മാനവധ്വനി
ഞായറാഴ്‌ച, നവംബർ 15, 2020
പ്രതീക്ഷ 1
പ്രതീക്ഷ 1
...............
വലിയ വായിൽ
ബഡായി പറഞ്ഞത് മക്കളെ
കുറിച്ചായിരുന്നു
ചെറിയ വായിൽ
നൊടിഞ്ഞു വെച്ചതും
മക്കളെ കുറിച്ചു തന്നെ,
കൈ വളർത്തി,
കാൽ വളർത്തി,
പറത്തി വിട്ട മക്കളുടെ,
തിരിഞ്ഞു നോക്കാൻ
പറ്റാത്ത പറക്കൽ,
മൗനം ചവച്ചു
സദനത്തിന്റെ
മൂലക്കിരിക്കുമ്പോഴും
പറഞ്ഞു, "ഓൻ വരും "
മൗനം തുപ്പി അടുത്തിരിക്കുമ്പോൾ
പറഞ്ഞു "നിങ്ങക്ക് പ്രാന്താ.. "
ശ്വാസം വിട്ടു പോകുമ്പോൾ
കണ്ണുകൾ ചുറ്റും പരുതി
"ഓൻ വന്നോ.. "
ഒരിറ്റു കണ്ണീരു കൊണ്ടവർ
പറഞ്ഞു " നിങ്ങക്ക്... "
ആളുകൾക്ക് ആരെയും
പ്രതീക്ഷിക്കാനുണ്ടായിരുന്നില്ല.
.......
..സതീശൻ പയ്യന്നൂർ
ശനിയാഴ്‌ച, ഒക്‌ടോബർ 10, 2020
ശില്പം
ഒരിടത്ത് ഒരു ശില്പി ഉണ്ടായിരുന്നു രാപ്പകലില്ലാതെ നാലഞ്ച് ദിവസം കഷ്ടപ്പെട്ട് അയാൾ ഒരു ശില്പം നിർമ്മിച്ചു. പണി പൂർത്തിയായപ്പോൾ മനോഹരമായ ആ ശില്പം വിൽക്കുവാൻ അയാൾക്ക് തീരെ താല്പര്യം ഉണ്ടായിരുന്നില്ലെങ്കിലും കുടുംബത്തിലെ കടുത്ത ദാരിദ്ര്യം അയാളെ അത് വിൽക്കുവാൻ പ്രേരിപ്പിച്ചു.
അത് വഴിയരികിൽ വെച്ച് വിൽക്കുവാൻ അയാൾ തീരുമാനിച്ചു. അപ്പോൾ ഒരു ധനികൻ അത് വഴി വന്നു ചോദിച്ചു. "എത്രയാടോ ഇതിന്റെ കാശ്. ഇത്ര വൃത്തികെട്ട ശില്പം ഞാൻ വരുന്ന വഴിയിൽ കാണുന്നത് തന്നെ എനിക്കിഷ്ടമല്ല.. അത് തല്ലി പൊട്ടിച്ചാൽ ആ കാശു ഞാൻ തന്നേക്കാം.. ".. ധനികന്റെ ആവശ്യം സ്നേഹപൂർവ്വം അയാൾ നിരസിച്ചു. പിന്നെ അത് വഴി വന്നത് പൊങ്ങച്ചക്കാരനായ ഒരുവനായിരുന്നു. അയാൾ ശില്പം വിലയിരുത്തുന്നതിൽ വലിയ വിദഗ്ദ്ധനെ പോലെ ആളുകളെ കാണിക്കാൻ ശ്രമം നടത്തി.. വില കേട്ടപ്പോൾ പറഞ്ഞു.." പിന്നേ.. ഞാൻ ഒരു പാട് ശില്പങ്ങൾ വാങ്ങിയിട്ടുണ്ട് ഇയാൾ കഞ്ഞികുടിച്ചോട്ടെ എന്ന് കരുതിയാണ് വാങ്ങാമെന്ന് വിചാരിച്ചത്.. ഒന്നിനും കൊള്ളില്ല ഇത്.. അയാൾ പിന്നെ ശില്പത്തെയും ശില്പിയെയും അധിക്ഷേപിച്ചു. അഹങ്കാരി പട്ടിണി കിടക്കത്തെ ഉള്ളൂ എന്നും പറഞ്ഞു ശില്പത്തിന് ഒരു മൂല്യവും കാണാത്ത അയാൾ ശില്പി പറഞ്ഞതിന്റെ കാൽ ഭാഗം പോലും പൈസ പറയാതെ ചവിട്ടി തുള്ളി പോയി. " അയാൾ ഒന്നും പറഞ്ഞില്ല.. പിന്നെ അത് വഴി വന്നത് ഒരു കള്ള് കുടിയനാണ്. " തനിക്ക് നാണമില്ലേ..ii.ശില്പം കെട്ടിപിടിച്ച് ഇവിടെ നിൽക്കാൻ.. വാ അത് വല്ല ആക്രി കടയിലോ മറ്റൊ കൊടുത്തു ചില്ലറ വാങ്ങി നമുക്ക് രണ്ടു പേർക്കും ലേശം അടിച്ചു സന്തോഷിക്കാം.. മനുഷ്യനായാൽ വല്ല പണിക്കും പോയി ഇത്തിരി കുടിച്ചു സന്തോഷിക്കണം അല്ലാതെ തൂണ് പോലെ ഇവിടെ നിന്നതിനെകൊണ്ട് ഒരു കാര്യവും ഇല്ല.".മദ്യപന്റെ തത്വജ്ഞാനത്തിൽ നീരസം ഉണ്ടായെങ്കിലും . അത് പുറത്തു കാണിക്കാതെ ഒരു വിധത്തിൽ ആ മദ്യപനെ പറഞ്ഞയച്ചു. എങ്കിലും അയാൾ ദുഃഖിതനായി. താൻ നിർമ്മിച്ച ശില്പം അത്രയ്ക്ക് മോശമോ? . തന്റെ തൊഴിൽ അത്രയ്ക്ക് കൊള്ളാത്തതോ..അയാൾക്ക് വല്ലാത്ത സങ്കടം തോന്നി. ഒപ്പം ജാള്യതയും. പലരും അത് വഴി വന്നു വില ചോദിച്ചു മടങ്ങിയതല്ലാതെ നിരാശയായിരുന്നു ഫലം. ശില്പത്തിന്റെ വില കേട്ട് ചിലർ പരിഹസിച്ചു. തന്റെ അധ്വാനത്തിന് വരെ തികയാത്ത വില പറച്ചിൽ കേട്ട് അയാൾ പരിതപിച്ചു. വെകീട്ട് വരെ ആരെയും കാണാതെ നിരാശനായ ആ ശില്പി അല്പം കൂടി നോക്കാം എന്ന് കരുതി നിന്നു. അപ്പോൾ അത് വഴി വന്നത് ഒരു കര്ഷകനും മകനുമായിരുന്നു..മകൻ പറഞ്ഞു "അച്ഛാ നോക്ക് എന്ത് ഭംഗി ആ ശില്പത്തിന്.. നമുക്കിത് വാങ്ങാം.. ". അയാൾ അത് നോക്കി നിന്നു "നല്ല ശില്പം.. എത്രയാ വില...? . അയാൾ വില പറഞ്ഞു. "അത് ഇത്തിരി കൂടുതലാണ്. കുറയുമോ..? "കൃഷിക്കാരൻ പറഞ്ഞു. അയാൾ പറഞ്ഞു "മൂന്നു നാലു ദിവസത്തെ അധ്വാനമാണ്.. ആ വില മാത്രേ ചോദിച്ചുള്ളൂ കൂടുതൽ ഒന്നും വേണ്ട." കര്ഷകൻ അൽപ നേരം ആലോചിച്ചു പിന്നെ പറഞ്ഞു. "എന്റെ കയ്യിൽ അത്രയ്ക്ക് പൈസ ഇല്ല..