പേജുകള്‍‌

ഞായറാഴ്‌ച, സെപ്റ്റംബർ 26, 2010

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...( പതിമൂന്നാം സർഗ്ഗം)

വൈശാലിയുടേയും ഋശ്യശൃംഗന്റെയും കഥ പോലെ ഇവന്മാർ പെണ്ണുങ്ങളെ കണ്ട്‌ ഭ്രമിച്ച്‌.. കല്യാണം കഴിച്ചു കടമ മറന്നു പോകുമോ എന്ന് വിചാരിച്ചായിരിക്കണം ഗേൾസിനു പ്രത്യേകം സ്കൂളും ബോയ്സിനു പ്രത്യേക സ്കൂളും വിഭാവനം ചെയ്തത്‌....അധികാരികളായ മഹർഷിമാരുടെ ഓരോ കളികളേ.. കഷ്ടം! ...കഷ്ടം!...നഷ്ടം! .. നഷ്ടം!... അവർക്കല്ല നമുക്ക്‌!..

....അവർക്കെന്തു നഷ്ടപ്പെടാൻ!.. അവർക്ക്‌ പെണ്ണും പിടക്കോഴിയുമായി... വാനപ്രസ്ഥത്തിന്റെ സമയവുമായി...സിരകളിൽ ചോര തിളക്കേണ്ട പ്രായത്തിൽ നമ്മൾക്കല്ലേ നഷ്ടം!..ഹേ.. മാനവേർസ്‌...ഷേയിം ഓൺ ദെം.. ഷെയിം!

... ഗേൾസ്‌ രാജധാനിയും ബോയ്സ്‌ കിംഗ്ഡവും വിളിച്ചാൽ വിളികേൾക്കുന്ന ദൂരത്ത്‌!..എന്നാലും ഇച്ചിരി ദൂരത്ത്‌!... നടുക്ക്‌ ഫുഡ്ബോൾ ഗ്രൗണ്ടിട്ട്‌ വെച്ചിരിക്കുന്നു അതിർത്തിയായിട്ട്‌. ആ പുഴ നീന്തിവേണം അക്കരെയെത്താൻ!..പരേഡും കൊടി താഴ്ത്തലും ഇല്ല!. .."വിഭാണ്ഡകമഹർഷി" അതായത്‌ ഋശ്യശൃംഗന്മാരാവാൻ വിധിക്കപ്പെട്ട നമ്മുടെ വളർത്തച്ഛൻ ഹെഡ്മാസ്റ്റർ മുൻ കോപിയാണ്‌.. .ഭേദ്യവും ചെയ്ത്‌ ശപിച്ച്‌ വെണ്ണീറാക്കി നമ്മളുടെ ജീവിതം നാശകോശമാക്കി ഒരു സർട്ടിഫിക്കേറ്റാക്കി കൈയ്യിൽ പൊതിഞ്ഞു കെട്ടി തന്നുവിടും! .ഹ.. കഷ്ടം!..നമ്മുടെ ഒരു ഭാഗ്യക്കേട്‌!.അല്ലാണ്ട്‌ എന്തൊക്കെയാ പറയ്ക!

... ചൈനീസ്‌ വന്മതിൽ പോലെ കെട്ടിപ്പൊക്കിയ മതിലകത്ത്‌ അവളുമാർ രാജ്ഞിമാരെ പോലെ വാഴുന്നു...അതിനാൽ നമ്മൾക്കവരെ കാണുവാൻ പറ്റില്ല... എന്നാലും ചില സുന്ദരികളാണെന്ന് ധരിച്ചു വശായ പെൺകിടാങ്ങൾ സംഭവം സത്യമാണോന്ന് പരീക്ഷിക്കാനോ മറ്റോ... അതോ കുറുകെ പോയാൽ നേരെ സ്ക്കൂളിലെത്താമെന്ന കുരുട്ടു ബുദ്ധിയാലോ എന്നും അറിയില്ല (അങ്ങിനെയാവാൻ സാധ്യത 0.005% മാത്രമേ വരൂ..)നമ്മുടെ കോമ്പൗണ്ടിലൂടെയുള്ള വിശാലമായ റോഡിലൂടെ കുണുങ്ങി ചിരിച്ചും വാ പൊത്തിച്ചിരിച്ചും നടന്നു പോകും.

നമ്മൾ ഋശ്യശൃംഗനെ പോലെ പാവങ്ങൾ!... ജനാലയിലൂടെ നോക്കും പിന്നെ നിരൂപിക്കും... "... ഹോ .. ഏതോ മുനികുമാരന്മാരായിരിക്കും... എന്നാലും എന്തൊരു തേജസ്സ്‌!"...നൃത്തമൊന്നും ചെയ്യില്ല..എന്നാലും നമ്മൾ നോക്കുമ്പോൾ നടത്തത്തിനു നൃത്തത്തിന്റെ ഭംഗീണ്ട്‌! ചടുലതാളമുണ്ട്‌!.. ചിലർ‌ ആക്രാന്തം മൂത്ത്‌ ഏന്തി വലിഞ്ഞു നോക്കും...എന്തു ചെയ്യാൻ മുനികുമാരന്മാർ ശരം വിട്ട പോലെയാ പോക്ക്‌!.. അവരുടെ ചിരി.. "ഹോ".. അതിന്റെ ആകർഷണീയതയിൽ മുങ്ങി.."ഒക്കെ മായ!" എന്നൊർത്ത്‌ ചിലർ മനക്കോട്ട കെട്ടും!..പൂജാം ദേഹികളായി ധ്യാനത്തിൽ മുഴുകും!

പലവിധ സൗകര്യങ്ങൾ ആ റോഡുകൊണ്ട്‌ നമുക്ക്‌ ഉണ്ടായിരുന്നു.. വിഷമ സന്ധികളിൽ മന:സ്ഥാപം തീർത്തു ഒഴുകി പരന്നു കിടക്കുന്ന റോഡ്‌!... ഒരിക്കൽ നമ്മുടെ ബുദ്ധിയിൽ അയൽഡിവിഷനിൽ പഠിക്കുന്ന സുഹൃത്തുക്കൾ ഒരു ഐഡിയ മിന്നിച്ചു..."വാട്ട്‌ ആൻ ഐഡിയ സർ ജി!" എന്ന മട്ടിൽ നമുക്കും സുഖിച്ചു..( നോട്ട്‌ ദ പോയിന്റ്‌ : ഐഡിയകൾ പങ്കുവെക്കാനുള്ളതാണ്‌ ..അല്ലാതെ പൊതിഞ്ഞു കെട്ടി വെച്ച്‌ പുഴുത്തു പോകാനുള്ളതല്ല..)

...അതായത്‌ അവസാന പിര്യഡിൽ ക്ലാസ്സിൽ നിന്നും മുങ്ങുക...അല്ലെങ്കിലും അവസാന പിര്യഡു വരെ ഇരുന്നാൽ നമ്മെ അമേരിക്കൻ പ്രസിഡന്റ്‌ ആയി അവരോധിക്കും എന്ന് ഒരു വാഗ്ദാനവും ആരും തന്നിട്ടുമില്ല!.. അപ്പോൾ പിന്നെ നേരത്തെ വീടു പിടിച്ചാൽ അത്രയെങ്കിലും സമാധാനം ആയി... തുടങ്ങുന്ന ദിവസം തരക്കേടില്ല!.. നാളും പക്കവും നമ്മുക്കനുയോജ്യം... .അന്നത്തെ ദിവസത്തെ അവസാന പിര്യഡ്‌ ഗെയിംസ്‌!... നമുക്ക്‌ കളി മടുത്തു.. ഇനി സീര്യസ്സ്‌ ആകണം.. ഒരു ഫുഡ്‌ ബോളു തട്ടി പെലെയാവാമെന്നോ മറഡോണയാവാമെന്നോ ഉള്ള മോഹത്തിനു മോക്ഷം കൊടുത്തു..അതിനാൽ ആ പിര്യഡ്‌ മുങ്ങിയേക്കാം എന്ന് വിചാരിച്ചു..

ഉള്ളകാലത്ത്‌ നേരത്തേ പോയാൽ ഉള്ള കഞ്ഞീം കുടിച്ച്‌ പള്ളേം നിറച്ച്‌ ഒന്നു വിശ്രമിച്ച്‌ പിന്നെ കളിക്കാൻ പോകാം..സ്കൂളി പോക്ക്‌ തുടങ്ങിയതിൽ പിന്നെ നമുക്ക്‌ വിശ്രമം തീരെ ഇല്ലാണ്ടായിരിക്ക്ണൂ.. ..ബാഗും തൂക്കി പോകുകെന്നെ പണി പോക്വ...ബാഗെടുക്കാൻ ചുമട്ടുകാരൻ നാരായണൻ ചേട്ടനെ കൂട്ടിയാലോന്ന്ണ്ട്‌... അദ്ദേഹത്തിന്‌ അലക്കൊഴിഞ്ഞിട്ട്‌ വേണ്ടേ നമ്മുടെ പണിക്ക്‌ വരാൻ!... ചീട്ടുകളിയെന്നെ ചീട്ടുകളി!...ആ നേരത്ത്‌ നമുക്ക്‌ ഒരു പരോപകാരം ചെയ്താലെന്താ...ചുമ്മാതല്ലേ നാം പൈസയൊന്നും കൊടുക്കില്ലല്ലോ?. ചുമട്ടുകാരുടെ ഒരു ഹുങ്കേ..!

സുഹൃത്തുക്കൾ ബാഗുമെടുത്ത്‌ റെഡിയായി പുറത്ത്‌ ദൂരെ നമ്മെ കാത്തു നിൽക്കുകയാണ്‌.. .ഇവന്മാരുടെ ഒരു ശുക്രദശ! അടുത്ത ക്ലാസ്സിലെ മാഷ്‌ കണ്ടാൽ പ്രശ്നമാണ്‌... അലമ്പുണ്ടാക്കും.. . നമ്മുടെ ഏതു ഗ്രേറ്റ്‌ പദ്ധതികളും സാധാരണ പൗരന്മാരായ ഏതൊരാൾക്കും പൊളിക്കാം അവർക്കു നഷ്ടമില്ലല്ലോ?. അപ്പോൾ സംയമനം പാലിക്കണം..കൂർമ്മബുദ്ധിയുള്ളവരായിരിക്കണം! അതിനാൽ നാം വേഗം ക്ലാസ്സിലേക്ക്‌ കയറി. ബാഗ്ഗ്‌ ജനാലയിലൂടെ പുറത്തുള്ള റോഡിലേക്ക്‌ പതിയേ വെച്ചു.....നമ്മൾ ആർക്കും കീഴെയാകരുത്‌ എപ്പോഴും മാന്യത കീപ്പ്‌ ചെയ്യണം!.. മാന്യമായി തുറന്നു വെച്ച മുൻ വാതിലിലൂടെ പുറത്തിറങ്ങി...

നാം ബാഗ്‌ ജനാലയിലൂടെ പുറത്ത്‌ വെക്കുന്നതു കണ്ട ഇന്നേവരെ നമ്മെ പഠിപ്പിക്കാത്ത ഒരു മാഷ്‌ രംഗം ക്ലോസ്‌ സർക്ക്യൂട്ട്‌ ടീവിയായ ജനലിലൂടെ നിരീക്ഷിച്ചു ഉടനടി ഒരു കുട്ടിയെ വിളിച്ച്‌ ഓർഡർ കൊടുത്തു.." ഡേയ്‌ ... ആ ബാഗിങ്ങെടുത്തു വാ"

അയാൾക്ക്‌ വല്ല ആവശ്യവും ഉണ്ടായിരുന്നോ?.. ഇതു കൊണ്ട്‌ അയാൾക്ക്‌ നമ്മുടെ ശാപം കിട്ടി എന്നതൊഴിച്ച്‌ എന്തു ലാഭമാണ്‌ തടിയനായ അയാൾക്കുണ്ടായത്‌.?... നത്തിംഗ്‌!..ഒരു ബോണസ്സോ ശമ്പള വർദ്ധനവോ ആരെങ്കിലും വാഗ്ദാനം ചെയ്തോ?.. മെഡലു കൊടുത്തോ?..അറ്റ്ലീസ്റ്റ്‌ ചായയും പരിപ്പു വടയുമെങ്കിലും വാങ്ങിക്കോടുത്തോ?..ഇല്ല.. ഇല്ല.. ഇല്ല.. എന്നാണ്‌ ഉത്തരമെങ്കിൽ വെറും കാൽക്കാശിനു കൊള്ളാത്ത അഹമ്മതിയല്ലേ അദ്ദേഹം കാട്ടിയത്‌!....വെറുതെയല്ല ദൈവം അയാൾക്ക്‌ സോഡാ ഗ്ലാസ്സു വെച്ച കട്ടിക്കണ്ണട സമ്മാനിച്ചത്‌..കണ്ണട വെച്ചിട്ടു കൂടി ഇങ്ങനെ.. ഇല്ലാതിരുന്നാലോ?...അന്ധനായി തപ്പിത്തടഞ്ഞ്‌ വന്ന് ലോകം മുഴുവൻ എനിക്കിരിക്കട്ടെന്ന് പറഞ്ഞ്‌ മൺ വെട്ടി കൊണ്ട്‌ ചറ പറ ചറ പറ കോരിയൊതുക്കുമല്ലോ?..

കുട്ടി ശരം വിട്ട പോലെ കുതിച്ചു വന്നു ..ഓട്ടത്തിൽ പീ.ടീ ഉഷ അവന്റെ അമ്മായി അമ്മയാണെന്ന് തോന്നി.. എന്തൊരു സ്പീഡ്‌!...

