പേജുകള്‍‌

ശനിയാഴ്‌ച, ഡിസംബർ 18, 2010

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...(മുപ്പത്തി ഏഴാം സർഗ്ഗം)

"..ലോകത്തിലെ സകലമാന മഹാന്മാരും നമ്മുടെ പിള്ളേരാ..നോം അവരുടെ നേതാവും!.. എന്നൊക്കെ സ്വപ്നത്തിൽ വന്ന് കാറി വിളിക്കുന്നു.!...നേരാണോ ദൈവമേ!...പകലു കാണുന്ന സ്വപ്നം ഫലിക്കുമെന്നാ പറയ്ക!..ഫലിക്കട്ടേ.. എന്നിട്ടു വേണം നോം ആരാണെന്ന് ലോകത്തെ അറിയിക്കാൻ!.. ചില മഹാന്മാർക്കൊക്കെ എന്തൊക്കെ ഭാവാ....!..അഹങ്കാരം ഏഷ്യൻ പെയിന്റ്‌ എന്ന പോലെ പെയിന്റു ചെയ്തു വെച്ചിരിക്കുന്നു.!.... ലാളിത്യം വേണം എപ്പോഴും!.. മുഖത്തും മനസ്സിലും വാക്കിലും പ്രവർത്തിയിലും!.. പിന്നെ ശുദ്ധത വേണം!..

നോം അതൊക്കെ അവരെ മനസ്സിലാക്കിക്കും.. ഇല്യാ സമയമായിട്ടില്ല്യാ.. ലേശം താമസമുണ്ട്‌ വേവാൻ!.. അതിനായി ഇച്ചിരി കാത്തിരിക്യന്നെ നല്ലത്‌.. ഇടയ്ക്കിടയ്ക്ക്‌ അടിയിൽ പിടിക്ക്യാതെ ഇളക്കി കൊടുത്തോണ്ടിരിക്കണം!.. പുകഞ്ഞു പോയാൽ പോയില്യേ..നമ്മുടെ മാനം?..

 നോം അങ്ങിനെ സ്വപ്നത്തിൽ നീന്തി തുടിച്ച്‌, കോരിക്കുടിച്ച്‌.. അങ്ങനെ നടക്കുമ്പോഴാണ്‌ ഒരു തിരുശബ്ദം! അശരീരിയാണോ?.. അരിശമാണോ എന്നൊന്നും മനസ്സിലായില്ല്യാ ആദ്യം!
സ്വപ്നം പൊളിഞ്ഞു പാളീസായി മലർപ്പൊടിക്കാരനായി നിൽക്കുമ്പോൾ പിന്നേയും ശബ്ദം!
"..എടാ‍ാ‍ാ‍ാ ......."
നോം ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു..
." ഒരൂ ചിന്തയും ഇല്യല്ലോ... എത്ര നേരായീ കൂർക്കം വലിച്ച്‌ ഉറങ്ങുന്നു.. മണി നാലായി. അയലോക്കക്കാരന്റെ കോഴീം മക്കളും വന്ന് അതാ നമ്മൾ നട്ട പാവയ്ക്കയും, വെണ്ടയും ഒക്കെ ചിക്കി ചികഞ്ഞ്‌ നശിപ്പിക്കുന്നു... അതിനെ ആട്ടി പ്പായിച്ചേ. എന്തൊരു ശല്യമാണ്‌.. എന്നിട്ട്‌ ഒരു തേങ്ങ ഉടച്ചു തന്നേ.. വൈകുന്നേരം ചായയ്ക്ക്‌ എന്തെങ്കിലും നിനക്ക്‌ തിന്നാൻ തരേണ്ടേ!."-- അമ്മയാണ്‌..
..നോം കരുതി അതും സ്വപ്നത്തിന്റെ പ്രകമ്പനമാണെന്നാണ്‌!
..ഈ അയലോക്കത്തെ കോഴിക്കും മക്കൾക്കും ഉറക്കില്ലേ.... ലേശം അവർക്കും ഉറങ്ങിയാൽ എന്താ?..അല്ലേങ്കിലും കോഴിയേയും മക്കളേയും എന്തിനു പറയണം?.. അയച്ചിരിക്കയാ പാക്കിസ്ഥാൻ ഭീകരന്മാരെ റിക്രൂട്ട്‌ ചെയ്ത്‌ അയച്ചിരിക്കുന്നതു പോലെ..മുട്ടയിടുവിച്ച്‌, മക്കളെ വിരിയിച്ച്‌... അയലോക്കക്കാരെ നശിപ്പിക്കാൻ.. ഭീകര അറ്റാക്കിന്‌!

അവർ എങ്ങു നിന്നോ കെട്ടിപ്പറുക്കി വന്നവരാണ്‌!..എപ്പോഴും ഓരോ ആവശ്യത്തിനായി നമ്മെ ബുദ്ധിമുട്ടിച്ചു കൊണ്ടിരിക്കേം ചെയ്യും!.. ആ ശല്യം തന്നെ പറ കണക്കിന്‌ ഇരിക്കുമ്പോഴാണ്‌.. കോഴിയേയും മക്കളേയും നുഴഞ്ഞു കയറിച്ചുള്ള ഈ ആക്രമണം!..ഇങ്ങനെയും ഒരു വക!
നോം എഴുന്നേറ്റു..പുറത്തേക്ക്‌ പോയി.. ശര്യന്നേ.. വെണ്ടയും പയറിൻ കുരുന്നുകളുമെല്ലാം ചത്തു മലച്ചു കിടക്കുന്നു...വഴുതിനങ്ങ കുഞ്ഞ്‌ ചത്ത പോലെ കിടക്കുന്നു!..എവിടെ നിന്നു വന്നു അവിടേയ്ക്ക്‌ തന്നെ തിരിച്ചു പോയ്ക്കോണം ..പാസ്പോർട്ടും വിസേം ഇല്യാതെ വന്നോളും..!.. അന്ത്യ ശാസനം!..
കോഴീം മക്കളും ലേശം ദൂരെ പോയി നിന്നു അവിടെ നിന്നും നമ്മളെ പരിഹസിക്യാ സ്ഥിരം പതിവ്‌!..പൊതു മാപ്പ്‌ കാലാവധി  കഴിഞ്ഞ്‌ നടു നിവർക്കുമ്പോഴേക്കും പിന്നേം വരും!
..കോഴിയേയും മക്കളേയും ഒരു വടിയെടുത്ത്‌ ശബ്ദമുണ്ടാക്കി നോം ഓടിച്ചു വിട്ടു..ഒറങ്ങാൻ കൂടെ സമ്മതിക്കാത്ത ശവങ്ങൾ!...
...നോം ആരെയും ഉപദ്രവിച്ചില്ല്യാ....!..ഉപദ്രവിക്കാൻ നമുക്കൊട്ട്‌ താൽപര്യോം ഇല്യാ!

എന്നിട്ട്‌ തേങ്ങ ഉടയ്ക്കാനെടുത്തു..
അതു കണ്ടു കൊണ്ട്‌ അയലോക്കത്തെ ആൾക്കാർ നിൽക്കുന്നുണ്ടായിരുന്നു..
കുറച്ചു കഴിഞ്ഞപ്പോൾ അവർ നമ്മുടെ അടുത്തു വന്നു..ക്ഷമ പറയേണ്ടതിനു പകരം . കുറ്റാരോപണം നടത്തി..പാക്കിസ്ഥാൻകാരന്റെ ഭാവം.. ഭീകരന്മാരെ അയക്കേം ചെയ്യും.. അറസ്റ്റ്‌ ചെയ്താൽ ഉത്തരം മുട്ടിക്കെം ചെയ്യും!
".. രണ്ടു കോഴിക്കുഞ്ഞുങ്ങളെ കാണ്മാനില്ല!..."
"എന്ത്‌?"
"രണ്ടു കോഴിക്കുഞ്ഞുങ്ങളെ കാണ്മാനില്ലെന്ന്!..".
"ശരിക്ക്‌ നോക്ക്‌ !" - നോം
"നീയ്യല്ലേ ഓടിച്ചു വിട്ടത്‌!"
".നമ്മുടെ പറമ്പിൽ കേറി ശല്യം ചെയ്തപ്പോൾ ഓടിച്ചു വിട്ടു അല്ലാതെ  നോം ഒന്നും അറീല്യാ..  അതതിന്റെ തള്ളയുടെ കൂടെ ഉണ്ടാവും.. നമ്മൾ നട്ട പച്ചക്കറി യൊക്കെ നശിപ്പിച്ചപ്പോൾ ഓടിച്ചു വിട്ടു.!. അതൊരു തെറ്റാണോ?"
 
അവർ അടങ്ങിയിരുന്നില്ല..അന്വേഷണ കമ്മിഷനെ വെച്ചൂന്നാ തോന്നണത്‌..!
...പിറ്റേന്ന് നോം വരുമ്പോൾ അമ്മ തലയ്ക്ക്‌ കൈ കൊടുത്തിരിക്കുന്നു..
.." സത്യം പറ ..!.. നീ അവരുടെ കോഴിക്കുഞ്ഞിനെ കൊന്നോ?" അമ്മ കരഞ്ഞു പോയി..
"ഇല്യാ" എന്താ സംഭവം?"
"രണ്ടു കോഴിക്കുഞ്ഞുങ്ങൾ നമ്മുടെ പറമ്പിൽ കല്ലിനിടയിൽ മരിച്ചു കിടക്കുന്നു.. കാക്ക അതിനെ അമൃതേത്ത്‌ ആക്കികൊണ്ടിരിക്കേ അവർ അതു കണ്ടു പിടിച്ചു.. പിന്നെ നമ്മളെ എന്തൊക്കെയോ പറഞ്ഞു ..ലഹളയായി..
"ഏതു കല്ലിന്റെ ഇടയിൽ.. ?.. കല്ലിന്റെ അടുത്തു കൂടി ഞാൻ പോയിട്ടില്ലല്ലോ?.. ഞാൻ കോഴിയെ തെളിക്കുമ്പോൾ കണ്ടു കൊണ്ട്‌ അവർ പുറത്തു തന്നെ ഉണ്ടായിരുന്നല്ലോ?"
"അവർ പറയുന്നത്‌ നീയ്യതിനെ കൊന്ന് കുഴിച്ചിട്ടതായിരിക്കും എന്നാണ്‌!..നിന്റെ കൈയ്യിൽ നിന്നും അബദ്ധത്തിലെങ്ങാനും?" അമ്മയ്ക്ക്‌ വല്ലാത്ത സങ്കടം വന്നു "
"എന്റെ ശിവനേ!.. ഇല്ലമ്മേ സത്യായിട്ടും ഞാൻ കൊന്നില്ല!.. ഞാൻ കൊന്നെങ്കിൽ അവരോട്‌ തന്നെ അതു പറയില്ലേ?.".അമ്മയെന്തു പറഞ്ഞു..
"...അവൻ വരെട്ടേ .. വന്നിട്ട്‌ പറയാം എന്നു പറഞ്ഞു..
"നോം കൊന്നില്ല സത്യാ..പാവം നമ്മെ കൊലപാതകി ആക്കിയിരിക്കുന്നു.. അതും ഒരു നിസ്സാരകോഴികുഞ്ഞുങ്ങൾക്ക്‌ വേണ്ടി.. ഇത്രയും ചീപ്പാണോ ഈ അയലോക്കക്കാർ!
അവർ ലഹളയാക്കിയത്രേ..