നിങ്ങൾ പറഞ്ഞ നാലിൽ ഒന്ന് പോലും ഇല്ല. വരൂ മോനെ പോകാം." മകന്റെ കൈ പിടിച്ചു അയാൾ നടക്കാൻ ഒരുങ്ങവെ ശില്പത്തിന്റെ ഭംഗിയിൽ ആകൃഷ്ടനായി കര്ഷകന്റെ മകൻ വീണ്ടും വീണ്ടും നോക്കി തിരിഞ്ഞു നടന്നു. വീണ്ടും ഒരിക്കൽ കൂടി തിരിഞ്ഞു നോക്കുമ്പോൾ ശില്പി അവരെ തിരിച്ചു വിളിച്ചു. പറഞ്ഞു "വരൂ മോനെ. ". ആ ശില്പം അവന്റെ കയ്യിൽ വെച്ച് കൊടുത്തു പറഞ്ഞു "എത്രയെങ്കിലും മനസ്സറിഞ്ഞു തന്നാൽ മതി. ഒരു രൂപയെങ്കിൽ ഒരു രൂപ.... അയ്യോ താങ്കൾ ഒരു പാട് കഷ്ടപ്പെട്ടിട്ട് ഉണ്ടാക്കിയിട്ട്..." ഒടുവിൽ മനസ്സില്ല മനസ്സോടെ ശില്പിയുടെ നിര്ബന്ധത്താൽ കർഷകൻ അയാളുടെ കയ്യിൽ നിന്ന് ശില്പം വാങ്ങി. കര്ഷകന്റെ മകന്റെ സന്തോഷം കണ്ട് ശില്പി പറഞ്ഞു."എനിക്ക് ഇവന്റെ സന്തോഷം മതി. ഇതിൽ പരം മൂല്യം ആരും എന്റെ ശില്പത്തിന് പറഞ്ഞിട്ടില്ല." മാറോടടക്കി പിടിച്ചു ആ ശില്പം അവൻ കൊണ്ടു പോകുമ്പോൾ കൃഷിക്കാരൻ പറഞ്ഞു.. "നോക്കട്ടെ ദൈവം തുണച്ചാൽ നാളെ പച്ചക്കറി വിറ്റ് വരുമ്പോൾ കയ്യിൽ പൈസ വന്നാൽ ആദ്യം നമുക്ക് അയാളുടെ ബാക്കി പൈസ കൊടുക്കണം. കുറഞ്ഞു പോയി കൊടുത്തത് എന്ന് തോന്നുന്നു." മകൻ പറഞ്ഞു "എന്ത് ഭംഗിയാണ് അച്ഛാ ഈ ശില്പത്തിന്.. അയാൾ പറഞ്ഞ പൈസ തന്നെ കുറവാണ് ലെ.". കൃഷിക്കാരൻ അതേ എന്ന് തലയാട്ടി. നമ്മുടെ കയ്യിൽ ബാക്കിയുള്ള പഴങ്ങളില്ലേ അത് കൂടിയെങ്കിലും ആ പാവത്തിന് കൊടുത്താലോ? ". കൃഷിക്കാരൻ തന്റെ കൈവശം ഉണ്ടായിരുന്ന പഴങ്ങൾ അയാൾക്ക് കൊടുത്തു അവർ പോയി. അത് സ്വികരിച്ചു വിശന്നു വലഞ്ഞ ആ ശില്പി അതിൽ നിന്ന് ഒരു പഴം ആർത്തിയോടെ തിന്നു. അതിന്റെ മധുരം മനസ്സിലേക്ക് ആവാഹിക്കപ്പെട്ടു . അയാളുടെ അധരങ്ങൾ മന്ത്രിച്ചു കൊണ്ടിരുന്നു. "ഇത് പോലുള്ള മധുരം എന്റെ ജീവിതത്തിൽ ആദ്യമായാണ് ". ദൈവത്തോട് നന്ദി പറഞ്ഞു ആ കർഷകൻ സമ്മാനിച്ച പഴങ്ങളുമായി അയാൾ മെല്ലെ വീട്ടിലേക്ക് നടന്നു.
.......
സതീശൻ പയ്യന്നൂർ
വ്യാഴാഴ്‌ച, നവംബർ 14, 2019
ഒരു കിണറും പുലിവാലും
അന്നായിരുന്നു നാരായണൻ കുട്ടിയുടെ ജനനം. ഒരു തണുത്ത
പ്രഭാതം. ഉമ്മറത്തിരുന്ന നാണിയമ്മയ്ക്ക് പ്രസവ വേദന..ആശുപത്രിയിൽ പോകും മുന്നെ കുട്ടി
ലോകം കാണാൻ ആഗ്രഹപ്പെട്ടു കുതിച്ചു വന്നു.“എന്നാലും ന്റെ നാണിയമ്മേ..” എന്നാരും പറഞ്ഞില്ല.
“എന്നാലും എന്റെ കുട്ട്യേ എന്തു ധൃതിയാ നിനക്ക്” എന്നും ആരും പറഞ്ഞില്ല.. വന്നു കണ്ടു
ലോകത്തെ… സ്വയം കാറി വിളിച്ച് അറിയിച്ചു...“ ഞാൻ വന്നേ..
“ അയല്പക്കക്കാരും ആ സന്തോഷം ഏറ്റെടുത്തു.
.“ ഓള് പെറ്റൂം തോന്നും... നിലവിളി ശബ്ദം കേൾക്കുന്നുണ്ട്..
എന്തൊരു പേറാ ഇത്...” .
“ഓനയല്ലേ പ്രസവിപ്പിക്കാത്ത ശവീന്നും പറഞ്ഞ് ആദ്യത്തെ
ഓള് ഇറങ്ങി പോയത്..”
ആശുപത്രി വാസത്താലല്ലാതെ പ്രസവിക്കില്ലെന്ന് ശാഠ്യം
ചെയ്ത് ഒരു മാസം മുന്നെ ആശുപത്രി ബുക്ക് ചെയ്തു നടക്കുന്ന തരുണീമണികളുടെ കീശ കീറിയ
ഭർത്താക്കന്മാർ അസൂയ പൂണ്ടു തങ്ങളുടെ ഭാര്യമാരെ
നോക്കി കൊഞ്ഞനം കുത്തി കൊണ്ട് പറഞ്ഞു “ കണ്ട് പഠിക്ക്..”
ഒരു ലഹളയ്ക്കുള്ള തീപ്പൊരിയാണ് അവർ കൊളുത്തുന്നതെന്ന്
അവർ സ്വപ്നേപി നിനച്ചിരിക്കില്ല, പറയുന്നത് തമാശയ്ക്ക് സ്വന്തം ഭാര്യയാണെങ്കിലും ഒരു
പെണ്ണിനോടാണെന്നും ആ തീപ്പൊരികൾ ഇടയ്ക്കിടയ്ക്ക് ആളിക്കത്തി തങ്ങളുടെ അവസാനകാലത്തെ
ചിതയിലെടുക്കും വരെ ഉമിത്തീ പോലെ തങ്ങളെ നീറിക്കുമെന്നും.
ആശാരി പണി കഴിഞ്ഞു വരുന്ന കുഞ്ഞപ്പേട്ടൻ അപ്പോഴാണ്
അറിയുന്നത്, തന്റെ രണ്ടാം കെട്ടിലെ നാണിയമ്മ തനിക്ക് തന്ന നാലാമത്തെ അഭിമാനം ഭൂജാതനായെന്ന്…ഒന്നാം കെട്ടിയോൾ പറഞ്ഞത് ആണത്തമില്ലാത്തവനായതു
കൊണ്ടാണ് അവൾ പ്രസവിക്കാത്തതെന്നായിരുന്നു.. അതു തിരുത്തപ്പെട്ട ദിനങ്ങൾ ഒന്നല്ല നാലു
കടന്നിരിക്കുന്നു... തന്നെ തകർത്ത് തിമർത്താടിയപ്പോൾ, കടംവാങ്ങിയ രണ്ടു ലക്ഷം അവളുടെ
കൈയ്യിലേക്ക് നീട്ടി കൊടുക്കുമ്പോൾ തനിക്ക് വിറച്ചു .. എന്നാലും!... പക്ഷെ അതു വാങ്ങി
ബന്ധം വേർപെടുത്തി അവൾ കൂസലില്ലാതെ പടിയിറങ്ങി.