നാം ശാപത്തിന്റെ പങ്കുവെക്കാൻ വിധിക്കപ്പെട്ട ഹതഭാഗ്യനായ ആ മഹാപാപിയുടെ പിറകെ ഓടി..അപ്പോഴേക്കും അവൻ മാഷിനു ബാഗ്‌ കൈമാറി നിന്നു ചിരിക്കുന്നു..പഹയൻ!..

... ബ്രൂട്ടസ്‌ ഈസ്‌ ഹിസ്‌ അളിയൻ മൈഡിയർ ബ്ലോഗ്ഗേർസ്‌!..നോ അദർ വേഡ്സ്‌ ടു സേ!"..

"ഉം?"- അവന്റെ പുറകെ വന്ന് സഡൻ ബ്രേക്കിട്ടു നിന്ന നമ്മോട്‌ മാഷ്‌!!...പണിയൊക്കെ ഒപ്പിച്ചിട്ട്‌ നമ്മോടു തന്നെ ഒരു "ഉം?"

" ..ഈ ബാഗ്‌ എന്റെയാ മാഷേ!"
" അതു പുറത്തു വെക്കുമ്പോൾ തന്നെ നാം ആളെ കണ്ടിരുന്നല്ലോ?"
അതെനിക്കു താ മാഷേ"
"എന്തിനാ ബാഗ്‌ പുറത്തു വെച്ചത്‌?"
"ചുമ്മാ.. ബാഗ്‌ പുറത്തു വെച്ചതാ.. അതിൽ നിന്നൊരു നോട്ട്‌ ഒരു കുട്ടിക്ക്‌ വേണം പോലും!"- നിഷ്കളങ്കനായ നാം തപ്പിപ്പിടിച്ചു വിക്കി വിക്കി പറഞ്ഞു..

" ഇപ്പോൾ പിരിയഡ്‌ എന്താ?"
"ഗെയിംസ്‌!"
"എന്നാൽ മോൻ പോയി കളിച്ചോളു... ബാഗ്‌ ജന ഗണ മന പാടി തീർന്നിട്ട്‌ വരും അപ്പോൾ കൊടുക്കാം നോട്ട്‌!.. ബാഗ്‌ ഓഫീസ്‌ റൂമിലുണ്ട്‌!"- ആ മാഷ്‌ അതും കൊണ്ട്‌ പോയി..

അയ്യേ .. ഈ മാഷ്‌ നമ്മെ ഇങ്ങനെയാ കരുതീത്‌.. കഷ്ടം!...മതിയെങ്കിൽ മതീന്ന് നാം മനസ്സിൽ വിചാരിച്ചു.. നമുക്കങ്ങനെ ഒരഹങ്കാരവും ഇല്ലല്ലോ?

അങ്ങിനെ നാം ഗെയിംസ്‌ ഗ്രൗണ്ടിലെത്തി സുഹൃത്തുക്കളോട്‌ പറഞ്ഞു...".എച്ചു ക്യൂസ്മീ ഡിയർ ഫ്രെൻഡ്സ്‌. ബാഗ്‌ ജനഗണമന പാടാൻ പോയി.. നാമും അതു കഴിഞ്ഞിട്ടേയുള്ളൂ..."
" പെട്ടൂടാ മച്ചൂ...!"-ഒരുവൻ പറഞ്ഞു
" മരത്തലയാ.. നമ്മെ കുറിച്ചു പറഞ്ഞു കൊടുത്തോ?"-മറ്റവൻ!

" ഹേയ്‌ ഇല്ലെടാ ശവങ്ങളേ... ഒരു തരത്തിൽ മാനേജു ചെയ്തു..ഇനി കാലമാടൻ ഹെഡ്മാഷ്‌ അന്വേഷണകമ്മീഷനുമായി വരേണ്ട..ബാഗും കൊണ്ട്‌ നിങ്ങളെ ഇവിടെ കാണേണ്ട...... വിട്ടോടാ വേഗം!"

അവർ കേട്ട പാതി കേൾക്കാത്ത പാതി പറ പറന്നു...

നമ്മെ ബലി കൊടുത്തിട്ടായാലും നാം സുഹൃത്തുക്കളെ അടിയന്തിരഘട്ടത്തിൽ രക്ഷിക്കണം..നാം നമ്മുടെ കടമ നിർവ്വഹിച്ചു കൃതാർത്ഥനായി ഗ്രൗണ്ടിലേക്ക്‌ ചിന്താഭാരത്തോടെ മടങ്ങി.

ശനിയാഴ്‌ച, സെപ്റ്റംബർ 25, 2010

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...( പന്ത്രണ്ടാം സർഗ്ഗം)

ബൂസ്റ്റ്‌ ഈസ്‌ ദ സീക്രറ്റ്‌ ഓഫ്‌ ഹിസ്‌ എനർജി!

അക്ഷരങ്ങൾ പഠിച്ച്‌ നല്ല നിലയിൽ എഴുതാനും വായിക്കാനും അറിഞ്ഞിരുന്ന നമ്മുടെ ദേശീയ ഭാഷയെ ഇവർക്ക്‌ വേണ്ടി എങ്ങെനെ വെറുക്കുന്ന ഒരു ഭാഷയാക്കാം എന്നതായിരുന്നു ഹിന്ദി മാഷിന്റെ ഗവേഷണം..

അദ്ദേഹത്തിന്‌ അതിനു ഡോക്ടറേറ്റു കൊടുക്കണം.." നമ്മൾ ഹിന്ദിയെ വെറുത്തു..വായിക്കാൻ അറിയാത്തവരായി.. അക്ഷരങ്ങൾ അറിയാത്തവരായി.. അദ്ദേഹം അതിൽ വിജയിച്ചു..വയസ്സനായ
ശബ്ദമില്ലാത്ത അദ്ദേഹത്തിന്റെ ഹിന്ദി പാഠമെടുക്കൽ പൂജ്യമിട്ടു കളിക്കാൻ നമുക്ക്‌ അവസരം ഏറെ തന്നു..

ചോദ്യവും ഉത്തരവും അദ്ദേഹം ബോർഡിൽ വേഗത്തിൽ എഴുതും.. വേഗത്തിൽ മായിക്കും. നമ്മൾ വേഗത്തിൽ കടലാസു കൈമാറി ഇടയിൽ വേഗത്തിൽ പൂജ്യമിട്ടു കളിക്കും.. ഇല്ലെങ്കിൽ സിനിമാ പേര്‌!

നീയ്യെന്തിനു വർത്തമാനം പറഞ്ഞു എന്ന് ചോദിച്ചാൽ ബോർഡിൽ എഴുതിയത്‌ മനസ്സിലാവാത്തത്‌ ചോദിച്ചതാണെന്ന് പറഞ്ഞാൽ മതി..പറച്ചിൽ കേട്ടാൽ ഒരു മിടുക്കന്റെ ലക്ഷണം വേണം..അല്ലാതെ കൊണാപ്പന്റെ പതറിച്ച പാടില്ല.. .കുരങ്ങിന്റെ ചിരി പാടില്ല!.. അതൊക്കെ നിരോധന വകുപ്പിലാണ്‌..അദ്ദേഹം ഹാപ്പി.. നമ്മൾ പെരുത്ത്‌ ഹാപ്പി!..

നോക്കിയെഴുത്ത്‌ എഴുതണംന്ന്‌ നിർബന്ധമായിരുന്നു.നിർബന്ധമില്ലാത്തവർക്കു ആവാം പക്ഷെ. എഴുതിയില്ലെങ്കിൽ അടി നിർബന്ധം!.

നോക്കിയെഴുത്തിനു ശരിയിടാൻ നല്ല പെന്നുകൾ മാത്രമേ അദ്ദേഹം വാങ്ങിക്കൂ...പെന്ന് നമ്മൾ സംഭാവന ചെയ്യണം.അതിനാൽ ഗൾഫുകാരുടെ മക്കളുടെ പെന്നു മാത്രമെ അദ്ദേഹം വാങ്ങിക്കൂ... വാങ്ങിയാൽ പിന്നെ തിരിച്ചു കിട്ടില്ല എന്നു സാരം...ആദ്യം പോക്കറ്റിൽ കുത്തി നോക്കും പിന്നെ പറയും .. "ഇതെനിക്കിരിക്കട്ടേ"... തങ്കപ്പെട്ട പെരുമാറ്റം!.. മാഷന്മാരായാൽ ഇങ്ങനെ വേണം!

മലയാളം മാഷ്‌ നല്ല മാഷാണ്‌ പക്ഷെ വയസ്സിന്റെ വിഷമം അദ്ദേഹത്തിനുണ്ടായിരുന്നു..  ക്ലാസ്സ്‌ ലീഡർ ആണ്‌ മലയാളം മാഷുടെ പിരിയഡിൽ മലയാളം നോക്കിയെഴുത്ത്‌ നോക്കുന്നത്‌.. അതിനാൽ പ്രശ്നമില്ല. .പെൻസിൽ കൊണ്ട്‌ "ശരി" എന്ന് മാർക്കു ചെയ്യാൻ നമ്മൾ പറയും അപ്പോൾ പിന്നെ പ്രശ്നമില്ല.. പിറ്റേന്ന് ഒരു റബ്ബർ കൊണ്ട്‌ ഉരച്ചാൽ പിന്നെയും പിന്നെയും എഴുതി കൈ കുഴയ്ക്കേണ്ട!..പിന്നെയും പിന്നേയും ശരി അവനിടുകയും ചെയ്യാം..ഈ ചെറിയ കണ്ടു പിടുത്തത്തിനിടയിൽ നോബൽ സമ്മാനം വരെ കിട്ടിയേക്കാവുന്ന വിപ്ലവം കുറിക്കുന്ന വലിയ കണ്ടു പിടുത്തവുമായി മറ്റൊരു ശാസ്ത്രജ്ഞൻ രംഗപ്രവേശം ചെയ്തു!

.മലയാളം നോക്കിയെഴുത്തിലെ മലയാളം വാക്കുകൾക്ക്‌ മുകളിൽ ഒരു വര വരച്ചാൽ ഹിന്ദി നോക്കിയെഴുത്തായി മാറും എന്ന് കണ്ടു പിടിച്ച ആ മഹാപ്രതിഭ ഒന്നാം ബെഞ്ചിൽ ഒരു മുതൽക്കൂട്ടായി സ്ഥാനം പിടിച്ചിട്ടുണ്ട്‌..അദ്ദേഹത്തിന്റെ ഗവേഷണ ഫലത്തിനു ചുക്കാൻ പിടിക്കുന്നത്‌ ക്ലാസ്സ്‌ ലീഡർ തന്നെ..".  മലയാളം അധികം നന്നാക്കി എഴുതരുത്‌ ഒരു ഹിന്ദി പരുവത്തിലെഴുതണം...പിന്നെ മുകളിൽ ഓരോ വര.. "ശാസ്ത്രജ്ഞൻ ദീർഘകാലമായി ഗവേഷിക്കുകയാണ്‌...നമ്മുടെ സേർ , സേർ കലപിലക്കിടയിൽ ഒന്നിച്ചു പുസ്തകങ്ങൾ ഇട്ടു കൊടുക്കുന്നതിനിടയിൽ അദ്ദേഹം ഒന്നും നോക്കാതെ ശരിയിടും!..അങ്ങനെ മാസങ്ങളുടെ ഗവേഷണ ഫലം ഒരു നാൾ ലാബ്‌ ടെസ്റ്റിൽ അലങ്കോലമായി..

ഒരിക്കൽ ശാസ്ത്രജ്ഞന്റെ നോക്കിയെഴുത്തുമായി അദ്ദേഹം ക്ലാസ്സിനു പുറത്തു പോയി.. ഒപ്പിച്ചത്‌ മറ്റൊരു മാഷും ..അദ്ദേഹം ഹിന്ദി മാഷെ കാണാൻ വന്നതാണു പ്രശ്നമായത്‌!.. എന്തൊ സം സാരിച്ചു കഴിഞ്ഞു പുറത്തു നിന്നും വന്ന അദ്ദേഹം ശരിക്കു നോക്കിയെഴുത്തു നോക്കി..അദ്ദേഹം ഇന്നു വരെ കണ്ടിട്ടില്ലാത്ത, കേട്ടിട്ടില്ലാത്ത ഒരു മഹത്‌ സംഭവം വരികളിൽ സിദ്ധാന്തമായി ഒളിഞ്ഞു കിടക്കുന്നു!..  ഇതെന്താണെന്നറിയാൻ അദ്ദേഹത്തിന്‌ ആകാംഷയായി.. ആകാംഷയാണ്‌ എല്ലാറ്റിന്റെയും നാശ ഹേതു! വിറപൂണ്ട അദ്ദേഹം ശാസ്ത്രജ്ഞനെ കലിയടങ്ങും വരെ തല്ലി..
.. മാഷേ.. ഇവന്റെ സ്ഥിരം പരിപാടിയാ ഇത്‌ എന്ന് കൂറുമാറിക്കൊണ്ട്‌ ലീഡറും പറഞ്ഞു..
..വീണ്ടും അവന്‌ അടി രണ്ടെണ്ണം കൂടെ വീണു!..

പുറത്തേക്ക്‌ വലിച്ചെറിഞ്ഞു കളയുന്നതും അളന്നു കളയണം എന്നാ പഴമക്കാർ പറയുക..അതിനാൽ നമ്മൾ എണ്ണിക്കൊണ്ടിരുന്നു.. ഒന്ന്, രണ്ട്‌, മൂന്ന്..

