പേജുകള്‍‌

ശനിയാഴ്‌ച, ഡിസംബർ 11, 2010

കലികാലം!

സ്വാമി!
അതുകണ്ടു വിറങ്ങലിച്ചു!...ധർമ്മപാതയിൽ നടക്കുവാൻ ഉപദേശിച്ച്‌ അധർമ്മ പാതയിൽ നടക്കുന്ന അയാളെ.!.. അയാൾക്ക്‌ കാഷായ വസ്ത്രം ചെന്നായക്കു കിട്ടിയ ആട്ടിൻ തോലായിരുന്നു..
അറിയാത്ത ആളുകൾ അയാളെ തേടിയെത്തി..ഉപദേശം നേടി..
മന്ത്രമെന്തെന്ന് അറിയാത്ത അയാൾ മന്ത്രമെന്ന് ചൊല്ലി എന്തോ ഉരുവിട്ടു..
മയക്കു മരുന്നുകൾ മാനം കവരുന്നതിൽ രസം കണ്ടു...രസം കണ്ടവർ മയങ്ങാൻ സമയം നോക്കി , സന്ദർഭം കാത്തു ക്യൂ നിന്നു... മറ്റുള്ളവരെ സ്വാമിക്കുമുന്നിൽ മയക്കിക്കാൻ മത്സരവും!..
മാനം പോയവരോടൊക്കെ പുറത്തു പറഞ്ഞാൽ ദൈവകോപം വരുമെന്ന് അയാൾ പറഞ്ഞത്രേ.. അയാളോടില്ലാത്ത കോപം മാനക്കേടിനിരയായവരോട്‌ ദൈവത്തിന്‌ ഉണ്ടാകുമോ?..
"താങ്കൾ സ്വാമിയാണോ?.. എങ്കിൽ ആരുടെ ശിഷ്യത്വം സ്വീകരിച്ചു!".. വെറുതെ ആരോ ചോദിച്ചു..
അതിനു സ്വാമിയാണ്‌ ഞാനെന്നാരു പറഞ്ഞു വെന്ന് ഉത്തരം..
അപ്പോൾ?...
പിന്നെയും ജനം അയാളെ സ്വാമിയെന്ന് വിളിച്ചു...ആളുകൾക്ക്‌ അയാളെ സ്വാമിയെന്ന് വിളിക്കാൻ എന്തേ ഇത്ര ആഗ്രഹം!.. ആളുകൾക്ക്‌ മയങ്ങുവാൻ എന്തേ ഇത്ര മോഹം!.. വെറും ഒരു ബലാൽസംഗവീരന്റെ അടുക്കൽ!
..അപ്പോൾ........................................................!

..പാവം ബലാൽസംഗസ്വാമി!!.ആവശ്യമുള്ള ജനങ്ങൾക്ക്‌ മന്ത്രദീക്ഷ കൊടുത്തോട്ടേ...കോടതി അയാളെ വെറുതെ വിടുന്നതല്ലേ നല്ലത്‌!
---------------------------------------------------------------------------------------------------
കുമ്പസാരം
കൺപീലികൾ ഇരുകരയിൽ നിന്നും പരസ്പരം ഉടക്കിയത്‌ ഇറ്റിവീഴുന്ന കണ്ണീർ തുള്ളിയെ തഴുകാനായിരുന്നു ...സാന്ത്വനത്തിന്റെ സ്പർശം!
കണ്ണീർ വീണുടഞ്ഞത്‌ ഹൃദയത്തിലെ മാലിന്യം കഴുകാനായിരുന്നു... പശ്ചാത്താപത്തിൻ വിങ്ങൽ!
എന്നിട്ടും പാപത്തിന്റെ വിത്തുകൾ വിതച്ചു!..കൊയ്തു..!
വയ്യാത്തതൊന്നും ഏൽക്കാനാവില്ല!കുരിശിലേറാൻ ഒരാളെ ദത്തെടുത്തു!
അയാൾക്ക്‌ കൂലി മെഴുകുതിരിയും ഭണ്ഡാരത്തിൽ ചില്ലറതുട്ടും, പിന്നെ സ്തുതിയും!..മതി..! പാവം എല്ലാം ഏറ്റോളും!
..ഏറ്റെടുക്കാൻ ഒരാളുണ്ടെങ്കിൽ പാപം ചെയ്യാൻ എളുപ്പമാണ്‌!.. വേണമെങ്കിൽ കുമ്പസാരിച്ചേക്കാം!..  രണ്ടു തുള്ളി കണ്ണീർ പൊഴിയുമെങ്കിൽ പൊഴിഞ്ഞു പോയ്ക്കോട്ടെ ആർക്കെന്തു നഷ്ടം!
-----------------------------------------------------------------------------------------------------
ചാവേർ
ഇന്നലെയും ജനിച്ചരാജ്യത്തെ ശത്രുവായി കണ്ട്‌ അവൻ ആയുധമെടുത്തു..
ദൈവത്തിന്റെ നാമത്തിൽ!
ഇന്നും അവൻ..!..
ദൈവനാമം കളങ്കം വരുത്താനാണോ നിരപരാധികളുടെ ജീവനെടുക്കുന്നത്‌?
ദൈവം സർവ്വശക്തനാണെന്നറിഞ്ഞിട്ടും... ദൈവം സർവ്വജ്ഞനാണെന്നറിഞ്ഞിട്ടും.. ദൈവം സ്നേഹ സമ്പന്നനാണെന്നറിഞ്ഞിട്ടും പഠിച്ചിട്ടും...കേട്ടിട്ടും.. അവൻ  അജ്ഞനായി, കാട്ടാളനായി, പിറന്നമണ്ണിനെ വഞ്ചിച്ചു!..ദൈവത്തിനു ജയിക്കാൻ അവനെ ആവശ്യമുണ്ടോ?.. എന്ന് സ്വയം ചിന്തിക്കാതെ..!!

