പേജുകള്‍‌

തിങ്കളാഴ്‌ച, ഒക്‌ടോബർ 25, 2010

കർണ്ണന്‌

ഹൃദയതന്തുക്കളിലുറവയായ്‌,
കുത്തൊഴുക്കായ്‌,
മനസ്സിലുൾ ചാലുകളായ്‌,
എൻ മിഴിത്താരിൽ ചാഞ്ഞിറങ്ങിയ,
കണ്ണീർക്കണം!
ഒരപശപ്ത നിമിഷത്തിൽ
കോരിയെടുത്തെങ്ങോ വലിച്ചെറിഞ്ഞതും
നിനക്കസ്വസ്ഥതയേകുന്നോ?
നിന്റെ ആനന്ദക്കണ്ണീരിലതു-
കാളകൂടവിഷം കലർത്തുന്നോ?

വിഹ്വലതയാൽ ഭ്രമിച്ചൊരെന്നെ-
കപടമാം മുഖാവരണം,
നുണകളുടെ പകിടയുരുട്ടി,
നേടിയതാം തന്ത്രത്തിൻ,
നെരിപ്പോടുകൾ പിൻതുടർന്നു,
ചുട്ടെരിക്കാനാളുമ്പോൾ,

തോറ്റ അപമാനഭാരമാൽ,
തലകുനിച്ചൊരെന്നെ-
പരിഹസിച്ചട്ടഹസിക്കുമ്പോൾ,
വഴിതെറ്റിയുഴറിയവർക്കൊപ്പമായ,
നിൻ പുഞ്ചിരിയെൻ മനം
കലക്കുമ്പോൾ,
നിൻ അണപ്പല്ലെന്തിനോ
അമരുമ്പോൾ,
നിന്നിലൂറിയ ആഹ്ലാദമെൻ,
മനസ്സിൽ സങ്കടത്തിന്റെ,
നിശ്വാസം തീർക്കുമ്പോൾ,
അറിയാതെൻ ചുണ്ട്‌ വിറച്ചത്‌,
ശാപമായെങ്കിലതിൽ പഴിച്ച്‌,
ഊടും പാവും നെയ്തെന്നെ-
വീണ്ടും വിസ്തരിക്കുവതെന്തിന്‌!

നീ തീർത്ത അന്ധകാരത്തിലെൻ,
ആത്മശക്തി തൻ സൂര്യകിരണം തട്ടി,
തകർത്തു പ്രകാശമാനമാക്കുമ്പോൾ,
പുതപ്പുമൂടിയന്ധകാരത്തിലുറങ്ങാതെ,
പുറത്തേക്കൊന്നു തല നീട്ടി നോക്കുക,
ഒരു നിമിഷാർദ്ധം കണ്മിഴിയുയർത്തുക.

ഇവിടെ ഉദയസൂര്യന്റെ കിരണമുണ്ട്‌,
ധർമ്മത്തിൻ ശാശ്വത സത്യമുണ്ട്‌,
സ്നേഹത്തിൻ കെടാത്ത ജ്വാലയുണ്ട്‌,
നിൻ വെറുപ്പുമൊരുനാളതിൽ,
ഈയ്യാമ്പാറ്റയായ്‌ ,
ചിറകറ്റ്‌ വീഴും നാൾ വരേക്കും,
അന്ധകാരം തുണയെന്ന്,
നീ വിശ്വസിച്ചോളൂ!
സ്ഥിതപ്രജ്ഞനെങ്കിൽ,
വിധിയെ പഴിച്ചു നാൾ,
നുറുക്കിയെറിഞ്ഞോളൂ!
അല്ലായ്കിൽ ചിന്തകൾ
വഴിപിഴച്ചുവെന്ന പഴി,
സ്വയമാരോപിച്ച്‌
മിഴി തുടച്ചോളൂ!

ഞായറാഴ്‌ച, ഒക്‌ടോബർ 24, 2010

കാൽ പാദം

കള്ളുകുടിച്ചു,
കാർക്കിച്ചു തുപ്പി,
ചുവന്ന കണ്ണുരുട്ടി വിരട്ടി,
കുഴഞ്ഞ നാവിൽ,
വികട സരസ്വതിക്ക്‌,
നെയ്‌വേദ്യമർപ്പിച്ചും

ബീഡിയുടെ ചുവപ്പു ബെൽറ്റിൽ,
തീ പുരണ്ടപ്പോൾ
വേണ്ടാതായി
വലിച്ചെറിഞ്ഞ്‌,
തൂങ്ങിയാടുന്ന ലുങ്കിതൻ,
തലപരുതി ക്ഷീണിച്ചയാൾ,
ചാഞ്ഞു കിടന്നു.

ആരും കാണാതെ,
മെല്ലെ പുറത്തെത്തി,
വലിച്ചെറിഞ്ഞ ബീഡി
തുമ്പ്‌ രണ്ടാം ക്ലാസുകാരൻ,
മകൻ വലിച്ച്‌ വലിച്ച്‌,
ചുമച്ച്‌, ചുമച്ച്‌,
പുകയുതിർത്ത്‌
നിന്നപ്പോൾ,
അവനെ തേടിയെത്തിയ
അഞ്ചാം ക്ലാസ്സു-
കാരനാമെനിക്കും ആശ!

"..വലിയെടാ, വലി,
പുകചുരുട്ടി വിടെടാ വേഗം!"
എന്നിട്ടെനിക്ക്‌ താടാ
തീകളയാതെ.."

വല്യോരെ പോലെ,
പുകയുതിർക്കാനറിയാത്ത,
മഹാനിധി!

അവനാകാശത്ത്‌,
പുകയുതിർത്ത്‌,
ചുണ്ട്‌ പൊള്ളിച്ച്‌,
ദേഷ്യം വന്ന്
നമ്മെ തെറി പറഞ്ഞു,.
ഇനി നെക്സ്റ്റ്‌ ഐറ്റം..!

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...(ഇരുപത്തി ഒൻപതാം സർഗ്ഗം)

കഴിഞ്ഞ ലക്കത്തിൽ പറഞ്ഞ ആ മാന്യദേഹം അതായത്‌ സാക്ഷാൽ ഏട്ടൻ അവർകൾ ബോംബെയിലേക്ക്‌ പോയി തിരികെ വരികയാണ്‌.. അദ്ദേഹത്തിന്റെ സന്ദർശനോദ്ദേശ്യം പെങ്ങളെയും അളിയൻസിനേയും കണ്ട്‌ അവിടെത്തെ നിലവാരം നേരിൽ കണ്ട്‌ ബോധ്യപ്പെട്ട്‌ റിപ്പോർട്ട്‌ ചെയ്യുക എന്നതു തന്നെയാണ്‌..

അമ്മ "മോനേ സൂക്ഷിച്ച്‌ പോകണേന്നും" പറഞ്ഞ്‌ കൊടുത്ത അച്ഛന്റെ പൈസയ്ക്കാണ്‌ പോയത്‌..അല്ലാതെ അങ്ങോരുടെ പൈസയ്ക്കല്ല!..അങ്ങേർ കഷ്ടപ്പെട്ട്‌ അദ്ധ്വാനിച്ച്‌ വിഷമിച്ച്‌ യാത്ര തിരിച്ചതാണെന്ന് ഓർത്ത്‌ അങ്ങിനെ പുളിക്കാമെന്ന് ആരും കരുതേണ്ട!..സത്യത്തിൽ ഒരു ഫ്രീ ടിക്കറ്റ്‌...അച്ഛന്റെ പൈസ! അമ്മയുടെ വക!.. ഒരു റിഫ്രേഷ്‌മന്റ്‌ യാത്ര!... ഐ മീൻ വിനോദയാത്ര!..

തിരിച്ചു വന്നത്‌ ഒപ്പം ഒരു വയസ്സനേയും ഇമ്പോർട്ട്‌ ചെയ്തു കൊണ്ടായിരുന്നു..അളിയൻ കൂട്ടിന്‌ ഏർപ്പാടാക്കികൊടുത്ത ഒരു വയസ്സൻ!..നമ്മളുടെ സഹന ശക്തി എത്രത്തോളം വരുമെന്ന ഒരു പരീക്ഷണം..!! അല്ലാണ്ടെന്തു പറയാൻ! ....

അദ്ദേഹം നാടുവിട്ട്‌ പോയിട്ട്‌ വർഷങ്ങളായത്രേ.. നാടു കാണണമെന്ന പൂതി കയറി,കയറി കാടു കയറി നിൽക്കുമ്പോൾ ശല്യമായപ്പോൾ എവിടെയെങ്കിലും പോയി ലേശം സമാധാനം തരട്ടേ എന്നു കരുതി  അദ്ദേഹത്തെ മക്കൾ കയറൂരി വിട്ടതു തന്നെയാണ്‌.. എന്ന് നമുക്ക്‌ തോന്നി.. കെളവൻ പച്ച കോട്ടിലാണ്‌!..അതു ഒരിക്കലും ഊരാറില്ല എന്നു പറഞ്ഞു നമ്മുടെ ചേട്ടച്ചാർ!..
മണത്തോണ്ട്‌ വന്നതല്ലേ..അതിനാൽ എക്സ്പീരിയൻസ്‌ ഉണ്ട്‌ അദ്ദേഹത്തിന്‌! ..നാറ്റത്തിനു മറുമരുന്നായി നല്ല വാസനാ തൈലവും പുരട്ടിയതിനാൽ രണ്ടിന്റെയും മണം ഒന്നു ചേർന്ന് ഓക്കാനം വരും!.. വേണ്ടെന്ന് പറഞ്ഞെങ്കിലും ഇവിടെ ആവശ്യത്തിനു വെള്ളം ഉണ്ട്‌.. പാഴാക്കി കളയുന്നതിന്‌ ഒരു മടിയും വേണ്ട എന്ന് മനസ്സിൽ പറഞ്ഞ്‌ "കുളിച്ചോളൂ ..യാത്ര ചെയ്ത്‌ ക്ഷീണിച്ചതല്ലേന്നും" പറഞ്ഞ്‌ നമ്മൾ നിർബന്ധിച്ചു കുളിക്കാൻ പറഞ്ഞയച്ചു...അയാൾക്ക്‌ പ്രശ്നമില്ലെങ്കിലും നമുക്ക്‌ ജീവിക്കേണ്ടേ.. നല്ല കഥ!

കോളേജിൽ പോക്കെന്ന മഹാവ്യാധി നമ്മെ അലട്ടുന്നുണ്ട്‌..!..അതൊരു ശീലമായതിനാൽ നമുക്കതൊരു വിഷയോം ഇല്യാണ്ടായിരിക്കുന്നു?..

