പേജുകള്‍‌

വ്യാഴാഴ്‌ച, നവംബർ 04, 2010

നേതാവ്‌!

വിളിച്ച സദ്യയ്ക്ക്‌,
ഇലയിട്ട്‌ ഇരുന്നും,
വിളിക്കാത്ത സദ്യയ്ക്ക്‌,
വിളമ്പിക്കഴിച്ചും,
കൊണ്ടും കൊടുത്തും
കഴിവു തെളിയിച്ച,
പട നായകർ!

കാപട്യമില്ലത്രെ!
കോപമുണ്ടോ,
കൊഴുപ്പുണ്ടോ?,
ശരീരമെലിച്ചിലുണ്ടോ?
വർണ്ണം മാറാൻ
കഴിവുണ്ടോ?
സംശയം!

പാശ്ചാത്യ പുരാണം
അൽഷിമേഷ്യസ്‌!
പൗരസ്ത്യ പുരാണം
ഓന്തിൻ മറവി!
രാഷ്ട്രീയക്കാരന്റെ,
കഴുത്തിൽ തൂക്കി,
ജനം വലിഞ്ഞു!

കാപട്യം തീരെയില്ലാതെ
പുറത്തേക്കുന്തിയ
കുംഭകൾക്ക്‌,
എന്നും പദയാത്ര,
പുണ്യമായെങ്കിൽ!

ഇരുളും വെളിച്ചവും!

ചുറ്റും കണ്ണിറുക്കി
കുശു കുശുപ്പ്‌!
രക്ഷകരായ ശിക്ഷകരുടെ
ചതികൾ,
കള്ളക്കുഴികൾ!

കണ്ണൊന്നടച്ചു,
കൺപീലികളിൽ അശ്രു!
കാതൊന്നടച്ചു,
കാതുകളിൽ ഉച്ഛിഷ്ട-
പ്രകമ്പനം!

മൂക്ക്‌ ചീറ്റി,
പിഴിഞ്ഞെറിഞ്ഞു,
"നിന്നെ നീയ്യാക്കിയത്‌ നീ‌!"
ചിന്തകൾക്ക്‌ മിഴിവേകി,
കൺതുറന്നയാളുണർന്നു!

"ഛേ നശിപ്പിച്ചു!"
കൂട്ടം കൂടി രസിച്ചവർ,
മാളത്തിലേക്ക്‌!

വിഷം:

അവൻ ചീറ്റിയത്‌ ചാറ്റ്‌,
വിഷം കേറിയ പെണ്ണ്‌
വിഷയം മൂത്ത്‌,
വിഷമം മൂത്ത്‌,
വിഷയ കന്യകയായി,
ഊരുചുറ്റി, നാടുചുറ്റി,
തൊഴിലായി,
തൊഴിലാളിയായി,
വേതനം വാങ്ങി,
വേദനയായി,
നാടു നീങ്ങി!

ക്യാപ്സൂളുകൾ!

പിൻപെ നടക്കുന്നവൻ:-

പിതാവിനെ സ്മരിക്കാൻ സ്മാരകം പണിത്‌ വിസ്മരിച്ച സ്മരണയിൽ അശ്രുവർപ്പിച്ച്‌ അയാളും സ്മരണയായി!.. അയാളെ സ്മരിക്കാൻ ആരും സ്മാരകം കൂടി പണിതിരുന്നില്ല!

യാത്രയുടെ അവസാനം!:-

പെണ്ണുകാണാൻ അയാൾ പുറപ്പെട്ടു..!
"പേരെന്ത്‌?"
"പ്രതീക്ഷ!"
നമുക്കൊരു പ്രതീക്ഷയും ഇല്ല! അയാൾ എഴുന്നേറ്റു!
വീണ്ടും അയാൾ നടന്നു തളർന്ന് മറ്റൊരു പെൺ വിട്ടിലെത്തി..
പേരെന്ത്‌?
"ശിക്ഷ!"
നമുക്കൊരു ശിക്ഷയും വേണ്ടേ..അയാൾ നടന്നു!.
വീണ്ടും അയാൾ പെണ്ണന്വേഷിച്ചു നടന്നു..
അയാൾ ചോദിക്കും മുന്നേ പെണ്ണു ചോദിച്ചു..
"പേരെന്ത്‌?"
"നിഷാദൻ!"
"അയ്യേ കാട്ടാളൻ!"
അവൾ അകത്തേക്ക്‌ വലിഞ്ഞു!..
അയാൾ പുറത്തേക്കും!