ബുധനാഴ്‌ച, ഡിസംബർ 08, 2010

തുലാസ്‌!

"ഞാൻ ശരിയല്ലത്രെ!"
വാടിതളർന്ന കൺകളിൽ,
ഇത്തിരി വെട്ടം പകർന്ന്,
പ്രകാശമാനമാക്കുംവരെ,
ജീവിത പഥങ്ങളിൽ,
കർക്കിടകക്കോളു പോലെ
വിധിയവനെ വേട്ടയാടുമ്പോൾ
കുടയായി താങ്ങാകും വരെ,
ഞാൻ ശരിയായിരുന്നു.

ആഴക്കടലിലെ ചുഴി!
ഒരു നിമിഷത്തിന്റെ വിശ്വാസം!
ജീവിത ചെറുതോണിയിൽ
വലിച്ചു കയറ്റുമ്പോൾ,
ചലനമറ്റ ദേഹത്തിൽ
ഒരു നേർത്ത നിശ്വാസ ശബ്ദം!

കുലുക്കിയുണർത്തിയ
നിമീലിത മിഴികൾ!
ഉയർത്തെഴുന്നേറ്റ്‌,
നമസ്ക്കരിച്ച്‌,
ഉയർത്തുവാൻ
പൊട്ടിക്കരഞ്ഞപേക്ഷിച്ച
പ്രാരാബ്ദങ്ങൾ!
അതേ ഞാനന്നു ശരിയായിരുന്നു.

ഓർക്കുന്നു..
ഇടിമുഴക്കങ്ങളിൽ പേടിച്ചു
പുണർന്ന് നിന്നപ്പോഴും,
അന്ധകാരത്തിന്റെ കരിപുരണ്ടപ്പോഴും
ഭയമകറ്റിയ ഞാനന്നു ശരി മാത്രമായിരുന്നു..

നീട്ടിയ ഹസ്തങ്ങളിൽ,
മുറുകെ പിടിച്ചുയർത്തി
എന്റെ ഉപദേശം,
"എന്നേക്കാൾ ഉയരണം
വഴിമറക്കരുത്‌",
ഞാൻ ശരിയാണത്രേ
അന്നവന്റെ തലയാട്ടൽ!.
"ഞാൻ നന്മയുള്ളവനാണത്രെ!"
അന്നവന്റെ ദന്തങ്ങൾ
ബബിൾഗം പോലെ ചവച്ചു..

പടി കടന്നപ്പോൾ
അവനതു തുപ്പിക്കളഞ്ഞു,
പിന്നെ കാർക്കിച്ചു!
ധരണിയിൽ നർത്തനം ചെയ്തപ്പോഴാകണം,
അവന്‌ അടി പതറിയത്‌!
ആകാശത്തേക്ക്‌ ഉയർന്നപ്പോഴാകണം,
അവന്‌ ദിശ തെറ്റിയത്‌!
നോട്ടുകെട്ടുകളുടെ ഭാരം താങ്ങിയുള്ള തളർച്ച!
അതല്ലേങ്കിൽ കുബേര സത്രങ്ങളിൽ,
എണ്ണിച്ചുടുന്ന ഗാന്ധിനോട്ടുകൾ കണ്ടു
കണ്ണു മഞ്ഞളിച്ചപ്പോഴും ആകാം
ഹൃദയം പറിച്ചറിഞ്ഞു കൊടുത്ത,
ഞാൻ ശരികേടായത്‌!