അവർ വന്നയുടനേ കോളേജിൽ പോകാനാഞ്ഞ നമുക്കിട്ട്‌ ചേട്ടച്ചാർ പണി തന്നു.." എടാ ഓടിപ്പോയി.. ചായയ്ക്ക്‌ അങ്ങേർക്ക്‌ കഴിക്കാനുള്ള പഴം, ബിസ്ക്കറ്റ്‌ ,പാല്‌ എന്നിവ വാങ്ങിക്കൊണ്ടു വാ"
"നമുക്ക്‌ കോളേജിൽ പോണം!"-നോം തുറന്നടിച്ചു.
"അതു സാരമില്ല!.. വേഗം ഓടി വാ"
നമ്മളോട്‌ പിടയ്ക്കാൻ പറഞ്ഞ്‌ നല്ല പിടയ്ക്കുന്ന നോട്ടെടുത്തു തന്നു..അതു കണ്ടപ്പോൾ നോം കരുതിപ്പോയി അങ്ങേർ വല്ല കള്ള നോട്ടടിയും തുടങ്ങി ബഹുമാന്യനായോ?...ഒരു പത്തു രൂപ തരുന്ന സിമ്പിൾ അറ്റെംപ്റ്റ്‌!..അതെല്ല ഉദ്യോഗോം പോക്കറ്റിലിട്ടാണോ വരവ്‌!..അങ്ങിനെയല്ലേ ഇക്കാലത്ത്‌..പൈസ എങ്ങിനുണ്ടാക്കീ എന്നാരും ചോദിക്കില്ല.. പത്തു രൂപയുണ്ടെങ്കിൽ വണക്കം തമ്പ്രാന്ന് ആളുകൾ കുമ്പിടും..അത്‌ കട്ടിട്ടോ ചുട്ടിട്ടോന്നൊരു നോട്ടോം ഇല്യാ...മന്ത്രം ചൊല്ലീട്ടായാലും ചുട്ട കോഴീനെ പറത്തീട്ടായാലും കായ്‌ ഉണ്ടാകണം .. അത്രേ വേണ്ടു.. ഒന്നും ഇല്യാത്തോനായാലോ  ചവിട്ടും നായേന്ന മട്ടാ...പക്ഷെ ഇതതൊന്നും അല്ല..ഒപ്പം കിളവനുള്ളതല്ലേ അളിയൻസ്‌ ടിക്കറ്റെടുത്ത്‌ പോക്കറ്റ്‌ മണീസും കൊടുത്ത്‌ വിട്ടിട്ടുണ്ടാകണം..അമ്മ കൊടുത്ത പൈസ ചിലവായിട്ടും ഉണ്ടാകില്ല!.അതേ അതായിരുന്നു സത്യമെന്ന് പിന്നീട്‌ അറിഞ്ഞു...
"നോം ദേഷ്യത്തിൽ നോക്കി..  കിളവനോക്കെ ബിസ്ക്കറ്റും പഴവും പാലുമേ കഴിക്കൂല്ല്യേ... പറ്റിയ പ്രായം!... കുപ്പി പാലു തരാലോ.. ന്റെ കുഞ്ഞിക്ക്‌..നിപ്പിളും വേണോ?"നോം മനസ്സിൽ പറഞ്ഞു..
"നോം ഓടി.."
നമുക്ക്‌ കോളേജിൽ പോകാൻ നേരായിരിക്കുമ്പോഴാ അങ്ങേരുടെ ഒരു എഴുന്നള്ളത്ത്‌!...കൈയ്യും കാലും കാട്ടിയാലും ബസ്സ്‌ നിർത്തില്ല.. പിന്നെ ഹൃദയം വരെ പറിച്ചെറിഞ്ഞ്‌.." മഹാപാപി നിർത്തി താ!" എന്ന് മനമുരുകി പ്രാർത്ഥിച്ചാലാ ഒരു ബസ്സെങ്കിലും നിർത്തുക!
കഴിക്കട്ടേ നല്ലോണം .പാലും പഴവും മാത്രം കഴിച്ച്‌ അങ്ങേരുടെ പശിയടങ്ങിയില്ലേങ്കിലോ?. നോം അഞ്ചു പത്ത്‌ മുട്ട കൂടി വാങ്ങി.."

അങ്ങിനെ കഷ്ടപ്പെട്ട്‌ ഓടി തിരിച്ചു വന്നപ്പോൾ ഒരു വിധം ബസ്സു കിട്ടി കോളേജിലെത്തി ..പിന്നീട്‌ കഷ്ടപ്പെട്ട്‌ തിരിച്ചു വന്നു..

" നമുക്കായി ഏട്ടൻ എന്തൊക്കെ കൊണ്ടു വന്നു സമ്മാനമായി...നോം അതു നോക്കിക്കളയാമെന്ന മട്ടിൽ മുറികൾ കയറിയിറങ്ങി.". മൂന്ന് നല്ല കോലാപ്പുരി ചെരുപ്പ്‌ മൂന്നെണ്ണം, നാലഞ്ചു ഷർട്ടുകൾ അത്രേയ്ക്കൊക്കെയേ സാധനങ്ങൾ ഉള്ളൂ"

നോം കരുതി ബോംബെ മുഴുക്കെ കച്ചോടാക്കി വരും എന്നാ.. അതുണ്ടായില്ല.. പോട്ടേ.. ഉദ്യോഗസ്ഥനൊന്നും അല്ലല്ലോ?.. അൽപം ക്ഷമിക്യാ എന്തേ?.. നോം മനസ്സിനെ അടക്കി..

മതി..അതു മതി.. ഒരു ചെരുപ്പ്‌ നമുക്കായിരിക്കും.. പാവം ബോംബെയിൽ പോയി നമ്മളെ ഓർത്തു വാങ്ങീലോ അതു മതി!.. അച്ഛനെത്ര പാന്റു തയ്പിച്ച്‌ തന്നാലും നമുക്ക്‌ പഴയതിടാനേ യോഗം ഇണ്ടാവൂ,...നമുക്ക്‌ പുതിയ പാന്റോ ഷർട്ടോ തയ്പിച്ചാൽ അങ്ങോർ ഇട്ട്‌ പോകും..അങ്ങേർക്ക്‌ അദ്ദേഹത്തിന്റേതും വേണം നമ്മുടേതും വേണം! ..പഴേതായാലേ നമുക്ക്‌ പിന്നെ കിട്ടു.., നമുക്കൊരു പരാതീം ഇല്ലാരുന്നല്ലോ?..  അപ്പോൾ പിന്നെ നമ്മേ ഓർത്താകണം!"

"നോം അങ്ങിനെ ചെരുപ്പിന്റെ ഭംഗിയോർത്ത്‌ നിൽക്കുമ്പോൾ അദ്ദേഹം വന്നു...
ചോദിക്കാനെന്തിരിക്കുന്നു.. അതെ.. എന്നാലും നോം ചോദിച്ചു.."ഒരു ചെരുപ്പ്‌ നമുക്കായിരിക്കും ..ല്ലേ"

 "ഹേയ്‌ നിനക്കോ? അത്‌ ഒന്ന് എനിക്കും.. മറ്റു രണ്ടെണ്ണം കൂട്ടുകാർ പറഞ്ഞിട്ടും വാങ്ങിയതാ"- അദ്ദേഹം.
"എപ്പോൾ ഷർട്ട്‌!"
"അതും കൂട്ടുകാർ പറഞ്ഞിട്ട്‌ വാങ്ങിയതാ"
..നോം ഒന്നും മിണ്ടീല..ങാ പോട്ടേ സാരമില്ല!.. നമ്മോട്‌ അദ്ദേഹത്തിന്റെ സ്നേഹം നോം എത്ര കണ്ടിരിക്കുന്നു...!..അതിനാൽ അതൊരു വിഷയമേ അല്ല!...
" അപ്പോൾ ഇവനൊന്നും ഇല്ലേടാ.. നിനക്കു ഞാൻ കുറേ പൈസ തന്നതല്ലേ.. ഇവനെന്തെങ്കിലും നിനക്കു വാങ്ങാമായിരുന്നില്ലേ"-അമ്മ
അവൻ ഒരു നൂറു രൂപാ നോട്ടെടുത്തു അയ്യായിരം ഉലുവ തരുന്ന ഗമയിൽ തന്നു ഞെളിഞ്ഞ്‌ നിന്നു പറഞ്ഞു .. "..നല്ല ചെരുപ്പ്‌ വാങ്ങിക്ക്‌ തീർന്നൂലോ ഇവന്റെ പരാതി!"

നോം പോയി ബാറ്റാ ഷോറൂമിൽ നിന്നും നല്ല ഒരു ചെരുപ്പ്‌ നൂറു രൂപാ കൊടുത്ത്‌ വാങ്ങി വന്നു..അന്ന്  നൂറ്‌ രൂപയ്ക്ക്‌ നല്ല തുകൽ ചെരുപ്പ്‌ കിട്ടും...അവൻ നമ്മെ തെറി പറഞ്ഞു.. " നോക്കിയേ.. നൂരു രൂപായുടെ ചെരുപ്പാ അവൻ ഉപയോഗിക്കുന്നത്‌.. ഞാൻ വെറും 30 രൂപായുടെ ചെരുപ്പാ ഇന്നും ഇടുന്നത്‌.. ഇതു കളഞ്ഞാലുണ്ടല്ലോ!"

അമ്മ പറഞ്ഞു " സാരമില്ല..അവന്‌ നീയ്യൊന്നും കൊണ്ടു വന്നില്ലല്ലോ?...അവനൊന്നിനും വാശി പിടിക്കാറും ഇല്ലല്ലോ?"
"വല്യ ആളുകളേ പോലെയാ ഇവൻ കോളേജിൽ പോകുന്നത്‌.. അമ്മ കണ്ടല്ലോ.. ആ ചെരുപ്പ്‌ വേഗം കളയുകയോ മറ്റോ ചെയ്താലുണ്ടല്ലോ പറഞ്ഞേക്കാം"-അവനോൻ അധ്വാനിച്ച പൈസ തന്ന പോലെ അദ്ദേഹം നമുക്ക്‌ താക്കീത്‌ തന്നു..

അതു കേട്ട്‌ ഭയന്ന് നോം ആ ചെരുപ്പ്‌ ഒരു ദിവസം മാത്രം ഇട്ടു..പിറ്റേന്ന് പഴയ ചെരുപ്പ്‌ ഇട്ടു.... നമുക്ക്‌ വയ്യ ഇദ്ദേഹത്തിന്റെ തെറിവിളി കേൾക്കാൻ !.. ചെരുപ്പെങ്ങാനും പൊട്ടി പോയാൽ ഇദ്ദേഹം നമ്മുടെ കരളു മാന്തിപ്പറിക്കും അതിനാൽ ശ്രീ രാമൻ, ഭരതന്‌ തന്റെ മെതിയടി കൊടുത്തപ്പോൾ ചെയ്ത പോലെ കോളേജിൽ പോകുമ്പോൾ ചെരുപ്പ്‌ ഊരി തലയിൽ വെച്ചു നടക്കണോ എന്നു വരെ നമ്മുക്ക്‌ തോന്നി..

രണ്ടു ദിവസം കഴിഞ്ഞപ്പോൾ ആ മാന്യദ്ദേഹം മെല്ലെ സ്നേഹപൂർവ്വം നമ്മെ സമീപിച്ചു.. " നീ ഉപയോഗിക്കുന്നില്ലെങ്കിൽ ആ ചെരുപ്പ്‌ ഞാനിടാം!"-- ഉദാര മനസ്കത!

