പേജുകള്‍‌

തിങ്കളാഴ്‌ച, ഡിസംബർ 27, 2010

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...(നാൽപത്തൊന്നാം സർഗ്ഗം)

"ഗുരുദക്ഷിണ കൊടുക്കണോ?.."
.".വേണ്ട!.."

ഏട്ടൻ തമ്പുരാൻ ഭരിക്കുന്ന ഇടത്ത്‌ അനിയൻ തമ്പുരാൻ നികുതി കൊടുക്കണോ?
" വേണ്ട!"- നീട്ടോലയിൽ അല്ലാ വാമൊഴിയായി ഉത്തരവു വന്നു..
അങ്ങിനെ അതും നടന്നു.. ഗുരുദക്ഷിണയോ പറകണക്കിനു നെല്ലോ ഒന്നും ചോദിക്ക്യാതെ കൊടുക്കാതെ,അവിടെ കയറിപ്പറ്റി..മുൻ ജന്മ സുകൃതം!..അല്ലാണ്ടെന്താ പറയ്ക!.
.... അതു കൊണ്ടൊരു കാര്യം ഇണ്ടായി.. ഏട്ടൻ തമ്പുരാന്‌ അവിടെ നിന്നും പച്ച വെള്ളം കൊടുക്കില്ല്യാത്രേ!..കാരണം ബാക്റ്റീരയല്ലത്രെ!... ഈ പാവം നോം!
അന്നൊരീസമാണ്‌ അതറിഞ്ഞത്‌!..
മാതാശ്രീ ചോദിച്ചു.." എടാ നീ പഠിപ്പിച്ച്‌ പഠിപ്പിച്ച്‌ നടക്കുന്നുണ്ടല്ലോ?.. .. ശമ്പളത്തിൽ നിന്നും എന്തെങ്കിലും റേഷൻ കടയിലേക്കുള്ള വകയെങ്കിലും തന്നാൽ..തിന്നുമ്പോൾ ഒടനെ കക്കൂസിലേക്ക്‌ ഓടാൻ തോന്നുന്ന അരിയെങ്കിലും വാങ്ങി കുത്തി പുഴുങ്ങി ചോറു വെച്ച്‌ തരാർന്നൂ.."
മാതാശ്രീയുടെ ഒരു കാര്യം!...
"..അദ്ദേഹം തുടർന്നു....അതും നമ്മെ ചൂണ്ടി..
"....ദേ.. ഇവൻ.. നിങ്ങടെ പുന്നാര മകൻ.. അവിടെ കോളേജിലേക്കെന്നും പറഞ്ഞു പോകുന്നുണ്ടല്ലോ?.... അതിനാൽ അവിടെ നിന്നും നയാ പൈസ എനിക്കു തരുന്നില്ല!"
" അതു ഫ്രീയല്ലേ..ഫീസു നമ്മൾ കൊടുക്കാൻ കൊണ്ടു പോയിട്ടും അവർ വാങ്ങാഞ്ഞിട്ടല്ലേ?"- നോം!
"..അവർ വാങ്ങിയില്ല.. പക്ഷെ എന്റെ ശമ്പളത്തിൽ നിന്നാ അവർ പിടിക്കുന്നത്‌!.."- ഏട്ടൻ തമ്പുരാൻ!
" ഫീസു കൊടുത്തിട്ടു വാങ്ങാഞ്ഞ്‌ നിന്റെ മൊത്തം ശമ്പളവും കട്ടിങ്ങോ?.. ശിവ! ശിവ!..എന്നാലും!"- മാതാശ്രീ.
." അതേ .. എനിക്കു നടക്കാൻ കൂടി പൈസയില്ല... പിന്നെ എന്തെങ്കിലും പറയാൻ പറ്റുമോ?..ഇവൻ അവിടെ പഠിക്കുകയല്ലേ.!"-ഏട്ടൻ തമ്പുരാൻ

