പേജുകള്‍‌

ചൊവ്വാഴ്ച, നവംബർ 02, 2010

ഭൂമി

ഈ ഭൂമി സൂര്യചന്ദ്രന്മാരുടെ,
കൃഷിയിടം!
വിത്തിട്ടും,വളമിട്ടും
വെള്ളമൊഴിച്ചും,
ചൂടുപകർന്നും,
മഞ്ഞു കൊള്ളിച്ചും,
ഇളംകാറ്റേകി,
താരാട്ടു പാടി,
നട്ടുവളർത്തിയ,
വൃക്ഷലതാതികൾ!

അഹങ്കാരികളാം,
കുടി കിടപ്പുകാർ,
ഇരുകാലികൾ,
പിടിച്ചടക്കിയും,
വെട്ടി നിരത്തിയും,
വിഷവിത്തിറക്കിയും,
പരസ്പരം കുത്തിയും,
കൊന്നും, കൊലവിളിച്ചും,
അണുബോംബു പൊട്ടിച്ചും,
മരുഭൂവാക്കുന്നു,
ഭസ്മാസുരന്മാരായി,
സ്വയമൊടുങ്ങുന്നു.

ഈ ഭൂമി സൂര്യചന്ദ്രന്മാരുടെ,
കൃഷിയിടം!

ശ്വസിക്കുവാൻ നിർമ്മിച്ച,
വായു മണ്ഡലങ്ങളിൽ,
പുക പടർത്തി,
കരി പടർത്തി,
ശ്വാസം മുട്ടിക്കുന്നു..

നീരാടുവാൻ നിർമ്മിച്ച,
ചിറകളാം സമുദ്രങ്ങളിൽ,
പുഴകളിൽ, തോടുകളിൽ,
വിഷമൊഴുക്കിയും,
പനിനീരായി,
രാസമാലിന്യം തെളിച്ചും,
അൽപായുസ്സുകൾ,
അട്ടഹസിക്കുന്നു!

ഭൂമിയെ പുതപ്പിച്ച,
ഓസോണുടുപ്പിനെ,
കീറിയെറിഞ്ഞു,
നഗ്നയാക്കിയാസ്വദിക്കുന്നു!

ഈ ഭൂമി സൂര്യചന്ദ്രന്മാരുടെ,
കൃഷിയിടം!
കുടികിടപ്പുകാരാം
നീചരുടെ,
നീന്ദ്യകൃത്യങ്ങളിൽ,
തേർ വാഴ്ചകളിൽ,
വിഷമിച്ചും,
വിറങ്ങലിച്ചും,
സങ്കടപ്പെട്ടും,
കാലം കഴിക്കും,
പാവം കർമ്മസാക്ഷികളുടെ,
കർമ്മമണ്ഡലം!

നാടകം തുടരട്ടേ..

അധികാരം തൃക്കൺ തുറന്നു,
അവകാശം ചാമ്പലായി,
നമ്മൾ വെട്ടിയ രാജപാത
ഇനിയവർക്ക്‌ സ്വന്തം!
അധ:കൃതർ പിച്ചകണക്കും
പാത്രവുമായി ശകുനംമുടക്കരുത്‌!
വാണോനും വഴീൽപെട്ടോനും,
കേണോനും, കേൾപ്പെട്ടോനും,
ചുണ്ട്‌ നക്കി, ചിറി നക്കി പിരിഞ്ഞു,

ആത്മാവിഷ്ക്കാരം,
തിരക്കഥയാക്കി,
അടിത്തറയിളകിയും,
ഇളകാതെയും,
നടിച്ചും രമിച്ചും,
ചിരിച്ചും കളി പറഞ്ഞും,
രാഷ്ട്രീയ കോമരങ്ങൾ!