പറയാണ്ട്‌ വയ്യ നല്ല രസമായിരുന്നു കേട്ടോ...അനുഭവിച്ച ഒരാൾക്കൊഴിച്ചും!.. അനുഭവിപ്പിക്കുന്ന മറ്റൊരാൾക്കൊഴിച്ചും!

ആ മഹാ പ്രതിഭയുടെ പ്രതിഭ വറ്റിപ്പോയി..ഇനി വറ്റാനുള്ളത്‌ കണ്ണീർ!...കണ്ണിൽ നിന്നും പൊന്നീച്ച പാറി..." വേണ്ടായിരുന്നു..പരീക്ഷണം..എന്ന് അദ്ദേഹത്തിനു തോന്നി ..".. പ്രതിഭകൾ വിരിയിച്ചു വിടാതെഊതിക്കെടുത്തുന്നതിനുഅന്നത്തെക്ലാസ്‌സാക്ഷ്യംവഹിച്ചു.."നിശ്ബ്ദരായി... സൂചിവീണാൽ കേൾക്കാവുന്ന അന്തരീക്ഷത്തിൽ നമ്മളുടെ മനസ്സ്‌ എങ്ങോ വിഹരിച്ചു കൊണ്ട്‌ വിചാരിച്ചു.." കെട്ടിയോൾ ഈ കിളവൻ മാഷിന്‌ ഇന്ന് ബൂസ്റ്റ്‌ കലക്കി കൊടുത്തിരിക്കണം അല്ലാതെ ഇത്രയൊന്നും കരുത്ത്‌ മെലിഞ്ഞുണങ്ങിയ ഈ ദേഹത്തെവിടുന്നു വന്നു ചേരാൻ?..അതെ.. ബൂസ്റ്റ്‌ ഈസ്‌ ദ സീക്രറ്റ്‌ ഓഫ്‌ ഹിസ്‌ എനർജി!..

അദ്ദേഹം കോമരം ഉറഞ്ഞു തുള്ളുന്ന പോലെ ക്ലാസ്സു മൊത്തം വിറച്ചു കൊണ്ട്‌ ഉറഞ്ഞു തുള്ളി നടന്നു..." ഇനിയാരെങ്കിലും.. എന്തെങ്കിലും പുതിയ ഗവേഷണം.!".. നാം പുസ്തകം വേഗം അടച്ചു വെച്ചു...ഇനി നമ്മളുടെ ഗവേഷണം കണ്ടിട്ട്‌ അതിയാന്റെ കെട്ടിയോൾക്ക്‌ ഹോർലിക്സു കൂടെ പാലിൽ കലക്കി കൊടുക്കണമെന്ന് തോന്നിയെങ്കിലോ?..അദ്ദേഹം ഓഫീസ്‌ റൂമിൽ നിന്നു നമ്മുടെ ക്ലാസ്സിലേക്ക്‌ വിനോദയാത്രയ്ക്ക്‌ വരുന്ന ചെറിയ ഇടവേളയിലാണ്‌ നാമും നമ്മുടെ കയ്യക്ഷരം നന്നാക്കാൻ നോക്കിയെഴുത്ത്‌ എഴുതാറ്‌.. അതിനാൽ രണ്ടു വരിയിൽ ഒരു പേജ്‌ നിറഞ്ഞിരിക്കും!..

സമയം തീരെയില്ലെന്നേ.. നമുക്കൊക്കെ ദിവസത്തിൽ 24 മണിക്കൂറൊന്നും ഇല്ല. .. ഈയ്യിടെയായി ദൈവവും കള്ള പറയിൽ അളന്നാണ്‌ നമുക്ക്‌ 24മണിക്കൂർ ഉണ്ടെന്ന് പറഞ്ഞു റേഷൻ തരുന്നതെന്നു തോന്നുന്നു...അഥവാ അല്ലെങ്കിൽ റേഷൻ കടയിലെത്തുമ്പോൾ അരിയുടെ തൂക്കം കുറയുന്നതു പോലെ ഇട നിലക്കാർ കുറച്ചു തരുന്നതായിരിക്കണം തീർച്ച!

വെള്ളിയാഴ്‌ച, സെപ്റ്റംബർ 24, 2010

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...( പതിനൊന്നാം സർഗ്ഗം)

അന്നത്തെ ദിവസം ക്ലാസ്സിൽ അദ്ധ്യാപകന്മാർ ആരും വന്നില്ല.. ഇവന്മാർ ഐ.. എ.. എസ്സിനൊന്നും അല്ലല്ലോ പഠിക്കുന്നത്‌.. വെറും ലോവർ ബാക്ക്‌ വേർഡ്‌ ക്ലാസ്സല്ലേ..ഒരു ദിവസം വന്നിട്ടില്ലെങ്കിൽ ഇവന്മാരുടെ ബുദ്ധിക്ക്‌ ബുദ്ധിമോശം ഒന്നും സംഭവിക്കില്ല എന്ന് കരുതിയിട്ടോ എന്തോ?...വന്നില്ല... ഒരു പക്ഷെ നമ്മെ പഠിപ്പിക്കാൻ മാത്രം പ്രിപ്പയർ ചെയ്തിരിക്കില്ല അത്ര തന്നെ...അല്ല വന്നിട്ടിപ്പം എന്താക്കാനാ....ബഹീരാകാശത്തേക്ക്‌ റോക്കറ്റ്‌ വിടുന്ന കൗൺഡ്‌ ഡൗൺ ഒന്നും ഇല്ലല്ലോ അന്ന് അവിടെ.!

അന്നത്തെ പിരിയഡ്‌ ഒഴിഞ്ഞു കിടന്നു.. ഒഴിഞ്ഞു കിടന്നാൽ ആർക്കാ സഹിക്കുക...നമ്മൾ വെറുതെയിരിക്കരുത്‌..വെറുതെയിരുന്ന് കെട്ടിക്കിടക്കുന്ന മനസ്സിൽ പായലുപിടിച്ച്‌ നാശകോശമാകുന്ന സമയത്ത്‌ സാത്താൻ വന്ന് ഡിംഗ്‌.. ഡൊങ്ങ്‌.. ഡിംഗ്‌ .. ചാർ പാഞ്ച്‌ സാത്ത്‌ ആട്ട്‌... കളിക്കുമെന്നാ ജനസംസ്സാരം..സമയം പാഴാക്കാൻ നമ്മുടെ കൈയ്യിൽ അധികം ഇല്ല താനും!.. നമ്മൾ സീരിയസ്സായി നമ്മളുടെ ക്ലാസ്സുകൾ തുടങ്ങി..ശബ്ദായമാന കോലാഹല സമാജം!..മീൻസ്‌ അവർ ഡ്രീംസ്‌ ഡേ!...

തൊട്ടടുത്ത ക്ലാസ്സിൽ ഭയങ്കര ക്ലാസ്സെടുക്കുന്നതായി ഭാവിക്കുന്ന ഒരു മാഷ്‌.!..വി ഗൈഡ്‌ അരച്ചു കലക്കി കുടിച്ചു വന്നതാണെന്ന് നമ്മൾക്കറിയില്ലേങ്കിലും മൂത്ത്‌ നരച്ച്‌ അപ്പ്‌ ലൈൻസ്‌ ആയ ലീഡേർസുകൾ എത്ര വട്ടം പറഞ്ഞു തന്നതാ..നമ്മൾ അത്രയ്ക്കൊന്നും വളർച്ച പ്രാപിച്ചിരുന്നില്ല അപ്പോൾ!.. വീ യെങ്കിൽ വി.. അത്രേയുള്ളൂ.! ദാറ്റ്‌ ഈ സ്‌ നോട്ട്‌ ഏ ഗമൻഡൻ പ്രാബ്ലം!.. ടെയ്ക്ക്‌ ഇറ്റ്‌ ഈസി!...ജീവിക്കാനല്ലേ.. ഒരു ചാൺ വയറിനു വേണ്ടി ആളുകൾ എന്തും ചെയ്യും.. നെവർ മൈൻഡ്‌!.

. നമ്മളുടെ ക്ലാസ്സിലേക്ക്‌ നോക്കി അദ്ദേഹം പറഞ്ഞു " സയലെൻസ്‌ പ്ലീസ്‌!.. ഒച്ചയുണ്ടാക്കരുത്‌"
നാം മിണ്ടാതിരുന്നു.. പറഞ്ഞിട്ട്‌ കേട്ടില്ലാന്ന് വേണ്ട..

നമ്മുടെ ക്ലാസ്സിലെ ശുനകന്മാർ അദ്ദേഹം വന്നു കയറി കൂവി വിളിക്കുമ്പോൾ ഒരു ബഹുമാനം കൊടുത്തു കളയാം എന്നു വിചാരിച്ച്‌ മിണ്ടാതെ അൽപ നേരം ഇരുന്നു..

പോയപ്പോൾ പിന്നെ എന്തിനാ ബഹുമാനം?.. അങ്ങിനെ ചീഞ്ഞു നാറാനുള്ളതാണോ ഈ ബഹുമാനം??... വന്നാൽ കൊടുത്താൽ പോരെ എന്നൊർത്ത്‌ വീണ്ടും ശബ്ദം കുറച്ച്‌ തുടങ്ങി.. കുറച്ച്‌ കൂട്ടി, കുറച്ചു കൂട്ടി.. വലിയ കുഴപ്പമില്ല എന്ന പരുവത്തിലായപ്പോൾ പഴയ പടിയായി..

അദ്ദേഹത്തിന്റെ ശൗര്യം ഇരട്ടിച്ചു..ക്ലാസ്സിലേക്ക്‌ കൊടുങ്കാറ്റു പോലെ വന്നു..ഏതു മണവും പിടിക്കുന്ന ശുനകന്മാർ മിണ്ടാതിരുന്നു...പെട്ടെന്നുള്ള ഇവന്മാരുടെ ഈ നിശബ്ദത എന്തിന്റെ ദു:സ്സൂചനയാണെന്ന് തിരിച്ചറിയാത്ത മുൻ ബെഞ്ചിലിരുന്ന നാം അറിയാതെ സംഭവം അറിയാൻ തിരിഞ്ഞു നോക്കിപ്പോയി..

അപരാധിയെ കിട്ടിയെന്ന മട്ടിൽ നിരപരാധിയായ നമ്മുടെ ദേഹം തകിലു കൊട്ടുന്ന മാരാറെ പോലെ "ടപ്പേ..ടപ്പേ..ടപ്പേന്ന് മൂന്നു നാല്‌ അടി!.കിറുങ്ങിപ്പോയി..ഭൂമി കുലുക്കമല്ല!...അൽപം കഴിഞ്ഞപ്പോഴാണ്‌ എന്താ സംഭവിച്ചത്‌ എന്ന് തന്നെ ഓർമ്മ വന്നത്‌!.... ആകെ തരിപ്പായിരുന്നു.. അടുത്തിരിക്കുന്നവനെ നോക്കി.. അവൻ ".. ഒന്നുമില്ല..ടേയ്ക്‌ ഇറ്റ്‌ ഈസി. സമ്മാനമല്ലേ ഒരു പ്രശ്നമാക്കേണ്ട... ക്ലാസ്സിലുള്ള എല്ലാവർക്കുമുള്ള പ്രതിനിധിയായി സന്തോഷത്തോടെ ഏറ്റു വാങ്ങൂ കുട്ടാ...".....എന്ന മട്ടിൽ കണ്ണിറുക്കി മിണ്ടാതെ നിന്നു..നമുക്ക്‌ കരച്ചിൽ വന്നു..ഇങ്ങനെ ഒഴുക്കിക്കളയാനുള്ളതാണോ കണ്ണീർ എന്നോർത്ത്‌ മാത്രം ക്ഷമിച്ചു..ഇല്ലെങ്കിൽ കാണാമായിരുന്നു...!.. നിരപരാധിയായ നമ്മുടെ കണ്ണീരു വീണ്‌ ഒരു ക്ലാസ്സു തന്നെ ഒഴുകിപ്പോകുന്നത്‌!..

അടി നമുക്ക്‌ പുല്ലാണ്‌ .. പക്ഷേ നിരപരാധിയായ നമ്മെ.. അത്‌ ആയിരം അപരാധികളെ ശിക്ഷിക്കാതെ വിട്ടാലും ഒരു നിരപരാധിയെ പോലും ശിക്ഷിക്കില്ലെന്ന് ഭരണഘടനയിൽ എഴുതി തന്നിട്ട്‌ ഈ മഹാപാപിയായ അദ്ധ്യാപകൻ നമ്മെ നോവിച്ചുവല്ലോന്ന സങ്കടം..