തകർന്ന ഹൃദയത്തോടെ അയാൾ വർഷങ്ങളോളം കഴിഞ്ഞു.. പിന്നീട്
അയൽക്കാർ കൊണ്ടു വന്ന ബന്ധമാണ് നാണിയമ്മ. ഒരു പെർഫെക്ട് സെലക്ഷൻ.
“ആ കട്ടില ഈ വീട്ടിനു ചേരില്ല… മച്ചിയാണ് അവൾ. അതോ പോട്ടേ,.പോരാത്തതിനു അഹങ്കാരവും.
ഇതാണ് നിനക്ക് ചേർന്ന പെണ്ണ്..” എന്ന് അയൽക്കാർ
പറഞ്ഞപ്പോഴും പഴയ സ്നേഹബന്ധത്തിൽ കടിച്ചു തൂങ്ങിയായിരുന്നു നിന്നത്.. കല്യാണം കഴിഞ്ഞുവെങ്കിലും
നാണിയമ്മയെ ഭാര്യയായി കാണുവാൻ അയാളുടെ മനസ്സ് വർഷങ്ങളെടുത്തു.. എന്നിട്ടും നാണിയമ്മയ്ക്ക്
പരിഭവമോ പ്രയാസമോ ഉണ്ടായില്ല.. ഒരു നാളിൽ പനിച്ചു കിടന്നപ്പോൾ നാണിയമ്മയുടെ സ്നേഹം
അയാളുടെ മനസ്സലിയിച്ചു.. അന്നു മുതൽ ചറ പറ പ്രസവിച്ചു ന്റെ നാണിയമ്മ.. ആശുപത്രി വാസമില്ല,
പൈസ ചിലവില്ല ബുദ്ധിമുട്ടുണ്ടാക്കലില്ല..അയാൾ ഓരോന്നോർത്തു മന്ദഹസിച്ചു..
ആ നാണിയമ്മയുടേയും കുഞ്ഞപ്പേട്ടന്റെയും നാലാമത്തെ
മകനായിരുന്നു നാരായണൻ കുട്ടി..
എത്ര വേഗമാണ് കാലം ഓടി മറഞ്ഞത്.. നാണിയമ്മയും കുഞ്ഞപ്പേട്ടനും
നാടകമാടി മുഖത്തെഴുത്തു മായ്ക്കാറാകുമ്പോഴേക്കും മൂന്ന് സഹോദരന്മാരെയും ഒരു സഹോദരിയെയും
പരസ്പരം സ്നേഹിക്കാൻ വിട്ടു നൽകി, അവരിൽ മൂന്ന് പേരെയും കല്ല്യാണവും കഴിപ്പിച്ചു ഓർമ്മ
പൂക്കൾ അണിഞ്ഞു ഫോട്ടോയിൽ ഇരുന്ന് ചിരിച്ചു..
നാരായണൻ കുട്ടി ഫോട്ടോയിൽ നോക്കി ഇരുന്നു.. സഹോദരങ്ങളെല്ലാം
വിവാഹിതരായി മാറി താമസിച്ചു താൻ മാത്രം ഇവിടെ.
അയാൾ മരപ്പണിയിൽ അതിവിദഗ്ധനായി , ക്രമേണ വീടു കുറ്റിയിടലിൽ
പ്രശസ്തനായി, നാട്ടുകാർക്കിടയിൽ പ്രസിദ്ധനായി അരങ്ങു തകർത്തു,
പിന്നീടെപ്പോഴോ നാരായണൻ കുട്ടി കള്ളിന് അടിപ്പെട്ടു.
അതോടെ അയാളുടെ കഷ്ടകാലം തുടങ്ങി.. ആദ്യമാദ്യം കുടി വീട്ടിലായിരുന്നു പിന്നീട് കൂട്ടുകാരോടൊപ്പം
ഷാപ്പിലായി.. ഒരു ഷാപ്പിൽ നിന്നും മറ്റൊരു ഷാപ്പിലേക്ക് ഓട്ടോറിക്ഷ പിടിച്ചു മാറി മാറി
സഞ്ചരിച്ച് കുടിച്ചു തിമർത്തു, ഒടുവിൽ അവിടെ കിടന്നു.
ആയിടയ്ക്കായിരുന്നു ഒരാൾ ഒരു നാൾ അയാളെ കിണറിനു കുറ്റിയടിക്കാൻ വിളിച്ചത്..
ലോണെടുത്ത് കിണറ് കുഴിക്കാൻ വേണ്ടി ഓടി നടന്ന് ഒടുവിൽ അയാൾ നാരായണൻ കുട്ടിയെ വിളിച്ചു..
നാരായണൻ കുട്ടി സ്ഥലം കണ്ടു.“. ഒന്നും പേടിക്കേണ്ട.. ആറ് പടവിൽ വെള്ളം കണ്ടിരിക്കും
നല്ല പളുങ്കു പോലുള്ള ശുദ്ധ ജലം..പോരെ.”
ആളുകൾ ചിരിച്ചു..“ ആറ് പോയിട്ട് 20 പടവിലെങ്കിലും
വെള്ളം കണ്ടാൽ മതിയായിരുന്നു.”
ചായ കുടിക്കാൻ അയാൾക്ക് വല്യ താല്പര്യം ഉണ്ടായിരുന്നില്ല.
“ തിരക്കാണ്.. വേഗം പോണം”
ഷാപ്പു കാരനു പച്ചരി വാങ്ങാനുള്ള കാശ് കൊടുക്കാനുള്ള
ധൃതി അയാളുടെ കണ്ണിലുണ്ടായിരുന്നു. പ്രതിഫലവും വാങ്ങി പെട്ടെന്ന് അയാൾ അപ്രത്യക്ഷനായി
കിണറു കുത്താനിറങ്ങിയ ആളുകൾ ആകെ പരവശരായി.. അമ്പതു
പടവുകൾക്കുള്ളതു കുത്തിയിട്ടും വെള്ളമില്ല. പാവത്തെ ചതിച്ചു ആ കള്ളു കുടിയൻ എന്ന് പറഞ്ഞ് ആളുകൾ ചിരിച്ചു പിന്നെ അവർ സംഘടിച്ചു വന്നു.. “എവിടെ അയാൾ
ആ നാരായണൻ കുട്ടി.. അവനെ ഈ കുഴിയിൽ കെട്ടി
താഴ്ത്തി കുഴി മൂടണം ഒരു പാവത്തെ പറ്റിച്ചവൻ..”
ആളുകൾ ആക്രോശിച്ചു.
ഷാപ്പിന്റെ മൂലയിൽ നായയെക്കാൾ ഡീസെന്റായി ചുരുണ്ടുറങ്ങുന്ന
പാവം നാരായണൻ കുട്ടിക്ക് ഒരു ചവിട്ടു കൊടുത്ത് ഉണർത്തി..
“എന്തേ..? “
ആളുകൾ ആക്രോശിച്ചു “ കാലമാടാ..കള്ളും കുടിച്ചു പൈസയും
വാങ്ങി നീ ഈ പാവത്തെ ചതിച്ചു..വെള്ളം കാട്ടി താടാ…ഇല്ലെങ്കിൽ…”
“ഞാൻ ആരെയും ചതിച്ചില്ല.. ഇനി ചതിക്കുകയും ഇല്ല..
എന്റെ തൊഴിലാണെ സത്യം”
“ എങ്കിൽ വെള്ളം കാട്ടി താടാ…”
ആളുകളുടെ ആക്രാശത്തിൽ…നാരായണൻ കുട്ടിയുടെ മത്തിറങ്ങി..
നാരായണൻ കുട്ടി ചുറ്റികയും ഉളിയും ഉള്ള സഞ്ചിയും
ചുമന്ന് അവരുടെ കൂടെ നടന്നു..
കിണറിന്റെ അവസ്ഥ കണ്ട് നാരായണൻ കുട്ടി പറഞ്ഞു
..“ ഇതാരാ നിങ്ങളോട് ഇത്രേം കുഴിക്കാൻ പറഞ്ഞത്..?”
‘’‘ എങ്കിൽ എവിടേടാ വെള്ളം ഇത്രേം കുഴിച്ചിട്ട്…“
“ ഞാൻ ആറു പടവ് കുഴിക്കാനല്ലേ പറഞ്ഞത്..”
“അപ്പോൾ വെള്ളം? നീ കാട്ടിത്താടാ..”