വാർത്തയ്ക്ക്‌ പഞ്ഞം!
അവർ കുടിച്ച
പാനീയങ്ങളുടെ,
തുടച്ച ചട്ടികളുടെ,
വിളിച്ചു രസിച്ച,
ഫോണിന്റെ,
സ്വാന്ത്വനിപ്പിച്ച,
സുന്ദരികളുടെ,
അന്തിയുറങ്ങിയ വീടിന്റെ,
കണക്കെടുപ്പ്‌!
അടുക്കളയിൽ,
തീന്മേശയിൽ,
മണിയറയിൽ,
കവലയിൽ,
കയറിയിറങ്ങുന്ന,
ചാനലുകൾ!
 
കൊതിമൂത്ത്‌,
വിറങ്ങലിച്ച്‌,
ചൊറിവന്ന്,
ചിരങ്ങ്‌ വന്ന്,
പനി വന്ന്,
ഗതിമുട്ടി,
ശ്വാസം പിടിച്ച്‌,
നെടുവീർപ്പിട്ട്‌,
ചത്ത ജനം!

ചൂണ്ടക്കാരൻ!

മണ്ണിര കോർത്ത്‌,
ഒരു ചൂണ്ട!
ആർത്തി മൂത്ത,
ഒരു ചെറുമീൻ!
മസാലയിട്ട്‌,
ചട്ടിയിൽ പൊരിച്ച്‌,
നുണഞ്ഞ്‌ നുണഞ്ഞ്‌
കൈ നക്കി!
പാത്രം ശൂന്യം!

അവകാശം മൂത്ത,
ദരിദ്രനെ കോർത്ത്‌ ,
ഒരു ചൂണ്ട!
അധികാരം!
ജനാധിപത്യമിട്ട്‌,
മണ്ഡലങ്ങളിൽ പൊരിച്ച്‌
നുണഞ്ഞ്‌, നുണഞ്ഞ്‌,
പലതും നക്കി!
ഖജാന ശൂന്യം!

വൈകി വന്ന ആഘോഷങ്ങൾ!

"മാവേലി വരുന്നുണ്ടത്രെ!.. ഓണമാത്രെ!..ഒപ്പം ഈദ്‌ ആഘോഷവും ഉണ്ടത്രെ!.. വരില്ലേ.".അവന്റെ ഫോൺ വിളി!
" കണ്ണൂരുകാർക്ക്‌ ഓണമെന്താ വൈകിയത്‌?"- എന്റെ ഒരാകാംഷ!
".. എല്ലാവർക്കും സമയം ഒത്തുവരേണ്ടേ...ഇതു ഗൾഫല്ലേ?"- അവൻ!

അപ്പോൾ ആളുകളുടെ സമയവും സന്ദർഭവും നോക്കി ഓണവും പെരുന്നാളും വന്നോളണം.. ഇല്ലേങ്കിൽ നീട്ടി വെക്കപ്പെടും...ഇത്‌ വിദേശമാണ്‌!- എന്ന് ഒരു ഓർമ്മപ്പെടുത്തൽ!


ശരിയാണ്‌.. ഞാനോർത്തു ഇത്‌ വല്ല നരകവും ആണെന്ന്.. വല്ലപ്പോഴും നാടുകടത്തപ്പെട്ട നമ്മളെ അറ്റ്ലീസ്റ്റ്‌ നാട്ടിലേക്ക്‌ പരോളിൽ വിടാൻ ദയ കാട്ടുന്ന ഒരു മരുഭൂമിയല്ലേ ഇത്‌!..അതോ നമ്മൾ അപേക്ഷ കൊടുത്ത്‌ കാത്തിരിക്കുന്ന ഭൂമിയോ?അൽപം ആലോചിച്ചു നിന്നപ്പോൾ അങ്ങേ തലയ്ക്കൽ നിന്നും ചോദ്യം!

" കൂപ്പൺ മുറിക്കേണ്ടേ!.. എത്ര ആളുണ്ടാകും.. വണ്ടി ഏർപ്പാടാക്കിയിട്ടുണ്ട്‌!'
" ഒന്നു മുറിച്ചോളൂ!.. ഞാനേയുള്ളൂ"

ഫോൺ കട്ടായി..