" നോം കരുതി.. പോട്ടെ സാരമില്ല.. ഏട്ടനല്ലേ..അവൻ നന്നായാൽ നമുക്കും ഗുണം ഉണ്ടാവില്ലേ.. അപ്പോൾ ഒരു ത്യാഗം!..അദ്ദേഹം നല്ല നിലയിൽ നടന്നോട്ടേ..നമുക്കൊരു പരാതീം ഇല്ല്യാ!"
ആ ശ്രീമാൻ നമ്മുടെ ചെരുപ്പും ഇട്ട്‌ അങ്ങിനെ ഉലാത്തി!.. പേരു നമുക്കും ഗുണം അവനും!.. അവൻ മാറി മാറി പല പല ചെരുപ്പുകൾ ഇട്ടു നടന്നു..!..നോം നമ്മുടെ പഴയ ചെരുപ്പും!

..അപ്പോൾ പറഞ്ഞു വന്നത്‌ ഒപ്പം വന്ന ആ വയോധികൻ നമ്മെ കാത്തു നിന്നു... അദ്ദേഹത്തിനു ഊരു ചുറ്റണം പോലും..കൂട്ടി കൊണ്ടു വന്ന മാന്യ ദേഹത്തിനു മടി.. കിളവന്റെ കൂടെ നടക്കാൻ!

നോം അങ്ങിനെ അദ്ദേഹത്തെ കൂട്ടി ഊരു ചുറ്റി... അദ്ദേഹത്തിനു ഹിന്ദിയേ വായിൽ വരൂ..നമുക്ക്‌ നോ പ്രോബ്ലം..!... ആംഗ്യഭാഷ പിന്നെ എന്തിനാ.. ലോകത്തുള്ള സമസ്ത ഭാഷയും അതിന്റെ പുറകിൽ നിൽക്കണം.. ആംഗ്യ ഭാഷയാ ലോകത്തുള്ള സമസ്ത ഭാഷകളുടെയും മാതാവ്‌!.. നമുക്കാച്ചാൽ അതു നല്ലോണം അറിയേം ചെയ്യാം!..അതിൽ ഡോക്ടറേറ്റ്‌ ഇല്യാത്തതിനാൽ കിട്ടിയില്ല.. !
നോം ..ജി ഹാം.. ജി നെഹി എന്നൊക്കെ പറഞ്ഞപ്പോൾ അദ്ദേഹത്തിനു തൃപ്തിയായി...കൂടുതൽ എന്തൊക്കെയോ പറഞ്ഞപ്പോൾ നോം ആസ്വദിച്ചു ചിരിച്ചു.. മതി..മനസ്സിലാകാത്തതു പറഞ്ഞാൽ ചിരിച്ചാൽ മതി!.. അദ്ദേഹം ഹാപ്പി!.ആളുകൾ നമ്മെ നോക്കുന്നു... ഖൂർഖയേ പോലെ ഡ്രസ്സു ചെയ്ത കിളവനേയും കൂട്ടി ഹിന്ദിയിൽ പൊടി പൊടിച്ചു വർത്തമാനം പറയുന്ന ഇവനാളു കൊള്ളാലോ?..
" ഒരാൾ നമ്മോട്‌ കണ്ണോണ്ട്‌ ആംഗ്യം കാട്ടി.." ആരാ ഇദ്ദേഹം?"
നോം പറഞ്ഞു മുംബൈയിൽ നിന്നും ചേട്ടച്ചാരുടെ കൂടെ നാടു കാണാൻ വന്നതാ..പേടിക്കേണ്ട.. നാളെ പോകും!"

പല പല കഷ്ടപ്പാടും സഹിച്ചു കോളേജിൽ പോകുമ്പോഴും പോയി വന്നാലും സൗര്യം തരാതെ നമ്മെ വട്ടം ചുറ്റിച്ച ആ മഹാപാപി വൃദ്ധനെ ഒരു വിധത്തിൽ നോം തന്നെ വണ്ടിയിൽ കയറ്റി മുംബൈക്ക്‌ തന്നെ എക്സ്പോർട്ടു ചെയ്തു...
 
---------------------------------------------------------------------------------------------------------
N:B
 
നമുക്കൊരു കാര്യോം ഇല്ലായിരുന്നെങ്കിലും...അമ്മമ്മയ്ക്ക്‌ വേണ്ടി നമ്മുടെ ജ്യേഷ്ഠൻ എന്ന മാന്യ ദേഹം ചെറുപ്പത്തിലേ ഒരു പാട്‌ കഷ്ടപ്പെട്ടിരുന്നു എന്നത്‌ സ്മരിക്കാതെ വയ്യ.. അത്‌ നോം സത്യത്തിനു നേരെ കണ്ണടക്കുന്നതിനു തുല്യമാകും!..ആഴ്ചയ്ക്കാഴ്ചയ്ക്ക്‌ ഡോക്ടറേ വീട്ടിലേക്ക്‌ കൂട്ടി കൊണ്ടു വരിക...ഡോക്ടറദ്ദേഹത്തെ കൊണ്ടു വിടുക..ഡോക്ടർ കുറിച്ചു കൊടുക്കുന്ന മരുന്ന് വാങ്ങി.അർദ്ധരാത്രി ധൈര്യത്തോടെ തലങ്ങും വിലങ്ങും നോക്കാതെ കണ്ണും പൂട്ടി കിലോമീറ്ററോളം ഓടിക്കൊണ്ടു വരിക.. എന്നതൊക്കെ അദ്ദേഹത്തിന്റെ വകുപ്പ്‌ തന്നെയായിരുന്നു..ഇതൊക്കെ വല്യ പണിയാണോന്ന് ചിലർ പറഞ്ഞേക്കാം... ആ പരിഹസിച്ചവരുടെ ഒരു കാര്യവും ആവശ്യസമയത്ത്‌ അമ്മമ്മയ്ക്ക്‌ കിട്ടിയിരുന്നില്ല..എന്തിന്‌ പ്രമേഹം എന്നത്‌ അന്ന് അത്യപൂർവ്വ രോഗമായിരുന്നു..അതിനാൽ എന്തൊക്കെയാണ്‌ ചെയ്യേണ്ടത്‌ എന്ന കാര്യത്തിൽ ഭയവുമായിരുന്നു.. അമ്മമ്മയുടെ ഒരു കാലും ഒരു കൈയ്യും തളർന്നിരുന്നു.. ആ അമ്മമ്മയെ ഒരിക്കലെങ്കിലും പിടിച്ചെഴുന്നേൽപ്പിക്കാൻ കൂടെ കൂടെ നിൽക്കാത്തോർക്ക്‌ എന്തും പറയാം..സ്വന്തം കാര്യലാഭത്തിനായി നുണയും നൊട്ടയും പറഞ്ഞു നടക്കാം.. പക്ഷെ അത്‌ ദൈവ നിന്ദയാകുമെന്ന് മാത്രം...മാത്രമല്ല അന്ന് വാഹനസൗകര്യം അത്രയ്ക്കൊന്നും ഇല്യാതിരുന്ന സമയത്ത്‌ രാവെന്നോ പകലെന്നോ നോക്കാതെ കിലോ മീറ്ററോളം ഓടിക്കൊണ്ടും, നടന്നു കൊണ്ടുമാണ്‌ ഡോക്ടറെ വിളിക്കാനും മറ്റും ഒറ്റയ്ക്ക്‌ എട്ടാം ക്ലാസ്സോ ഒൻപതാം ക്ലാസ്സിലോ അന്ന് പഠിക്കുന്ന അദ്ദേഹം പോകാറ്‌..മാത്രമല്ല മരുന്ന് ആഴ്ചയ്ക്കാഴ്ചയ്ക്കെന്ന പോലെ ഡോക്ടർ മാറ്റുകയും ചെയ്യും..ഈ രണ്ടു ദിവസം കൂടുമ്പോൾ എന്ന പോലെ  മൂത്രം ടെസ്റ്റ്‌ ചെയ്യാനും ഇതു പോലെ ദൂരെയുള്ള ലാബിലേക്ക്‌ ഓടി കൊണ്ടും നടന്നു കൊണ്ടും പോകണം.. അതിന്റെ റിപ്പോർട്ട്‌ ഡോക്ടർക്ക്‌ നൽകി മരുന്നു മാറാനും.!! .ഈ ടെസ്റ്റു നടത്തുന്നതിൽ നിന്നും ഒരു പക്ഷെ തെല്ലൊരാശ്വാസം വന്നത്‌ ടെസ്റ്റ്‌ നടത്താനും ഇൻസുലിൽ ഇഞ്ചെക്ഷൻ എടുക്കാനും അറിയുന്ന അമ്മായിയുടെ വരവോടെയാണ്‌..അല്ലാത്ത സമയത്ത്‌ പൈസ വേണ്ട വേണ്ട എന്ന് പറഞ്ഞ്‌ കൈ നീട്ടി പൈസ വാങ്ങിക്കുന്ന ഒരു കമ്പോണ്ടർ അദ്ദേഹമാണ്‌ ഇൻസുലിൻ എടുത്തു കൊണ്ടിരുന്നത്‌!

സമർപ്പണം!

ഒ‍ാരോ ജന്മവും
പ്രഭാതത്തിൽ,
ബ്രാഹ്മണനായി,
കൈകാലിട്ടടിച്ച്‌,
ക്ഷത്രിയനായി,
മദ്ധ്യാഹ്നത്തിൽ
വൈശ്യനായി,
പ്രദോഷത്തിൽ
ശൂദ്രനായൊടുങ്ങുന്നു.

കിഴക്ക്‌ ജ്ഞാന മണ്ഡലം,
പടിഞ്ഞാറ്‌ സത്യ മണ്ഡലം,
വടക്ക്‌ സമ്പന്ന മണ്ഡലം,
തെക്കോ ആത്മീയ മണ്ഡലം!

കിഴക്ക്‌ നോക്കി നമസ്ക്കരിച്ച്‌,
പടിഞ്ഞാറ്‌ നോക്കി ആശ്ചര്യപ്പെട്ട്‌,
വടക്കു നോക്കി നടന്നു നടന്നു,
തെക്കോട്ടുള്ള യാത്രകണ്ട്‌
കിതയ്പ്പോടെ നിന്നു!

ആരോ യാചിച്ചു വാങ്ങിയ,
ചെറുമാവിൻ കൊമ്പിന്റെ,
ചുള്ളി വിറകിലൊടുങ്ങി,
സർവ്വ പാപങ്ങളും,
അഗ്നിദേവനിൽ തർപ്പണം!

എന്റേതായൊന്നുമില്ല,
എനിക്കായൊന്നുമില്ല,
സ്മൃതികൾ നിങ്ങൾക്കേകി,
നശിക്കാത്തൊരാത്മാവായ്‌,
ഞാൻ മോക്ഷമാവട്ടേ!
ദൈവത്തിങ്കലേക്ക്‌ ,
മടങ്ങട്ടേ!

അറിവില്ലായ്മയാലൂറിയ
അഹങ്കാരത്താൽ,
ചെയ്തൊരീ വികൃതികൾ,
മാപ്പാക്കിടേണം,
പുറം പാളിയിൽ തീർത്തൊരരക്കില്ല-
മഗ്നിയിൽ ചാമ്പലാകും മുന്നേ,
സമർപ്പിക്കുന്നൂ എന്നെ-
നിൻ കാൽക്കൽ,
ഹൃദന്തമെൻ ശുദ്ധം!
ഭയപ്പാടു മുറ്റി സ്വരക്ഷയ്ക്കായി
ചീറ്റിക്കൊണ്ടിരുന്നതാണെൻ
നാവും, വാക്കുമെന്നറിഞ്ഞാലും.

