പേജുകള്‍‌

വെള്ളിയാഴ്‌ച, ഡിസംബർ 11, 2009

കവിയെവിടെ?

ഒട്ടിയ വയറില്ല,
പട്ടിണിയുടെ ലാഞ്ചനയില്ല,
കടലില്ല, മലയില്ല,
പൂവില്ല, പുഴയില്ല,
പ്രകൃതിയില്ല, പ്രതിഭാസമില്ല,
ദു:ഖത്തിന്റെ തിരമാലകളില്ല!,
നീറുന്ന പ്രശ്നങ്ങളില്ല!
പുഞ്ചിരിക്കുന്ന മുഖങ്ങളില്ല,
മുന്നിൽ വിരസതയുടെ തേങ്ങലും,
പിരിക്കുന്ന മീശയും!

മുറിയിൽ എ.സി,
വിളിക്കാനായ്‌ മൊബെൽ
ടൈപ്പ്‌ ചെയ്യാൻ കമ്പ്യൂട്ടർ,
കഴിക്കാൻ ചൈനീസ്‌ വിഭവങ്ങൾ,
മുന്നിൽ കിടക്കയും തലയിണയും,
ധരിക്കാൻ രാജകീയമാംകോട്ടും സൂട്ടും,
പിന്നെ ടീ.വിയും,പരിചാരക വൃന്ദവു-
മൊരു കുത്ത്‌ നോട്ടും!

ഡയരക്ടറുടെ ലക്‌ ഷമണരേഖയിൽ
വീർപ്പുമുട്ടിയ കവിയോടൊപ്പം
ചങ്ങലക്കിട്ട ചിന്തയും!
ഡയരക്ടറുടെ സ്വപ്നങ്ങൾ,
കവിയുടെ മിനുക്കലുകൾ!
കവിതകൾ ജനിക്കുന്നു.
അർത്ഥമില്ലാത്ത കുത്തിവരകൾ,
താളമില്ലാത്ത താളവാദ്യം.
നിറഞ്ഞ കീശയുമായി കവിയും
നിറഞ്ഞ മനസ്സുമായി ഡയരക്ടറും!

ആരോ പറഞ്ഞറിഞ്ഞു
"മഹാകവികൾ മരിക്കുന്നു,
ഡയരക്ടറായി പുനർജനിക്കുന്നു!"
മരിക്കാത്ത കവികൾ സീരിയലുകളിൽ
സീരിയസ്സായി വേഷമണിയുന്നു.!
കണ്ടും കേട്ടും ഒന്നുമല്ലാത്ത
ഞാനും എല്ലാമറിയുന്നജനവും!

ബുധനാഴ്‌ച, ഡിസംബർ 09, 2009

ഭാര്യയും ഹോട്ടലും!

ധൃതിയുണ്ടെനിക്കിന്നൽപം
ഭക്ഷണംവേണമെന്നൊരുവൻ
ഭാര്യയോട്‌,
ധൃതിയില്ലെനിക്കിന്നെന്നാലും
വെറും കഞ്ഞിയെങ്കിലു-
മെന്നൊരുവൻ ഭാര്യയോട്‌,
സ്വരത്തിൽ കെഞ്ചൽ!
ഫലത്തിൽ തെണ്ടൽ!
ഹോട്ടലിൽ തിരക്കിട്ടൊരു പിടി
ചോറുണ്ണുവോൻ ഭാഗ്യവാൻ!
പൈസക്ക്‌ മൂല്യമുണ്ട്‌,
അതിനൊരു ഗമയുണ്ട്‌,
സാറേന്ന് വിളിയുമുണ്ട്‌!

ബുദ്ധിമിഠായി!

ഏതോ കുത്തക മുതലാളീന്റെ
ബുദ്ധിയിലുദിച്ച്‌,
ബുദ്ധിമുട്ടി കണ്ടു പിടിച്ച ബുദ്ധിമിഠായി,
ബുദ്ധികൂട്ടാൻ അച്ഛനുമമ്മയും
കുട്ടനു കൊടുത്തത്‌ ബുദ്ധിമുട്ടായി,
മുട്ട്‌ തീർക്കാനച്ഛനുമമ്മയും
ഡോക്ടരെ കണ്ടതും
ബുദ്ധിമുട്ടായി,
ബുദ്ധിമുട്ടി ഡോക്ടർ കുറിച്ചതും
ബുദ്ധിമിഠായീ...
"എന്തൊരു ബുദ്ധിമുട്ടായിയെന്നച്ഛൻ!
ഇതെന്തൊരു ബുദ്ധിമിഠായിയെന്നമ്മ!