വൈകി വരുന്ന ഓണാഘോഷം!.. വൈകി വരുന്ന ഈദാഘോഷം!.. അങ്ങിനെയെങ്കിൽ ഒരഞ്ചു കൊല്ലത്തെ ഓണവും ഈദും കൃസ്തുമസ്സുമെല്ലാം ഇപ്പോഴേ ആഘോഷിച്ചാൽ പണി കുറഞ്ഞു കിട്ടില്ലേ.. എപ്പോഴും എല്ലായിടത്തും ഇതൊക്കെ കഴിഞ്ഞ്‌ നിൽക്കുമ്പോൾ നമ്മൾ മാത്രം ബാക്ക്‌ വേർഡ്‌ ഇസ്പേർഡ്‌ ആയി, ലാസ്റ്റ്‌ ആയി എന്തിനാ ആഘോഷിക്കുന്നത്‌!- ആരേയും കുറ്റം പറയാനല്ല.. ഛേ എന്റെ മനസ്സ്‌ അങ്ങിനെയാണ്‌.. എപ്പോഴും സംശയവും അതിനുള്ള ഉത്തരവും!

ഞാനങ്ങോട്ടേക്ക്‌ പോയി.. പരിപാടി പൊടി പൊടിച്ചു.. മാവേലി വന്നു.അനുഗ്രഹം ചൊരിഞ്ഞു... വിഷമത്തോടെയാണോ എന്നറിയില്ല അദ്ദേഹം പറഞ്ഞു.." എല്ലായിടത്തും പോയി ഇവിടെ എത്തിച്ചേരാൻ നോം വൈകിപ്പോയി..ക്ഷമിക്കുക... നിങ്ങൾക്കെല്ലാം സുഖം തന്നെയല്ലേ?.. എല്ലാവർക്കും ശമ്പളം ഒക്കെ കിട്ടുന്നുണ്ടല്ലോ ഇല്ലേ?"

ക്ഷമിച്ചു മാത്രം പരിചയം ഉള്ളവരല്ലേ നമ്മൾ ഗൾഫുകാർ!.. വൈകിയതിന്‌ തടഞ്ഞു വെച്ചും കരിങ്കൊടി കാട്ടിയും ബഹിഷ്ക്കരിച്ചും നമുക്ക്‌ ശീലമില്ലല്ലോ?.. ശീലം നമ്മളെ ഉച്ചത്തിൽ സംസാരിക്കുന്നതു പോലും വിലക്കിയിരിക്കുന്നു!
ശമ്പളം കിട്ടാത്തവരും ഊവ്വ്‌ എന്ന് പറഞ്ഞു സമാധാനിപ്പിച്ചു അല്ലെങ്കിൽ സ്വയം സമാധാനിച്ചു... പാവം മാവേലി വരാൻ വൈകിയതിനു ക്ഷമ ചോദിച്ചിരിക്കുന്നു.. അല്ലേങ്കിലും വിസയ്ക്ക്‌ അപ്ലെ ചെയ്ത്‌ ഫ്ലൈറ്റ്‌ ടിക്കറ്റ്‌ എടുത്ത്‌ ഇവിടെയെത്തുമ്പോഴേക്കും ആരും ഒരു പരവേശമായി പോകും!... പക്ഷെ വീണ്ടും സംശയം.. ഈ മാവേലിക്ക്‌ ആണ്ടിലൊരിക്കലല്ലേ പ്രജകളെ കാണാൻ പരോൾ അനുവദിച്ചിട്ടുള്ളൂ.. അല്ലാത്ത പക്ഷം പാതാളത്തിൽ കഴിഞ്ഞോളണം എന്നല്ലേ വിധി!...