ഗന്ധർവ്വൻ:-


ഗാന്ധർവ്വവിധിപ്രകാരം വിവാഹിതയായ അവളെ മറ്റൊരു ഗന്ധർവ്വൻ ഗാന്ധർവ്വ വിധി പ്രകാരം സ്വന്തമാക്കിയപ്പോൾ സർവ്വവും നഷ്ടപ്പെട്ട അയാൾ ഗന്ധർവ്വനായി ഊരു ചുറ്റി!
 

യാചകർ അരങ്ങുവാഴും കാലം!

പഴം പുരാണത്തിൽ
പഴം കാണാതെ,
പഴം കഞ്ഞിയിൽ
പഴം കാണാതെ,
പഴയതെല്ലാം ഉപേക്ഷിച്ചു-
പഴം തേടി ക്ഷീണിച്ച്‌,
തമിഴന്റെ കോലായിൽ,
കമിഴ്‌ന്ന് വീണ്‌ യാചന!
തമിഴന്റെ കണ്ണുരുട്ടൽ!
അതിർത്തിയിലേക്കോടി,
വീണ്ടും യാചന!

പശുവില്ലാതെ പാൽ കറന്ന,
തമിഴന്റെ ശതമാന പുഞ്ചിരി,
നൂറ്‌ തികയ്ക്കവേ,
വായിലും വയറ്റിലും
നിറഞ്ഞൊഴുകി,
ചുണ്ടിലൂർന്ന്,
കവറിലെ പാൽ കണ്ട്‌,
കുരുന്നിൻ മന്ത്രണം,
"തമിഴൻ പാൽ തരും!"

മലയാള നാട്ടിൽ,
അറിയാതെ,
അറിയിക്കാതെ,
ചിത്രത്തിലെ പശു
വീണ്ടും പുല്ലു തിന്നു,
പാൽ ചുരത്തി!
പുറത്തെപശു  വീണ്ടും
പാലിനായ്‌ യാചന!

ബുധനാഴ്‌ച, നവംബർ 03, 2010

വിമർശനം!

കണ്ണടച്ചു തുമ്മി!
പിന്നെ മൂക്കടച്ചും,
വായടച്ചും തുമ്മി.
"പരിസരം നാശമാക്കല്ല
"ജലദോഷി!"
തെറിച്ചു വീണ
അഹങ്കാരിയാം,
തുപ്പൽ ശകലം!

വിമർശനം,
അരക്ഷണം കൊണ്ട്‌
തുടച്ചെറിഞ്ഞു,
വീണ്ടും തുമ്മി!

വീതം വെപ്പ്‌!

ഭരണം കർമ്മരംഗം!
പറ്റിപ്പിന്റെ ഉസ്താദുക്കളായ,
രക്തമൂറ്റുന്ന മൂട്ടകളുടെ,
ആവാസ സ്ഥലം!
പ്രതിപക്ഷം!
ഭരണപക്ഷം!
വീതം വെപ്പുകാർ!

ഞാനും നിങ്ങളുമുൾക്കൊള്ളും,
സഹിഷ്ണുക്കൾ!
സാമാന്യ വിവരമില്ലാത്ത,
സമാനതകളില്ലാത്ത,
സാമാന്യ ജനം!

നിനക്കൊരു കോടി,
ഞങ്ങൾക്കൊരു കോടി,
അവർക്കൊരു കോടി,
നിനക്ക്‌ മുണ്ട്‌!
ഞങ്ങൾക്ക്‌ വാഗ്‌ ദാനം!
അവർക്ക്‌ പണം!
കോടികളിലും നാനാർത്ഥം!
രാഷ്ട്രീയത്തിലെ,
സാമ്പത്തികശാസ്ത്രം!