ചൊവ്വാഴ്ച, ഡിസംബർ 08, 2009

ഭ്രാന്തന്റെ ലോകം!

ഭ്രാന്തൻ ചിരിച്ചു,
ഭ്രാന്തിയെ കണ്ടല്ല,
ഭ്രാന്തേറിയതിനാലല്ല
എന്നിലെ ഭ്രാന്തൻ ഉണർന്നതിനാൽ,
പുതിയൊരംഗത്തെ ലഭിച്ചതിനാൽ!
ഭ്രാന്തൻ മൊഴിഞ്ഞു,
"എൻ ലോകം മനോജ്ഞം!
നിൻ ലോകം വികൃതം!"

വിസ്മയദൃശ്യങ്ങൾ!
അത്ഭുത കാഴ്ചകൾ,
കണ്ടെന്റെ ഉള്ളം പതറീടവേ;
ഭ്രാന്തന്റെ പുഞ്ചിരി വീണ്ടും!
മഹാത്മന്റെയുപദേശം വീണ്ടും!
"ശാന്തമാണീലോകമാ-
നന്ദസാഗരം!.
നെട്ടോട്ടമില്ല, നേട്ടമില്ല,
ജോലിയുമില്ല, കൂലിയുമില്ല,
പാരവെപ്പുണ്ടെന്ന പേടിയില്ല!
ഭാര്യയുമില്ല, ഭയവുമില്ല്ല,
അശങ്കയണെങ്കിലൊട്ടുമില്ല,
ഭാവിയുമില്ല, ഭൂതമില്ല
ആധീയുമില്ലധികാരിയില്ല,
ധനികനുമില്ല, ദരിദ്രനില്ല,
നാളെയെ വേവിക്കും ചിന്തയില്ല,
ഞാനും ഭ്രാന്തും,
എൻ പൊന്നുലോകവും!!,"

ഭ്രാന്തൻ ചിരിച്ചു,ഒപ്പമീ ഞാനും
"പലനാളിൽ വിഡ്ഢിയായ്‌
ജീവൻ തുഴഞ്ഞിട്ടും
പലനാളിൽ നിന്ദയി-
ലേറെ അലഞ്ഞിട്ടും
എന്തേയീലോകത്തന്നേ വന്നില്ല!"
ഭ്രാന്തൻ മൊഴിഞ്ഞു,
ഒപ്പമീ ഞാനും!

പ്രമാഞ്ചേരി ഭഗവതി.

കണ്ണഞ്ചിക്കുന്ന മുഖത്തെഴുത്ത്‌,
കമനീയമായ്‌ കുരുത്തോലയിൽ,
തീർത്ത ഉടയാട,
ചേർത്തു കെട്ടിയ പന്തങ്ങളിൽ,
അഗ്നി ജ്വലിപ്പിച്ച്‌ പരികർമ്മി,
വാദ്യഘോഷങ്ങൾക്കിടയിലുയരുന്ന
വരവിളിശബ്ദങ്ങൾ,
വീർപ്പടക്കിയവിടവിടെയായ്‌
ഒതുങ്ങി കൂടിയ ജനക്കൂട്ടം!

ജ്വലിച്ച തൃപ്പന്തങ്ങളിലെണ്ണ
തൂവുമ്പൊളെൻ-
ഭഗവതി ഉരിയാടുന്നു-
നൃത്തം ചവിട്ടുന്നു ,
അനുഗ്രഹ വർഷം തൂവുന്നു.
ഇതു പ്രമാഞ്ചേരി ഭഗവതീയെൻ
കുടുംബദൈവം!

ജ്വലിക്കുന്ന പന്തങ്ങളിലുയരുന്ന
തീനാളത്തിൽ,
കണ്ടു ഞാനാ വിസ്മയിപ്പിക്കുന്ന
മുഖ തേജസ്സുമെൻ ഹൃദന്തത്തിൽ
നിറഞ്ഞു കത്തുന്ന നെയ്‌വിളക്കിൻ
പ്രഭാസ്ഫുരണവും!

ഒരിക്കൽ കൂടി കൈകൂപ്പി,
സ്തുതിഗീതങ്ങളിൽ
ശക്തി നിറയുന്ന ശുഭാന്തരീക്ഷത്തിൽ,
ആയുധപാണിയായ്‌ അമ്മയുറയുന്നു
ഭക്തിയാലെൻ മനസും!