ആളുകൾ കയ്യാങ്കളിയിലേക്ക് കടക്കുന്ന വിധത്തിലായി.
നാരായണൻ കുട്ടി ഒന്നും പറയാതെ കിണറ്റിലേക്ക് ഇറങ്ങി… കയറിൽ തൂങ്ങിയാടി ഉളിയെടുത്ത് കിണറിനു ചുറ്റും
കൊട്ടി നോക്കി.. എന്നിട്ട് ഉളിയെടുത്ത് വടക്കു ഭാഗം മുട്ടി നോക്കി ചെവിടടുപ്പിച്ചു
പിന്നെ അവിടെ തുരന്നു.. ചുറ്റികയെടുത്ത് ഇടിച്ച് ഒരു പാറകഷ്ണം പൊട്ടിച്ചു..
അതാ ജലധാര … കിണറു മുഴുവൻ നിറയുന്നു.. നാരായണൻ കുട്ടിയെ ആളുകൾ
പെട്ടെന്ന് വലിച്ചു കയറ്റി..
കിണർ ശുദ്ധജലത്താൽ നിറഞ്ഞു .
അത്ഭുതത്തോടെ ആളുകൾ നിൽക്കുമ്പോൾ നാരായണൻ കുട്ടി
പറഞ്ഞു “ ഞാൻ ആറു പടവാണ് കുഴിക്കാൻ പറഞ്ഞത് ഭൂമിയുടെ അടിത്തട്ടോളം കുഴിച്ചതിനു ഞാനെന്തു
പിഴച്ചു”
നടന്ന സംഭവം മറന്ന് ആളുകൾ തല കുത്തനെ പിടിച്ചു.
“ അടിയും ഇടിയും തല്ലും കുത്തും കഴിഞ്ഞാൽ ആളുകൾ നിശബ്ദരാകും ..ഓരോരുത്തരായി മുടന്തൻ
ഞായം പറഞ്ഞ് പിന്നെ പതുക്കെ തടിയൂരും.. കിട്ടിയവൻ നിരപരാധിയായിരുന്നാലും ഒക്കെ സഹിക്കണം
.. ആളുകൾക്കൊരു സോറി കൊണ്ട് തടി തപ്പാം.“
തല്ലാൻ
ആഞ്ഞവരിലെ ചില തന്ത്ര ശാലികൾ ഒരു ഞൊടിയിടയിൽ കളം മാറ്റി ചവിട്ടി.
.” ഞാൻ പറഞ്ഞില്ലേ നാരായണൻ കുട്ടി പറഞ്ഞാൽ അച്ചട്ടാണെന്ന്..
ഇപ്പോ കണ്ടോടാ”.
ഏതോ മാന്യൻ അപ്പോൾ ആടി കൊണ്ട് പറഞ്ഞു …“ കണ്ടോടാ…കള്ള് നാരയണൻ കുട്ടിയെ കുടിച്ചിട്ടില്ല .. നാരായണൻ കുട്ടിയാണ്
കള്ള് കുടിച്ചത്.. അപ്രിഷിയേറ്റ് മാൻ.. ഇനി ഞാൻ പറേണത് ശ്രദ്ധിച്ചു കേൾക്കണം നാരായണൻ കുട്ടിയെ പുലഭ്യം പറഞ്ഞവൻ ഈ ഊരു വിട്ട്
പോയ്ക്കൊള്ളണം..”
അപ്പോഴൊരാൾ പറഞ്ഞു “ നിങ്ങളല്ലേ നാരായണൻ കുട്ടിയെ
ഈ ഡാഷിനെ അതിലിട്ട് തെങ്ങു വെക്കും” എന്ന് പറഞ്ഞത്.
ഒരു നിമിഷം കുടിച്ച കള്ള് ആവിയായ ആ മാന്യൻ പറഞ്ഞു..”
ഞാനീ വീട്ടിന്ന് പറഞ്ഞത് നീ റോഡിൽ കേട്ടെങ്കിൽ നിന്നെ ഇതിലിട്ട് വാഴ വെക്കണം..”
ചിരിയോടെ ആളുകൾ എല്ലാവരും നാരായണൻ കുട്ടിയെ ബഹുമാനത്തോടെ ആദരിച്ചു..
ആളുകൾ ആർത്തു വിളിച്ചു.. നാരായണൻ കുട്ടീ കീ.. ജയ്..
അതെ ഇല്ലെങ്കിൽ നാരായണൻ കുട്ടിയെ ആളുകൾ അതിലിട്ട്
കുഴിച്ചു മൂടി തെങ്ങു വെച്ചേനേ..
.. സതീശൻ പയ്യന്നൂർ
ചൊവ്വാഴ്ച, ജൂൺ 04, 2019
അധ്വാനിച്ചു ധാരാളം പണം ഉണ്ടായപ്പോൾ ആളുകൾ അയാളെ പുകഴ്ത്തി.. ചുറ്റും കൂടിയ അവർ എത്ര പേരുണ്ടായിരുന്നെന്നോ..? ഉപദേശികൾ എത്രയായിരുന്നു ?..അയാൾക്ക്സന്തോഷമായി..എല്ലാം അയാളോട് പറഞ്ഞേ ആളുകൾ ചെയ്യുമായിരുന്നുള്ളു..അയാളോട് ഗുഡ്‌നെറ്റ് പറയാതെ വിനയാന്വിതരായ ആളുകൾക്ക് ഉറക്കം കൂടി വന്നിരുന്നില്ല.. അവരുടെ സന്തോഷമായിരുന്നു അയാളുടെ സന്തോഷം..അയാളുടെ ഹൃദയം തുള്ളിച്ചാടി..അയാൾ മനോഹരമായി പുഞ്ചിരിച്ചു .. പണം തനിക്കെന്തിന് ഇവരുള്ളപ്പോൾ അയാൾ അങ്ങിനെയാണ് ചിന്തിച്ചിരുന്നത്.. പോക്കറ്റുകൾ കാലിയായപ്പോൾ അവർ എത്ര പേരുണ്ടായിരുന്നെന്നോ.. ആശ്ചര്യം അവരൊക്കെയും വെറും സ്മാരകങ്ങളായി.. ഉപദേശികൾ കൂട് വിട്ട് കൂടുമാറി.. അയാളുടെ ഹൃദയം രണ്ടായി പിളർന്നു.. അപ്പോഴും അയാൾ പുഞ്ചിരിക്കാൻ ശ്രമിച്ചു.. ഒടുവിൽ വാമഭാഗവും തന്നോട് ഉച്ചത്തിൽ സംസാരിക്കാൻ പഠിച്ചതോടെ അയാൾക്ക് ഉറക്കം നഷ്ടപ്പെട്ടു.എങ്കിലും തന്റെ പുഞ്ചിരിയെ അയാൾ കൂടെ കൂട്ടി. നീ കൂടെ പോയെങ്കിൽ. ഒരു നിമിഷം അയാൾ കണ്ണടച്ചു നിന്നു. ഗതിയില്ലാതെ നടന്ന അയാളെ ആളുകൾ പ്രാകി. പണം ഉണ്ടായപ്പോൾ എത്ര അഹങ്കാരി ആയിരുന്നു.. ദേ.. ഇപ്പൊ കണ്ടില്ലേ.. ആരോ വിളിച്ചു പറഞ്ഞത് കേട്ടപ്പോൾ അയാൾ തകർന്നു. തന്റെ ഔദാര്യം ആവോളം പറ്റിയവന്റെ ആ മുഖം അയാളുടെ ഹൃദയത്തെ തലങ്ങും വിലങ്ങും വെട്ടി നശിപ്പിക്കുന്നു. അയാൾ വീണ്ടും തന്റെ പുഞ്ചിരിയെ വരുത്തുവാൻ ശ്രമിച്ചു. പക്ഷെ അതൊരു പൊട്ടിച്ചിരിയോ ആർത്തട്ടഹാസമോ ആകുമോ എന്നയാൾ ഭയപ്പെട്ടു. എങ്ങോട്ടേക്കെങ്കിലും യാത്ര പോകാമെന്നു അയാൾ തീരുമാനിച്ചു. ഒരിക്കലും തിരിച്ചുവരാത്ത യാത്ര. ബസ് സ്റ്റാൻഡിലെ മൂലയിൽ അയാൾ കിതച്ച് ഇരുന്നു. ഇടയ്ക്ക് ഒന്ന് മയങ്ങി..