അയാൾക്ക്‌ സമാധാനമായി.. ഒരു അപരാധിയെ കിട്ടിയല്ലോ?...നിരപരാധിയായ നമ്മെ ദ്രോഹിച്ചു വിട്ട അയാൾക്ക്‌ ഉറക്കം ഒരു പ്രഹേളികയാകട്ടേ എന്ന് നാം ശപിച്ചു... ഇനിയെങ്കിലും നിരപരാധികളെ ഇങ്ങനെ ഉപദ്രവിക്കരുത്‌...അയാൾ ഉറക്കം കിട്ടാതെ അരയൗൺസ്‌ ഗുൽഗുലു തിക്തക വിദേശമദ്യ സേവ നിത്യം തുടങ്ങി പണ്ടാരമടങ്ങിയിട്ടുണ്ടാകും.. ഹേ ബ്ലോഗേർസ്‌
അതാണു പറയുന്നത്‌ ഒരിക്കലും നിരപരാധി തിരിഞ്ഞു നോക്കരുത്‌!.. അപരാധി കാച്ചിക്കളയും!
.. ഒരു നിരപരാധി ഒരു സംഭവവും കണ്ടാൽ കണ്ടു കളയാമെന്ന് കരുതി തിരിഞ്ഞു നോക്കി  നടക്കരുത്‌!.ഓടി വീടണയണം.ഇല്ലെങ്കിൽ അപരാധിയുടെ കിരീടം ചാർത്തി അവന്മാർ നിരപരാധികളെ എഴുന്നള്ളിച്ചു കൊണ്ടു പോയേക്കാം..!.. നമ്മുടെ പരീക്ഷണം നിങ്ങൾക്കൊരു മുതൽക്കൂട്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു

ബുധനാഴ്‌ച, സെപ്റ്റംബർ 22, 2010

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...( പത്താം സർഗ്ഗം)

നോം പന പോലെ വളർന്നു... ഏഴാം ക്ലാസ്സിൽ നിന്നും എട്ടാം ക്ലാസ്സിലേക്ക്‌!..അവിടേയും ബർമുഡ തന്നെ നമ്മുടെ അന്തർദ്ദേശിയ വിശുദ്ധവസ്ത്രം!

. തടവറയിൽ നിന്നും സ്വതന്ത്ര്യത്തിലേക്ക്‌ എടുത്തു ചാടിയ സുഖം.... സമരമുണ്ട്‌... ലീവുണ്ട്‌.. തല്ലാനും കൊല്ലാനും ആരും ഇല്ല..!..സ്കൂളിൽ പോകും മുന്നേ അറിയാം .. സമരമുണ്ട്‌!.. ഇല്ലെങ്കിൽ മനസ്സിൽ നേതാക്കന്മാരുടെ തന്തയ്ക്ക്‌ വിളിക്കും.. " ഒന്നിനും കൊള്ളാത്ത ശവങ്ങൾ!

... പക്ഷേ ബസ്സുകാരുടെ പ്രശ്നം!...കണ്ടെക്ടറും ക്ലീനറും നമ്മോട്‌ ആജന്മ ശത്രുക്കളുടേതു പോലെയാ പെരുമാറ്റം..പത്തു പൈസക്കൊരു വിലയുമില്ലെന്നേ..നമ്മൾ അടിച്ചു പരത്തിയ എന്തോ അലുമിനിയം സാധനം കൊടുക്കുന്ന ഒരു നോട്ടം!..വിറക്‌ അട്ടിയിട്ട പോലെ തള്ളി തള്ളി നമ്മളെ അട്ടിയിടും.. ചിലപ്പോൾ നമ്മെ കയറ്റാതെ പോകും.. അവരുടെ വിചാരം മുതലാളി അവരുടെ അപ്പനാണെന്നാ... ആണോ ആ ആർക്കറിയാം!... നാം ചോദിക്കാൻ പോയില്ല്യ.. നമ്മൾ ചോദിച്ചിട്ട്‌ അവർ ഇനി അതിന്റെ ഗമയിൽ ഞെളിഞ്ഞു നടക്കേണ്ട!
 
..എന്തായാലും നമ്മളെ അവർക്ക്‌ കണ്ടൂടാ...ഒന്നൂകിൽ ഇവർ സ്കൂളിൽ നമ്മെ പോലെ പോയിരിക്കില്ല.. അല്ലെങ്കിൽ ഇവന്മാർ വിദേശികൾ!..അതിനാൽ അവിടെ ഫുഡ്ബോൾ കളിക്കാനുള്ള സ്ഥലമുണ്ടല്ലോടാന്നും പറഞ്ഞ്‌ നമ്മളെ ബ്രെഡ്ഡിനു ചവിട്ടിക്കൂട്ടുമ്പോലെ ചവിട്ടിക്കൂട്ടിയാൽ കിളിക്ക്‌ സമാധാനമായി... പിന്നെ കിളിയുടെ ശംഖനാദം.!!. യുദ്ധം തുടങ്ങീന്നർത്ഥം!.. ബസ്സു സ്റ്റാർട്ടു ച്യ്തു ഡ്രൈവർ!...വിമാനം പറപ്പിക്കുന്ന പൈലറ്റായിരുന്നെങ്കിൽ ഇയ്യാളൊക്കെ ദുബായിക്കു പറപ്പിക്കേണ്ട വിമാനം അമേരിക്കേക്ക്‌ വിടും!.. നമ്മളെ സ്റ്റോപ്പിലിറക്കില്ല.. ഇറക്കിയാൽ ഒരു കുറച്ചില്‌.. പത്തു പൈസയും തന്ന് സുഖമായി നിന്നു യാത്ര ചെയ്തതല്ലേ.. ലേശം നടന്നാൽ പിത്തം ഉരുകും എന്ന ഒരു മട്ടും ഭാവവും! ..പഠിച്ചു ക്ഷീണിച്ചു വരുന്ന നമ്മെ ഇവന്മാർക്കെന്താ ബസ്സു നിർത്തി വീട്ടിലേക്ക്‌ എടുത്ത്‌ കൊണ്ടു പോയി ആക്കിയാല്‌ എന്ന ഒരു ഭാവം നമ്മൾക്കും !... വെറുതെയല്ലല്ലോ  പത്ത്‌ പൈസ എണ്ണിക്കൊടുത്തിട്ടല്ലേ!.. ആരുടേയും ഒരു ഓശാരത്തിനും അന്നും ഇന്നും നമ്മൾ പോയിട്ടില്ല.. അപ്പോൾ പിന്നെ കണ്ണുരുട്ടി ഉരുട്ടി വേറുതേ എന്തിനാ കണ്ണിന്റെ ഗോളം തെറിച്ചു താഴെ വരാൻ ഇടവരുത്തുന്നത്‌!

എട്ടാം ക്ലാസ്സിൽ ഒപ്പം പഠിച്ചു കുറച്ചു ഷേണായിമാർ!.എന്തൊരു പഠിത്തം!.. എന്തൊരു പഠിത്തം!.. ഹോ .. ഹോ... അന്നേ നാം കണക്കു കൂട്ടിയതാ.. എവന്മാരൊന്നും ഗതി പിടിക്കില്ലെന്ന്.. ... മഹാന്മാരൊക്കെ ഓരോ ഗതികിട്ടാത്ത നിലയിലായി.. നാമന്നേ കരുതീതാ..ഇങ്ങനെ പഠിച്ച്‌ തലപുണ്ണാക്കിയിട്ട്‌ എന്തെടുക്കാനാ...?.. പഠിച്ച്‌ പഠിച്ച്‌ ഭ്രാന്തെങ്ങാൻ വന്നാൽ പോയില്ലേ.. അവന്റെ അഹങ്കാരം!.... ആളുകളുടെ തല തെറ്റാൻ അത്രയ്ക്ക്‌ സമയം വേണോ? ..

...ഇന്ന് ചിലർ ഡോക്ടറായി, ചിലർ കമ്പ്യൂട്ടർ എഞ്ചിന്യോറായി അമേരിക്കയ്ക്ക്‌ പറന്നു.. .പറഞ്ഞാൽ മനസ്സിലാവാത്ത ആളുകൾക്ക്‌ അങ്ങിനെ തന്നെ വരണം!!..അനുഭവിക്കട്ടേ.. എന്നാലെ പഠിക്കൂ.!!..... ഒരുവൻ എന്റെ നോട്ട്‌ നോക്കിയെഴുതും... അവനെ നമ്മൾ നോട്ടമിട്ടു.. അവൻ ഏറിവന്നാൽ ഒരു വാധ്യാര്‌.. സത്യമായി അത്‌.. ഇന്ന് ലക്ചറർ ആയി അവൻ കൺകണ്ട പെൺപിള്ളേരുടേയും ആൺ പിള്ളേരുടേയും ശാപം വാങ്ങി.. നശിച്ചു നാറാണക്കല്ലെടുത്ത്‌ നടക്കുന്നു.. ഗുരുത്വദോഷം.. പഠിപ്പിക്ക്യെന്നേ..പഠിപ്പിക്യ.. ഇത്രയും ശാപം കിട്ടാൻ മാത്രം എന്തു ദോഷാ അവൻ ചെയ്തത്‌ ... ആ ആർക്കറിയാം!..അവനു ശാപമോക്ഷം കൊടുക്കണേ പര ദൈവങ്ങളേ...
നമ്മോടൊപ്പം പഠിച്ച്‌ വല്യ നിലയിലായ ഒരു ഓട്ടോറിക്ഷക്കാരൻ ഇന്നാളൊരു ദിവസം നമ്മോട്‌.. " ഇസ്തിരിം ഇട്ട്‌ വടിവൊത്ത കുപ്പായം ഇട്ട്‌ എങ്ങോട്ടാ....എന്താ ഇപ്പോൾ പണി!"..
അവന്‌ വല്യ ഭാവം... നാം ക്ഷമിച്ചു.. നമ്മെ മനസ്സിലാക്കാതെയല്ലേ ഈ കൃമി...സാരമില്ല !..
"..ഒന്നുമില്യാ.."-
"..ഒന്നുമില്യാണ്ട്‌...."
" പണീംണ്ട്‌...ഒരു പാട്‌! .
"എന്തു പണീ"
".. തിന്നുക ..സുഖിക്കുക.. കിടന്നുറങ്ങുക.!".
...സോ സിമ്പിൾ!..അതിന്റെ അഹങ്കാരമൊന്നും നമ്മൾ കാട്ടാറില്ല.. വേണമെങ്കിൽ നമ്മുടെ പട്ടി കാട്ടിക്കോട്ടേ!..നമുക്ക്‌ നെവർ മൈൻഡ്‌!
"ഒന്നും ആയില്യാ ..ലേ" -അഹംഭാവത്തിന്റെ ഒരു പോക്ക്‌! ...ഈ പറഞ്ഞ പണികൾ നിന്റെ മറ്റവൻ എടുക്കുമോന്ന് ചോദിക്കാൻ ഒരുങ്ങിയതാ.. പോട്ടെ .. ന്നാലും ഒപ്പം പഠിച്ചോനല്ലേ!
".... തിരക്കുണ്ട്‌.. വരാം പിന്നെക്കാണാം!.. ബസ്റ്റാൻഡില്‌ പോയി നാലു പിള്ളാരെ കാണാൻ കൂടെ ഇവന്മാർ സമ്മതിക്കില്ല.. നാം അവിടെയെത്തിയില്ലേങ്കിൽ അവരൊക്കെ അവരുടെ വഴിക്ക്‌ പറന്നു പോയി കളയും...അന്നത്തെ പണി പോയില്ലേ..നമ്മൾ സമയം മെനക്കെടുത്തിയതു വെറുതേ!.. പിന്നെ അന്ന് അവധിയെടുത്ത്‌ വീട്ടിലേക്ക്‌ തന്നെ തിരിച്ചു പോകണം..നാലു മണി വരെ മതി.. അപ്പോഴേക്കും ജോലി സ്റ്റാർട്ട്‌ ചെയ്യാം. ...ന്നാലും രാവിലേയുള്ള ജോലിയുടെ മേന്മ അതിനുണ്ടാവില്ലല്ലോ.. എന്തിനും ഏതിനും രാവിലെയാ നല്ലത്‌!..നമ്മുടെ തിരക്ക്‌ അറിയാത്ത അജ്ഞാനി!..തൂഫൂ!--നാം ബബിൾഗം തുപ്പിക്കളഞ്ഞു....തുപ്പേണ്ട സാധനം തുപ്പിക്കളയണം .. ഇല്ലേങ്കിൽ ആരും ഗതി പിടിക്കില്ല്യാ..തൊണ്ടയിലെങ്ങാൻ കുരുങ്ങിയാൽ കുഴങ്ങീലോ...മരിച്ചു പോവും!

അപ്പോൾ പറഞ്ഞു വന്നത്‌ ...8 എ ക്ലാസ്സ്‌ പിരിച്ചു വിട്ടു..."എ" എന്ന പദം ഹെഡ്മാഷ്ക്ക്‌ കൊറച്ചിലുണ്ടാക്കീട്ടുണ്ടാകും!..പഴയ ഓർമ്മയോ മറ്റോ ആവാം പിള്ളേർ വഴി പിഴക്കേണ്ടാന്ന് കരുതീട്ടുണ്ടാവും!..അതിനാൽ "എ" ഡിവിഷൻ വേണ്ട!...ബാക്കിയുള്ള ഡിവിഷനിലേക്ക്‌ നമ്മളെ അഭയാർത്ഥികളായി അയ്യഞ്ചു പേരെ വീതം അയച്ചു..നാം ചെന്നു കയറിയത്‌.. പഠനം അസ്സഹനീയമായി കരുതുന്ന ഡിവിഷനിലേക്കും..8 ജി.. അവിടെ എപ്പോഴും കളി തന്നെ.. പൂജ്യം ഇട്ടു കളിക്കണം, സിനിമാ പേരു പറഞ്ഞു കളിക്കണം...എന്തെല്ലാം.. എന്തെല്ലാം ..ഹൊ.. ഹൊ...എല്ലാം നമ്മൾ തന്നെ കളിക്കേണ്ടേ...അടുത്തുള്ള ഡിവിഷനിലുള്ളവരെ കൂട്ടണം എന്ന് നമ്മൾക്ക്‌ ആഗ്രഹമുണ്ട്‌.. അവരൊക്കെ തനി കണ്ട്രിയാ.. വെറും പുസ്തക ഞാഞ്ഞൂൽ!...എന്തൊക്കെ കളിച്ചാലും നമ്മൾക്ക്‌ ക്ഷീണം!.. ഹേയ്‌ അശേഷമില്ല!.. ഭയങ്കര എനർജിയാ..!".. മാഷന്മാർ വരും പാഠമെടുക്കും അതവരുടെ ഡ്യൂട്ടി.. കുഞ്ഞുങ്ങളെ പോറ്റാനുള്ളതല്ലേ.. നമ്മൾ അതിൽ തലയിട്ടു കൂട... ശാപം കിട്ടും..ശാപം!...ഇതു പോലെ സ്വാതന്ത്ര്യം ഇന്ത്യാ മഹാരാജ്യത്തുണ്ടോന്ന് സംശയം ആയി..അങ്ങനെ നാം ആർമ്മാദിച്ചു..