അമ്മ പറഞ്ഞു ഒരു രൂപയുടെ കോഴിക്കുഞ്ഞിനു വേണ്ടിയാണോ ഈ ലഹള!.. നമ്മൾ വേണമെങ്കിൽ അതിനിരട്ടി കോഴിക്കുഞ്ഞുങ്ങളെ  വാങ്ങി തരാം!"
"ഒരു രൂപയായാലും കാര്യം കാര്യമെന്ന് അവരും!"
"അവർ പറയുന്നു നോം കളവു പറയുകയാണ്‌.. കോഴികുഞ്ഞുങ്ങളെ കൊന്നിട്ട്‌ കുഴിച്ചു മൂടിയതാണെന്ന്!.. "
എങ്കിൽ നമ്മുടെ ഭാഗത്ത്‌ കോഴിയെ അയക്കേണ്ടെന്ന് അമ്മ പറഞ്ഞു നിർത്തിയത്രേ!..
..ഈ ലഹള നമുക്കത്ര പരിചയം പോര!...നമ്മൾ തമ്മിൽ എന്ന പരിപാടിയിൽ പങ്കെടുത്ത്‌ തമ്മിൽ തമ്മിൽ തല്ലു കൂടിയ ശീലമുണ്ടോ നമുക്ക്‌!..ശിവ.. ശിവ..ലഹളയിൽ ഡോക്ടറേറ്റു വരെ എടുത്ത സിംഹമാ ഗർജ്ജിക്കുന്നത്‌!.. നോം മാൻ പേടകളായി വാസ സ്ഥലത്ത്‌ ഒളിച്ചു!...ലഹള ആരെങ്കിലും കേൾക്കുമോ എന്ന നാണം.. കേട്ടാൽ കുറച്ചിലല്ലേ എന്ന മാനം!.. എല്ലാം കൊണ്ട്‌ നമ്മൾ വല്ലാതായി!.....ഇല്യായിരുന്നെങ്കിൽ ലഹളിച്ചു ലഹളിച്ചു നമ്മൾ അവരെ തല്ലിക്കൊന്നേനേ!..കൊന്ന കോഴിയേ ജീവനോടെ കൊടുക്കണം എന്ന മട്ടിൽ അവർ എന്തൊക്കെയോ പുലമ്പുന്നു.... !..

കോഴി ചിക്കി ചികഞ്ഞു നടന്നപ്പോൾ അബദ്ധത്തിൽ കല്ല് അമർന്ന് കോഴിക്കുഞ്ഞുങ്ങൾ കല്ലിനിടയിൽ പെട്ട്‌ ചത്തതാണ്‌ എന്നാണ്‌ തോന്നുന്നത്‌!..അങ്ങിനെ ഒരു സംഭവം നോം കണ്ടിട്ടു കൂടിയില്ല!..പറഞ്ഞപ്പോഴാ അറിഞ്ഞത്‌!..ഓരോ പുലിവാല്‌!..
 
പിന്നെ നമ്മൾ അവരോട്‌ മിണ്ടാൻ പോയില്ല്യ..ഒരകൽച്ച വെച്ചു.. കേട്ടോരൊക്കെ പറഞ്ഞു.. "അവനാണെങ്കിൽ അതു ചെയ്യില്ല്യാ.. നമുക്കുറപ്പാ!..ഉറുമ്പിനെ വരെ കൊല്ലാത്തോനാ!"
നമ്മോട്‌ കടം വാങ്ങിച്ച നൂറ്‌ രൂപ അവരുടെ പക്കലുള്ളപ്പോഴാണ്‌ ഒരു രൂപയ്ക്കുള്ള കോഴിക്കുഞ്ഞുങ്ങൾക്കുള്ള അവരുടെ ലഹള!.. പല ഉപകാരങ്ങളും നമ്മുടേത്‌ സ്വീകരിച്ച്‌, ഒടുവിൽ നമ്മെ നിസ്സാര പ്രശ്നത്തിനു നിഷ്ക്കരുണം തെറി പറഞ്ഞ അവരെ നോം ശത്രുവായി പ്രഖ്യാപിച്ചു..
"...ഇനി അവരുമായി സഹകരിക്കേണ്ട .. മിണ്ടേണ്ട അത്ര തന്നെ.." മാതാശ്രീ വിധി പ്രസ്താവിച്ചു.. വിധിയുടെ പകർപ്പ്‌ എല്ലാവർക്കും തന്നു!

അന്നു വൈകുന്നേരം തന്നെ അവരുടെ ഭർത്താവിന്റെ കച്ചവട സ്ഥലത്തേക്ക്‌ നോം യാത്രയായി.. നമ്മുക്ക്‌ സങ്കടായിരുന്നു.. ചെയ്യാത്ത കുറ്റത്തിനു തൂക്കാൻ വിധിച്ച കുറ്റവാളിയായി നോം!...സംഭവം എല്ലാം കേട്ട അയാൾ പറഞ്ഞു.. " അവൾ ഇവിടേയും തുടങ്ങിയോ അയലോക്കക്കാരോട്‌ ശണ്ഠ!..അവിടെ കലക്കിയിട്ടാണ്‌ അവൾ ഇവിടേയ്ക്ക്‌ വന്നത്‌!.. ഇവിടേയും സമാധാനം തരില്ലേ!"
 .. പിന്നെ അയാൾ നമ്മെ സമാധാനിപ്പിച്ചു." നീ പോയ്ക്കോ.. ഞാൻ നോക്കികൊള്ളാം.. ഒരു  രൂപയുടെ കോഴിക്കുഞ്ഞുങ്ങൾക്കു വേണ്ടി അവൾ അയലോക്കക്കാരെ ചൊടിപ്പിക്കയാ!"
 
നോം പറഞ്ഞു " പൈസ കൊണ്ടു വന്നിട്ടുണ്ട്‌.. വേണമെങ്കിൽ വലിയ കോഴിയെ തന്നെ വാങ്ങി തന്നേക്കാം"..
"..ഛേ.. എന്തായിത്‌.. നിങ്ങൾ എത്ര സഹായം നമുക്ക്‌ ചെയ്തിട്ടുണ്ട്‌!... അവളെ ഞാൻ അടക്കിക്കൊള്ളാം!- അയാൾ പറഞ്ഞു..

കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അവർ പിന്നെം ചാനലിലെ ചില അവതാരികമാരെ പോലെ ഉളുപ്പില്യാതെ, ഇളിച്ചു നിന്നു..ലോഹ്യം ചോദിച്ചു... നോം അവാർഡു പടം കണക്കെ കണ്ടിട്ടും ചിരിക്കാതെ, മിണ്ടാതെ നടന്നു..

അവരുടെ ശിക്ഷാ കാലാവധി കഴിഞ്ഞപ്പോൾ മാതാശ്രീ തന്നെ പിന്നെം വിധി മാറ്റിയെഴുതി.....
" .. അയലോക്കമല്ലേ.. ലേശം മിണ്ടേം പറയ്കേം ചെയ്തോളൂ!.. പിണക്കേണ്ട!"
...എന്നിട്ടും നോം മിണ്ടാൻ കൂട്ടാക്കിയില്ലേങ്കിലും.. അവർ നമ്മുടെ അടുത്ത്‌ വന്ന് പിന്നെം ലോഹ്യം കൂടി...

നമ്മുടെ പലവിധ സഹായങ്ങളും പിന്നേം പറ്റി...!..

മറ്റുള്ള അയലോക്കക്കാരും ഇതേ പോലെ ചില പ്രശ്നങ്ങളിൽ പെട്ടു കൊണ്ടിരിക്കേ കുറച്ചു കാലത്തിനുള്ളിൽ ആ സുകൃതം ചെയ്ത പുണ്യാത്മാക്കൾ സ്ഥലം വിറ്റു നമ്മെ ചതിച്ച കോഴിയേം മക്കളേയും അവരുടെ മക്കളേയും മരുമക്കളേയും ഒക്കെ ഒക്കത്തെടുത്തു കുറേ ദൂരേയ്ക്ക്‌ കെട്ടു കെട്ടി.എങ്ങു നിന്നോ വന്ന അവരെ ദൈവം പെട്ടെന്ന് തന്നെ അവിടുന്നോടിച്ചു.. ഇല്ല്യായിരുന്നെങ്കിൽ എല്ലാ അയലോക്കക്കാർക്കുംപണി കിട്ടിയേനേ!...
ഇപ്പോഴും എവിടെയെങ്കിലും നമ്മെ കണ്ടാൽ നമ്മോട്‌ എന്തൊരു സ്നേഹാ അവർക്ക്‌!..
ഇങ്ങനെയും ഉണ്ടോ ആളുകൾ..! നോം അന്തിച്ചു പോയി!..