ആരോ തന്നെ മുട്ടി വിളിക്കുന്നു ചേട്ടാ ഈ ലോട്ടറി അടിക്കും ചേട്ടാ പ്ലീസ്... മുഷിഞ്ഞ വേഷത്തിൽ കീറിയ കുപ്പായമിട്ട ഒരു കുട്ടി.. അവന്റെ കണ്ണുകളിലേക്ക് നോക്കിയപ്പോൾ തന്റെ പ്രതിബിംബം പോലെ തോന്നിച്ചു. പോക്കറ്റിൽ ആകെയുണ്ടായിരുന്ന തുക അവന്റെ ഒരു ലോട്ടറി ടിക്കറ്റിനുള്ളത് മാത്രമായിരുന്നു. അടിക്കും ചേട്ടാ പ്ലീസ് ഞാൻ ഒന്നും കഴിച്ചില്ല അവൻ വയറു തടവി. താനും അതെ അവസ്ഥ.. ഒന്നും നോക്കാതെ ആ ബമ്പർ എടുത്തു. നാളെയാണ്.. അടിക്കും ചേട്ടാ ഉറപ്പ്.. അവന്റെ സന്തോഷം അയാളുടെ ചുണ്ടിലുണർന്നു. ഇനി.. ?അയാൾ ലോട്ടറി മടക്കി പോക്കറ്റിൽ വെച്ചു എങ്ങോട്ടെന്നില്ലാതെ നടന്നു. ഒടുവിൽ തിരിച്ചു വീട്ടിലേക്ക് മടങ്ങി. പിറ്റേന്ന് അയാൾ ആകാംഷയോടെ വായനശാലയിലേക്ക് നടന്നു. ചായ കുടിക്കാൻ നിന്നില്ല. ഇട്ടുകൊടുക്കാനും ആർക്കും വല്യ താല്പര്യവും ഉണ്ടായിരുന്നില്ല. അയാൾ അവിടെ കണ്ട പത്ര താളിലേക്ക് നോക്കി. അത്ഭുതം. ആ ലോട്ടറിക്ക് ഒന്നാം സമ്മാനമായിരുന്നു...അയാളുടെ മനോഹരമായ പുഞ്ചിരി താനെ തിരിച്ചു വന്നു.. തനിക്ക് ലോട്ടറി നിർബന്ധിച്ചു തന്ന ആ കുട്ടിയെ അയാളുടെ കണ്ണുകൾ ബസ്റ്റാന്റഡ് മുഴുക്കെ അരിച്ചു പെറുക്കി.. അവനെ കണ്ടെത്താനായില്ല.. നിരാശയോടെ അയാൾ വീട്ടിലെത്തി വീട്ടിൽ നിറച്ചും സന്തോഷം പങ്കിടാനെത്തിയ ആളുകൾ. ഉപദേശികൾ അവതാരോദ്ദേശ്യം പോലെ വീണ്ടും ജന്മമെടുത്തിരിക്കുന്നു. അയാൾ അമർത്തി മൂളി. വിനയാന്വിതയായ വാമഭാഗത്തിന്റെ മധുരമായ പതിഞ്ഞ സ്വരം "ചേട്ടൻ എവിടെയായിരുന്നു.. ചായ തണുത്തൊ എന്നറിയില്ല ഒരു മിനുട്ട് ചേട്ടാ ചൂടാക്കാം " അയാൾ മനോഹരമായി പുഞ്ചിരിച്ചു. വീണ്ടും ഒരു പുനർ ജന്മം.. ഇത്തവണ താൻ സ്മാർട്ട് ആവണം അയാളുടെ മനസ്സ് കര്ശനമായി ആവശ്യപ്പെട്ടു. ഓരോ ഉറക്കത്തിലും അവൻ പ്രത്യക്ഷപ്പെടും ഞാൻ പറഞ്ഞില്ലേ ചേട്ടാ ഇത് അടിക്കുമെന്ന് ഇപ്പോഴോ ? "അവൻ മനോഹരമായി പുഞ്ചിരിക്കും പിന്നെ അപ്രത്യക്ഷമാകും... തന്റെ കൈ പിടിച്ചുയർത്തിയ ദൈവത്തിനെ ഒരിക്കൽ കൂടി കാണാൻ ഭാഗ്യമുണ്ടോ എന്നറിയാൻ പതിവായി അയാൾ ബസ്റ്റാണ്ടിലേക്ക് നടന്നുകൊണ്ടിരുന്നു... ഒപ്പം ആ ഓർമ്മയ്ക്കായി കൈയ്യിൽ കരുതുന്ന പുതുവസ്ത്രങ്ങൾ മുഷിഞ്ഞു കീറിയ വസ്ത്രം ധരിച്ച ആരെങ്കിലുമുണ്ടെങ്കിൽ അവർക്ക് സമ്മാനിക്കും. പിന്നെ തന്നാലാവുന്നതിൽ ഒരോഹരി അനാഥ മന്ദിരത്തിലേക്കും അപ്പോൾ പിന്നെ അവന്റെ മുഖം ഒരിക്കൽ കൂടി കണ്ട ഒരു നിർവൃതി ആ ചുണ്ടുകളെ പുഞ്ചിരിയിലേക്ക് നയിക്കും.. സതീശൻ പയ്യന്നൂർ
|
തിങ്കളാഴ്‌ച, മാർച്ച് 20, 2017
മതേതരത്വം
തിന്നും കുടിച്ചും കൊഴുത്തും മദിച്ചും നടന്ന്,
കരിസ്മാറ്റിക്
ധ്യാനം,
സിസ്റ്റമാറ്റിക്കായി നടത്തിയിട്ടും
അനാഥാലയങ്ങൾക്ക്,
അനാഥരാരാക്കിയിട്ട്
കുഞ്ഞുങ്ങളെ നൽകിയിട്ടും,
കണ്ണൊന്നടച്ചു തുറക്കും നേരം,
ധ്യാനഗുരുവിനൊരു പീഢനത്തിനു കൂടി
കർത്താവ് മാർക്കിട്ടു നൂറിൽ നൂറ്
പിടഞ്ഞു പിടഞ്ഞുവീണ,
ളോഹയ്ക്കുള്ളിലെ ലോല ഹൃദയം.
പിന്നെയൊരു ഒരു നിലവിളി..
കർത്താവേ നീയ്യും.!
കർത്താവ് കയ്യൊഴിഞ്ഞാൽ സാത്താൻ..
സർവ്വതിലും വിടുതൽ പ്രാപിപ്പാൻ.
സർവ്വ പാപങ്ങളേയും പൊറുത്തു രക്ഷിപ്പാൻ
രക്ഷകനായുള്ളവൻ വക്കീലിനെ ധ്യാനിച്ചു
കാണിക്കയിട്ടിട്ടൊരു ഒരു കുമ്പസാരം..
======
പൂജിച്ചു പൂജിച്ചു പൂജ കഴിഞ്ഞു നടയടച്ചു,
പടിയടച്ചു പുറത്തെത്തുന്നേരമൊരു
ചിലമ്പൊലി,
കാക്കിയിട്ട പൂജാരികൾക്ക്,
പൂജാരിക്ക് പൂജ ചെയ്യാനൊരു തിടുക്കം.
എട്ടും പൊട്ടും തിരിയാത്ത
കുഞ്ഞു പെണ്ണൊരുത്തിക്ക്
പൂജാരീ പ്രസാദമായി,
വയറിലൊരു ദുർമേദസ്സ്..
ഉറഞ്ഞുറഞ്ഞു തുള്ളി
നരസിംഹത്തെ പോലെ
ചീറിയടുക്കുന്ന ഭക്തജനം.
അകത്തുമല്ല പുറത്തുമല്ല
പടിയിൽ നിന്ന് വിറച്ചു,
ഉടലു കീറി കുടലെടുക്കുന്ന പരവേശം പൂജാരിക്ക്..