ക്ലാസ്സിൽ അഭയാർത്ഥികളായി എത്തിയതിനാലാകണം ചില വിഘടന വാദികൾ നമ്മെ വരത്തന്മാരായി കരുതി..

ഒരീസം അതുണ്ടായി...ഫിസിക്സ്‌ സാറിന്റെ ക്ലാസ്സ്‌ .! ആകെ നിശബ്ദം..ടെസ്റ്റ്ബുക്ക്‌ കൊണ്ടുവന്നില്ലേങ്കിൽ അദ്ദേഹത്തിനു രക്തരക്ഷസ്സിനെ പോലെ ഹാലിളകും... തോളിടുക്കിൽ നുള്ളി രക്തം കണ്ടാൽ മാത്രമേ ശാന്തമാകൂ!..രക്തം വേണം രക്തം എന്ന മട്ട്‌!..ആയിക്കോട്ടെ തമ്പ്രാ.. ലേശം ശ്രദ്ധിച്ച്‌ അധികം വേദനയില്ലാതെ എടുത്തോളൂന്ന മട്ടിൽ നമ്മളും!...അന്ന് ക്ലാസ്സ്‌ ലീഡർ വന്നില്ല.. നമ്മെ ക്ലാസ്സിന്റെ നിയന്ത്രണം ഏൽപിച്ച്‌ ഫിസിക്സ്‌ അദ്ദേഹം പുറത്തു പോയി.. വരത്തനായ നമ്മെ ആരനുസരിക്കാൻ..!

കുറച്ചു കഴിഞ്ഞപ്പോൾ അദ്ദേഹം വന്നു.."സംസാരിച്ചവരുടെ പേരു ഹാജരാക്കാൻ കൽപന!"

നാം ഹാജരാക്കി... സ്റ്റാൻഡ്‌ അപ്പ്‌ ആയ മഹാന്മാരുടെ തോളിലെ രക്തം കുടുകുടാ ചാടിയിട്ടുണ്ടാകും അദ്ദേഹത്തിന്റെ കൂർത്ത നഖങ്ങളിലൂടെ...!

അദ്ദേഹം പോയി.. പ്രേതബാധ ഒഴിഞ്ഞവരെല്ലാം നമ്മുടെ നേരെ..!

ഉച്ചയ്ക്ക്‌ വിട്ടപ്പോൾ തോറ്റ്‌, തോറ്റ്‌ ബെഞ്ചു തഴമ്പു പിടിപ്പിച്ച നമ്മുടെ താതന്റെ പ്രായമായ ഒരുവൻ കത്തിയുമായി വന്നു എന്റെ പുറകേ.." നിന്നെ കുത്തി മലർത്തും ഹിമാറേ!..എന്റെ പേരെഴുതും അല്യോടാ...".

നാം ഓടി.. ഹേഡ്മാഷിന്റെ റൂമിനു പുറത്ത്‌ അഭയം പ്രാപിച്ചു.. ആരോടും പറഞ്ഞില്ല.. പറഞ്ഞെങ്കിൽ അവൻ കുത്തും ഒരു സംശയോം ഇല്യ!...നമ്മൾ കൊള്ളും ഒരു തർക്കവും ഇല്ല!..നമ്മോടാ അവന്റെ കളി!"

പിറ്റേന്ന് യദാർത്ഥ ക്ലാസ്സ്‌ ലീഡർ വന്നു.. നാം അവനോട്‌ പറഞ്ഞു.." ഇവന്മാരോട്‌ എന്റെ ജീവൻ വിട്ടു തരാൻ പറ!... ഇല്ലെങ്കിൽ നീയ്യും കൂടി എന്നെ കൊന്നു തിന്ന്!"

അവൻ അവരുടെ അടുത്തു ദൂതുമായി പോയി അവരെ ശാന്തരാക്കി.. "...പറ്റിപ്പോയതാടാ അവന്‌.. ക്ഷമിക്ക്‌.. അവൻ പാവമാ!"

മഹാ പാപി നമ്മുടെ അടുത്തു വന്നു.." വീണ്ടും കത്തി കാട്ടി പറഞ്ഞു .. ഇനിയിതാവർത്തിച്ചാൽ.. ഇസ്കൂളു മാത്രമല്ല പുറത്തും സ്ഥലമുണ്ട്‌.. ഓർത്താൽ നിനക്ക്‌ കൊള്ളാം!"
".. ഇല്ല!.. നാം ആവർത്തിക്കില്ല.. സത്യം!... " - നാം അങ്ങിനെ സന്ധി ചെയ്തു.. ഒരിക്കൽ കൂടി സ്റ്റീലിന്റെ തിളങ്ങുന്നകത്തി കാട്ടി അവൻ മുരണ്ടു.."ഓർമ്മേണ്ടല്ലോ?". പിന്നേ ഇവൻ ഒലത്തും.. എന്നാലും ഒരു മല്ലയുദ്ധത്തിൽ കത്തികൊണ്ട്‌  മോക്ഷം കിട്ടാതെ വീരചരമം പ്രാപിക്കുന്നതിനേക്കാൾ നല്ലതല്ലേ സന്ധിചെയ്ത്‌ സുഖമായി എവിടെയെങ്കിലും പോയി ഇരിക്കുന്നത്‌!

ചൊവ്വാഴ്ച, സെപ്റ്റംബർ 21, 2010

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...( ഒൻപതാം സർഗ്ഗം)

സൗറാ

അയലോക്കത്തെ സൗറാ മതിലിൽ കയറിയിരിക്കും.. മരത്തിൽ വലിഞ്ഞു കയറും.. ഒരു ആണിന്റെ ശൗര്യം!.".വാവാനായ പെണ്ണാണ്‌.. മതിലിന്മേലാ ഇരുത്തം ഇറങ്ങെടീ ഒരുമ്പെട്ടോളേ!!.". അവളുടെ ഉമ്മയും ശബ്ദമുയർത്തും അവൾക്കൊരു കൂസലും ഇല്ല! ( വാവാനായ എന്നു വെച്ചാൽ നമ്മുടെ ഭാഷയിൽ കല്യാണം കഴിപ്പിച്ചു വിടാറായ പെണ്ണാണെന്ന് സാരം!)

നമുക്കാണെങ്കിൽ അറപ്പും!... മൂക്കിന്നൊലി കണ്ടാൽ നമുക്ക്‌ ചോറു കൂടെ ഇറങ്ങില്ല... അസത്ത്‌!.. നമുക്കും ജലദോഷം വന്നാൽ മൂക്കിന്നൊലി വല്ലപ്പോഴും വന്നൂച്ചാലും ആരാന്റെ മൂക്കിൽ നിന്ന് ഒലിക്കുന്നത്‌ കാണണമെന്ന് നേർച്ചയൊന്നും ഇല്ലല്ലോ?..ഇത്‌ നോൺസ്റ്റോപ്പ്‌ ഒലിപ്പ്‌!..ടാപ്പ്‌ ഈസ്‌ ഓൺ എന്നർത്ഥം!.. ചിലപ്പോൾ അണ്ഡ കടാഹം വിറങ്ങ്ലിച്ചു നിൽക്കേണ്ട വണ്ണം ഒരു വലി മുകളിലേക്ക്‌ വലിക്കും.. താഴേക്ക്‌ കുതിച്ചു ചാടി ചുണ്ടിൽ മുത്തമിട്ട മൂക്കിള മുകളിലേക്ക്‌ കുതിക്കും ! നാക്കു കൊണ്ട്‌ മൂക്കിള മുത്തമിട്ട ചുണ്ട്‌ വൃത്തിയാക്കും!..കാണാനെങ്കിൽ വൃത്തിയും വെടിപ്പുമില്ല.. കുരുത്തക്കേടാണെങ്കിൽ അസംഖ്യം!..

ഒരേ പ്രായക്കാരായ നമ്മെ അവൾക്ക്‌ വല്യ ഇഷ്ടമാണ്‌...അവൾ തൊട്ടാൽ ആറു പ്രാവശ്യം കുളിച്ചാലും ലേശം ചെളി ബാക്കിയുണ്ടോന്ന സംശയം നമുക്ക്‌..കാരണം മൂക്കിൻ ദ്രാവകം ടപ്പേന്ന് കൈ കൊണ്ട്‌ കുടഞ്ഞെറിഞ്ഞ്‌ അവളുടെ പാവാടയിൽ ഉരയ്ക്കും..ചിലപ്പോൾ മൂക്ക്‌ മൊത്തമായും ചുമലുകളിലേക്ക്‌ നീളും!.. തലങ്ങും വിലങ്ങും തല ഉരുട്ടും!..സംഗതി ക്ലീൻ!.. ഇതിനെന്താപ്പോ ഇത്ര നാണിക്കാൻ എന്ന മട്ടിൽ വീണ്ടും മതിലിൽ കയറി ഇരിക്കും.. കൊഞ്ഞനം കുത്തും.. എന്തൊക്കെയോ ചോദിക്കും നമ്മോട്‌..

ഈ നാം ഹമ്മേന്ന് കണ്ണു പൊത്തും...!...ചോദ്യങ്ങൾക്ക്‌ ഉരുളയ്ക്ക്‌ ഉപ്പേരി എന്ന മട്ടിൽ ഉത്തരം പറയും നാം. .. !

പാലു വാങ്ങിക്കാൻ നമ്മുടെ വീട്ടിൽ വരും..അപ്പോഴും നമ്മെ വെറുതെ ഒരടി അടിച്ച്‌ ഓടും.. ചിലപ്പോൾ കൈകളിൽ തോണ്ടും!..അവിടെമാകെ അവളുടെ അക്ഷയ പാത്രമായ മൂക്കിൽ നിന്നുള്ള മൂക്കിള വ്യാപിച്ചോന്ന് കരുതി സോപ്പിട്ട്‌ കഴുകും നാം.. നാളെ ഇവിടെ വരൂലോ.. നിനക്ക്‌ ഞാൻ വെച്ചിട്ടുണ്ട്‌ .. നാം ദേഷ്യം കൊണ്ട്‌ പുലമ്പും!.പാലു വാങ്ങിപ്പോയാൽ കുരങ്ങിനെ പോലെ ഓടി മതിലിൽ ഇരിക്കും...എന്തിനാണ്‌ ഇവൾ മതിലിൻ പുറത്ത്‌ ഇരിക്കുന്നത്‌??..ശരിക്കും മതിലിന്മേൽ വെച്ച പ്രതിഷ്ഠ പോലെയാണ്‌ അവൾ!

ചിലപ്പോൾ നമ്മെ കണ്ടാൽ പാത്തു പതുങ്ങി വന്ന് ചെറിയ പ്ലാസ്റ്റിക്‌ കുപ്പിയിൽ വെള്ളമെടുത്ത്‌ നമ്മുടെ ദേഹത്ത്‌ ചീറ്റിക്കും... മടലെടുത്ത്‌ നിന്റെ നടുപ്പുറം കടപ്പുറം ആക്കും അസത്തേന്ന് പറഞ്ഞ്‌ അവളുടെ വീടു വരെ ഓടിക്കും!..
അവളുടെ ഉമ്മയെ കണ്ടാൽ നാമൊന്നും അറിയാത്ത പോലെ നടക്കും....മറ്റൊന്നും കൊണ്ടല്ല എന്തിനാ വെറുതെ നാമായിട്ട്‌ അവരുടെ വായിലെ തെറിവിളിയുടെ മൊത്ത വിതരണ ഏജൻസി ഏറ്റെടുക്കുന്നത്‌?.. അവർക്കറിയില്ലല്ലോ ആരാണ്‌ കുഴപ്പക്കാർ എന്ന്!..നമ്മളുടെ അമ്മയെ കണ്ടാലും ഒന്നും നാം ഉരുവിടാറില്ല!.. .നാമെത്ര പാവമാണെന്ന് ആണിയിട്ട്‌ അടിച്ച്‌ പറഞ്ഞാലും എല്ലാവരും പറയും .. വിളഞ്ഞ വിത്താ... ആരാ സാധനം ന്ന് അറിയോ?... നിരപരാധിയെ തൂക്കിലിടുന്നതും കുരിശിൽ തറക്കുന്നത്‌ ആളുകൾക്ക്‌ ആഹ്ലാദകരമാണ്‌!.. .ഇവനൊന്നും ജീവിക്കാൻ അർഹനല്ല എന്നതു കൊണ്ടാകാം അത്‌!..ആ സമയത്തൊക്കെ ആരെങ്കിലും അവളുടെ രക്ഷയ്ക്കെത്തും വീണ്ടും മതിലിൽ കൊഞ്ഞനം കുത്തി അവളിരിക്കും..!
ഇല്ലെങ്കിൽ അവളുടെ കൈ കാൽ നമ്മൾ അന്നേ തല്ലി ഒടിച്ചിട്ടുണ്ടാകും!...
 