ആരോടും ദേഷ്യമില്ലാതെ,
പരിഭവങ്ങളേതുമില്ലാതെ,
സ്നേഹത്തിലൂർന്നുണ്മയിൽ,
തലചായ്ച്ചുറങ്ങീടാൻ,
ഒരിക്കൽ ഞാനും യാത്രയായീടും.
പുഞ്ചിരിച്ചൂർന്നു ചിരിച്ചെന്നെ,
കൈവീശി യാത്രയാക്കീടേണ-
മെല്ലാം മറന്നു നീ!

ഒരിക്കൽ കൂടി മാപ്പ്‌,
തെറ്റു ചെയ്തില്ലയെങ്കിലും,
കുറ്റമായെന്തെങ്കിലും,
അറിയാതെയെന്നിലുണർന്ന്,
നിന്നെ പുണർന്നിപ്പോഴും
നിൽക്കുന്നുവെങ്കിൽ,
നിൻകണ്ണിൽ അറിയാതെ,
ഒരു കണ്ണീർ തുള്ളിയെങ്കിലും,
പൊഴിഞ്ഞു പോയെങ്കിൽ!

ഒ‍ാരോ നിമിഷവും,
നിന്നെയോർത്തൊർത്തിരുന്നെന്നെ-
മറന്നു ഞാൻ നിനക്കായി,
പ്രാർത്ഥിച്ചീടവേ,

ഒ‍ാരോ പ്രഭാതവും പ്രദോഷവും
നിന്റെ ചിന്തകളാലെൻ മനം
കലങ്ങി മറിയവേ,
ഞാനോതിയ പരുഷവാക്കുകൾ,
നിന്നോടുള്ളമിതസ്നേഹത്തിൻ,
വിശ്വാസ്യത;
നിന്നെ ഞാനെത്ര
സ്നേഹിക്കുന്നുവെന്നു
ഹൃദയം തുറന്നു കാട്ടാനുള്ള,
ആലസ്യത;

നിന്റെ ശാപമെന്നെ,
കാർന്നു തിന്നുമ്പോഴുമെൻ മനം
അനുഗ്രഹിക്കാൻ
കരങ്ങളുയർത്താനാജ്ഞാപിച്ചിടും!
നന്മയായി, തേജസ്സായി
മാറുക; എന്റെയീ ജന്മം,
പാഴെങ്കിൽ ക്ഷമിക്കുക!

വ്യാഴാഴ്‌ച, ഒക്‌ടോബർ 21, 2010

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...(ഇരുപത്തി എട്ടാം സർഗ്ഗം)

നോം ഒന്നും അറിഞ്ഞില്ല!... അല്ലേങ്കിലും ഒരു ബർമുഡക്കാരൻ പയ്യനെ വീട്ടിലുള്ള രഹസ്യങ്ങൾ മുഴുക്കെ അറിയിച്ചു കൊള്ളാൻ നോം മഹാരാജനൊന്നും അല്ലല്ലോ?... എന്നാലും അങ്ങിനെയല്ലല്ലോ.. . എവിടെയെങ്കിലും നൂണ്ടിറങ്ങി, താനല്ലാത്ത ഭാവത്തിൽ നിന്ന് , ആരെങ്കിലും പറയുമ്പോൾ വായ നോക്കി, നോക്കി മനസ്സിലാക്കണം..എന്തൊക്കെ സഹിച്ചാ ഈ ചാരപ്പണി!.. അവരോ പറഞ്ഞു തരില്ല എന്നാൽ  നമ്മൾ സ്വയം മനസ്സിലാക്കാമെന്ന് വെച്ചാൽ വല്യോരെല്ലാം പറയും.." എടാ...ചെക്കാ... വേഗം പോയ്ക്കോ... ഒരു പാട്‌ പഠിക്കാനില്ലേ നിനക്ക്‌.. നൊണയും കേട്ട്‌ നിക്കുവാണോ?.. ഓടിക്കോ.."..

അല്ലാത്തപ്പോഴെല്ലാം ഈ പറയുന്ന ചെക്കന്മാരുടെ തോണ വേണം എന്തിനും ഏതിനും!..തേങ്ങ പെറുക്കാനും മാങ്ങ പെറുക്കാനുമെല്ലാം!..ആവശ്യം കഴിഞ്ഞാൽ ചെക്കന്മാർ വെറും കറിവേപ്പില!..
അവർ തമ്പുരാക്കന്മാരും നമ്മൾ വെറും നൂറുവാര അകലെ നിൽക്കേണ്ട അധ:കൃതരും!

എന്താ കഥ!.. കലികാലം!..നമ്മൾ പിള്ളേരായാലുള്ള തൊന്തരവേ..വല്യോർക്ക്‌ നമുക്ക്‌ മനസ്സിലാവുന്ന ഭാഷയിൽ പറഞ്ഞു തന്നാലെന്താ?...പൂച്ച വിഴുങ്ങ്വോ അവരെ?..അഥവാ പൂച്ച പിടിക്കാൻ വന്നാൽ നമ്മൾ വിട്ടു കൊടുക്ക്വോ അവരെ..?...അപ്പോൾ പിന്നെ വെറും കാൽ കാശിനു കൊള്ളാത്ത ഭീതി !..അല്ലാണ്ടെന്താ?.

.... പക്ഷെ ആരും ഒന്നും അറിഞ്ഞീല... ആരെയും അറിയിക്കാതെ അമ്മ നമ്മേക്കാൾ കുറച്ചധികം മൂത്ത്‌ നമുക്കൊരു കാര്യമില്ലെങ്കിലും റേഷൻ കടയിലെ കാർഡിലും മറ്റും മൂത്തവനെന്ന് എഴുതാനും നാട്ടുകാരെ കൊണ്ടും വീട്ടുകാരെ കൊണ്ടും നിന്റെ ജ്യേഷ്ഠനാ അവൻ, അവന്റെ ചെയ്ത്താ ചെയ്ത്ത്‌ എന്നും പറയിച്ച്‌ നമ്മെ പരിഹസിച്ച്‌ ചിരിക്കാനും അതൊക്കെ ഓർത്ത്‌ അന്തർമുഖനായി നോം വിഷമിക്കാനും മാത്രം വിശാലമായി പിന്നീട്‌  വളർന്ന പുത്രനെ സ്വകാര്യം വിളിച്ചു വീട്ടിന്റെ മുകൾ നിലയിലേക്ക്‌ പോയി.. ഗുരു ശിഷ്യന്‌ രഹസ്യമന്ത്രം ഓതിക്കൊടുക്കാൻ ആരും ഇല്ലാത്ത, ആരും ശല്യപ്പെടുത്താത്ത സ്ഥലം തിരഞ്ഞെടുത്തതു പോലെയായിരുന്നു ആ യാത്ര..!.. തികഞ്ഞ അച്ചടക്കം!.. മൗനം!..മുഖത്തെ ഗാംഭീര്യം പൂർവ്വാധികം ശോഭിച്ചു നിൽക്കുന്നു.....!
"..എന്താ അമ്മേ സംഭവം?.." - അവൻ.
"..ഒന്നൂല്യ... വാ പറയട്ടേ....നിന്നോടൊരു കാര്യം ചോദിക്കാനുണ്ട്‌.." - സ്നേഹപൂർവ്വം അമ്മ..
"..നോം ശ്രദ്ധിച്ചു...ഇതെന്താ രഹസ്യ മന്ത്രമോ മറ്റോ ആണോ.. ആരും കാണാതെ അമ്മ അവന്‌ എന്തൊക്കെയാ കൊടുക്കുന്നത്‌?.. ഏതൊക്കെയാ കൊടുക്കുന്നത്‌ എന്നൊന്നും അറിയാൻ പറ്റീലെങ്കിലോ?.. അതൊരു വൻ വീഴ്ചയായിരിക്കും.. നമുക്കും കണക്കു പറഞ്ഞു വാങ്ങാമല്ലോ?.. അവന്‌ അത്രേയ്ക്കെങ്കിൽ അമ്മയുടെ ഇളയ പുത്രനായ നമുക്കെത്രെ തരണം? നമുക്കെന്തൊക്കെ തരണം.. കണക്കുകൾ കൂട്ടിക്കൂട്ടി ഒരൂ നിശ്ച്യോം ഇല്യാണ്ടായിരിക്കുന്നു..."

അവനെ ഒരു റൂമിനുള്ളിലാക്കി അമ്മ പറഞ്ഞു " നീയ്യിവിടെ നില്ല്.. ഞാനിപ്പോൾ വരാം!"

പിന്നെ കാണുന്നത്‌ സിനിമേലെ സ്റ്റണ്ട്‌ പടം കാണുന്ന അനുഭവമായിരുന്നു... നോം എന്തായീ കാണണേന്റെ ശിവനേ.... അടുക്കി പിടിച്ചിരുന്നു ബർമുഡക്കാരനായ നോം അന്തിച്ചു പോയി... സംഭവം കുശാൽ!.. നമുക്കെല്ല അവന്‌..!

ഒരു ചൂലെടുത്ത്‌ കൊണ്ട്‌ വന്ന് അമ്മ അവനെ ആഞ്ഞടിക്കുകയാണ്‌.. ഇടയ്ക്ക്‌ കൈ പ്രയോഗവും!... "ന്റെ ശിവനേ.!. നമുക്കൊന്നും വേണ്ടായേ.. ഒക്കെ മൂത്തവനായ അവന്‌ തന്നെ കൊടുത്തോ..അല്ല്ലേങ്കിലും മൂത്തവനല്ലേ യദാർത്ഥത്തിൽ അതിനർഹത!.. നമ്മളങ്ങനെ ആവശ്യമില്ലാത്തത്‌ എന്തും മോഹിക്കമോ?.. നമുക്കങ്ങിനെയുള്ള ഒരു ആഗ്രഹവും ഇല്ലേ.... നേരത്തെ ആഗ്രഹിച്ചതെല്ലാം നോം ഞൊടിയിടകൊണ്ട്‌ വേണ്ടെന്നു വെച്ചു....ആർക്കെങ്കിലും നന്മ വരുന്ന കാര്യം വെറുതെ നമ്മളായിട്ട്‌ തട്ടിയെടുത്താൽ തീർത്താൽ തീരാത്ത ശാപം കിട്ടും!... അത്‌ മുൻ ജന്മത്തിൽ നിന്ന് പറിച്ചു നട്ടതാണ്‌, ഒടിച്ചു നട്ടതാണെന്നൊന്നും പിന്നീട്‌ കാറി വിളിച്ചിട്ട്‌ കാര്യമില്ല.. തടി കേടാകുന്ന ഇടപാടാ..!.

അമ്മയുടെ അടികൊണ്ട്‌ അവൻ പുളയുകയാണ്‌...കരയുകയാണ്‌...

" ഇനിയിത്‌ ആവർത്തിക്ക്യോ?..." അമ്മയുടെ കർശന സ്വരം!..