"..ഇതിലും ഭേദം ഈ അനിയൻ തമ്പുരാനു വല്ല ഒതളങ്ങയോ മറ്റോ അരച്ചു തന്ന് പാലാണു മകനേന്ന് പറഞ്ഞാൽ "മൃഷ്ടാന്ന ഭോജനം തന്നെ എന്നു പറഞ്ഞു കുടിച്ചേനേ..!..അല്ലേങ്കിൽ അറ്റ്‌ ലീസ്റ്റ്‌ കയറു കെട്ടി തന്ന് സ്വർഗ്ഗ കവാടമാണു മകനേ എന്നു പറഞ്ഞാൽ നോം അവിടെ നൂണ്ട്‌ കിടന്ന് ആടിയേനേ..!.. പകരം ഏട്ടൻ തമ്പുരാന്റെ ശമ്പളം നമ്മുടെ പേരു പറഞ്ഞ്‌ അവർ ബലമായി പിടിച്ചു വെച്ചുത്രേ!... നോം ആവശ്യപ്പെടാതെ ഇങ്ങോട്ട്‌ വന്ന് അവിടെ ഓഫറിൽ നമ്മെ ചേർത്തവർ!"
..സത്യം മിനറൽ വാട്ടർ ചേർക്കാതെ പറയുന്നതു കേട്ട്‌ മാതാശ്രീയും നോമും വായടക്കി...
ആ മഹാരാജ്യത്ത്‌.. അതായത്‌.. കോളേജിൽ..
നാവിനു ലൈസൻസെടുക്കാത്ത പെൺ കുട്യോള്‌ കല പില കൂട്ടി , ചറ പറ വർത്തമാനങ്ങൾ പറഞ്ഞു..ആൺ കുട്യോള്‌ പുന്നെല്ല് കണ്ട പെരുച്ചാഴിയേ പോലെ അവരൊടൊപ്പം കൂടി.. നോം തിരിഞ്ഞിരുന്നു..
..നോം ആ കോളേജിൽ തെറ്റു കുറ്റങ്ങൾ പറ്റാതെ, ഭയന്നും വിറച്ചും നമ്മെ ശ്രദ്ധിച്ചു...ചാരിത്രം കാത്തു..നമ്മെ നിരീക്ഷിക്യാൻ ക്യാമറ വരെ ഏർപ്പാടാക്കിയിട്ടുണ്ടത്രെ!.. ചുറ്റും ശത്രുക്കളാ.. ശത്രുക്കൾ.!. എല്ലായിടത്തും ഒരു കണ്ണു വേണം..നോം ഒറ്റയ്ക്കും!

ഇനി നമ്മെ കൊണ്ട്‌ കോളേജിൽ നിന്നു തന്നെ ഏട്ടൻ തമ്പുരാനെ പിരിച്ചു വിടേണ്ട!..
പെൺ കുട്യോള്‌ ഒന്നും മിണ്ടാതെയിരിക്കുന്ന നമ്മെ ചൂണ്ടി വിഭ്രമിപ്പിക്ക്യാൻ  പറഞ്ഞു.." പാവം പൂച്ച!"
നോം വിരക്തനായി.. നിർവ്വികാരനായി ..കുശ്മാണ്ടമായി!.. നമ്മെ തല്ലിയൊതുക്കി..!
അങ്ങിനെ ഒന്നാം വർഷം തട്ടും മുട്ടും ഇല്യാതെ നോം നടന്നു, രണ്ടാം വർഷത്തിലേക്ക്‌ കടന്നു..