നമുക്ക്‌ പിന്നീട്‌ മനസ്സിലായി മഹാന്മാരാ അവരൊക്കെ !..  .. നമ്മെ കൂടി ലാളിത്യം പഠിപ്പിച്ചവർ.. ആദരണീയർ..നോം എഴുന്നേറ്റു നിന്നു ബഹുമാനിച്ചു!


സിംഹപുത്രി!

മണിപ്പൂരിൻ പ്രവശ്യയിൽ,
മനോജ്ഞമാം പ്രതീക്ഷയിൽ,
ശാന്തമാം തെരുവിലെ
നിഷ്കളങ്ക ജീവരിൽ
വെടിയുതിർത്ത സൈനിക,
താണ്ഡവങ്ങൾ ഭീകരം!
ചിതറി മാഞ്ഞ രോദന,
പ്രകമ്പനം ഭയാനകം!

ക്രൂരമാം പ്രജ്ഞയിൽ വിരിഞ്ഞ,
 കുരുതി പൂക്കളം,
ഭീതിതം, രാക്ഷസ്സം!
വിലാപ സാന്ദ്രമാം മനം!

കുരുതി തർപ്പണങ്ങളിൽ,
നിണപ്രവാഹ ഗംഗയായ്‌,
വിറങ്ങലിച്ച നഗരവും
ആർത്തനാദ ഭേരിയും

"ധീരയായ പെൺകൊടി",
നമിച്ച രാജ്യ തെരുവിലെ,
വീഥിയിൽ രക്തവർണ്ണ
പൂക്കളായി കൊഴിഞ്ഞു പോയ്‌.

ജനനമഗ്നി സ്ഫുരണമായ്‌
വളർന്നു താരകപ്രഭ,
ചൊരിഞ്ഞു ദിവ്യ ജ്യോതിസ്സിൻ,
പ്രകാശമാ പ്രവശ്യയിൽ
ഉയർന്നു സൗര തേജസ്സായി,
തളർന്ന സാധു ജീവരിൽ,
സന്ത്വന പ്രവാഹമാം
ശക്തി പുത്രിയാണീറോം

ഉരുക്കു ശക്തി തോറ്റിടും
നിശ്ചയ ദൃഢതയും
മഹത്വ ധീഷണത്വവും
പുലർത്തിടും പ്രഭാമയി

അഹിംസതൻ പാദുക-
മണിഞ്ഞ യുദ്ധകാഹളം
ജനാധിപത്യ ധ്വംസനത്തി-
നെതിരെ സിംഹ ഗർജ്ജനം!

പ്രജ്ഞയിൽ പ്രബുദ്ധത,
ധ്വനിയിൽ വജ്ര തീവ്രത,
പ്രോജ്ജ്വലത്ത്വ കർമ്മ വിഥിയിൽ
കൃതാർത്ഥ ചാരുത!

ഭീഷണ പ്രതിജ്ഞയിൽ
ത്യജിച്ച അന്നപാനിയം
സ്വജീവിതം ഉരുക്കിയാ-
വൃതം ദശാബ്ദ കാലമായി,

അഹിംസതൻ പഥത്തിലും
ക്രൂര താണ്ഡവങ്ങളോ?
ശാന്തി ശംഖം
ബധിര കർണ്ണപാളിയിൽ
മുഴങ്ങുമോ?
 
അന്ധകാരം മൂടിയോ?
ഭരണവർഗ്ഗ കൺകളിൽ,
നിർദ്ദയത്വമേറിയോ?
ജനാധിപത്യ ചിന്തയിൽ!

ആ മഹത്വരൂപിണി,
അസ്തമിച്ചു പോകുകിൽ
ശാപവർഷ കെടുതിയിൽ
ദഹിക്കുമീ മഹീതലം.

ധർമ്മ സമര പാതയിൽ,
ജ്വലിച്ചപൂർവ്വ തേജസ്സേ,
ത്യാഗിണീ സ്വരൂപമേ,
മഹത്വമേ പ്രണാമ്യഹം!

link: http://www.mathrubhumi.com/mb4eves/online/malayalam/kerala/women/articles/features-article-137504

വെള്ളിയാഴ്‌ച, ഡിസംബർ 17, 2010

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...(മുപ്പത്തി ആറാം സർഗ്ഗം)

അങ്ങിനെ നോം അവിടെ നിന്നും ഭയന്നും നെലോളിച്ചും തലയിൽ കൈവെച്ച്‌ ഇപ്പോൾ മരിച്ചു പോവും എന്ന മട്ടിൽ ഒരു വിധം പരൂഷ എഴുതി... ലക്ചർമാരും പ്രോഫസ്സർമാരും ഒറ്റ നിൽപ്പാ... "സുഖാണോ കുട്യേ....ഉത്തരം അറിയില്ലേങ്കിൽ ചോദിക്കണേ കുട്യേ.."..എന്നൊന്നും ആരും പറഞ്ഞില്ല്യാ..".അറിയാത്ത ചോദ്യാവുമ്പോൾ അടുത്തിരിക്കുന്നോനോട്‌ പരസ്പരം ഡിസ്ക്കസ്‌ ചെയ്ത്‌ എഴുതണം കുട്യേ...എന്നിട്ടും കിട്ടുന്നില്യാച്ചാൽ നമ്മൾ പറഞ്ഞു തരാം കുട്യേ.. വേണമെങ്കിൽ എഴുതിയും തരാം !".എന്നൊക്കെയല്ലേ പറയേണ്ടത്‌!.... നമ്മളൊക്കെ മനുഷ്യന്മാരല്ലേ?.

അതെങ്ങിനെയാ സംഭവിക്ക്വാ... അഹങ്കാരം ചക്കക്കുരു പോലെ കണ്ണിൽ അങ്ങിനെ ഇരിക്ക്വാ അല്ലാരുടേയും എന്ന് തോന്നി...പിന്നെ പശ്ചാത്തപിക്കുമ്പോഴേക്കും നോം തോറ്റു പോയിട്ടുണ്ടാകും..നമ്മളെ തോൽപ്പിക്ക്യാൻ കച്ച കെട്ടിയിരിക്കുന്ന ശത്രുക്കളാണോ ഇവർ.. !
.ഒരു സഹതാപോം സങ്കടോം ഉള്ളോരെ ദൈവം കൈവിടുവോ? എന്നൊന്നും അവർ ഓർത്തില്ല്യാ..

.പകരം നമ്മെ നോക്കി ഇപ്പോൾ കള്ളനെ പിടിക്കും ഇപ്പോൾ നമ്മെ ജയിലിലയക്കും എന്ന മട്ടിൽ നിൽപ്പാ.. ഒരു നിരപരാധീനെ ക്രൂശിച്ചാൽ സ്വർഗ്ഗത്തിൽ സ്ഥലം ചുമ്മാ പാട്ടത്തിനു തരും എന്നാരെങ്കിലും പറഞ്ഞോ എന്നറീല്ല്യാ.. ....ഒറ്റ എണ്ണത്തിനു മനസ്സാക്ഷിയില്ല്യാന്ന് തിരിച്ചറിഞ്ഞ ആ നിമിഷം നമുക്കെല്ലാരോടും വെറുപ്പായി... സങ്കടം കൊണ്ട്‌ ഹൃദയം പറിച്ചു കീറി മാടായിപ്പാറയുടെ പാറകളിലൊക്കെ വിതറി.. സങ്കടം മുളയ്ക്കട്ടേ!..അടുത്ത തലമുറയ്ക്ക്‌ അതുപകരിച്ചെങ്കിൽ നോം കൃതാർത്ഥനായി!

അങ്ങിനെ അവിടുത്തെ യുദ്ധം തീർന്നു.. സമാധാനമായി.. സന്ധിയായി.. ആരു ജയിച്ചെന്ന പ്രഖ്യാപനം വരേക്കും നമ്മെ മറ്റിടങ്ങളിൽ മേയാൻ വിട്ടു!..

അങ്ങിനെ നോം വീട്ടിൽ ഇരിക്കാൻ നിശ്ചയിച്ചു... റെസ്റ്റ്‌ എടുത്തു മടുത്തപ്പോൾ ഒരു കാര്യം മനസ്സിലായി. നമ്മുടെ മാതാവ്‌ കഷ്ടപ്പെടുകയാണ്‌ .എന്തെങ്കിലും കിട്ടിയിരുന്നെങ്കിൽ കൈതരിപ്പ്‌ മാറ്റാരുന്നു എന്നു വിചാരിച്ച്‌ നേരെ അടുക്കളയുടെ അകത്തളങ്ങളിലെത്തി.. ഭക്ഷണം ഉണ്ടാക്കി സപ്ലൈ ചെയ്യുന്ന സ്ഥലമാണ്‌.. ഭയ ഭക്തി ബഹുമാനത്തോടെ നോക്കിക്കണ്ടു!

അവിടെ ലേശം പച്ചക്കറി നിരത്തി വെച്ചിരിക്കുണു.. മാതാശ്രീ വിറകെടുക്കാൻ വീട്ടിനു പുറത്തേക്ക്‌ ഇറങ്ങിയ സമയം!..ഇല്യായിരുന്നെങ്കിൽ ഒന്നിനും സമ്മതിക്കില്ല്യാ...ശുഭസ്യ ശീഘ്രം എന്നാണല്ലോ?

അമ്മ സാമ്പാറു വെക്കാനുള്ള പ്ലാനിലാണ്‌.. നോം ഒന്ന് ഹെൽപിയേക്കാം എന്ന പ്ലാനിലും!.. ആരും ഹെൽപിയില്ലല്ലോ..എന്ന പരാതിയും കാറി വിളിയും നമുക്ക്‌ ചെവിക്ക്‌ അരോചകം ഉണ്ടാക്കും.. അതു വേണ്ട.. ഒരു നിർബന്ധാ അക്കാര്യത്തില്‌!

നോം ഇംഗ്‌ ലീസിൽ ഡ്രംസ്റ്റിക്‌ എന്ന് പറയുന്ന മുരിങ്ങാക്കായ എടുത്തു കഷ്ണിക്കാൻ ആരംഭിച്ചു..

