ടു വളർന്ന ബുദ്ധിമാനായ വേറൊരു വെറും ബാലൻ ഒരു നാൾരാത്രി ആരുംകാണാതെ എപ്പോഴൊ കണ്ടുവെച്ച ഒരു ചെറ്റക്കുടിലിനു മുട്ടി...

" പുറത്താരാ..?" ഒരു ശബ്ദം..
" ഞാനാ.. "പതിഞ്ഞ ശബ്ദത്തിൽ ബാലൻ!"
"അകത്താരാ..?"
" അമ്മിണി!"
പലപ്പോഴും ഇതു തുടർന്നു....ആളുകൾ ശ്രദ്ധിച്ചു..ഉറക്കില്ലാത്ത ദുഷ്ടന്മാർ അമ്മിണിയുടെ ചെറ്റക്കുടിലിൽ സ്ഥിരം കുറ്റിയായ ബാലനെ കണ്ടു പിടിച്ചു... അനുഗ്രഹവും കൊടുത്തു....ബാലൻ അങ്ങിനെ അമ്മിണിദാസനെന്ന് നാട്ടിൽ പേരും പെരുമയും ആയി.!