വീട്ടുകാർ മതിൽ അവൾക്കിരിക്കാനായി പണിതതാണെന്നു തോന്നും.. ഒരു നാൾ  മുളകു പൊടി വാരി അവളുടെ ഉമ്മയോ മറ്റോഅവളുടെ ദേഹത്ത്‌ ഉരയ്ക്കുക വരെ ചെയ്തു കുരുത്തക്കേട്‌ സഹിക്കാൻ വയ്യാതെ!... എന്നാലും അവൾക്കൊരു പ്രശ്നവും ഇല്ല... അവൾ കാറി വിളിക്കുന്നു.. വിളിക്കട്ടേ.. കുരുത്തക്കേട്‌ ഉള്ളതിനാലല്ലേ.. നമ്മെ കൊഞ്ഞനം കുത്തിയ വകയിൽ ദൈവം കൊടുത്ത സമ്മാനം!...സന്തോഷം തോന്നി ആദ്യം.. അതിനു കിട്ടണം കിട്ടിയാൽ പോരാ. ..പക്ഷെ രംഗം കണ്ടപ്പോൾ നമ്മുക്ക്‌ സങ്കടം തോന്നി .. എന്നാലും ഇത്രയ്ക്കൊന്നും വേണ്ടായിരുന്നു..അത്‌ ഫൗൾ! അവൾ നിലത്ത്‌ പിടഞ്ഞുരുളുന്നൂ...ദേഹം പുകയുന്ന വേദന നമ്മെ വല്ലാതെ വിഷമിപ്പിച്ചു..
പാവം!..പക്ഷെ കയ്യിലിരിപ്പ്‌!

അവളുടെ വീട്ടുമുറ്റത്തെ മാവിൽ  നല്ല സ്വാദുള്ള മാങ്ങകൾ ഒരു പാട്‌ ഉണ്ട്‌.. പക്ഷെ നമ്മുടെ മാവിന്റെ മാങ്ങകൾ  അവൾക്ക്‌ പ്രീയംകരം!..കാറ്റിൽ മാങ്ങ വീഴുന്നതു കണ്ട്‌ നമ്മൾ ഓടിയടുക്കുമ്പോഴേക്കും മതിലു ചാടി അവൾ മാങ്ങ കരസ്ഥമാക്കും !.. ഒരിക്കൽ പിടിച്ചു വലിച്ച്‌ മാങ്ങ കരസ്ഥമാക്കി.. പക്ഷെ പെട്ടെന്ന് ഓർത്തു.. മൂക്കിന്നൊലിച്ചിയുടെ മൂക്ക്‌ വീണു ആ മാങ്ങയുടെ പുറംതൊലി കുതിർന്നിരിക്കും ...തിന്നാൻ നോക്കിയപ്പോൾ വല്ലായ്മ തോന്നി. ഛേ.. ഓക്കാനം വന്നു...വെറിമൂത്ത അവൾ തന്നെ തിന്നട്ടേ.. അവൾക്ക്‌ എറിഞ്ഞു കൊടുത്തു.." കുരങ്ങന്റെ സ്വഭാവ ഗുണം അശേഷം ഉണ്ട്‌ അതിന്‌.. അത്‌ ഏറ്റു വാങ്ങി മതിലിന്മേൽ കയറി.. കറും മുറും ന്ന് തിന്ന് മാങ്ങയണ്ടി ഊമ്പിക്കുടിച്ച്‌ , കൈ നക്കി നക്കി..നമ്മെ നോക്കും..പിന്നെ കൊഞ്ഞനം കുത്തും!.. അസത്ത്‌ തന്നെ കുരങ്ങ്‌ ജന്മം!..
നോം തിരിച്ചങ്ങട്‌ കൊഞ്ഞനം കുത്തി...കണ്ടില്ലേ അവളുടെ അഹമ്മതി.. നമ്മളെ നോക്കി അവൾ രണ്ടു തവണ കൊഞ്ഞനം കുത്തി..ഒരാണിനെ നോക്കി കൊഞ്ഞനം കുത്താൻ വളർന്നൂ അവൾ.. നമ്മെ അത്‌ കോപാകുലനാക്കും! അടുപ്പിക്കാൻ കൊള്ളാത്ത ശവി...മാങ്ങ കൊടുത്ത നന്ദി വേണ്ടെ!"..നഹി ഹേ.. ബ്ലോഗേർസ്‌ !.. നഹീ...

പെട്ടെന്ന് അവൾ വളർന്നു..വേഗത്തിൽ തന്നെ അവളെ കെട്ടിച്ചു കൊടുത്തു..എല്ലാം വളരെ പെട്ടെന്നായിരുന്നു... എന്തൊരു സൗന്ദര്യം!.. പഴയ സൗറയല്ല അവളെ കെട്ടിച്ചു കൊടുക്കുമ്പോൾ.. കണ്ടാൽ നോക്കി നിന്നു പോകും..പണ്ടെത്തെ കേട്ടപല്ലില്ല!പവിഴനിരകൾ പോലുള്ള പല്ലുകൾ!.. ചെന്തൊണ്ടി പഴത്തിന്റെ നിറം ചുണ്ടിന്‌.. !..സ്വർണ്ണനിറം ദേഹത്തിന്‌, മാധുര്യമൂറുന്ന ചിരി.. നല്ല അടുക്കും ചിട്ടയും ഉള്ള മനോഹരമായ പെരുമാറ്റം!..ന്റെ സൗറ... നീയ്യെങ്ങിനെ ഇത്രപെട്ടെന്ന് മാറി.. വിശ്വസിക്കാൻ കഴിഞ്ഞില്ല...

നാം പണ്ട്‌ അവളെ കണ്ടാൽ അറപ്പു കാട്ടിയെങ്കിലും ഒരു ദേഷ്യവും ഇല്ല ആ പാവത്തിന്‌!...വിവാഹം കഴിഞ്ഞപ്പോൾ ഉമ്മയേയും കൂട്ടി നമ്മെ കാണാൻ കൂടി വന്നു... നാം കാട്ടിയ അറപ്പുകൾ ഒന്നും അവൾക്ക്‌ സാരമില്ലായിരുന്നു.. ഒന്നിച്ചു കളിച്ചവർ എന്ന മട്ടിൽ അവൾ നമ്മോട്‌ കുശലാന്വേഷണം നടത്തി...അല്ല .സ്വന്തം സഹോദരന്റെ സ്ഥാനം തന്നെ നൽകിയിരുന്നു അവൾ നമുക്ക്‌.!..എനിക്ക്‌ അവളുമായി ഉള്ള ആകെ ബന്ധം ചാവാലിപട്ടിയെ എറിഞ്ഞോടിക്കുന്ന മട്ടിൽ എറിഞ്ഞോടിച്ച ബന്ധം!..അവൾക്ക്‌ നമ്മോട്‌ സഹോദരന്റെ അടുപ്പവും!...സങ്കടായിരുന്നു നമുക്ക്‌!... പാവം!..അവളോട്‌ അങ്ങിനെ പെരുമാറരുതായിരുന്നു!.. നാം എറിഞ്ഞോടിക്കുന്നതിലും ആനന്ദം കണ്ടെത്തിയവൾ!.. ഒരു പക്ഷെ നമ്മുടെ മുൻ ജന്മത്തിലെ നമ്മുടെ സഹോദരിയായിരിക്കുമോ അവൾ!

പെട്ടെന്നൊരുനാൾ അറിഞ്ഞു എന്തോ രോഗം വന്ന് സൗറ  മെഡിക്കൽ കോളെജിലേക്ക്‌ പോയിട്ടുണ്ട്‌..വയറു വേദനയെന്നാണ്‌ പറഞ്ഞത്‌ പക്ഷെ അവൾക്ക്‌ ഈ ഭൂമി ജീവിതം അവസാനിപ്പിക്കാൻ അതു തന്നെ ധാരാളമായിരുന്നു.." പാവം സൗറ!.." വർഷങ്ങളായെങ്കിലും അവളുടെ ആത്മാവിനു നിത്യശാന്തി ലഭിക്കട്ടേ എന്ന് ഓർമ്മിക്കുമ്പോഴൊക്കെ പ്രാർത്ഥിച്ചു പോകുന്നു!

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...( എട്ടാം സർഗ്ഗം)

നമ്മൾ വയലുകളിൽ ഫുഡ്ബോൾ എന്നു പറഞ്ഞ്‌ കടലാസു ചുരുട്ടി ബോളാക്കി കളിക്കുമ്പോൾ ആവേശത്തിന്‌ വയലിൽ കിടന്ന് ഉരുളും..ഇല്ലെങ്കിൽ കളിക്ക്‌ എന്തു രസം!...
നമുക്ക്‌ നല്ല നിശ്ച്യംണ്ട്‌... നമ്മളെയൊക്കെ തഴഞ്ഞതാ ഭാസന്മാരും ആഭാസന്മാരും, നിറഞ്ഞാട്ടക്കാരും അഴിഞ്ഞാട്ടക്കാരികളും ആയി നൂറുകോടിയിൽ പരം നിറഞ്ഞൊഴുകുന്ന മഹാജനതയുള്ള ഇന്ത്യക്ക്‌ ലോകകപ്പിൽ ഒരു ചായകപ്പു പോലും വാങ്ങിക്കാൻ ആളുകളെ അയക്കാൻ ഭാഗ്യം സിദ്ധിക്കാത്തത്‌!..പുത്തി വേണം.. പുത്തി.. അതില്ലാഞ്ഞാൽ ഇങ്ങനെ അവരൊക്കെ വക്ക, വക്ക കളിക്കുമ്പോൾ നമ്മൾക്ക്‌ ചക്ക, ചക്ക എന്ന് പറഞ്ഞ്‌ വരട്ടി തിന്നാം...

നിന്റെ ദേഹം നിറചും ചെളിയാ..സോപ്പ്‌ തേച്ച്‌ കുളിക്കുമ്പോൾ ചെളി ഇറങ്ങി ഓടുന്നതായി ഒന്നാം അമ്മായിയുടെ തമാശ!.." ദേ.. നോക്ക്‌!...നിന്റെ ദേഹത്തെ ചെളിയാ ഒഴുകുന്നത്‌..കരി കരി പോലെ!"
..അതൊന്നും നോക്കാൻ നമുക്ക്‌ നേരമില്ല!
അമ്മായി തമാശിക്കട്ടേ...
"..സോപ്പ്‌ തേച്ച്‌ കുളിക്കുന്നതിനാൽ അതിന്റെ പതയാണെന്ന് നോം..."
എല്ലാവരും ചിരിക്കുന്നു..

ഇതൊക്കെ സോപ്പ്‌ കമ്പനിയുടെ ഒരു നമ്പറല്ലേ!... ആണ്‌.. ആളുകളെ പറ്റിക്കാനുള്ള ഒരു നമ്പർ!... ചെളിയാണ്‌ നമ്മുടെ ദേഹത്ത്‌ അവരുടെ സോപ്പ്‌ അതൊക്കെ ഇളക്കി കളഞ്ഞു എന്നു വരുത്തി വേണം അവർക്ക്‌ ഗമ കാട്ടാൻ!..നമ്മളെ ഗുലുമാലിലാക്കി പണക്കാരനാവുന്നവർ!.. വലുതാകും മുന്നേ തന്നെ നാം ഇതെല്ലാം മനസ്സിലാക്കിയിരുന്നു..പക്ഷെ ആളുകൾ വിശ്വസിക്കില്ലല്ലോ.. പരസ്യം ആളുകളെ ഫൂളൂകൾ ആക്കിയിരുന്നു....ഇതൊക്കെ വിളിച്ചു പറയുന്ന നമ്മളെ ബുദ്ധിയില്ലാത്തോനും!!

..രണ്ടാം അമ്മാവൻ ലീവിനു വന്നു...നടത്തം പോലും എയർഫോഴ്സ്‌ സ്റ്റൈലിലാണ്‌.. അടുക്കും ചിട്ടയും എല്ലാ കാര്യത്തിലും!...നമുക്ക്‌ വിറയലാണ്‌...ഒന്നും ഉണ്ടായിട്ടല്ല.. ഒരു പേടി..!..ഒരു പക്ഷെ ആജ്ഞാ ശീലത്വമുള്ള ഘന ഗംഭീരമായ ശബ്ദമാണോ നമ്മെ ഭയപ്പെടുത്തുന്നത്‌... എന്നൊന്നും അറിയില്ല... സംഭവം സത്യമാണ്‌.. വല്ലാത്ത ഭയം!...അതിനാൽ ശബ്ദം പോലും ചിലപ്പോൾ എങ്ങോ പോയി ഒളിക്കും!..വെറും തലയാട്ടലായി ചോദ്യങ്ങൾക്കുത്തരം രൂപപ്പെടും...