ഡഗ്‌..ഡഗ്‌.. ഡഗ്‌...ഡഗ്‌ ഡഗ്‌..ഡഗ്‌.. ഡഗ്‌...ഡഗ്‌..ഡഗ്‌..ഡഗ്‌ ..ഡഗ്‌..ഡഗ്‌.അങ്ങിനെ.. രണ്ടു മുരിങ്ങാക്കായേ ഉള്ളൂ.. എന്നാലും സംഭവം അങ്ങിനെയല്ലല്ലോ പറയുമ്പോൾ ഒരു ഗുമ്മൻ വരേണ്ടേ...ശബ്ദവും വെളിച്ചവും ഇല്യാതെ നമുക്കെന്താഘോഷം!..കഷ്ണങ്ങൾ ചെറുതും വലുതും ആയെന്ന് തോന്നുന്നു.. അല്ലെങ്കിലും ഈ കഷ്ണങ്ങൾ ഒന്നും വലുതും ഒന്നു ചെറുതും ആയാൽ എന്താ കുഴപ്പം .?.. അവരെന്താ കാശിക്ക്‌ പോകുകയാണോ?.. നമ്മുടെ ഉള്ളിൽ ചതഞ്ഞരഞ്ഞ്‌ നിർവ്വാണം പ്രാപിക്കേണ്ടവരെല്ലേ?.. നമുക്കു കുഴപ്പമില്ലെങ്കിൽ അവർക്കെന്താ കുഴപ്പം?
അമ്മ പുറത്തു നിന്നും പെട്ടെന്ന് കയറി വന്നു.. ഇല്യായിരുന്നെങ്കിൽ നോം പച്ചക്കറിയൊക്കെ പച്ചയ്ക്ക്‌ തന്നെ അരിഞ്ഞരിഞ്ഞ്‌ സാമ്പാറു കൂടെ വെച്ചേനേ..!

".. ഇവനിതൊക്കെ നാശമാക്കും വെച്ചിട്ടു പോടാ.." അമ്മ ഹെൽപാൻ വന്ന നമ്മെ ഒരൂ ദാക്ഷീണ്യോം കൂടാതെ വിലക്കി.. നോം ആ കൽപന ശിരസ്സാ വഹിച്ച്‌ വീണ്ടും പൂമുഖത്തേക്ക്‌ പോയി..

.. ഹെൽപാൻ വന്ന നോം കുറേ സമയം ബാലരമ, പൂമ്പാറ്റ തുടങ്ങിയ പഴയ പുസ്തകങ്ങൾ പെറുക്കിയിട്ട്‌ വായിച്ചു തീർത്തു.. ആളുകൾക്ക്‌ എളിയ സന്താനം എന്നും കുട്ടിയാ.. നോമായിട്ട്‌ ആ വിശ്വാസം തെറ്റിക്കേണ്ടാ.. എന്തേ?.. പിന്നെ അടുക്കളയുടെ ഭാഗത്തേക്ക്‌ തിരിഞ്ഞു നോക്കീല്യാ.. സഹായിക്കുന്നോരെ ആളുകൾ തെറിപറയും!....അത്‌ ആളുകൾക്കൊരു രസമാണ്‌!

അപ്പോഴേക്കും അമ്മ കറിംവെച്ച്‌ നമ്മുടെ അമൃതേത്തിനുള്ള ക്ഷണ പത്രവുമായി വന്നു..

.. " എടാ.... വാടാ...സമയം പന്ത്രണ്ടരയായി.. വന്നു ചോറു കഴിച്ചോ?

അവധി ദിവസങ്ങളിൽ ഉച്ചയ്ക്ക്‌ ഒരു മണിക്കു മുന്നേ നമുക്ക്‌ അമൃതേത്ത്‌ കിട്ടണം..അല്ലെങ്കിൽ നമുക്ക്‌ ദേഷ്യം വരും..പ്രകടിപ്പിക്കാൻ പറ്റില്ലല്ലോ?..അതിനാൽ മുഖത്ത്‌ വാരിപ്പൂശി നടക്കും..

നമ്മുടെ സുഹൃത്ത്‌ പറയുമ്പോലെ വയറ്റിലുള്ള കൊക്കൊ പുഴു വിശന്ന് കാറി വിളിക്കുമ്പോൾ എന്തെങ്കിലും ചില്ലറ കൊടുത്തു കളയാം അത്രെയുള്ളൂ എന്നും പറഞ്ഞ്‌ ആ സുഹൃത്ത്‌ വെട്ടി വിഴുങ്ങും!... പഞ്ചാബ്‌ മതി ഗുജറാത്ത്‌, മറാട്ടാ, ദ്രാവിഡ, ഉൽക്കല വംഗന്മാരായ കേരളീയർക്ക്‌ വരെ ഞണ്ണാനുള്ള വകയൊരുക്കാൻ എന്നൊക്കെ പറയുന്നത്‌ വെറും പുളു!... അവനെ പോലുള്ള ഒരു മൂന്ന് നാല്‌ ആളുകൾ കൂടി മതി ലോകത്തിലുള്ള സകലമാന ഹരിതവിപ്ലവങ്ങൾ മരുഭൂമിയാക്കാൻ!.. എന്നൊക്കെ വിചാരിച്ച്‌ എഴുന്നേറ്റു..

നമുക്കിച്ചിരി ചോറും ഒന്നോ രണ്ടോ കറിയും മതി.. പക്ഷെ മൂന്ന് നാല്‌ കറികൾ വേണം ഈ മൊശങ്ങോടനെ തീറ്റിക്കാൻ എന്ന് അമ്മയ്ക്ക്‌ നിർബന്ധാ!.. നമുക്കൊരു വിഷമവും ഇല്യാ... ഇതെന്തെങ്കിലും നോം അദ്ധ്വാനിചുണ്ടാക്കിയതാണോ?..ഭഗവദ്‌ ഗീത പറയുന്നു."... ഇവിടെയുള്ളത്‌ നീ കൊണ്ടു വന്നതാണോ?.. നീ എന്തെങ്കിലും ഇവിടെ നിന്നു കൊണ്ടു പോകുന്നുണ്ടോ?..." എന്നൊക്കെ ഭഗവാൻ നമ്മെ പോലുള്ളവരെ ഉദ്ദേശിച്ചു പറഞ്ഞതാണ്‌.. നോം ഒന്നും കൊണ്ട്‌ വന്നിട്ടും ഇല്യാ.. നോം ഒന്നും കൊണ്ടു പോകേം ഇല്യാ.. ഒക്കെ ഇവിടെ ഉപേക്ഷിച്ച്‌ പോകുമ്പോൾ പോകും.. അതിനാൽ അതു വരെ നമ്മെ പോറ്റേണ്ട ഉത്തരവാദിത്തം ആർക്കാ?.

..പിതാശ്രീ അദ്ധ്വാനിച്ചു പൈസ അയച്ചു തരും.. കഷ്ടപ്പെട്ട്‌ മാതാശ്രീ ആ പണം കറിയും ചോറുമായി പരിണാമ പ്രക്രീയ നടത്തും.. നോം അതൊക്കെ എടുത്ത്‌ കഴിച്ച്‌ തടിവെക്കും അത്രേന്നേ.. !..നോം കഴിച്ചില്ലേങ്കിൽ ആർക്കാ കുറച്ചില്‌!.. ചോറു വിളമ്പി പാത്രത്തിൽ നൽകുന്ന അമ്മയ്ക്ക്‌, അതിന്‌ കായ ഡ്രാഫ്റ്റായി നൽകുന്ന പിതാശ്രീക്ക്‌, അതു നാണമില്ലാതെ തിന്നാതിരിക്കുന്ന നമുക്ക്‌!.. നോം അത്തരക്കാരനല്ല വിസ്തരിച്ചു തിന്നു ഏമ്പക്കം വിട്ട്‌ അടുക്കള വിട്ടകന്നു... ഭക്ഷണത്തോട്‌ മൽപിടുത്തം നടത്തി വല്ലാതെ ക്ഷീണിച്ചിരിക്കുന്നു...അമൃതേത്തു കഴിഞ്ഞല്ലോ ഇനി റെസ്റ്റ്‌ എടുക്കണം..ദേഹമൊക്കെ വല്ലാത്ത വേദന..!. ഒന്ന് ശയിക്കാം.. നോം സോഫയിലേക്ക്‌ ചാഞ്ഞിരുന്നു ഫാൻ ഓണാക്കി.. പിന്നെ.. പിന്നെ..!

വ്യാഴാഴ്‌ച, ഡിസംബർ 16, 2010

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...(മുപ്പത്തി അഞ്ചാം സർഗ്ഗം)

..അപ്പോഴാണ്‌ പെൺകുട്യോളൊക്കെ ഇങ്ങനെ ഒരുത്തൻ ഇവിടെ പഠിച്ചിരുന്നല്ലോ എന്ന് തന്നെ അറിഞ്ഞത്‌..അതു വരെ അജ്ഞാതനായിരുന്ന നോമിനോട്‌ കുട്യോളുകൾ ചോദിച്ചു..ഓട്ടോ ഗ്രാഫ്‌ എഴുതി തരുവോ?...

.നോമും തിരിച്ചു ചോദിച്ചു "അഡ്രസ്സ്‌ തരുവോ?"

"..നമുക്കല്ല...ഒരഡ്രസ്സ്‌ കിട്ടിയിട്ട്‌ എന്തു കാര്യം?.. നമ്മെ ബഹുമാനോം നമസ്ക്കാരോം ചെയ്യാതെ ഇത്രകാലം ഇരുന്നിട്ട്‌ ഇപ്പോൾ വന്ന് മിണ്ടാൻ കൂട്ടാക്കുന്ന അവരെ നമുക്ക്‌ അറപ്പായിരുന്നു.. .അബദ്ധത്തിൽ മുന്നിൽ പെട്ടു പോയപ്പോൾ പോലും നമ്മുടെ മുഖം കണ്ട്‌ അസ്തപ്രജ്ഞരായി അസ്ത്രം വിട്ട പോലെ മിണ്ടാതെ ,ചിരിക്കാതെ പോയോരാ എല്ലാം..!