മീശവെച്ച ആണുങ്ങളെന്ന് ഭാവിക്കുന്നോർ.. പുതിയ ആ വർഷം വന്നു ചേർന്ന പ്രീഡിഗ്രി പെൺ പിള്ളാരെ ഞൊട്ടാനും പേരു ചോദിക്കാനും പോയി.. നോം പോയില്ല്യ... പ്രീഡിഗ്രി പിള്ളേരാണ്‌.. എട്ടും പൊട്ടും തിരിയാത്ത പ്രായം.. നമ്മെ കണ്ട്‌ വെളച്ചിലെടുത്താൽ!...നോം കുഴങ്ങി..!.. ഒരു പെണ്ണും പിടക്കോഴിയും നമ്മെ കാണേണ്ട!..ക്ലാസ്സിലുള്ളവരോട്‌ കൂടി മര്യാദയ്ക്ക്‌ മിണ്ടിയിട്ടില്ല.. പിന്നാ ഈ പിള്ളേർ!.. വായ നോട്ടം നമുക്ക്‌ ഹറാമാണ്‌!

പെട്ടെന്ന് ഒരിക്കൽ ഒരു ബസ്സ്‌ തടയൽ സമരം!..വിദ്യാർത്ഥി ഐക്യമാത്രേ.. പിള്ളേർക്ക്‌ ബസ്സിൽ ആനുകൂല്യം നൽകാൻ പറ്റില്ല്യാത്രെ!..നമ്മളോട്‌ വാങ്ങുന്ന പത്തു പൈസ കൊണ്ടു പോയി പച്ചരി വെച്ച്‌ കഴിക്കുന്ന ബസ്സുടമകളുടെ ഒരു ധിക്കാരം!..നാണം വേണം.!. നാണം..!.. നമ്മുടെ നേതാക്കൾ പ്രഖ്യാപിച്ചു.." തടയും നമ്മൾ!..അടിച്ചു ഇടിച്ചു നിരത്തും നമ്മൾ!"
അങ്ങിനെ തന്നെ സിന്ദാബാദ്‌ എന്നു പറഞ്ഞാൽ മതി!..അതിനു വല്യ മുടക്കില്ല്യാ... നല്ല കാര്യത്തിനു വേണ്ടി വന്നാൽ നോമും ഇറങ്ങണം!..അങ്ങിനെ വിട്ടാൽ പറ്റില്യാലോ?

നോം രാവിലെ എത്തിയിരുന്നു..നേതാക്കന്മാർ വന്നു നമുക്ക്‌ ക്ഷണ പത്രം തരണം . ക്ഷണിക്കാതെ നോം പോവില്ല്യാ....നേരം വെളുത്തതേയുള്ളു..!. ആരും വന്നിട്ടില്ല്യാ..എങ്ങും പോകാതെ നമ്മുടെ ക്ലാസ്സിൽ വലിയ പണ്ഡിത കേസരിയേ പോലെ പുസ്തകം മറച്ചു നോക്കികൊണ്ടിരുന്നു...

പെട്ടെന്ന് ഒരു ശബ്ദം..!.. ഒരു കിളിനാദം!.."...ഏട്ടാ‍ാ‍ാ..."- നോം ഞെട്ടിത്തെറിച്ചു... നമ്മുടെ ധൈര്യം ചോർന്നു പോയി.. ഇതാരാണപ്പാ ഒരു പെൺകിളി, മീശ വെച്ച നമ്മെ ഒരൂ ഭയോം ഇല്യാതേ..".നോം തിരിഞ്ഞു നോക്കിപ്പോയി...!...

5 അഭിപ്രായങ്ങൾ:

  1. ഞാന്‍ ഇത് മാത്രമേ വായിച്ചുള്ളൂ ..അത് കൊണ്ടു
    അഭിപ്രായം പറയുന്നില്ല.വീണ്ടും വരാം.

    മറുപടിഇല്ലാതാക്കൂ
  2. അല്ലമാഷേ നിങ്ങള്‌ എന്ത്‌ വളാ ഇടണത്
    ഫാക്ടംഫോസ് 50-50,യൂറിയ,അതോ ???
    365 ദിവസം 256 പോസ്റ്റ്!!!
    നമിച്ചു...

    മറുപടിഇല്ലാതാക്കൂ