====
ഉസ്താദ് പിന്നേയും
മൂടി വെക്കേണ്ടവ മൂടി
വെക്കേണ്ടതിനെ കുറിച്ചൊരു ക്ലാസ്സ്,
വിസ്തരിച്ചു തന്നെ…
അബദ്ധത്തിൽ,
മൂടി വെക്കേണ്ടവ,
തുറന്നു നോക്കിയതിനാലാവാം
പാവം കുഞ്ഞുങ്ങൾക്ക് വയറു ദീനം..
പഠിപ്പിച്ചതൊക്കെ പഠിച്ചു,
ചൂട്ട് വെളിച്ചത്തിൽ നാടും നാട്ടാരും,
കുറുവടിയും ചൂരലുമായി,
ഉസ്താദിനെ തേടിയൊരു യാത്ര,
വെള്ള പുതപ്പു കൊണ്ടൊന്നുസ്താദിനെ,
ആപാദ ചൂഢം മൂടാൻ..
…..
ഉസ്താദായി, പൂജാരിയായി, വികാരിയായി
മതേതരത്വമായി,
ഹിന്ദുവായി, മുസ്ലീമായി, ക്രിസ്ത്യാനിയായി,
നാട്ടുകാരായി, പോലീസായി,
സംരക്ഷിക്കാൻ വക്കീലായി,.
നൂറിൽ നൂറ് സാക്ഷരരുമായി,
പക്ഷെ ഇല്ലാത്തത് പണ്ടെങ്ങൊ
ജീവിച്ചിരുന്നു ചത്തു പോയതായി
വിശ്വസിക്കപ്പെടേണ്ട മനുഷ്യത്ത്വം,
പിന്നെയൊരു വിവേകം.
അതിനൊരു സ്മാരകം
പണിഞ്ഞിട്ടിനി പൂജിച്ചു
പ്രാർത്ഥിക്കണം വരും തലമുറയ്ക്കായി.
മനുഷ്യത്വമെന്നത് ഇല്ലാത്ത പുളുവെന്ന്
പുതു തലമുറ പറഞ്ഞു പുച്ഛിക്കും മുന്നെ...
ശനിയാഴ്‌ച, ജൂലൈ 02, 2016
ഒട്ടകക്കൂത്ത് - നോവൽ
https://www.facebook.com/prathibhakwt/?fref=ts ഒട്ടകക്കൂത്ത് നോവലിൽ നിന്നും…
“…അയാൾ ലിഫ്റ്റിനകത്തേക്ക് നോക്കി.
കണ്ണു തുറുപ്പിച്ച്, നാവ് പുറത്തേയ്ക്കു നീട്ടി, വായിൽ നുരഞ്ഞ പതയുമായി ഒരാൾ ലിഫ്റ്റിന്റെ തറയിൽ മലർന്നു കിടക്കുന്നു. നാൽപ്പത് നാൽപ്പത്തഞ്ച് പ്രായം തോന്നിപ്പിക്കുന്ന മുഖം. വെളുത്ത ഷർട്ടും നീല ജീൻസ് പാന്റ്സും ധരിച്ച അയാൾ സാമാന്യം തടിച്ചതായിരുന്നു. ഇരു നിറവും.
അവർ ആ കാഴ്ചയെ ഉൾക്കൊള്ളാൻ ശ്രമിച്ചു.
എഴുതപ്പെടാത്ത വാക്കുകൾ, മരവിച്ച തലച്ചോറിലെ ന്യൂറോണുകളുടെ അഗ്ര ഭാഗത്ത് ചോര വറ്റിത്തളർന്നു. അവിടെ നിന്നും പുളച്ചു കൊണ്ട് വേദന പിറവിയീടുത്തു. അത് ശരീരമാസകലം പടർന്നു….
മരണത്തിന് തണുപ്പുമായി എന്തു ബന്ധം? അതോ പേടിക്കും തണുപ്പു തന്നെയോ പ്രതീകം?...”
കണ്ണു തുറുപ്പിച്ച്, നാവ് പുറത്തേയ്ക്കു നീട്ടി, വായിൽ നുരഞ്ഞ പതയുമായി ഒരാൾ ലിഫ്റ്റിന്റെ തറയിൽ മലർന്നു കിടക്കുന്നു. നാൽപ്പത് നാൽപ്പത്തഞ്ച് പ്രായം തോന്നിപ്പിക്കുന്ന മുഖം. വെളുത്ത ഷർട്ടും നീല ജീൻസ് പാന്റ്സും ധരിച്ച അയാൾ സാമാന്യം തടിച്ചതായിരുന്നു. ഇരു നിറവും.
അവർ ആ കാഴ്ചയെ ഉൾക്കൊള്ളാൻ ശ്രമിച്ചു.
എഴുതപ്പെടാത്ത വാക്കുകൾ, മരവിച്ച തലച്ചോറിലെ ന്യൂറോണുകളുടെ അഗ്ര ഭാഗത്ത് ചോര വറ്റിത്തളർന്നു. അവിടെ നിന്നും പുളച്ചു കൊണ്ട് വേദന പിറവിയീടുത്തു. അത് ശരീരമാസകലം പടർന്നു….
മരണത്തിന് തണുപ്പുമായി എന്തു ബന്ധം? അതോ പേടിക്കും തണുപ്പു തന്നെയോ പ്രതീകം?...”
ഭ്രമാത്മകതയുടെ തലത്തിലേക്ക് ഒരു കൂട്ടം എഴുത്തുകാർ എത്തപ്പെടുമ്പോൾ ജിജ്ഞാസയുണർത്തുന്ന ഒരു വായനാനുഭവമായി ഒട്ടകക്കൂത്ത് മാറുന്നു.
പുസ്തകം ലഭിക്കുന്നതിനായി ബന്ധപ്പെടുക:
കുവൈറ്റ്: (965) 9940 4146, 9916 1989, 9963 4341
ഇന്ത്യ: (91) 94472 03420, 94973 13414 ഇന്ത്യയിൽ ഈ പുസ്തകം കിട്ടാൻ 9747 203420 ഈ നമ്പറിലേയ്ക്ക് അഡ്രസ്സും ഫോൺ നമ്പറും തരിക
കുവൈറ്റ്: (965) 9940 4146, 9916 1989, 9963 4341
ഇന്ത്യ: (91) 94472 03420, 94973 13414 ഇന്ത്യയിൽ ഈ പുസ്തകം കിട്ടാൻ 9747 203420 ഈ നമ്പറിലേയ്ക്ക് അഡ്രസ്സും ഫോൺ നമ്പറും തരിക
ശനിയാഴ്‌ച, ഫെബ്രുവരി 13, 2016
സിക്സ്ത് സ്റ്റാർ & ടെന്ത് സ്റ്റാർ റെസ്റ്റോറന്റ് പിന്നെ നോം..