മുന്നിൽ അബദ്ധത്തിൽ ചെന്നു ചാടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കും... നമ്മളെ നമ്മൾ ശ്രദ്ധിച്ചില്ലെങ്കിൽ പിന്നെ ആരാ ശ്രദ്ധിക്കാൻ!....മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപിച്ചതല്ലേ..അവനു കിട്ടുന്നെങ്കിൽ മുതലും പലിശയും അടക്കം അമ്പതിരട്ടി കിട്ടിക്കോട്ടേ നമുക്കൊരു ചേതവും ഇല്യാ എന്ന് മനക്കോട്ട കെട്ടി നടക്കുന്ന നമ്മുടെ മൂത്ത നമ്പിമാരോ?..നല്ല ചേലായി...എടാ നീ പോയി കുരുത്തക്കേട്‌ ഒപ്പിച്ച്‌ പിന്നീട്‌ കിടന്ന് കാറി വിളിക്കേണ്ട എന്ന് ആരും പറയില്ല..വേണമെങ്കിൽ പലിശയ്ക്കുള്ള വക ഒപ്പിച്ചു മുങ്ങിക്കളയും!

എന്തെങ്കിലും പുതിയ കളിപ്പാട്ടങ്ങൾ നമുക്ക്‌ തന്നാൽ അവർ തന്നെ പൊട്ടിച്ചിട്ട്‌ നാലും നാലുവഴിക്കാക്കി വെച്ചിട്ട്‌ നിരപരാധിയായ നമ്മെ ചൂണ്ടിക്കാട്ടി ഇവനാണ്‌ അപരാധി എന്ന് പറഞ്ഞു കൊടുത്ത്‌ തടി തപ്പുന്നവരെ എങ്ങിനെ നാം വിശ്വസിക്കും!

അതിനാൽ ഒരു ഒളിച്ചു കളി നമ്മുടെ ദേഹത്തിനു ആട്ടിൻ സൂപ്പ്‌ കുടിച്ച ഗുണം ചെയ്യും എന്ന ഒരു തിരിച്ചറിവ്‌!.. അത്‌ നമുക്ക്‌ ദോഷം ചെയ്തു.." കള്ളനാണിവൻ..ഒളിച്ചു നടക്കുന്ന കള്ളൻ!" അവർ നിരൂപിച്ചു.. നമുക്ക്‌ സങ്കടായി.....ന്നാലും..നോം അങ്ങിനെത്തോനാണെന്ന് സ്വപ്നത്തിൽ കൂടി നോം നിരൂപിച്ചിട്ടില്ല്യാലോ?...

...അമ്മാവന്റെ ഒപ്പം അമ്മായിയും ഉണ്ട്‌...കൂടെ ഒരു സ്റ്റൈലൻ ചെറുക്കനും!..
...ജനനം നമ്മുടെ വീട്ടിലല്ലാത്തതിനാൽ അവനെ നമുക്കത്ര പരിചയം പോരാ... എന്നാലും നമ്മുടെ അനിയൻ തന്നെ അവൻ .. നാം തീർച്ചയാക്കി!...നമ്മളേക്കാൾ സ്റ്റൈലൻ ചെറുക്കൻ അനിയനായുള്ളത്‌ നമുക്കും ഒരു മുതൽ കൂട്ടാ..ഒരു ഗമ!.. കാൽ പാദം നിലത്തു നിന്ന് ഒരു ഒന്നരയടിവരെ പൊങ്ങിക്കാണണം!.. എടാ പീറപ്പിള്ളാരെ.. നമ്മുടെ അനിയനെ നോക്ക്‌ നിന്റെ കുശുമാണ്ഡൻ അനിയനെ പോലെ മൂക്കീന്നൊലിയനല്ല!.. സ്റ്റൈലൻ! .. സുന്ദരൻ!..എന്നൊക്കെ വിളിച്ചു പറഞ്ഞില്ലേങ്കിലും ഭാവം മുഖത്ത്‌ വിരിഞ്ഞു നിന്നു...

"...ശുംഭൻ!! എവിടെയായിരുന്നു നീ ഇതു വരെ?.. അന്നേ വരാമായിരുന്നില്ലേ..ഒരനിയനു വേണ്ടി കരഞ്ഞു നടക്കുന്ന ഈ വേഴാമ്പലിനെ നീ എന്തു കൊണ്ട്‌ കണ്ടില്ല ഇത്രകാലം!".എന്നൊക്കെ പരിഭവം മനസ്സിൽ നിറഞ്ഞു കത്തി നിൽക്കുന്നു......

അമ്മായി മുകളിലെ നിലയിലേക്ക്‌ പോകുന്നു.. അതിനിടയിൽ നമ്മെ ചൂണ്ടി അവനോട്‌ പറഞ്ഞു . " മോനേ.... അതാ.. അതാണ്‌..ഏട്ടൻ!.."

നാം പെണ്ണുകാണാൻ വന്ന ചെറുക്കന്റെ മുന്നിലെ പെണ്ണിനെ പോലെ സന്തോഷം കൊണ്ട്‌ മതി മറന്നു..".... നമ്മെ പരിചയപ്പെടുത്തിയിരിക്കണൂ...അനിയൻ ആയിരിക്ക്ണൂ.. ഇനി നമുക്ക്‌ മരിച്ചാലും വേണ്ടില്ല!"...

അത്ഭുതം!..ചിരപരിചിതനായവനെ പോലെ പെട്ടെന്ന് തന്നെ അവൻ എന്നോട്‌ അടുത്തു..
ബർമുഡക്കാരൻ ചെക്കനായ നമ്മുടെ കൈ പിടിച്ച്‌ , വന്നു കയറിയ അനിയൻ ചെറുക്കൻ പറഞ്ഞു.."
"ഏട്ടാ എനിക്ക്‌ മുള്ളണം!"

..ആദ്യത്തെ കൂടിക്കാഴ്ച അലങ്കോലമാക്കാൻ തന്നെയാ അവന്റെ പടപുറപ്പാട്‌ എന്നൊന്നും ഓർത്തില്ല!
ഏട്ടൻ എന്ന വിളി നമുക്കങ്ങട്‌ "ക്ഷ"- ബോധിച്ചു.അത്ര തന്നെ!.

.. പക്ഷെ ഈ കുഞ്ഞിന്റെ കൈയ്യിൽ മുള്ളെങ്ങിനെ തറച്ചു ...ന്റെ ഈശ്വരന്മാരെ.!!..എന്ന് വിചാരിച്ചു.. . പെരുത്ത്‌ സങ്കടായി.. ച്ചാലും... ഒതുങ്ങി....നാം പരിശോധന തുടങ്ങി...
"..എവിടെയാ മോനു മുള്ളു തറച്ചത്‌..?"
..കൈ പിടിച്ചു നോക്കി.
.. അവൻ തുള്ളിക്കളിച്ചു പറഞ്ഞു.." എനിക്ക്‌ മുള്ളണം!"
"..നീ മുള്ളു കാണിച്ചു താ.. നാം എടുത്തു തരാം..കാലിനാണോ?"-
... ഈ നാം നിൽക്കുമ്പോൾ അതും എന്റെ പൊന്നനിയൻ ഒരു പീറമുള്ളു കൊണ്ട്‌ കരയുകയോ?.. ഛെ..നമുക്ക്‌ സഹിച്ചില്ല!!..ഈ നിഷ്കളങ്കനായ നമ്മുടെ മുന്നിൽ ഇവനെന്തിനിത്ര പരവേശം! നാം വീണ്ടും കൈയ്യും കാലും പിടിച്ചു പരിശോധന തുടർന്നു...ദേഹമാസകലം പരിശോധന തന്നെ .. പരിശോധന!
" അവൻ തുള്ളിക്കളിച്ചു കൊണ്ട്‌ പറഞ്ഞു.." എനിക്കു മുള്ളണം.!. എനിക്കു മുള്ളണം.!.എനിക്കു മുള്ളണം!"
നോം കുഴങ്ങീലോ... ഈ ചെറുക്കൻ മുള്ളു കാണിച്ചു തരുന്നുമില്ല.. തുള്ളിക്കളിയും തുടങ്ങീരിക്കുന്നു..
അവൻ ചിണുങ്ങാൻ തുടങ്ങും മുന്നേ നാം അവനെ നമുക്ക്‌ ഏൽപ്പിച്ച അമ്മായിയെ വിളിച്ചു...
" ഇവനു മുള്ളു തറച്ചൂന്നാ തോന്നണത്‌.. അമ്മായി തന്നെ ശരിക്കു ചോദിച്ചു നോക്കിയേക്ക്‌.. നമുക്കിവൻ മുള്ളു കാട്ടി തരണില്ല!."

"എന്താ?"
അവൻ പറഞ്ഞു.. " എനിക്കു മുള്ളണം!"

"..മോനേ... ഇവനു മൂത്രമൊഴിക്കണം എന്നാ പറഞ്ഞത്‌.. മൂത്രമൊഴിക്കാൻ സ്ഥലം കാട്ടിക്കൊടുത്തേ..."- അമ്മായി..

ശിവ!.. ശിവ!... മൂത്രമൊഴിക്കണം എന്ന് നേരെ ചൊവ്വേ പറഞ്ഞാൽ പോരെ.. ആദ്യമായിട്ടാ നാം മുള്ളണം എന്ന പദം കേൾക്കുന്നത്‌!...തലച്ചോറിന്റെ അദ്യന്തകോണിലെ ഡിക്‌ ഷണറിയിൽ നമുക്കജ്ഞാതമായ ഒരു പദം കൂടി എഴുതി ചേർത്തു നാം.." മുള്ളണം മീൻസ്‌ മൂത്രം ഒഴിക്കണം!..

....നമ്മൾ സ്കൂളിൽ ഒന്നിനു പോകണം എന്ന് പറഞ്ഞാൽ മൂത്രമൊഴിക്കണം... രണ്ടിനു പോകണം എന്നു പറഞ്ഞാൽ കാര്യ സാധ്യത്തിന്‌.. എന്നാണ്‌...അപ്പോൾ മൂന്നിനു പോകണം ന്ന് പറഞ്ഞാലോ ന്ന് നിങ്ങൾ ചോദിച്ചേക്കാം..അപാര ബുദ്ധിമാന്മാരുടെ ചോദ്യങ്ങൾക്ക്‌ അപാര ബുദ്ധിമുട്ടും ഉണ്ടാവാം!.. നമുക്കത്ര നിശ്ച്യം ഇല്ല്യ.. അതെന്നെ..!..സെന്റ്‌ മേരീസ്‌ സ്കൂളിലെ നിത്യകന്യകമാരായ സിസ്റ്റർമാരെ സ്വതവേ നമുക്ക്‌ പേടിയാ.. അവരെയല്ല ... അവരുടെ ചൂരലിനെ..അവർ ഒന്നും രണ്ടും മാത്രമേ പറഞ്ഞു തന്നിട്ടുള്ളൂ..മൂന്നിനെ കുറിച്ച്‌ ചോദിച്ചിട്ടില്ല്യാ...ക്ലാസ്സിൽ വെച്ച്‌ " ഇന്നാടാ നീ ചോദിച്ച ചോദ്യത്തിനുത്തരം എന്ന് പറഞ്ഞു ചൂരലാണ്‌ ഉത്തരം തരുന്നതെങ്കിലോ?.. നമ്മുടെ തുട ഇനി സ്റ്റീലിൽ പൊതിയണംന്ന് വരുത്തി തീർക്കും!...കൊടിമരം സ്വർണ്ണത്തിൽ പൊതിയുമ്പോലെ... ഇല്ലെങ്കിൽ ഇവന്മാർക്ക്‌ വല്യ വെളിവുണ്ടോ?..അടിയോടടി...കൈതരിപ്പ്‌ മാറും വരെയടി!ഹോ..അതൊന്നും നമുക്ക്‌ ആലോചിക്കാൻ വയ്യാ..ന്റെ തേവരേ!

.അതിനാൽ പറഞ്ഞു തന്നത്‌ കേട്ടു.. തലച്ചോറിലെ ചിപ്പിൽ പ്രോഗ്രാം ചെയ്തു വെച്ചു..
. ഇവനെ എങ്ങിനെ നാം നേരെയാക്കിയെടുക്കും... ഇവനെന്നെ കുറേ വലയ്ക്കുമല്ലോ എന്നോർത്തു കൊണ്ട്‌ അവനേയും കൂട്ടി പുറത്തേക്ക്‌ ഓടി..

തിരിച്ചു വന്നപ്പോൾ സ്വർഗ്ഗം കിട്ടിയ ആശ്വാസത്തോടെ അവനെന്റെ കയ്യും പിടിച്ച്‌ കുശലങ്ങൾ ചോദിച്ചു കൊണ്ടിരുന്നു..

നമുക്ക്‌ തൃപ്തിയായി.... അവൻ ഇഷ്ടം പോലെ മുള്ളിക്കോട്ടേ.....മുള്ളട്ടങ്ങിനെ മുള്ളട്ടേ.. ഇഷ്ടം പോലെ മുള്ളട്ടേ..
....ഏതു കാട്ടിലേക്കും കൈ പിടിച്ചു കൊണ്ട്‌ സ്ഥലംകാട്ടിക്കൊടുക്കാൻ നമുക്ക്‌ സമ്മതം!..

തിങ്കളാഴ്‌ച, സെപ്റ്റംബർ 20, 2010

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...( ഏഴാം സർഗ്ഗം)

നോം കള്ളനു കഞ്ഞി വെച്ചിട്ടില്ല.. കള്ളനാണ്‌ നമുക്ക്‌..!