മനസ്സിൽ പ്രണയം പൂക്കുകയും കായ്ക്കുകയും പച്ച പിടിക്കുകയും ചെയ്യേണ്ട പ്രായത്തിൽ നോം വേനലിൽ ഉണങ്ങണൊ തളിർക്കണോ എന്ന് നിശ്ച്യം ഇല്ല്യാത്ത മരം പോലെയായി.... എന്തെങ്കിലും കുറ്റം ചെയ്തിട്ടാണോ?..  കുരുത്തക്കേട്‌ ഒപ്പിച്ചിട്ടാണോ..?. . അല്ല്ല..നമ്മുടെ മുഖം അവർക്ക്‌ പിടിച്ചില്ല്യാ ആ ഐശ്വര്യാറായിമാർക്ക്‌!.. നോം താണു കൊടുക്കാനും പോയില്ല്യാ.. നമ്മുടെ സൗന്ദര്യം നോം കണ്ണാടിയിൽ നോക്കി എത്രവട്ടം ആലോചിച്ചതാണ്‌..പ്രശംസിച്ചതാണ്‌..

.". ദൈവമേ.. നമ്മുടെ സൗന്ദര്യം ലോകത്തുള്ളവർക്കെല്ലാം ഒരു പോലെ കൊടുത്താൽ നിന്റെ സൃഷ്ടികൾ എത്ര മനോഹരമായിരുന്നെന്ന് എല്ലാവരും പറഞ്ഞു പുഴ്ത്തുമായിരുന്നില്ലേ.. ഒക്കെ നശിപ്പിച്ചില്ലേ?.. അതോണ്ടല്ലേ ചിലരെങ്കിലും ദൈവത്തെ പുശ്ചിക്കുന്നത്‌!.. അതേ.. അതോണ്ടാണ്‌ നിരീശ്വരവാദികൾ ഉണ്ടായത്‌!..അവർ അതു സമ്മതിച്ചു തരില്ല.. പക്ഷെ അവർക്ക്‌ ദൈവത്തെ കണ്ണെടുത്താൽ കണ്ടു കൂടാ!..സംഭവം പുറത്തു പറയാൻ പറ്റാത്ത ഈ നിസ്സാര കാരണം!.."

ഇത്രയും സൃഷ്ടിച്ച ദൈവത്തിനു ഇതു പറ്റാഞ്ഞിട്ടാണോ.. അല്ല....പിന്നെ സൃഷ്ടികൾ ഇടയ്ക്കെങ്കിലും തെറിവിളിച്ചില്ലേങ്കിൽ നമുക്കെന്തു രസം എന്ന ഒരു മട്ട്‌!.. ആകെ എടങ്ങേറാകും!... ആരും തെറിവിളിച്ചില്ലേങ്കിൽ ഈ ലോകം ശാന്തമാകും.. ആരും പണിയെടുക്കില്ല.. ആഹ്ലാദിക്കില്ല, കരയില്ല, ചിരിക്കില്ല, നുണ പറയില്ല..! ഒരു അരോചകത്വം ഉണ്ടാവും.. അതാ ദൈവത്തിന്റെ ഈ തമാശയ്ക്ക്‌ പിന്നിൽ!..നോം ഒരു ഫ്രെൻഡന്റെ പുരാണങ്ങളിൽ നിന്നും അറിഞ്ഞു ക്ഷമാപണം നടത്തി..
...അതുങ്ങൾക്ക്‌ ഒന്നും അറീലല്ലോ?.. പാവങ്ങൾ!..

എന്നിട്ടും ഐശ്വര്യമുള്ള നമ്മുടെ മുഖത്തോട്‌ അവർ ചെയ്ത അവഗണനയെ മറക്കാൻ നമ്മെ കൊല്ലുമെന്ന് പറഞ്ഞാലും നമുക്ക്‌ സാധിക്കില്ല്യാ!.. നോമും അവരെ മൈൻഡ്‌ ചെയ്തില്ല്യാ..!

.. അപ്പോഴേക്കും പാരലൽ കോളേജ്‌ തുടങ്ങിയാൽ പൂത്ത പണം വാരാം എന്ന് അറിഞ്ഞു നമ്മുടെ ചില ബന്ധുക്കൾ പലിശക്കാരന്റെ ബുദ്ധിയും, ചാണക്യന്റെ തന്ത്രവും കൊണ്ട്‌ പ്രത്യക്ഷപ്പെട്ടു.. അതാ നോം പെണ്ണുങ്ങളുടെ പിറകേ നടന്നു അഡ്രസ്സ്‌ വാങ്ങിയത്‌...ഇല്യായിരുന്നെങ്കിൽ നമ്മെ മെൻഡ്‌ ചെയ്യാത്ത ഒറ്റയെണ്ണത്തിനേയും നോമും മൈൻഡ്‌ ചെയ്യില്ല്യാ.. പഠിക്കട്ടെ വിവരശൂന്യർ!.. ഒടുവിൽ പശ്ചാത്തപിക്കട്ടേ! എന്ന് നോമും കരുതിയേനെ!"

 15 പൈസയുടെ കാർഡ്‌ വാങ്ങി അതിൽ നമ്മുടെ കോളേജിൽ ചേരണം ..ചേർന്നാൽ പഠിച്ചാൽ ജയിക്കാം.. പഠിച്ചില്ലേങ്കിൽ വിശദമായി തോൽക്കാം .. വീണ്ടും പഠിക്കാം .. വീണ്ടും തഥൈവയാകാം എന്നൊക്കെ മോഹന വാഗ്ദാനങ്ങൾ നൽകി മയക്കിയേക്കാം എന്ന അവരുടെ ഒരു മൂത്രശങ്ക!
നമുക്ക്‌ ഛേദമില്ലാത്ത ഒരു ഉപകാരം!

. നമുക്ക്‌ അവരെ ഫെയ്സ്‌ ചെയ്യാൻ മടിയായതിനാൽ ഒരു പെൺകൊടിയെ ഫ്രീയായി പണി ചെയ്യാൻ ഏൽപിച്ചു.. ക്ലാസ്സിൽ എന്തെങ്കിലും ആക്റ്റീവിറ്റീസ്‌ ചെയ്യാതെ ഇരുന്നാൽ ആ പെൺകൊടിക്ക്‌ അസുഖം വന്നാൽ ആരു സമാധാനം പറയും.. ഒരു എക്സർസൈസ്‌!.. പാവം അത്‌ എല്ലാവരോടും അഡ്രസ്സ്‌ വാങ്ങി നമുക്ക്‌ തന്നു തൃപ്തിയടഞ്ഞു!.. നിന്നെ ദൈവം അനുഗ്രഹിക്കട്ടെ എന്നു നോം അനുഗ്രഹോം കൊടുത്തു....വെറുതെ ജോലി ചെയ്യിച്ചൂന്ന് പരാതി വേണ്ടല്ലോ?..

പറഞ്ഞു പറഞ്ഞിരിക്കേ ഒരു ദയയും മയവും ഇല്യാതെ ആ ഭീകരൻ വന്നു... ഇത്രകാലം എന്തെടുക്കുകയായിരുന്നു ഈ കോളേജിൽ എന്ന് എന്ന് നമ്മെ പരൂഷിക്കാൻ..!
നോം പൂഴിക്കടകനടിയും..കല്ലേറുകളിയും മുദ്രാവാക്യം വിളിയും ആക്രോശവും കണ്ടും കേട്ടും ഇരിക്ക്യാരുന്നു ഇത്ര കാലം വരെ എന്ന് പറേണം എന്നുണ്ട്‌..പക്ഷെ ആരോട്‌ പറയാൻ!അതൊക്കെ ആരു കേൾക്കാൻ!

ചിലപ്പോഴൊക്കെ നോം പ്രഫസ്സർമാരൊക്കെ ക്ലാസ്സെടുക്കുമ്പോൾ ശ്രദ്ധിച്ചിരുന്നുവല്ലോ അതിന്റെ ശിക്ഷ!.. അല്ലാണ്ടെന്താ പറയക!

പരൂഷയ്ക്ക്‌, സംശയങ്ങൾ ഒളികണ്ണാലെ ചോദിച്ചും ഉത്തരിച്ചും നമ്മൾ പരൂഷ എഴുതി..
പരസ്പരം സഹായിച്ചും കണ്ടും പറഞ്ഞു കൊടുത്തും ഒരു സഹായ സഹകരണ സംഘം!

എന്നിട്ടു വരെ നമുക്ക്‌ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല ബോധം മറയും എന്നൊക്കെ തോന്നി.. കണ്ണിരുട്ടടയ്ക്കുന്നു..നമുക്ക്‌ ആർക്കും പിടിയില്ലാത്ത ചോദ്യാ ആ പരൂഷക്കാരൻ എഴുതാൻ പറഞ്ഞത്‌.. " നോം എന്ത്‌ അപരാധം ചെയ്തു?.. ക്ലാസ്സിൽ ശ്രദ്ധിച്ചു എന്നല്ലാതെ..! അതിനിത്ര വലിയ ചോദ്യം ചെയ്യലിന്റെ ആവശ്യമുണ്ടോ?.. അഥവാ ചോദ്യം ചെയ്താൽ ഉത്തരം തിരഞ്ഞെടുക്കാൻ പുസ്തകം നോക്കാനുള്ള അനുവാദമെങ്കിലും തരേണ്ടേ? .. അല്ലെങ്കിൽ തലേന്നാളെങ്കിലും ചോദ്യങ്ങൾ തരേണ്ടേ?.. നോം ആരോടെങ്കിലും ചോദിച്ച്‌, എവിടുന്നെങ്കിലും സംഘടിപ്പിച്ച്‌ കൊണ്ടു വരുമായിരുന്നില്ലേ?.... .ഒന്നിനും സമ്മതിക്കില്ല!.. മനുഷ്യന്മാരെ നന്നാവാൻ വിട്ടാൽ നന്നെയായെങ്കിലോ എന്ന ഭയായിരിക്കും ...ഇങ്ങനെ ഭയന്നാൽ എവിടെയെത്താനാ?..
നാമൊക്കെ വല്യോരായാൽ കുറച്ചിലായോലോ എന്ന ഭയാന്നോ ഇനി...ഈ കടും കൈ പ്രയോഗം!!.. ആ ആർക്കറിയാം!