ചെണ്ടതൻ താളത്തിൽ
ലയിച്ചോരാനിമിഷത്തിൽ
വെറുതേയെൻ മാനസം
തുലനം ചെയ്യാനാഞ്ഞു,
അമ്മയ്ക്ക്‌ തേജസ്സഗ്നിയേക്കാളും;
നിദ്രവിട്ടോടിയണിഞ്ഞൊരുങ്ങി-
യെത്തിയ ഉദയസൂര്യനേക്കാളും!

ഇനിയെന്നീതീദൃശ്യമറിയില്ലെനിക്കീ-
മരുഭൂവിലുത്സവം-
മരവിച്ച ചിന്തയിൽ
അയവെട്ടേണ്ടൊരോർമ്മ!

തിങ്കളാഴ്‌ച, ഡിസംബർ 07, 2009

അമേരിക്കൻ പ്രസിഡന്റ്‌ ഇബ്രായീം കുഞ്ഞ്‌!

അന്നും ഒരു തിരഞ്ഞെടുപ്പിൽ പോക്കർ ഹാജി മത്സരിച്ചു..തോറ്റു..രണ്ടു തവണ മത്സരിച്ചുവെ ങ്കിലും രണ്ടു പ്രാവശ്യവും തോറ്റു..
"പോക്കർ ഹാജി മൽസരിക്കുമ്പോൾ തോൽ വിക്കാണ്‌ ജയം...പോക്കർ ഹാജിക്കോ നമുക്കോ അല്ല വിജയം!"കുരുത്തം കെട്ടോർ അടക്കം പറഞ്ഞു..

അങ്ങിനെ പോക്കർ ഹാജിയെ മത്സരിപ്പിച്ചാൽ തോൽ വി ഉറപ്പെന്ന് കൂടെയുള്ളവർക്കു തന്നെ തോന്നി തുടങ്ങി...
പോക്കർ ഹാജിയെ വിളിച്ചു കാര്യം പറഞ്ഞു...നാണം കെട്ട തോൽ വിക്ക്‌ കാരണം ഹാജിയാരാണെന്ന്!
ഹാജിയാർ തന്റെ വിവരത്തിന്റെ ഭാണ്ഡക്കെട്ടഴിച്ചു...

"........ജ്‌.. ആദ്യം ചരിത്രം പഠിക്കണം... ന്നമ്മളെ പയേ അമേരിക്കൻ പ്രസിഡന്റ്‌ ഇബ്രായീം കുഞ്ഞ്‌.. എത്തിര പ്രാവശ്യം തോറ്റിട്ടാ പ്രസിഡന്റ്‌ ആയത്‌?.. ഇയ്യാക്ക്‌ ബല്ല ബിബരൂംണ്ടാ?....എന്നിട്ടോൻ മുണ്ടാതിരുന്നാ... ബീണ്ടും ബീണ്ടും നിന്നിറ്റ്‌ ... ജയിച്ചിറ്റല്ലേ ഓൻ അടങ്ങിയത്‌.?.. നുമക്കിപ്പം ബേണ്ട്യത്‌ അച്ചടക്കാന്ന്....അതുപോലെ തോറ്റോണ്ടിരുന്നിട്ടാ...ഒരു ദിവസം ബിജയിക്കല്‌ ....ഞമ്മക്ക്‌ ബീറും ബാശിയും ബേണം..!....ന്നാലെ ജീബിതത്തില്‌ ബിജയിക്കൂ...!..ഇബ്രായീം കുഞ്ഞ്‌ ബിസിനസ്സില്‌ തോറ്റ്‌, ജോലി പോയി, അസംബ്ലില്‌ തോറ്റ്‌,......ഇബിടെകൂടിയ ആർക്കെങ്കിലും അറിയാ...എന്നാ കേട്ടോളി.. ഞമ്മക്കറിയാം!..... എത്തിര പ്രാവശ്യം തോറ്റ്‌..ഓൻ ആരാമോൻ?.... അടങ്ങിയാ...ഇല്ലാലാ ... ജയിച്ച്‌.. പ്രസിഡന്റായി..അങ്ങിനെ ബേണം ആണുങ്ങള്‌...അല്ലാണ്ട്‌ തോറ്റിട്ട്‌ കൊറച്ചിലായിന്ന്... തോന്നണ്ട സമയല്യത്‌... .പടച്ചോൻ സഹായിച്ചാല് .അടുത്തയിന്‌ നോക്ക്യാ കിട്ടും.. അനക്കോറപ്പാ.....കൂടെ നിന്നിറ്റ്‌ ശതിക്കണ്ട നേരല്ല ഇത്‌‌... ആലോചന മാണ്ട്യ്‌ നേരായിത്‌...! "

അല്ലാവർക്കും ശരിയാണെന്ന് തോന്നി... " ... ഹാജിക്കയുടെ..ബിബരം അപാരം തന്നെ...!"