രാഷ്ട്രീയ കുറ്റവാളികളെ പോലെ മാവേലി എപ്പോഴും പരോളിൽ വിദേശരാജ്യങ്ങളിൽ കറങ്ങിയടിക്കുന്നു.!. അപ്പോൾ ശൂന്യമായ പാതാളത്തിൽ ആരെ വാഴിക്കും!..  അതല്ല മാവേലി പാതാളത്തിൽ ഉറങ്ങിക്കിടക്കുകയാണെന്ന ഭാവത്തിൽ തലയിണകൾ ചേർത്തു വെച്ച്‌  പുതപ്പുകൊണ്ട്‌ മൂടി  അവിടെ നിന്നും തടി തപ്പി ഊരു ചുറ്റി നടക്കുകയാണോ?.. ഛേ മാവേലി അങ്ങിനെയാകുമോ?. കള്ളവും കള്ള പറയുമില്ലാത്ത രാജ്യം വിഭാവനം ചെയ്ത മാവേലി!..ഒരു പക്ഷെ സംഘടനകൾ പ്രത്യേക പെർമിഷനിൽ കൊണ്ട്‌ വരുന്നതാവുമോ?..അതാവാനേ വഴിയുള്ളൂ!

സംശയങ്ങൾ ഊരി ഒരു മൂലയ്ക്ക്‌ വെച്ച്‌ ഞാൻ പരിപാടി കണ്ടു.. ഒപ്പന അസ്സലായിരിക്കുന്നു... തിരുവാതിര അസ്സലായിരിക്കുന്നു..ഗാനമേളയും മോശമായില്ല..പരിപാടി മൊത്തം  അസ്സലായിരിക്കുന്നു. .. ഓണസദ്യയുണ്ട്‌!...

.... വേഗം സദ്യ ഉണ്ടു കളയാം ഞാൻ ഹാളിൽ നിന്നും പുറത്തേക്കിറങ്ങി...
പച്ച, ചുകപ്പ്‌, മഞ്ഞ കാർഡുകൾ കാണിച്ച്‌ സംഘാടകർ!...
ദൈവമേ.. ഇവിടേയും കാർഡോ.... ചുകപ്പ്‌ കണ്ടാൽ പുറത്താകുമോ? ചെറിയ ചങ്കിടിപ്പ്‌!
"എപ്പോൾ കഴിക്കണം?."സംഘാടകർ!...

ഒരു കാർഡ്‌ തന്നു.. പച്ച, ചുകപ്പ്‌, മഞ്ഞ നിറങ്ങൾ സമയത്തെ സൂചിപ്പിക്കുന്നു... 12 മണി, 12: 30, 1:00 എന്നിങ്ങനെ!.വലിയ ബോർഡിൽ എഴുതി വെച്ചിരിക്കുന്നു...അപ്പോൾ അതാണു കാര്യം!..
"ഇപ്പോൾ"- എനിക്ക്‌ പിടിച്ച്‌ നിൽക്കാനായില്ല.. പൈസകൊടുത്താലും സാരമില്ല..നല്ലഒരു സദ്യയുണ്ടിട്ട്‌ കാലങ്ങളായി..

കിട്ടിയ കാർഡുമായി ഞാൻ ഊട്ടു പുരയിലേക്കോടി..ഇലയിൽ വിളമ്പി വെച്ചിരിക്കുന്നു.. ഞാൻ ഒരില നോക്കി ഇരുന്നു..!

തിരിച്ചു വന്നത്‌ കുഞ്ചൻ നമ്പ്യാരുടെ പശുവിനെ നോക്കിയായിരുന്നു.. പശുവിനെ എങ്ങും കണ്ടില്ല.. സോറി.. ഇത്‌ ഗൾഫല്ലേ!.. മറന്നു.. അല്ല പണ്ടെത്തെ പോലെ നാട്ടിലും വഴിക്കൊന്നും പശുവിനെ കാണാറില്ലല്ലോ?