ബുധനാഴ്‌ച, ഡിസംബർ 15, 2010

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...(മുപ്പത്തി നാലാം സർഗ്ഗം)

മാടായിലെ ചൂടിലും കാറ്റു നമ്മെ സാന്ത്വനപ്പെടുത്തുന്നുണ്ട്‌..
എങ്കിലും പഴയ കഥകൾ അയവെട്ടി, അയവെട്ടി നോം പണ്ടാരമടങ്ങി.. ഏതെങ്കിലും ആളുകൾ ഇതു പോലെ വന്നിരുന്നു കരഞ്ഞു കരഞ്ഞു നീണ്ടു ഒഴുകി പോയതാകുമോ ദൂരെ നിന്നു നോക്കുന്ന ആ പുഴ!.. നമുക്ക്‌ നിശ്ചില്യാ.. ഐതീഹ്യങ്ങൾ അങ്ങിനെയും ഉണ്ടാവാം!.. സംഭവം സത്യവും ആകാം!
നോം പഴയകാലത്തിലേക്ക്‌ വീണ്ടും കടന്നു...
നാരങ്ങാ മിഠായിയുമായി നടന്നു.. മധുരംണ്ട്‌ .. ന്നാലോ..ലേശം പുളിയും ണ്ട്‌. നമ്മുടെ വിജയത്തിന്‌..! അപ്പോൾ ...നാരങ്ങ മിഠായി മതി..!..കണ്ടോർക്കൊക്കെ നാരങ്ങ മിഠായി കൊടുത്തു..പോക്കറ്റ്‌ കാലിയായി..
"സെക്കന്റ്‌ ക്ലാസ്സാ."
ചിലർ പറഞ്ഞു " ചെക്കൻ കൊള്ളാലോ?"
ചിലർ മൂക്കത്ത്‌ വിരൽ വെച്ചു.." ഓ.. തോൽക്കും ന്നാ കരുതീത്‌!.. നാശം തോറ്റില്ലല്ലോ?.. ചെക്കന്റെ ഗമ കണ്ടില്ലേ?"
പൊതിഞ്ഞു കെട്ടിയ മിഠായിയുമായി രക്തബന്ധങ്ങൾ തേടി, രക്തമില്ലാത്തവരുടെ അടുത്തേക്കും രക്തമുള്ളവരുടെ അടുത്തേക്കും പിന്നെ ശരണം വിളിച്ചു യാത്ര!..
"എന്താ വിശേഷിച്ച്‌!"
പുന്നെല്ല് കണ്ട പെരുച്ചാഴിയേ പോലെ പല്ലു കാട്ടി നിൽക്കണ നമ്മോട്‌ ചോദ്യം..
..റിസൾട്ട്‌ വന്നു..
" ഊവ്വോ?"
"ഊവ്വ്‌!"
ഓച്ഛാനിച്ചു തന്നെ പറഞ്ഞു.. ആദ്യം തന്നെ സെക്കന്റ്‌ ക്ലാസ്സു കിട്ടീന്നൊന്നും ഛർദ്ദിച്ചില്ല!. വെറുതെ അഹങ്കാരിയെന്നോ മറ്റോ പറഞ്ഞാലോ?... ഭയം കൊണ്ട്‌ മനുഷ്യന്റെ ബോധം പോയി വെന്റിലേറ്ററിൽ ഇട്ട്‌ കൃത്രിമ ശ്വാസം കൊടുത്ത്‌,ഗ്ലൂക്കോസ്‌ കൊടുത്ത്‌ ജീവിതത്തിലേക്ക്‌ കൊണ്ട്‌ വരേണ്ട സമയത്തും എല്ലാരും പറയും.. ഒക്കെ വെറുതേയാ ആരാണവൻ മോൻ!.. ഒക്കെ അഭിനയാ.. അഭിനയം!..

"ജയിച്ചോ!"- പിന്നെം സംശയം.... നോം ജയിക്കില്ല്യാന്ന് അങ്ങു അടിവരയിട്ട്‌ ഉറപ്പിച്ച പോലെ!..
'ഊവ്വ്‌.. സെക്കന്റ്‌ ക്ലാസ്സുണ്ട്‌!"
'ഊവ്വല്ലോ അപ്പം ഡോക്ടറുദ്യോഗത്തിനു സയൻസ്‌ ഗ്രൂപ്പെടുത്ത്‌ പഠിക്കാം ന്നാ നിശ്ചയം?"
" അങ്ങിനൊന്നും ഇല്യാ.. അഡ്മിഷൻ കിട്ട്യോന്നറിയില്ല...!" എന്തെങ്കിലും പറഞ്ഞു സമാധാനിപ്പിക്കും എന്ന മട്ടിൽ നിന്ന നോം മനസ്സിൽ കരഞ്ഞു... പരിഹാസാണോ ആ മുഖത്ത്‌!.. .ഭവ്യതയിൽ നിന്ന നോം പിന്നെം വല്ലാണ്ടായി... പഠനം കുറഞ്ഞതിനുള്ള പരിഹാസമോ? .. അതോ?..നമ്മെ ഇഷ്ടമില്ല്യാത്തതിന്റെ പറച്ചിലോ?"
പിന്നെ മൗനം ഭഞ്ജിച്ചു...
"ഉം.. കാർഡയച്ചു നോക്ക്‌ .. കോളേജിലേക്കൊക്കെ..!..നിങ്ങൾക്കൊക്കെ എല്ലാം അറിയാലോ.. ..കാർഡ്‌ അയക്ക്‌!..കിട്ട്യാ പറയാ കിട്ടീന്ന്!..എല്ലാവരും എന്താ പറയുന്നത്‌?..
"ആരും ഒന്നും പറഞ്ഞില്യാ.."
" ഉം..നോക്ക്‌!"
എന്തെങ്കിലും ഉപദേശം പ്രതീക്ഷിച്ചു നടന്ന നോമിന്റെ ഹൃദയം പട.. പട എന്നിടിച്ചു...ഏതെങ്കിലും കോളേജിൽ നിനക്ക്‌ കിട്ടും എന്ന ആശംസയെങ്കിലും! ...സങ്കടായി.. എന്തെങ്കിലും ഒരു ഉപായം പറഞ്ഞു തന്നെങ്കിൽ!.... നോം മെല്ലെ യാത്ര പറഞ്ഞു നടന്നു..
അങ്ങിനെ നോം നമ്മെ വിൽക്കാനുണ്ട്‌.. ചുളുവില.. ചുളുവില.. എന്ന് പരസ്യം കൊടുക്കുമ്പോലെ അടുത്തുള്ള എല്ലാ കോളെജിലേക്കും അവർ തന്ന കാർഡ്‌ പൂരിപ്പിച്ച്‌ അയച്ചു..
ആരും നമ്മെ മൈൻഡ്‌ ചെയ്തില്ല്യാ..
ആകെ വിഷമായി.. പഠിക്കാഞ്ഞിട്ടല്ലേ കാലമാടാ എന്ന മട്ട്‌ വീട്ടുകാർക്ക്‌!..
നോം അങ്ങിനെ നമ്മുടെ ഒരു കുടുംബസുഹൃത്തിന്റെ സാന്ത്വനത്തോടെ പാരൽ കോളേജിലേക്ക്‌ അറുക്കാൻ കൊണ്ടു പോകുന്ന പോത്തിനെ പോലെ തലകുമ്പിട്ട്‌ നടന്നു..
പാരൽ കോളേജുകളിൽ കുട്ടികൾ നേരത്തെ പഠനം തുടങ്ങിയിരിക്കുന്നു..നാണോം മാനോം തൊട്ടു തെറിപ്പിക്യാത്ത ചീത്ത കുട്ടികൾ!..നേരത്തെ വന്നു ജോയിൻ ചെയ്തു. തറവാടാണെന്ന മട്ടിൽ ചടഞ്ഞങ്ങിരിക്യാ...!
"ഇങ്ങോട്ട്‌ കെട്ടും ചാക്കുമൊക്കെയായി വരേണ്ട..!..ഇവിടെ ഫുള്ളാണ്‌.. രക്ഷയില്ല.. നിർദ്ദാക്ഷീണ്യം പാരലൽ കോളേജ്‌ പ്രിൻസിപ്പൽ കൈ മലർത്തി..
"ചാക്കിട്ട്‌ പുറത്തെങ്കിലും ഇരുന്നോളാം .. പറയുന്നത്‌ കേട്ട്‌ പഠിച്ചോളാം എന്ന മട്ടിൽ നോം നിന്നു..
സ്വാധീനശക്തി പോലും ഏറ്റില്ല.
."ഇവിടെ നോക്കേണ്ട.. നിന്നിട്ട്‌ കാര്യം ഇല്യാ.."ഇവിടത്തെ ഒരുത്തരും സീറ്റു പോകുമോ എന്നോർത്ത്‌ മൂത്രമൊഴിക്കാൻ പോലും പുറത്തു പോകില്ല!"-അദ്ദേഹം നിർദ്ദാക്ഷീണ്യം പറഞ്ഞു.."
..കലികാലം!... പണ്ടൊക്കെ ചാക്കുമായി കുട്ടികളുടെ പിറകെ നടന്ന പാരലൽ കോളേജുകാരാ.. .നോം ജയിക്കുമ്പോൾ അവർ വജ്രക്കച്ചോടം തുടങ്ങി.. പഹയന്മാർ!
"പഠിക്കാത്ത മരത്തലയാ.. കണ്ടില്ലേ.. ഒരിടത്തും ഒഴിവില്ല!- ഏട്ടൻ തമ്പുരാൻകോപം കൊണ്ട്‌ പറഞ്ഞു..
നോം വല്ലാണ്ടായി...
നീ വിഷമിക്കാണ്ടിരിക്ക്‌!.. കുടുംബസുഹൃത്ത്‌ നമ്മെ സാന്ത്വനിപ്പിച്ചു..യദാർത്ഥ എട്ടനെ വിശ്വസിക്കാൻ പറ്റില്ല.. സ്നേഹം വേണം സ്നേഹം! ..വിഷമിക്കുമ്പോൾ ഉപായം പറഞ്ഞു തരേണ്ടുന്നവൻ പരിഹസിച്ചുംഅവഹേളിച്ചും നടക്ക്വാ വേണ്ടേ?.. നമുക്ക്‌ കലിയായി!.. സങ്കടായി .. നട്ട പിരാന്തായി..!..