കർമ്മണ്യാ വാദി ഹാ പ്രതീ ഹാ,
ഫലം, മൂലം ഭക്ഷതി സാധാരണ ജന!-
ബിരിയാണി, തന്തൂരി ഭക്ഷതി അധികാരി ജന
രക്ഷമാം രക്ഷമാം മന്ത്രി പുംഗവ!-

-അതായത്‌ കർമ്മമാണ്‌ വാദിയും പ്രതിയും!... നമ്മൾ ഫലവും കാട്ടു കിഴങ്ങും ഭക്ഷിച്ച്‌ ജീവിക്കേണ്ട സാധാരണ ജനങ്ങൾ! ബിരിയാണിയും തന്തൂരി ചിക്കണും ഭക്ഷിക്കാനർഹർ അധികാരി ജനം.. അവരെയും നമ്മേയും രക്ഷിക്കേണ്ടവൻ മന്ത്രിയും! എന്നർത്ഥം!.. തുടങ്ങും മുന്നേ അദ്ദേഹത്തെ ആദ്യം നമിക്കുന്നു...ഒരു പ്രഭാത പ്രാർത്ഥന!..ഇരിക്കട്ടേ .. ഒരു വഴിക്കിറങ്ങുകയല്ലേ!..മോക്ഷം കിട്ടാൻ ഒരു പക്ഷെ ഉപകരിച്ചാലോ?.. അവിശ്വാസം എന്നൊന്നും പറഞ്ഞ്‌ തള്ളിക്കളയാൻ വയ്യ!... ഇപ്പോൾ അവിശ്വാസികളാ ചരടും യന്ത്രത്തകിടും കൂടുതൽ കെട്ടുന്നത്‌... അവിശ്വാസവർദ്ധനയ്ക്കും ചിലപ്പോൾ രക്ഷ എഴുതിക്കെട്ടുന്നത്‌ ഗുണകരമാണെന്ന് അവർക്ക്‌ മനസ്സിലായിരിക്കും!

യുക്തിവാദികൾ നമ്മുടെ രക്ഷധരിച്ച്‌ പുറത്തിറങ്ങിയാൽ യുക്തിക്ക്‌ കൂടുതൽ ബലം കിട്ടും എന്ന് പരസ്യം കൊടുത്ത്‌ നമുക്കും ഒരു രക്ഷായന്ത്രം ഉണ്ടാക്കി വിറ്റാൽ കോടീശ്വരനാകാം എന്ന ലക്ഷ്യം ഉണ്ട്‌!.. പിന്നെ ചാനലിൽ സ്പോൺസർമാരെ തപ്പണം! ..പക്ഷെ മന്ത്രം അന്ധകാരത്തിലെ ഗുഹയിൽ ഉറങ്ങിക്കിടക്കുന്നു.. ഉണർത്തണം...തപം ചെയ്തുണർത്തണം. .മനനം ചെയ്തു പഠിക്കണം അതിനുള്ള മന്ത്രം..ശീ ബുദ്ധിമുട്ട്‌ തന്ന്യാ.. എങ്കിലേ നാമും പച്ച പിടിക്കൂ..
അതവിടെ കിടക്കട്ടേ.. നോം പറയാൻ വന്ന കാര്യം പ്രഭാത പ്രാർത്ഥനയുടെ അർത്ഥം വിവരിക്കുമ്പോൾ മറന്നു.. അതായത്‌.

- അന്നെത്തെ കുട്ടികളുടെ ദേശീയ വസ്ത്രം അടികീറിയ ബർമുഡയായിരുന്നു...കീറിയില്ലേങ്കിൽ നിലത്തിരുന്ന് നിരങ്ങി കീറണം..അതു നിർബന്ധാ...

വീട്ടുകാർ തെറിവിളിക്കും!.. നെവർ മൈൻഡ്‌!... അവർക്ക്‌ വാങ്ങിത്തരാനുള്ള മടി കൊണ്ടാണ്‌!..ഇല്ലെങ്കിൽ കഴിഞ്ഞ വർഷമിട്ട യൂണിഫോമില്ലേടാ ഫോമായി നടക്കാൻ എന്ന് ചോദിച്ചേക്കാം.. ആരോടെങ്കിലും ചോദിച്ചാൽ സെകനാന്റ്‌ ബുക്ക്‌ കിട്ടില്ലേടാ പഠിക്കാൻ എന്നൊക്കെയാ അന്നെത്തെ ഒരു സ്റ്റൈൽ!... വെറുതെ എന്തിനാ ബുക്ക്‌ വാങ്ങി കൈയ്യിലെ കാശു കളയുന്നത്‌?...എന്തിനാ യൂണീഫോമൊക്കെ വാങ്ങിത്തന്ന് സ്ക്കൂളിലയക്കുന്നത്‌?.. നീയ്യൊക്കെ വളർന്നാൽ പടുവിള!..എന്ന ഒരു 916 ക്യാരറ്റ്‌ വിശുദ്ധ ചിന്ത!

അന്നത്തെ ആളുകൾ പിശുക്കിന്റെ ഉസ്താദുമാരായിരുന്നു.. ഉണ്ടെങ്കിലും തരില്ല!...
അങ്ങിനെ നാമും ഒരൽപം മൂട്‌ കീറിയ ബർമുഡയിട്ട്‌ പീടികയിലേക്ക്‌ പോയി...അവിടെ ഒരാൾ ആശാരി പണി ചെയ്യുന്നു... നമ്മോട്‌ വലിയ ബഹുമാനം!
" എന്താ കുട്ടാ സുഖന്യാ?"
"ഊവ്വ്‌!"-
നമുക്ക്‌ സുഖത്തിനോരു കുറവും ഇല്ല്യാ.. ദു:ഖത്തിനാ ഒരു പാട്‌!..ആരെങ്കിലും പുഞ്ചിരിച്ചു കൊണ്ട്‌ എന്തെങ്കിലും പറയുന്നത്‌ കേട്ടാലല്ലേ ഇതാണ്‌ സു:ഖം ഇതാണ്‌ ദു:ഖം എന്ന് വേർ തിരിച്ചറിയാൻ പറ്റൂ...

ഒന്നുകിൽ പരിഹാസം!...ഇല്ലെങ്കിൽ ഒരു ദേഷ്യപ്പെടൽ.. ഇല്ലെങ്കിൽ മൂത്തു മൂത്ത്‌ വന്നാൽ തെറിവിളി!..ഇത്യാദികൾ കഴിഞ്ഞിട്ടു വേണം നമുക്കൊന്ന് റെസ്റ്റ്‌ കിട്ടാൻ!
"..നമ്മളെ കുട്ടന്‌ മുട്ടായി കൊടുക്ക്‌!..പഴം കൊടുക്ക്‌!"- അയാളുടെ കൽപന!
"നമുക്കൊന്നും വേണ്ട "-

 വാങ്ങിയാൽ വീട്ടിൽ നിന്നും വഴക്ക്‌ കേൾക്കണം തിന്നത്‌ ദഹിപ്പിക്കാൻ ആരും സമ്മതിക്കില്ല...!
" നമുക്കൊന്നും വേണ്ട!..നോം അങ്ങനെത്തോനല്ല!"
".. ".. ഒരു കിലോനേന്ത്രപഴം കൊടുക്ക്‌  ചെക്കന്‌... മുട്ടായിയും എന്റെ വക!"
" ഇത്രയും സ്നേഹമുള്ള ഇയാൾ ആരാ?".. ബർമ്മുഡയിട്ട നമ്മെ ബഹുമാനിക്കാൻ?.. ദൈവമോ മറ്റോ ആയിപ്പോയോ?...ആവാതെ തരമില്ല!!..അറ്റ്ലീസ്റ്റ്‌ വിശുദ്ധാത്മാവ്‌!

കടക്കാരൻ പഴം പൊതിഞ്ഞു തന്നു, മിഠായിയും.. വാങ്ങിയില്ല.. നിർബന്ധിച്ച്‌ കൈയ്യിൽ തന്നു
"..ഉം വിട്ടോ എന്ന് അയാൾ!
നാം നമ്മുടെ കാർ സ്റ്റാർട്ട്‌ ചെയ്യാൻ തുടങ്ങി...ശബ്ദത്തോടൊപ്പം തുപ്പൽ തെറിച്ച്‌ വീഴുന്നു..കാർ പുകവിടുന്നതു പോലെ..വിസിൽ വായ കൊണ്ട്‌ വിളിച്ചു.. കാലു കൊണ്ട്‌ സ്റ്റാർട്ടാക്കി .. അതിവേഗതയിൽ ഓടിച്ചു.. ചക്രം നമ്മുടെ കാലായതിനാൽ സ്പീഡ്‌ ഇത്തിരി കുറവായിരുന്നു...എന്നാലും സ്പീഡിന്‌ വല്യ തരക്കേടില്ല!
"ഇതെവിടുന്നാടാ?"
" ആരാണെന്നറിയില്ല.. കറുത്തു തടിച്ച ഒരാൾ എനിക്ക്‌ തന്നു.. എന്നെ നിർബന്ധിച്ച്‌ വാങ്ങിത്തന്നതാ"
"നീയ്യെന്തിനു വാങ്ങി???"
" അയ്യാൾ നിർബന്ധിച്ചു തന്നതാ"
"നിർബന്ധിച്ചാൽ നീ വാങ്ങിക്ക്വോ?... ആരാണെന്നറിയാതെ?"
"നോം എന്ത്‌ ചെയ്യാനാ..നിർബന്ധിച്ചു തന്നു ...നിർബന്ധിച്ചു വാങ്ങിച്ചു അത്ര തന്നെ!"
" എന്തൊ വലിയ പുകിൽ ഉണ്ടായില്ല..!..ഏതോ മഹാത്മാവാണെന്ന് അവരും ധരിച്ചുവെച്ചു!
ഒരാഴ്ച കഴിഞ്ഞില്ല... നാട്ടിലെ ഇളനീരും തേങ്ങയും മറ്റ്‌ അല്ലറ ചില്ലറ മോഷണവും ആയി നടക്കുന്ന ഒരാളെ നാട്ടുകാർ തല്ലിയിട്ട്‌ പീടികയുടെ അവിടെ വീണു കിടക്കുന്നുവെന്ന് അറിഞ്ഞ്‌ അങ്ങോട്ട്‌ തിരിച്ചു.സമയം രാവിലെ ആറുമണി!

"... കമിഴ്‌ന്ന് കിടക്കുകയാണ്‌ അയാൾ. കണ്ണടച്ച്‌ ചത്തതു പോലെ...
.വന്നവർ വന്നവർ കുട്ടികൾ അടക്കം അയാളുടെ തലയ്ക്കിട്ട്‌ രണ്ട്‌ കൊട്ട്‌ കൊടുക്കുന്നു...
... അതെ അതയാൾ തന്നെ നമുക്ക്‌ മിഠായിയും പഴവും തന്നയാൾ!.. നമുക്ക്‌ തന്ന മിഠായിയും പഴവും ദഹിച്ചിട്ടില്ല".. കള്ളനായാലും വേണ്ടില്യാ നമുക്കയാളോട്‌ സഹതാപമായിരുന്നു..
ദൈവമേ!..അയാൾക്കൊന്നും വരുത്തരുതേ.. ഉള്ളറിഞ്ഞു പ്രാർത്ഥിച്ചു...അയാൾ ചത്തുവെ ന്ന് ഓർത്ത്‌ കുറേ കരഞ്ഞു...

സ്കൂളിലേക്ക്‌ പോകാൻ തുടങ്ങുമ്പോൾ അങ്ങോട്ട്‌ നോക്കി..." അയാൾ?."
.... അയാളെ അവിടെ കാണ്മാനില്ല...മഹാപാപികൾ അയാളെ കൊന്നു തിന്നോ?. എന്നോർത്ത്‌ കരച്ചിൽ വന്നു.. ആരോ പറഞ്ഞു .."അയാൾ എഴുന്നേറ്റു പോയി....ഇളനീരു കുടിച്ച തടിയാ, ഇടിയൊന്നും ഏശില്ല!..."

കട്ട പൈസയിൽ നിന്നാണോ ദൈവമേ അയാൾ സ്നേഹത്തോടെ നമുക്ക്‌ പഴവും മിഠായിയും വാങ്ങി തന്നത്‌?.. അപ്പോൾ നാമും കള്ളനായോ?.. നമ്മൾ ഏതു കർമ്മത്തിൽ പെടും വാദി ഭാഗമോ? പ്രതി ഭാഗമോ?..

വലുതായപ്പോൾ എനിക്കു മനസ്സിലായി -അതായത്‌ കർമ്മമാണ്‌ വാദിയും പ്രതിയും!... നമ്മൾ ഫലവും കാട്ടു കിഴങ്ങും ഭക്ഷിച്ച്‌ ജീവിക്കേണ്ട സാധാരണ ജനങ്ങൾ!..ചിലപ്പോൾ വാദിയാകാം ചിലപ്പോൾ പ്രതിയും!!..

കള്ളന്റെ മിഠായി തിന്നവൻ എന്ന് ആരെങ്കിലും നമ്മെ വിളിക്കുന്നുണ്ടോ?... ഇല്യാ.. ഭാഗ്യം!..

 ഇതിനേക്കാൾ വലിയ കാട്ടു കള്ളന്മാരെയല്ലേ മന്ത്രിമാർ രക്ഷിച്ചടുക്കുന്നത്‌... അവർ കൊണ്ടു കൊടുക്കുന്ന ഫലമൂലാദികൾ ഭക്ഷിച്ചല്ലേ അധികാരി വർഗ്ഗങ്ങൾ കുംഭവീർത്ത്‌ നടക്കുന്നത്‌?..
അപ്പോൾ നാം നിരപരാധി തന്ന്യാ..!..എട്ടും പൊട്ടും തിരിയാത്ത ഒരു നിഷ്കളങ്കൻ!