ഞാൻ ചിരിച്ചു!
വ്യവസ്ഥയില്ലാത്ത എൻ സ്നേഹത്തിന്‌
അവന്റെ വ്യവസ്ഥ!
ദരിദ്രന്റെ സ്നേഹത്തിനു മഹത്വമില്ലായിരിക്കാം!
പക്ഷെ ദരിദ്രനും സമയത്തിനു
വിലമതിക്കാനാകാത്ത മൂല്യമുണ്ട്‌!
വിശ്വാസത്തെ കുഴിമാടത്തിലടക്കി,
ഞാൻ തിരിഞ്ഞു നടന്നു

വിക്കിലീക്ക്സ്‌!

വിക്കി ലിക്ക്സ്‌ ലീക്കാക്കിയത്രേ,
ലീക്ക്‌ അടച്ചത്രെ,
എന്നിട്ടും ലീക്കത്രേ,
അമേരിക്കയെ നോക്കി,
വഷളൻ!
ലീക്കിൽ വീണവരെ നോക്കി,
ഏഭ്യൻ!
പിന്നെ ലീക്കാക്കിയോനെ നോക്കി,
ശുംഭൻ!
വയറിന്റെ വിളികേട്ട്‌,
നോം തിരിഞ്ഞു നടന്നു!
പൊന്നുരുക്കുന്നിടത്ത്‌,
പൂച്ചയ്ക്കെന്തഭിമാനം!
ഇത്രയെങ്കിലും വിളിച്ചില്ലെങ്കിൽ
നമുക്കെന്ത്‌ രസം!

ദൃശ്യങ്ങൾ!

ഇന്നലെ ബ്രാഹ്മമുഹൂർത്തത്തിൽ പൂവൻ കോഴി കൂവി,
അഹം ബ്രഹ്മാസിയെന്ന ഭാവം!
ഇന്നലെ ഉച്ചയ്ക്കും സാമ്രാജ്യതിർത്തി പ്രഖ്യാപിച്ചു കോഴി കൂവി
ഞാനെന്ന ഭാവം!
അയലോക്കത്തെ പിടക്കോഴിയുടെ നേരെയോടി കീഴ്പ്പെടുത്തി കൂവി,
അക്രമിച്ചു കീഴടക്കി സംഗം ചെയ്ത നിർവൃതി ഭാവം!
പിന്നെ കോഴി കൂവിയില്ല ഉടയോന്റെ ഉദരത്തിൽ തപം!
ബ്രഹ്മപഥത്തിൽ മോക്ഷം!
അയലോക്കത്തെ പിടക്കോഴിക്ക്‌ പരിഭവമുണ്ടോ?
എവിടുന്ന്?..
ഇപ്പോൾ വേരൊരുത്തൻ ഓടിക്കുന്നതു കണ്ടു!
സന്തോഷത്തോടെ അത്‌ ഓടുന്നതും,
കീഴ്പ്പെടുന്നതും കീഴ്പ്പെടുത്തുന്നതും
നിർവൃതിയിൽ ലയിക്കുന്നതും,
പുശ്ചത്തോടെ കണ്ടു!
മൃഗങ്ങൾക്കെന്തുമാവാം,
പക്ഷികൾക്കും!
ടിവിയിലേക്ക്‌ നോക്കി...!!
സമൂഹത്തിലേക്ക്‌ നോക്കി..!!
ദൃശ്യങ്ങൾ ആവർത്തിക്കപ്പെടുന്നുണ്ടോ!!

വ്യാഴാഴ്‌ച, ഡിസംബർ 02, 2010

നോവിന്റെ യാദാർത്ഥ്യങ്ങൾ!

അന്ന് എല്ലാം തിന്നും നശിപ്പിച്ചും,
പഴയ കമ്പ്യൂട്ടറിൽ വൈറസ്സ്‌!
"എന്തേ കാർണ്ണോരേ!",
അവന്റെ തമാശ!
"ആരാണവൻ?"
കാർണ്ണോരുടെ സങ്കടം!

ഇന്നലെ പുതിയ കമ്പ്യൂട്ടറിലും
വൈറസ്സ്‌!
"എന്തേ ചെറുക്കാ?"
കാർണ്ണോരുടെ തമാശ!
"ആരാണിയാൾ ?"
ചെറുക്കന്റെ സങ്കടം!