എന്റെ സത്യം, അവരുടെ പരീക്ഷണം, നിങ്ങളുടെ നിരീക്ഷണം ( അമ്പത്തി നാലാം സർഗ്ഗം)
=====================================================================
കമ്പ്യൂട്ടർ പഠിച്ചിട്ട് വേണം, ജോലി കിട്ടീട്ട് വേണം ഒന്ന് നേരെ നിൽക്കാൻ എന്നൊക്കെ നെനച്ചിരുന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന, (അതോ കോടികളോ… അറില.. അതെന്തായാലും) നമ്മുടെ പ്രാപിതാമഹന്റെ സ്വന്തം ട്രൈയിനിൽ കയറി നമ്മുടെ പൊതു സ്വത്തായ കണ്ണൂർ റെയിൽ വെ സ്റ്റേഷനിൽ ഇറങ്ങി… നമ്മുടെ മറ്റൊരു സ്വന്തം ട്രെയിൻ അവിടെ റെസ്റ്റിനിട്ടിട്ടുണ്ട് … വരാം ട്ടോ എന്ന് അതിനെ പറഞ്ഞു മനസ്സിലാക്കി…മനസ്സിലാവ്വോ എന്തോ?.. ചിലർ വേറൊരു ട്രൈയിൽ പോകുമ്പോ… റ്റാറ്റ പറഞ്ഞ് ബന്ധുക്കളെ യാത്രയാക്കുന്നു.. നമുക്കും എല്ലാവരോടും റ്റാറ്റ പറേണം ന്ന് ണ്ട് ആർക്കും ഒരൂ വെഷമോം വരുത്തരുത് ന്ന്ണ്ട്.. പക്ഷെ ആളോള് എന്തെങ്കിലും വിചാരിക്കില്ലേ ഇവനു ട്രൈയിൻ നിറച്ചും ബന്ധുക്കളോ?…..ഉച്ചയ്ക്ക് ഇവിടെ വരേണ്ടതാണ് പിന്നേം റ്റാറ്റ പറയേണ്ടി വരില്ലേ .. അപ്പോൾ ഏതെങ്കിലും വാ നോക്കികൾ അവിടെ ജോലിക്ക് അന്ന് ചാർജ്ജെടുത്തിട്ടുണ്ടെങ്കിൽ അവർ കരുതും ലോകം നെറച്ചും ഇവനു ബന്ധുക്കളാണല്ലോ? .. നിർത്തിയിട്ടിരിക്കുന്ന ട്രൈയിനിൽ കയറി വേണം മാതാശ്രീ പൊതിഞ്ഞു കെട്ടി തരുന്ന ഉച്ചയ്ക്കുള്ള അമൃതേത്ത് കഴിക്കാൻ.. നമുക്കായി പ്രാപിതാമഹരു ഒരുക്കിത്തന്ന സിക്സ്ത് സ്റ്റാർ ട്രൈയിൻ റെസ്റ്റോറാണ്ട്.. റെയിൽ വേ ജീവനക്കാർക്ക് അത് ബോഗികൾ മാത്രമാണ് അവർ ചിലപ്പോൾ ഇടയ്ക്ക് അടച്ചിട്ട് പോകും നമ്മൾ തുറക്കും..നമ്മുടെ റെസ്റ്റാറണ്ട് നമ്മളല്ലാതെ ആരു തുറക്കാൻ… നാലുമണിക്ക് വരുന്ന ട്രൈയിനിലാണ് മടക്കം അതുവരെ അവിടെ താഴെ നിരത്തിയിട്ടിരിക്കുന്ന സപ്രമഞ്ചക്കട്ടിലിൽ കിടന്ന് റെസ്റ്റ് എടുക്കണം ന്ന് മോഹംണ്ട്.. പക്ഷെ മഹാപാപികളായ യാത്രയ്ക്കാർ വന്ന് ഇരിക്കും അതിൽ.. പിതാമഹരുടെ റെസ്റ്റാറന്റിൽ കയറാൻ ആരുടെ സമ്മതം വേണം?.. നോം അതിൽ കയറും.. ആ റെസ്റ്റോറന്റ് വല്ല വിധേനയും അവിടെ നിന്ന് മറ്റെവിടത്തെക്കെങ്കിലും കൊണ്ട് പോയെങ്കിൽ പിന്നെ നമുക്ക് പിന്നെ ടെൻ ത് സ്റ്റാർ ഹോട്ടലുണ്ട്.. അങ്കവും കാണാം താളിയുമൊടിക്കാം ഭക്ഷണവും കൊറിക്കാം എന്ന നെലേൽ കെട്ടി പൊക്കിയ കണ്ണൂർ റെയിൽ വേ സ്റ്റേഷന്റെ സ്വന്തം ബെഞ്ച്.. തൂണിനു ചുറ്റും കെട്ടിപൊക്കിയത്..
അതിലിരിക്കുമ്പോൾ ലലനാമണികൾ കുണുങ്ങി നടക്കുന്നത് കാണാം.. കെട്ടും മേലാപ്പും തലേൽ വെച്ച അവരുടെ കെട്ടിയോന്മാരുടേ പ്രങ്ങ്യാസം കാണാം ഒപ്പം കുട്ടിക്ക് അവർ മുലയൂട്ടണോ അതോ കെട്ടിയോൾ തന്നെ വെഷമിച്ച് മുലയൂട്ടുമോ എന്ന് ശങ്കിച്ച് ജീവിതം തന്നെ കടലിൽ താഴ്ത്തപ്പെട്ടവർ.. ആ കെട്ടിയോന്മാരുടെ കഷ്ടപ്പാടുകൾ കാണുമ്പോ സഹിക്കണില്ല… വല്ലാത്ത സങ്കടം വന്ന് കെട്ടിയോനെന്ന് പറഞ്ഞ് നടക്കുന്ന അവനെ വെടി വെച്ച് കൊന്നിട്ട് പാവം ആത്മഹത്യ ചെയ്തേ എന്ന് നെലോളിക്കണം ന്ന് തോന്നും.. പിന്നെ അവരുടെ കുട്ടികളുടെ തോന്ന്യാസം കാണാം… ഭർത്താവേതാണ്, ഭാര്യ ഏതാണെന്ന് മനസ്സിലാവാതെ നടക്കുന്ന ആണും പെണ്ണും നടക്കണ നടത്തം കാണാം…അറിയണമെന്ന് ആഗ്രഹമുണ്ടെങ്കിൽ അവരോടെന്നെ ചോദിക്കേണ്ടി വരും “മാഹാനുഭാവാ നിങ്ങളിൽ ആരാണ് ഭർത്താവ് അഥവാ ആരാണ് ഭാര്യാ.. വിഭോ?”
ട്രൈയിൻ കിട്ടാനായി ജീവൻ പണയം വെച്ച് ഓടുന്നവർ, ജീവൻ കിട്ടാനായി പിന്നെ കിതയ്ക്കുന്നവർ, ചായ് വട കാപ്പിക്കാരുടെ അമ്മായി അമ്മമാർ മരുമക്കളെ തീറ്റിക്കുന്നതു പോലെ ജനങ്ങളെ തീറ്റിക്കാനുള്ള പൊറപ്പാടുകൾ, ഹലുവക്കാരുടെ ഹലുവ കച്ചോടം.. ബെർത്തിലുറങ്ങി സ്റ്റേഷനെത്തുമ്പോൾ ഇറങ്ങിയ പ്രേതാത്മാക്കളുടെ ഭൂമിയിലല്ലാത്ത നടത്തം, മലാഖമാരായ കുഞ്ഞു പെമ്പിള്ളാരുടെ കാമദേവൻ അമ്പയച്ചാൽ കൊള്ളാൻ തയ്യാറായി നടക്കുന്ന കുണുക്കവും ചിരിയും ഒക്കെ കാണാം.. അതെ അവാർഡ് കിട്ടാൻ അർഹതയുണ്ടായിട്ടും കിട്ടാത്ത ഒരു പാട് പാവം മനുഷ്യരുടെ ഒരുപാട് അഭിനയങ്ങൾ…മറ്റൊരു സീരിയൽ എന്തിന്…. ട്രൈയിനിലാണെങ്കിലോ നിൽക്കാൻ തന്നെ ഇടമില്ല വല്ലവരുടേയും കാലിൽ ചവുട്ടിയാ നമ്മൾ നിൽക്കുന്നത് ഒരു തരം സർക്കസ്സ്… ചെലപ്പോ ചെല പെൺകിടാങ്ങൾ നെറച്ചും ഉണ്ടാവും അപ്പോ നമുക്ക് നീല വാന ചോലയിൽ നീന്തിടുന്ന ചന്ദ്രികേ…. എന്നൊക്കെ പാടാൻ തോന്നും.. പക്ഷെ യാത്രക്കാർ സമ്മതിക്കില്ലല്ലോ… അവർക്കെന്ത് ചന്ദ്രിക…. അവർക്ക് കൈത്തരിപ്പ് തീർക്കാനും എക്സർസൈസിനും ഒരു സ്ഥലം നോക്കി നടക്കുമ്പോ കിട്ടീ ഭാഗ്യായി എന്ന് കരുതും അപ്പോ മിണ്ടാതിരിക്ക്യാ ഭേദം.. ആടിനും ജീവിക്ക്യാൻ അവകാശമുണ്ടെന്ന് നിരീക്കുന്ന നമുക്ക് ആട് സ്വയം അന്തരിക്കാതെ വാടാ ചെറുക്കാ, സൂപ്പ് ഫ്രീ ആയി കുടിച്ചിട്ട് പോയ്ക്കോടാ എന്ന് പറഞ്ഞ് തരില്ലല്ലോ?.. അഥവാ ആട് ചത്താലും ഭംഗിയായി അതിനെ പൊതപ്പിച്ചു കിടത്തി സ്മാരകം പണിയണമെന്ന് ആഗ്രഹിക്കുന്ന നമുക്ക് ആട്ടിൻ പാലല്ലേ പറ്റൂ… സൂപ്പിന്റെ ഗൊണം അതിനുണ്ടാവോ…അപ്പോ അതൊന്നും വേണ്ട..!