പിന്നെ സംഘാടകനായ ഒരുവനെ അടുത്തു വിളിച്ചു അവനെ പശുവായി സങ്കൽപ്പിച്ചു പറഞ്ഞു.. ".. അല്ല സാറെ.. താങ്കൾക്കും ഇവിടെയാണോ ഊണ്‌!"

പിന്നെ തിരിച്ചു  ഹാളിലേക്ക്‌ നടന്നു..

തിങ്കളാഴ്‌ച, നവംബർ 01, 2010

ചെയിഞ്ച്‌!

അന്ന് അവന്‌ നിർജോലീകരണം പിടിച്ച്‌ അവശനായി മഹാരാജാവാണെന്നോ മറ്റോ സ്വയം വിവരിച്ച കള്ളക്കഥകൾ നിറച്ച ഫയലും തൂക്കി തലങ്ങും വിലങ്ങും നടന്നപ്പോൾ എന്നെ ഏട്ടാ എന്ന് സ്നേഹത്തോടെ വിളിച്ചു!

"എന്തോ എന്ന് ഞാൻ വിളി കേട്ടു!..

അവന്റെ ശുക്രൻ അട്ടത്ത്‌ കിടന്ന സമയത്താണെന്ന് തോന്നുന്നു എനിക്ക്‌ അങ്ങിനെ വിളി കേൾക്കാൻ പ്രേരണയായത്‌!...വിളിച്ചുണർത്തി കയ്യും കാലും പിടിച്ച്‌ ഒരാളുടെ കൂടെ പറഞ്ഞയച്ചു..!
ഇന്നലെ അവൻ ജോലീകരണം പിടിച്ച്‌ പരവേശമായി, അഹങ്കാരിയായി തിരിച്ചു വന്നു.. എന്നെ പുശ്ചത്തോടെ പേരു വിളിച്ചു അഭിവാദ്യം ചെയ്തു..

" ങാ" എന്ന് ഞാൻ മൂളി!.. ജോലി കുഴപ്പമില്ലത്രെ!..പിന്നെ കുഴപ്പം എനിക്കാണോ?... ഞാൻ പകൽഡ്രീം കണ്ടു..നാളെ പത്തുറുപ്പിക പൊതിഞ്ഞു കെട്ടി വന്ന് എന്നെ അവനെന്തു വിളിക്കും?
"....കൂടുതൽ ഒന്നും പറയാതെ, സ്നേഹപൂർവ്വം യാത്ര ചോദിച്ച്‌ അർത്ഥമുള്ള ഡ്രീമിനെ പൊതിഞ്ഞു കെട്ടി അനർത്ഥം കാണാൻ നിൽക്കാതെ ഞാൻ ആ മുറിയിൽ നിന്നും യാത്രയായി!

മലയാളിയായ ആ കോപ്പൻ എന്നോട്‌ ചോദിച്ചു.." ..വാട്ട്‌ ഹാപ്പന്റ്‌ മേൻ?"

അവന്‌ ഇംഗ്ലീഷാത്രേ ഇപ്പോൾ വല്യ പിടുത്തം!..അന്ന് കണ്ണീരും!..

എന്റെ ചുറ്റുപാടുകൾ!

(ഇപ്പോഴത്തെ എന്റെ ചുറ്റുപാടുകൾ മോശാ.. എന്തു ചെയ്യാം.. അനുഭവിച്ചല്ലേ പറ്റൂ!..കണ്ണിൽ കൊള്ളേണ്ടത്‌ പുരികത്തിനു കൊണ്ടു അത്രേന്നേ!..ദേ നോക്കിയേ...)