അവൻ കരഞ്ഞു കൊണ്ട്‌ പറഞ്ഞു .." ഇല്യാ... ഇല്യാ.. ഇല്യാ...".. കിട്ടേണ്ടത്‌ കിട്ടുമ്പോൾ ഏതവനും എന്തും പറയും!...അത്‌ ഇന്നത്‌ എന്നൊന്നും ഇല്യ..തോന്നുന്നതെന്തും!..ഇല്യാ എന്ന് പറഞ്ഞാൽ അടി കിട്ടില്ലെങ്കിൽ ഇല്യാന്നു പറയും.. ഉണ്ട്‌ എന്ന് പറഞ്ഞാൽ അടി കിട്ടില്ലെങ്കിൽ ഉണ്ട്‌ എന്ന്..ആൻസർ സമയവും സന്ദർഭവും നോക്കി..മാറാം.. മറിയാം..

." ...അങ്ങിനെ നീ നമ്മളെ നാണം കെടുത്തിയാൽ നിന്നേം കൊന്നു ഞാനും ജീവനൊടുക്കും... അല്ലെങ്കിൽ തന്നെ ഒരു കാരണവും ഇല്ലേങ്കിലും നമ്മളെ ചവിട്ടിത്താഴ്ത്താൻ ബന്ധുക്കൾ തക്കം പാർത്തിരിക്കുകയാ അതിന്റെ കൂടെയാ ഇതും...!"- അമ്മ സങ്കടപ്പെട്ടു പറഞ്ഞു..

...വീണ്ടും നിരാശയോടെ, സങ്കടത്തോടെ ഒ‍ാരോന്നും പറഞ്ഞു ഓടിപ്പോയി വീണ്ടും അമ്മ പൊയ്ത്തു തുടങ്ങി... അവൻ ചാവും എന്നായപ്പോൾ നോം കരുതി അതു ഫൗൾ!....അവൻ പശ്ചാത്തപിച്ചൂലോ?.. ഇനി നന്നാവും.!.. ... ശബ്ദം കേട്ട്‌ മറ്റുള്ളവരും ഓടി വന്നു..അവന്റെ കരച്ചിൽ കണ്ട്‌ സഹിക്കവയ്യാതെ പെങ്ങളും നോമും അമ്മയുടെ പിന്നെത്തെ അടി ലേശം ഷെയർ ചെയ്തു..പോട്ടെ സാരമില്ല..ഒരേ വയറ്റിൽ പിറന്നോനല്ലേ..!

".. എന്താ സംഭവം?..ഭൂമികുലുക്കത്തിന്‌ ഒരു വിധം ശമനമായപ്പോൾ അന്വേഷിക്കപ്പെട്ടു...
."... ഇവന്‌.. ഈ കഴുതയ്ക്ക്‌ പ്രേമാത്രെ..മുട്ടയിൽ നിന്ന് വിരിഞ്ഞില്ല..ഇതിനാണോ ഇവരെ പോറ്റുന്നത്‌?..ആളെ കൊണ്ട്‌ പറയിപ്പിക്കാൻ..! !"- അമ്മയുടെ കണ്ണും കലങ്ങിയിരുന്നു..

"പോട്ടെ അമ്മേ നമ്മൾ കരഞ്ഞു പറഞ്ഞു .." ഇനി അങ്ങിനൊന്നും ഉണ്ടാവില്ല!".. അന്ന് നമ്മൾ നമ്മുടെ ആഗ്രഹം പറഞ്ഞു ..പക്ഷെ എവിടെ? .. അതുണ്ടായില്യ...നന്നാവാത്തോനെ എളവൂർ തൂക്കം നടത്തിയാലും വികൃതിയും കൊണ്ട്‌ നടക്കും..!

".. നിങ്ങളുടെ മകന്‌ കലശലായ പ്രേമാത്രെ....ഇനി വേഗം മകനെ കെട്ടിച്ചു കൊടുത്തോ..പോറ്റാൻ ചെലവിനു കൊടുത്തോ..ട്രൗസർ ഇട്ടു നടക്കുന്ന പ്രായല്ലേ...വളരും വരെ കുറച്ചു ഗോലിയും വാങ്ങിക്കൊടുത്തോ.... എന്താ നിങ്ങൾക്ക്‌ പറ്റില്ലേ..."..എന്നൊക്കെ പറഞ്ഞ്‌ വല്യമ്മയുടെ മക്കൾ അമ്മയെ അറ്റാക്കു ചെയ്തത്രെ!...

ആകെ തകർന്ന് വല്ലാതായ അമ്മ പൊട്ടിക്കരഞ്ഞാണ്‌ അന്ന് വീട്ടിലെത്തിയത്‌... അതിന്റെ പ്രത്യാഘാതമാണ്‌.. നോം ഈ കണ്ടത്‌!.നോം വല്ലാതായി.. അമ്മ കരയുന്നു.. തളരുന്നൂ...മക്കൾ നല്ലോണം നന്നായി ആരെകൊണ്ടും പറയിക്കാതെ അഭിമാനത്തോടെ നടക്കണം ന്ന് കരുതി ആഗ്രഹിച്ചു നടന്ന അമ്മയ്ക്ക്‌ അവൻ നൽകിയ പ്രഹരം അമ്മയ്ക്ക്‌ താങ്ങാൻ പറ്റാവുന്നതിലും അധികമായിരുന്നു ഒപ്പം നമ്മൾക്കും!...
 
പ്രേമത്തിന്‌ കണ്ണില്ല.. കാലില്ല..മൂക്കില്ല.. ചെവിയില്ല.. ചെതുമ്പലില്ല...എന്തിന്‌.. ബന്ധങ്ങൾ പോലും ഇല്ല എന്ന് പിന്നെ വലുതായപ്പോൾ മനസ്സിലായി....നോം ഒറ്റപ്പെടുന്നുണ്ടോ?... ഊവ്വ്‌ നോം ഒറ്റപ്പെടുന്നുണ്ട്‌.. അന്നേ നോം ഒറ്റപ്പെട്ടിട്ടാണല്ലോ?..അപ്പോൾ പിന്നെ സംശയം എന്തിന്‌!
 
 
 

തിങ്കളാഴ്‌ച, ഒക്‌ടോബർ 18, 2010

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...(ഇരുപത്തി ഏഴാം സർഗ്ഗം)

പൊസ്തകവും കൈയ്യിലേന്തി ബസ്സിന്റെ അരികെ കനിവിനായി കാത്തു നിന്നു നിന്ന് കിനാവു കണ്ടു മടുത്ത നമ്മളോട്‌ കയറുവാൻ അനുജ്ഞയായീന്നും പറഞ്ഞ്‌ കിളി ബെല്ലു കൊടുത്തു..നമ്മളൊക്കെ അറിയാതെ പോലും നോക്കി പോകാത്ത പെൺകിടാങ്ങളെ,അവരെന്തു വിചാരിക്കും എന്നോർത്ത്‌ നോക്കി നിന്നു, നോക്കി നിന്നു വെള്ളമിറക്കി ചായ പോലും കുടിക്കാൻ സമയം കിട്ടാതെ ബീഡി പുകച്ചു തീർത്ത ഡ്രൈവറേമാൻ ജയൻ ഹെലികോപ്റ്ററിലേക്ക്‌ എന്ന വണ്ണം ബസ്സിൽ ചാടിക്കയറി വളയം പിടിച്ചു...

"മാടായിക്കാവ്‌, പിലാത്തറ..പഴയങ്ങാടി, പുതിയങ്ങാടി."
"മാടായിക്കാവ്‌, പിലാത്തറ..പഴയങ്ങാടി, പുതിയങ്ങാടി"

....അവസാനവട്ടത്തെ വരവിളി കൂടി കിളിയൻ ചേട്ടൻ നിർവ്വഹിച്ചു!

"എടാ നീ മുപ്പത്‌ പൈസ താ നിന്റെ പൈസ ഞാൻ കൊടുക്കാം."- ഫ്രെണ്ടാണ്‌.!...ഫ്രെണ്ടിച്ചു ഫ്രെണ്ടിച്ച്‌ നമ്മുടെ പൈസ വാങ്ങി നമ്മുടെ ആവശ്യം അവൻ നടത്തിതരും...അഞ്ചു നയാ പൈസ കളയാനല്ല .. .ആവശ്യത്തിനാണ്‌ ..അല്ലാതെ നാട്ടു കൂട്ടം വിളിച്ച്‌ ചേർത്ത്‌ കള്ളടിച്ചു നടക്കേണ്ട പ്രായോം വെളിവും അവനായിട്ടില്ല..നമ്മേക്കാൾ പാവം പച്ച പശു!..

..നോം അവന്‌ മുപ്പത്‌ പൈസ കൊടുത്തു..ആ മഹാനിധി നമ്മോട്‌ പൈസ വാങ്ങിക്കയും ചെയ്യും എന്നിട്ട്‌ അവനാണ്‌ നമ്മെ പോറ്റിവളർത്തി വലുതാക്കിയതെന്ന ഭാവത്തോടെ ഞെളിഞ്ഞു നിൽക്കുകയും ചെയ്യും.. എന്തു ചെയ്യാം ഫ്രെണ്ട്‌ നമ്മുടെ തലേൽ കയറി നെരങ്ങുന്നെങ്കിലും നോം ക്ഷമിക്കയാണെന്ന് അവൻ അറിയുന്നില്ലല്ലോ ദൈവമേ!.. ആ നിഷ്കളങ്കനെ നോം ഒന്നും പറയാതെ വെറുതെ വിട്ടു.. ഏതോ ആളുടെ അമ്മാവൻ പ്രാഞ്ചി പ്രാഞ്ചി എഴുന്നേൽക്കുന്നു.. ..അദ്ദേഹത്തെ ഒരു വിധം യാത്രയാക്കി. നോം സീറ്റ്‌ ആർക്കും കൊടുക്കാതെ അതിവിദഗ്ധമായി കൈക്കലാക്കി ആഞ്ഞിരുന്നു..അവൻ നമ്മെ നേരയിരുത്തില്ല എന്ന ഭാവം! .. നമ്മെ തള്ളി അവനും ഇരുന്നു ..ഒട്ടകത്തിനു കൂടാരത്തിൽ തല വെക്കാൻ സ്ഥലം കൊടുത്തതു പോലെ അവനെന്നെ സീറ്റിൽ നിന്നും പുറത്താക്കിയ പോലായി... നോം ഒന്നും പറഞ്ഞില്ല.. നമ്മുടെ ചിലവിൽ അവനും ഒന്നിരുന്ന് ആശ തീർത്തോട്ടേ..!...ബസ്സ്‌ പകുതിയോളം കുതിച്ചു പാഞ്ഞു...
പെട്ടെന്ന് അതു സംഭവിച്ചു..

. ...പ്രായായില്ലേ നമുക്കിങ്ങനെ കുതിച്ച്‌ പായാൻ വയ്യ കിടാവേന്നും പറഞ്ഞ്‌ ബസ്സ്‌ ഒരു നിൽക്കൽ!. ഇല്ലത്തു നിന്നു പുറപ്പെടുകയും ചെയ്തു അമ്മാത്തൊട്ട്‌ എത്തീട്ടും ഇല്യ...