.. പഠിച്ച അഹങ്കാരം ഉള്ള ഒരുത്തൻ പറഞ്ഞു... ഹാജിക്കാ.. അമേരിക്കൻ പ്രസിഡന്റ്‌ ഇബ്രായീം കുഞ്ഞല്ല. .... അബ്രഹാം ലിങ്കൻ!..ഒ‍ാരെ കഥയാ... ങള്‌ ഇപ്പം പറഞ്ഞത്‌.!..!"

...പോക്കർ ഹാജി പറഞ്ഞു..."..അയിന്റെ കഥ ഞമ്മ ഇപ്പം പറഞ്ഞു തരാം..... ഓന്റെ പയേ ചരിത്രാ..ഞമ്മ ഇബിടെ ബിബരിച്ചേ... അല്ലാതെ പേരു മാറ്റിയപ്പോഴുള്ളയല്ല...!..പണോം പരിഷ്ക്കാരോം ബന്നാ.. ആരിക്കും പേരു മാറ്റാം!......ജയിച്ചപ്പോ.....ഇബ്രായീംകുഞ്ഞ്‌ പേരുമാറ്റി.. ഇവൻ പറഞ്ഞ പേരിട്ട്‌...!!... പയേ തോൽ വീന്റെ മാനക്കേട്‌ മാറാൻ...!...ജ്‌.. ചരിത്രം ബായിക്കണം... അല്ലാണ്ട്‌... ഞമ്മക്ക്‌  ഇതൊന്നും അറിയാൻ പറ്റൂല..!... ഓൻ എത്തിര മാറിയാലും.. പയേ...പേരെ ഞമ്മക്ക്‌ .. വായില്‌ ബെരൂ....ന്റെ അഭിപ്രായത്തില്‌ .... ഇതൊന്നും ശരിയല്ല......ഞമ്മാക്ക്‌ എന്തിനും മാണ്ടീറ്റാ പേരിടുന്ന്.. അത്‌ തന്നെ ഇണ്ടാവണം ഈ ദുനിയാവില്‌ ഇണ്ടാവുന്ന കാലം ബരെ......!!"
"ശരിയന്നെ.. ശരിയന്നെ...!" എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു..
"നമ്മാളെ.. നബി തിരുമേനി....ഒരു യുദ്ധത്തില്‌ തോറ്റില്ലേ?... എന്നിറ്റ്‌ ....തിരുമേനി പേടിച്ചാ...... പടച്ചോനന്നേ തുണാന്നും പറഞ്ഞിട്ട്‌ ..ഒരു പോക്ക്‌... ജയിച്ചും ബന്നില്ലേ..!... എന്തു കാര്യത്തിനും ആദ്യം പടച്ചോനെ ഓർക്കണം...എല്ലാരിക്കും ഇത്‌ ഓയിച്ചു കൂടാൻ പറ്റാത്ത സംഗതിയാ...!!"
" ശര്യന്നെ... ശര്യന്നേ.." എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു...
അഹങ്കാരി ചെക്കൻ ആകെ അമ്പരന്നു...ഇനി അബ്രഹാം ലിങ്കണിന്റ്‌ പഴയ പേര്‌ ഇബ്രായീം കുഞ്ഞ്‌ എന്നു തന്നെയാണോ..?.. അല്ലാതെ ഇത്ര ആധികാരികമായി ഹാജിക്ക പറയൂലല്ല!... ആ... എന്തെങ്കിലും ആകട്ടേ... അതറിഞ്ഞിട്ട്‌ നമക്കെന്താ..?"