അങ്ങിനെയിരിക്കെ ഒരീസം കൊറച്ച് ദൈവത്തെ കുപ്പീലിട്ട് പോക്കറ്റിലടക്കം ചെയ്ത മഹാപ്രതിഭാധനന്മാർ ട്രൈയിനിൽ കയറി..നാണവും മാനവും കെട്ടാലും ദൈവത്തെ ഇടയ്ക്കിടയ്ക്ക് കുപ്പീൽ നിന്ന് ചാടി പോകാതെ മന്ത്രം ചെയ്ത് അടക്കുന്നവർ… അവരെ ഈ ലോകത്തില് ജനിപ്പിച്ചില്ല്യാച്ചാൽ ദൈവം ഉറ്റ ബന്ധുക്കളില്ല്യാലോ എന്നോർത്ത് വല്ലാതെ വെഷമിച്ചു പോയേനേ… അവർ ദൈവ പ്രസാദത്തിനു കൊപ്പു കൂട്ടി.. കൈകൊട്ടൽ ആരംഭിച്ചു… അല്ലേലൂയാ.. അല്ലേലൂയാ.. പാടി സ്തുതിപ്പിൻ..പാടി സ്തുതിപ്പിൻ… കേട്ട് കേട്ട് ക്ഷീണം കൊണ്ട് കെടന്നുറങ്ങുകയായിരുന്ന ഒരു യാത്രക്കാരൻ അലറി.. നെർത്തടോ നെന്റെ വാദ്യോം ഘോഷോം.. രണ്ടീസയിട്ട് ഒറങ്ങീട്ടില്ല്യ.. ഒന്നു കണ്ണടയ്ക്കാമെന്ന് നെനച്ചിരിക്കുമ്പോഴാ നെന്റെ ഒച്ചേം ബഹളോം… ദൈവത്തെ പ്രസാദിപ്പിക്കാൻ നെനക്ക് വീടും കുടീം ഇല്ലേടാ… അവിടെ പോയി നെലോളിക്കടോ.. മനുഷ്യരെ മെനക്കെടുത്താൻ ” .. ദൈവ നിഷേധികളായ യാത്രക്കാർ അയാൾക്കൊപ്പം കൂടീ. അതോടേ ആ മന്ത്രവാദികൾ അടങ്ങി..ദൈവം കുപ്പീൽ ചുരുണ്ടുറങ്ങി.. കിട്ടേണ്ടത് കിട്ട്യാൽ പിന്നെ മന്ത്രം ഇണ്ടാവില്ല തന്ത്രോം ഇണ്ടാവില്ല്യ.. ആ ദൈവ പ്രസാദകർ പരസ്പരം പറഞ്ഞു നോം പിഴച്ചു നമുക്ക് പിഴച്ചു.. ഇണപിരിയാത്ത സഹോദരജന്മങ്ങൾ പിന്നെ സ്വന്തം ദൈവമക്കളെ തേടി അടുത്ത ബോഗി നോക്കി പോയി.. പാന്റും കോട്ടും ഇട്ട് നടക്ക്വാ പൊസ്തകോം കക്ഷത്തിൽ വെച്ച് നാണോം മാനോം ഇല്യാതെ കണ്ടോരെ പറ്റിച്ച് തിന്ന്വാ…..സ്വന്തം മാറാ രോഗം പോയില്ലേങ്കിലും ശരി ദൈവത്തെ കൈവെള്ളയിൽ വരുത്തി മറ്റുള്ളോരുടെ രോഗം ഭേദാക്ക്വാ അതിനു ഭിക്ഷകൾ സമ്മാനം വാങ്ങ്വാ … അവരേം പറ്റിച്ച് മൂത്ത മനോരോഗികളാക്കി കൂടെ കൂട്ടി നടത്വാ..എന്നിവ ജീവിതവ്രതമാക്കിയ മൂത്ത മനോ രോഗികൾ.. അല്ലെങ്കിൽ അതി സമർത്ഥർ.. ...
മന്ത്രവാദത്താൽ നെലോളിച്ച് ദൈവത്തെ അടക്ക്വ… വളരുക, പിളരുക. പിന്നേം വളരുക, പിന്നേം പിളരുക എന്നിട്ട് സ്വന്തം സഭ കെട്ടിയുണ്ടാക്കി അതിലെ ബിസിനസ്സായി അങ്ങനെ സൊഖായി ജീവിക്ക്വ… എന്നീ മന്ത്ര തന്ത്രങ്ങൾ കൊണ്ട് ജീവിക്കുന്ന പരാദ ജീവികൾക്ക് പിന്നെ മറ്റെന്താ പണി.. ഇതെന്നെ അവർക്ക് പണി.. കൈ താത്ത് മറ്റൊരു പണിം ചെയ്ത് അവർക്ക് ശീലമില്ലല്ലോ?.. അവർ എവിടെയുണ്ടോ അവിടെയൊക്കെ സാത്താനും ദൈവവും തമ്മിൽ യൊദ്ധമല്ല്യോ യോദ്ധം.. അല്ലാത്തിടത്തൊക്കെ സാത്താനും ദൈവത്തിനും ഒരൂ പ്രശ്നോമില്ല.. അപ്പോ ഇവരാണോ പ്രശ്നക്കാർ എന്ന് തോന്നിപ്പോകേം ചെയ്യും.. അവരുടെ സിദ്ധാന്ത പ്രകാരം സാത്താൻ ആവേശിച്ച ബോഗിയാകും അത്.. അപ്പോൾ ഒപ്പം പാടി സാത്താനെ ഓടിക്ക്യല്ലേ വേണ്ടത്.. സാത്താൻ ആവേശിച്ച മനുഷ്യന്മാർ ഒക്കെ ദൈവമന്ത്രവാദികളെ ഓടിക്കുന്നു.. മിണ്ടാതിരുന്നാൽ എല്ലാം കാണാം.. കേൾക്കാം.. നോം അത്തരം വർഗ്ഗങ്ങളല്ലല്ലോ?.. അപ്പോൾ പിന്നെ ആരും ഒന്നും പറയില്ല്യാ… ഒക്കെ ഫ്രീ….നമുക്ക് കൂട്ടായിട്ടൊരു രണ്ടുമൂന്ന് ഭാവിയിലെ കമ്പ്യൂട്ടറ് വീദ്ഗ്ധന്മാരുമുണ്ടാവും കാഴ്ച കണ്ട് നെടുവീർപ്പിടാനും..
കണ്ടവന്റെയൊക്കെ വായ നോക്കി ഉളുപ്പില്ല്യാതെ ഭക്ഷണം കഴിക്കാൻ പരിശീലനം തന്നത് ആ മഹാ ടെന്ത് സ്റ്റാർ ഹോട്ടലാണ്.. എന്തൊക്കെ കാണണം…ഹൌ.. ശ്രദ്ധിക്കുക.. ലോകം വിശാലമാണ്..നോം അല്ലെങ്കിൽ മറ്റൊരാൾ നിങ്ങളുടെ കളികളെ ഒപ്പിയെടുക്കുന്നുണ്ട്..നിങ്ങൾ അവാർഡിനർഹരായ നല്ല നടീ നടന്മാരാണെന്ന് അറിയുന്നവർ..“ നോക്കൂ എത്ര ഭംഗിയായി നിങ്ങൾ അഭിനയിക്കുന്നു.” നോം ട്രെയിനിലെ കണ്ണാടി നോക്കി സ്വയം പറഞ്ഞു.!...ഒപ്പമെത്താനാകില്ലെങ്കിലും ഒരു വാശിയോടെ ട്രൈയിൻ കാലം കുതിക്കുന്നതു പോലെ കുതിച്ചു..!
========
സതീശൻ പയ്യന്നൂർ
========
സതീശൻ പയ്യന്നൂർ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)