ഡ്രൈവർ ഏമാന്‌ എഞ്ചിനെ കുറിച്ച്‌ വല്യ പിടിപാടുണ്ടാവില്ല്യ..പെണ്ണുങ്ങളുടെ മുന്നിൽ ഷൈൻ ചെയ്ത്‌ ബസ്സെടുത്തതാ...ദേ കിടക്കുന്നു..നാണം കെട്ട ശവം..വിളറി വെളുത്ത്‌!."
ഡ്രൈവർ എന്തൊക്കെയോ കണ്ട്രാവിയെ പിടിച്ചു കുശുകുശുത്തു.. പിന്നെ കിളിയെ പിടിച്ചു ഓടിച്ചു.. തള്ളീ നോക്കി.. നോ രക്ഷ!..ഉന്തി നോക്കി..ആ കശ്മലൻ ബസ്സ്‌ അനങ്ങുന്നില്ല!...നോം ഫ്രെണ്ടനോട്‌ പറഞ്ഞു.." എവന്മാരെല്ലാവരും ഉത്സാഹിച്ചു മാടായി വരെ നമ്മളെ തള്ളി കൊണ്ട്‌ പോയെങ്കിൽ മതിയായിരുന്നു!"

പരിശ്രമങ്ങളെല്ലാം പാളിയപ്പോൾ കണ്ട്രാവീ ബാഗ്‌ കൊട്ടി വിളംബരം നടത്തി..
"..എല്ലാവരും ഇറങ്ങി കൊള്ളുക.. ബസ്സ്‌ തകരാറിലാണ്‌...എല്ലാവരും ടിക്കറ്റ്‌ തരൂ.. പൈസ മടക്കി തരാം.."
"..കുട്യോളൊന്നും വരേണ്ട..പത്തു പൈസക്കാരൊന്നും വരേണ്ട.."-- ആ മുശേട്ട ഡ്രൈവറുടെ വായ ലൗഡ്‌ സ്പീക്കർ വെച്ച പോലെ പറഞ്ഞു.. പിന്നെ  കണ്ട്രാവിയോട്‌ ഉപദേശം കുട്യാൾക്കൊന്നും പൈസ കൊടുക്കേണ്ട...ട്ടോ. !"

....ദേഷ്യം വന്നു കണ്ണു കാണുന്നില്ല ..."നല്ല തൂക്കവും തടിയും ഉണ്ടല്ലോ?...ആദ്യം നേരാം വണ്ണം ബസ്സൊടിക്കാൻ പഠിക്കെടാ ശവീ.. അതു കഴിഞ്ഞിട്ടാകാം കണ്ടോനൊടൊക്കെ തന്റെ  ഉപദേശം.!".. നോം മനസ്സിൽ പറഞ്ഞു..

എന്തൊരഹങ്കാരമാണ്‌ ആ ഡ്രൈവർക്ക്‌.!!.. സാധാരണ ചില പ്രഗൽഭന്മാരായോർ ചുമ്മാ കടലാസിൽ നൂറ്‌ രൂപയെന്നോ, ആയിരം രൂപയെന്നോ പെന്നോണ്ട്‌ എഴുതി കടക്കാരനു കൊടുത്ത്‌ കടേലെ സാധങ്ങൾ മുഴുവൻ വാങ്ങി ശേഷം ബാക്കി പൈസ കൂടെ വാങ്ങിക്കാറുണ്ടല്ലോ?.. നോം സിനിമേൽ കണ്ടതാണ്‌.. .നമുക്കത്ര പരിചയം പോര!

... മുതിർന്നോർ രണ്ടു രൂപയും മൂന്നു രൂപയും കൊടുക്കുമ്പോൾ അത്ര തന്നെ ദൂരം നമ്മൾ അന്ന് വെറും പത്തു പൈസയ്ക്കും 30 പൈസയ്ക്കുമാണ്‌ പോകുന്നത്‌..അതായത്‌ നമ്മൾ പ്രഗൽഭന്മാർക്ക്‌ 30 പൈസ = 3 രൂപ .. അതു ഗവണ്മേന്റിനും അറിയാം.. സത്യത്തിൽ 30 പൈസ നമ്മൾ കൊടുത്താൽ അതു വാങ്ങി മുപ്പതു രൂപ തന്നു എന്ന സന്തോഷത്തോടെ 27 രൂപ ബാക്കിയെങ്കിലും നമുക്ക്‌ തരേണ്ടതാണ്‌..ന്യായം അതാണ്‌..!...നാളെത്തെ ഭാവി തലമുറയായ നമ്മൾക്ക്‌ ആ സൗകര്യം ചെയ്യണമെന്ന ഒരു നിയമം ഓർഡിനൻസിലൂടെ സർക്കാറിന്‌ പാസ്സാക്കാവുന്നതേയുള്ളൂ... ..ചുമ്മാതാണോ?....നമ്മൾ വളർന്നിട്ട്‌ ഒരു പതിനെട്ടൊക്കെ പടി കടന്ന്  വന്നാൽ ഇവന്മാർക്കൊക്കെ തന്നെയല്ലേ ഗുണം!... കട്ടു മുടിക്കാൻ കൈ നിറച്ചും വോട്ട്‌ കൊടുക്കുന്നത്‌ അമേരിക്കൻ പ്രസിഡന്റിനൊന്നും അല്ലല്ലോ?.. അപ്പോഴെങ്ങിനെ അദ്ദേഹത്തോട്‌ പോയി പരാതി പറയാൻ പറ്റും?..ഇതൊന്നും ഇവിടെ ആരും അത്ര സീരിയസ്സ്‌ ആയി എടുക്കുന്നില്ല... അതാ കുഴപ്പം! .. ആ പോട്ടെ സാരമില്ല.. അതൊക്കെ പറഞ്ഞാൽ നമ്മുടെ ക്ഷമ നശിച്ച്‌ കാടു കയറും!

"..നോം വിഷമിച്ചു.അത്ര തന്നെ..".. എടാ പെട്ടൂടാ..കോളേജിലേക്ക്‌ പോയാൽ തിരികെ വരാൻ കായില്ല..നിന്റെ കൈയ്യിലുണ്ടോടാ?"

" അവനും കൈമലർത്തി.. കരയുന്ന പോലായി."...രാവിലെ കുളിച്ചു വന്നോളും..റിട്ടെൺ ടിക്കറ്റിനുള്ള അറുപതു പൈസയുമെടുത്ത്‌..വൺവേ ടിക്കറ്റിന്റെ പൈസയെടുത്ത്‌ ഒരു കാര്യോം ഇല്ല്യാതെ ചിലവാക്കി...കോളെജിലേക്ക്‌ പോയാൽ വീട്ടിലെത്താൻ കഴിയില്ല..തമ്മിൽ ഭേദം ഇന്ന് പണി മുടക്കി വീട്ടിലേക്ക്‌ തിരിക്കുന്നതാ.. .. അവനെ മാത്രമല്ല നമ്മേ കൂടെ ഒപ്പം ചുട്ടു തിന്നാനുള്ള ദേഷ്യം വന്നു...നമ്മേ അറിയുന്ന ഒറ്റയാളും ആ ബസ്സിലില്ല..!

ഫ്രെൻഡൻ പറഞ്ഞു.." ഒരു നിമിഷം നിൽക്ക്‌ നോക്കട്ടേ!"

"കുട്ടികൾക്ക്‌ കൊടുക്കേണ്ടാ."..പിന്നെയും ആ മനുഷ്യൻ തല തല്ലി കാറി വിളിക്കുന്നു...പിന്നെ ..കുട്യാൾക്കെല്ലാം അദ്ദേഹത്തിന്റെ അമ്മായി അപ്പന്റെ വകയല്ലേ ഉച്ചയൂണ്‌!.. .പൈസയും വാങ്ങി പോക്കറ്റിലിട്ട്‌ നാണമില്ലാത്ത ശവി!..

"...വണ്ടി ഓടിക്കാനറിയില്ല ..ആ മഹാത്മന്‌ .. എന്നാലോ കാറി വിളിക്കാൻ ആരും പഠിപ്പിച്ചു കൊടുക്കേണ്ട!.. ഇയാൾക്കൊക്കെ മക്കളില്ലേ...ആ മക്കളോടും വീട്ടിൽ ഇതു പോലെ തന്നെയാണോ പെരുമാറ്റം?.. ഒരു ബഹുമാനോം ഇല്യാതെ.!.. അതോ മക്കളും ഭാര്യയും ഈയ്യാളെ ഡൈവോർസു ചെയ്തോ..ആ ദേഷ്യമായിരിക്കും അതിയാൻ പാവം നമ്മോട്‌ കാട്ടണത്‌." - നോം ഫ്രെൻഡനൊട്‌ പറഞ്ഞു...."..ഈ മനുഷ്യൻ ചത്താൽ നരകത്തിൽ ചെന്നാലും നക്കിക്കുടിക്കും!.. സ്വർഗ്ഗത്തിലാണെങ്കിൽ പറയേം വേണ്ട!...ചത്ത നാട്ടുകാർക്ക്‌ മൊത്തം നട്ട പിരാന്താക്കും!."
"നീ വെഷമിക്കാതെടാ നമുക്ക്‌ നോക്കാം"- ഫ്രെൻഡെൻ സമാധാനിപ്പിച്ചു.

ടിക്കറ്റ്‌ എടുത്തവർ പൈസ വാങ്ങി പോയി രംഗം ഒട്ടൊന്ന് ശാന്തമായപ്പോൾ, നോമും ഫ്രെൻഡും ബാങ്കിൽ നിന്നും ചെക്കു വാങ്ങി പൈസ കൊടുക്കുന്നതു പോലെ ടിക്കറ്റ്‌ വാങ്ങി പൈസ കൊടുക്കുന്ന കണ്ട്രാവിയുടെ അടുത്തെത്തി..

കണ്ട്രാവി നമ്മളെ സൂക്ഷിച്ചു നോക്കീ ..ഫ്രെൻഡൻ തല ചൊറിഞ്ഞു..അമ്മാ വല്ലതും തരണേന്ന മട്ടിൽ നിൽക്കുന്ന അവനെ നോക്കി.. അവന്റെ ദയനീയ ഭാവം അയാളുടെ കരളലിയിച്ചു.
...". എന്താ?..എത്രെയാ തന്നത്‌?"
" 60 പൈസ!.. നമ്മുടെ രണ്ടാളുടേയും പൈസ!"-അവൻ തല ചൊറിഞ്ഞു പണ്ടാരമടങ്ങി.
അയാൾ എന്നെ നോക്കി!.".. നോമും ദയനീയമായി അയാളെ നോക്കി.. ദണ്ഡിയാത്ര നടത്തിക്കല്ലേ ചേട്ടാ കൊടുത്തേക്ക്‌ എന്ന മട്ടിൽ ... അവൻ പാവാ..നോം അതിനേക്കാൾ പാവാ...എന്ന് നമ്മുടെ മിഴികൾ അദ്ദേഹത്തോട്‌ പറഞ്ഞു..!"

" ഉം.. ഇന്നാ പിടിച്ചോ?"