ബോസ്സും ഞാനും!
--------------------
എന്നെ നോക്കി ബോസ്സ്‌ മുരണ്ടു...."പണി ചെയ്യുന്നില്ലത്രെ!"
ഞാൻ ബോസ്സിനെ നോക്കി മനസ്സിൽ മുരണ്ടു...
നമ്മെക്കാൾ വൈകിവന്ന് നമ്മേക്കാൾ നേരത്തെ പോയി, പത്തിരട്ടി പണം വാങ്ങി പോക്കറ്റിലിട്ട്‌, ചായയും കുടിച്ച്‌ കണ്ടോരൊടൊക്കെ വെടിയും പറഞ്ഞ്‌ ഒരു മൂന്ന് മണിക്കൂർ തള്ളി നീക്കും.. അല്ലാതെ നയാ പൈസയുടെ സ്വന്തം പണി ചെയ്യില്ല!..കീഴാളന്റെ പണിയറിയാം!.. കുറ്റോം കുറവും കണ്ടു പിടിച്ച്‌ വല്യ ആളായി ഷൈനിക്കും!...ഈയ്യാളോടൊക്കെ എന്തു പറയാനാ?..തമ്മിൽ ഭേദം മിണ്ടാതിരിക്കുന്നതാ.. ജോലിയെങ്കിലും കിട്ടും!

എന്റെ മറ്റൊരു മേലാളനായ സഹപ്രവർത്തകൻ!

..ചാറ്റുന്നു.. സ്വകാര്യം പറയുന്നു...ചിരിക്കുന്നു...കള്ളപ്പേരിൽ ചീറ്റുന്നു..കമ്പ്യൂട്ടറിൽ പതിയിരിക്കുന്ന ഏതോ ഏദൻ തോപ്പിലെ കാട്ടു സുന്ദരി പെണ്ണിനെ ചുംബിക്കുന്നു...പുറത്ത്‌ ചുംബന സ്വരം കേൾക്കാം...ഞാൻ കേട്ടതാ ഈ പറയുന്നത്‌.. കണ്ടതാ ഈ പറയുന്നത്‌. ..ബൈബിൾ ഇദ്ദേഹത്തിന്റെ തറവാട്ടിൽ നിന്നും കൊണ്ടു വന്നതാണെന്ന മട്ടിൽ ആളുകളെ ഉപദേശിക്കുന്നു... ഉപദേശം വേറെ.!. ഉദ്ദേശം വേറേ..! .ബാക്കി സമയം സിനിമ കാണുന്നു, കൊഞ്ചിക്കുഴയുന്ന പാട്ട്‌ കേൾക്കുന്നു. ..എന്റെ കമ്പ്യൂട്ടർ വേണം, ഒപ്പം അദ്ദേഹത്തിന്റെ കമ്പ്യൂട്ടറും!...ഇയ്യാൾക്കെന്താ തലയ്ക്ക്‌ വട്ടായോ?..അയാളെ ആദ്യം ഗവൺമന്റ്‌ ആശുപത്രിയിൽ അഡ്മിറ്റാക്കണമെന്നുണ്ട്‌..! .അയാൾ തൊട്ടാൽ എന്റെ  കമ്പ്യൂട്ടറിലും വൈറസ്‌ പടരും!..അത്രയ്ക്ക്‌ രോഗിയാണയാൾ... സങ്കടമുണ്ട്‌. എന്തു ചെയ്യാം... സഹപ്രവർത്തകനായിപ്പോയില്ലേ സഹിക്കുകയാ!..അയാൾക്ക്‌ ദൈവഭയം ഉണ്ടത്രെ...പേരു പോലും മാറ്റി കള്ളപ്പേരിൽ കണ്ട പെണ്ണുങ്ങളെയൊക്കെ ചാറ്റിക്കൊണ്ട്‌  ചീറ്റുമ്പോൾ ദൈവഭയം എങ്ങോ ഊരിവെച്ചുന്നാ തോന്നുന്നത്‌!.. അറ്റ്ലീസ്റ്റ്‌ സ്വത്തായി രണ്ടു മക്കളുണ്ടെന്ന അടക്കം വേണ്ടേ!..ഒതുക്കം വേണ്ടേ!...ഇല്ലാത്ത മീശ പിരിച്ചു പേടിപ്പിക്കുന്ന ഭാര്യയെ പേടിക്കേണ്ടേ..( നമുക്കറിയാവുന്ന കാര്യാ ഈ പറഞ്ഞത്‌.)... ഭാര്യയുടെ മുന്നിലെ പൂച്ച!....കമ്പനിയുടെ ചിലവിൽ ചീറ്റുന്ന നാണമില്ലാത്ത ശവി!..എനിക്കിത്‌ കാണുമ്പോൾ കലിപ്പ്‌ വരും..