പോത്തുമ്പാറ്‌!(സൈനബായുടെ സാമ്പാർ)

പണിക്കാരൻ ഗോപാലന്റെ വീട്ടുകാർ പറ്റിച്ച പണിയാണ്‌.. അന്ന് ഒരു നാൾ പോക്കർ ഹാജി അവിടെത്തെ ഒരു കല്ല്യാണത്തിനു പങ്കെടുത്തു... അതിൽ പിന്നെ പറഞ്ഞു കൊണ്ടിരിക്കും!."
"സൈനബാ...കോവാലെന്റെ ബീടരെ കറി പഷ്ടെന്നെയാണ്‌!... എന്താ അയിന്റെ പവറ്‌...അയിന്റെ രസം ബേറേന്നേ..ഇന്റെ..കോയിം പോത്തും കയിച്ച്‌.. മടുത്ത്‌..ഓര്‌ ..തക്കാലീം ..പരിപ്പും.മറ്റെന്തോക്കെയോ....ഒക്കെ ഇട്ടിറ്റ്‌ ഒരു കറി!... എന്താ അയിന്റെ ടേസ്റ്റ്‌!.സാമ്പാരീന്നാ അയിന്റെ പേര്‌..!..പിന്നീം കെടക്കണ്‌ .. കൊറെ കറികള്‌... എല്ലാം പെരുത്ത്‌ ഞമ്മക്കിഷ്ടായി..പടച്ചോനാണെ.....അതുപോലത്തെ ഒരെണ്ണം ജീവിതത്തില്‌ ജ്‌. ഇണ്ടാക്കൂലാ.... ഞമ്മക്കോറപ്പിണ്ട്‌.!"
കുറെ കാലം അതു പറഞ്ഞപ്പോൾ എന്നാൽ പിന്നെ അതു പരീക്ഷിക്കാമെന്ന് സൈനബയും തീരുമാനിച്ചു.. ഹാജിയാരുടെ ഒറപ്പ്‌ ഭേദിച്ച്‌ റെക്കോർഡിടാൻ സൈനബ കച്ചകെട്ടിയിറങ്ങി പലരോടും പച്ചക്കറി വെക്കുന്നതെങ്ങിനെയെന്ന് ചോദിച്ചു മനസ്സിലാക്കി!
അങ്ങിനെ ഒരു ദിവസം സൈനബ ഹാജിയാരൊടു പറഞ്ഞു " ഓരെക്കാട്ടിലും നന്നായി ..കറി ന്നമ്മള്‌ ബെക്കും... ങള്‌ പോയി കൊറെ പരിപ്പും....കായിം പയറും ചേനയുമൊക്കെ ബാങ്ങികൊണ്ടാളീ..ങള്‌ പറയുന്ന സാമ്പാറു ഈ ഞമ്മള്‌ ഉണ്ടാക്കും!!."
അങ്ങനെ ഹാജിയാർ പോയി കുറെ പച്ചക്കറി.. വാങ്ങികൊണ്ടുവന്നു. കൂട്ടത്തിൽ പോത്തിറച്ചിയും!
പറഞ്ഞു കേട്ടതൊക്കെ പരസ്പരം മാറിപ്പോയി... സൈനബ പരിപ്പും ചേനയും, പാവയ്കയും എന്നു വേണ്ട സകല പച്ചക്കറികളും ഇട്ടു സാമ്പാർ വെപ്പു തുടങ്ങി..പൂർത്തിയായപ്പോൾ എന്തോ ഒരു പോരായ്ക.. ഒരു അരുചി!... പാവയ്ക്കയുടെ കയ്പ്‌ രസം!
എന്തു ചെയ്യും.. അറിയില്ലാന്ന് പറയാൻ പറ്റില്ല!.തോറ്റുകൊടുക്കാനൊരു വിഷമം!!. ഹാജിയാരാണെങ്കിൽ നാട്ടിൽ പാടി നടക്കും..കെട്ടിയോനാണെന്ന് പറഞ്ഞിട്ടെന്ത്‌?... ശത്രുവിനേക്കാളും ദുഷ്ടനെ പേടിക്കണം എന്ന് പറഞ്ഞതു പോലെ ..പേടിക്കെണ്ടത്‌ കെട്ടിയോനെയാണ്‌!!...ശത്രുവിനെ ഒതുക്കാം.. കെട്ടിയോന്റെ വായ്‌ അടപ്പിക്കാനാണ്‌ പ്രയാസം.!..ആകെ കുഴഞ്ഞപ്പോൾ സൈനബാക്കൊരു ബുദ്ധിയുദിച്ചു..!.. .. പോത്തിറച്ചി നല്ലപോലെ ചെറുതായി അരിഞ്ഞ്‌ അതിലിട്ട്‌.. തിളപ്പിച്ചു കുറുക്കി!.. കുറച്ചു കൂടി..മുളക്‌ പൊടിയിട്ട്‌.. കുറുക്കി..കറി തയ്യാറാക്കി! '