ഏട്ടനെ മനസ്സിന്റെ സിംഹാസനത്തിൽ നിന്നും പടിയിറക്കി നോം അദ്ദേഹത്തിന്റെ സുഹൃത്തും കുടുംബസുഹൃത്തുമായ ആ സ്നേഹധനനെ യദാർത്ഥ ഏട്ടനായി അവരോധിച്ചു..കടുത്ത ശിക്ഷ!.. അല്ലാണ്ടെന്താ ചെയ്ക.. മനുഷ്യനു ചെവി തല തരേണ്ടേ!.. നമുക്കും ക്ഷമയ്ക്കൊരതിരില്ല്ലേ?.. ഭരിക്കാൻ അറിയില്ല്യാച്ചാൽ ഏട്ടൻ തമ്പുരാനായാലും മാറി നിന്ന് എത്തി നോക്ക്യാ മതി..ഭരണം !

നോമും നമ്മെ സ്വയം വഴിനീളെ മനസ്സിൽ ചീത്ത പറഞ്ഞു.." പഠിപ്പിക്യാൻ കൊള്ളാത്ത വഹ!"
അങ്ങിനെ  അദ്ദേഹം ജാഥാ ലീഡറായി ..അടുത്ത പാരലൽ കോളേജിലേക്ക്‌.. അതിനടുത്ത പാരലൽ കോളേജിലേക്ക്‌ .. അങ്ങിനെ ..അങ്ങിനെ..നമ്മെ ആനയിച്ചു..
ഏട്ടന്റെ സ്ഥാനത്തു നിന്നു നമ്മെ ആനയിക്കുന്ന അദ്ദേഹത്തെ സ്വന്തം ഏട്ടനായി തന്നെ നോം കരുതി അനുസരണയോടെ അനുഗമിച്ചു.. ഒടുവിൽ ഒരു പാരലൽ കോളേജ്‌ ഈ അഭയാർത്ഥിക്ക്‌ അഭയം തന്നു..അങ്ങിനെ പണം കെട്ടി.. പഠനമാരംഭിച്ചു ഒരുവിധം മോശമില്ലാതെ നടക്കുമ്പോൾ പെട്ടെന്ന് ഒരു കോളേജിൽ നിന്നും കാർഡു വന്നു..
അതിന്റെ സാരം ഇങ്ങനെയായിരിക്കണം..
" നിന്നെ നമ്മുടെ കോളേജിൽ എടുക്കാൻ പറ്റുമോ എന്നറിയില്ല.. തേർഡ്‌ ഗ്രൂപ്പ്‌ തരാൻ നോക്കാം.". വെറും ചാൻസ്‌ കാർഡ്‌!.. മാടായി കോളേജിൽ നിന്നാണ്‌!
മതി .. അതു മതി.. പറ്റും പറ്റും.. നോം ആർത്തി പൂണ്ടു..
അങ്ങിനെ ഏട്ടന്റെ കൂടെ അവിടെ പോയി.. അഡ്മിഷൻ കിട്ടി..ഭാഗ്യം!..
"മതി.. അഹങ്കാരം അല്ല..കിട്ടിയതു മതി.. എന്നാലും.." ഫോർത്ത്‌ ഗ്രൂപ്പ്‌ തരോ?"
"വെറുതെ ഒരു ഫോർമാലിറ്റി!"
"നോക്കാം!"- യജമാനന്മാർ!
അങ്ങിനെ രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഫോർത്തു ഗ്രൂപ്പിനു ചേരാനും കാർഡു വന്നു..നോം കൈ കൂപ്പി നമസ്ക്കരിച്ചു.. ഫോർത്തു ഗ്രൂപ്പിലേക്ക്‌ ചാടി..!

അങ്ങിനെ നമുക്കഭയം തന്ന സരസ്വതീക്ഷേത്രമാണത്‌.. ആ അഭയകേന്ദ്രത്തെ ഉപേക്ഷിച്ച്‌ പോകാൻ തരാക്കികൊണ്ടിരിക്കയാ..പരൂഷക്കാര്‌..! നോം.. വല്ലാണ്ട്‌ വിഷമിച്ചു.. താടിക്ക്‌ കൈകൊടുത്തിരുന്നു.. നമ്മെ ഇനിയെവിടുത്തേക്കാണ്‌ തേവരേ നടത്തുന്നത്‌!.. ഈ പരൂഷകൾ കഴിഞ്ഞാൽ ഈ അഭയ കേന്ദ്രം നമ്മെ കൈവിടും!

നമുക്ക്‌ നമ്മുടെ മാടായി പ്പാറയെ വല്ലാതെ ഇഷ്ടപ്പെട്ടു.. അവിടത്തെ പ്രകൃതി ഭംഗി..!.. ഹോ.. ഭയങ്കരം.. ഭയങ്കരം..കൊതിച്ചു കൊതി തീരും മുമ്പെ... !!..

ചൊവ്വാഴ്ച, ഡിസംബർ 14, 2010

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...(മുപ്പത്തി മൂന്നാം സർഗ്ഗം)

മാടായിക്കാവും വടുകുന്ദക്ഷേത്രവും നിൽക്കുന്ന പാറ! അതിനൊരു മൂലയ്ക്ക്‌ മാടായി കോളേജ്‌!.. പുസ്തകം ജനാലയ്ക്കരികിൽ വെച്ചാൽ മെല്ലെ വന്ന് പഠനം തുടങ്ങുന്ന വിജ്ഞാനദാഹികളായ പശുക്കൾ!..ഒരുവന്റെ ബുക്കും കൊണ്ട്‌ ഒരിക്കൽ ഒരു പശു പോയി.. അതിന്റെ ഒന്നു രണ്ടു കടലാസ്‌ ചവച്ചരച്ച്‌ ഹൃദിസ്ഥമാക്കുന്നതു കണ്ട്‌ കരഞ്ഞു വിളിച്ചു ഉടയോൻ ക്ലാസ്സിനു പുറത്തേക്കോടി അതിന്റെ കൈയിൽ നിന്നും ഒരു വിധം വടി കാട്ടി ഭീഷണിപ്പെടുത്തി തിരികെ വാങ്ങിച്ചു.. ആഗ്രഹം ഉള്ളോരെ പഠിപ്പിക്കില്യാ ഒരുത്തരും!

അധ:കൃതനായതു കൊണ്ടല്ല.. പശുവിനെ പഠിപ്പിച്ചു കിട്ടണ പുണ്യം വേണ്ട എന്ന് ലക്ചർ സായ്‌വന്മാരും പ്രഫസറുമാരും ഭീഷ്മ പ്രതിജ്ഞ എടുത്തിട്ടുണ്ടാകണം.. നമ്മെ പഠിപ്പിക്കുന്നതിലും ഭേദല്ലേ അത്‌ എന്നൊന്നും അവർ കണക്കിലെടുത്തിരിക്കില്ല്യ...ശുദ്ധാത്മാക്കൾ!

രാഷ്ട്രീയ ക്കളരിയും പൂഴിക്കടകനും അങ്കം വെട്ടലും ഒഴിഞ്ഞ നേരംണ്ടാവില്യ ആ ചരിത്രമുറങ്ങുന്ന പുണ്യഭൂമിയിൽ!..ഉണ്ടാവണം... വീരപുത്രന്മാർ ക്ഷത്രവീര്യം പൊതിഞ്ഞു കെട്ടി കൊണ്ടു വന്ന് പൊതിയഴിക്കുന്നത്‌ മാടായിപ്പാറയിലെ ആ വിദ്യാകേന്ദ്രത്തിലെ പെണ്ണുങ്ങളുടെ മുന്നിലായതിനാൽ ഷൈനിക്കാനാണെന്നും ഒരു ഭേദം ഉണ്ട്‌.. നോം അങ്ങിനത്തൊനല്ല... ഷൈനിക്കാനും . .ഷൈനികളെ നോക്കാനും ഒരു താൽപര്യവും ഇല്യാത്ത ഒരു മഹാപാപി.. അത്രെന്നെ..!
കണ്ടോന്റെ തല്ലും വാങ്ങി വീട്ടിലെത്തിയാൽ വീട്ടിലും കളരിപ്പയറ്റിന്റെ മുറയുണ്ടാവും..! .. ആട്ടിൻ സൂപ്പ്‌ നമുക്ക്‌ അറപ്പാ!.. അല്ലാണ്ട്‌ ഷൈനിക്കാൻ ആഗ്രഹം ഇല്യാഞ്ഞിട്ടല്ല!

പാവം പെണ്ണെന്ന കുലത്തിൽ പിറന്നന്ന കുറ്റത്തിനു ഭയപ്പാട്‌ അഭിനയിച്ച്‌, ഉള്ള കാഴ്ചയൊക്കെ കണ്ട്‌ സിനിമ കണ്ട പ്രതീതിയിൽ ലയിച്ചിരിക്കുന്ന മങ്കമാർ ഇവനൊന്നു ഷൈനിക്കുന്നതു കണ്ടിട്ട്‌ മരിച്ചാൽ മതീന്ന് സ്വപ്നം കണ്ടിട്ടുണ്ടാവുമോ?.. ഹേയ്‌.. ഇല്യാ..മഹാ പാപിയെ ആരും മൈൻഡ്‌ ചെയ്യാറില്ല.. സത്യം!

ഉച്ചയ്ക്ക്‌ നോമും ഒന്നു രണ്ട്‌ കൂട്ടുകാരനും മാത്രമേ ചോറെടുക്കാറുള്ളു..കുറേ ദൂരെയുള്ള പറങ്കിമാവിന്റെ മുകളിൽ കയറിയിരുന്നു തിന്നും..കുറേ നടന്നാൽ താഴെ ഒരു വീട്ടിൽ വെള്ളം കിട്ടും.. അവിടെ നിന്നും പാത്രം കഴുകും..ഇനി പരൂഷയുടെ കാലമാണല്ലോ കുല ദൈവങ്ങളേ.. കോളേജിനോട്‌ വിടപറയാൻ അധികം നാളില്ല.. നോം തേങ്ങിപ്പോയി.. പുതിയങ്ങാടിയിൽ നിന്നും കയറ്റുന്ന പിടയ്ക്കുന്ന മത്തി കയറ്റുന്ന ബസ്സിൽ മത്തിയുടെ തിളക്കം കണ്ട്‌.. കണ്ട്രാവിയുടെ തെമ്മാടിത്തം കണ്ട്‌... ആർമ്മാദിച്ച കാലം.. ഇനി..എവിടെ നമുക്കഭയം??