അറുപതു പൈസ അവന്റെ കൈ വെള്ളയിൽ വെച്ചു കൊടുത്തപ്പോൾ.. അവൻ ഏതോ അമ്പലത്തിൽ നേർച്ച നേർന്നു..ഭാവിയിൽ പൈസയുണ്ടായാൽ ഒരു മുപ്പത്‌ പൈസ നേർച്ചയിട്ടേക്കാമേ!"

അവനില്ലായിരുന്നെങ്കിൽ നോം റോഡിന്റെ അളവെടുത്ത്‌ നടന്നേനേ..ആപത്തിൽ സഹായിക്കുവനാണ്‌ അവൻ എന്ന് നമുക്ക്‌ ബോദ്ധ്യായി..നോം അവനെ അനുഗ്രഹിച്ചു.". ഈ പച്ചയായ ജീവിത ഗന്ധിയായ അഭിനയം തുടർന്നാൽ നീയ്യി പരമാണു ലോകത്തിൽ എവിടെ പോയാലും വിജയിക്കും മകനേ!.. "

ഞായറാഴ്‌ച, ഒക്‌ടോബർ 17, 2010

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...(ഇരുപത്താറാം സർഗ്ഗം)

കോളേജിലെ ഒരു പെണ്ണും പിടക്കോഴിയും നമ്മെ ഒരു മൈൻഡും ചെയ്തില്ല!..നമുക്കെന്തിന്റെ കുറവാ?... മീശയില്ലേ .. ഷേവു ചെയ്ത താടിയില്ലേ.. കൈയ്യില്ലേ.. കാലില്ലേ.. ?.. എല്ലാം ഉണ്ട്‌ ..പറയാച്ചാൽ.. കൈകളിലേയും കാലുകളിലേയും നഖം വെട്ടിയ വികലാംഗത്വമല്ലാതെ മറ്റൊരു വികലാംഗത്വമോ പെൻഷനോ ഇല്യാ! ...ആരും അങ്ങിനെ ആക്കിയിട്ടും ഇല്യാ..എന്നാൽ പിന്നെ എന്തിന്റെ കുറവാ..?

നമുക്കൊരു പിടിപാടും ഇല്യാ..

.. ഒരു ശകുന്തളയ്ക്കും പ്രേമവും ലേഖനവും എഴുതാൻ തോന്നീട്ടില്ല്യാ... ഒരു പക്ഷെ നമ്മുടെ സ്റ്റാറ്റസിനും സൗന്ദര്യത്തിനും മാറ്റു കൂട്ടുവാൻ പറ്റുന്ന ഒരൊറ്റ പെൺകൊടികളും ശകുന്തളയായി അവതരിച്ച്‌ അവിടെ അഡ്മിഷൻ നേടിയിരിക്കില്ല..അല്ലെങ്കിൽ ഇതൊന്നും അറിയാത്ത ഏതോ ലോകത്തു നിന്നും ഇറക്കുമതി ചെയ്ത നാണമില്ലാത്ത വിശുദ്ധ പുണ്യാളത്തികൾ നമ്മെ പരിഹസിക്കാൻ അവിടെ വന്ന് ഉലാത്തുന്നതായിരിക്കണം!

... അസൂയ മൂത്ത്‌, മൂത്ത്‌ ഇനി ഇറക്കാൻ വിഷഹാരിക്കു പോലും ആവില്യാന്ന് പറഞ്ഞ്‌ കൈയ്യൊഴിഞ്ഞു വിട്ടതിന്റെ അഹംഭാവത്തിൽ ആർമ്മാദിച്ച്‌ നടക്കുന്ന ചിലർ പറഞ്ഞു.." എടോ തന്റെ മുഖം പ്രേമത്തിനു കൊള്ളില്ല.. അതു വല്ല വില്ലന്മാർക്കും ഫിറ്റു ചെയ്തു കൊടുത്തിട്ട്‌ നീ ഒറ്റയ്ക്ക്‌ കൈയ്യും വീശി വാ.. ഇതൊക്കെ ഓരൊരുത്തർക്ക്‌ പറഞ്ഞിട്ടുണ്ട്‌."....ഇടിവെട്ടേറ്റ തെങ്ങു പോലെ നോം ഇത്തിരി വിഷമിച്ചു...." അങ്ങിനെയെങ്കിൽ വില്ലത്തികൾക്ക്‌ നോക്കാമാരുന്നല്ലോ?.. ചുമ്മാ രസത്തിനെങ്കിലും!."

.... നമ്മെ കണ്ടാൽ പെൺകിടാങ്ങൾ ഒരു വട്ടം നോക്കും പുഞ്ചിരിക്കും പിന്നെ തലകുനിച്ചു പിടിച്ചു നടക്കും.. ഷെയിം കെട്ട ഷെയിമികള്‌!..എന്തിന്‌ നമ്മുടെ ക്ലാസ്സിലുള്ളോർ പോലും മാന്യന്മാരിൽ മാന്യനായി രണ്ടാം ബെഞ്ചിൽ സ്ഥാനം പിടിച്ചു ബുദ്ധിജീവികളിൽ ബുദ്ധിജീവിയായി അഭിനയിച്ചു തലയാട്ടി ഇരുന്നിട്ടു പോലും.. ഛേ മിണ്ടിയിട്ടു കൂടിയില്ല... !

"എന്താ നിന്റെ പേര്‌?.. എവിടെയാ നാട്‌.?.. തന്നെ പ്രേമിക്കാൻ കൊള്ളാവോ?.. ആരെയെങ്കിലും പ്രേമിച്ച മുൻപരിചയം?.. അഥവാ ഉണ്ടെങ്കിൽ ആ കൃഷി ഇപ്പോഴും തുടരുന്നുണ്ടോ?.. മറ്റെവിടെയെങ്കിലും രണ്ടാമത്തെ ഇടവിളയ്ക്ക്‌ താൽപര്യമുണ്ടോ? ഈ ഫീൽഡിൽ ആദ്യമായാണോ?.." --ഈ വക ചോദ്യങ്ങൾ ഒന്നും നമ്മോട്‌ ആരും ചോദിച്ചില്യാ.. പെണ്ണുങ്ങളായാൽ സ്മാർട്ട്‌ ആയിരിക്കേണ്ടേ..നമ്മോടൊക്കെ ഇടപഴകിയില്ലെങ്കിൽ അമ്മായി അമ്മമാരുടെ ചവിട്ടും തൊഴിയും കിട്ടുമ്പോൾ ഇവളുമാരൊക്കെ കാറി വിളിക്കില്യേ?..നമുക്ക്‌ ഈ വക കാര്യത്തിൽ അതായത്‌ ട്യൂഷനെടുക്കുന്ന കാര്യത്തിൽ ഒരു താൽപര്യവും ഇല്യാ... എന്നാലും അങ്ങെനെയൊക്കെയല്ലേ ഒരു പരിചയപ്പെടൽ!.. നമ്മൾ ഇത്തിരി പവറുകാട്ടിയാൽ അവളുമാർ വന്ന് "ചേട്ടാ" എന്ന് സ്നേഹത്തോടെ വിളിച്ചാൽ ഇടനെഞ്ച്‌ കലങ്ങി ..നോമും ആ വിളി കേൾക്കില്ലേ..".എന്തോ?" എന്ന്!

നമുക്കത്ര ഭാവം പൊട്ടി വിരിഞ്ഞിട്ടുണ്ടാവില്ല്യാ...ഒരു തൃശ്ശൂർ പൂരത്തിന്റെ അമിട്ട്‌ പൊട്ടുന്ന ഭാവം  നമ്മുടെ മുഖത്ത്‌ ഫിറ്റു ചെയ്തെങ്കിൽ ദൈവത്തിനു എന്തെങ്കിലും നഷ്ടമുണ്ടോ?.. എത്രെയോ അഹങ്കാരികളെ ദൈവം മനോഹരമായി പ്ലാസ്റ്റിക്‌ സർജറി നടത്തി കുട്ടപ്പനായി വിട്ടിരിക്കുന്നു.... അവരോട്‌ ദൈവത്തിനൊരു മമത.!!. .പാവം നമുക്ക്‌ മാത്രം..ഇവൻ അത്ര വല്യാനായി നടക്കേണ്ടാന്ന് ദൈവം വിചാരിച്ചിരിക്കുമോ?.!..

... എങ്കിലും നോം ചുമ്മാ കണ്ണാടിയിൽ നോക്കി ....ശര്യന്നേ..നമ്മെ ആരോ ചതിച്ചിരിക്കുന്നു.. ഇതു നമ്മുടെ മുഖമല്ല.. ആരോ നോം ഉറങ്ങിക്കിടക്കുമ്പോഴോ മറ്റോ നമ്മുടെ മുഖം മോഷ്ടിച്ച്‌ അവരുടെ മുഖം ഫിറ്റു ചെയ്ത്‌ തന്ന് കടന്നു കളഞ്ഞിരിക്കുന്നു.. ആരോട്‌ നോം പരാതി പറയും.?.. സങ്കടപ്പെട്ടിരുന്നു.. അതെ സ്വന്തം മുഖം സൂക്ഷിക്കാനറിയാത്ത മഹാപാപിയാണ്‌ നോം.. അത്‌ സൂക്ഷിക്കാൻ കൂടി അറിയില്ലെങ്കിൽ അതു വെച്ചു നടക്കാനും അർഹതയില്ല.. നഷ്ടപ്പെടും.. തീർച്ച!

" ഹച്ചി!".. തുമ്മീതാണ്‌...ദേ നോക്ക്‌ സത്യം!.. അതോ നമ്മുടെ മുഖം കണ്ട്‌ സഹിക്കാനാവാതെ നമ്മുടെ വായ കാർക്കിച്ചു തുപ്പീതോ?..

അതിനാൽ ലോകത്തുള്ള സകലമാന പെൺകുട്ടികളേയും നോം ഹൃദയത്തിൽ നിന്നും പടിയടച്ചു പിണ്ഡം വെച്ചു....ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ മാത്രം കട തുറന്നു പ്രവർത്തിക്കുന്നതല്ല എന്ന് ഒരു ബോർഡ്‌ വെച്ച പോലെ നടന്നു..!..ഒരു സിമ്പിൾ അറ്റകുറ്റപ്പണി!..

എന്നിട്ടും നമ്മോട്‌ സ്നേഹത്തിൽ പെരുമാറിയ ഒരു പെൺകൊടി ഉണ്ടായിരുന്നു നമ്മുടെ നാട്ടിൽ.. ഒരിക്കൽ അവളെ കാട്ടി ഒരു കന്നാലി പറഞ്ഞു.." ദേ.. ഇതു ഞാൻ സ്നേഹിക്കുന്ന പെൺകൊടിയാ"
"..നോം ഞെട്ടി!.."..  ഒന്നും പറഞ്ഞില്ല.."
"എങ്ങിനുണ്ടെടാ"
"കൊള്ളാം .."- നമ്മുടെ വീട്ടിൽ വലിഞ്ഞു  കേറിയിട്ട്‌ നമുക്ക്‌ തന്നെ വിലപറയുന്നു..
"നിന്നെ ഇഷ്ടമാണോ അവൾക്ക്‌!"- നോം ചോദിച്ചു.." അവനോടും അവൾക്ക്‌ നമ്മുടെ അതേ ഇഷ്ടമാണെങ്കിൽ പിന്നെ നോമെന്തിന്‌ മഞ്ഞു കൊള്ളണം!