ചോറും കറികളും ഹാജിയാർക്ക്‌ വിളമ്പി..
കറി കൂട്ടിയ ഹാജിയാർ പറഞ്ഞു.. " ഈന്റെ രസം ബേറേയാണല്ലാ... എന്തോ രസം!"
" ങാ ക്കെന്തറിയാം..എന്തോരസം ഒന്നും അല്ല.!.. ഹിന്ദുക്കള്‌ ബെക്കുന്ന സാമ്പാറു ബെക്കാൻ ഞമ്മളെ കിട്ടൂല...പണ്ടു പണ്ടെ.. ഞമ്മളെ ഉപ്പാന്റെ കാലത്തെ ബെക്കണ കറിയാ ഇത്‌...ങാക്ക്‌ പിടിക്കുലാന്ന് കരുതി ബെക്കാണ്ടിരുന്നതാ.... അല്ലാണ്ട്‌ പുതുതായിറ്റ്‌  ഞമ്മ പടച്ചുണ്ടാക്കിയതൊന്നും അല്ല.!" ഒരു ധൈര്യത്തിന്‌ വീട്ടുകാരെ പിടിച്ച്‌ സൈനബ പറഞ്ഞത്‌ ഏറ്റു!
"ആട്ടേ ഈന്റെ പേരെന്ത്ന്ന്?"
"പോത്തുമ്പാറ്‌!"
"എന്തൊ രസം! .. ന്നാലും സാരൂല!.. ന്റെ ഒരേപോലത്തെ കറി കൂട്ടി കൂട്ടി .. അനക്ക്‌ മടുത്തിന്‌... അതോണ്ടാന്നറിയൂല.. ഒരു ടേസ്റ്റൊക്കെയിള്ളപോലെ തോന്നുന്ന്.." ഹാജിയാർ പറഞ്ഞു.
അങ്ങനെ ഹാജിയാരുടെ വീട്ടിൽ "പോത്തുമ്പാറിനും ഒരു സ്ഥാനമുണ്ടായി.... ഒരു പക്ഷെ ഇതു പറയുമ്പോൾ സൈനബ പോത്തുമ്പാറുണ്ടാക്കുന്ന തിരക്കിലായിരിക്കും..!!.. കാരണം അമൃതാ ടീ. വീ യിലെ കുക്കറി ഷോയിലെ വില്ലൻ കഥാ പാത്രമായ വെറുതെ കിട്ടിയാൽ ചുക്കും ചുണ്ണാമ്പും വരെ തൊട്ടു നക്കി.. ബെസ്റ്റ്‌ ഐറ്റം എന്ന് പറഞ്ഞ്‌ ആളുകളുടെ വായിൽ കപ്പലോടിപ്പിച്ച്‌ തഞ്ചത്തിൽ പാർസലും കെട്ടിപൊതിഞ്ഞു വീട്ടുചിലവ്‌ കുറക്കുന്ന ശ്രീ..രാജ്‌ കലേഷ്‌.. ബൈക്ക്നിർത്തുന്നതുപോലെ തോന്നി..!!

( പ്രത്യേക ശ്രദ്ധയ്ക്ക്‌: രാജ്‌ കലേഷ്‌ വില്ലൻ കഥാപാത്രമെന്ന് പറഞ്ഞത്‌ പാചകകല്ലുകളായ നായകനെ അല്ലെങ്കിൽ നായികയെ തട്ടിമാറ്റി.. ചട്ടുകം/ തവി കൈക്കലാക്കി നടത്തുന്ന കസർത്തു കൊണ്ടതുകൊണ്ടാണേ...അദ്ദേഹത്തിന്റെ ആരാധകരുടെ അടി വാങ്ങിക്കാനുള്ള കരുത്തില്ലാത്തതിനാൽ ഈ വിവരണം!!.. ഇനി പാചക കല്ല് = പാചക രത്നം!.. അതിനും പൊല്ലാപ്പ്‌ വേണ്ട... !!.. ഈശ്വരന്മാരെ! ഇന്നത്തെ കാലത്ത്‌ പച്ചവെള്ളം മിക്സിയിൽ ഇട്ട്‌ അരച്ച്‌ കുടിച്ചാലും രക്ഷയില്ല.. അടി ഒറപ്പാ!!")