ബുധനാഴ്‌ച, ഡിസംബർ 01, 2010

തത്വമസി!

ആരാണു ഞാനെന്ന് ഭ്രാന്തനോട്‌ ചോദിച്ച്‌ ഭ്രാന്തനായി,
സന്യാസിയോടു ചോദിച്ച്‌ സന്യാസിയായി,
സത്യവാനോടു ചോദിച്ച്‌  സത്യവാനായി,
കള്ളനോടു ചോദിച്ച്‌  കള്ളനായി,
പാവത്തിനോടു ചോദിച്ച്‌ പാവമായി,
പുണ്യവാനോട്‌ ചോദിച്ച്‌ പുണ്യവാനായി
ശക്തനോട്‌ ചോദിച്ച്‌ ശക്തനായി,
അശക്തനോട്‌ ചോദിച്ച്‌  അശക്തനായി,
ആസക്തനോട്‌ ചോദിച്ച്‌ ആസക്തനായി
ക്രൂരനോടു ചോദിച്ച്‌ ക്രൂരനായി,
പാപിയോടു ചോദിച്ച്‌  പാപിയായി,
ദു:ഖവാനോടു ചോദിച്ച്‌  ദു:ഖവാനായി,
ഭക്തനോട്‌ ചോദിച്ച്‌  ഭക്തനായി,
യുക്തിവാദിയോട്‌ ചോദിച്ച്‌ യുക്തിവാദിയായി
അസൂയാലുവിനോടു ചോദിച്ച്‌ അസൂയാലുവായി,
നിന്ദ്യനോട്‌ ചോദിച്ച്‌ നിന്ദ്യനായി,
ധനവാനോടു ചോദിച്ച്‌ ധനവാനായി,
ദരിദ്രനോട്‌ ചോദിച്ച്‌ ദരിദ്രനായി,
സുഖിയനോടു ചോദിച്ച്‌ സുഖിയനായി,
കുറ്റവാളിയോടു ചോദിച്ച്‌ കുറ്റവാളിയായി,
അധികാരിയോടു ചോദിച്ച്‌ അധികാരിയായി,
അടിയാളോടു ചോദിച്ച്‌ അടിയാളായി,
പാമരനോട്‌ ചോദിച്ച്‌ പാമരനായി
പണ്ഡിതനോട്‌ ചോദിച്ച്‌ പണ്ഡിതനായി,
ഭയന്ന ഞാൻ മനസ്സിനോട്‌ പറഞ്ഞു.....ഇനി എന്നെ ആരുടെ അടുത്തും പറഞ്ഞയക്കരുത്‌..!!
എനിക്ക്‌ ഞാനാകണം!..ഞാനാരാണെന്ന് ചോദിച്ചു നിന്റെയടുത്ത്‌ വന്ന പഴയ ഞാൻ!

കഴുതയുടെ ഒസ്യത്ത്‌!

യജമാനന്റെ ചാക്കു ചുമക്കാനുള്ള അവകാശം!
ഉപ്പു ചുമന്നാൽ തോടിൽ കിടക്കാനുള്ള അവകാശം!
ബുദ്ധിയില്ലാത്തോനെന്ന പരിഹാസത്തിന്റെ അവകാശം!
തല്ലും കുത്തും കൊണ്ടാലും യജമാനനെ സേവിക്കാനുള്ള അവകാശം!
വിഷമത്തിൽ വികാരത്തോടെ യജമാനനെ അലോസരപ്പെടുത്തുന്ന കരച്ചിലിനുള്ള അവകാശം!      
എല്ലാം കേട്ടും,കൊണ്ടും, കണ്ടും,അറിഞ്ഞും, കേട്ടില്ല,കൊണ്ടില്ല, കണ്ടില്ല,അറിഞ്ഞില്ല, പറഞ്ഞില്ല എന്ന ഭാവത്തിൽ വേച്ച്‌ വേച്ച്‌ നടക്കാനുള്ള അവകാശം!  
 
പ്രീയപ്പെട്ട പ്രബുദ്ധരായ വോട്ടർമാരേ നിങ്ങൾക്ക്‌ പൂർണ്ണമായും വിട്ടു തന്നിരിക്കുന്നു!..

ഒസ്യത്ത്‌ കേട്ട സന്തോഷത്തോടെ ഞാൻ പോളിംഗ്‌ ബൂത്തിലേക്ക്‌ വേച്ച്‌,വേച്ച്‌ നടന്നു..