.... ഞാൻ കമ്പ്യൂട്ടർ തുറന്ന്, ഇന്റർനെറ്റ്‌ കണക്ട്‌ ആക്കി പേപ്പർ വായിച്ചു!.. അത്രേയ്ക്കെങ്കിലും പണം മുടക്കുന്ന കമ്പനിക്കു വേണ്ടി ചെയ്യേണ്ടേ!

ചാവേറിന്‌!

നന്മയിലേക്കുള്ള തിരിച്ചു വരവോ,
തിന്മയിലേക്കുള്ള തോണിയിൽ!
പിൻതിരിഞ്ഞൊന്നു നോക്കുക
പിഴച്ച നിൻ വഴിത്താരകൾ!

കാണുക, വഴി പിഴപ്പിച്ച
കൺകളിൽ കത്തും രൗദ്രത,
ദംഷ്ട്രങ്ങളിൽ ഇറ്റുവീഴും,
നിണതുള്ളികൾ!

കാണുക, നിൻ വഴിതിരിച്ച-
ട്ടഹസിക്കുന്ന സാത്താൻ,
നിൻ കൺകൾ കെട്ടി,
ദൈവത്തെ വെല്ലുവിളിക്കും,
ലൂസിഫർ!


വിളറിപിടിച്ച നിൻ
സമുന്നത ഭാവം,
ഭ്രാന്തെടുത്ത നിൻ
സങ്കീർത്തനം,
കാണാൻ മനസ്സില്ല,
കേൾക്കാൻ ചങ്കുറപ്പില്ല,
നാടിനെയോ നാട്ടാരേയോ,
നിന്നെയൂട്ടിയ-
മാതാവിനേയോ ഒറ്റിയ,
വെള്ളിനാണയത്തിൻ,
വിലപേശൽ!

ചിതറുന്ന നിൻശരീരം,
ചിതറിച്ച‌ നിരപരാധികളുടെ,
സ്വപ്നങ്ങൾ!
നിൻ രക്തം തകർത്ത,
കുടുംബത്തിൻ യാതനകൾ,
നിന്നെ വേട്ടയാടുമ്പോൾ,
ശപിക്കപ്പെട്ടവനായി,
ഏതു ലോകത്തിൽ,
നീ സ്വസ്ഥത നേടും!
തിരിഞ്ഞു നോക്കുക,
ആർക്കുവേണ്ടി നീ ചാവേറാകുന്നു,
അവർ നിനക്കേകിയ വിഭ്രാന്തി,
കുടഞ്ഞെറിയുക,

ആർക്കു വേണ്ടി നീ സ്വയമൊടുങ്ങുന്നു,
അവർ നിനക്കേകിയ ഭീതി നീ,
തകർത്തെറിയുക.

നിൻശേഷി വൃഥാവിലാക്കിയ,
കാപാലികരെ കാർക്കിച്ചു തുപ്പി,
സ്നേഹത്തിൻ കണ്ണിയാകുക,
നിന്റെ ജനയിതാക്കൾക്ക്‌,
വളർത്തിയ നാട്ടിന്‌,
നിന്നെ നീയ്യാക്കിയ നാട്ടാർക്ക്‌,
സ്നേഹത്തിൻ മധുവൂട്ടുക!
അഭിമാനത്തിൻ നക്ഷത്രമാകുക!.