".. അവൾക്ക്‌ എന്നെ ഇഷ്ടമാ.. അവളുടെ അച്ഛനും!.. പക്ഷെ അവളോട്‌ ഞാൻ ചോദിച്ചപ്പോൾ അവൾ ഒന്നും മിണ്ടീല്ല...ഇതൊക്കെ എനിക്കു പേടിയാ ഇനി മേലാൽ ഇങ്ങനൊന്നും പറയരുത്‌ " എന്നു മാത്രം പറഞ്ഞു.. അതിനർത്ഥം അവൾക്കെന്നെ ഇഷ്ടമാണെന്നാ!"- അവൻ ഗമയിൽ ഇരുന്നു..

അത്ര നാനാർത്ഥം കാണണോ മഹാപഹയാന്ന് നോം മനസ്സിൽ നിരൂപിച്ചു....ഇക്കണക്കിന്‌ ഇവൻ ആധാരമോ സ്ഥലമോ ഒന്നും ഇല്യാതെ ലോകമെല്ലാം നമുക്കവകാശപ്പെട്ടതാണെന്നും പറഞ്ഞ്‌ ഏതു സ്ഥലത്തും ആരാന്റെ പൈസയ്ക്ക്‌ സ്വന്തം വീടു പണിയുമല്ലോ?
"ശുംഭൻ!..ഏഭ്യൻ..!.. എരണം കെട്ടവൻ!.. " നോം മനസ്സിൽ തോന്നിയതൊക്കെ മനസ്സിൽ തന്നെ വിളിച്ചു..


" ഉം നടക്കട്ടേ!" - എങ്കിലും നോം പ്രോൽസാഹിപ്പിച്ചു..അവളുടെ അച്ഛനുവരെ അവനെ പ്രീയമാണെങ്കിൽ പിന്നെ ഒന്നും പറഞ്ഞിട്ട്‌ കാര്യമില്ല.. നമ്മുടെ മനസ്സു തേങ്ങി.. മെല്ലെ .. മെല്ലെ പിൻവാങ്ങി.. എന്നെങ്കിലും അവൾ നമുക്ക്‌ ഒരു വരിയെങ്കിലും എഴുതി അവളുടെ സ്നേഹം നമ്മേ അറിയിക്കും.. നോം കാത്തിരുന്നു... ഇല്യാച്ചാൽ ദൈവ വിധി!...
 
."...അസതോമാ സദ്ഗമയാ..!..എന്താ കേട്ടത്‌?.. നോം സന്യാസി പഥത്തിലേക്ക്‌ എഴുന്നള്ളിക്കോ എന്നാണോ അതിനർത്ഥം? .. നോം ചെവി കൊടുത്തു.. റേഡിയോവിൽ നിന്നും സംഗീതം പൊഴിഞ്ഞതാണ്‌.. നോം കണ്ണടച്ചു.. ദൈവമേ..!

അവനവിടെ കൃഷി തുടങ്ങാൻ പേപ്പർ വായന വരെ തുടങ്ങിയിരിക്കുന്നൂന്ന് നോം അറിഞ്ഞു.. നമ്മുടെ ഹൃദയം പാണ്ടി ലോറി കയറിയ തവളയുടെ ആത്മാവു പോലെ ഗതി കിട്ടാതെ അലഞ്ഞു..!..മോക്ഷത്തിനാക്കണം.. .. ഇങ്ങനെ അലഞ്ഞു തിരിയുന്നത്‌ നല്ലതല്ലത്രെ!..എന്തു ചെയ്യാം..!

ഇവനോട്‌ നമ്മുടെ ഇഷ്ടം രേഖപ്പെടുത്തിയാൽ പിന്നെ ബുദ്ധം ശരണം ഗച്ഛാമീന്നും പറഞ്ഞ്‌ നടക്കേണ്ടി വരും....നമ്മളെ കുത്തു പാളയെടുപ്പിക്കാൻ ഐഡിയകൾ പൊതിഞ്ഞു കെട്ടി വന്ന് പലവട്ടം കാത്തു നിന്ന് പരാജയപ്പെട്ടവനാണവൻ!

കാലങ്ങൾ കടന്നിട്ടും ആ കാലമാടത്തി നമ്മോടൊരു വാക്കും പറഞ്ഞീല... ഒരു വാക്ക്‌ അവൾ പറഞ്ഞെങ്കിൽ... അയി ലൗ എന്ന് പറഞ്ഞെങ്കിൽ.. നോം ബാക്കി പൂരിപ്പിക്കായിരുന്നു.... നോം അവളോടും ഒന്നും പറഞ്ഞില..!..അയി ലൗ എന്ന്  നോം പറഞ്ഞെങ്കിൽ അവൾ ചിലപ്പോൾ നമ്മെ കാലിലെ ചെരുപ്പൂരി പൂരിപ്പിച്ചെങ്കിലോ?..ഇനി നോമായിട്ട്‌ അവളുടെ കാലിലെ ചെരുപ്പ്‌ അഴിപ്പിക്കേണ്ട..നോം അത്രേയ്ക്ക്‌ അധ: പതിച്ചിട്ടില്യ...ഏട്ടാന്ന് വിളിച്ച നാവു പുളിച്ച്‌ നാറി എടാ‍ാ‍ാന്ന് കാറിവിളിപ്പിക്കണോ?..."എന്നോട്‌ അങ്ങിനെ പറയാൻ തനിക്കെന്ത്‌ യോഗ്യത" എന്നു ചോദിച്ചാൽ നമ്മുടെ ഉള്ളം കയ്യിലെ രേഖ കാട്ടി ഇപ്പോൾ മണ്ഡരിയോഗ...എന്നാലും ശുക്രവശാൽ രാജ യോഗ, ഗജ കേസരിയോഗ.. ഭാഗ്യുണ്ടാച്ചാൽ എന്നേ പറയാനേ പറ്റു....അവൾക്ക്‌ നമ്മെ വളരെ ചെറുപ്പം തൊട്ടേ അറിയാലോ.. നോം അവളെ വളരുന്നതും നോക്കീ ഇരുന്നൂലോ.. .മനസ്സിന്റെ കോണിൽ കിടന്ന് ആ സ്നേഹം ചാകണോ, ജീവിക്കണോന്ന് ഓർത്ത്‌ ഊർദ്ധ്വം വലിച്ചു നീണ്ട കാലം കിടന്നു...

അങ്ങിനെ എന്തെങ്കിലും ഭാവിയിലെങ്കിലും നടക്കുമോ ഇല്ലയോ എന്ന് കരുതി നോം തലയിലെ സ്ക്രൂ ഇളകി നടക്കുന്ന വേളയിൽ, നമ്മുടെ പയ്യൻസും, നോമും, കുറച്ചകലെ ഉറങ്ങുമ്പോൾ മാത്രം പഞ്ച പാവങ്ങളായ പയ്യത്തീസുകളും കൂട്ടം കൂടി നിൽക്കുന്ന ചെറിയ ഇടയിലൂടെ മനോഹരിയായ മദാലസയായ ഐശ്വര്യാറായിയെ, മാടായിയിലെ ആ തെരുവിൽ വെച്ച്‌, പച്ച പകലിൽ ഒരു നാലു മണി നേരത്തിൽ ഒരു നാണവും ഇല്യാതെ സ്ഥലത്തെ പ്രധാന വില്ലൻസായ ഒരു പൂവൻ കോഴി മാന്യന്മാരായ നമ്മെ സാക്ഷികളാക്കി ഓടിച്ചിട്ട്‌ പിടിച്ച്‌ അതിക്രൂരമായി ബലാൽസംഗം ചെയ്തു...
നോമും പയ്യൻസും പയ്യത്തീസുകളും എല്ലാം സ്തംഭിച്ചു പോയി..

അരനിമിഷത്തിനുള്ളിൽ ഒന്നും സംഭവിക്കാത്ത പോലെ രണ്ടു പേരും പോയി..പറഞ്ഞുറപ്പിച്ച അറ്റാക്കാണോ?.. നോം ഒന്നും മിണ്ടീല്യാ..കണ്ടിട്ട്‌ കാണാത്ത പോലെ നിന്നു.. മാന്യത കീപ്പ്‌ ചെയ്തു..

ഒരു വികൃതി ചെറുക്കൻ നമ്മോട്‌ പറഞ്ഞു.." എടാ .. പയലേ..കണ്ടോ സംഭവം ..അവരായി അവരുടെ പാടായി.. അവരുടെ കാര്യം .... ദാ.. ഇത്രേയുള്ളൂ...കണ്ടില്ലേ.... ഇനി നമ്മുടെ കാര്യം എന്നാണാവോ?..."

നോം അവനെ ഉപദേശിച്ചു..."നിനക്കൊക്കെ നാണമില്ലേ, അച്ഛനില്ലേ, അമ്മയില്ലേ.....ചെന്നു പോയി പറഞ്ഞു നോക്ക്‌..അവർ കനിഞ്ഞാൽ നിന്റെ കാര്യം നടക്കും.. പക്ഷെ ഈ പ്രീഡിഗ്രി എന്ന വലയിൽ നിന്ന് ഒന്നു പുറത്ത്‌ കടന്നിട്ട്‌ തൂമ്പായ്ടുക്കാനെങ്കിലും ഉള്ള വിവരം വെച്ചിട്ടു പോരെ ഇങ്ങനെയൊക്കെ ചിന്തിക്കുന്നത്‌?.."

" ബസ്സു വന്നു നിന്നു....നമ്മുക്ക്‌ എന്തെങ്കിലും സഹായം ചെയ്തിട്ടാണോ?.. അല്ല പക്ഷെ ഇരിക്കട്ടേ. ..നമ്മുടെ സൗമനസ്യം!....കൺക്ടർക്കും മൊതലാളിക്കും ബാക്കിയുള്ള തൊഴിലാളികൾക്കും പച്ചരി വാങ്ങേണ്ടേ..

....നോം പേഴ്സ്‌ തപ്പിയെടുത്തു...മുപ്പത്‌ പൈസ, സമ്പന്നരായ ആൾക്കാർ മുപ്പത്‌ ലക്ഷം കൊടുക്കുന്ന ലാഘവത്തോടെ ചുമ്മാ കൊടുക്കുവാൻ നോമും നമ്മുടെ കൂട്ടുകാരനും കൈയ്യിൽ എടുത്തുവെച്ചു...കുറച്ചപ്പുറം പോയി നിന്നാൽ 25 പൈസ കൊടുത്താൽ മതി.. ആ.. പോട്ടെ.. സാരമില്ല  അഞ്ചു പൈസ ടിപ്പെങ്കിൽ ടിപ്പ്‌ അതു കണ്ട്രാവിക്കിരിക്കട്ടേ...ആ സ്ഥലം പൂരം കഴിഞ്ഞ ഉത്സവ പ്പറമ്പു പോലെ അനാഥമാക്കി കൊണ്ട്‌ പയ്യന്നൂർ ഭാഗം.. അംശം.. ദേശം.. പയ്യൻസും പയ്യത്തികളും പയ്യെ ബസ്സിലേക്ക്‌ കയറി ..