പത്താം ക്ലാസ്സിൽ നിന്നും വന്നത്‌ ഓർത്ത്‌ പഴയങ്ങാടി പുഴയിലേക്കും മലയിലേക്കും ഒക്കെ നോക്കി...ക്ഷണ നേരം ഇരുന്നു..!

അന്നു പത്താം ക്ലാസ്സിൽ ഗ്രേഡ്‌ അല്ല.. റിസൽട്ട്‌ വന്നുവത്രെ..

" ഡിസ്റ്റിംഗ്ഷൻ ഉണ്ടോടാ.."
ഘനഗംഭീര സ്വരം... പാവം ഗംഗാധരൻ മാഷാണ്‌.. കാലിനു സുഖമില്ലാതെ കാൽ ആഞ്ഞു വലിച്ചു വരുന്ന, കഴുത്ത്‌ ഇറുങ്ങിയ മട്ടിലുള്ള പാവം മാഷ്‌!.. (അദ്ദേഹം ഇന്നു ജീവിച്ചിരിപ്പുണ്ടോ എന്നു കൂടി അറിയില്ല. അദ്ദേഹത്തിനു നല്ലതു വരട്ടേ..)
" ഇല്യാ"
"പിന്നെ.."
"സെക്കന്റ്‌ ക്ലാസ്സാണ്‌"
"കള്ള സുവറേ.. ഡിസ്റ്റിംഗ്ഷ്യൻ വാങ്ങാനുള്ള കഴിവുള്ള നീ സെക്കന്റ്‌ ക്ലാസ്സും വാങ്ങി വന്ന് നിൽക്കുന്നു.. പഠിച്ചാലല്ലേ കിട്ടു.. പഠിക്കാൻ കഴിവുണ്ട്‌ പക്ഷെ പഠിക്കില്യാ .. ..കഴുത!.. മരക്കഴുത!"
അരിശം അടക്കാനാകാതെ മാഷെന്തൊക്കെയോ ഉച്ചത്തിൽ പറഞ്ഞു ..വേറൊരുത്തനേയും അസ്സലായി തെറിവിളിച്ചു ആ നല്ലവനായ മാഷ്‌.!
മാഷ്ക്കെന്തറിയാം പഠിച്ചു ഡിഗ്രിയെടുത്തോരെല്ലാം നട്ടം തിരിഞ്ഞു നടക്കുന്നു..അപ്പോഴാ മാഷിന്റെ ഉപദേശം എന്നാ കരുതീത്‌.. നോമിന്റെ തെറ്റല്ല..

" തൊഴിലില്ലാപട പെരുകുമ്പോൾ.." എന്നൊക്കെ പറഞ്ഞു മുദ്രാവാക്യം വിളിച്ചു നടക്കുന്ന ജാഥ നോം നിത്യം കാണാറുണ്ട്‌..അപ്പോൾ പഠിച്ചു വന്നാൽ നോമും മുദ്രാവാക്യം വിളിക്കുന്ന അംഗമാകാം അത്രേന്നെ.." ആരോ നമ്മോടു തലയ്ക്കുള്ളിൽ ഇരുന്നു പറഞ്ഞു.."ജാഥേൽ പോണോ.. മാന്യനായി നടക്കണോ?"

നമുക്ക്‌ പിഴച്ചു.. നോം പിഴച്ചു.. പിഴച്ചു പെറ്റ സന്തതിയെ നാണോം മാനോം പോയീന്നമട്ടിൽ ഓക്കത്തെടുത്തു നിൽക്കണ യുവതിയെ പോലെ എസ്‌. എൽസി. ബുക്കും ഒക്കത്തു വെച്ചു നോം നിന്നു...

ഫാസ്റ്റ്‌ ക്ലാസ്സിനടുത്തു മാർക്കുണ്ട്‌.. അതു കൊണ്ടിപ്പം എന്താക്കാനാ?..നമുക്ക്‌ നാലോ അഞ്ചൊ സ്ഥാനം ക്ലാസ്സിൽ ഉള്ളപ്പോൾ പന്ത്രണ്ടാം സ്ഥാനത്തും ഇരുപതാം സ്ഥാനത്തും കമിഴ്‌ന്നടിച്ചു വീഴുന്ന യോദ്ധാക്കളോക്കെ പൂഴിക്കടകനടിച്ചു നമ്മെ തറപറ്റിച്ചു ഡിസ്റ്റിംഗ്ഷൻ ഒക്കെ നേടിയിരിക്കുന്നു.. എന്താ കഥ!

"ഇതൊക്കെ ഒരു യോഗാണ്‌ കുട്യേ "--എന്ന് നമ്മോടാരും പറഞ്ഞില്ല.." പകരം പറഞ്ഞു പഠിക്കാതെ നടന്നാൽ ഡിസ്റ്റിംഗഷൻ കിട്ടുമെന്ന് മോഹിച്ചിട്ട്‌ കാര്യംണ്ടോ?"
നോം വെപ്രാള വിവശനായി വീട്ടിലേക്ക്‌ നടന്നു.. സത്യാണ്‌ ചതീണ്ട്‌..! നമ്മുടെ പരീക്ഷ പേപ്പർ നോക്കുന്ന മാഷന്മാരെല്ലാം അന്ന് കെട്ടിയോളോട്‌ കലഹിച്ചു വന്നു എന്ന ഒറ്റക്കാരണത്താൽ

നമ്മുടെ പരീക്ഷാ പേപ്പറിൽ തലങ്ങും വിലങ്ങും വരഞ്ഞു ചതിച്ചു..

പിന്നേം ഉണ്ട്‌ കാര്യം.. നമ്മുടെ കൂടെ പരീക്ഷിച്ച കുട്യ്യോളും ചെരുപ്പിലും ഡെസ്കിലും ഒക്കെ ഉത്തരങ്ങൾ എഴുതി വെച്ചു.. നോം കണ്ട കാര്യാ.. ഒരുത്തന്റെ കെമടക്കിലും അരയ്ക്കും ഒക്കെ തുണ്ടു കടലാസുകൾ എസ്സെകളായി ഉറങ്ങിക്കിടക്കുന്നു... ഒരുവൻ മടിക്കുത്തു പരുതുമ്പോൾ മാഷ്‌ പറഞ്ഞു.." എണീരെടാ..!"
അവൻ എഴുന്നെറ്റു..
എന്താടാ ഒരു തരികിട!
ഒന്നൂലാ ചൊറിയാൻ മുട്ടിയിട്ടാ..

അസ്ഥാനത്താണ്‌ എസ്സെ ഉറങ്ങുന്നത്‌ അതെടുക്കാനുള്ള അവന്റെ പരവേശം മനസ്സിലാകാതെ മാഷ്‌ പറഞ്ഞു..." ശരിയാണ്‌ .. ചൊറിയാൻ മുട്ടിയാൽ ചൊറിയണം .. ചൊറിഞ്ഞോളൂ..ട്ടോ"

ഈ ചൊറിയന്മാരെല്ലാവരും ഡിസ്റ്റിംഗ്ഷന്മാരായി.. നമ്മൾ വെറും എക്സ്റ്റെൻഷന്മാരും.. ഐ മീൻ വലിച്ചു നീട്ടി കാടെഴുതി വെച്ച വീരന്മാർ!

നോം ശരിയല്ല.. കഴുതയാ.. മരക്കഴുത.. അല്ലേങ്കിൽ നമുക്കും ചൊറിഞ്ഞൂടായിരുന്നോ?.. പാവം മാഷ്‌ ചൊറിയുന്നവരെ ചൊറിയാൻ വിട്ടിരുന്നല്ലോ?"

(തുടരും)

ഞായറാഴ്‌ച, ഡിസംബർ 12, 2010

ആത്മാവിനു നാണമുണ്ടോ?

മഹത്തുക്കൾ തപം ചെയ്തു,
വിശ്വാസികൾ മനനം ചെയ്തു,
പ്രദക്ഷിണം ചെയ്ത കാലങ്ങൾ!
ആരോ സ്വന്തമാക്കി ഉറപ്പിച്ച പൂജാ പ്രതിഷ്ഠ!

വർഷങ്ങളായ്‌ കുടിയിരുന്ന മനോജ്ഞ ശിൽപം,
നിമിഷാർദ്ധത്തിൽ ഉപേക്ഷിച്ച ആത്മാവ്‌!

ഒളിപ്പിച്ചു നടന്നതെല്ലാം തുറന്ന് നോക്കി,
തൊടാൻ ആഗ്രഹിച്ചതെല്ലാം കണ്ടും തൊട്ടും
ആസ്വദിക്കാതെ,
സന്തോഷിക്കാതെ,
ചിരിക്കാതെ,
രോമാഞ്ചം പടരാതെ,
പടർത്താതെ,
മരവിച്ച്‌ നിന്ന്,
ആളുകൾ കുളിപ്പിച്ചു,
പിന്നെ എടുത്തു പൊക്കി,
പുത്തൻ ഉടുപ്പിടുവിച്ചു!
ജിവനുള്ളപ്പോഴുണ്ടായിരുന്ന നാണം??

ഛേ..ആർക്കും നാണമില്ല!
കാണുന്നവർക്കും കുളിപ്പിച്ചു
കിടത്തുന്നവർക്കും
എടുത്തു കൊണ്ട്‌ പോകുന്നവർക്കും
അഗ്നി തർപ്പണം നൽകിയോർക്കും
അനുഗമിച്ചോർക്കും!
അപ്പോൾ കുടിയിരുന്ന ആത്മാവിനു മാത്രമാണ്‌ നാണം!
ചേതനയറ്റ ദേഹത്തിനു നാണമില്ലത്രേ!